പത്തിരുപതു കൊല്ലം മുമ്പുവരെ തിരുവനന്തപുരം നഗരത്തിന് ഇന്ത്യയിൽ പ്രത്യേകമായൊരു സ്ഥാനമുണ്ടായിരുന്നു. ഈ രാജ്യത്തെ ഏറ്റവും ശുചിയും ഏറ്റവും മനോഹരവുമായ തലസ്ഥാന നഗരം, വെടിപ്പാർന്ന റോഡുകൾ, ഇരുവശത്തും പച്ചമരപ്പടർപ്പുകൾക്കിടയിൽനിന്ന് ശാലീനമായി ഒളിഞ്ഞു നോക്കുന്ന കെട്ടിടങ്ങൾ, നഗരമാണെങ്കിലും ഗ്രാമഭംഗികൾ, ചരിത്രകാലവും വർത്തമാനകാലവും ചേർന്നിരുന്ന് സ്വച്ഛന്ദം സല്ലപിക്കുന്ന അന്തരീക്ഷം…
അതൊക്കെ എങ്ങോ പോയി. തിരുവനന്തപുരം ഇന്ന് വലിയൊരു നഗരത്തിന്റെ വേഷം കെട്ടിക്കഴിഞ്ഞു. പഴയ തിരുവനന്തപുരം എല്ലാ പിടിയുംവിട്ട് എങ്ങോ പറന്നു തുടങ്ങിക്കഴിഞ്ഞു. എല്ലാ വൻകരകളിലും, എല്ലാ നഗരങ്ങളിലും തീക്കാറ്റുപോലെ വീശി നിൽക്കുകയും ഗ്രാമങ്ങളെക്കൂടി കീഴ്പെടുത്തിത്തുടങ്ങുകയും ചെയ്തിട്ടുള്ള കോൺക്രീറ്റ്-കോൺട്രാക്ടർ സംസ്കാരം തിരുവനന്തപുരത്തെ അതിന്റെ മൗലികമായ ചന്തങ്ങളിൽനിന്ന് അപഹരിച്ചുകഴിഞ്ഞിരുന്നു. തിരുവനന്തപുരം ഇനി ലോകത്തെ ഏതു കോൺക്രീറ്റ് വനത്തിന്റെയും ഒരു കുട്ടിപതിപ്പായെ അറിയപ്പെടു.
ഇത് തിരുവനന്തപുരത്തോട് സ്നേഹമുള്ളവരുടെ ദുഃഖമാണ്.
എന്നാൽ ഈ പേജുകളിൽ ഇത് ഒരു വാസ്തുശില്പിയുടെ ദുഃഖമാണ്. തിരുവനന്തപുരം എന്ന ഈ നഗരത്തിന്റെ ഹൃദയത്തുടിപ്പുകൾക്ക് ഒരു വ്യാഴവട്ടക്കാലമായി കാതോർത്തുകഴിയുന്ന ഒരു വിദേശിയുടെ ദുഃഖം. നിങ്ങളിൽപലർക്കുമറിയാം ആ മനുഷ്യനെ. ലോകപ്രശസ്തനായ ലാറി ബേക്കർ. തിരുവനന്തപുരം കോലം കെടുന്നതിൽ, അഥവാ വീണ്ടെടുക്കാനാവാത്ത വിധം കോലം കെട്ടുപോയതിൽ ആത്മസങ്കടം കൊണ്ടു കഴിയുകയാണ് ലാറി ബേക്കർ.
ഓ, ലാറിബേക്കർ, അല്ലേ, അദ്ദേഹം അങ്ങനെയൊക്കെപ്പറയും എന്നു ഹാസ്യം പുരണ്ട വാക്കുകളിൽ ഇതിനെ തള്ളിപ്പറയാൻ ആളുണ്ടെന്നത് ഈ ലേഖകനറിയാം. പക്ഷെ ലാറി ബേക്കർ ആൾക്കൂട്ടങ്ങളുടെ ആളല്ല.
തിരുവന്തപുരവും ബേക്കറും തമ്മിലുള്ള ബന്ധം ഹൃദയഹാരിയായ ഒരു സൗഹൃദസംവാദമാണ്. പതിനാലു വർഷത്തെ സുദീർഘമായ കൊള്ളൽകൊടുക്കലുകളി ലൂടെ വളർന്ന സാന്ദ്രമായ ആത്മബന്ധം. ഈ ബന്ധത്തിന്റെ തുടക്കം ബേക്കർ ഇങ്ങനെ അനുസ്മരിക്കുന്നു. ഈ നഗരത്തെ സംബന്ധിച്ചിടത്തോളം എന്റെ ആദ്യത്തെ ഓർമ്മ കിഴക്കെകോട്ടയുമായി ബന്ധപ്പെട്ടതാണ്. അവിടുത്തെ പുരാതന മന്ദിരങ്ങളുടെ ഓടിട്ട കൂരകൾ എന്നെ മണിക്കൂറുകളോളം പിടിച്ചുനിറുത്തിയിട്ടുണ്ട്. പൂപ്പൽപച്ചച്ചായം പിടിപ്പിച്ച കൊച്ചോടുകൾ പൂണ്ടു നിൽക്കുന്ന ആ കൂരകൾ പോയ കാലത്തിന്റെ ജീവിതഗന്ധം അനുസ്മരിച്ചുനിന്നിരുന്നു. ഇന്നോ, അറപ്പുളവാക്കുന്ന വാൾപോസ്റ്ററുകളും പിഞ്ഞിക്കീറി കാറ്റത്തു പാറുന്ന കൊടിക്കൂറകളും ബാനറുകളുമെല്ലാം നഗരത്തിന്റെ ആ മുഖകാന്തിയെ മറച്ച് വികലമാക്കുന്നു. കിഴക്കെക്കോട്ടയിലെ കെട്ടിടങ്ങളിൽ പലതിനും തമിഴ്ചുവയുള്ള ചുവരുകളുണ്ടെങ്കിലും അവയുടെ കൂരകൾ തനികേരളീയം തന്നെ. തിരുവിതാംക്കൂറിലേയ്ക് കുടിയേറിപ്പാർത്ത തമിഴർ അവരുടെ വാസ്തുവിദ്യയും കൂടെകൊണ്ടുവന്നു. വിഭിന്ന വാസ്തുവിദ്യകളുടെ സങ്കലനം വളരെപ്പണ്ടുതന്നെ കിഴക്കെക്കോട്ട ഭാഗത്തു നടന്നിരുന്നു. തിരുവിതാംകൂറിന്റെ വാസ്തുശില്പകലാപാരമ്പര്യത്തിൽനിന്നു് ലാറി ബേക്കർ എന്ന ആർക്കിറ്റെക്ട് വളരെയേറെ ഉൾക്കൊണ്ടിട്ടുണ്ട്. തിരുവനന്തപുരത്തിന്റെ നഷ്ടസൗഭാഗ്യങ്ങളെയോർത്ത് ദുഃഖിക്കുന്ന ആ കലാകാരൻ നഗരത്തിന്റെ പ്രാന്തങ്ങളിലായി ആയിരത്തിതൊന്നൂറിലേറെ കെട്ടിടങ്ങൾ പണിത് തിരുവിതാംകൂറിന്റെ വാസ്തുശില്പകലാപാരമ്പര്യത്തിന് മുതൽക്കൂട്ടിയ ആളാണ്. ഒരർത്ഥത്തിൽ മഹത്തായ ഒരു പാരമ്പര്യത്തിന്റെ നഷ്ടസുഗന്ധങ്ങൾ സ്വയം ആവാഹിച്ചുനില്ക്കുന്ന ഓജസ്സുറ്റ കലാരൂപങ്ങളാണവ. നാലാഞ്ചിറയിലെ കുന്നിൻചെരിവിലുള്ള ബേക്കറുടെ സ്വന്തം വീടുതന്നെ അതിനു നല്ല മാതൃകയാണ്. പന്ത്രണ്ടുകൊല്ലമായി നിരന്തരം വളരുന്ന ഒരു ജൈവരൂപമാണ് ആ ഗൃഹം.
ജന്മം കൊണ്ട് ഇംഗ്ലീഷ്കാരനാണെങ്കിലും ലാറി ബേക്കർ തന്റെ ജിവിതത്തിന്റെ മുക്കാൽപങ്കും നൽകിയത് ഇന്ത്യയ്ക്കാണ്. കേരളവുമായി അദ്ദേഹത്തിന് അടുത്ത ഹൃദയബന്ധമാണുള്ളത്. കോട്ടയം സ്വദേശിനി ഡോക്ടർ എലിസബത്ത് ആണ് ആദ്ദേഹത്തിന്റെ ജീവിതസഖി. ജീവിതംകൊണ്ടും മനസ്സുകൊണ്ടും കേരളീയനാണ് ബേക്കർ ഇപ്പോൾ.
ബേക്കർ പറയുന്നു, നമ്മുടെ സ്വന്തമാണ് കേരളീയ വാസ്തുശില്പകല. ഇതിനെ പരിരക്ഷിക്കാൻ നമ്മൾ ശ്രമിക്കുന്നില്ല എന്നത് വേദനാജനകരമാണ്. ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ നമ്മുക്കൊരിക്കലും അതൊന്നും പുനഃസൃഷ്ടിക്കാൻ കഴിയുകയില്ല. പഴയതിനെയെല്ലാം ഇടിച്ചുനിരത്തിയിട്ട് പുതിയവ കെട്ടിപ്പോക്കാനുള്ള വാസനയാണ് നമുക്ക്. യൂറോപ്പിലാകട്ടെ പഴയ ശൈലിയും പുതിയ ശൈലിയും തമ്മിലിണക്കാനാണ് ശ്രമം. പഴമയും പുതുമയും ചേർച്ചയോടെ തൊട്ടുരുമ്മി നിൽക്കുന്നു. ഇവിടെ, നമ്മളോ? ചരിത്രാവശിഷ്ടങ്ങളെ തകർക്കാനും തുടച്ചുനീക്കാനുമാണ് നാം മുതിരുന്നത്. യൂറോപ്പിലെ പാലസുകളോടും മേനർഹൗസുകളോടും കിടനിൽക്കാൻ പോന്ന അതിമനോഹരമായ വാസ്തുവിദ്യമാതൃകകൾ നമുക്കുണ്ട്. പത്മനാഭപുരം കൊട്ടാരവും കിഴക്കേക്കോട്ടയുമെല്ലാം ഉദാഹരണങ്ങൾ. പഴമയുടെ ആ ചേതോഹാരിതകളെ നമ്മളെന്തിനു നശിപ്പിക്കാൻ മുതിരുന്നു?
തിരുവനന്തപുരത്തിന് അതിന്റെ പ്രാക്തനഭംഗികൾ വൻതോതിൽനഷ്ടമായത് കഴിഞ്ഞ പത്തുവർഷത്തിനുള്ളിലാണ്. ഇനിയൊരിക്കലും തിരിച്ചുകിട്ടാത്തവിധം നഗരത്തിനു നഷ്ടമായ ഒരു വാസ്തുശില്പമാതൃകയെക്കുറിച്ചോർത്ത് ബേക്കർ പലപ്പോഴും നൊമ്പരപ്പെടാറുണ്ട്. കേരളീയ വാസ്തുവിദ്യയുടെ മനോഹരവും വളരെ സവിശേഷതയാർന്നതുമായ ഒരു കമാനം (Gateway) കിഴക്കെക്കോട്ടയ്ക്കടുത്ത് എയർപ്പോർട്ട് റോഡിനു കുറുകെ പണ്ടുണ്ടായിരുന്നു. ഒരു ആനക്കൊട്ടിലിന്റെ കവാടമായിരുന്നു, അതു്. പന്ത്രണ്ടുകൊല്ലം മുമ്പ് ഒരു വാരാന്ത്യത്തിൽപൊടുന്നനെ അത് ‘അപ്രത്യക്ഷമായി’—റോഡ് വീതി കൂട്ടിയപ്പോൾ പിഡബ്ളിയൂഡിക്കാർ ഇടിച്ചുനിരത്തി. റോഡ് തിരിച്ചുവിടാവുന്നതേയുണ്ടായിരുന്നുള്ളൂ. നമ്മുടെ വാസ്തുവിദ്യാപാരമ്പര്യത്തിന്റെ അമൂല്യങ്ങളായ ഇത്തരം മുത്തുകളെ കാത്തുസൂക്ഷിക്കുന്നതിനെക്കാളേറെ നമ്മൾ പരിഗണിക്കുന്നത് ഒരുപിടിയാളുകളുടെ സൗകര്യത്തെയും ആധുനികതയുടെ കാര്യക്ഷമതയേയുമാണ്. അനിഷ്ടത്തെച്ചൊല്ലിയുള്ള ദുഖഃത്തിന്റെ പൂർണ്ണമായ അഭാവം അതാണ് സൂചിപ്പിക്കുന്നത്. ഈ മനോഹരദൃശ്യത്തോട് പിന്നീട് കൂട്ടിച്ചേർക്കപ്പെട്ട, പേരിൽ മാത്രം ‘ആധുനിക’മായ കെട്ടിടങ്ങൾ, ‘ദുഃശ്ശീലം’ തിരഞ്ഞെടുക്കൽ നമ്മുടെ സ്വഭാവമാണെന്നത് വ്യക്തമാകുന്നു. ആ തീരാനഷ്ടത്തിനെതിരെ ഓരൊറ്റ മനുഷ്യനും ശബ്ദമുയർത്തിയില്ല; അതൊരു വലിയ നഷ്ടമായി ആരും കരുതിയതുമില്ല. ഗുരുവായൂരിൽ മാത്രമല്ലാതെ കേരളത്തിൽ മറ്റൊരിടത്തും അത്തരമൊരു കമാനം ഉള്ളതായി അറിയില്ല. ജിപിഒ ബിൽഡിംഗ് ഇന്നില്ല. അതിനെതിർവശത്ത് റോഡിനപ്പുറം പണ്ടൊരു ഇരുനിലക്കെട്ടിടമുണ്ടായിരുന്നു. കേരളീയവാസ്തുവിദ്യയ്ക്ക് ഒരുത്തമമാതൃക. തടിയിൽകടഞ്ഞെടുത്ത ഒരു കൊച്ചുമന്ദിരം. താഴത്തെ നിലയിൽകടമുറികളായിരുന്നു. അതും ഇന്നില്ല. ആ കെട്ടിടത്തിന്റെ മട്ടുപ്പാവിൽനിന്നും ഒരു സ്ത്രീ ചപ്പുചവറുകൾ വാരി താഴോട്ടിടുന്നത് റോഡരികിലൂടെ നടന്നുപൊകുന്നവരുടെ മേൽവീഴും. പലപ്പോഴും ആ ദൃശ്യം കണ്ട് തമാശ തോന്നിയ സന്ദർഭങ്ങൾ ബേക്കർ ഇന്നും ഓർക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ബേക്കറുടെ തലയിലും വന്നുവീണിട്ടുണ്ട് ചപ്പുചവറുകൾ. ആ കെട്ടിടം അവിടെ ഇപ്പോഴില്ല.
ഈ നഷ്ടങ്ങളെക്കാളും ഭയങ്കരമാണ് ലക്ഷണംകെട്ട നഗരവികസനം. സെക്രട്ടറിയറ്റ് മന്ദിരം അതിന്റേതായ ശൈലിയിൽ മനോഹരമാണ്. ഭാരതീയമോ കേരളീയമോ ആയി അതിലെന്തെങ്കിലും ഉണ്ടെന്ന് പറയുക വയ്യ. എങ്കിലും നഗരത്തിന് അതൊരഭിമാനമാണ്.
ഇവിടെ ഒരു നിമിഷം നിൽക്കൂ.
തിരുവനന്തപുരത്തിന് തനതായുള്ള ചന്തങ്ങളെ നിലനിറുത്തിക്കൊണ്ടുതന്നെ ഈ നഗരത്തിന്റെ വികസനം സാദ്ധ്യമാക്കാവുന്നതെയുള്ളൂവെന്ന് ബേക്കർ വാദിക്കുന്നു. തന്റെ സങ്കൽപ്പത്തിലുള്ള നഗരവികസനത്തിന് ഉദാഹരണം അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെയാണ്: ഇന്ത്യൻ കോഫി ഹൗസിന് മുന്നിൽ റോഡിനപ്പുറം നിന്നു നോക്കുമ്പോൾ കോഡർബിൽഡിംഗ്സ് ഉൾപ്പെടെ കേരളീയ ശൈലിയിലുള്ള ഏതാനും കെട്ടിടങ്ങൾ ഇപ്പോഴും തലയുയർത്തി നിൽക്കുന്നതു കാണാൻ കഴിയും. അവയ്ക്കു മുന്നിലെ ഇടുങ്ങിയ മെയിൻ റോഡിനെ നടപ്പാത മാത്രമായി മാറ്റുകയാവും ഞാനാണെങ്കിൽ ചെയ്യുക. ഈ പഴയ കെട്ടിടങ്ങളുടെ ചുറ്റുമുള്ള തുറസ്സായ സ്ഥലങ്ങളും നമുക്കുപയോഗപ്രദമാക്കാം. അവയ്ക്കു പിറകിലെ മരങ്ങളുടെ പശ്ചാത്തലവും ആഹ്ലാദപ്രദമാക്കാം. അവയ്ക്കെല്ലാം പിറകിലാക്കാം വാഹന ഗതാഗതത്തിനുള്ള റോഡ്. പാർക്കിംഗ്, സ്ഥാപനങ്ങൾ, മാനം മുട്ടുന്ന മോഡേൺ ഷോപ്പുകൾ, ഓഫീസുകൾ തുടങ്ങിയവയൊക്കെ. ഇപ്പോഴത്തെ മെയിൻറോഡിനും നൂറുമീറ്റർപിറകിലാക്കും വാഹനഗതാഗതത്തെ. മെയിൻ റോഡിന്റെ സ്ഥാനത്ത് തണൽമരങ്ങളും പൂമരങ്ങളും നടും. കാൽനടയാത്രക്കാർക്ക് മാത്രം സഞ്ചാരയോഗ്യമാക്കും അതിനെ. ഏജീസ് ഓഫീസിന്റെ പൊക്കമുള്ള മതിലിനെ തള്ളിയിട്ടു പകരം ഗ്രില്ലിടും. അപ്പോൾ പൂന്തോട്ടത്തിന്റെ പശ്ചാത്തലത്തിൽ ഏജീസ് ഓഫീസ് വളപ്പിലെ അതിമനോഹരമായ ആ പഴയ കെട്ടിടത്തെയും കേരളീയമായ പ്രൗഡിയെല്ലാം ഒത്തുചേർന്ന അതിന്റെ കൂരയെയും കൺകളിർക്കെ കാണാൻ വഴിയാത്രക്കാർക്ക് സാധിക്കുകയും ചെയ്യും.
പക്ഷെ, അതിനിരുവശത്തും ഈയിടെ കെട്ടിപ്പൊക്കിയ കൊൺക്രീറ്റ് ചിറകുകൾ ഭീകരമാണ്; അറപ്പുളവാക്കുന്ന വൈകൃതത്തൊങ്ങലുകളാണ്. ഏജീസ് ഓഫീസ് വളപ്പിലെ പഴയ കെട്ടിടം കേരളഭംഗികൾ നിറഞ്ഞതവയാണ്. തൊട്ടടുത്ത പുതിയ കെട്ടിടത്തിന് കേരളവാസ്തുശില്പശൈലിയുമായി ഒരു ബന്ധവുമില്ല. ഇന്ത്യൻ കോഫിഹൗസ്, പുത്തൻ കോൺക്രീറ്റ് കെട്ടിടങ്ങളുടെയിടയിൽ കുടുങ്ങിയാണെങ്കിലും, ഇപ്പോഴും നിലനിൽക്കുന്നു. അതിനെ ഇടിച്ചുനിരത്താനുള്ള നീക്കങ്ങളെ കോഫീഹൗസ് തൊഴിലാളികൾ എതിർത്തു കൊണ്ടിരിക്കുകയാണ്. സുന്ദരമായ ഈ കൊച്ചുകെട്ടിടത്തിന് നേരെയും ഭീഷണി നിലനിൽക്കുന്നു. റോഡിനപ്പുറമിപ്പുറം ഇണകളെപ്പോലെ രണ്ടു കെട്ടിടം ഉണ്ടായിരുന്നു. ഈ അടുത്തകാലത്താണ് അപ്പുറത്തെ കെട്ടിടം നശിപ്പിക്കപ്പെട്ടത്. അതിന്റെ സ്ഥാനത്ത് ഒരു മാനംമുത്തി ഉയരുന്നു. അനുയോജ്യമായ ‘ലാന്റ്സ്കേപ്പിങ്ങി’ലൂടെ ആ ഇരട്ടക്കെട്ടിടങ്ങളെ പുതിയൊരു ‘പെഡസ്ട്രിയൻ ഏരിയ’യുടെ നടുക്ക് വാസ്തുശില്പകലയുടെ ചെറിയൊരു മുത്താക്കാമായിരുന്നു. പൂക്കളും മരങ്ങളും കൊണ്ട് മനോഹരമാക്കാവുന്ന ഒരു പ്രദേശം. യൂണിവേഴ്സിറ്റി കോളേജിനെതിരെ കേരളാ ട്രാവൽസ് പ്രവർത്തിച്ചിരുന്ന കെട്ടിടമിരുന്ന സ്ഥലത്ത് ഇപ്പോളുയരുന്ന കോൺക്രീറ്റ് ഭീകരരൂപം ആ പ്രദേശത്തിന്റെ ഭംഗിയെ ആകെ അലങ്കോലപ്പെടുത്തുന്നു. വി.ജെ.റ്റി.ഹാളിനു പിറകിൽ ഉയർന്നു കൊണ്ടിരിക്കുന്ന മാനംമുത്തിയും അസന്തുലിതമായ നഗരവികസനം ഉണ്ടാക്കിവയ്ക്കുന്ന ലക്ഷണക്കേടാവുന്നു. മ്യൂസിയം കവാടത്തിനു മുന്നിൽ എൽ.എം.എസ്.വളപ്പിൽ പണിതുയുർത്തിക്കൊണ്ടിരിക്കുന്ന ബഹുനില കൊൺക്രീറ്റ് ഭീമൻ, ഭാവാനാശൂന്യമായ നഗരസംവിധാനത്തിന്റെ ക്രൂരമായ ഉദാഹരണമാണ്. ഇതിനടുത്തുതന്നെയുള്ള കോർപ്പറേഷൻ മന്ദിരവും തൊട്ടടുത്ത് ഈയിടെ പൊങ്ങിയ കൂറ്റൻ കണ്ണാടിക്കൂടും ഈ പ്രദേശത്തിന്റെ സൗന്ദര്യത്തെ നശിപ്പിച്ചിരിക്കുന്നു. പഴയ എൻജിനീയറിംഗ് കോളേജിന്റെ മനോഹാരിതകളെ വിഴുങ്ങിക്കൊണ്ട് അതിനു പിറകിലും ഭീകരരൂപങ്ങൾ ഉയർന്നുകൊണ്ടിരുന്നു. തിരുവനന്തപുരം ഒരു കോൺക്രീറ്റ് വനമായി മാറാൻ ഇനി അധികകാലം വേണ്ടിവരില്ലെന്ന് ബേക്കർ ഭയപ്പെടുന്നു. പുതിയത് നിർമ്മിക്കരുതെന്നല്ല അദ്ദേഹം പറയുന്നത്. അത് നമ്മുടെ പാരമ്പര്യത്തെ പാടെ ഇല്ലാതാക്കിക്കൊണ്ടോ മുച്ചൂടും അലങ്കോലപ്പെടുത്തിക്കൊണ്ടോ ആകരുതെന്ന് മാത്രം. കാരണം കെട്ടിടം കാണാനും കൂടിയുള്ളതാണ്. ജനങ്ങൾക്ക് സ്വാസ്ഥ്യത്തോടെ സുരക്ഷിതത്വബോധത്തോടെ നോക്കാനൊരിടവും ഇല്ലാതെ പോകരുത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ജനങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്.
കെട്ടിടങ്ങൾ മനുഷ്യസ്വഭാവത്തെ സ്വാധീനിക്കും. കോൺക്രീറ്റ് പെട്ടകങ്ങളിൽ കുടുങ്ങികിടക്കുന്ന മനുഷ്യർക്ക് അയൽപക്കസൗഹൃദങ്ങൾ പാടെ നഷ്ടമാവും. സാമൂഹികമായ ഒരുമ അവർക്കിടയിൽ വളരില്ല. വികസനം അസന്തുലിതവും അനിയന്ത്രിതവുമാകുമ്പോൾ നഗരം തിന്മകളുടെ കാന്തകേന്ദ്രമാവും. കോൺക്രീറ്റ് ഭീകരത പടർത്തുന്ന അരക്ഷിതബോധം ആത്മഹത്യകൾക്കും കൊലപാതകങ്ങൾക്കും പ്രേരണയാവും. നഗരവികസനത്തിന്റെ ഭ്രാന്തമായ വഴിയേ ചരിച്ചാൽ തിരുവനന്തപുരത്തിന് അതിന്റെ മുഖം നഷ്ടപ്പെടും. മറ്റേതൊരു ‘ആധുനിക’ നഗരത്തെയുംപോലെ സ്റ്റീലിന്റെയും കോൺക്രീറ്റിന്റെയും പടുകൂറ്റൻ കൂനകളായിരിത്തീരും ഈ നഗരവും. തിരുവനന്തപുരത്തിന് നാശത്തിന്റെ വഴിയേ പോകേണ്ട യാതൊരാവശ്യവും ഇല്ലതന്നെ. പരിരക്ഷിക്കുന്നതിൽ നമ്മൾ ദത്തശ്രദ്ധരാകേണ്ടതുണ്ട്. അതിനായി ഒരു ജനകീയപ്രസ്ഥാനം തന്നെ രൂപംകൊള്ളേണ്ടിയിരിക്കുന്നു. മരങ്ങളെ സംരക്ഷിക്കാൻ എല്ലാവരുമുണ്ട്. എന്നാൽ, പഴയ കെട്ടിടങ്ങളുടെ പരിരക്ഷയിൽ ആരും തല്പരല്ല. ഓരോന്നായി അവയെ ഇടിച്ചുനിരത്തിക്കൊണ്ടിരിക്കുന്നു. പകരം പണിയുന്നവയ്ക്കോ കേരളീയ വാസ്തുവിദ്യയുമായി ഒരു ബന്ധവുമില്ല. ഇക്കാര്യങ്ങളിലൊക്കെ ഇടപെടാൻ ഒരു സിവിക് കമ്മിറ്റി ഉണ്ടാകുന്നത് നന്നായിരിക്കും ബാംഗ്ളൂരിലും ഡെൽഹിയിലും അർബൻ ആർട്ട്സ് കമ്മീഷൻ ഉണ്ട്. നഗരവികസനത്തെ അസന്തുലിതമാക്കുന്നതോ കാഴ്ചക്കാർക്ക് അലോസരമുണ്ടാക്കുന്നതോ ആയ ഏതെങ്കിലും കെട്ടിട നിർമ്മാണം നടക്കുകയാണെങ്കിൽ അർബൻ ആർട്സ് കമ്മീഷൻ അതിൽ ഇടപെടും. സ്വകാര്യവ്യക്തികളുടെ വീട്ടുവളപ്പിൽനിൽക്കുന്ന മരംമുറിക്കാൻ പോലും ആ നഗരത്തിൽ പ്രത്യേക അനുമതി തേടേണ്ടതുണ്ട്.
തിരുവനന്തപുരം നഗരത്തിലെ അതിപ്രധാനമായ ഒരു പ്രാചീനമന്ദിരത്തെ രക്ഷിക്കാൻ ലാറി ബേക്കർ ഒറ്റയ്ക്ക് ദീർഘകാലമായി പൊരുതിക്കൊണ്ടിരിക്കുകയാണ്. പതിവുപോലെ പിഡബ്ല്യൂഡി തന്നെയാണ് ഇവിടെയും വില്ലൻ. പഴയ എൻജിനീയറിംഗ് കോളേജ് കെട്ടിടം (പി.എം.ജി. ബിൽഡിംഗ്) ഇടിച്ചുനിരത്തിയാലെ സമാധാനമാകൂ എന്ന വാശിയിലാണ് പോതുമരാമത്തുവകുപ്പ് മേധാവികൾ. ‘പി.എം.ജി. മന്ദിരത്തിന്’ പലകുറി വധശിക്ഷ വിധിക്കപ്പെട്ടതാണ്. ഒന്നുരണ്ട് പിഎംജിമാർ അതിന്റെ ആയുസ്സിനുവേണ്ടി അഭ്യർത്ഥനകൾ നടത്തുകയും പൊരുതുകയും ചെയ്തിട്ടുണ്ട്. അതിന്റെയൊക്കെ ഫലമായി ആ കെട്ടിടം ഇപ്പോഴും ഉയർന്നു നിൽക്കുന്നു. പക്ഷെ അതിന്റെ നിലനിൽപ്പ് സദാ അപകടത്തിലാണ്. പി.എം.ജി. മന്ദിരം മഹത്തായ വാസ്തുവിദ്യ അല്ല. എങ്കിലും അതിന് ചുറ്റുമായി കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽപൊങ്ങിവന്ന മോഡേൺ അയൽക്കാരെയപേക്ഷിച്ച് നൂറുമടങ്ങ് സ്വഭാവമഹിമയും ശോഭയും പി.എം.ജി. മന്ദിരത്തിനുണ്ട്. അതിനെ നശിപ്പിക്കുന്നതിൽ യാതൊരു യുക്തിയുമില്ല. അതിന്റെ ഒരു ഭാഗത്തു ഉണ്ടായിരിക്കുന്ന വെടിച്ചുകീറൽ ഗുരുതരമായതൊന്നുമില്ല. അതു ശരിയാക്കാവുന്നതേയുള്ളൂ. റോഡു വീതികൂട്ടണമെങ്കിൽ ഈ അപൂർവ്വസുന്ദരമായ മന്ദിരത്തെ ഇടിച്ചുകളയണമെന്നില്ലല്ലോ. മറുവശത്തെയ്ക്കും റോഡിനു നീളാമല്ലോ. പക്ഷെ, അവിടെ പുതുതായി ഒരു പന്ത്രണ്ട് നില മാളിക പൊങ്ങുന്നു. തിരുവനന്തപുരത്തിനു അതിന്റേതായ ഭംഗിയും പ്രൗഡിയും പകരുന്ന അപൂർവ്വം ചില കെട്ടിടങ്ങളിലൊന്നാണ് പി.എം.ജി. മന്ദിരം. അതിനു നേരെയും ഭീഷണി ഉയർത്താൻ മടിക്കാത്ത സംസ്കാരശൂന്യത നഗരത്തെയാകെ ഗ്രസിക്കാനിരിക്കുന്ന വൻവിപത്തിന്റെ മുന്നറിയിപ്പാണ്.
നമുക്കു സ്വന്തമായുള്ള നന്മകളെല്ലാം നശിപ്പിച്ചേ അടങ്ങൂ എന്ന ഈ അത്മഹത്യാപരമായ വാശി നമുക്ക് എങ്ങനെയുണ്ടാകുന്നു എന്ന് ബേക്കർ അത്ഭുതപ്പെടുന്നു. കൊളോണിയൽകാലത്തു പോലും ഇത്രമാത്രം ആത്മനാശം സംഭവിച്ചിട്ടില്ല. ഇന്ത്യയിലെ മിക്ക സംസ്ഥാന തലസ്ഥാനങ്ങളിലും കൊളോണിയൽ കെട്ടിടങ്ങൾ കാണാനാവും. അവയാകട്ടെ പ്രാദേശികമായ വാസ്തുശില്പകലാപാരമ്പര്യവുമായി പ്രകടമായ ചേർച്ചക്കേടിലല്ല. പലപ്പോഴും പ്രാദേശിക വാസ്തുവിദ്യയുടെ മാതൃകയനുവർത്തിച്ചാണ് അവർ പണിതതു തന്നെ. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിനു മുന്നിലായുണ്ടായിരുന്ന ബ്രിട്ടീഷ് കുതിരലായം പണിയാൻ കേരളീയശൈലിയാണ് ഉപയോഗിച്ചത്. കൊളോണിയൽമുദ്രകൾ പതിഞ്ഞതാണെങ്കിലും അതിൽ കേരളീയത തുടിച്ചുനിന്നിരുന്നു. ഒരുകൊല്ലം മുമ്പ് അതിനെയും ഇടിച്ചു കളഞ്ഞു.
നഗരത്തിന് സ്വന്തം ചരിത്രത്തെ ഓർമ്മിച്ചോമനിക്കാൻ പ്രേരണ നൽകിക്കൊണ്ട് ഇനിയും കുറെ പ്രാചീന മന്ദിരങ്ങൾ ബാക്കി നിൽക്കുന്നുണ്ടെന്നതിനാൽ നമുക്കാശ്വസിക്കാം. ഒരു ഇരുനിലബസ്സിൽ കയറി തിരുവനന്തപുരം നഗരത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ സഞ്ചരിച്ചാൽ തനിക്കേരളീയവും അർദ്ധകേരളീയവുമായ ശൈലികളിലുള്ള ഇരുപതോ മുപ്പതോ കെട്ടിടങ്ങൾ കാണാനാവും. പത്മനാഭപുരം കൊട്ടാരത്തിലുള്ളതുപോലെ കൂടം ശൈലിയിലുള്ള കൂരകളും തടിയിലുള്ള കമനീയമായ കൊത്തുപണികളും ഈ കെട്ടിടങ്ങളെ പ്രൗഢസുന്ദരങ്ങളാക്കുന്നു. പഴയ കൊട്ടാരങ്ങളിൽ ചിലത് അതിമനോഹരങ്ങളാണ്. ആദ്യം ഓർമ്മയിലെത്തുന്നത് പൂജപ്പുരയിലെ ഒന്നുരണ്ടു കൊട്ടാരങ്ങളാണ്. ആകർഷകമായ ഗൃഹാങ്കണങ്ങൾ പലതും കിഴക്കെകോട്ട–വള്ളക്കടവ് റോഡിനിരുവശത്തും ഇനിയും ബാക്കിനില്പുണ്ട്. ഈ പ്രദേശത്തുയരുന്ന പുത്തൻ കോൺക്രീറ്റ് ധൂർത്തുകൾ ഇവിടെ ഇനിയും തങ്ങിനിൽക്കുന്ന പ്രാചീന പ്രൗഢികളോട് ഒട്ടും നിരക്കുന്നതല്ല.
വി.ജെ.ടി. ഹാളിനടുത്തുള്ള ഒരു മന്ദിരം (യൂണിവേഴ്സിറ്റി കോളേജിന്റെ മലയാള വിഭാഗം പ്രവർത്തിക്കുന്നു) വലിയ മതിലും നിരന്തരമായി വാഹന-ജനപ്രവാഹവും കാരണം ഈ ചാരുമന്ദിരം ആരും ശ്രദ്ധിക്കാറില്ല. വലിയൊരു മരത്തിനു പിന്നിൽ അതാ ഒളിച്ചുനിൽക്കുകയാണ്, കേരള വാസ്തുകലയുടെ ഒരോന്നാന്തരം സൃഷ്ടി.
കവടിയാർകൊട്ടാരം കണ്ണിനൊരു കുളിർമയാണ്. 1920-കളിൽ ഒരു ജർമ്മൻ വാസ്തുശില്പി രൂപകല്പന ചെയ്ത ആ കൊട്ടാരം കേരളീയ വാസ്തുവിദ്യയുടെയും ഇന്തോനേഷ്യൻ വാസ്തുവിദ്യയുടെയും ചേതോഹരമായ ഒരു ചേരുവയാണ്. കനകക്കുന്നു കൊട്ടാരത്തിന് കേരളീയമെന്ന് പ്രത്യേകമെടുത്തു കാട്ടാനുള്ള സവിശേഷതകളൊന്നുമില്ല. അതിന്റെ മുൻഭാഗം നല്ല ഭംഗിയുള്ളതാണ്. മ്യൂസിയം മന്ദിരത്തിനുമുണ്ട് അതിന്റേതായ ചാരുതകൾ. പാളയത്ത് വി.ജി.റ്റി.ഹാളിനു സമീപം നിന്നു നോക്കുമ്പോൾ റോഡിനപ്പുറം കേരളത്തനിമ ആവാഹിച്ചുനിൽക്കുന്ന ഒരു കെട്ടിടമുണ്ട്. ഉയർന്നൊരു മതിൽ അതിനെ കാൽനടയാത്രക്കാരുടെ കണ്ണുകളിൽപ്പെടാതെ മറച്ചുനിർത്തുന്നു. റോഡിലെ ആൾത്തിരക്കും ഗതാഗതച്ചൊരുക്കുമൊക്കെ വഴിയാത്രക്കാരന്റെ ശ്രദ്ധയിൽപ്പെടാൻ വിടാതെ അതിസുന്ദരമായ ആ കെട്ടിടത്തെ മാറ്റിനിർത്തുന്നു. വശ്യസുന്ദരമായതും തനികേരളീയ ശൈലിയിലുള്ളതുമായ അതിന്റെ കൂര മരച്ചില്ലുകൾക്കിടയിലൂടെ സൂക്ഷിച്ചുനോക്കിയാലേ നമ്മുടെ കണ്ണിൽപ്പെടുകയുള്ളൂ. അതിന്റെ ഭംഗികൾ ആവോളം നുകരാൻ നമുക്കു സാദ്ധ്യമാവണമെങ്കിൽ ഉയർന്ന ആ മതിൽക്കെട്ടിന്റെ സ്ഥാനത്ത് തുറന്ന കമ്പിവേലി വരണം. യൂണിവേഴ്സിറ്റി കോളേജിലെ മലയാളം വകുപ്പ് പ്രവർത്തിക്കുന്ന കെട്ടിടത്തെക്കുറിച്ചാണ് ഇപ്പറഞ്ഞത്. പരിരക്ഷകിട്ടാതെ അതിവേഗം ആയുസ്സറ്റുകൊണ്ടിരിക്കുകയാണ് കേരളീയ വാസ്തുവിദ്യയുടെ ഉത്തമമാതൃകയായ ആ ഹർമ്മ്യം.
വിനോദസഞ്ചാരികളെ ആകർഷിക്കാൻ തിരുവനന്തപുരത്തിന്, മുമ്പ് നൈസർഗ്ഗികമായി നിഷ്കളങ്കത മാത്രമാണ് അലങ്കാരമായുണ്ടായിരുന്നത്. ഇന്നാകട്ടെ നക്ഷത്രാകാശത്തെ മറച്ചുകൊണ്ട് മാനംമുട്ടിനിൽക്കുന്ന നക്ഷത്രഹോട്ടലുകളും കോൺക്രീറ്റ് ധൂർത്തുകളായി ബീഭത്സത പൂണ്ടുനിൽക്കുന്ന ഗവൺമെന്റുമന്ദിരങ്ങളും കൊണ്ടു നിറയുകയാണ്. വികാസ്ഭവൻ എത്ര അറപ്പുളവാക്കുന്ന ഒരു ബ്രഹ്മാണ്ഡവൈകൃതമാണ്! ബേക്കറി ജംഗ്ഷനിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മന്ദിരം നഗരത്തിലെ ഏറ്റവും വിചിത്രമായ കോൺക്രീറ്റ് വൈകൃതമാണെന്ന് ബേക്കർ ചൂണ്ടിക്കാട്ടുന്നു. വാസ്തുവിദ്യാപരമായ ആനമണ്ടത്തരമാണത്. അവിടെ ശീർഷാസനത്തിൽ നിൽക്കുന്ന നമ്മുടെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും ഒട്ടും യോജിച്ച തരത്തിലല്ല അതിന്റെ നിർമ്മിതി. വാസ്തുവിദ്യ എങ്ങനെയായിക്കൂടാ എന്നതിന് താൻ തന്റെ വിദ്യാർത്ഥികൾക്ക് ചൂണ്ടിക്കാട്ടിക്കൊടുക്കുന്ന ഒരു കോൺക്രീറ്റ് വൈകൃതമാണ് ആർ.ബി.ഐ. കെട്ടിടമെന്ന് ബേക്കർ പറയുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ തിരുവനന്തപുരത്തിനകത്തും ചുറ്റിലുമായി പൊങ്ങിവന്നിട്ടുള്ള ‘ആധുനിക’ മന്ദിരങ്ങളിൽ ഒരൊറ്റയെണ്ണംപോലും തന്നെ ആകർഷിച്ചു നിറുത്തിയിട്ടില്ലെന്ന് ബേക്കർ സങ്കടപ്പെടുന്നു. പുതുതായി കെട്ടിയ മ്യൂസിയം ഹാൾമന്ദിരം മാത്രമാണ് ഏറെക്കുറെ ഇതിനൊരു അപവാദം.
ബേക്കർ പറയുന്നു. “നാഗർകോവിലിലേക്കു പോകുമ്പോഴെല്ലാം പത്മനാഭപുരം കൊട്ടാരത്തിൽച്ചെന്ന് അര മണിക്കൂറെങ്കിലും ചെലവിടാതിരിക്കാൻ എനിക്ക് കഴിയില്ല, ഒരിക്കൽപ്പോലും. തിരുവിതാംകൂർവാസ്തുവിദ്യയുടെ ആ ഉദാത്ത മാതൃക എന്നെ ആകർഷിച്ചു ഭൂമിപ്പിക്കാതിരുന്നിട്ടില്ല. അതുപോലെ എന്നെ വശീകരിക്കുന്ന പ്രാചീനമന്ദിരങ്ങൾ ചിലത് തിരുവനന്തപുരത്തുമുണ്ട്. പക്ഷെ, കഴിഞ്ഞ പത്തുകൊല്ലത്തിനിടയിൽ ഉയർന്നിട്ടുള്ള ‘മോഡേൺ’ മന്ദിരങ്ങൾ എല്ലാം എന്നെ അലോസരപ്പെടുത്തുകയേ ചെയ്യുന്നുള്ളൂ. ഈ മോഡേൺ മന്ദിരങ്ങൾ തലകീഴായ പിരമിഡ്പോലെയാണ് ആകാശത്തേയ്ക്കു പടർന്നു നിൽക്കുന്നത്. താഴത്തെ നില വീതികൂറഞ്ഞത്. മേലോട്ടു പോകുന്തോറും വീതി കൂടി പടരും. പങ്കജ് ഹോട്ടൽ അതിന്നുദാഹരണമാണ്. പുതുതായി ഉയരുന്ന ബഹുനിലക്കെട്ടിടങ്ങൾ മിക്കതിന്റെയും നില അതുപോലെതന്നെ. ഇതൊക്കെ കാണുമ്പോഴും എനിക്ക് സ്വാസ്ഥ്യം നഷ്ടപ്പെടുന്നു. വല്ലാത്ത അരക്ഷിതബോധം എന്റെ മനസ്സിൽ പടരുന്നു.”
നഗരത്തിന്റെ ശ്വാസകോശങ്ങളാണ് തുറസ്സായ സ്ഥലങ്ങൾ. തിരുവനന്തപുരത്തെ തുറസ്സായ സ്ഥലങ്ങളെ പണ്ടേ നശിപ്പിക്കുന്ന വിധത്തിലുള്ള അതിക്രമങ്ങളും നിയമലംഘനങ്ങളും ഗവൺമെന്റ് വകുപ്പുകളും സ്വകാര്യവ്യക്തികളും വൻതോതിൽ നടത്തിക്കൊണ്ടിരിക്കുന്നു. അത്യാവശ്യത്തിനുള്ള തുറന്ന സ്ഥലങ്ങൾ പോലുമില്ലാതെ നഗരം വീർപ്പുമുട്ടുന്നു. പാളയത്തെ സ്റ്റേഡിയം പുതുക്കിപ്പണിയൽ ഈ പ്രദേശത്തിന്റെ ഭംഗിയെ ഇതിനകം തന്നെ വികലപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. അതിവേഗതയിൽനടക്കുന്ന സ്റ്റേഡിയം ‘വികസനം’ തെറ്റായ നഗരാസൂത്രണത്തിന്റെ മകുടോദാഹാരണമെന്ന് സ്കെച്ചുകളുടെയും പ്ലാനുകളുടെയും സഹായത്തോടെ ബേക്കർ തെളിയിക്കുന്നു.
കെ വേലപ്പൻ ഒരു പത്രപ്രവർത്തകനും സിനിമാനിരൂപകനുമായിരുന്നു.
തിരുവനന്തപുരത്തിനടുത്തുള്ള ഉച്ചക്കടയിൽ ഓമന-കൃഷ്ണൻ നായർ ദമ്പതിമാരുടെ സീമന്തപുത്രനായി വേലപ്പൻ ജനിച്ചു. ഭാഷാശാസ്ത്രത്തിൽ എം. എ. ബിരുദം നേടിയ ശേഷം ഒരു ചെറിയ കാലം കേരള സർവ്വകലാശാല ഓഫീസിൽ ഗുമസ്തനായി ജോലി നോക്കി. കലാകൗമുദി വാരികയിൽ ലേഖനങ്ങളെഴുതിയാണ് പത്രപ്രവർത്തനരംഗത്ത് പ്രവേശിക്കുന്നത്. 1984-ൽ കലാകൗമുദി വാരികയിൽ സ്ഥിരം ജീവക്കാരനായി ചേർന്നു. 1985-ൽ റോസമ്മയെ വിവാഹം കഴിച്ചു. വേലപ്പന്റെ ഗാർഹിക–സാമൂഹ്യാന്തരീക്ഷത്തിൽ ചെറിയ തോതിലെങ്കിലും ഈ വിവാഹം ഒച്ചപ്പാടുണ്ടാക്കി. വിഭിന്ന മതസ്ഥരായിരുന്നുവെന്നത് കൂടാതെ, ശിരോവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീ ആയിരുന്നു, റോസമ്മ. റോസമ്മ–വേലപ്പൻ ദമ്പതിമാർക്ക് ഒരു മകനുണ്ട്, അപു. സത്യജിത് റേയുടെ അപു സിനിമാത്രയത്തിലെ പ്രധാനകഥാപാത്രത്തിന്റെ ഓർമ്മയ്ക്കാണ് മകന് അപുവെന്ന് പേരിട്ടത്. ആസ്ത്മാ രോഗിയായിരുന്ന വേലപ്പൻ 1992 ജൂലൈ 15-ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു.
മരണാനന്തരം വേലപ്പന്റെ ചലച്ചിത്രലേഖനങ്ങളെല്ലാം സമാഹരിച്ച് സിനിമയും സമൂഹവും എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിന് 1994-ലെ മികച്ച ചലച്ചിത്രകൃതിക്കുള്ള കേരളസംസ്ഥാന ഫിലിം അവാർഡും ഫിലിം ക്രിട്ടിക് അവാർഡും കിട്ടുകയുണ്ടായി. വയനാട്ടിലെ ഗോത്രവർഗ്ഗങ്ങൾ സംസാരിക്കുന്ന ഭാഷയെക്കുറിച്ച് എഴുതിയ ആദിവാസികളും ആദിവാസി ഭാഷകളും എന്ന പുസ്തകത്തിന് 1994-ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.