കമാൻഡറുടെ ഉത്തരവു് ഒരു തവണ കൂടി വായിച്ചു. അതിൽ എഴുതിയിരിക്കുന്നതൊന്നും എനിക്കു് തീരെ വിശ്വസിക്കാനായില്ല. എന്തോ ചോദിക്കാനായി ഓഫീസറെ നോക്കിയപ്പോഴേക്കും ഗാർഡുകൾ വന്നു് എന്റെ കൈകൾ തമ്മിലും കാലുകൾ തമ്മിലും ബന്ധിച്ചിരുന്ന ചങ്ങലകൾ ഇലക്ട്രോണിക് കീ ഉപയോഗിച്ചു് അഴിച്ചു കളഞ്ഞു. ഉന്തിത്തള്ളിക്കൊണ്ടു പോയി പുറത്തു് പാർക്കു് ചെയ്തിരുന്ന ജീപ്പിൽ കയറ്റി ഇരുത്തി. കൈത്തണ്ടയിൽ എന്തോ മരുന്നു് കുത്തിയിറക്കി.
വായു പോലും അകത്തു കടക്കാത്ത കവചിത വാഹനമായിട്ടും, ഇരുവശത്തും ആയുധധാരികളായ ഗാർഡുകൾ ഇരിപ്പുണ്ടായിട്ടും, യാത്ര തുടങ്ങി കുറച്ചു നേരം കഴിഞ്ഞപ്പോൾ, ഉറക്കം പിടിച്ചു തുടങ്ങി. വണ്ടി നിന്നു് കണ്ണു തുറന്നപ്പോൾ നേരം ഇരുട്ടിയിരുന്നു. കയറ്റിയതു പോലെ തന്നെ ഇറക്കി, ഒരു മലമുകളിലെ കൂറ്റൻ കെട്ടിടത്തിന്റെ വരാന്തയിൽ എന്നെ വിട്ടശേഷം ഗാർഡുകൾ വണ്ടിയിൽ കയറി തിരിച്ചു പോയി. വണ്ടിയുടെ പിന്നിലെ ചുകന്ന വെളിച്ചം മലയിറങ്ങുന്നതു നോക്കി ഞാൻ കുറച്ചു നേരം നിന്നു. ചുറ്റുവട്ടത്തൊന്നും ആരെയും കണ്ടില്ല. കൈയിലോ കാലിലോ ചങ്ങലയില്ലെങ്കിലും ഞാൻ ഓടിപ്പോകാനൊന്നും ശ്രമിച്ചില്ല. കമാൻഡറുടെ രാജ്യത്തെ ഓരോ മനുഷ്യനേയും ഒന്നിലധികം ലേസർ കണ്ണുകൾ നിരീക്ഷിക്കുന്നുണ്ടെന്നു് കൊച്ചുകുട്ടികൾക്കു പോലും അറിയാം.
ഗാർഡുകൾ നിർദ്ദേശിച്ചതു പോലെ, പ്രാചീനമായ ഏതോ ലിപികൾ കൊത്തി വച്ച കൂറ്റൻ വാതിൽ തള്ളിത്തുറന്നു് അകത്തു കയറി. പെട്ടെന്നു്, സൈറണുകളും, ലേസർ ബീമുകളും, ഇലക്ട്രോണിക് ചങ്ങലകളും ഇല്ലാത്ത പുതിയൊരു ലോകത്തിൽ എത്തിപ്പെട്ടതു ഞാൻ അറിഞ്ഞു. ഇരുവശത്തും മൺവിളക്കുകൾ കൊളുത്തി വച്ച നീളൻ വരാന്തയിലൂടെ നടക്കുമ്പോൾ ശരീരത്തിൽ എന്തൊക്കെയോ അയഞ്ഞില്ലാതാകുന്നു. കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോൾ ഇടനാഴി മറ്റൊരു വാതിലിൽ ചെന്നു മുട്ടി. ഇടനാഴികളിലേക്കു് തുറക്കുന്ന വാതിലുകൾ; വാതിലുകളിൽ ചെന്നു മുട്ടുന്ന ഇടനാഴികൾ. ഏതോ മാന്ത്രിക വലയത്തിലെന്നോണം ഞാൻ നടന്നു കൊണ്ടിരുന്നു.
ഒടുവിൽ, തള്ളിയിട്ടും വലിച്ചിട്ടും തുറക്കാത്ത മറ്റൊരു വാതിലിൽ തടഞ്ഞു നിൽക്കും വരെ.
പോക്കറ്റിലുണ്ടായിരുന്ന കമാൻഡറുടെ ഉത്തരവിലേക്കു് കൈ നീണ്ടതും ആരോ വിളിക്കുന്നതു കേട്ടു് തിരിഞ്ഞു നിന്നു.
ചുറ്റും എരിയുന്ന മൺവിളക്കുകളുടെ തീനാളം പോലുള്ള വേഷം ധരിച്ചു് ഒരു യുവതി നടന്നു വന്നു. സ്നേഹത്തിന്റെ നക്ഷത്രങ്ങൾ പോലെയായിരുന്നു അവളുടെ കണ്ണുകൾ. എത്രയോ വർഷങ്ങളായി മറന്നു കിടന്നിരുന്ന ഒരു വികാരം എന്നിൽ തിരയിളകി. ഈ നിമിഷം ഒരിക്കലും അവസാനിച്ചില്ലെങ്കിൽ എന്നു് ഞാൻ സത്യമായും ആശിച്ചു.
“സരോ,” അവൾ കൈ നീട്ടിക്കൊണ്ടു് പറഞ്ഞു. പൂക്കളുടെയും പഴങ്ങളുടേയും ഗന്ധമുള്ള വാക്കുകൾ ചിതറി വീണു. “തെറപ്പിസ്റ്റിനെ ഇന്നു് കാണാൻ കഴിയില്ല. രാത്രി നിങ്ങൾക്കു് വിശ്രമിക്കാനുള്ള മുറി കാണിച്ചു തരാം. എന്റെ കൂടെ വരൂ.”
എന്റെ മറുപടിക്കു കാക്കാതെ സരോ മുന്നോട്ടു് നടന്നു. സുഗന്ധത്തിന്റെ അദൃശ്യമായ ചങ്ങലയിൽ പിടിച്ചു കൊണ്ടു് ഞാനും. ഇടനാഴി മറ്റൊരു ഇടനാഴിയിലേക്കു് തുറന്നു. നിര നിരയായുള്ള മുറികളൊന്നിലേക്കു് അവൾ എന്നെ ആനയിച്ചു. വൃത്തിയായി തയാറാക്കിയ കിടക്കയും, അടുത്തുള്ള മേശയിൽ ഭക്ഷണവും. മാറാനുള്ള വസ്ത്രങ്ങൾ കിടക്കയിൽ മടക്കി വെച്ചിട്ടുണ്ടായിരുന്നു.
എന്നെ അകത്താക്കി വാതിൽ അടക്കുന്നതിനു മുൻപു് സരോ എന്നെ ഒന്നു തൊട്ടു. അതോടെ എന്റെ നിയന്ത്രണം വിട്ടു പോയി. ലോകത്തിലെ ഒരു ശക്തിക്കും അവളെ വിട്ടു കൊടുക്കില്ലെന്നതു പോലെ ഞാൻ അവളെ മുറുക്കെ കെട്ടിപ്പിടിച്ചു. അവൾ എന്നെ എതിർക്കുകയോ തള്ളിമാറ്റുകയോ ചെയ്തില്ല. പകരം ചുണ്ടുകൾ എന്റെ വരണ്ട ചുണ്ടുകളിലെക്കു ചേർത്തു. വാതിൽ അടച്ചു് അവൾ തിരിച്ചു പോയതും മുറിഞ്ഞു വീണ ഒരു മരം കണക്കു് ഞാൻ കിടക്കയിലേക്കു് വീണു. ഒരു മനുഷ്യനു് ആകെ വേണ്ടതു് സ്നേഹത്തോടെയുള്ള ഒരു നോട്ടവും സ്പർശനവും മാത്രമാണെന്നു് എനിക്കു തോന്നി.
തടവുപുള്ളിയുടെ കറ പിടിച്ച വസ്ത്രങ്ങൾ മാറ്റി പുതിയവ ധരിച്ചു. വസ്ത്രങ്ങൾക്കു് ഒരാളെ മറ്റൊരാളാക്കി മാറ്റാൻ കഴിയുമായിരിക്കും. എന്തായാലും ഒരു പുതിയ മനുഷ്യനായി മാറിയതു പോലെ എനിക്കു തോന്നി. ഭക്ഷണം കഴിച്ചു് കഴിഞ്ഞപ്പോൾ കണ്ണുകൾ അടയാൻ തുടങ്ങി. വിളക്കു് ഊതിക്കെടുത്തി നീണ്ടു നിവർന്നു കിടന്നു. സദാ ലേസർ രശ്മികൾ കാവൽ നിൽക്കുന്ന എന്റെ ജെയിൽ സെല്ലിന്റെ ക്രൂരത മറക്കാൻ ശ്രമിച്ചു കൊണ്ടു് സരോ പറഞ്ഞതിനെക്കുറിച്ചു് ആലോചിച്ചു. എന്താണു് എന്റെ അസുഖം? എന്തു തരം തെറാപ്പിയാണു് എന്നെ കാത്തിരിക്കുന്നതു്?
ഈ ലോകം ശാന്തിയും സമാധാനവും മാത്രം നിറഞ്ഞതാണെന്നു് തോന്നിക്കും വിധം സൗമ്യനായിരുന്നു തെറപ്പിസ്റ്റ്. അയാളുടെ സാന്നിധ്യത്തിൽ നിൽക്കുമ്പോൾ എന്തുകൊണ്ടോ കുറ്റബോധം അനുഭവപ്പെട്ടു. ഒരു പക്ഷേ, എല്ലാ ചികിത്സയും ആദ്യം ആവശ്യപ്പെടുന്നതു് രോഗിയുടെ കുറ്റസമ്മതമായിരിക്കണം. തെറപ്പിസ്റ്റിന്റേതു് സരോവിന്റേതിനേക്കാൾ കുറച്ചു കൂടി കടും നിറത്തിലുള്ള വേഷമായിരുന്നു. സംസാരിക്കുമ്പോൾ തെറപ്പിസ്റ്റ് ഇടക്കിടക്കു് തന്റെ കൈത്തലങ്ങൾ പരസ്പരം ചേർത്തു വച്ചു കൊണ്ടിരുന്നു, ഏതോ മുദ്ര പോലെ.
“ആദ്യം അറിയേണ്ടതു് എത്ര ഭാഗ്യശാലിയാണു് നീ എന്നതാണു്,” തെറപ്പിസ്റ്റ് പറഞ്ഞു. “ഒരു കുറ്റവാളി കഠിനതടവു കഴിഞ്ഞു് പുറത്തിറങ്ങിയാൽ പുതിയൊരു മനുഷ്യനാവുകയില്ല. അയാളുടെ പഴയ ജീവിതത്തിലെക്കു് തിരിച്ചു പോയി ആ ജീവിതം തുടരാനുമാവില്ല. അഥവാ, ശിക്ഷ അനുഭവിച്ചു എന്നതു മാത്രം സമൂഹത്തിനു മുന്നിൽ അയാളെ മറ്റൊരാളാക്കുകയില്ല. അയാളുടെ മനസ്സിലെ കറുത്ത ഗർത്തങ്ങൾ നികത്തപ്പെടുകയില്ല. മറ്റൊരു കുറ്റകൃത്യത്തിൽ നിന്നു് അയാളിലേക്കുള്ള ദൂരം വിചാരിക്കുന്നതിലും എത്രയോ അടുത്താണു്. അതു കൊണ്ടാണു്, നമ്മുടെ കമാൻഡർ ഈ ചികിത്സാ പദ്ധതി നടപ്പാക്കിയിട്ടുള്ളതു്. അതും തിരഞ്ഞെടുക്കപ്പെട്ട ചിലർക്കു വേണ്ടി മാത്രം. അതു കൊണ്ടാണു് ഞാൻ പറഞ്ഞതു് നീ എത്ര ഭാഗ്യ ശാലിയാണെന്നു്… ഇവിടുത്ത ചികിത്സ കഴിയുന്നതോടെ നീ ഒരു പുതിയ മനുഷ്യനായി മാറും.”
പുറത്തുള്ളതിനെക്കാൾ ആളുകൾ കമാൻഡറുടെ തടവറക്കുള്ളിലുണ്ടെന്നു് എനിക്കറിയാമായിരുന്നു. നിസ്സാര കുറ്റങ്ങൾക്കു പോലും ആളുകളെ മരണക്കസേരയിലേക്കു് പറഞ്ഞു വിടാൻ മടിയില്ലാത്ത കമാൻഡർ ഇതു പോലൊരു പദ്ധതിക്കു് ഉത്തരവിട്ടതും അതിൽ ചേരാൻ എനിക്കു് നറുക്കു വീണതും ഒരു പോലെ എന്നെ അതിശയിപ്പിച്ചു.
അതെ. ഈ ഇടം എന്നെ മറ്റൊരാളാക്കാൻ പോവുകയാണു്. എന്റെ സമ്മതമില്ലാതെ തന്നെ…
“എത്രയും പെട്ടെന്നു് തെറപ്പി തുടങ്ങാൻ ഞാൻ ഒരുക്കമാണു്.” ഞാൻ പറഞ്ഞു.
തെറപ്പിസ്റ്റിന്റെ മുഖത്തു് ഒരു ചിരി വിടർന്നു.
“നീ കരുതുന്നതു പോലുള്ള ചികിത്സയല്ലിതു്. അതിരിക്കട്ടെ. അതിലേക്കു് കടക്കുന്നതിനു മുൻപു് ചില ചോദ്യങ്ങൾ. നിനക്കു് വായന ഇഷ്ടമാണോ? വാക്കുകൾ, കഥകൾ… അവ നിന്നെ എപ്പോഴെങ്കിലും ആഹ്ലാദിപ്പിച്ചിട്ടുണ്ടോ?
ഞാൻ ഒരു നിമിഷം പതറിപ്പോയി. അക്ഷരങ്ങളോ, വാക്കുകളോ, കഥകളോ എന്നെ ആഹ്ലാദിപ്പിച്ച ഒരവസരം പോലും ഓർത്തെടുക്കാൻ എനിക്കായില്ല. എന്റെ സഹപാഠികൾ വായനയുടെ ലഹരിയിൽ മുഴുകിയിരുന്നപ്പോൾ ഞാനും എന്റെ ആളുകളും തെരുവിലായിരുന്നു. ഞങ്ങളുടെ മേൽ അക്ഷരങ്ങൾക്കു പകരം ബാറ്റണുകളും ടിയർ ഗ്യാസ് ഷെല്ലുകളും വെടിയുണ്ടകളും പതിക്കുകയായിരുന്നു.
എന്റെ കുലം, വർഗ്ഗം എന്നിവ കാരണം ഞാൻ അനുഭവിച്ച അപമാനത്തിന്റെ നൂറു കണക്കിനു് കഥകൾ എനിക്കു പറയാൻ കഴിയും, പക്ഷേ, അവയൊന്നും ഒരു പുസ്തകത്തിലും എഴുതിവെക്കപ്പെട്ടിട്ടില്ല.
“ബിബ്ലിയോ തെറപ്പി,” തെറപ്പിസ്റ്റ് പറഞ്ഞു. “അതാണു് നിനക്കു് കമാൻഡർ വിധിച്ചിട്ടുള്ളതു്. പുസ്തക ചികിത്സ. കാരണം, പുസ്തകങ്ങൾക്കു് ഒരു മനുഷന്റെ ജീവിതം മാറ്റി മറിക്കാൻ കഴിയും; ഈ ലോകത്തെ തന്നെ പരിവർത്തിപ്പിക്കാൻ കഴിയും.”
ഞാൻ തെറപ്പിസ്റ്റ് ചൂണ്ടിക്കാട്ടിയ ലൈബ്രറി ഹാളിലേക്കു നോക്കി.
എണ്ണമില്ലാത്ത പുസ്തകങ്ങൾ നിറച്ച അലമാരകളാൽ ചുറ്റപ്പെട്ടു് കുറേ ആളുകൾ പുസ്തകങ്ങൾ വായിക്കുന്നുണ്ടായിരുന്നു. ഓരോരുത്തരുടെ മുന്നിലും കത്തിച്ചു വച്ച മെഴുകുതിരി നിശബ്ദമായി വായനക്കു് ചൂടും വെളിച്ചവും പകർന്നു കൊണ്ടിരുന്നു. ഏകദേശം പത്തമ്പതു് വായനക്കാരെങ്കിലും അവിടെ ഇരിക്കുന്നുണ്ടെന്നു് ഞാൻ കണക്കുകൂട്ടി. അവരിൽ വൃദ്ധരും, കുട്ടികളും, സ്ത്രീകളും, യുവാക്കളും ഉണ്ടായിരുന്നു. എല്ലാവരുടേയും വേഷം രാത്രിയുടെ കറുപ്പിനെ ആട്ടിയോടിക്കുന്ന തരം വെളുത്ത നീളൻ കുപ്പായങ്ങളായിരുന്നു. വായനക്കാരിലൊരാളും പുസ്തകത്തിൽ നിന്നു് ഒരിക്കലെങ്കിലും കണ്ണുയർത്തി നോക്കിയില്ല. താളുകൾ മറിയുന്ന സംഗീതം സെല്ലിനകത്തു് കിടന്നു് ഞാൻ സ്വപ്നം കാണാറുള്ള കടലിന്റെ ഇരമ്പൽ ഓർമ്മിപ്പിച്ചു.
ലൈബ്രറിയിലെ അന്തേവാസികളുടെ ഇനീഷ്യലുകളും, കുറ്റങ്ങളും, അവർ വായിക്കുന്ന പുസ്തകങ്ങളുടെ വിവരങ്ങളും, അവരുടെ വായന പുരോഗതി കാണിക്കുന്ന കണക്കുകളും ഒരു വലിയ ബോർഡിൽ എഴുതി വെച്ചിട്ടുണ്ടായിരുന്നു. പുസ്തകങ്ങളുടെ പേരിനു പകരം അക്കങ്ങളാണു് കൊടുത്തിരുന്നതെന്നു് ഞാൻ ശ്രദ്ധിച്ചു. പട്ടികയിലെ അവസാനത്തെ വരിയിൽ എന്റെ പേരും പുസ്തകത്തിന്റെ നമ്പറും.
“ഈ പുസ്തകങ്ങളെല്ലാം കമാൻഡർ തന്നെ എഴുതിയതാണെന്നു് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. എല്ലാവരും വായിക്കുന്നതു് ഒരേ പുസ്തകമല്ല. എല്ലാ പുസ്തകങ്ങളും എല്ലാവരും വായിക്കേണ്ടതുമില്ല. നിന്റെ രോഗാവസ്ഥക്കു് പരിഹാരമായി കമാൻഡർ നിർദ്ദേശിച്ചിട്ടുള്ള പുസ്തകം, ഇനിയുള്ള നാളുകളിൽ എല്ലാ ദിവസവും നീ വായിക്കണം. ആ കഥയുടെ എല്ലാ ഘടകങ്ങളും ഒരു മെക്കാനിക്കിനെ പോലെ അഴിച്ചു പണിഞ്ഞു് അതിലെ വരികൾക്കിടയിലൂടെ സഞ്ചരിക്കണം. വിട്ടുപോയവ മനസ്സിൽ പൂരിപ്പിക്കണം. അതിലെ കഥാപാത്രങ്ങളായി മാറണം. പുതിയ കഥാപാത്രങ്ങളെ സൃഷ്ടിക്കണം. അങ്ങനെ ആ ഒരു പുസ്തകം നീ ചെയ്ത കുറ്റകൃത്യത്തിനുള്ള മരുന്നായി സേവിക്കണം. വായനയുടെ ദിനങ്ങൾ പിന്നിട്ടു് ആ പുസ്തകവും നിന്റെ ജീവിതവും ഒന്നായി മാറുന്ന ദിവസം നിനക്കു് ഇവിടം വിട്ടു പോകാം. അപ്പോൾ നിന്റെ മനസ്സു് എല്ലാ അഴുക്കും കഴുകിക്കളഞ്ഞു് ഒരു സ്ഫടികപാത്രം പോലെ പ്രകാശിക്കും. നിന്റെ അധമഭൂതകാലം നിന്നെ പിന്നീടു് അലട്ടുകയില്ല. ലോകം മുഴുവൻ കൊതിക്കുന്ന, ഈ ലൈബ്രറിയുടെ മുദ്രപ്പത്രം കൈയിൽ കിട്ടുന്നതോടെ നിനക്കു മുന്നിൽ തുറക്കാത്ത വാതിലുകൾ ഉണ്ടാവുകയില്ല. അങ്ങനെ ഒടുവിൽ നീ സ്വതന്ത്രനാകും… ഒരു കാര്യം മാത്രം ഓർക്കുക,” ഒരു നിമിഷം തെറപ്പിസ്റ്റിന്റെ കണ്ണുകളിൽ നിന്നു് സൗമ്യത മാഞ്ഞു പോയി. “നിനക്കു് കൽപ്പിച്ചിട്ടുള്ള പുസ്തകം മാത്രമേ നീ വായിക്കാവൂ. ഈ ലൈബ്രറിയിലെ മറ്റു പുസ്തകങ്ങളിലോ മനുഷ്യരിലോ നിന്റെ താല്പര്യം പതിയാൻ പാടില്ല. ഒരു മനുഷ്യനു് ഒരു പുസ്തകം. അതാണു് ഇവിടുത്തെ രീതി.”
“എല്ലാം കമാൻഡറുടെ ദയ.” സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നേരിയ പ്രതീക്ഷയിൽ ഞാൻ തല കുനിച്ചു.
പിറ്റേ ദിവസം മുതൽ എന്റെ പുസ്തക വായന ആരംഭിച്ചു. മറ്റു് വായനക്കാരെ പോലെ വെളുത്ത നിറത്തിലുള്ള നീളൻ കുപ്പായവും ഏകഗ്രന്ഥവുമായി ഞാൻ കസേരയിൽ വന്നിരുന്നു. പുസ്തകത്തിൽ എഴുത്തുകാരന്റെ പേരോ കഥയുടെ പേരോ ഉണ്ടായിരുന്നില്ല. മറ്റു വായനക്കാരാരും തന്നെ എന്റെ സാന്നിധ്യം ഗൌനിക്കുകയോ അവരുടെ പുസ്തകത്തിൽ നിന്നു് കണ്ണെടുക്കുകയോ ചെയ്തില്ല. വായന കൊണ്ടു് ജീവിതത്തെ തിരിച്ചു പിടിക്കാനുള്ള ദൌത്യം ഏറ്റെടുത്തവരെ പോലെ അവർ വായിച്ചു മുന്നേറിക്കൊണ്ടിരുന്നു. പകലും രാത്രിയും എന്നില്ലാതെ എരിഞ്ഞു കൊണ്ടിരുന്ന മെഴുകുതിരികൾ നിസംഗമായി കണ്ണീർ പൊഴിച്ചു.
വായന തുടക്കത്തിൽ ക്ലേശകരമായിരുന്നു. അക്ഷരങ്ങൾ വാക്കുകളായും വാക്യങ്ങളായും മാറുന്ന പ്രക്രിയ അതീവ സങ്കീർണമായി അനുഭവപ്പെട്ടു. പലവട്ടം ഞാൻ വാക്കുകളിൽ മുടന്തി വീണു. ശ്രദ്ധ പാളി മനസ്സു് അനേകമനേകം ഓർമ്മകളിൽ പൊട്ടിച്ചിതറാൻ തുടങ്ങി. ഒന്നു രണ്ടു തവണ പുസ്തകം താഴെ വീണു് ലൈബ്രറിയുടെ ശാന്തത ഭേദിക്കുന്ന വിധം ഒച്ചയുണ്ടായി. പക്ഷേ, അപ്പോഴും എന്റെ സഹവായനക്കാർ എന്നെ ഗൌനിച്ചില്ല. ഹാളിന്റെ അങ്ങയെറ്റത്തുനിന്നു് സരോ മാത്രം എന്നെ നോക്കി ചിരിച്ചു. ഈ ലോകത്തു് ഒരു മനുഷ്യജീവിയെങ്കിലും എന്നെ കാരുണ്യത്തോടെ നോക്കുന്നുവല്ലോ എന്ന തോന്നൽ എന്നിൽ വീണ്ടും നിറഞ്ഞു.
അധികം വൈകാതെ വാക്കുകളും വാക്യങ്ങളും അപ്രത്യക്ഷമായി. പകരം എന്റേതു പോലെ ഏകാന്തവും പീഡനാഭരിതവുമായ ഒരു ജീവിതം തെളിയാൻ തുടങ്ങി. R എന്നായിരുന്നു അയാളുടെ പേരു്. എന്നെ പോലെ തന്നെ അയാളും ദാരിദ്ര്യവും അതു വഴിയുള്ള കൊടിയ അപമാനവും അനുഭവിച്ചിരുന്നു. ഭക്ഷണം കഴിക്കാനില്ലാതെ, ഒരു ലക്ഷ്യവുമില്ലാതെ, തെരുവുകൾ തോറും അയാൾ അലഞ്ഞു നടക്കുന്നതും പണം കടം വാങ്ങാൻ ആ വൃദ്ധയുടെ അടുത്തു പോകുന്നതും ഞാൻ വായിക്കുകയായിരുന്നില്ല; ജീവിക്കുക തന്നെയായിരുന്നു. അഥവാ ഭൂതകാലത്തിലെ മറ്റൊരു ഖണ്ഡം എന്റെ മുന്നിൽ പുനർജനിക്കുകയായിരുന്നു. S എന്ന യുവതിയുമായുള്ള അയാളുടെ സംഭാഷണം എന്റെ മനസ്സിനെ ഒരു ചുഴിയിലേക്കു് എടുത്തെറിഞ്ഞു. അയാളേക്കാൾ കൂടുതൽ ഞാൻ അവളെ സ്നേഹിക്കുന്നുണ്ടെന്നു് എനിക്കു തോന്നി.
ആ വൃദ്ധയേയും സഹോദരിയേയും അയാൾ കൊലപ്പെടുത്തുന്ന രംഗം എത്തിയപ്പോൾ എന്റെ ഹൃദയമിടിപ്പു കൂടി. മുഖം വിയർത്തു പക്ഷേ, വായന നിർത്തിയില്ല. ഏറെ പരിചിതമായ, ഒരിക്കൽ ആരംഭിച്ചു കഴിച്ചാൽ ഒന്നിനും തടുത്തു നിർത്താനാവാത്ത ഒരു വികാരത്തിന്റെ കൂറ്റൻ ജലശക്തിയിൽ അയാൾ അവരെ കൊല്ലുന്നതു് ഞാൻ എന്റേതെന്നതു പോലെ അനുഭവിച്ചു. കൊലപാതകത്തിനു ശേഷമുള്ള അയാളുടെ മാനസികാവസ്ഥയാകട്ടെ, എനിക്കു അതിലും പരിചയകരമായി തോന്നി. അയാളുടെ മാനസിക വ്യഥയെക്കുറിച്ചുള്ള ഓരോ വാക്യവും എന്റെ ഹൃദയം ഞെരിച്ചുടച്ചു. ഒടുവിൽ S-ന്റെ കാൽക്കീഴിൽ മുട്ടു കുത്തി ‘ഞാൻ നിന്റെ മുന്നിലല്ല ഈ ലോകത്തിന്റെ മുന്നിലാണു് മുട്ടുകുത്തുന്നതെന്നു്’ അയാൾ പറയുന്നതു് വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവസാനത്തെ വാക്യവും വായിച്ചു് ഞാൻ പുസ്തകം മടക്കി വെച്ചു. കണ്ണീർ വീണു് മെഴുകുതിരി കെട്ടു. മറ്റു് വായനക്കാർ എല്ലാം പിരിഞ്ഞു പോയിരുന്നു. ഹാളിൽ ഇരുട്ടു് വീണിരുന്നു. അങ്ങേയറ്റത്തു് സരോവിന്റെ മേശയിൽ മാത്രം ഒരു ചെറിയ വെളിച്ചം ഇനിയുള്ള എന്റെ ജീവിതത്തെ മുന്നോട്ടു് നയിക്കാനുള്ള മാർഗ്ഗദീപം പോലെ കത്തി നിന്നു.
അന്നു രാത്രി സരോ എന്റെ മുറിയിലേക്കു വന്നു. കിടക്കയിൽ അരികത്തിരുന്നു. എന്റെ കൈത്തലത്തിൽ അവളുടെ കൈകൾ അമർന്നപ്പോൾ ഞാനും ഒരു മനുഷ്യനാണെന്നു് എനിക്കു ബോധ്യമായി. ഞാൻ കുറേ നേരം അവളുടെ മടിയിൽ തല വച്ചു കിടന്നു. അവൾ ഒന്നും മിണ്ടാതെ എന്റെ മുടിയിഴകളിൽ വിരലോടിച്ചു. ഇടക്കെപ്പോഴോ, വിളക്കൂതിക്കളഞ്ഞു്, ചുണ്ടുകൾ പരസ്പരം കോർത്തു്, ഒറ്റ കുത്തും കോമയും വിടാതെ, ഞങ്ങൾ പരസ്പരം വായിക്കാൻ തുടങ്ങി. ലോകം ഏകശരീരമായി മാറി. ഒടുവിൽ, തളർന്നും നനഞ്ഞും കിടക്കുമ്പോൾ എന്റെ ചുമലിൽ മുഖമർത്തി അവൾ കരഞ്ഞതെന്തിനാണെന്നു് മാത്രം എനിക്കു മനസ്സിലായില്ല.
പിന്നീടുള്ള ദിവസങ്ങളിൽ കമാൻഡർ കല്പിച്ചു തന്ന ഏകഗ്രന്ഥം ഞാൻ തിരിച്ചും മറിച്ചും വായിച്ചു. ആ കഥയും കഥാപാത്രങ്ങളും എന്റെ ജീവിതം പോലെ പരിചിതമായിത്തുടങ്ങി. ആയിടക്കു്, അതേ മാറ്റങ്ങൾ പുറത്തും സംഭവിക്കുന്നതു പോലെ സഹവായനക്കാരിൽ ചിലർ എന്നെ നോക്കി ചിരിക്കാനും അടയാളപ്പെടുത്താനും തുടങ്ങി. ഒരു വൈകുന്നേരം അവരിൽ ഒരാളോടു്, ഭൂമിയുടെ അങ്ങേയറ്റം വരെ ചെന്നെത്തുന്ന കണ്ണുകളുണ്ടെന്നു് തോന്നിച്ച ഒരു ചെറുപ്പക്കാരനോടു്, ലൈബ്രറി നിയമങ്ങൾ ലംഘിച്ചു് ഞാൻ സംസാരിച്ചു:
“സുഹൃത്തേ, താങ്കൾ എന്തു് പുസ്തകമാണു് വായിച്ചു കൊണ്ടിരിക്കുന്നതു്?”
“ഞാൻ,” ചെറുപ്പക്കാരൻ ഒന്നു ചിരിച്ചു. അയാളുടെ കണ്ണുകൾ ഒന്നു കൂടി തീക്ഷ്ണമായി. “ഞാൻ മറക്കാനാണു് വായിക്കുന്നതു്,” അയാൾ പറഞ്ഞു. “അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ചതു മുതൽ വായിച്ച കഥകൾ എല്ലാം വായിച്ചു വായിച്ചു മറക്കണം. അങ്ങനെ ഒടുവിൽ ഒന്നും എഴുതാത്ത ഒരു വെള്ള കടലാസു പോലെ മനസ്സു് ശൂന്യമാക്കണം. അതാണു് എനിക്കു കല്പിച്ചിട്ടുള്ള ചികിത്സാവിധി. കാരണം ജീവിതത്തിന്റെ പൊരുൾ പുസ്തകങ്ങളിൽ തിരയുന്നതു് സ്വപ്നം കാണുന്നതു പോലെ വ്യർത്ഥമാണു്. ”
ഞാൻ ഒന്നും മനസ്സിലാകാതെ അയാളെ നോക്കി.
പിന്നീടുള്ള ദിവസങ്ങളിലും അതീവ ശ്രദ്ധയോടെ ഏകന്ഥം വായിച്ചുവെങ്കിലും ആദ്യമാദ്യം അനുഭവിച്ച സംതൃപ്തി എനിക്കു് ലഭിച്ചില്ല.
വൈകുന്നേരം പുസ്തക വായന കൊണ്ടു് തളർന്ന കണ്ണുകളുമായി ഞാൻ പുറത്തെ കാഴ്ച്ചകളിലേക്കു് നോക്കി നിന്നു. ആ നേരം ആകാശം കുറ്റകൃത്യങ്ങളുടെ ചോര പുരണ്ടു് ജ്വലിച്ചു നിൽക്കുന്നുയിരുന്നു. എത്ര കണ്ണീരു പെയ്താലും ആ ചോരപ്പാടുകൾ മാഞ്ഞു പോവുകയില്ലെന്നു് എനിക്കു തോന്നി. ഞാൻ അച്ഛനേയും അമ്മയേയും പെങ്ങളെയും ഓർത്തു. അവരെ ആളുകൾ തെരുവുകൾ തോറും ആട്ടിയോടിക്കുന്നതും ആ നശിച്ച നേരങ്ങളിൽ അവരുടെ ശാപവാക്കുകൾ എന്റെ നേർക്കു് തുപ്പുന്നതും ഞാൻ കണ്ടു.
അപ്പോൾ പതിനാലു വർഷത്തെ കഠിന തടവിനു ശേഷവും മെരുങ്ങാതെ കിടക്കുന്ന ഒന്നു് എന്റെയുള്ളിൽ മുക്രയിടുന്നതു് ഞാൻ അറിഞ്ഞു. ഭയം, എന്നെക്കുറിച്ചു തന്നെയുള്ള ഭയം, എന്റെ ആകാശത്തിൽ രാത്രി പോലെ പടരാൻ തുടങ്ങി. അവസാന സത്രത്തിൽ അഭയം തേടുന്ന ഒരുവനെ പോലെ ഞാൻ ധൃതിപ്പെട്ടു പുസ്തകത്തിലേക്കു മടങ്ങി. പുതിയൊരു മെഴുകുതിരി കത്തിച്ചു വച്ചു് വായന പുനഃരാരംഭിച്ചു.
പിറ്റേന്നു് ചികിത്സാ പുരോഗതി നിർണ്ണയിക്കാൻ തെറപ്പിസ്റ്റ് എന്നെ വിളിപ്പിച്ചു.
“ചികിത്സ തുടങ്ങുന്നതിനു മുൻപു് നിങ്ങളുടെ മുന്നിൽ ഉണ്ടായിരുന്നതു് ഒരു വെറും പുസ്തകമായിരുന്നു. ചികിത്സ തുടരുന്നതിനിടെ അതു് നിങ്ങൾക്കു് കഥയും ജീവിതവും ഒക്കെയായി മാറിത്തുടങ്ങി. ഇനി എന്നാണോ പുസ്ത്കം വീണ്ടും വെറും പുസ്തകമായി മാറുന്നതു് അന്നു് നിങ്ങളുടെ ചികിത്സ പൂർത്തിയാകും. നിങ്ങൾ ഒരു പുതിയ മനുഷ്യനാകും; മോചിതനാകും.” തെറപ്പിസ്റ്റ് പറഞ്ഞു.
എന്തെങ്കിലും പറയും മുൻപു് സരോ വന്നു് എന്നെ കൂട്ടിക്കൊണ്ടു പോയി. അന്നു മുഴുവൻ മനസ്സു് അസ്വസ്ഥമായിരുന്നു. പുസ്തകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനേ എനിക്കു കഴിഞ്ഞില്ല. ആരോടെങ്കിലും രണ്ടു് വാക്കു് സംസാരിക്കാൻ ഞാൻ വെമ്പി. ഇതു വരെ വായിച്ചതു മുഴുവൻ മറക്കാൻ ശ്രമിക്കുന്ന ആ ചെറുപ്പക്കാരനെ എല്ലായിടത്തും തിരഞ്ഞെങ്കിലും അയാളെ എവിടെയും കണ്ടില്ല. അയാളുടെ സീറ്റിൽ മുൻപു് കണ്ടിട്ടില്ലാത്ത ഒരു വൃദ്ധ ഇരുന്നു് വായിക്കുന്നുണ്ടായിരുന്നു.
ഞാൻ ചെന്നു് സരോയോടു് ആ ചെറുപ്പക്കാരനെക്കുറിച്ചു് അന്വേഷിച്ചു. അവൾ മറുപടി പറയാതെ പുതുതായി ലൈബ്രയിൽ വന്നു ചേർന്ന പുസ്തകങ്ങളുടെ കവർ പേജുകൾ വലിച്ചു കീറി, പകരം കമാൻഡറുടെ ചിത്രമുള്ള പുറംചട്ടകൾ ഒട്ടിച്ചു ചേർത്തു കൊണ്ടിരുന്നു. ആ ചെറുപ്പക്കാരൻ സ്വതന്ത്രനായിക്കാണുമെന്നു് ഞാൻ പ്രത്യാശ പ്രകടിപ്പിച്ചപ്പോൾ അവൾ ഇമവെട്ടാതെ എന്നെ നോക്കി.
രാത്രി സരോ വന്നപ്പോൾ ചെറുപ്പക്കാരന്റെ സീറ്റിൽ പുതുതായി വന്ന വൃദ്ധയെക്കുറിച്ചു് ഞാൻ സരോയോടു് ചോദിച്ചു.
“ഈ ലോകം ഒരു വലിയ ഗ്രന്ഥശാലയാണെന്ന ഒറ്റ വാചകം മാത്രമുള്ള ഒരു പുസ്തകമാണു് അവർ വായിച്ചു കൊണ്ടിരിക്കുന്നതു്. അത്ര മാത്രമേ എനിക്കറിയാവൂ. നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന പുസ്തകത്തെപ്പറ്റി തെറപ്പിസ്റ്റ് പറഞ്ഞതു് നേരാണു്. പക്ഷേ, അതു് നിങ്ങളിപ്പോൾ, ജീവിതത്തിനും മരണത്തിനും ഇടക്കെന്നപോലെ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകമല്ല.”
“പിന്നെ?” ഞാൻ അവളുടെ കൈകളിൽ പിടി മുറുക്കി. “ചികിത്സ കഴിയുമ്പോൾ, രോഗം മാറിയെന്നു് ബോധ്യപ്പെട്ടാൽ കമാൻഡറുടെ ചിത്രമുള്ള കടലാസിൽ തെറപ്പിസ്റ്റ് ചാർത്തിത്തരുന്ന ഒരു മുദ്രപത്രമുണ്ടു്. Certificate of Freedom. ഒരു താൾ മാത്രമുള്ള, ഒരു പുസ്തകം. നിങ്ങളുടെ ജീവിതക്കുറി മറ്റൊരു ലോകത്തിലേക്കുള്ള നിങ്ങളുടെ പാസ്പോർട്ട് ആണതു്. അതാണു് നിങ്ങളുടെ യഥാർത്ഥ പുസ്തകം. ജീവിതത്തേക്കാൾ വിലപിടിപ്പുള്ള ജീവചരിത്രം.”
“സത്യം പറ. ഇവിടെനിന്നു് ആ സർട്ടിഫിക്കറ്റും വാങ്ങി ആരെങ്കിലും പുറത്തിറങ്ങിയിട്ടുണ്ടോ?” ഞാൻ ചോദിച്ചു.
പെട്ടെന്നു് ഞങ്ങളുടെ സംഭാഷണം മറ്റാരോ കേൾക്കുന്നുണ്ടെന്ന പോലെ ഭയന്നു് സരോ എഴുന്നേറ്റു. വസ്ത്രങ്ങൾ നേരെയാക്കി, യാത്ര പോലും പറയാൻ നിൽക്കാതെ മുറിവിട്ടു പോയി.
ഉറക്കം വരാതെ ഞാൻ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അത്താഴം തണുത്തു. കിടന്നു. ഈ ലൈബ്രറിയിലെ സകല സംഗതികളെക്കുറിച്ചുമുള്ള സംശയം എന്നിൽ നുരഞ്ഞു.
ഞാൻ പതുക്കെ മുറിക്കു പുറത്തു കടന്നു. അങ്ങിങ്ങായി കൊളുത്തി വച്ചിരുന്ന മെഴുകു തിരികളുടെ വെളിച്ചത്തിൽ പുസ്തകഷെൽഫുകൾ വിചിത്രരൂപങ്ങളായി. എവിടെ നിന്നോ വീശിയ കാറ്റിൽ മെഴുകുതിരി നാളം ഉലഞ്ഞപ്പോൾ ലൈബ്രറിയുടെ ചുമരുകളിൽ കൂറ്റൻ നിഴലുകൾ പ്രേതങ്ങളെ പോലെ നൃത്തം ചെയ്യാൻ തുടങ്ങി. പെട്ടെന്നു് ആരുടെയോ ദയനീയമായ നിലവിളി കേട്ടു. ചെവിയോർത്തപ്പോൾ ഇടനാഴിയിൽ നിന്നു് ചങ്ങലയുടെ ശബ്ദം. വർഷങ്ങൾ ചിലവഴിച്ച, ലേസർ രശ്മികൾ കാവൽ നിൽക്കുന്ന തടവറയിൽ ആയുധധാരികളായ ഗാർഡുകൾ തടവുകാരെ വലിച്ചിഴച്ചു കൊണ്ടു പോകാറുള്ളതു് എന്റെ മനസ്സിലേക്കു വന്നു.
ഞാൻ വിറളി പിടിച്ച ഒരു മൃഗത്തെ പോലെ ഇടനാഴിയിലൂടെ ഓടി. വാതിലുകൾ ഒന്നൊന്നായി തള്ളിത്തുറന്നു് തെറപ്പിസ്റ്റിന്റെ മുറിയിലെത്തി. വൃത്തിയായി അടുക്കി വെച്ച പുസ്തകങ്ങൾക്കു പിന്നിൽ തെറപ്പിസ്റ്റ് ഇരിപ്പുണ്ടായിരുന്നു.
തെറപ്പിസ്റ്റ് എന്നെ തലയുയർത്തി നോക്കി. കൈകൾ കൂട്ടിത്തിരുമ്മി. തെറപ്പിസ്റ്റിന്റെ മുഖത്തു് സൗമ്യതയുടെ ഒരു കണിക പോലുമില്ലായിരുന്നു.
“ഈ ലൈബ്രറിയിൽ നിന്നു് ഒരാൾ പോലും സ്വതന്ത്രനായി പുറത്തു പോയിട്ടില്ല. ഉണ്ടോ?” ഞാൻ കിതപ്പടക്കിക്കൊണ്ടു് ചോദിച്ചു.
“ബിബ്ലിയോ തെറാപ്പി പൊലുള്ള വിശിഷ്ടമായ ഒരു ചികിത്സാ വിധി എല്ലാ മൃഗങ്ങൾക്കും പറഞ്ഞിട്ടുള്ളതല്ല.” തെറപ്പിസ്റ്റ് പുച്ഛത്തോടെ പറഞ്ഞു.
“ഇതു് മറ്റൊരു തടവറ മാത്രമാണു്,” ഞാൻ പറഞ്ഞു. “പുസ്തകങ്ങൾ കൊണ്ടു തീർത്ത തടവറ.”
തെറപ്പിസ്റ്റിന്റെ മുഖം ക്രോധം കൊണ്ടു് ചുവന്നു.
“നീ ഇവിടുത്ത പ്രാഥമിക നിയമം തന്നെ ലംഘിച്ചിരിക്കുന്നു ഈ ലൈബ്രറിയുടെ നിയമങ്ങളേയും എന്നെയും ചോദ്യം ചെയ്യുക വഴി. നിനക്കിനി പോകാൻ ഒരിടമേയുളളൂ.”
“നിങ്ങൾ ഒരു വ്യാജ ലൈബ്രേറിയനാണു്. മറ്റാരുടേയോ പുസ്തകങ്ങൾ കമാൻഡറുടെ പേരിലാക്കുന്ന തട്ടിപ്പുകാരൻ.”
തെറപ്പിസ്റ്റ് കൈത്തലം ചുരുട്ടി മേശമേൽ ആഞ്ഞിടിച്ചു.
അപ്പോൾ, പതിനാലു വർഷങ്ങൾക്കു് മുമ്പൊരു രാത്രിയിൽ, ഇരുമ്പു മുട്ടിയിലേക്കു നീണ്ട എന്റെ വലതു കൈ, മേശപ്പുറത്തെ അറ്റം കൂർത്ത പുസ്തകങ്ങളിലൊന്നിലേക്കു് നീണ്ടു.
ആദ്യത്തെ അടിയിൽ തന്നെ തെറപ്പിസ്റ്റ് തറയിൽ വീണു. അയാളുടെ കണ്ണിലും മൂക്കിലും ചെവിയിലും ചോര വീഴ്ത്തിക്കൊണ്ടു് ഒരു തവണ കൂടി അടിച്ചു. പുസ്തകത്താളുകൾ കീറുന്നതു പോലെ ഞരക്കം കേട്ടു. ഒരു മൃഗത്തെ പോലെ, ദയനീയനായി, മുഖം കോട്ടി അയാൾ കിടക്കുന്നതു കണ്ടു് ഞാൻ അയാളുടെ മുഖത്തേക്കു് കാർക്കിച്ചു തുപ്പി. പുസ്തകം നിലത്തേക്കിട്ടു കൊണ്ടു് പറഞ്ഞു: “അതെ, ഒരു പുസ്തകത്തിനു് ഒരാളുടെ ജീവിതം മാറ്റി മറിക്കാൻ കഴിയും!”
പിന്നെ, ഒരു ഭ്രാന്തനെ പോലെ ഞാൻ തെറപ്പിസ്റ്റിന്റെ മുറിക്കു പുറത്തു കടന്നു. വാതിൽക്കൽ സരോ കാത്തു നിൽപ്പുണ്ടായിരുന്നു. പൂക്കുല പോലെ വിറച്ചു കൊണ്ടു് അവൾ ഒരു പുസ്തകം എനിക്കു നീട്ടി. അവൾ തല ഉയർത്തി നോക്കാത്തതു കാരണം അവളുടെ കണ്ണുകളിൽ അപ്പോഴും സ്നേഹമുണ്ടോ എന്നു് കാണാൻ എനിക്കു കഴിഞ്ഞില്ല.
ഞാൻ ഓടി ലൈബ്രറിയുടെ മുൻവശത്തെത്തി. സകല ശക്തിയുമെടുത്തു് വാതിൽ വലിച്ചു തുറന്നു…
ആ സമയം എന്റെ ചെവി തുളച്ചു കൊണ്ടു് ആദ്യത്തെ സൈറൺ മുഴങ്ങി. ലേസർ രശ്മികൾ കാവൽ നിൽക്കുന്ന, വർഷങ്ങളായി ഞാൻ കിടക്കുന്ന, സെല്ലിന്റെ ഇരുമ്പു വാതിലിലേക്കു് എന്റെ കണ്ണുകൾ ഉറക്കം ഞെട്ടി പിടഞ്ഞുണർന്നു.
നീലേശ്വരം സ്വദേശി. അമേരിക്കയിൽ ഐ ടി മേഖലയിൽ ജോലി ചെയ്യുന്നു. ഡിജാൻ ലീ, പ്രച്ഛന്നവേഷം എന്നീ നോവലുകളും ഓർമ്മച്ചിപ്പു് എന്ന കഥാസമാഹരവും പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
ചിത്രീകരണം: വി. പി. സുനിൽകുമാർ