images/Sea_Eagle.jpg
Washington Sea Eagle, a painting by John James Audubon (1785–1851).
യുക്തിവാദം
കുറ്റിപ്പുഴ കൃഷ്ണപിള്ള

ഇംഗ്ളീഷിൽ ‘റാഷണലിസം’ (Rationalism) എന്നുള്ള വാക്കിനു് മലയാളത്തിൽ സാധാരണ പറഞ്ഞുവരുന്ന പേരാണല്ലോ യുക്തിവാദം. ഈ പദം കൊണ്ടു വിവക്ഷിതാർത്ഥം വേണ്ടുവോളം വെളിവാകുന്ന സ്ഥിതിക്കു് ഇതിന്റെ വ്യാകരണവും വ്യുൽപത്തിയും മറ്റും ശരിയോ തെറ്റോ എന്നന്വേഷിച്ചു സമയം കളയേണ്ട ആവശ്യമില്ല. യുക്തിയെ അഥവാ ന്യായത്തെ അവലംബിച്ചുള്ള വാദമാണു് യുക്തിവാദം എന്നു് ഏവർക്കും അറിയാവുന്നതാണു്. എല്ലാവരിലും യുക്തിവിചാരശീലം ഉണ്ടായിരിക്കെ യുക്തിവാദികൾ എന്നൊരു പ്രത്യേകതരക്കാർ എങ്ങനെ വന്നുകൂടിയെന്നു തോന്നാം. അവർ യുക്തിവാദത്തിനു പ്രത്യേക പ്രാധാന്യവും പരിപോഷണവും നൽകുന്നതു കൊണ്ടുതന്നെയെന്നു് ഇതിനു സമാധാനം.

images/Oscar_Wilde.jpg
ഓസ്കർ വൈൽഡ്

മനനശീലം മനുഷ്യസ്വഭാവത്തിൽ ഉള്ളതാണെങ്കിലും ജ്ഞാനസമ്പാദനത്തിൽ യുക്തിയുക്തമായ വിചാരം അധികം പേരിലും കാണുന്നില്ല. ശരിയായ ബോധത്തിനു് അത്യാവശ്യമായ ആ ശീലം പരിപാലിക്കുവാൻ നാമാരും ശ്രമിക്കുന്നില്ല. ചിന്തയിലും പരിശീലനം വേണ്ടതാണെന്നു വിചാരിക്കുന്നവർ വളരെ ചുരുക്കമാകുന്നു. സാധാരണ വിചാരസരണിയിൽ കടന്നുകൂടാറുള്ള കാടും പടലും നീക്കം ചെയ്വാൻ നമ്മളിൽ എത്രപേർ യത്നിക്കാറുണ്ടു്? നമ്മളിൽ രൂപപ്പെട്ടിരിക്കുന്ന അഭിപ്രായങ്ങൾ മിക്കവാറും അന്യന്മാരുടേതാണു്. അവരുടെ സാധുത്വാസാധുത്വത്തെപ്പറ്റി വിചിന്തനം ചെയ്തിട്ടല്ല നാം അവയെ സ്വീകരിച്ചിട്ടുള്ളതു്. ‘മിക്ക ആളുകളും അന്യന്മാരുടെ പകർപ്പുകളാണു്. അവരുടെ ജീവിതം വെറും അനുകരണം. അവരുടെ അഭിലാഷങ്ങളോ കേവലം ഉദ്ധാരണങ്ങൾ’ (Most people are other people. Their lives a mimicry, their passions a quotation) എന്നിങ്ങനെ ഓസ്കർ വൈൽഡ് (Oscar Wilde) പറഞ്ഞിട്ടുള്ളതു് ഇപ്പോൾ ഓർമ വരുന്നു. ഇപ്രകാരം സ്വകീയം മിക്കവാറും പരകീയമായിരിക്കുന്നതിനാൽ അതിനെപ്പറ്റിയുള്ള യുക്തിയുക്തമായ ഗുണദോഷചിന്ത അത്യന്താപേക്ഷിതമത്രേ. ഇതുപോലെതന്നെ നമുക്കു നേരിട്ടുണ്ടാകുന്ന പ്രത്യക്ഷാനുഭവങ്ങളും യുക്തിവിചാരത്തിനു വിഷയമാകേണ്ടവയാണു്. അല്ലെങ്കിൽ പലതരം മിഥ്യാബോധങ്ങളും മനസ്സിൽ കയറി കുടിപാർപ്പു തുടങ്ങിയേക്കും. പ്രത്യക്ഷം അനുമാനം, ഉപമാനം, ശാബ്ദം എന്ന നാലു മാർഗമായിട്ടാണു നമുക്കു് അറിവുണ്ടാകുന്നതെന്നു താർക്കികന്മാർ പറയുന്നു. ഈ വഴികളിലെല്ലാം തെറ്റുപറ്റാനിടയുണ്ടു്. അതുകൊണ്ടാണു് ജ്ഞാനത്തെ പ്രമാ (യഥാർത്ഥം) ഭ്രമം (അയഥാർത്ഥം) എന്നു അവർ രണ്ടായി തിരിച്ചിരിക്കുന്നതു്. അയഥാർത്ഥജ്ഞാനം കൊണ്ടു ലോകത്തിനു നേരിട്ടിട്ടുള്ള ആപത്തു് അല്പമൊന്നുമല്ല. ജ്ഞാനവിഷയകമായി വന്നുചേരുന്ന ഈ ഭ്രമം നിവാരണം ചെയ്യുന്നതും യുക്തിവാദമാകുന്നു.

images/Swami_Vivekananda.jpg
വിവേകാന്ദൻ

മനുഷ്യന്റെ മനസ്സു് അതിവിചിത്രമായ ഒരു കലവറയാണു് അതിനകത്തു് ആയിരവും രണ്ടായിരവും കൊല്ലത്തെ പഴക്കമുള്ള ചരക്കുകൾ കിടപ്പുണ്ടു്. യുക്തിവാദത്തിന്റെ നേരെ അട്ടഹാസം മുഴക്കുന്ന അന്ധതയുടെ ജീർണ്ണഭാണ്ഡങ്ങളാണു് ഇവയിൽ പലതും. സ്വതന്ത്രചിന്തയ്ക്കു് ഈ പഴക്കം ചരക്കുകൾ എന്തുമാത്രം പ്രതിബന്ധമായി നിൽക്കുന്നുണ്ടെന്നു് ഇവിടെ വിസ്തരിക്കേണ്ടതില്ല. ഭൂതകാലത്തിനു നമ്മുടെമേൽ വല്ലാത്ത ഒരു പിടിയുണ്ടു്. എളുപ്പം പൊട്ടിക്കാൻ കഴിയാത്ത ഒരു ചങ്ങലയാണു്. ഭൂതകാലമർദ്ദനം (The tyranny of the past) എന്നാണു് ഒരു ചിന്തകൻ ഇതിനു പേരു കൊടുത്തിരിക്കുന്നതു്. ഈ മർദനത്തിൽ വാർത്തെടുത്ത ഒരു പ്രത്യേക കരുവാകുന്നു നമ്മുടെ മനസ്സു്. നമുക്കു കിട്ടുന്ന ഏതുതരം പുതിയ അറിവും ഈ പഴയ കരുവിൽ കൊള്ളത്തക്കവണ്ണം മാറിമറിഞ്ഞുകൊണ്ടിരിക്കും. ചുരുക്കത്തിൽ അറിവിനനുസരിച്ചു് മനോഗതി മാറുകയില്ല, നേരെ മറിച്ചാണു സംഭവിക്കുന്നതു്, മതസമുദായാദികാര്യങ്ങളിൽ നാം മുന്നോട്ടു നീങ്ങാത്തതു് ഇതുകൊണ്ടത്രെ. വിവേകാന്ദൻ അനേകം അറകളുള്ള ഒരു തേനീച്ചക്കൂടിനോടു് മനസ്സിനെ സാദൃശ്യപ്പെടുത്തിയിട്ടുള്ളതും ഈ തത്ത്വത്തെ അടിസ്ഥാനമാക്കിയാണു്. മനുഷ്യവർഗത്തിന്റെ പുരോഗമനത്തിനനുസരിച്ചു കൂടുതൽ അറകളുണ്ടായില്ലെങ്കിൽ പുതിയ അറിവു് ഉപേക്ഷിക്കുകയോ പഴയ അറകളിൽ കൊള്ളത്തക്കവണ്ണം വളച്ചു പിരിച്ചു തകരാറാക്കുകയോ ചെയ്യേണ്ടിവരും. ചില പണ്ഡിതന്മാർ പ്രൊഫസർ എയിൻസ്റ്റിന്റെ ചതുർമാനസിദ്ധാന്തവും മറ്റും ഒടിച്ചുഞെരിച്ചു് ഭഗവത്ഗീതയിൽ കൊള്ളിക്കുന്നതും സാമ്പത്തികാധപ്പതനം തുടങ്ങിയ വിശ്വപ്രമേയങ്ങൾക്കു് (Worldproblems) ഗീതാപദ്യങ്ങൾകൊണ്ടു് സമാധാനം പറവാൻ പുറപ്പെടുന്നതും മറ്റും ഇതിലേക്കു് ഉദാഹരണങ്ങളാണു്. ഗീത സൂക്ഷിക്കുവാൻ നമ്മുടെ മനസ്സിൽ ഒരു അറ പണ്ടേ ഉണ്ടായിട്ടുണ്ടു്. പിന്നെ എന്തു കിട്ടിയാലും ആ അറയിൽ കടത്താൻ നാം പാടുപെടുന്നു. ‘സോഷ്യലിസം’ ഇന്ത്യയിൽ പണ്ടു നടപ്പുണ്ടായിരുന്നു എന്നു കാണിപ്പാൻ രഘുവംശം ഒന്നാംസർഗത്തിലെ ഒരു ശ്ലോകം പകർത്തിയെടുത്തു് ഒരു വിദ്വാൻ ഈയിടെ ജവഹരിലാലി നു് അദ്ദേഹം മദിരാശിയിൽ വന്നപ്പോൾ കൊടുത്തതായി പത്രങ്ങളിൽ വായിച്ചു. ഇവിടെയും മേൽക്കാണിച്ച മാനസികഭ്രമം തന്നെയാണു് നിഴലിക്കുന്നതു്. ഇങ്ങനെ നോക്കിയാൽ നമ്മുടെ ചിന്താഗതിയിൽ എന്തുമാത്രം മാറാലമാലകൾ അടിഞ്ഞുകിടന്നുണ്ടെന്നു കാണാം. ഇതെല്ലാം തൂത്തുമാറ്റി അറിവിന്റെ നിർമലസ്വരൂപം വെളിപ്പെടുത്തുവാൻ ഒരൊറ്റമാർഗമേ ഉള്ളു അതാണു് യുക്തിവാദം.

സംശയിക്കുക, ചോദ്യംചെയ്യുക, അന്വേഷിക്കുക, പരീക്ഷിക്കുക ഇതൊക്കെ യുക്തിവാദത്തിന്റെ പ്രധാന ചടങ്ങുകളാകുന്നു. സംശയം ചോദ്യത്തിലേക്കും ചോദ്യം അന്വേഷണത്തിലേക്കും അന്വേഷണം സത്യത്തിലേക്കും നമ്മെ ആനയിക്കുമെന്നു് ഒരു പണ്ഡിതൻ പറയുന്നു. (By doubting we come to questions and by seeking we may come upon the truth) മതവിശ്വാസികൾ പറയുന്നതുപോലെ ദൈവഭീതിയല്ല സംശയമാണു് ജ്ഞാനത്തിന്റെ ആരംഭം (Doubting is the beginning of wisdom not Fear of God) എന്നായിരിക്കും യുക്തിവാദികൾ സിദ്ധാന്തിക്കുക.

images/Bertrand_Russell.png
റസ്സൽ

ഒരു വിഷയത്തെപ്പറ്റി സ്വതന്ത്രമായി ചിന്തിക്കുകയും യുക്തിവിചാരത്തെ അവലംബിച്ചു് അഭിപ്രായം പുറപ്പെടുവിക്കുകയും ചെയ്യുന്നവർ എത്ര പേരുണ്ടെന്നു കണക്കാക്കിയാൽ മാത്രമേ യുക്തിവാദത്തിന്റെ പ്രധാന്യവും ആവശ്യവും സ്പഷ്ടമാകയുള്ളു. ഇത്തരം യഥാർത്ഥ ചിന്തകന്മാരുടെ ദൗർബല്യം പരിഹരിക്കാൻവേണ്ടിയാണു യൂറോപ്പിൽ ആദ്യമായി ഇതൊരു പ്രസ്ഥാനമാക്കിത്തീർത്തതു്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇതിലേക്കായി ഒരു യുക്തിവാദസംഘവും യൂറോപ്പിൽ ആവിർഭവിച്ചു. ഈ സംഘത്തിൽപ്പെട്ടവർക്കു് യുക്തിവാദികൾ എന്നൊരു പേരും നടപ്പായി. എന്നാൽ ഇങ്ങനെ ഒരു സംഘത്തിൽ ചേർന്നവർ മാത്രമാണു് യുക്തിവാദികൾ എന്നു ധരിക്കുന്നതു് അബദ്ധമാകുന്നു. സംഘാംഗങ്ങളല്ലാത്ത എത്രയോ പേർ യുക്തിവാദികളായി കാണപ്പെടുന്നുണ്ടു്. ഓരോ കാലഘട്ടത്തിലും ജ്ഞാനാഭിവൃദ്ധി ഉണ്ടായിട്ടുള്ളതു്, യുക്തിവാദികളായ സ്വതന്ത്രചിന്തകന്മാർ വഴിയായിട്ടാകുന്നു. ചരിത്രം പരിശോധിച്ചാൽ സ്വതന്ത്രചിന്തയുടെ ആരംഭം സോക്രട്ടീസിന്റെ കാലത്താണെന്നു കാണാം. സംശയിക്കുവാനും അന്വേഷിക്കുവാനും ആദ്യമായി ധൈര്യപ്പെട്ട സുധീരചിന്തകനാണു് സോക്രട്ടീസ്. അന്നുമുതൽ ഇന്നുവരെ വിജ്ഞാനമണ്ഡലത്തിൽ വന്നിട്ടുള്ള പരിവർത്തനങ്ങൾക്കെല്ലാം കാരണഭൂതർ യുക്തിവാദികളാകുന്നു. അറിവാകുന്ന ജലം മുന്നോട്ടു് ഒഴുകാതെ കെട്ടി നിന്നു ദുഷിക്കാൻ തുടങ്ങിയ ഓരോ ഘട്ടത്തിലും ഇത്തരം ചിന്തകന്മാർ അന്ധതയോടു പടപൊരുതി ജനസമുദായത്തെ പ്രബുദ്ധമാക്കിയിട്ടുണ്ടു്. അവരൊക്കെയും അതുവരെ പ്രചരിച്ചിരുന്ന വിശ്വാസങ്ങളെയും വിചാരങ്ങളെയും യുക്തിവാദഖഡ്ഗം കൊണ്ടു് ഖണ്ഡിച്ചവരാണു്. റസ്സൽ, വെത്സ് തുടങ്ങിയ ആധുനിക ചിന്തകന്മാരും ഇതേ വഴിക്കുതന്നെ. അന്ധതയോടു് യുദ്ധം ചെയ്തു ലോകസേവനം നടത്തിക്കൊണ്ടിരിക്കുന്ന യുക്തിവാദസംഘം വകയായി പ്രസിദ്ധീകരിച്ചു ലോകമൊട്ടുക്കു പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഉൽക്കൃഷ്ടഗ്രന്ഥങ്ങൾ നോക്കിയാലറിയാം അവയുടെ കർത്താക്കന്മാർ എത്രത്തോളം ബഹുമാന്യരായ പണ്ഡിതന്മാരും ചിന്തകന്മാരും ആണെന്നു്. നമ്മുടെ ചിന്താമാർഗത്തിൽ അപ്പഴപ്പോൾ മുളച്ചുപൊന്തുന്ന കാടു വെട്ടിത്തെളിക്കുവാൻ ഇങ്ങനെ കുറെപ്പേർ എപ്പോഴും ആവശ്യമാണു്. താദൃശന്മാരുടെ സംഖ്യ ആദ്യകാലത്തു കുറവായിരുന്നു എങ്കിലും ഇപ്പോൾ വർദ്ധിച്ചു വരുന്നുണ്ടെന്നു നിസ്സംശയം പറയാം. ഇന്ത്യയിലെ ഇന്നത്തെ ഒന്നാമത്തെ യുക്തിവാദിയാണു് ജവഹർലാൽ. അകലുഷമായ യുക്തിവിചാരത്താൽ അത്യന്തം പ്രസന്നമാണു് അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രസംഗങ്ങളും. അതുമിതും കൂട്ടിക്കലർത്തി കഷായരൂപത്തിൽ കാര്യങ്ങൾ കലക്കിമറിക്കുവാൻ അദ്ദേഹം ഒരിടത്തും തുനിയുന്നില്ല. മറ്റു പല നേതാക്കന്മാരിലും കാണുന്ന പോലെ വികാരവും വിശ്വാസവും വിചാരഗതിയിൽ കടന്നുകൂടി അദ്ദേഹത്തിന്റെ പ്രതിഭാപ്രസരത്തിനു മൂടലുണ്ടാക്കുന്നില്ലെന്നുള്ളതു് എത്രയെത്ര ആശ്വാസകരം! രണ്ടെന്നു പറഞ്ഞാൽ മൂന്നെന്നു് അർത്ഥമാക്കുകയും വാദിക്കുകയും ചെയ്തുവരുന്ന ഇക്കാലത്തു ചിന്താകാലുഷ്യം ഇല്ലാത്ത ഒന്നുരണ്ടുപേരെങ്കിലും ഒരു രാജ്യത്തുണ്ടാകുന്നതു വലിയൊരനുഗ്രഹമത്രെ.

ഒന്നിലും ഒരു പ്രത്യേകാഭിപ്രായം സ്ഥാപിക്കണമെന്നു യുക്തിവാദികൾക്കു ശാഠ്യമില്ല. അഭിപ്രായം ഏതായാലും കൊള്ളാം. അതിലേക്കു വന്നുചേരുന്ന വഴി പിഴവില്ലാത്തതാകണം, തെളിഞ്ഞിരിക്കണം യുക്തിക്കു ചേർന്നിരിക്കണം എന്നേ അവർ നിർബന്ധിക്കുന്നുള്ളു. ഈ വ്യത്യാസം നല്ലപോലെ മനസ്സിലാക്കാത്തവരാണു് യുക്തിവാദികൾക്കും ചില പ്രത്യേക വിശ്വാസങ്ങളും അഭിപ്രായങ്ങളും ഉണ്ടെന്നും അവ സ്ഥിരങ്ങളാണെന്നും ഒരു ധാരണ പരന്നിട്ടുണ്ടു്. ഇതും അടിസ്ഥാനമില്ലാത്തതാണു്. യുക്തിവാദികളെ പൊതുവെ ബന്ധിക്കുന്ന ഒരു പ്രത്യേക അഭിപ്രായമോ വിശ്വാസമോ ഒരിക്കലും ഉണ്ടായിട്ടില്ല. അങ്ങനെയൊരു നില വരുന്നതു് അവർ സ്വീകരിച്ചിരിക്കുന്ന വിചാരപദ്ധതിക്കു വിരുദ്ധവുമാകും. മതാദിവിഷയങ്ങളിൽ യുക്തിവാദമാർഗേണ അവരിൽ പലരും ഏകാഭിപ്രായത്തിൽ ചെന്നുചേർന്നിട്ടുണ്ടാകും. എന്നാൽ എപ്പോൾ തെറ്റാണെന്നു തെളിയുന്നുവോ അപ്പോൾ അതു മാറ്റുവാനും അവർ തയ്യാറായിരിക്കും. ആരെങ്കിലും അതിനു വിപരീതമായി നിലകൊണ്ടാൽ അത്രത്തോളം അയാളുടെ യുക്തിവാദമനഃസ്ഥിതി പിഴച്ചുപോയെന്നേ വിചാരിക്കേണ്ടതുള്ളു.

കേരളത്തിലെ യുക്തിവാദികൾ നടത്തുന്ന പ്രചരണവേലയെ സംബന്ധിച്ചാണു് അധികം ആക്ഷേപമുള്ളതെന്നു തോന്നുന്നു. മതത്തിന്റെയും ഈശ്വരന്റെയും നേരെ അവർ ബഹളം കൂട്ടുന്നുവത്രെ. പക്ഷേ, ഇതിനൊരു പ്രത്യേക കാരണമുണ്ടെന്നുള്ളതു നാം ഓർക്കേണ്ടതാണു്. മറ്റു വിഷയങ്ങളെ അപേക്ഷിച്ചു മതത്തിലാണു മനുഷ്യന്റെ ചിന്താശക്തി കൂടുതൽ ക്ഷയിച്ചു പോയിട്ടുള്ളതു്. അന്ധവിശ്വാസത്തിന്റെ ആക്രമണം മതകാര്യങ്ങളിലെപ്പോലെ മറ്റെന്തിലെങ്കിലും നാം കാണുന്നുണ്ടോ? വിശ്വാസം അകത്തു കടക്കുമ്പോൾ യുക്തിവിചാരം പുറത്തു പോകുന്നു. (When faith comes in, reason goes out) എന്നൊരു ചിന്തകൻ പറഞ്ഞിട്ടുള്ളതു മിക്കവാറും ശരിയാണു്. ഈ നിലയിൽ യുക്തിവാദത്തിന്റെ ആവശ്യം കൂടുതലായി മതരംഗത്തിലാണു് ഉള്ളതെന്നു് ആർക്കും മനസ്സിലാക്കാം. വ്യക്തിപരമായി ഓരോരുത്തർക്കും ഉണ്ടാകാവുന്ന മതസംബന്ധമായ ഉത്തമവിശ്വാസത്തെ യുക്തിവാദികൾ എതിർക്കുന്നുണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല. ജനസമുദായത്തെ പൊതുവെ ബന്ധിച്ചു ചൂഷണം ചെയ്യത്തക്കവണ്ണം പുരോഹിതന്മാർ വളർത്തിക്കൊണ്ടു വന്നിട്ടുള്ളതും വിശ്വസിക്കുന്നവനും അവനുൾപ്പെട്ട സമുദായത്തിനും ആപത്കരമായിട്ടുള്ളതുമായ അന്ധവിശ്വാസങ്ങളെ മാത്രമേ അവർ കർക്കശമായി നിരൂപണം ചെയ്യുന്നുള്ളു.

യുക്തിവാദികൾ മതവും ഈശ്വരനും വേണ്ടെന്നു പറയുന്നതു് കൊള്ളാമോ എന്നതാണു് മറ്റൊരാക്ഷേപം. ഇതിനു സമാധാനം പറയണമെങ്കിൽ ഇത്തരം പദങ്ങൾകൊണ്ടു വിവക്ഷിക്കുന്ന അർത്ഥമെന്താണെന്നു വിശദമാക്കേണ്ടിയിരിക്കുന്നു. മതം, ഈശ്വരൻ, ആത്മാവു് ഇങ്ങനെ കുറെ അപകടം പിടിച്ച വാക്കുകൾ നാം എപ്പോഴും പ്രയോഗിക്കാറുണ്ടു് അതതു സന്ദർഭത്തിനു ചേരുന്നമട്ടിൽ അർത്ഥം മാറ്റി പ്രയോഗിക്കാവുന്ന പദങ്ങളാണിവ. ഇവയെക്കൊണ്ടുള്ള വാദങ്ങൾ എങ്ങനെയും വളച്ചു തിരിച്ചു കൊണ്ടുപോകാം. തന്മൂലം നേരിടുന്ന വാദവൈകല്യങ്ങൾ വാചാമഗോചരമെന്നുതന്നെ പറയുകയേ തരമുള്ളു. ആരംഭത്തിൽത്തന്നെ ഈ പദങ്ങളുടെ വിവക്ഷിതാർത്ഥം ഇരുപക്ഷക്കാരും വിവരിച്ചിരുന്നുവെങ്കിൽ എത്രയെത്ര വാദങ്ങൾ നമുക്കു വേണ്ടെന്നു വയ്ക്കാമായിരുന്നു! യുക്തിവാദികളോടു മല്ലിടുവാൻ പോകുന്നവരുടെ കൈവശം രണ്ടുതരം മതവും രണ്ടുതരം ഈശ്വരനും സാധാരണ കാണുന്നുണ്ടു്. അവരെ തോല്പിക്കുവാൻ കൊണ്ടുവരുന്ന മതവും ഈശ്വരനും ചില ശ്ലോകങ്ങളിലോ ചിലരുടെ അഭിപ്രായങ്ങളിലോ മാത്രം സ്ഥിതിചെയ്യുന്നവയാണു്. സകല അറ്റകുറ്റങ്ങളും തീർന്നു്, നന്മ നിറഞ്ഞ ഒരുതരം രൂപങ്ങളാണു് അവ. വല്ല വിടവുകളുമുണ്ടെങ്കിൽ അവ പുതിയ വ്യാഖ്യാനം കൊണ്ടു് അടച്ചിട്ടുമുണ്ടാകും. എന്നാൽ ഈ എതിർവാദികളുടെ ആചാരത്തിലും അനുഷ്ഠാനത്തിലും കിടന്നു കളിക്കുന്നതെന്താണു്? ആദ്യത്തേതിനോടു് ഒരടുപ്പവും ഇല്ലാത്ത ഒരു മതവും ഈശ്വരനും! മനുഷ്യ സമുദായത്തിനു് അടിക്കടി ആപത്തുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഈ രണ്ടാം തരത്തെ യുക്തിവാദികൾ എതിർക്കുമ്പോൾ പ്രതിയോഗികൾ ഒന്നാംതരം എടുത്തുകാണിച്ചു തത്ത്വജ്ഞാനം വിളമ്പും! എന്തൊരു നേരംപോക്കാണിതെന്നു് ആലോചിക്കുക! വാദത്തിൽ പ്രത്യക്ഷപ്പെടുന്ന ഈശ്വരനും മനുഷ്യരും തമ്മിൽ വല്ല ബന്ധവും ഇതുവരെ ഉണ്ടായിട്ടുണ്ടോ എന്നു് ഇനി കണ്ടുപിടിക്കേണ്ടതായിട്ടാണിരിക്കുന്നതു്. ഞാനൊരു നിരീശ്വരനാണോ എന്നൊരു ഭക്തൻ ഒരിക്കൽ ചോദിക്കുയുണ്ടായി. ഈശ്വരൻ എന്ന വാക്കുകൊണ്ടു് എന്താണു് അർത്ഥമാക്കുന്നതെന്നു മറുപടിയായി എനിക്കു ചോദിക്കേണ്ടി വന്നു. പറഞ്ഞു പറഞ്ഞു് ഒടുവിൽ ഈശ്വരൻ ജ്ഞാനസ്വരൂപനാണെന്നുനാണെന്നു സമ്മതിക്കുകയും ചെയ്തു. വാദത്തിനു വേണ്ടി ഒരുക്കിവച്ചിരിക്കുന്ന ഒന്നാംതരം ഈശ്വരനെയാണു് ഈ ഭക്തനും കൊണ്ടുവന്നതു്. പക്ഷേ, അയാളുടെ ജപത്തിലും ധ്യാനത്തിലും വ്രതത്തിലും വഴിപാടിലും മറ്റും കുടികൊള്ളുന്ന ഈശ്വരൻ രണ്ടാംതരമാണെന്നു കുട്ടികൾക്കുപോലും മനസ്സിലാക്കാൻ കഴിയും. ഈശ്വരൻ സത്യസ്വരൂപനും ജ്ഞാനസ്വരൂപനും ആണെങ്കിൽ യുക്തിവാദികളെപ്പോലെ ഈശ്വരഭക്തന്മാരായി വേറെ ആരെയും കാണുമെന്നു തോന്നുന്നില്ല. എന്തെന്നാൽ സത്യത്തെയും ജ്ഞാനത്തെയും ആണു് അവർ എപ്പോഴും ആരാധിക്കുന്നതു്. ഈ രണ്ടും വെളിപ്പെടുത്തുകയെന്നതാണു് യുക്തിവാദത്തിന്റെ പ്രധാനമായ ഉദ്ദേശ്യവും. സ്വർഗത്തിൽ ഉച്ചസ്ഥനായി സ്ഥിതിചെയ്തു പുണ്യപാപങ്ങൾ വീതിച്ചും സ്തുതിഗീതങ്ങൾ കേട്ടു പ്രസാദിച്ചും യുദ്ധം മുതലായ കാര്യങ്ങളിൽ ഇരുപക്ഷക്കാരുടെയും പ്രാർത്ഥനകൾ കേട്ടു് അമ്പരന്നും ഭരണം നടത്തുന്ന ഒരു ‘ആൾദൈവ’ത്തിൽ വിശ്വസിക്കാത്തവരൊക്കെ നിരീശ്വരന്മാരാണെങ്കിൽ യുക്തിവാദികൾ മാത്രമല്ല, കേരളത്തിലെ മറ്റനേകം പണ്ഡിതന്മാരും അവരുടെ കൂട്ടത്തിൽ ചേരാനുണ്ടാകുമെന്നാണു് എനിക്കു തോന്നുന്നതു്.

പത്തൊൻപതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാരിൽ പലരും നിരീശ്വരവാദികളായിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിലുള്ളവർ ആസ്തിക്യത്തിലേക്കു് മടങ്ങിവന്നിരിക്കുന്നുവത്രെ. യുക്തിവാദികളെ തോല്പിക്കുവാൻ ഇങ്ങനെയൊരു പുതിയ ആസ്തിക്യവാദം പുറപ്പെടുവിക്കുക ഇപ്പോൾ സാധാരണമായിട്ടുണ്ടു് ഇതൊരു അർദ്ധസത്യം മാത്രമാകുന്നു. അസത്യത്തെക്കാൾ ആപല്ക്കരമാണു് അർദ്ധസത്യം. അതു ജനതതിയെ യഥാർത്ഥ വസ്തു ബോധത്തിൽനിന്നു തെറ്റിക്കുകമാത്രമല്ല തെറ്റു ശരിയാണെന്നു തോന്നത്തക്കവിധം വിഭ്രമിപ്പിക്കുകയും ചെയ്യും ഇരുപതാം നൂറ്റാണ്ടിലുള്ള ശാസ്ത്രജ്ഞന്മാരെല്ലാവരും ആസ്തിക്യത്തിലേക്കു മടങ്ങിവന്നിട്ടില്ല. വാദത്തിനു വേണ്ടി കുറെപ്പേർ മടങ്ങിവന്നു എന്നു സമ്മതിക്കാം. ഏതായാലും മടങ്ങിവരാത്തവരുടെ കഥയെന്താണു്? അവരുടെ അഭിപ്രായവും നാം ഗൗനിക്കേണ്ടതല്ലേ? ഒരു വിഷയത്തെപ്പറ്റി പരസ്പരം വിപരീതനില കൊള്ളുന്ന ശാസ്ത്രജ്ഞന്മാരുള്ളപ്പോൾ ഇരുഭാഗത്തും കാണുന്നവരുടെ യോഗ്യതയും സംഖ്യാബലവും വാദകോടികളും തുലനംചെയ്തു വേണം അവരുടെ അഭിപ്രായങ്ങൾക്കു വില കല്പിക്കുവാൻ. അപ്രകാരം ചെയ്യാതെ സ്വപക്ഷാനുകൂലികളെമാത്രം പരാമർശിക്കുന്നതു് യുക്തമല്ല. ഇനി മടങ്ങിവന്നുവെന്നു പറയപ്പെടുന്നവരുടെ നിലതന്നെ നോക്കുക! എഡിങ്ടൺ, ജീൻസ് തുടങ്ങിയ ചില പ്രമാണികന്മാർ ഇക്കൂട്ടത്തിലുണ്ടു്. പക്ഷേ, ഇവരെപ്പോലെ പ്രമാണികന്മാർ മറുപക്ഷത്തുമുണ്ടെന്നു് എപ്പോഴും ഓർമിക്കേണ്ടിയിരിക്കുന്നു. അവരിൽ ചിലർ ഇവരുടെ ചില അഭിപ്രായങ്ങളെ ഖണ്ഡിച്ചിട്ടുമുണ്ടു്. ബ്രഹ്മാണ്ഡരഹസ്യത്തെ ഏതാനും ഗണിതശാസ്ത്രചിഹ്നങ്ങൾ (Mathematical Symbols) കൊണ്ടു വെളിപ്പെടുത്താമെന്നും ആ നിലയ്ക്കു ഗണിതശാസ്ത്രജ്ഞനായ ഒരു സൃഷ്ടികർത്താവു് ഇതിന്റെയെല്ലാം പിന്നിലുണ്ടെന്നു പറയാമെന്നും ജീൻസ് ഒരു അദ്ധ്യക്ഷപ്രസംഗത്തിൽ സൂചിപ്പിക്കുകയുണ്ടായി. അനേകം ശാസ്ത്രജ്ഞന്മാരുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഒരു ശാസ്ത്രീയമാസികയുടെ മുഖപ്രസംഗത്തിൽ ഏതദഭിപ്രായത്തെ ഖണ്ഡിക്കുകയും കളിയാക്കുകയും ചെയ്തിരുന്നു. ഒരു പണ്ഡിതന്റെ അഭിപ്രായത്തെക്കാൾ ആ മുഖപ്രസംഗത്തിനു കൂടുതൽ വില കല്പിക്കേണ്ടതല്ലേ?

ഇനി ഇക്കൂട്ടരുടെ അഭിപ്രായങ്ങൾ പരിശോധിച്ചു നോക്കുക. അവ അന്യോന്യഭിന്നങ്ങളും അവ്യക്താർത്ഥങ്ങളും വിശ്വാസമാത്രാവലംബികളും ആണെന്നു അപ്പോൾ മനസ്സിലാകും ഓരോ ശാസ്ത്രജ്ഞന്റെയും ഈശ്വരൻ ഓരോ തരത്തിലുള്ളതാണു് ജീൻസിന്റെ ഈശ്വരൻ ഒരു ഗണിതജ്ഞനാണെന്നു കണ്ടുവല്ലോ മറ്റൊരു ശാസ്ത്രജ്ഞനു മനുഷ്യനിൽ മഹത്തായ ഒരു ‘പെഴ്സണാലിറ്റി’ ഉണ്ടാക്കിത്തീർക്കുന്നതെന്തെല്ലാമോ അതെല്ലാം ദൈവമാണു്. (For me God is everything in the Universe which tends to produce a fine personality) ചില കേവലതത്ത്വങ്ങളിന്മേലുള്ള പുരുഷധർമാരോപമാണു് ഈശ്വരനെന്നു് എഡിങ്ടൺ പറയുന്നു. (When we come to analyse that which we call religious experience we shall find that God apparently revealed in it is nearly a personification of certain abstract principles.) ഇങ്ങനെ ഇവർക്കു തമ്മിൽ അഭിപ്രായഭേദമുണ്ടെന്നുള്ളതിരിക്കട്ടെ. ഒരാൾതന്നെ ഓരോ അവസരത്തിൽ അഭിപ്രായം മാറ്റി മാറ്റി പറഞ്ഞാലോ! അങ്ങനെയും ചില ശാസ്ത്രജ്ഞന്മാർ ചെയ്യാറുണ്ടു് വിസ്തരഭയത്താൽ ഉദാഹരണങ്ങൾ ഉദ്ധരിക്കുന്നില്ല.

അജ്ഞാതരഹസ്യമായി എന്തോ ഒന്നുണ്ടെന്നു് ഇവരെല്ലാവരും ഒന്നുപോലെ സമ്മതിക്കുന്നില്ലേ എന്നു ചോദിക്കുകയാണെങ്കിൽ അതുകൊണ്ടു് ഇവരെ ഈശ്വരവാദികളായി ഗണിക്കുവാൻ നിവൃത്തിയില്ലെന്നു പറയേണ്ടിയിരിക്കുന്നു. മതകർത്താക്കന്മാർ സൃഷ്ടിച്ചുവിട്ടു് മനുഷ്യവർഗം ഇന്നുവരെ വളർത്തിക്കൊണ്ടുവന്നിട്ടുള്ള ഈശ്വരനും ഈ ശാസ്ത്രജ്ഞന്മാർ കാണുന്ന ഈശ്വരനും അഥവാ ആ എന്തോ ഒന്നും തമ്മിൽ ധ്രുവങ്ങൾക്കു തമ്മിലുള്ള അകൽച്ചയുണ്ടു്. ഈശ്വരൻ, ആസ്തികൻ ഇത്യാദി പദങ്ങൾകൊണ്ടു സാധാരണ കുറിക്കുന്ന ആശയങ്ങൾ എന്തെല്ലാമാണു്. അവയെല്ലാം പ്രസ്തുത ശാസ്ത്രജ്ഞന്മാർ സ്വീകരിച്ചിട്ടുണ്ടോ എന്നും മറ്റും ആരും അന്വേഷിക്കുന്നില്ല. ദുഷ്ടശിക്ഷണം, ശിഷ്ടപരിപാലനം, പരമകാരുണികത്വം, സൃഷ്ടിസ്ഥിതി സംഹാരജോലി മുതലായ കാര്യങ്ങളെപ്പറ്റി ഇവർ വല്ലതും പറഞ്ഞിട്ടുണ്ടോ? ഇതൊക്കെ നീക്കിനോക്കിയാൽപ്പിന്നെ ഈശ്വരനിൽ ബാക്കിവല്ലതും കാണുമോ എന്നു സംശയമാണു്. കണ്ടാൽത്തന്നെയും അതുവീണ്ടും ഈശ്വരപദവാച്യമാക്കിത്തീർക്കുന്നതു് അബദ്ധമാകുന്നു. നാളികേരരസം ഒരു കുപ്പിയിലാക്കിയിട്ടു് ആ കുപ്പി നാളികേരമാണെന്നു പറഞ്ഞാൽ എത്ര ശരിയാകും? അജ്ഞാതരഹസ്യമായ ഒരു ശക്തിവിശേഷത്തിൽ ‘സയൻസുകാർ’ പലരും വിശ്വസിക്കുന്നുണ്ടാകാം. അതുകൊണ്ടു സാധാരണ നടപ്പിലിരിക്കുന്ന അർത്ഥത്തിൽ അവരെ ഈശ്വരവിശ്വാസികളാക്കുന്നതു സത്യസ്ഥിതിക്കു യോജിക്കുകയില്ല.

ഈ ശാസ്ത്രജ്ഞന്മാർ ഉപയോഗിക്കുന്ന ഭാഷയെപ്പറ്റിയും പരിഗണിക്കേണ്ടതുണ്ടു്. ശാസ്ത്രപ്രതിപാദനത്തിനു് ഉപയോഗിക്കുന്ന സ്പഷ്ടവും നിസ്സന്ദേഹവുമായ രീതിയിലല്ല അവർ ഇക്കാര്യം പറയുന്നതു്. ഒരു അടിയുറച്ച അഭിപ്രായം ഇവർ ആരുംതന്നെ പറയുന്നില്ല. ഈശ്വരവാദികൾ സാധാരണ സാക്ഷിയാക്കാറുള്ള എഡിങ്ടൺ തന്നെ താനൊരു ശാസ്ത്രജ്ഞന്റെ നിലയിലല്ല ഇതിനെപ്പറ്റി പറയുന്നതെന്നു് ഒരവസരത്തിൽ മുന്നറിവു കൊടുത്തിട്ടുണ്ടു്. (If I say anything positive on this side of the question it is not as a scientist that I claim to speak) വല്ലവരും കുത്തിപ്പൊക്കുമ്പോളാണു് ഈ ശാസ്ത്രജ്ഞന്മാർ ഈശ്വരനെപ്പറ്റി അധികവും പറയുന്നതു്. ശാസ്ത്രത്തിൽ വിദഗ്ദ്ധരായതുകൊണ്ടു് അവർ പറയുന്നതു ശരിയായിക്കൊള്ളണമെന്നുമില്ല. എന്തെന്നാൽ ഈശ്വരവാദത്തിനും ശാസ്ത്രത്തിനും തമ്മിൽ ഒരു ബന്ധമുണ്ടെന്നു പറഞ്ഞുകൂടാ. വിശ്വാസത്തെയും വികാരത്തെയും അവലംബിച്ചാണു് നമ്മുടെ ഈശ്വരൻ ജീവിക്കുന്നതു് ശാസ്ത്രപ്രകാശത്തിൽ വെളിപ്പെട്ടാൽ ഈശ്വരൻ ഈശ്വരനല്ലാതായിപ്പോകും. ഇതു ശാസ്ത്രജ്ഞന്മാരും സമ്മതിക്കുന്നുണ്ടു്. സർവത്തിന്റെയും അടിയിൽ സർവത്തിനും ആധാരമായി ഏതെങ്കിലും ഉണ്ടോ എന്നുള്ളതല്ല വാദവിഷയം. ഈശ്വരൻ എന്ന പദം കൊണ്ടു കുറിക്കുന്ന ആശയത്തിനു അടിസ്ഥാനമുണ്ടോ? പ്രസ്തുതനാമത്തിന്റെ പേരിൽ ഇത്രനാളും മനുഷ്യവർഗ്ഗത്തിൽ വേരൂന്നിയുറച്ചുനിന്ന വിശ്വാസങ്ങൾ ശരിയാണോ എന്നുള്ളതാണു് പ്രധാന പ്രശ്നം. അതിനു് ഉത്തരം പറയാൻ ശ്രമിക്കുന്നതു് മനുഷ്യനെ വലയം ചെയ്തിരിക്കുന്ന അന്ധവിശ്വാസപരമ്പരയെ ധ്വംസിക്കുന്നതിനു് ഉപകരിക്കുകയും ചെയ്യും. അതാണു് യുക്തിവാദത്തിന്റെ ലക്ഷ്യം. ശാസ്ത്രജ്ഞന്മാരെ കൂട്ടുപിടിച്ചു് ആസ്തിക്യവാദഡിണ്ഡിമം മുഴക്കുന്ന സമ്പ്രാദയം ഇപ്പോൾ കൂടുതൽ പ്രചരിച്ചുകാണുന്നതുകൊണ്ടാണു് ഇതിനെപ്പറ്റി ഇത്രയും വിസ്തരിച്ചതു്.

ഇനി മതത്തിന്റെ കാര്യം നോക്കാം. വാസ്തവത്തിൽ നാം വാദത്തിനുകൊണ്ടുവരുന്ന ഒന്നാംതരം മതമാണോ മനുഷ്യജീവിതത്തെ ഭരിച്ചുകൊണ്ടിരിക്കുന്നതു്? ആത്മസാക്ഷാത്കാരം, പരിപൂർണതയുടെ പ്രകാശം, മനുഷ്യനും ഈശ്വരനും തമ്മിലുള്ള രഹസ്യബന്ധം ഇത്യാദി വൈദാന്തിക നിർവചനങ്ങൾ മതത്തിനു കല്പിക്കുന്നവർ മതമല്ലാത്ത എന്തോ ഒന്നിനു് ആ പേർ കൊടുക്കുകയല്ലേ ചെയ്യുന്നതു്? അഥവാ ഇപ്പറഞ്ഞതൊക്കെ ആകണം മതം എന്നു് അവർ ആഗ്രഹിക്കുകയായിരിക്കാം. ലോകത്തിൽ ഭിന്നമതങ്ങൾ ഉണ്ടായിട്ടുള്ളതും നിലവിലിരിക്കുന്നതും മേൽക്കാണിച്ച തത്ത്വജ്ഞാനത്തിന്മേലല്ല. ആചാരം, അനുഷ്ഠാനം, ആരാധനക്രമം, ചില വിശ്വാസങ്ങൾ, സംഘടന ഇവയുടെ ഒരു ആകെത്തുകയാണു് ഇന്നു ലോകത്തിൽ കാണുന്ന മതം. ഇവയിൽ വന്ന വ്യത്യാസങ്ങളെ ആസ്പദമാക്കിയാണു് ഭിന്നമതങ്ങൾ ഉണ്ടായിട്ടുള്ളതും. ഇവയെല്ലാം നീക്കിനോക്കിയാൽ ഹിന്ദുമതം, ക്രിസ്തുമതം എന്നിങ്ങനെ ഭിന്നനാമത്തിലുള്ള വ്യവഹാരം തന്നെ നിലച്ചുപോകും. മതം എന്ന വാക്കു് രൂഢമായിത്തീർന്നിട്ടുള്ളതും പ്രസ്തുതാർത്ഥത്തിലാണു്. ഇതു കേൾക്കുമ്പോൾ നമ്മളെല്ലവരും മനസ്സിലാക്കുന്നതും ഇതൊക്കെത്തന്നെയാണു്. ഈവക മതഘടകങ്ങൾ പല പ്രകാരത്തിലും ദുഷിച്ചു മനുഷ്യന്റെ സാമൂഹ്യജീവിതത്തിനു ഹാനികരമാകുമ്പോൾ അവയോടെതിർക്കേണ്ടതാണെന്നു ആരും സമ്മതിക്കും. ഇങ്ങനെയൊരു നിരീക്ഷണസ്ഥാനത്തു നിന്നുകൊണ്ടു് ഇതേ അർത്ഥത്തിലാണു് യുക്തിവാദികൾ മതത്തെ എതിർക്കുന്നതു്. അതുകൊണ്ടു് അവരോടു വാദിക്കുവാൻ വരുന്നവർ അതേ നിരീക്ഷണസ്ഥാനവും അതേ അർത്ഥവും അംഗീകരിച്ചിട്ടുവേണം തർക്കം തുടങ്ങാൻ. അതല്ല ആദ്യത്തെ സാങ്കല്പികനിർവചനമേ അവർ സ്വീകരിക്കുകയുള്ളുവെങ്കിൽ പിന്നെ പരിഭവിച്ചിട്ടും കാര്യമില്ല. എന്തെന്നാൽ മനുഷ്യജീവിതവുമായി ബന്ധപ്പെടാത്തതോ ഉണ്ടായാൽക്കൊള്ളാമെന്നു ചിലർ ആഗ്രഹിക്കുന്നതോ ആയ ഒന്നിനെപ്പറ്റിയല്ല യുക്തിവാദികൾ ആക്ഷേപിക്കുന്നതു്. മതം എങ്ങനെ ഇരിക്കുന്നു എന്നു നിരൂപണംകൊണ്ടു വെളിപ്പെടുത്തുകയെന്നതാണു് ഇന്നത്തെ ആവശ്യം. അതു മാത്രമെ യുക്തിവാദികൾ ചെയ്യുന്നുള്ളു.

യുക്തിവാദവും സന്മാർഗവും തമ്മിൽ പൊരുത്തമില്ലെന്ന മിഥ്യാബോധം കുറെകൂടി രസാവാഹമായിട്ടുള്ളതാണു്. എന്താണവോ ഈ സന്മാർഗം? അതു മതത്തിന്റെ ഒരു സന്താനമാണെന്നു നാം ഭ്രമിക്കാറുണ്ടു്. മനുഷ്യ ചരിത്രം പരിശോധിച്ചാൽ മതമില്ലാത്ത യുക്തിവാദികളാണു് മതക്കാരായ വിശ്വാസികളെക്കാൾ കൂടുതൽ ലോകസേവനം നടത്തിയിട്ടുള്ളതെന്നു് കാണാം. അടിമക്കച്ചവടം നിർത്തൽ ചെയ്വാൻ ആജീവനാന്തം യത്നിച്ചവരിൽ പലരും യുക്തിവാദികളായിരുന്നു. ഇപ്പോൾ സ്പെയിനിൽ നടക്കുന്ന ലഹളയിൽ ഏതു ഭാഗത്താണു് കൂടുതൽ സന്മാർഗ്ഗം? വെടിമരുന്നു നഷ്ടപ്പെടാതിരിപ്പാൻവേണ്ടി തടവുകാരെ ശതക്കണക്കായി കൈ രണ്ടും വെട്ടി ജീവനോടെ സമുദ്രത്തിൽ തള്ളുന്നതു മതവും ഈശ്വരനും ധാരാളമുള്ള ‘സന്മാർഗി’കളാണെന്നു നാം ഓർമിക്കണം. മതവിരോധികളായ ‘കമ്യൂണിസ്റ്റു’കാർ പോലും ഇത്രയും നിഷ്ഠുരമായ ചണ്ഡാലത്വം കാണിക്കുന്നില്ല. ചുരുക്കത്തിൽ മതക്കാരൻ ദുർമാർഗിയായാൽ അതിനു കാരണം ഒന്നുവേറെ—യുക്തിവാദി വഴിപിഴച്ചാൽ അതിനു കാരണം അവന്റെ നിർമ്മത്വവും നിരീശ്വരത്വവും! എന്തൊരു വിചിത്രവാദമാണിതു്!

യുക്തിക്കു വിഷയമാകാത്തതൊന്നും വിശ്വസിക്കാൻ പാടില്ലേ? യുക്തിവാദത്തിന്റെ നേരെ നീട്ടുന്ന മറ്റൊരു ചോദ്യമാണിതു്. മതിയായ തെളിവുണ്ടെങ്കിൽ മാത്രമേ പൂർണമായി വിശ്വസിക്കാവൂ. ഇല്ലെങ്കിൽ അതു് അജ്ഞാതാവസ്ഥയിൽ വെച്ചുകൊണ്ടിരിക്കുന്നതാണു നല്ലതെന്നു് ഇതിനു് അവർ സമാധാനം പറയും. അറിഞ്ഞുകൂടാത്തതിനെപ്പറ്റി മറ്റുള്ളവർ അറിയാമെന്ന നാട്യത്തിൽ അഭിപ്രായം പറയുമ്പോഴാണു് യുക്തിവാദികൾ എതിരിടുന്നതു്. ഇവിടെ വേറൊരു വ്യത്യാസം നല്ലപോലെ മനസ്സിലാക്കേണ്ടതുണ്ടു്. യുക്തിക്കു വിഷയമാകാത്തതൊന്നും വിശ്വസിക്കരുതെന്നതിലല്ല, വിശ്വസിക്കുന്ന കാര്യങ്ങൾ കഴിയുന്നിടത്തോളം യുക്തിവിചാരത്തിൽ പരിശോധിക്കണമെന്നതിലാണു് യുക്തിവാദികളുടെ മുഖ്യമായ നിർബന്ധം. പക്ഷേ, അതുപോലും നമ്മളിലധികംപേരും ചെയ്യുന്നില്ലല്ലോ! ചിലതു് അറിഞ്ഞുകൂടെന്നു കരുതി അറിയാവുന്ന കാര്യങ്ങളിൽപോലും യുക്തിവിചാരം പാടില്ലെന്ന മട്ടാണു പലരിലും കാണാറുള്ളതു് ഈശ്വരൻ യുക്തിക്കു് അതീതനാണത്രെ. ആയിക്കൊള്ളട്ടെ. പക്ഷേ, മനുഷ്യർ ഇതുവരെ സൃഷ്ടിച്ചുവിട്ട ഈശ്വരനെ സംബന്ധിച്ചുണ്ടായിട്ടുള്ള സിദ്ധാന്തങ്ങളെല്ലാം മനുഷ്യബുദ്ധിയിൽ തെളിഞ്ഞവയല്ലേ? ഇവയെപ്പറ്റി നമുക്കു് എന്തുകൊണ്ടു നിരൂപണം ചെയ്തുകൂടാ?

യുക്തിവാദികളുടെ പേരിലുള്ള ആക്ഷേപങ്ങളിൽ പലതും അടിസ്ഥാനരഹിതങ്ങളും യുക്തിശുന്യങ്ങളും ആണെന്നു കാണിപ്പാനാണു് ഇങ്ങനെ ചില വാദമുഖങ്ങൾ ചൂണ്ടിക്കാണിച്ചതു്. അവർ പറയുന്നതും പ്രവർത്തിക്കുന്നതും എല്ലാം ശരിയെന്നു ശഠിക്കുന്നില്ല. യുക്തിവാദമനഃസ്ഥിതി കേരളീയരുടെ സ്വതന്ത്രചിന്താശീലത്തെ പരിപോഷിപ്പിക്കുവാൻ വളരെ പ്രയോജനപ്പെടുന്നുണ്ടെന്നും വിജ്ഞാനാഭിവൃദ്ധിക്കു അതു് അത്യന്താപേക്ഷിതമാണെന്നും കാണിക്കണമെന്നേ ഇവിടെ പ്രധാനമായി ഉദ്ദേശിച്ചിട്ടുള്ളു.

വിചാരവിപ്ലവം—1939.

കുറ്റിപ്പുഴ കൃഷ്ണപിള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി

മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ

വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.

ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.

കൃതികൾ

സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.

ചരമം: 11-2-1971

Colophon

Title: Yukthivadam (ml: യുക്തിവാദം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Yukthivadam, കുറ്റിപ്പുഴ കൃഷ്ണപിള്ള, യുക്തിവാദം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 21, 2025.

Credits: The text of the original item is copyrighted to Sahitya Akademi. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Washington Sea Eagle, a painting by John James Audubon (1785–1851). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.