യുക്തിവാദത്തെ തുച്ഛീകരിച്ചോ ആക്ഷേപിച്ചോ അഭിപ്രായങ്ങൾ പുറപ്പെടുവിക്കാൻ ഈയിടെ ചിലർ മുതിർന്നിട്ടുണ്ടു്. അവർ അതു ചെയ്യുന്നതുതന്നെ യുക്തിവാദം കൊണ്ടാണെന്നുള്ളതാണു് ബഹുനേരമ്പോക്കായിരിക്കുന്നതു്. മനുഷ്യനു യുക്തിവാദം അത്യന്താപേക്ഷിതമാണെന്നുള്ള പരമാർത്ഥം ഈ എതിരഭിപ്രായങ്ങളിൽത്തന്നെ പ്രകടമായിരിക്കുന്നു. എം. സി.-യുടെ ഒരു പുസ്തകത്തിനു് ശ്രീ. എൻ. വി. കൃഷ്ണവാരിയർ എഴുതിയ മുഖവുരയിൽ പറഞ്ഞിട്ടുള്ളതു് ഇവിടെ ഓർമിക്കുന്നതു നന്നു്. “എം. സി. സാഹിത്യം വായിച്ചു മനസ്സിലാക്കാനല്ല പ്രയാസം വായിച്ചു മനസ്സിലാക്കികഴിഞ്ഞാലാണു്. നമ്മുടെയെല്ലാം മനസ്സിൽ രൂഢമൂലങ്ങളായ പല വിശ്വാസങ്ങളുമുണ്ടു്. ബാല്യം മുതൽ മുതിർന്നവരെ കണ്ടും അനുകരിച്ചും നാം ചോദ്യം ചെയ്യാതെ പല വിശ്വാസങ്ങളും പുലർത്തിപ്പോരുന്നു. കറൻസിനോട്ടുകളെപ്പോലെതന്നെ സമുദായത്തിന്റെ അംഗീകരണം നേടിയ പല വിശ്വാസങ്ങളും അവയെ ഉൾക്കൊള്ളുന്ന പദങ്ങളും ശൈലികളും നാമെല്ലാം മനസ്സിൽ കൊണ്ടുനടക്കുകയും ദിവസവും എടുത്തു പെരുമാറുകയും ചെയ്യുന്നുണ്ടു്. ഈ വിശ്വാസങ്ങളെയും പദങ്ങളെയും ശൈലികളെയും പുറത്തെടുത്തു പരിശോധിക്കുവാനാണു് എം. സി. ആവശ്യപ്പെടുന്നതു് നാം എത്രയോകാലം ഓമനിച്ചു ഹൃദയത്തിൽ കുടിയിരുത്തിയ പല അന്ധവിശ്വാസങ്ങളെയും ത്യജിക്കണമെന്നുവരുമ്പോൾ നമുക്കാകെ പരിഭ്രമവും ശുണ്ഠിയും വരുന്നു.” ശ്രീ വാരിയർ ചൂണ്ടിക്കാണിക്കുന്ന ഈ പരിഭ്രമവും ശുണ്ഠിയുമാണു് വാസ്തവത്തിൽ യുക്തിവാദത്തെ എതിർക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതു്. ‘യുക്തിക്കു വഴങ്ങിക്കൊടുക്കാത്ത വൈകാരിക മനോഭാവത്തോടു വാദിച്ചിട്ടു കാര്യമില്ല’ (There is no arguing with a mood) എന്ന നെഹ്റു വിന്റെ വാക്യം മാത്രമേ ഇതിനു മറുപടിയായിട്ടുള്ളു. ദിവാഭീരുവായ വിശ്വാസാന്ധകാരം നിറഞ്ഞതാണു് നമ്മുടെ മനസ്സു്. യുക്തിപ്രകാശമേൽക്കുമ്പോൾ അതു് അസ്വസ്ഥമാകുന്നതിൽ അത്ഭുതപ്പെടാനില്ലല്ലോ.
യുക്തിവാദം ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ ഒരു പ്രത്യേക മതമോപ്രസ്ഥാനമോ അല്ല. അതൊരു വിചാരപദ്ധതി മാത്രമാണു്. ‘അന്വേഷണത്തിനു വിധേയങ്ങളാകുന്ന വിഷയങ്ങളിൽ കൂടിക്കലർന്നുകിടക്കുന്ന സത്യാസത്യങ്ങളെ വേർതിരിക്കുകയും അകലുഷമായ ചിന്താവ്യാപാരം കൊണ്ടു് തെളിവുകളെ തുലനം ചെയ്തു നോക്കുകയും ചെയ്യുന്ന പദ്ധതിയാണു് യുക്തിവാദം’ (Rationalism is after all the weighing of evidence by clear thinking and shifting truth from falsehood in all matters amenable to investigation) എന്നു യുക്തിവാദി മാസികയുടെ പുറംചട്ടയിൽത്തന്നെ ഉദ്ധരിച്ചു കാണാറുള്ള നിർവചനം നോക്കുക. മനനശീലം മനുഷ്യസ്വഭാവത്തിൽ സ്വതേയുള്ളതാണെങ്കിലും ജ്ഞാനസമ്പാദനത്തിനാവശ്യമായ യുക്തിവിചാരം അധികംപേരിലും മന്ദീഭവിച്ചുകിടക്കുകയാണു്. ആശയലോകത്തിൽ ഏതാനും ബുദ്ധിമാന്മാർ ചിന്തിക്കയും മറ്റുള്ളവർ അവരുടെ പിറകെ പോകയും ചെയ്യുന്ന കാഴ്ചയാണു സാധാരണ കണ്ടുവരുന്നതു് സ്വാതന്ത്ര്യവും പരിശീലനവും ചിന്തയിലും വേണ്ടതാണെന്നു കരുതുന്നവർ ചുരുക്കമാകുന്നു. നമ്മളിൽ രൂപപ്പെട്ടിരിക്കുന്ന ആശയങ്ങൾ മിക്കവാറും അന്യരുടെയാണു്. സ്വന്തം ചിന്തയിൽ പരിശോധിച്ചു നോക്കിയിട്ടല്ല നാം അവയെ സ്വീകരിച്ചിട്ടുളളതു്. ഇങ്ങനെ ബുദ്ധി ഒരു തരം ‘ടേപ്റെക്കോർഡറാ’യി തീർന്നാൽ ചിന്താശക്തി ക്ഷയിച്ചുപോകുമെന്നു പറയേണ്ടതില്ലല്ലോ. പ്രത്യക്ഷം, അനുമാനം, ഉപമാനം, ശാബ്ദം എന്നു നാലു മാർഗമായിട്ടാണു നമുക്കു് അറിവുണ്ടാകുന്നതെന്നു ദാർശനികർ പറയുന്നു. ഈ വഴികളിലെല്ലാം തെറ്റു പറ്റാനിടയുണ്ടു്. അതുകൊണ്ടത്രെ നൈയായികന്മാർ ജ്ഞാനത്തെ പ്രമ (യഥാർത്ഥം), ഭ്രമം (അയഥാർത്ഥം) എന്നു രണ്ടായി വിഭജിച്ചിരിക്കുന്നതു്. അയഥാർത്ഥജ്ഞാനം മൂലം ലോകത്തിനുണ്ടായിട്ടുള്ള ആപത്തു് അല്പമൊന്നുമല്ല. ജ്ഞാനവിഷയകമായി വന്നു ചേരുന്ന ഈ ഭ്രമം നീക്കം ചെയ്യുന്നതിനുള്ള വിചാരപദ്ധതിയാണു് യുക്തിവാദം.
സംശയിക്കുക, ചോദ്യം ചെയ്യുക, ശാസ്ത്രീയമായ അന്വേഷണവും പരീക്ഷണവും നടത്തുക, തെളിവുകൾ തുലനം ചെയ്യുക ഇതൊക്കെ യുക്തിവാദത്തിനാസ്പദമായ സ്വതന്ത്രചിന്തയുടെ ഘടകങ്ങളാകുന്നു. മതവിശ്വാസികൾ പറയുന്നതുപോലെ ദൈവഭീതിയല്ല സംശയിക്കലാണു് ജ്ഞാനത്തിന്റെ ആരംഭം ഭഗവദ്ഗീതയിലെ തത്ത്വോപദേശംപോലും കേട്ടപാടേ അപ്പടി വിഴുങ്ങണമെന്നു് ഉപദേഷ്ടാവു പറയുന്നില്ല.
‘വിമൃശ്യേതദശേഷേണ
യഥേച്ഛസി തഥാ കുരു’
എന്നു സ്വയം വിമർശിച്ചു വേണ്ടതു സ്വീകരിക്കാൻ ഗീതാകാരൻ ശ്രോതാവിനെ അനുവദിക്കുന്നു. യുക്തിവാദവും ശാസ്ത്രബോധവുംകൊണ്ടു മാത്രമേ മനുഷ്യനു വിജ്ഞാനപുരോഗതിയുണ്ടായിട്ടുള്ളു. അവൻ കാടത്തത്തിൽനിന്നു കരകേറി വരുന്നതു് ഈ രണ്ടിന്റെയും കരാവലംബം കൊണ്ടത്രേ. അറിവാകുന്ന ജലം മുന്നോട്ടൊഴുകാതെ കെട്ടിനിന്നു ദുഷിക്കാൻ തുടങ്ങിയ ഓരൊ കാലഘട്ടത്തിലും യുക്തിവാദികളായ ആചാര്യന്മാരാണു് അന്ധതയോടു പടപൊരുതി ജനസമുദായത്തെ പ്രബുദ്ധമാക്കിയിട്ടുള്ളതു്.
സിദ്ധാന്തബദ്ധമായ ബുദ്ധിയല്ല യുക്തിവാദത്തിനു വേണ്ടതു്. അതു് എപ്പോഴും സ്വതന്ത്രമായിരിക്കണം. ഒരു വിഷയത്തിലും ഒരു പ്രത്യേകാഭിപ്രായം സ്ഥാപിക്കണമെന്നു യുക്തിവാദികൾ ശാഠ്യംപിടിക്കാറില്ല. അഭിപ്രായമേതായാലും കൊള്ളാം. അതിലെത്തിച്ചേരുന്ന വഴി പിഴയ്ക്കാത്തതാകണം. യുക്തിക്കു ചേർന്നിരിക്കണം തെളിവുള്ളതായിരിക്കണം എന്നേ അവർ നിർബന്ധിക്കുന്നുള്ളു. മതക്കാർക്കെന്നപോലെ യുക്തിവാദികൾക്കും യാഥാസ്ഥിതികമായ ചില വിശ്വാസങ്ങളും അഭിപ്രായങ്ങളും ഉണ്ടെന്നും അവ ഒരിക്കലും മാറാത്തവയാണെന്നും ചിലർ ധരിച്ചുവച്ചിട്ടുണ്ടു്. ഇതിനൊരടിസ്ഥാനവുമില്ല. യുക്തിവാദികളെ പൊതുവേ ബന്ധിക്കുന്ന വിശ്വാസപ്രമാണങ്ങളോ അഭിപ്രായങ്ങൾ തന്നെയോ ഉണ്ടാകുക വിഷമമാണു്. യുക്തി വിചാരണയിൽ അവർ പല കാര്യങ്ങളെ സംബന്ധിച്ചും ഏകാഭിപ്രായക്കാരായേക്കാം. എന്നാൽ എപ്പോൾ തെറ്റാണെന്നു തെളിയുന്നുവോ അപ്പോൾ അതു മാറ്റുവാനും അവർ മടിക്കുകയില്ല. ഒരു തുറന്ന മനസ്സാണു് അവർക്കു് ഏതു കാര്യത്തിലുമുള്ളതു്.
യുക്തിവാദികൾ മതത്തെയും ഈശ്വരനെയും കടന്നാക്രമിക്കുന്നു. അതു് അവർക്കൊരു തൊഴിലായിത്തീർന്നിരിക്കുന്നുവെന്നു പരാതിപ്പെടുന്നവരുണ്ടു്. എന്നാൽ ഇതൊരാവശ്യമാണെന്ന കാര്യം അവരോർമ്മിക്കുന്നില്ല. മനുഷ്യനെ വിചാരമൂഢനാക്കുന്ന അന്ധവിശ്വാസങ്ങളിൽ തൊണ്ണൂറുശതമാനവും മതം, ഈശ്വരൻ, ആത്മാവു് ഇത്യാദി സങ്കല്പങ്ങളെ കേന്ദ്രീകരിച്ചുള്ളവയാകുന്നു. വിശ്വാസം അകത്തു കടക്കുമ്പോൾ വിചാരം പുറത്തു പോകുന്നു എന്ന ചൊല്ലു് മതകാര്യങ്ങളിലാണു് തികച്ചും അർത്ഥവത്തായിക്കാണുന്നതു്. യുക്തിയുടെ വെളിച്ചത്തിൽ വിചാരണ ചെയ്തു നോക്കിയിട്ടല്ല നാം ഇവയിൽ വിശ്വാസമുറപ്പിക്കുന്നതു്. നേരെമറിച്ചാണു നമ്മുടെ മാനസിക വ്യാപാരം. വിശ്വാസം യുക്തിക്കു ചേർന്നതല്ലെങ്കിൽ വിശ്വാസത്തിനു ചേരത്തക്കവിധം യുക്തിവിചാരത്തെ വളച്ചൊടിക്കുക. പണ്ഡിതന്മാരുടെയിൽപ്പോലും കണ്ടുവരുന്ന വാദതന്ത്രമാണിതു്. ഏതു വിഡ്ഢിത്തത്തിനും ഒരു മുട്ടുയുക്തി കണ്ടുപിടിക്കാൻ പണ്ഡിതന്മാർക്കു കഴിയുമല്ലോ. ജനസമൂഹം ഈ യുക്ത്യാഭാസം കൊണ്ടു തൃപ്തിയടയുകയും ചെയ്യും. വലിയ ചിന്തകന്മാർപോലും ഇത്തരം കപടയുക്തിവാദം കൊണ്ടു സമാധാനപ്പെട്ടു് അന്ധവിശ്വാസങ്ങളുടെ ചുമടുതാങ്ങികളായി തീരാറുണ്ടു്. ഈശ്വരൻ, ആത്മാവു് തുടങ്ങിയ അവ്യക്തസങ്കല്പങ്ങൾക്കു് അത്യന്തികവും വസ്തുനിഷ്ഠവുമായ സത്തയുണ്ടോ എന്നതാണു് പ്രധാനപ്രശ്നം. അതിനു വെറും വിശ്വാസം മാത്രമേ മറുപടിയായിട്ടുള്ളു എന്നു മഹാത്മാഗാന്ധി പോലും സമ്മതിച്ചിട്ടുണ്ടു്. ഏതായാലും നിത്യജീവിതത്തോടു ബന്ധമില്ലാത്ത ഈ സൂക്ഷ്മതത്ത്വത്തെയല്ല യുക്തിവാദികൾ കൂടുതലായി എതിർക്കുന്നതു്. നൂറ്റാണ്ടുകളായി മേല്പറഞ്ഞ സങ്കല്പങ്ങളെ ചുറ്റിപ്പറ്റി വളർന്നുവന്നിട്ടുള്ള അന്ധവിശ്വാസപ്പെരുങ്കാടുകൾ നശിച്ചു മനുഷ്യന്റെ ബുദ്ധി തെളിയണമെന്നതിലാണു് അവർക്കു നിർബന്ധം. ഇവയെല്ലാം വെട്ടിക്കളഞ്ഞു വെളിച്ചം കടത്തിനോക്കിയാൽ വ്യക്തിഗതമായ സങ്കല്പങ്ങളിൽ കവിഞ്ഞൊന്നും അവശേഷിക്കുന്നില്ലെന്നു കാണാം. അജ്ഞാത രഹസ്യമായി എന്തോ ഒന്നില്ലേ എന്നു ചിലർ ചോദിക്കുന്നു ഉണ്ടായിക്കൊള്ളട്ടെ. അറിഞ്ഞുകൂടാത്തതിനെപ്പറ്റി അറിഞ്ഞുകൂടാ എന്ന മനോഭാവം പാലിക്കണം. അതാണു വേണ്ടതു്. എല്ലാം അറിയാമെന്നോ അറിഞ്ഞുകഴിഞ്ഞുവെന്നോ ബുദ്ധിയുള്ളവരാരും ശഠിക്കുകയില്ലല്ലോ—ഇങ്ങനെ അറിവിനും അപ്പുറത്തു് എന്തോ ഉണ്ടെന്നു കരുതി മനുഷ്യൻ സൃഷ്ടിച്ചുവിട്ടതാണു് ഈശ്വരനും ആത്മാവും മറ്റും. അവയെല്ലാം യുക്തിവിചാരത്തിനു വിഷയമാകുന്നവയുമത്രെ. സ്വർഗത്തിൽ ഉച്ചസ്ഥനായി വിളയാടി പുണ്യപാപങ്ങൾ വീതിച്ചും. സ്തുതിഗീതങ്ങൾ കേട്ടു പ്രസാദിച്ചും യുദ്ധം തുടങ്ങിയ കാര്യങ്ങളിൽ ഇരുപക്ഷക്കാരുടെയും പ്രാർത്ഥനകൾ സ്വീകരിച്ചു് അമ്പരന്നും യാതൊരു കാരണവുമില്ലാതെ ഭൂകമ്പം, കൊടുങ്കാറ്റ്, ഇടിവെട്ടു് മുതലായ ഹിംസാകർമ്മങ്ങൾ നടത്തിയും പ്രപഞ്ചഭരണം നിർവഹിക്കുന്ന ഒരീശ്വരനിൽ വിശ്വസിക്കാൻ സാമാന്യബുദ്ധിയുള്ളവർക്കു സാദ്ധ്യമാകുമോ? ഇമ്മാതിരി അന്ധസങ്കല്പങ്ങളെ യുക്തിവാദികൾ എങ്ങനെ എതിർക്കാതിരിക്കും?
മതമോ ഈശ്വരവിശ്വാസമോ ആണു് മനുഷ്യനെ സന്മാർഗ്ഗിയാക്കുന്നതെന്നു് ഒരു പഴഞ്ചൻ വാദം ഇടയ്ക്കിടയ്ക്കു തലപൊക്കാറുണ്ടു്. പുരോഹിതന്മാർ പറഞ്ഞുപരത്തിയിട്ടുള്ള ഒരബദ്ധമാണിതു്. മതം വാസ്തവത്തിൽ മനുഷ്യന്റെ സന്മാർഗബോധത്തെ കളങ്കപ്പെടുത്തുകയാണു ചെയ്തിട്ടുള്ളതെന്നു മൊത്തത്തിൽ പറയാം. മനുഷ്യത്വത്തെ അധഃപതിപ്പിക്കുന്ന മുഖസ്തുതിയും കൈക്കൂലിയും മതത്തിൽ പ്രാർത്ഥനയും വഴിപാടുമായി മാറിയിരിക്കയാണു്. രണ്ടും സന്മാർഗവ്യതിചലനത്തിനു മനുഷ്യരെ പ്രേരിപ്പിക്കുന്ന ദുശ്ശീലമാണെന്നു് മനശ്ശാസ്ത്രം നോക്കിയാൽ മനസ്സിലാകും. ഒരു കൊല്ലത്തെ ദുർവൃത്തികളുടെ പാപം മുഴുവൻ വ്രതംകൊണ്ടോ പ്രാർത്ഥനകൊണ്ടോ കുമ്പസാരംകൊണ്ടോ കഴുകിക്കളയാമെന്നു വിശ്വസിക്കുന്ന മനുഷ്യൻ എങ്ങനെ സദ്വൃത്തനാകും? മതം എക്കാലത്തും ഒരു ചൂഷണോപകരണമായിട്ടേ പ്രവർത്തിച്ചിട്ടുള്ളു. ആഫ്രിക്കൻ വർഗക്കാരുടെയിടയിൽ ഒരു ചൊല്ലുണ്ടു്. ‘വെള്ളക്കാരൻ വന്നപ്പോൾ ബൈബിൾ അയാളുടെ കൈയിലും ഭൂമിയെല്ലാം ഞങ്ങളുടെ കൈവശവുമായിരുന്നു. ഇപ്പോൾ ഭൂമി അയാളുടെ കൈയിലും ബൈബിൾ ഞങ്ങളുടെ കൈയിലുമായിരിക്കുന്നു.’ (When white man came he had the Bible and we had the land; now he has the land and we have the Bible) എന്നു് കറുത്ത വർഗക്കാരുടെ അനുഭവം വിളിച്ചുപറയുന്ന ഒരു വാക്യമാണിതു്. എവിടെയും സ്ഥിതി ഇതുതന്നെയല്ലേ? പൗരോഹിത്യവും മുതലാളിത്തവും ഭരണകർത്തൃത്വവും ഒറ്റക്കെട്ടായിനിന്നു മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ ജനസമൂഹത്തെ ചൂഷണം ചെയ്യുക. ചരിത്രഗതിയിൽ ഇത്രനാളും കണ്ട സാമാന്യ സമ്പ്രദായമാണിതു്. ഇതിൽ സന്മാർഗ്ഗത്തിനെവിടെ പ്രസക്തി?
ഒരു ദിങ്മാത്രപ്രദർശനമെന്ന നിലയിൽ യുക്തിവാദത്തെപ്പറ്റി ഇത്രയും പ്രസ്താവിച്ചുവെന്നേയുള്ളു. സവിസ്തരമായ പഠനത്തിനു് ഇവിടെ സ്ഥാനമില്ല. ഇനി നമുക്കു് കേരളത്തിലെ യുക്തിവാദാചാര്യനായ എം. സി.-യെ നോക്കാം. യുക്തിവാദം പ്രചരിപ്പിക്കുന്നതിൽ ഏകതാനതയോടെ നിസ്വാർത്ഥപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു കർമയോഗിയാണു് എം. സി. സ്വജീവിതം അദ്ദേഹം ഈ വിശിഷ്ടസേവനത്തിനായിത്തന്നെ സമർപ്പിച്ചിരിക്കുന്നു. ആരംഭകാലത്തു് എം. സി.-യെ ഇതിലേക്കു പ്രേരിപ്പിച്ചതു് സഹോദരനയ്യപ്പ നാണു്. എന്നാൽ ഇതരരംഗങ്ങളിലെ ബഹുമുഖപ്രവർത്തനംമൂലം സഹോദരനുപോലും ഇതിനുവേണ്ടി മുഴുവൻ സമയവും വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ല. യുക്തിവാദപരിപോഷണം തന്റെ ജീവിതവ്രതമായി സ്വീകരിച്ചു് ഇത്രയും ദീർഘകാലം മുടക്കം കൂടാതെ പ്രവർത്തിക്കാൻ എം. സി.ക്കേ സാദ്ധ്യമായിട്ടുള്ളു. ഏതാണ്ടു് മുപ്പത്തൊമ്പതു കൊല്ലമായി അദ്ദേഹം യുക്തിവാദിമാസിക ഏറ്റെടുത്തു നടത്തിത്തുടങ്ങിയിട്ടു്. ഇന്നുവരെ ഒരു തവണ പോലും ഇതിന്റെ പ്രസിദ്ധീകരണം മുടങ്ങിയിട്ടില്ല. കൃത്യസമയത്തിനു മാസിക പുറപ്പെടാതിരുന്നിട്ടില്ല. ഒരിക്കലെങ്കിലും എം. സി. പതിവുള്ള കുറിപ്പുകൾ എഴുതാതിരുന്നിട്ടില്ല. കേരളീയസംസ്കാരത്തെ സ്ഫുടംചെയ്തു ശുദ്ധീകരിക്കാനുള്ള ഒരു വൈജ്ഞാനികയജ്ഞമാണു് അദ്ദേഹത്തിന്റെ ഈ മാസികാപ്രവർത്തനം. എം. സി. മാസംതോറും എഴുതിവിടുന്ന വിലയേറിയ കുറിപ്പുകളാണു് ‘യുക്തിവാദി’യുടെ മജ്ജയും മാംസവുമെന്നു് ഈ ലേഖകൻ അന്യത്ര പ്രസ്താവിച്ചിട്ടുണ്ടു്. പത്രാധിപരുടെ വ്യക്തിമുദ്ര പതിഞ്ഞിട്ടുള്ള ഈ കുറിപ്പുകൾക്കു ചില സവിശേഷതകളുണ്ടു്. അവയിൽ അടക്കം ചെയ്യുന്ന വാർത്താമൂല്യമാണു് ഒന്നാമത്തേതു്. അതു യാഥാസ്ഥിതികരെപ്പോലും ആകർഷിക്കും. പത്രമാസികകളിൽ അന്നന്നു കാണുന്ന വാർത്തകളിൽ നിന്നു തനിക്കാവശ്യമായതു തെരഞ്ഞെടുത്തു് സ്ഥലവും തീയതിയും കാണിച്ചു് എം. സി. ഓരോ കുറിപ്പിന്റെയും തലക്കെട്ടായി ചേർക്കുന്നു. ‘ഇതൊന്നു വായിച്ചുനോക്കു’ എന്നു നമ്മെ ക്ഷണിക്കുന്ന വിധത്തിലായിരിക്കും ഈ വാർത്തകളുടെ ആവർത്തനം. ഓരോന്നും വായിച്ചു കഴിയുമ്പോൾ കാണാം, അതിന്മേൽ പിടിച്ചുനിന്നുകൊണ്ടു് പത്രാധിപർ എഴുതിച്ചേർത്തിരിക്കുന്ന ഭാഷ്യം. മതാന്ധതയുടെയും മൂഢവിശ്വാസാചാരങ്ങളുടെയും ഏതു പാറക്കെട്ടും പൊട്ടിച്ചുതകർക്കുന്ന ഒരു ഡൈനാമിറ്റായിരിക്കും അതിലെ വചോയുക്തിചാതുര്യം. അതുമായി ഏറ്റുമുട്ടിയാൽ എത്ര കടുത്ത മാമൂൽപ്രിയന്റെയും മനസ്സിനു് ഒരു മാറ്റം വരാതിരിക്കില്ല. ദൃഷ്ടാന്തങ്ങളിൽക്കൂടി അദ്ധ്യാപനം നടത്തുന്ന മനഃശ്ശാസ്ത്രജ്ഞനായ ഒരദ്ധ്യാപകന്റെ വൈദഗ്ദ്ധ്യമാണു് എം. സി. ഈ കുറിപ്പുകളിൽ പ്രദർശിപ്പിക്കുന്നതു്. വസ്തുനിഷ്ഠമായ യാഥാർത്ഥ്യത്തിന്റെ ശാസ്ത്രീയമായ വിശകലനത്തിൽ (Scientific analysis of objective reality) അദ്ദേഹത്തിനുള്ള വൈഭവം അന്യാദൃശമാകുന്നു. അതിനു തക്ക പചേളിമമായ പാണ്ഡിത്യം നിരന്തരം വായിച്ചും പഠിച്ചും ചിന്തിച്ചും അദ്ദേഹം സമ്പാദിച്ചിട്ടുണ്ടു്. ചിന്താലോകത്തിൽ ഒരുതരം മന്തന്മാരും മുടന്തന്മാരുമാണു് നമ്മിലധികംപേരും. പലതരം വൈകാരികപ്രവണതകൾ, മാനസികമായ അടിമത്തം, ക്ഷിപ്രവിശ്വാസശീലം, ഭാവാവേശം മുതലായവമൂലം നമ്മുടെ യുക്തിവിചാരം പലപ്പോഴും സ്തംഭിക്കയോ ഏതെങ്കിലും ഒരു വശത്തേക്കു ചാഞ്ഞുപോകയോ ചെയ്യാറുണ്ടു്. എം. സി.-യാകട്ടെ ഈവക മാനസികദൗർബല്യങ്ങളിൽ നിന്നു തികച്ചും മുക്തി നേടിയിരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായധീരതയെപ്പറ്റി പ്രത്യേകിച്ചു പറയണമെന്നില്ല. മതവിശ്വാസികളുടെ നടുക്കു താമസിച്ചുകൊണ്ടാണു് അദ്ദേഹം മതത്തിന്റെ മസ്തകം തല്ലിപ്പിളർക്കുന്നതെന്ന വസ്തുതതന്നെ അതിനു മതിയായ തെളിവാണല്ലോ. ‘വാർദ്ധക്യം യുവത്വത്തിന്റെ സ്വരത്തിൽ ഇത്ര ധീരമായി ഒരിക്കലും സംസാരിച്ചിട്ടില്ല’ (never has old age so bravely spoken with the voice of youth) എന്നു് വിൽഡ്യുറന്റ് ക്യാന്റി നെപ്പറ്റി എഴുതിയിട്ടുള്ള വാക്യം അശീതി വർഷനായ എം. സി.-ക്കും ചേരുന്നതാണു്. ഈ മഹാശയനെ ശതവർഷനായിക്കാണാൻ കേരളത്തിനു ഭാഗ്യമുണ്ടാകട്ടെ.
യുക്തിവിഹാരം 1968.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971