യുക്തിവാദിപത്രാധിപർ എം. സി. ജോസഫി ന്റെ അറുപതും എഴുപതും നിശ്ശബ്ദമായി കടന്നുപോയി. എൺപതെങ്കിലും ഒന്നു കൊണ്ടാടേണ്ടതല്ലേ എന്നു സംശയിച്ചു ചില സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ അടുത്തുചെന്നു. പിറന്നാളഘോഷിക്കുന്ന സമ്പ്രദായത്തെ പല തവണ അപലപിച്ചിട്ടുള്ള അദ്ദേഹം അതെങ്ങനെ സമ്മതിക്കും? കടുത്ത പ്രതിഷേധം തന്നെ ചെന്നവർക്കു് അനുഭവപ്പെട്ടു. ഒരുതരത്തിലും അദ്ദേഹം വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ സുഹൃത്തുക്കൾ അടവൊന്നു മാറ്റിനോക്കി ആഘോഷം വേണമെന്നില്ല. കേരളത്തിന്റെ സാംസ്കാരികവും വൈജ്ഞാനികവുമായ പുരോഗതിക്കു് എം. സി. ദീർഘകാലമായി നൽകിക്കൊണ്ടിരിക്കുന്ന മഹത്തായ സംഭാവനകളെ വിലയിരുത്തുകയും മാനിക്കുകയും ചെയ്യുന്നതിനു് ഈയവസരം ഉപയോഗിക്കരുതോ? അതിനായി ഒരു സെമിനാറോ പൊതുസമ്മേളനമോ നടത്തുന്നതു കേവലം വിദ്യാഭ്യാസപരമായ (Academic) ഒരു പ്രവർത്തനമല്ലേ ആകു? അതു പിറന്നാളിൽത്തന്നെ വേണമെന്നു നിർബന്ധിക്കുന്നുമില്ല എന്നു അവർ വാദിച്ചു. അപ്പോൾ ഉത്തരം മുട്ടിയ മട്ടിൽ എം. സി. മിണ്ടാതിരുന്നു. മൗനം അനുവാദമാണെന്നു് അവരും കരുതി അങ്ങനെ യുക്തിവാദി പത്രാധിപർ ഇപ്പോൾ ഒരു ചർച്ചാവിഷയമായിത്തീർന്നിരിക്കയാണു്.
“എന്നിൽ വളർച്ചയുണ്ടെങ്കിൽ ഞാൻ നിശ്ചായമായും വൃദ്ധനാകുന്നില്ല. എന്റെ വളർച്ച നില്ക്കുമ്പോഴാണു് ഞാൻ വൃദ്ധനാകുന്നതു്. ഇപ്പോഴും എന്റെ ധമനികളിൽ ചുടുരക്തം സ്പന്ദിച്ചുകൊണ്ടിരിക്കുന്നു.” ഒരാളെ വാർദ്ധക്യത്തെപ്പറ്റി അനുസ്മരിപ്പിക്കുമ്പോഴാണു് അയാൾക്കു വാർദ്ധക്യബാധ ഉണ്ടാകുന്നതു് എന്നു തന്റെ ജന്മദിനത്തെപ്പറ്റി ഒരു സുഹൃത്തു് ഓർമ്മിപ്പിച്ചപ്പോൾ ഐൻസ്റ്റൈൻ പറയുകയുണ്ടായി. ഇതുതന്നെ എം. സി.-യും പറഞ്ഞേക്കാം. വാർദ്ധക്യത്തോടു പടപൊരുതിക്കൊണ്ടിരിക്കുന്ന ആളാണു് അദ്ദേഹം. ആ ശരീരം കണ്ടാൽ എൺപതിന്റെ പഴമയൊന്നും തോന്നുകയില്ല. അതിനുള്ളിൽ യുവത്വത്തിന്റെ ഉന്മേഷമുള്ള ഒരു മനസ്സാണു് ഇപ്പോഴും പ്രവർത്തിക്കുന്നതു്. അവിടെ നിന്നു പുറപ്പെടുന്ന ആശയങ്ങൾക്കു് ഒരിരുപത്തഞ്ചിന്റെ ഉന്മത്തതതന്നെയുണ്ടു്. ആരോഗ്യപരിപാലനത്തിൽ ഇത്രത്തോളം നിഷ്കർഷ കാണിക്കുന്നവർ ചുരുക്കമാണു്. ശാസ്ത്രമാർഗമാണു് അതിലും അദ്ദേഹത്തിന്നവലംബം. എം. സി. യുക്താഹാരവിഹാരനും യുക്തചേഷ്ടനുമാകുന്നു. ഗീതയിലെ ക്ഷേത്രജ്ഞനെ അദ്ദേഹം നിഷേധിക്കുന്നുണ്ടെങ്കിലും ക്ഷേത്രത്തെ ആരാധിക്കുന്നുവെന്നു പറയാം. മറ്റുള്ളവർക്കു മാതൃകയാകത്തക്കവിധം ജീവിക്കുക എന്നതു് ഒരു കലയാക്കിത്തീർത്ത മനുഷ്യൻ എന്നു് ഈ ലേഖകൻ എം. സി.-യെപ്പറ്റി മുമ്പൊരിടത്തു രേഖപ്പെടുത്തിയിട്ടുണ്ടു്. പൂർവാഭിഭാഷീ സുമുഖസ്സുശിലഃകരുണാമൃദുഃ എന്ന അഷ്ടാംഗഹൃദയത്തിലെ കാരിക സ്വജീവിതം കൊണ്ടു് അദ്ദേഹം ഉദാഹരിച്ചുകാണിക്കുന്ന സൗശീല്യം എം. സി.-യുടെ കൂടപ്പിറപ്പാണു്. വാദപ്രതിവാദത്തിൽ അദ്ദേഹം എതിരാളികളുടെ നേരെ പ്രയോഗിക്കുന്ന വാദരീതിയും ഭാഷാശൈലിയും കാണുമ്പോൾ എനിക്കു് അസൂയ തോന്നാറുണ്ടു്. അന്യാദൃശമായ ഒരു ശുദ്ധിയും കുലീനതയുമുണ്ടു്. ആ രീതിക്കും ശൈലിക്കും. പ്രതിയോഗികളുമായുള്ള ഏറ്റുമുട്ടലിൽ അദ്ദേഹം ഒരിക്കലും വികാരതരളിതനാകാറില്ല. അതൊരത്ഭുതം തന്നെയാണു് ഇതുപോലെ വികാരവിചാരങ്ങളുടെ ബാലൻസ് തെറ്റാതെ സൂക്ഷിക്കാൻ എത്രപേർക്കു കഴിയും? എം. സി. എപ്പോഴെങ്കിലും ക്ഷോഭിച്ചിട്ടുണ്ടോ എന്തോ! അദ്ദേഹത്തിന്റെ സഹധർമ്മിണിയോടു ചോദിച്ചാലേ സത്യമറിയു. ഏറ്റവും അടുത്ത കൂട്ടുകാർപോലും അക്ഷോഭ്യനായിട്ടേ അദ്ദേഹത്തെ എന്നും കണ്ടിട്ടുള്ളു. പെൺമക്കളിലൊരാൾക്കു പെട്ടെന്നു വൈധവ്യദുഃഖം നേരിട്ടപ്പോഴും അദ്ദേഹം സമചിത്തത പാലിച്ചു. ആയിടയ്ക്കു പുറപ്പെട്ട യുക്തിവാദി നോക്കിയാലറിയാം അദ്ദേഹത്തിന്റെ ആത്മനിയന്ത്രണം എവിടംവരെ ചെന്നെത്തിയിട്ടുണ്ടെന്നു്.
എം. സി. നിർവികാരനോ കഠിനഹൃദയനോ ആണെന്നു് ഇപ്പറഞ്ഞതിനർത്ഥമില്ല. സ്നേഹവും സഹതാപവും ദീനാനുകമ്പയും നിറഞ്ഞുതുളുമ്പുന്നുണ്ടു് ആ വിശാലഹൃദയത്തിൽ. അവയുടെ അലയടി പുറത്തു കേൾക്കുന്നില്ലെന്നേ ഉള്ളു. സ്നേഹപ്രചോദിതവും വിജ്ഞാനപ്രബുദ്ധവുമാണു് ആ ജീവിതം. വികാരപാരവശ്യങ്ങളെ വിചാരംകൊണ്ടു നിയന്ത്രിച്ചു കഴിയുന്നടത്തോളം ബുദ്ധിപരമായി ജീവിക്കുക എന്നു് അദ്ദേഹം ഉപദേശിക്കാറുണ്ടു്. സ്വയം പ്രത്യായനം എന്ന ഒറ്റമൂലികകൊണ്ടു് എം. സി. ചില മനോരോഗങ്ങൾ മാറ്റുന്ന വിവരം ഇപ്പോൾ പ്രസിദ്ധമായിട്ടുണ്ടല്ലോ. അതു തന്നിലും പ്രയോഗിച്ചിട്ടായിരിക്കുമോ അദ്ദേഹം മനശ്ചാഞ്ചല്യമെല്ലാം കീഴടക്കിയതു് ?
ഏതായാലും യുക്തിവാദവും മനഃശ്ശാസ്ത്രപരിശീലനവും മനോരോഗചികിത്സയുമെല്ലാം കൂടിച്ചേർന്നു് അദ്ദേഹത്തെ ഒരസാമാന്യവ്യക്തിയാക്കിത്തീർത്തിട്ടുണ്ടു്. ഈ മാന്ത്രികൻ ചെല്ലുന്നിടത്തുനിന്നു ഭൂതപ്രേതപിശാചാദികളെല്ലാം ഒഴിഞ്ഞുപോകുന്നു. ചാത്തന്റെ ശല്യമൊഴിവാക്കാൻ എം. സി.-യെന്ന ദ്വയക്ഷരമന്ത്രം മതിയെന്നായിട്ടുണ്ടു്. ജ്യോത്സ്യന്റെ തട്ടിപ്പുകൾക്കു് നില്ക്കക്കള്ളിയില്ലാതായിരിക്കുന്നു.
എം. സി. ഒരു പെസ്സിമിസ്റ്റല്ല. മനുഷ്യജീവിതം മഹിമയേറിയതാണെന്നു് അദ്ദേഹം വിശ്വസിക്കുന്നു. ഏതാണ്ടൊരു നിസ്സംഗന്റെ നിലയിൽ ജീവിതത്തെ വസ്തുനിഷ്ഠമായി നോക്കിക്കാണാൻ അദ്ദേഹം ശീലിച്ചിട്ടുണ്ടു്. ‘ജീവിച്ചു മതിയായി അനായാസേന മരണം എന്നതാണു് എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം’ എന്നു ഞാൻ ഒരിക്കൽ പറഞ്ഞപ്പോൾ ‘അരുതു് അങ്ങനെ വിചാരിച്ചുകൊണ്ടിരിക്കരുതു്’ എന്നു് എം. സി. താക്കീതു നൽകി. ഏതു വാർദ്ധക്യത്തിലും ജീവിതം വിലപ്പെട്ടതാണെന്ന അഭിപ്രായമാണു് അദ്ദേഹത്തിനുള്ളതു്.
യൗവനത്തിളപ്പിലാണു് യുക്തിവാദവും നിരീശ്വരത്വവും മറ്റും. വയസ്സാകുമ്പോൾ അതൊക്കെ മാറി ദൈവമേ എന്ന വിളി തുടങ്ങും—ഇങ്ങനെ പഠിപ്പുള്ളവർപോലും പറഞ്ഞുകേട്ടിട്ടുണ്ടു്. ഈ ധാരണ തികച്ചും തെറ്റാണെന്നതിനു് ഒന്നാംതരം തെളിവാണു എം. സി.-യുടെ ജീവിതം. എൺപതിലെത്തിയിട്ടും അദ്ദേഹത്തിന്റെ ചിന്താപരമായ നിലപാടിനു് ഒരു മാറ്റവും വന്നിട്ടില്ല. മാത്രമല്ല വയസ്സാകുന്തോറും യുക്തിവാദമനോഭാവത്തിനു തീക്ഷ്ണത കൂടിവരികയാണു്. മതം, ദൈവം, ആത്മാവു് ഇത്യാദി സങ്കല്പങ്ങളുടെ രണ്ടു മൂവായിരം കൊല്ലത്തെ പഴക്കംചെന്ന കീറമാറാപ്പുകൾ ഈ യുക്തിവാദി വലിച്ചെറിഞ്ഞു കളഞ്ഞിട്ടു് എത്രയോ കാലമായി. ഭാവിമനുഷ്യർക്കു കൊള്ളാവുന്നവയായി അവയിലെന്തെങ്കിലും ഉണ്ടെന്നു് അദ്ദേഹം ഇപ്പോഴും വിശ്വസിക്കുന്നില്ല. മനുഷ്യന്റെ ചിന്താശക്തിയെയും വിവേകത്തെയും തല്ലിക്കെടുത്തി അവനെ ഭീരുവാക്കുന്ന അന്ധസങ്കല്പങ്ങളാണവ എന്നു തെളിവും യുക്തിയും കാണിച്ചു് അദ്ദേഹം ഇന്നും സമർത്ഥിച്ചുകൊണ്ടിരിക്കുന്നു. മതത്തിന്റെ കുത്തക പിടിച്ചിരിക്കുന്നവരും ഈശ്വരഭക്തിയുടെ വെളിച്ചപ്പാടന്മാരും ഇതൊക്കെ കേൾക്കുമ്പോൾ കലിതുള്ളുന്നുണ്ടാകാം. ഇക്കൂട്ടർ യുക്തിവാദത്തിന്റെ മുമ്പിൽ മുട്ടുകുത്തി വിഷമിക്കുമ്പോൾ എം. സി.-യുടെ നേരെ കൊഞ്ഞനം കാട്ടുകയും ശകാരം വർഷിക്കുകയും പതിവാണു്. അപ്പോഴെല്ലാം ഒരു പുഞ്ചിരി മാത്രമേ അദ്ദേഹം മറുപടിയായി കൊടുക്കാറുള്ളു. വായിക്കാതെയും പഠിക്കാതെയും ചിന്തിക്കാതെയും അന്ധവിശ്വാസസന്തതികളായി വലയുന്ന പാവങ്ങൾ എന്നുവരെ ആ പുഞ്ചിരിക്കു വേണമെങ്കിൽ അർത്ഥം കല്പിക്കാം.
നിർമ്മതത്വത്തിലും നിരീശ്വരത്വത്തിലും ഇത്രയും നീണ്ട കാലം അടിയുറച്ചു നിന്നുകൊണ്ടു് അന്ധവിശ്വാസങ്ങളോടു് അടരാടിയിട്ടുള്ള യുക്തിവാദികൾ കേരളത്തിൽ വേറെ എത്രപേരുണ്ടു്? എം. സി.-യുടെ ചിരകാലസുഹൃത്തും സഹപ്രവർത്തകനുമായ സഹോദരനയ്യപ്പൻ മാത്രമേ ഇക്കാലമത്രയും അദ്ദേഹത്തിന്റെ കൂടെ നിന്നിട്ടുള്ളു. കേരളത്തിൽ യുക്തിവാദം വളർത്തിക്കൊണ്ടുവരാൻ നിരന്തര പ്രയത്നം ചെയ്തിട്ടുള്ളവരാണു് ഈ രണ്ടുപേരും. എം. സി. യുക്തിവാദി മാസികയുടെ ആധിപത്യം ഏറ്റെടുത്തിട്ടു മുപ്പത്തഞ്ചു കൊല്ലം കഴിഞ്ഞു. അന്നുമുതൽ ഇന്നുവരെ മുടക്കം കൂടാതെ അദ്ദേഹം അതിലെഴുതിയിട്ടുള്ള കുറിപ്പുകൾ ശേഖരിച്ചാൽ ഒരു നവീന വിജ്ഞാനകോശത്തിനുള്ള വക കിട്ടും. വാസ്തവത്തിൽ ഈ കുറിപ്പുകളാണു് യുക്തിവാദിയിലെ മജ്ജയും മാംസവും. എം. സി. പുറപ്പെടുവിക്കുന്ന ആശയങ്ങൾ പലതും കേരളീയർക്കു ദഹിക്കണമെങ്കിൽ ഇനിയും ഒരു നൂറ്റാണ്ടു വേണ്ടിവന്നേക്കാം. ‘ആത്മാവുണ്ടെന്നുള്ള വിശ്വാസം മനുഷ്യനെന്നും അപകടം പിടിച്ചതും കുഴഞ്ഞതുമായ ഒരു നൂലാമാലായാണു്. ആ വിശ്വാസത്തിൽനിന്നു ലാഭമുണ്ടാക്കുന്നവരാണു് അതു നൽകുകയും ഉറപ്പിക്കുകയും ചെയ്യുന്നതു്.
ആരുടെ ഏതു ഭക്തിയും അതിന്റെ പാരമ്യത്തിൽ പ്രകടമാക്കുന്നതു ബുദ്ധിയോ നാണമോ ഇല്ലാത്ത നികൃഷ്ടദാസ്യമാണു്. ഏതാദൃശാഭിപ്രായങ്ങൾ അത്ര എളുപ്പമൊന്നും ആളുകൾ ഉൾക്കൊള്ളുകയില്ല. അതിനു തക്ക യുക്തിബോധം നമ്മുടെ നാട്ടിൽ ഇനിമേൽ തെളിഞ്ഞുവരേണ്ടിയിരിക്കുന്നു. എത്ര ഗഹനമായ ശാസ്ത്രവിഷയവും അതിന്റെ അന്തസ്സാരം നേരെ മനസ്സിലാകത്തക്കവിധം ഹൃദ്യവും ലളിതവുമായ രീതിയിൽ പ്രതിപാദിക്കാൻ എം. സി. വിദഗ്ദ്ധനാണു്. ഈ കുറിപ്പു നോക്കു.
‘മനുഷ്യമനസ്സു് അത്ഭുതകരമായ ഒരു യന്ത്രസംവിധാനമാണു് അതിന്റെ കഴിവുകൾ അപാരമായിരിക്കുന്നതുപോലെ അതിനെ ബാധിക്കുന്ന ദൗർബല്യങ്ങളുടെയും രോഗങ്ങളുടെയും വൈവിധ്യത്തിനും കണക്കില്ല. ഒരു ജനക്കൂട്ടത്തിനാകെ ഹിസ്റ്റിരീയ ബാധിക്കുന്ന സന്ദർഭങ്ങൾ പലതുണ്ടു്. ബുദ്ധിയുടെ പരിശോധന സഹിക്കാത്ത വിശ്വാസങ്ങളും ആചാരങ്ങളും ഉൾക്കൊള്ളുന്ന വ്യത്യസ്തങ്ങളും വിപരീതങ്ങളുമായ മതവിശ്വാസങ്ങളെല്ലാം തന്നെ ജനക്കൂട്ടത്തെ ഒന്നടങ്കം ബാധിക്കുന്ന ഒരുതരം മനോരോഗം (Obsessional Neurosis) ആണെനു വലിയ മനഃശാസ്ത്രജ്ഞനായിരുന്ന സിഗ്മണ്ട് ഫ്രോയിഡ് നിർണയം ചെയ്തിട്ടുണ്ടു്.’
ഇതുപോലെ ഉദ്ധാരണയോഗ്യങ്ങളായ എത്രയോ ഖണ്ഡികകൾ ‘യുക്തിവാദി’ മാസികയുടെ പഴയ ഏടുകൾ തിരിഞ്ഞുനോക്കിയാൽ കാണാം. എം. സി.-യുടെ അഭിപ്രായങ്ങളോടു നിങ്ങൾ യോജിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തെ ഇനി അവഗണിക്കുക സാദ്ധ്യമല്ല. വ്യക്തിയെന്ന നിലവിട്ടു് അദ്ദേഹം ഒരു സ്ഥാപനമായി വളർന്നിരിക്കുന്നു. അവിടെനിന്നു നാലുപാടും പ്രസരിക്കുന്ന യുക്തിപ്രകാശം കേരളത്തിലെ ഇരുട്ടു നീക്കാൻ ഒട്ടേറെ ഉപകരിക്കുന്നുണ്ടു്. യുക്തിവാദികളുടെ ഈ ആചാര്യൻ ഇന്നു വിതയ്ക്കുന്ന ആശയ ബീജങ്ങൾ നാളെ മുളച്ചുപൊന്തി മാമരങ്ങളായി വികസിച്ചു വിജ്ഞാനത്തിന്റെ കനികൾ പൊഴിക്കുമെന്നതിനു സംശയമില്ല.
ദീപാവലി 1967.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971