സിംഗപ്പൂരിലെ ആദ്യസന്ധ്യയിൽ താമസസ്ഥലത്തുനിന്നു് കിളികളുടെ ബഹളം കേട്ടപ്പോൾ അത്ഭുതം തോന്നി. രണ്ടു കെട്ടിടസമുച്ചയങ്ങൾക്കിടയിൽ നല്ല ഉയരമുള്ള മരങ്ങളുണ്ടു്. ചില്ലകൾ കഷ്ടിച്ചു് ഞങ്ങൾ താമസിയ്ക്കുന്ന ഏഴാംനില വരെ എത്തുന്നുണ്ടു്. അവയിൽ കൂടുകെട്ടിയ അടയ്ക്കാമണിക്കുരുവികൾ ചേക്കേറുന്നതിന്റെ കോലാഹലമാണു് സന്ധ്യയെ ശബ്ദമുഖരിതമാക്കിയതു്. ഒരു നിബിഡവനത്തിലകപ്പെട്ട അനുഭവം.
പുറംരാജ്യങ്ങളേക്കുറിച്ചു് വളരെ ബാലിശമായ സംശയങ്ങളാണു് എനിയ്ക്കുണ്ടായിരുന്നതു്. സിംഗപ്പൂരിലെന്നല്ല, ആദ്യമായാണു് ഒരു വിദേശരാജ്യത്തു് എത്തിപ്പെടുന്നതു്. ചാങ്കി എയർപോർട്ടിൽനിന്നു പുറത്തുകടന്നപ്പൊഴേ ശ്രദ്ധിച്ചതു് വഴിയരികിലെ മരങ്ങളും ചെടികളും പൂക്കളും പുൽത്തകിടികളുമായിരുന്നു. എന്നുമെന്ന പോലെ മഴ പെയ്യുന്ന സിംഗപ്പൂരിൽ മരങ്ങളും ചെടികളും തഴച്ചുവളരുന്നതിൽ അത്ഭുതമില്ല. കാണാവുന്നിടത്തൊക്കെ പച്ചപ്പാണു്. അവയിലൊക്കെ ധാരാളം പക്ഷികളുമുണ്ടായിരിയ്ക്കാം എന്നു തോന്നി.
ആദ്യമേ പറയട്ടെ. തലക്കെട്ടു കണ്ടു് തെറ്റിദ്ധരിയ്ക്കേണ്ട. ഇതു് സിംഗപ്പൂരിലെ പക്ഷികളേക്കുറിച്ചുള്ള പ്രബന്ധമല്ല. ‘കേരളത്തിലെ പക്ഷികൾ’, ‘കേരളത്തിലെ വിഷപ്പാമ്പുകൾ’ എന്നീ പുസ്തകങ്ങൾ എഴുതിയവർ ക്ഷമിയ്ക്കട്ടെ.
മേൽപ്പറഞ്ഞ രണ്ടു പുസ്തകങ്ങളേക്കുറിച്ചു് ഓർമ്മിയ്ക്കുമ്പോൾ ‘ആരണ്യകം’ എന്ന സിനിമ ഓർമ്മ വരും. “കേരളത്തിലെ പക്ഷികൾ, കേരളത്തിലെ പാമ്പുകൾ—എല്ലാത്തിനേയും കുറിച്ചു് പുസ്തകങ്ങളുണ്ടു്, പക്ഷേ ആരും ഇതുവരെ എഴുതാത്ത ഒരു പുസ്തകമുണ്ടു്: കേരളത്തിലെ മനുഷ്യർ” എന്നു് അതിലെ തീവ്രവാദിയായ നായകൻ പറയുന്നുണ്ടു്. ഇപ്പറഞ്ഞ സംഭാഷണം എഴുതിയ എം. ടി. വാസുദേവൻ നായരടക്കം എല്ലാവരും കേരളത്തിലെ മനുഷ്യരേക്കുറിച്ചാണു് എഴുതിയിട്ടുള്ളതെന്നു് നമുക്കറിയാം. ഒന്നുകൂടി പറയട്ടെ ഈ കുറിപ്പ് സിംഗപ്പൂരിലെ മനുഷ്യരേക്കുറിച്ചും അല്ല.
എന്നാൽ യാത്രാവിവരണമാണോ? ഒ. വി. വിജയന്റെ ‘ഇരിഞ്ഞാലക്കുട’ എന്ന ചെറുകഥ വായിച്ചവർ പിന്നെ ആ സാഹസത്തിനു് ഒരുങ്ങില്ല. അല്ലെങ്കിലും ആരും കാണാത്തതും എഴുതാത്തതുമായ ഏതെങ്കിലും രാജ്യമുണ്ടോ ഈ ഭൂലോകത്തിൽ ബാക്കിയായി?
ആദ്യമായി കാണുന്ന വിദേശരാജ്യമായതുകൊണ്ടു് എല്ലാത്തിനും പുതുമയായിരുന്നു. നമ്മളുടെ സ്വപ്നമായ വൃത്തിയും വെടുപ്പും മറ്റൊരു സ്ഥലത്തു് നടപ്പായിക്കാണുന്നതിലുള്ള സന്തോഷം. പിന്നെ മരങ്ങൾ! ഒരു കൊടുംനഗരത്തിൽ ഇത്രയേറെ കൂറ്റൻമരങ്ങളുണ്ടാവുമെന്നു് വിചാരിച്ചതേയില്ല. മരങ്ങൾ പലതും മലേഷ്യയിൽനിന്നും മറ്റും കൊണ്ടുവന്നു് വേരോടെ കുഴിച്ചിടുന്നതാണെന്നറിഞ്ഞപ്പോൾ അതിലേറെ അത്ഭുതമായി. പൊതുഗതാഗതസൗകര്യമാണു് സന്തോഷിപ്പിച്ച മറ്റൊരു കാര്യം. എയർ കണ്ടീഷൻ ചെയ്ത ബസ്സുകളും ട്രെയ്നുകളും. രണ്ടിനും ഒരേ പോലെ ഉപയോഗിയ്ക്കാവുന്ന പ്രീപെയ്ഡ് കാർഡുകൾ. വലിയ തിരക്കില്ലാതെ (രണ്ടർത്ഥത്തിലും) ഓടുന്ന ബസ്സുകളിലുള്ള യാത്ര നല്ല സുഖമുള്ള ഒരനുഭവമാണു്.
നിശ്ശബ്ദതയാണു് സിംഗപ്പൂരിന്റെ മുഖമുദ്ര. താമസക്കാർ മുക്കാലും ചൈനക്കാർ. അവരാണെങ്കിൽ പരസ്പരം മിണ്ടുന്നതേ കാണാറില്ല. വണ്ടിയിലായാലും ബസ്സിലായാലും ഒന്നുകിൽ സെൽഫോണിൽ തിരുപ്പിടിച്ചുകൊണ്ടിരിയ്ക്കും. അല്ലെങ്കിൽ സ്വപ്നം കണ്ടുകൊണ്ടുനിൽക്കും. അതുമല്ലെങ്കിൽ വാഹനത്തിന്റെ വലിയ ചില്ലു ജാലകം വഴി പുറത്തേയ്ക്കു നോക്കിക്കൊണ്ടിരിയ്ക്കും.
ആദ്യത്തെ ദിവസം രാത്രിയിലെപ്പോഴോ അടയ്ക്കാക്കുരുവികളുടെ ബഹളം കേട്ടു് ഉണർന്നു. സമയം നോക്കിയപ്പോൾ നാലേമുക്കാൽ. പിന്നെപ്പിന്നെ എന്നും നാലേമുക്കാലിനു് ഉണർന്നു തുടങ്ങി. അഞ്ചരമണിയോളം നീളുന്ന അവരുടെ കലപില കേട്ടു കിടക്കും. പിന്നെ ഒന്നുകൂടി മയങ്ങും. തിരക്കിട്ടെഴുന്നേറ്റ് ജോലിയ്ക്കോടേണ്ടല്ലോ.
സിംഗപ്പൂരിലെ സംവിധാനങ്ങൾ കൗതുകം തരുന്നവയായിരുന്നു. പൗരക്ഷേമം എന്നതാണു് സർക്കാരിന്റെ മുദ്രാവാക്യമെന്നു തോന്നും. അവർക്കു് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടും വരരുതെന്നുള്ള നിർബ്ബന്ധത്തോടെയാണു് ഓരോ ക്രമീകരണവും നടത്തിയിരിയ്ക്കുന്നതു്. വീട്ടിൽനിന്നിറങ്ങിയാൽ ബസ് സ്റ്റോപ്പു വരെ മഴയോ വെയിലോ കൊള്ളാതെ നടക്കാനുള്ള ട്യൂബുകൾ. ഓരോ ബസ് സ്റ്റോപ്പിലും അതിലൂടെ കടന്നുപോവുന്ന ബസ്സുകളുടെ നമ്പറും ഓരോ സ്റ്റോപ്പിന്റേയും പേരും ബസ് ചാർജും പ്രദർശിപ്പിച്ചിരിയ്ക്കുന്നു. ബസ്സിൽ കയറിയാൽ അടുത്ത സ്റ്റോപ്പിന്റെ പേരും ഇറങ്ങാനുള്ളവർ വാതിലിന്നടുത്തേയ്ക്കു നീങ്ങാനുള്ള അഭ്യർത്ഥനയും എലക്ട്രോണികു് ഡിസ്പ്ലേയിൽ തെളിയുന്നു. യാത്രക്കാർക്കു കയറാനും ഇറങ്ങാനും ഇഷ്ടംപോലെ സമയം. എല്ലാവരും ഇറങ്ങിയെന്നും കയറിയെന്നും ഉറപ്പുവരുത്തിയതിനു ശേഷമേ ഡ്രൈവർ വണ്ടിയെടുക്കൂ.
പാതകളുടെ വിന്യാസവും കാണേണ്ടതാണു്. കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും പ്രത്യേകം പ്രത്യേകം നടവഴികൾ. അന്ധർക്കു സ്പർശമറിഞ്ഞു നടക്കാൻ നടപ്പാതകളിലും റെയിൽവേ പ്ലാറ്റ്ഫോമിലും സ്റ്റീൽകൊണ്ടുണ്ടാക്കിയ പ്ലേറ്റുകൾ പതിച്ചിരിയ്ക്കുന്നു. പ്ലാറ്റ്ഫോം കഴുകിവൃത്തിയാക്കുന്ന സമയത്തു് യാത്രക്കാർ കാൽവഴുതി വീഴാതിരിയ്ക്കാൻ നിലം നനവുള്ളതാണെന്നു മുന്നറിയിപ്പു തരുന്ന പാനൽബോർഡ് പ്രദർശിപ്പിയ്ക്കുന്നു. ഒരു കീറക്കടലാസ്സുപോലും ഇല്ലാതെ വെട്ടിത്തിളങ്ങുന്ന പ്ലാറ്റ്ഫോം.
ട്രെയിൻ വന്നുനിന്നു് നിമിഷങ്ങൾക്കകം ചില്ലുവാതിലുകൾ തുറക്കുന്നു. ട്രെയിനിലേയ്ക്കു് കാലെടുത്തു വെയ്ക്കുന്നതിനു മുമ്പ് ‘പ്ലീസ് മൈൻഡ് പ്ലാറ്റ്ഫോം ഗ്യാപ്’ എന്ന സ്നേഹപൂർവ്വമായ മുന്നറിയിപ്പ്. അകത്തുകയറി ഒരു നിശ്ചിതസമയം കഴിഞ്ഞാൽ വാതിലുകൾ അടയ്ക്കുകയാണെന്ന അറിയിപ്പ്. അടുത്ത സ്റ്റേഷൻ ഏതെന്ന അറിയിപ്പ് തൊട്ടു പിന്നാലെ. പാളം മാറുമ്പോൾ വണ്ടി ഇളകാൻ സാധ്യതയുള്ളതിനാൽ പിടിച്ചുനിൽക്കാനുള്ള നിർദ്ദേശം. വണ്ടിയുടെ ചുമരിൽ റെയിൽവേ സ്റ്റേഷനുകളുടെ പേരും വിവരവും. വരാൻ പോവുന്ന സ്റ്റേഷനിൽ ഇടത്തോട്ടോ വലത്തോട്ടോ വാതിൽ തുറക്കുക എന്ന സൂചനകൂടി നമുക്കു തരുന്നുണ്ടു്.
സിംഗപ്പൂരിൽ സ്വന്തമായി വാഹനം വേണമെങ്കിൽ വലിയ വില കൊടുക്കണം. സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ സർക്കാർ കനത്ത നികുതിയാണു് ചുമത്തിയിരിയ്ക്കുന്നതു്. എന്നിട്ടും ധാരാളം സ്വകാര്യവാഹനങ്ങൾ ഓടുന്നുണ്ടു്. എന്നാലും ആരും ഹോൺ അടിയ്ക്കാത്തതുകൊണ്ടു് ശബ്ദമലിനീകരണം തീരെയില്ല.
ശബ്ദമലിനീകരണം ഇല്ലെന്നു് ഉറപ്പുവരുത്താൻ സർക്കാർ ഏർപ്പാടാക്കിയ സംവിധാനങ്ങളേപ്പറ്റി ഒരു ദിവസം പത്രത്തിൽ വായിച്ചു. പാതയിൽനിന്നു് 30 മീറ്ററെങ്കിലും അകലം പാലിയ്ക്കണം കെട്ടിടങ്ങൾ പണിയുമ്പോൾ. ഓടുമ്പോഴുള്ള ശബ്ദം കുറയ്ക്കാൻ വാഹനങ്ങളിൽ കർശനമായ സംവിധാനങ്ങളുണ്ടു്. ശബ്ദം വലിച്ചെടുക്കാൻ തക്കവണ്ണമാണു് പാതകൾ നിർമ്മിച്ചിരിയ്ക്കുന്നതു്. അതുപോലെ ട്രെയിനിന്റെ ചക്രങ്ങളും റെയിലും തമ്മിലുള്ള ഉരസൽകൊണ്ടുണ്ടാവുന്ന ശബ്ദം കുറയ്ക്കാനും സംവിധാനമുണ്ടു്. എന്നാൽ ഏറ്റവും പ്രധാനം അതല്ല. കെട്ടിടങ്ങൾക്കിടയിൽ ധാരാളം മരങ്ങൾ വെച്ചുപിടിപ്പിയ്ക്കുന്നതാണു് അതു്. മരങ്ങൾ താമസക്കാരുടെ മാനസികോല്ലാസത്തിനു വേണ്ടി മാത്രമല്ല അവയിൽ കൂടുകൂട്ടുന്ന പക്ഷികളുടെ പാട്ടു് വാഹനങ്ങളുടെ ശബ്ദത്തെ മറയ്ക്കും എന്നതുകൊണ്ടുകൂടിയാണു്.
സിംഗപ്പൂരിലെ ഏറ്റവും പ്രധാനപ്പെട്ട പത്രം ‘സ്ട്രേയ്റ്റ്സ് ടൈംസ്’ ആണു്. അതു് ഒരു തരത്തിൽ സർക്കാരിന്റെ തന്നെ പത്രമാണു്. സിംഗപ്പൂർ പ്രസ്സ് ഹോൾഡിങ്സ് ലിമിറ്റഡ് ആണു് അതു നടത്തുന്നതു്. സിംഗപ്പൂരിന്റെ ശിൽപിയായ ലീ ക്വാൻ യൂ 1965-ൽ സ്ഥാപിച്ച പീപ്പിൾസ് ആക്ഷൻ പാർട്ടി തന്നെയാണു് ഇപ്പോഴും ഭരണം നടത്തുന്നതു്. പ്രതിപക്ഷം പേരിനേയുള്ളു. ലീ ക്വാൻ യൂവിന്റെ ദീർഘവീക്ഷണവും ഭാവനയുമാണു് സിംഗപ്പൂരിനെ ഇന്നു കാണുന്ന വിധത്തിലുള്ള മനോഹരമായ രാജ്യമാക്കിയതു്. തൊട്ടതിനും പിടിച്ചതിനുമൊക്കെ കനത്ത പിഴ ചുമത്തുന്നതുകൊണ്ടു് ‘ഫൈൻ സിറ്റി’ എന്ന പേരുമുണ്ടല്ലോ സിംഗപ്പൂരിനു്.
സിംഗപ്പൂരിൽ അഭിപ്രായസ്വാതന്ത്ര്യമൊക്കെ ഒരു കഥയാണു്. പക്ഷേ, പൗരന്മാരുടെ സ്വൈരജീവിതം ഉറപ്പുവരുത്താനുള്ള സർക്കാർ നടപടികൾ നമ്മളെ സന്തോഷിപ്പിയ്ക്കാതിരിയ്ക്കില്ല. നവംബർ 16-ലെ ഒരു വാർത്ത അവിടത്തെ ഒരു വീട്ടമ്മയ്ക്കു് ഉറക്കം നഷ്ടപ്പെടുന്നതിനേക്കുറിച്ചായിരുന്നു. ഇരുപത്തൊമ്പതുകാരിയായ വിജയാ നായിഡു രാത്രി മൂന്നു പ്രാവശ്യം ഞെട്ടിയുണരുന്നുവത്രേ. ടാംപനീസ് എക്സ്പ്രസ്സ്വേയ്ക്കു് അഭിമുഖമായ പതിനഞ്ചുനിലക്കെട്ടിടത്തിലാണു് അവർ താമസം. വാഹനത്തിന്റെ ശബ്ദമാണു് അവരുടെ ഉറക്കം തടസ്സപ്പെടുത്തുന്നതു്. നാഷണൽ എൻവയോൺമെന്റൽ ഏജൻസി ഇവരുടെ പരാതി വളരെ ഗൗരവമായി എടുത്തിട്ടുണ്ടു്. പരിഹാരം കാണാൻ ഒരു വിദഗ്ദ്ധനെ മൂന്നു മാസത്തേയ്ക്കു് നിയമിയ്ക്കാൻ പോവുകയാണു്.
വാർത്ത വായിച്ചപ്പോൾ അടയ്ക്കാമണിക്കുരുവികളുടെ കോലാഹലമാണു് ഞാൻ ഓർത്തുപോയതു്. രാവിലെ നാലേമുക്കാലിനു് എന്റേയും ഉറക്കത്തിനു ഭംഗം നേരിടുന്നുണ്ടല്ലോ. പോരുന്നതിനു് രണ്ടുദിവസം മുമ്പ് നാട്ടിലെ അയൽവാസി വീട്ടിൽ വന്നപ്പോൾ പക്ഷികൾ ചേക്കേറുന്ന സമയമായിരുന്നു. “നോക്കൂ, നമ്മുടെ നാട്ടിലെത്തി എന്നു തോന്നുന്നില്ലേ”, ഞാൻ ചോദിച്ചു. അതു് അയാളെ സന്തോഷിപ്പിയ്ക്കുമെന്നാണു് ഞാൻ വിചാരിച്ചതു്. പക്ഷേ അയാൾക്കു് സന്തോഷമല്ല, അത്ഭുതമാണു് ഉണ്ടായതു്. അതു് ഞങ്ങളുടെ ചുറ്റും താമസിയ്ക്കുന്നവരേപ്പറ്റിയായിരുന്നു. ഇത്ര കാലമായിട്ടും ആരും പരാതി കൊടുത്തില്ലേ എന്നായിരുന്നു അയാളുടെ അത്ഭുതം. പക്ഷികളുടെ ഈ കൂട്ടപ്പൊരിച്ചിൽ എങ്ങനെയാണു് അവർ സഹിയ്ക്കുന്നതു്? പരാതി കൊടുത്താൽ ഉടനെ നടപടികളുണ്ടാവുമെന്നു തീർച്ചയാണു്.
പക്ഷികൾക്കെതിരെ ആർക്കു പരാതി കൊടുക്കാൻ എന്നു് ഞാൻ ഉള്ളിൽ ചിരിച്ചു. പോരാത്തതിനു് ‘ലോകത്തിൽ വെച്ചു് പക്ഷികളുടെ ഏറ്റവും വലിയ പറുദീസ’ എന്നവകാശപ്പെടുന്ന ജുറോങ് ബേഡ് പാർക് സിംഗപ്പൂരിലാണു്. പാട്ടു പാടുകയും വിരൽ ഞൊടിച്ചാൽ പറന്നെത്തുകയും പറയുന്നതെല്ലാം അനുസരിയ്ക്കുകയും ചെയ്യുന്ന പക്ഷികൾ ഞങ്ങൾക്കു് വലിയ അത്ഭുതമായിരുന്നു. പക്ഷികൾ മനുഷ്യരോടു് ഇത്രയും ഇണങ്ങണമെങ്കിൽ തിരിച്ചും അങ്ങനെത്തന്നെയാവണം. അവർ പക്ഷികൾക്കെതിരെ കേസു കൊടുക്കുമോ?
അതിന്റെ പിറ്റേന്നു് രാവിലെ ഏകദേശം പത്തുമണിയായപ്പോൾ താഴെ എന്തോ ഒരു യന്ത്രം പ്രവർത്തിയ്ക്കുന്ന ശബ്ദം കേട്ടു. വരാന്തയിലേയ്ക്കു കടന്നു നോക്കിയപ്പോൾ താഴെ മിനി ലോറി പോലെ ഒരു വാഹനം നിൽക്കുന്നതു കണ്ടു. അതിൽനിന്നു് ഉയരം ക്രമപ്പെടുത്താവുന്ന ഒരു ദണ്ഡിന്റെ തുഞ്ചത്തെ ഇരുമ്പുവലക്കൂട്ടിൽ ഒരു മഞ്ഞത്തൊപ്പിക്കാരൻ നിൽക്കുന്നു. ദണ്ഡിന്റെ നീളം കൂട്ടിക്കുറച്ചു് അയാൾ ഓരോ മരത്തിന്റെയും അടുത്തേയ്ക്കു് കറങ്ങിയടുക്കുകയാണു്. ചില്ലകളായ ചില്ലകളിൽ എത്തി അയാൾ മുറിച്ചുതള്ളുന്നു. നിമിഷങ്ങൾക്കകം താഴത്തെ പുൽത്തകിടിയിൽ ഇലകളും ചില്ലകളും കുന്നുകൂടി. അവ വാരിയെടുക്കാൻ രണ്ടു് ആളുകളും കയറ്റാൻ ഒരു വാഹനവും തയ്യാറായിനിൽക്കുന്നുണ്ടു്.
വരാന്തയിൽത്തന്നെ നിന്നു് ഞാൻ ആ കാഴ്ച മുഴുവനും കണ്ടു. ആകെ അര മണിക്കൂറെടുത്തിട്ടുണ്ടാവും രണ്ടു കെട്ടിടസമുച്ചയത്തിനിടയിലുള്ള ആറു മരങ്ങളും മുണ്ഡനം ചെയ്യാൻ. ദൗത്യം കഴിഞ്ഞു് ദണ്ഡ് ചുരുക്കിയെടുത്തു് ചെറുപ്പക്കാരൻ മിനിലോറിയിൽ കയറിയിരുന്നു. അടുത്ത പത്തു മിനിട്ടിനുള്ളിൽ നിലത്തുകിടന്നിരുന്ന ഇലകളും ചില്ലകളുമൊക്കെ വാഹനത്തിൽ കയറ്റി. പുൽത്തകിടിയും നടപ്പാതയുമൊക്കെ ഒരില പോലും ബാക്കിയാവാതെ വൃത്തിയായി.
സന്ധ്യയായതോടെ പുറത്തു് കിളികളുടെ ബഹളം കേട്ടു. ഞാൻ വരാന്തയിലേയ്ക്കു ചെന്നു. ചേക്കേറാൻ വന്നപ്പോൾ കൂടുകൾ കാണാതെ അവ അങ്ങുമിങ്ങും പരിഭ്രാന്തരായി പറക്കുകയാണു്. ജോലി കഴിഞ്ഞു വരുന്ന മനുഷ്യർ സ്വന്തം സ്വന്തം ഫ്ളാറ്റുകളിലേയ്ക്കു മടങ്ങിക്കൊണ്ടിരിയ്ക്കുന്ന സിംഗപ്പൂർ നിവാസികൾ അതൊന്നും തീരെ ശ്രദ്ധിയ്ക്കുന്നില്ലെന്നു തോന്നി.
നേരം ഇരുണ്ടു. വിളക്കുകൾ തെളിഞ്ഞു. മഴയും പെയ്തുതുടങ്ങി. കൂടു നഷ്ടപ്പെട്ട കിളികൾ നിലവിളിച്ചുകൊണ്ടു് എങ്ങോട്ടോ പറന്നുമറഞ്ഞു. ക്രമേണ പരിസരം ശാന്തമായി. ഞാൻ മുറിയിലേയ്ക്കുതന്നെ മടങ്ങി.
സിംഗപ്പൂരിലെ അവസാനരാത്രിയായിരുന്നു അതു്. പിറ്റേന്നു് ചാങ്കി എയർപോർട്ടിൽനിന്നു് രാവിലെ ഏഴേമുക്കാലിനാണു് വിമാനം. അഞ്ചേമുക്കാലിനെങ്കിലും പുറപ്പെടണം. നാലേമുക്കാലിനു് എഴുന്നേറ്റാൽ ധാരാളമാണു്. പക്ഷേ വിളിച്ചുണർത്താൻ ഇനി കിളികൾ വരില്ല. മൊബൈൽ ഫോണിൽ അലാറം വെച്ചു് ഞങ്ങൾ ഉറങ്ങാൻ കിടന്നു.
(10.12.2010)
1952 ജൂണ്‍ 27-൹ തൃശൂർ ജില്ലയിലെ ആറാട്ടുപുഴയില്‍ ജനനം. കേരളവര്‍മ്മ കോളേജിലെ വിദ്യാഭ്യാസാനന്തരം ബോംബെയില്‍ ജോലി ചെയ്തു. ഇപ്പോള്‍ തൃശ്ശൂരിലെ എസ് എന്‍ എ ഔഷധശാലയില്‍ ജോലി ചെയ്യുന്നു. ദേശാഭിമാനിയിലും ജനയുഗത്തിലും പംക്തികൾ കൈകാര്യം ചെയ്യുന്നു.
- കരുവന്നൂർപ്പുഴയിലെ പാലം
- റിഹേഴസൽ ക്യാമ്പ്
- മരണശിക്ഷ – കഥാവർഷം
- വീടു വിട്ടു പോകുന്നു
- തിരിച്ചുവരവ്
- പകൽവീട്
- കഥാസാരം
- ലാ പത്താ
- അനുധാവനം (പ്രവീൺകുമാറുമൊത്തെഴുതിയതു്)
- തിരിച്ചുവരവ് (നോവലെറ്റ്)
- അകലത്തെ ബോംബേ, അയലത്തെ മുംബൈ
- എപ്പോഴാണ് മകൾ മടങ്ങിയെത്തുക
- അയാള്‍ കഥയെഴുതാന്‍ പോവുകയാണ്
- മാലാഖമാരേ മറയൊല്ലേ
- സിംഗപ്പൂരിലെ അവസാനത്തെ ഗ്രാമം
- സിംഗപ്പൂരിലെ കൊച്ചുഭാരതം
- സിംഗപ്പൂരിലെ പക്ഷികള്‍
- സിംഗപ്പൂര്‍ സ്റ്റോറി
- ‘റിഹേഴ്സൽ ക്യാമ്പ്’ എന്ന നോവൽ 1982-ലെ കുങ്കുമം അവാർഡു നേടി.
- ‘വീടുവിട്ടുപോകുന്നു’ എന്ന കൃതിക്ക് 1992ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
ബ്ലോഗ്: അഷ്ടമൂര്‍ത്തിയുടെ ലേഖനങ്ങൾ