ഭാവഗീതത്തിന്റെ ലളിതകാന്തികളിൽ നിന്നു് വിചാരശീലത്തിന്റെ പേശീബലത്തിലേക്കും വൈയക്തിക വിഷാദത്തിന്റെ ധൂമിലസങ്കല്പങ്ങളിൽ നിന്നു് സങ്കീർണ്ണമായ സാമൂഹിക ജീവിതയാഥാർത്ഥ്യങ്ങളുടെ സൂക്ഷ്മതകളിലേക്കും മുന്നേറിയ കവിതയാണു് ലളിതാ ലെനിന്റേതു്. സുഗതകുമാരിക്കു ശേഷം രംഗത്തു വന്ന കവയിത്രികളിൽ അന്നു് ശ്രദ്ധേയരായതു് ഒ. വി. ഉഷയും ലളിതാ ലെനിനും ആയിരുന്നു. ഉഷയുടെ കവിതകളിൽ ലിറിസിസത്തിന്റെ സാന്ദ്രതയും വിഷാദാത്മകമായ നിഗൂഢതയും മുന്നിട്ടുനിന്നു. ലളിതാ ലെനിന്റെ കവിതകളിലാകട്ടെ, ഭാവഗീതാത്മകതയുടെ ബാഹ്യഛായയ്ക്കുള്ളിൽ പ്രാദേശിക സംസ്കൃതിയുടെ സൂചകങ്ങളും ദ്രാവിഡീയമായ സൗന്ദര്യാനുഭവത്തിന്റെ ചിഹ്നങ്ങളും നേരിയ നിഴൽരൂപങ്ങളായുണ്ടായിരുന്നു. ചുറ്റുപാടുകളെ പാടേ മറന്നു പാടിയ ആത്മഗീതികളായിരുന്നില്ല ആ കവിതകൾ. കാവ്യകേന്ദ്രം സ്വാത്മാവാണെങ്കിലും, ലോകത്തെ സൂക്ഷ്മമായി നോക്കിക്കാണാനും പ്രതികരിക്കാനുമുള്ള പ്രവണതയും ലളിതാ ലെനിന്റെ കവിതകളിൽ അങ്കുരാവസ്ഥയിലുണ്ടായിരുന്നു.
1970-കളുടെ ആരംഭത്തിൽ മലയാള കവിതാ രംഗത്തു കടന്നുവന്ന കാലത്തുതന്നെ ലളിതാ ലെനിന്റെ കവിതകൾ അവയുടെ വ്യതിരിക്തത കൊണ്ടു് ശ്രദ്ധേയമായിരുന്നു. ആധുനികതാ വാദത്തിന്റെ സ്വരവൈചിത്ര്യങ്ങൾ നമ്മുടെ സാഹിത്യ രംഗത്തു് മുഴങ്ങിനിന്നിരുന്ന കാലമായിരുന്നു അതു്. ആ കാലത്തിന്റെ കാവ്യപ്രവണതകളെ തിരിച്ചറിഞ്ഞു കൊണ്ടുതന്നെ, അതിന്റെ വിഭ്രാമകതയിലേക്കു വഴുതി വീഴാതെ മുന്നോട്ടു പോകാൻ ലളിതാ ലെനിനു കഴിഞ്ഞു.ആ കാലയളവിലെ കവിതകളാണു് 1976 ൽ ‘കരിങ്കിളി’യിൽ സമാഹരിക്കപ്പെട്ടതു്.
എൺപതുകളുടെ തുടക്കം മുതലുള്ള ഒന്നൊന്നര ദശകക്കാലം ലളിതാ ലെനിന്റെ കാവ്യജീവിതത്തിൽ നീണ്ട നിശ്ശബ്ദതയുടെ ഇടവേളയായിരുന്നു. കേരളീയസാഹചര്യത്തിൽ തൊഴിലിടത്തിൽ പണിയെടുക്കുകയും ഭാര്യ, അമ്മ, കുടുംബിനി തുടങ്ങിയ നിലകളിലുള്ള ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്യേണ്ടിവരുന്ന എഴുപതുകാരി നേരിടുന്ന ഒരു അനിവാര്യ പ്രതിസന്ധിയാണു് ഇതു് എന്നു വരാം. അത്തരം പ്രാതികൂല്യങ്ങളെ അതിജീവിച്ചു് സർഗ്ഗോന്മേഷം വീണ്ടെടുക്കാൻ സമീപവർഷങ്ങളിൽ ലളിതാ ലെനിനു കഴിഞ്ഞു. 1995-ൽ ‘കർക്കിടകവാവു്’ എന്ന സമാഹാരം പുറത്തുവന്നതു് ഈ തിരിച്ചുവരവിനു് ആക്കം കൂട്ടി. ലളിതാ ലെനിന്റെ കാവ്യജീവിതത്തിനുണ്ടായ പുനരുജ്ജീവനത്തിനു്, മലയാള സാഹിത്യാന്തരീക്ഷത്തിൽ കഴിഞ്ഞ ദശകത്തിൽ ഉണ്ടായ അടിസ്ഥാനപരമായ ചില പരിവർത്തനങ്ങൾ സഹായകമായിട്ടുണ്ടാവണം. പ്രാന്തീകൃത ജീവിതാവസ്ഥകൾക്കും അതിനെ പ്രതിനിധാനം ചെയ്യുന്ന വിവിധ ശ്രേണികളിൽപ്പെട്ട മനുഷ്യർക്കും പ്രാധാന്യം ലഭിച്ച ഒരു പുതിയ ജനാധിപത്യാന്തരീക്ഷം സാഹിത്യത്തിലുണ്ടായി എന്നതാണാ പരിവർത്തനം. സാഹിത്യവിമർശനം സ്വായത്തമാക്കിയ പുതിയ സൈദ്ധാന്തികാവബോധം ഈ പരിവർത്തനത്തെ എടുത്തുകാട്ടാൻ മുതിരുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഏറ്റവും വികാസം നേടിയതു് സ്ത്രീപക്ഷസാഹിത്യമാണു്. ലളിതാ ലെനിന്റെ കാവ്യജീവിതത്തെ ഉന്മിഷത്താക്കാൻ ഈ അന്തരീക്ഷവും അതിന്റെ പങ്കു വഹിച്ചു.
വൈയക്തികമായ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ തലത്തിൽനിന്നു് സാമൂഹികവും വൈജ്ഞാനികവുമായി പ്രാമുഖ്യമുള്ള പ്രത്യയശാസ്ത്രമായി സ്ത്രീവാദം സമീപദശകങ്ങളിൽ വളർന്നു. ബഹുമുഖമായ സാധ്യതകളും പ്രേഷണരീതികളും അതു് വളർത്തിയെടുത്തു. അനുരഞ്ജനം മുതൽ അതിവാദം വരെയുള്ള ഒരുപാടു് ഇഴകൾ ആ ആശയധാരയിൽ കാണാനാകും. കഴിഞ്ഞ ദശകത്തിൽ സ്ത്രീവാദം ഇഴകൾ ആ ആശയധാരയിൽ കാണാനാകും. കഴിഞ്ഞ ദശകത്തിൽ സ്ത്രീവാദം വ്യക്തിപരമായ വിതാനത്തിൽ എഴുത്തുകാരികളുടെ ആത്മബോധത്തെ ത്വരിപ്പിക്കുക മാത്രമല്ല, സാമൂഹികമായ മാനങ്ങളുള്ള അന്വേഷണ പദ്ധതിയായി മലയാളത്തിലെ സർഗ്ഗസാഹിത്യത്തിൽ പടരുകയും ചെയ്തു. സുഗതകുമാരിയെപ്പോലെ പ്രതിഷ്ഠ നേടിയ കവികൾ പോലും ഏകാന്തവിഷാദങ്ങളെ ആവിഷ്കരിക്കുന്ന വൈയക്തികവും ഭാവാത്മകവുമായ രചനകളിൽനിന്നു്, പെണ്ണിനെ കേന്ദ്രീകരിച്ചു് സങ്കീർണ്ണമായ സാമൂഹിക–രാഷ്ട്രീയ സമസ്യകളെ നിശിതമായാവിഷ്കരിക്കുന്ന കവിതകളിലേക്കു മുന്നേറിയ കാലയളവാണിതു്.
ലളിതാ ലെനിന്റെ കവിതകളിൽ സ്ത്രീവാദനിലപാടു് സവിശേഷ രീതിയിലാണു് പ്രകടമാകുന്നതു്. അവർ ഫെമിനിസത്തെ വിധായകമായ (Positive) നിലയിലാണു് സ്വീകരിക്കുന്നതു്. ആ സിദ്ധാന്തത്തിന്റെ റാഡിക്കൽ സ്വഭാവമല്ല, അവരുടെ കവിതകളിൽ തെളിയുന്നതു്. വർത്തമാന യാഥാർത്ഥ്യത്തെ തിരിച്ചറിയാൻ ശ്രമിക്കുന്നതും സാമൂഹികോത്കണ്ഠ പുലർത്തുന്നതുമായ മനുഷ്യ സങ്കല്പമാണു് ലളിതാ ലെനിന്റേതു്. അതിലൂടെ അവർ രൂപീകരിക്കുന്ന കർത്തൃത്വം സ്ത്രീയെ മുൻനിറുത്തിയാകുന്നു എന്നുമാത്രം. അങ്ങനെ മൂർത്തീകരിക്കുന്ന സ്ത്രീ, വൈയക്തികമായ വികാരവിചാരങ്ങളുള്ളവളും ഭാര്യ, അമ്മ, കുടുംബിനി, തൊഴിലെടുക്കുന്നവൾ എന്നിങ്ങനെ പല വിതാനത്തിൽ ഉത്തരവാദിത്വങ്ങളുള്ളവളുമാണു്. അറിവുനേടാനും സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും സർഗ്ഗാത്മകത പ്രകടിപ്പാക്കാനും ചുറ്റുപാടുകളെ മാറ്റിത്തീർക്കാനും അവൾ തീവ്രമായി ഇച്ഛിക്കുന്നു. അതുകൊണ്ടുതന്നെ താൻ ജീവിക്കുന്ന ലോകത്തിന്റെ പലതരത്തിലുള്ള പ്രശ്നങ്ങൾ അവളുടെ ഉള്ളിൽ ചലനങ്ങൾ ഉണ്ടാക്കുന്നു; അത്തരം പ്രശ്നങ്ങൾ സ്ത്രീജീവിതത്തിന്റെ ദുരിതങ്ങളെയും ധർമ്മസങ്കടങ്ങളെയും കേന്ദ്രീകരിച്ചുള്ളവയാകുമ്പോൾ വിശേഷിച്ചും. യാഥാർത്ഥ്യത്തിന്റെ പൊരുളറിയാനും തന്നെത്തന്നെ വിചാരണ ചെയ്യാനുമുള്ള ഒരു മനോഭാവത്തിലെക്കു് അതു് അവളെ നയിക്കുന്നു. എന്നാൽ വർത്തമാനകാലത്തിന്റെ സങ്കീർണ്ണതകൾ ഇത്തരം ശ്രമങ്ങളെ കലുഷമാക്കുകയാണു്. ഈ അവസ്ഥയിൽ തന്നോടും സഹജീവികളോടും ചുറ്റുപാടുകളോടും താത്പര്യവും പ്രതീക്ഷയുമുള്ള ഒരാളെന്ന നിലയിൽ ലളിതാ ലെനിന്റെ കവിതകൾ ശാപഗ്രസ്തമായ ഈ കെടുകാലത്തിന്റെ നോവുകൾ വിങ്ങുന്ന പ്രാർത്ഥനകളായിത്തീരുന്നു.
അതുകൊണ്ടു തന്നെയാണു് ലളിതാ ലെനിന്റെ കവിതകൾ സ്ത്രീവാദപരമായ അതിവാദങ്ങളിലേക്കു പോകാതെ അതിന്റെ മൗലികമായ സാമൂഹികദർശനത്തിൽ കേന്ദ്രീകരിച്ചു മുന്നേറുന്നതു്. ചുറ്റുപാടുകളെയും സമകാലിക യാഥാർത്ഥ്യത്തെയും സഹജീവികളായ മനുഷ്യരുടെ പ്രശ്നങ്ങളെയും മനസ്സിലാക്കുമ്പോൾ, അവരിൽത്തന്നെ സ്ത്രീകൾ നേരിടുന്ന ദുരന്തങ്ങളെ ആഴത്തിൽ അറിയുമ്പോൾ ഈ എഴുത്തുകാരി ഉദ്വിഗ്നയാകുന്നു. മിക്കപ്പോഴും അതു് ഒരു അമ്മയുടെ ഉത്കണ്ഠകളായാണു് പ്രകാശിതമാകുന്നതു്. സ്ത്രീത്വത്തിന്റെ ഭിന്നമുഖങ്ങളിൽ ഭാര്യ,കാമുകി തുടങ്ങിയവയെക്കാൾ അമ്മയുടെ ഭാവമാണു് ലളിതാ ലെനിന്റെ കവിതകളിൽ പ്രകടം. ആ നിലയിൽ, പ്രേയസീവർഗ്ഗത്തിലല്ല, മാതൃവർഗ്ഗത്തിലാണു് ഈ എഴുത്തുകാരി ഉൾപ്പെടുന്നതു് എന്നു പറയാം. പഴയ മട്ടിലുള്ള ആദർശത്മകമായ മാതൃസങ്കല്പമല്ല, വർത്തമാന യാഥാർത്ഥ്യത്തെ തിരിച്ചറിയുന്നതിലൂടെ അനുഭവപരിപാകം വന്ന സ്ത്രീത്വത്തിന്റെ ഉൾക്കാഴ്ചകളാണു് അവരുടെ കവിതകളിൽ തെളിയുന്നതു്.
ഈ മനോഭാവത്തിന്റെ ആന്തരശ്രുതികൾ നേരത്തേതന്നെ രൂപപ്പെട്ടിരുന്നു. ‘കർക്കിടകവാവു്’ എന്ന സമാഹാരത്തിലെ ‘അമ്മയാവുക’ എന്ന കവിത, ഇന്നത്തേതു പോലെയുള്ള ഒരു കെട്ടകാലത്തു് അമ്മയായിരിക്കുക എത്ര വേദനാകരമാണു് എന്നു് വ്യക്തമാക്കുന്നുണ്ടു്. മുമ്പിലുള്ള പത്മവ്യൂഹങ്ങളെയും ചതിക്കുഴികളെയും തിരിച്ചറിയാതെ മകനോ മകളോ ജീവിതത്തിന്റെ സംഘർഷ ഭൂമിയിലേക്കു് ഇറങ്ങിച്ചെല്ലുമ്പോൾ, നൊന്തുപെറ്റ അമ്മയുടെ ഉത്കണ്ഠയും വേപഥുവും ആരറിയാൻ? പക്ഷേ, അപ്പോഴും അമ്മയാവാനേ അവൾക്കു കഴിയൂ. വേദനാനിർഭരമായ ആ അവസ്ഥയാണു് ലളിതാ ലെനിന്റെ കവിതയ്ക്കു് ഊർജ്ജം നല്കുന്നതു്.
അമ്മ നേരിടുന്ന ഇത്തരം ആത്മസംഘർഷങ്ങളുടെയും മനഃപീഡകളുടെയും ഒരു മുഖമാണു് ‘അരുന്ധതി’ യിൽ ആവിഷ്കൃതമാകുന്നതു്. അച്ഛന്റേയും അമ്മയുടേയും കൈക്കൂട്ടിൽനിന്നു് മോചിതയായി സ്വതന്ത്രാസ്തിത്വം തേടുന്ന മകൾ ഇന്നത്തെ കാലത്തിന്റെ ചതിപ്പാതകളുടെ സത്യമറിയാതെ എടുത്തുചാടുന്നതു കാണുമ്പോൾ അമ്മയ്ക്കുണ്ടാകുന്ന നൊമ്പരങ്ങളും ആശങ്കകളും ഉത്കണ്ഠകളുമാണതിൽ തെളിയുന്നതു്. ഇന്നു് മകന്റെ/ മകളുടെ ദുഃഖമെന്തെന്നു് അറിയാനോ മനസ്സിലാക്കാനോ അമ്മയ്ക്കു് ആവുന്നില്ല. മക്കളുടെ മനസ്സു് അമ്മയ്ക്കു് അറിയാൻ കഴിയില്ലെങ്കിൽ പിന്നെ ആർക്കു് അറിയാനാകും? ഇന്നു് സമൂഹത്തിന്റെ ചില വിതാനങ്ങളിലെങ്കിലും പെണ്ണിനു് കുറെയൊക്കെ സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവസരവും ലഭിക്കാറുണ്ടു്. അവിടേക്കു് ഉത്സാഹത്തോടെ കുതിച്ചിറങ്ങിച്ചെല്ലുന്ന പെൺകുട്ടിയെ കാണുമ്പോൾ, അവളെ കാത്തിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചോർത്തു് അമ്മ അസ്വസ്ഥയാകുന്നു. ആ അസ്വാസ്ഥ്യത്തിൽനിന്നും സങ്കടത്തിൽനിന്നുമാണു് ‘അരുന്ധതി’ രൂപംകൊള്ളുന്നതു്.
എന്താണു് തെറ്റു്, എന്താണു് ശരി എന്നു് സരളമായി വേർതിരിക്കാനോ വിവേചിച്ചറിയാനോ ആവാത്തവിധത്തിൽ തെറ്റ്/ശരി ദ്വന്ദ്വം എപ്പോഴും നമ്മോടൊപ്പമുണ്ടു്. അതു് സങ്കീർണ്ണമായ സാമൂഹിക യാഥാർത്ഥ്യങ്ങൾക്കു മുമ്പിൽ നമ്മെ സന്ദിഗ്ദ്ധമനസ്കരാക്കുന്നു. അവയെ വേർതിരിച്ചറിയാനുള്ള സൂക്ഷ്മജാഗ്രത പുലർത്തുമ്പോഴും അതിനു കഴിയാതെ വരുന്നു. ഈ യാഥാർത്ഥ്യത്തെപ്പറ്റി ‘തെറ്റും ശരിയും’ എന്ന കവിതയിൽ ഇങ്ങനെ എഴുതുന്നു:
“ഇരട്ടപെറ്റ തെറ്റും ശരിയും
ഊടുവഴിയിൽ ഉരുമ്മിനിന്നു്
കറുപ്പും വെളുപ്പും തുന്നിയ
തോരണം തൂക്കുമ്പോൾ
കർമ്മകാണ്ഡങ്ങളുടെ അർത്ഥമറിയാതെ
ഞാൻ അമ്പരന്നു നില്ക്കുന്നു.”
ഇതു് തിരിച്ചറിയുന്നതു കൊണ്ടു് യാഥാർത്ഥ്യത്തിന്റെ മുമ്പിൽനിന്നു് ഓടി ഒളിക്കുന്നില്ല കവി; ആ സത്യത്തിന്റെ മുമ്പിൽനിന്നുകൊണ്ടു് ജീവിതത്തിന്റെ അനിവാര്യതകളെ നേരിടുന്നു.
ഈ ഭൂമികയിൽ രൂപംകൊള്ളുന്ന ലളിതാ ലെനിന്റെ കവിതകളിൽ പെണ്മയുടെ ജനിതകങ്ങൾ പ്രകാശിതമാകുന്നു. ജീവശാസ്ത്രപരമായി ജനിതകം പാരമ്പര്യമുദ്രയായി ജന്മങ്ങളിൽ പിന്തുടരുന്നു; സാമൂഹികമായ പാരമ്പര്യമാകട്ടെ കെട്ടുപാടുകളായി പെണ്മയെ തളച്ചിടുന്നു. ഈ ദ്വിമുഖസംഘർഷത്തിന്റെ അടയാളങ്ങൾ ലളിതാ ലെനിന്റെ കവിതകളിലുണ്ടു്. പാരമ്പര്യം നമ്മുടെ സ്ത്രീജീവിതത്തെ പ്രഹതപഥങ്ങളിൽ കണ്ണുകെട്ടി നയിക്കുന്നതിനെ വിമർശനാത്മകമായി പരിശോധിക്കുന്ന കവിതകൾ പലതും അക്കൂട്ടത്തിലുണ്ടു്. അതു് ലളിതാ ലെനിൻ അഴിച്ചു പരിശോധിക്കുന്നു.
‘സീതയുടെ നിഴൽ’ എന്ന കവിത നോക്കുക: ഉത്തമസ്ത്രീത്വത്തിന്റെ വിശിഷ്ടമാതൃകയായി ഭാരതീയ സമൂഹം നൂറ്റാണ്ടുകളായി ഉയർത്തിക്കാണിക്കുന്ന സീതയുടെ നിഴൽ എങ്ങനെ ഇന്നത്തെ സ്ത്രീയുടെ ജീവിതത്തെ നിയന്ത്രിക്കുന്നു എന്ന അന്വേഷണമാണു് അതിലുള്ളതു്.
“ഇത്ര ചെറിയ നിഴൽകൊണ്ടു്
പ്രപഞ്ചം മുഴുവൻ പുതപ്പിക്കാൻ
സീതയ്ക്കെങ്ങനെ കഴിഞ്ഞു?
***
ഈ നിഴലിനപ്പുറത്തേക്കു്
ഒരിക്കലെങ്കിലും
സത്യമന്വേഷിച്ചു് ഒരു ചുവടു്!
ഒരു ചുവടെങ്കിലും
വയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ!”
ഈ പ്രാർത്ഥനയുടെ പിന്നിലും തുടിക്കുന്നതു് പാരമ്പര്യത്തിന്റെ ബന്ധനങ്ങളെ വിവേചിച്ചുകൊണ്ടു് പെണ്മയ്ക്കു മേലുള്ള സാമൂഹികമായ വിലക്കുകളെ വിമർശിക്കുവാനുള്ള ത്വരയാണു്.
പാരമ്പര്യത്തിന്റെ ചിരധാരണകളെ മുൻനിറുത്തിയുള്ള മറ്റൊരു വിചാരണയാണു് ‘കൺകെട്ടു്’ എന്ന കവിത. ഗാന്ധാരിയെ കേന്ദ്രമാക്കി എഴുതിയിട്ടുള്ള ഈ കവിതയിൽ മാതൃത്വത്തെക്കുറിച്ചും സതീത്വത്തെക്കുറിച്ചുമുള്ള സങ്കല്പങ്ങൾ സംഘർഷപ്പെടുന്നു. അന്ധനായ ഭർത്താവിന്റെ സഹധർമ്മചാരിണിയാകാൻ ദാമ്പത്യത്തിലുടനീളം കണ്ണുകെട്ടി അന്ധത സ്വയം വരിച്ചവളാണു് ഗാന്ധാരി. പക്ഷേ, അതു് അവളുടെ ജീവിതത്തിൽ അനിവാര്യമായ മറ്റൊരു ദുരന്തത്തിനു വഴിതെളിച്ചു. സതീത്വസംരക്ഷണത്തിനായി കണ്ണുകെട്ടിയ അവൾക്കു് പുത്രന്മാർക്കു് അർഹമായ വാത്സല്യം കൊടുക്കാൻ കഴിഞ്ഞില്ല. ആ വാത്സല്യനഷ്ടത്താലാവാം അവളുടെ പുത്രന്മാർ ധൂർത്തന്മാരായിത്തീർന്നതു്. ആ അറിവു് ഹൃദയത്തിലേറ്റിയ മുറിവു് വിങ്ങുമ്പോഴും അവളറിയുന്നു, കണ്ണുകെട്ടിയ കറുത്ത തൂവാല തനിക്കു വലിച്ചെറിയാനാവില്ലെന്നു്. ഒപ്പം മറ്റൊന്നുകൂടി അവളറിയുന്നു, കന്യാദാനത്തിനും കന്യാദഹനത്തിനും അഗ്നി ഒന്നുതന്നെയെന്നു്. സത്യം തിരിച്ചറിയുമ്പോഴും അതിനുമറയിടുന്ന തിരശ്ശീല വലിച്ചുമാറ്റാൻ കഴിയാത്തവിധം വ്യവസ്ഥാപിതമൂല്യങ്ങളാൽ പാരമ്പര്യശക്തികളാൽ ബന്ധിതയാണു് ഇന്നത്തെ പെണ്മയെന്നു് ഈ കവിത വെളിവാക്കുന്നു.
ഇക്കാലത്തു് അപൂർവ്വമായെങ്കിലും സാവിത്രിക്കു് സത്യവാന്റെ വളർത്തുകൂട്ടിൽനിന്നു് സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്കു പറന്നുയരാനാകുന്നുണ്ടു്. പലപ്പോഴും അവൾക്കു് അതിനു ചിറകു നല്കുന്നതു് അയാൾ തന്നെയാണു്. അവൾ താൻ നല്കിയ ചിറകുകളുമായി പറന്നുയർന്നു കഴിയുമ്പോൾ, ആ യാഥാർത്ഥ്യത്തിനു മുമ്പിൽ അയാൾ ഹതാശനാകുന്നു. തളർന്നവശനായി കട്ടിലിൽ വീണു കഴിയുമ്പോഴാണു്, അവളുടെ ഹൃദയത്തിൽ വരിഞ്ഞുകെട്ടിയ ഉരുക്കുനൂലിന്റെ മറ്റേ തല അവൾതന്നെ കട്ടിൽക്കാലിൽ ബന്ധിച്ചിരിക്കുന്നതു് അയാൾ കാണുന്നതു്. സ്വാതന്ത്ര്യത്തിലേക്കു പറക്കുമ്പോഴും കുടുംബബന്ധത്തിന്റെയും ദമ്പതീപ്രേമത്തിന്റേയും അദൃശ്യമായ ശൃംഖലകൾ അവൾതന്നെ നിലനിറുത്തുന്നു എന്നാണിവിടെ സൂചന. ബന്ധങ്ങൾ എന്ന ബന്ധനത്തിന്റെ അനിവാര്യത ജീവിതത്തിലുണ്ടു് എന്ന തിരിച്ചറിവു് അതിലുണ്ടു്. ഇങ്ങനെ ഒട്ടേറെ കവിതകളിൽ മുഖ്യപ്രമേയമായോ ആനുഷംഗികമായോ സ്ത്രീത്വം നേരിടുന്ന വർത്തമാനകാല സമസ്യകളെ പുരാവൃത്തങ്ങളുമായി പാഠാന്തരബന്ധം പുലർത്തിക്കൊണ്ടു് ലളിതാ ലെനിൻ നിർദ്ധാരണം ചെയ്യുന്നു.
സമൂഹത്തിന്റെ ഏറ്റവും ചെറിയ ഏകകമായ കുടുംബത്തിന്റെ അടിസ്ഥാനഘടകം സ്ത്രീപുരുഷ ദ്വന്ദ്വമാണു്. അവിടെ സംഘർഷമുണ്ടാവുക സ്വാഭാവികം. ആ ഘർഷണത്തിൽ നിന്നു് ഉതിരുന്ന തീ ആരെങ്കിലുമൊരാൾ വിഴുങ്ങിയില്ലെങ്കിൽ കുടുംബംതന്നെ ശിഥിലമായിത്തീരും. ഇന്നത്തെ സാഹചര്യത്തിൽ ഏതാണ്ടെല്ലായ്പോഴും സഹനത്തിന്റെ തീവിഴുങ്ങിപ്പക്ഷിയാകുന്നതു് പെണ്ണു തന്നെ. അതു് അവളിൽ അറിയാതെ പ്രതിഷേധത്തിന്റെ ഒരു കനൽ സൂക്ഷിക്കുന്നു. ആ കനൽക്കണ്ണിലൂടെ സ്വത്വവിചാരണ നടത്തുന്ന കവിതയാണു് ‘തീവിഴുങ്ങിപ്പക്ഷി.’
സ്ത്രീജീവിതത്തിനു മേൽ വർത്തമാനകാലം ചൊരിയുന്ന ദുരിതങ്ങൾക്കും ദുരന്തസാധ്യതകൾക്കും നേരെയുള്ള ഉത്കണ്ഠ ലളിതാ ലെനിന്റെ കവിതകളിൽ ഉടനീളം തുടരുന്നുണ്ടു്. അതു് അത്യന്തം വൈവിദ്ധ്യമാർന്ന രൂപഭാവ ക്രമങ്ങളിലാണു് പ്രകാശിതമാകുന്നതു്. ‘മാനം’ എന്ന കവിതയിൽ അതു് തൊട്ടടുത്തു നടന്ന ഒരു യഥാർത്ഥ സംഭവത്തിൽനിന്നു് വികസിച്ചതാകുന്നു. എന്നാൽ ഏതാണ്ടു് അതേ പ്രമേയം ‘കുഞ്ഞിപ്പെങ്ങൾ’ എന്ന കവിതയിൽ നാടൻപാട്ടിന്റെ ഘടനയിൽ വാർന്നുവീഴുന്നു. നമ്മുടെ നാടൻപാട്ടുകളിലും നാട്ടുമൊഴിക്കഥകളിലുമൊക്കെ ഏഴാങ്ങളമാരുടെ കുഞ്ഞിപ്പെങ്ങൾ അരുമയായ കഥാപാത്രമാണു്. അവൾ വാത്സല്യംകൊണ്ടു് ഒതുങ്ങിപ്പോകുന്നവളാണു്; അറിവിന്റെയും അനുഭവത്തിന്റെയും അഭാവത്തിൽ ജീവിതയാഥാർത്ഥ്യത്തെ നേരിടാൻ പാകമാകാത്തവളാണു്. അങ്ങനെയുള്ള എല്ലാ പെൺകുട്ടികളുടെയും കഥയാണതു്. ‘കുഞ്ഞിപ്പെങ്ങൾ’ എന്ന കല്പനയുടെതന്നെ സാംഗത്യം അതാണു്. ഈ സങ്കല്പത്തിനു് ഇന്നത്തെ യാഥാർത്ഥ്യത്തിന്റെ പശ്ചാത്തലത്തിൽ വരാവുന്ന തകർച്ചയെ വിരുദ്ധോക്തി പ്രധാനമായ ധ്വനിയുണർത്തുംവിധം നാടൻപാട്ടിന്റെ ഈണവും ഛായയും നല്കി അവതരിപ്പിച്ചിരിക്കുകയാണു് ഈ കവിതയിൽ.
നമ്മുടെ സമൂഹം നേരിടുന്ന മറ്റു ചില ഗാഢമായ പ്രശ്നങ്ങളും ലളിതാ ലെനിന്റെ കവിതകളിൽ പ്രമേയമാകുന്നുണ്ടു്. ആഗോളവത്കരണം സൃഷ്ടിക്കുന്ന ഉപഭോഗസംസ്കാരം ജീവിതത്തെ ബഹിർഭാഗസ്ഥവും ആത്മശൂന്യവും ആക്കിത്തീർക്കുന്നതിന്റെ നേരെയുള്ള ഉത്കണ്ഠയാണു് ‘വിനോദസഞ്ചാരി’ എന്ന കവിതയിലുള്ളതു്. വിനോദസഞ്ചാര വികസനം ആത്യന്തികമായി പ്രകൃതിയെയും പെണ്മയെയും അതുവഴി ജനതയെയാകെത്തന്നെയും ചൂഷണം ചെയ്യുകയാണല്ലോ. ഇതു് പലപ്പോഴും സംഭവിക്കുന്നതു് പരോക്ഷമായിട്ടാകയാൽ, തൊട്ടുമുമ്പിൽ കിലുങ്ങുന്ന നാണയപ്രകാശത്തിൽ അതു നാം മറന്നുപോകുന്നു. ചൂഷകശക്തിയുടെ കേന്ദ്രബിംബമായി കഴുകനെ അവതരിപ്പിക്കുന്ന ആ കവിതയിൽ, അവൻ ജന്മാന്തരപാപസ്മൃതിയിലേക്കു കൂകിയുണർത്തുന്ന കാലൻപക്ഷിയാണു്. കളകാകളികൾ കൊണ്ടു് നമ്മെ ആഹ്ലാദിപ്പിക്കുന്ന നമ്മുടെ നാടൻകിളികളുടെ കൂട്ടത്തിൽപ്പെട്ടവനല്ല ആ കാലൻപക്ഷി.
“വൻകരകളെ കരിഞ്ചിറകിനാൽ മൂടി
കടലുകളെ ക്ഷുദ്രപദംകൊണ്ടളന്നു്
ഇന്റർനെറ്റിന്റെ ഇടനാഴികളിലൂടെ
പ്രേതവേഗത്തിൽ
അരൂപിയായി പറന്നുവീണു്
അനക്കമറ്റ ഞങ്ങളുടെ ജലാശയത്തിൽ
നിൻ നിലയില്ലാ ശബ്ദം
മുക്കിളിയിട്ടു് മുഴങ്ങുന്നു.”
ഇങ്ങനെ അവന്റെ വിശ്വരൂപത്തെ തിരിച്ചറിയാൻ കഴിയുന്നിടത്തു് കവിത ചരിത്രവത്കരിക്കപ്പെടുകയാണു്.
പല വിതാനത്തിൽ ലളിതാ ലെനിന്റെ കവിതകൾ കൂടുതൽ സമൂഹോന്മുഖവും വിചാരബലമുള്ളതും ആയിത്തീരുന്നതിന്റെ നിദർശനമാണു് ‘നമുക്കുപ്രാർത്ഥിക്കാം’ എന്ന കവിത. ഈ ശീർഷകത്തിൽ അടങ്ങിയിരിക്കുന്ന സൂചനകൾ അർത്ഥവത്താണു്. തന്റെ കവിതയുടെ കേന്ദ്രസ്ഥാനത്തു് ഏകാകിയായ വ്യക്തിസത്തയെ പ്രക്ഷേപിച്ചിരുന്ന ഈ എഴുത്തുകാരി അതിലേക്കു് കൂടുതൽ ഗാഢമായ സാമൂഹികസ്വരങ്ങളെ സ്വാംശീകരിച്ചു കൊണ്ടാണു് ‘നമുക്കു് ’ എന്ന പദം രൂപീകരിക്കുന്നതു്. തന്റേതു് ശാപഗ്രസ്തമായ കാലമാണു് എന്നു് കവിത അറിയുന്നു. കെടുകാലത്തിന്റെ തിന്മകളിൽനിന്നു് മാനുഷികതയുടെ നന്മ നിറഞ്ഞ കാലത്തിലേക്കുള്ള മാറ്റം കവിയുടെ സ്വപ്നമാണു്. അതിനുള്ള യത്നമാണു് പ്രാർത്ഥന. വാക്കിലൂടെയേ കവിക്കു് അതു സാധ്യമാവൂ. ആ വാക്കുകളാണു് പ്രാർത്ഥന. ഇവിടെ പ്രാർത്ഥന നിവർത്തനമല്ല, പ്രവർത്തനമാണു്. അതു് കവിതയാകുന്നു.
തന്റെ വാക്കിന്റെ സാധ്യതകളെക്കുറിച്ചും പരിമിതികളെക്കുറിച്ചുമുള്ള ഉത്കണ്ഠ, എപ്പോഴും ഈ കവിതതന്നെയാകുന്നു. അപ്പോൾ കവിതയുടെ സങ്കീർണ്ണഘടനയിൽ വാക്കു് സംവേദനത്തിനു സൃഷ്ടിക്കുന്ന പരിമിതിയെപ്പറ്റിയും അതു മറികടക്കാൻ കവിതയ്ക്കുള്ള കരുത്തിനെക്കുറിച്ചും ഉള്ള അന്വേഷണം പലപ്പോഴും ദാർശനികമായ മാനങ്ങൾ നേടുന്നു. ‘വാക്കിന്റെ വരി’ എന്ന കവിത ഇതിന്റെ അഭിവ്യക്തീകരണമാണു്. മനസ്സിന്റെ അനന്തമാനങ്ങളിൽനിന്നു് സത്യത്തിന്റെ അനുഭൂതിയും സൗന്ദര്യവും വാക്കിലേക്കു പകരുമ്പോഴും സംവേദനത്തിന്റെ പ്രകടതലങ്ങളിൽ വരിവരിയായി വാക്കുരുളുമ്പോഴും സത്യത്തിന്റെ സൗന്ദര്യം ചോർന്നുപോകുന്നുണ്ടോ എന്ന ആശങ്ക കവിയിൽ വർത്തിക്കുന്നുണ്ടു്. അപ്പോൾ അവശേഷിക്കുന്നതാകട്ടെ, ശിക്ഷണത്തിന്റെ ക്രമവും ശിക്ഷയുടെ സഹനവുമാണു്. മറ്റൊരു തലത്തിൽ വാക്കിന്റെ വരിയിൽ നിഹിതമായിരിക്കുന്നതു് അധികാരത്തിന്റെ ശക്തിയും മനുഷ്യന്റെ നിസ്സഹായതയും തന്നെയാണു്. വ്യവഹാരങ്ങളെയും അധികാരഘടനയെയും സംബന്ധിച്ച ഫൂക്കോയുടെ ജ്ഞാനസിദ്ധാന്തങ്ങളെ ഇതു് ഉദ്ബോധിപ്പിക്കുന്നു. മനുഷ്യന്റെ അഹംബോധത്തിൽനിന്നു ജനിച്ചു് ശക്തിപ്രാപിച്ചു് സംഘസ്മൃതികളിൽ തുളവീഴ്ത്തുന്ന അധികാരത്തിന്റെ ക്ഷുദ്രഭാവങ്ങൾക്കെതിരെ പൊരുതാൻ ആയുന്ന എല്ലാ ചിറകുകളെയും നിർജ്ജീവമാക്കുന്ന ഹുംകൃതികളുടെ കാലമാണിതു്. അവിടെ വാക്കിന്റെ വരിതെറ്റിച്ചു് പുതിയ എഴുന്നള്ളത്തു നടത്താൻ കവിതയ്ക്കു കഴിയുമോ? ശാസ്ത്രത്തിനു കണ്ടെത്താനായതും യുക്തിഭദ്രമായി പറഞ്ഞറിയിക്കാനായതും വളരെ കുറവാണു് എന്നറിയുന്ന ഈ കവിക്കു് അധികാരഘടനയുടെ വരിതെറ്റിക്കാൻ പോകുന്ന പുതിയ ഭാഷയെക്കുറിച്ചുള്ള സ്വപ്നങ്ങളുണ്ടു്. ‘ഘടാകാശം’ എന്ന കവിതയിലും ജ്ഞാനവിഷയകമായ ഈ സമസ്യയുടെ മറ്റൊരു തലം കാണാനാകും.
ദാർശനികഗൗരവവും സങ്കീർണ്ണപ്രകൃതിയും ഉള്ള പ്രമേയങ്ങളാവിഷ്കരിക്കുമ്പോൾ കവിതയ്ക്കു് കാല്പനികതയുടെ മുഖാവരണം ഉപേക്ഷിച്ചേ പറ്റൂ. ലളിതാ ലെനിന്റെ കവിത ആദ്യകാലത്തെ ലിറിസിസത്തിന്റെ അംശങ്ങളെ പാടേ ഉപേക്ഷിക്കാതെ തന്നെ, പ്രമേയഗൗരവത്തിനനുസരിച്ചുള്ള ആവിഷ്കാര സാധ്യതകൾ തേടുന്നുണ്ടു്. അങ്ങനെ പുതിയ സ്വരഛായകൾ ലളിതാ ലെനിന്റെ കവിതകളിൽ കേട്ടുതുടങ്ങി. ഹാസ്യത്തിന്റെയും വിരുദ്ധോക്തിയുടെയും നിശിതവിമർശനത്തിന്റെയും വാങ്മയമായി ആ കവിതകൾ പലപ്പോഴും മാറുന്നു. ‘ചരിത്രത്തിന്റെ തമാശകൾ’ പോലെയുള്ള കവിതകളിൽ ഈ മാറ്റം കാണാൻ കഴിയും.
ഇങ്ങനെ തന്റെ കാവ്യസ്വത്വത്തെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരിയാണു് ലളിതാ ലെനിൻ. കാലത്തിന്റെയും സമൂഹത്തിന്റെയും പ്രവണതകളെ ജ്ഞാനസിദ്ധാന്തപരമായ ഒരു കാഴ്ചപ്പാടിലൂടെ കാണാൻ അവർക്കു കഴിയുന്നു. ഇതു് മലയാളകവിതയിലെ ഒരു സവിശേഷധാരയുടെ പിന്മുറക്കാരിയായി ലളിതാ ലെനിനെ മാറ്റുന്നു. വികാരപ്രധാനവും ഇന്ദ്രിയസംവേദ്യത കൂടുതലുള്ളതുമായ മധുരകവിതാരീതിയിൽനിന്നു ഭിന്നമായ, വിചാരബലം കൂടിയ കവിതയുടെ ആ ഗോത്രത്തിൽ തലപ്പൊക്കത്തോടെ കുമാരനാശാനും ബാലാമണിയമ്മയും മറ്റുമുണ്ടു്.
തന്റെ കാലത്തെയും ചുറ്റുപാടുകളെയും നിശിതമായി തിരിച്ചറിയുന്ന ഈ കവി ഉള്ളും ഉലകും കവിതയിൽ സമന്വയിപ്പിക്കുന്നു. അവിടെ തെളിയുന്നതു് പാരമ്പര്യത്തിന്റെ ജഡതയെ ഭേദിക്കുന്ന പെണ്മയുടെ ജനിതകങ്ങളാണു്. അതു് സ്ത്രീവാദത്തിന്റെ തീവ്രതകളെയല്ല, സന്തുലിതമായ ആത്മബോധവും ലോകബോധവും പുലർത്തുന്ന സ്ത്രീപക്ഷാവബോധത്തെയാണു് മൂർത്തീകരിക്കുന്നതു്.
അരുന്ധതിയുടെ[1] കണ്ണീർ വറ്റിയിരിക്കുന്നു!
അവളെന്റെ മകളാണു്
എന്റെ സ്നേഹത്തിനിരയാകാൻ
വിധിക്കപ്പെട്ടവൾ!
അടിവരണ്ട തടാകംപോലെ
പളുങ്കുമിഴികളിൽ നീലിമയില്ല,
തിരയനക്കമില്ല,
പ്രളയങ്ങൾക്കും കൊടുങ്കാറ്റുകൾക്കും മീതെ,
ഉച്ചസ്ഥമായ മൗനങ്ങൾക്കു താഴെ,
ചുരുട്ടിയിട്ടൊരു സമസ്യപോലെ
അവളെന്നുള്ളിൽ കൊളുത്തി വലിക്കുന്നു.
[1] ഒരിക്കലും ധർമ്മത്തെ രോധിക്കാത്തവൾ അരുന്ധതി.
വയസ്സിരുപതു്!
നിലവിളക്കും നെയ്‍പായസവും
ജന്മദിന സ്മരണകളും
വിറളിപിടിപ്പിക്കുമ്പോൾ,
മൃതപ്രായമായ സ്വപ്നങ്ങളുടെ
ശവക്കച്ചയിൽ പൊതിഞ്ഞുവച്ച
വാക്കുകൾ അഴിച്ചെടുത്തു്
വജ്രധൂളികളായി നീറ്റിയെടുക്കുന്നു.
അരുന്ധതീ, എന്റെ ഓമനേ!
സ്വപ്നശല്ക്കമണിഞ്ഞ
മത്സ്യകന്യകപോലെ
എന്റെ ഗർഭപാത്രത്തിന്റെ
സുഖനിർവൃതിയിൽ നീയുറങ്ങുമ്പോൾ
മഹാധ്യാനത്തിലമർന്ന ഞാൻ
മുങ്ങിനിവരുന്നതു്
ഇതാ, ഇപ്പോഴാണു്!
ആകാശങ്ങളോ
അടവികളോ
അനന്തസാഗരങ്ങളോ
നിനക്കു മുന്നിലില്ലെന്നു്
ഞാനറിയുന്നതിപ്പോൾ!
വകഞ്ഞുമാറാത്ത സമുദ്രശിരസ്സിലൂടെ,
തീപ്പാതയിലൂടെ,
പ്രപഞ്ചതാളങ്ങളുടെ നെഞ്ചിൽ ചവിട്ടി,
ഉള്ളുരുകുന്ന ഉൽക്കയായു്
നിഴൽ വീഴ്ത്താതെ നീ കടന്നുപോകുമ്പോൾ
തിമിംഗലങ്ങളുടെ ശീതരക്തത്തിൽ
വജ്രത്തരികൾ പാറിവീണു്
ആസുരപ്രകമ്പനങ്ങളുണ്ടാകുന്നു!
അർത്ഥശൂന്യമായ സ്വാഗതങ്ങളുടേയും
യാത്രാമൊഴികളുടേയും
കടുംചായക്കൂട്ടിൽ മേളിക്കുന്ന
കൂട്ടുകാർക്കു് നീ അന്യയായിക്കഴിഞ്ഞു.
സ്വർണ്ണപഞ്ജരത്തിലെ
ശുകമിഥുനങ്ങളുടേയും
അനന്തവിശാലതയിലെ
കടലാമകളുടേയും
കഥകളിൽ നിനക്കിന്നിമ്പമില്ല.
മകളേ,
നിനക്കാരുണ്ടു് തുണ?
പ്രജാപതികളായ സപ്തർഷികളുടെ,
അരൂപികളായ ഗന്ധർവഗണങ്ങളുടെ
അകമ്പടിയുണ്ടോ?
ഇല്ല, നീയേകയാണു്!
എന്നും!-അംബയെപ്പോലെ,
ചിലപ്പോൾ ദ്രൗപദിയെപ്പോലെ!
പൂച്ചയെപ്പോലെ പതുങ്ങി,
ഇരുണ്ട ഇടവഴികളിലൂടെ
നിനക്കു കാവൽമാലാഖയാവാൻ
ഉഴറിപ്പിടയുന്ന എന്റെ ദർശനം
നിന്നെ അലോസരപ്പെടുത്തുന്നുവോ?
അമംഗലസൂചനയോടെ
നീയെന്റെ കെട്ടുതാലിയിൽ നോക്കുമ്പോൾ,
മാതൃത്വത്തെ പശുത്തൊഴുത്തിലെ
ദുർഗന്ധംപോലെ വെറുക്കുമ്പോൾ,
സ്വന്തം പേരെടുത്തു് അമ്മാനമാടുമ്പോൾ
നിന്നിലെ രാസമാറ്റം ഞാനറിയുന്നു!
കുഞ്ഞേ,
നീ വിശുദ്ധിയുടേയും നക്ഷത്രങ്ങളുടേയും
പകയായി മാറുകയാണോ?
കത്തുന്ന സുഗന്ധവും രക്തദാഹവും മുറ്റിയ
യക്ഷിപ്പാലയായ്,
പച്ചയിരുട്ടു പുതഞ്ഞുകിടക്കുന്ന
സർപ്പക്കാവുകളിൽ മാണിക്യം നഷ്ടപ്പെട്ടു്
ഊർദ്ധ്വദൃഷ്ടിയോടെ ഉലഞ്ഞാടുന്ന
കൃഷ്ണസീൽക്കാരമായു്
മാറുകയാണോ?
വെട്ടിത്തിളങ്ങുന്ന
നിന്റെ മൂക്കുത്തിക്കു താഴെ,
ചുവപ്പിറ്റുന്ന ചുണ്ടുകൾക്കിടയിലൂടെ
നീണ്ടുവരുന്ന കോമ്പല്ലുകൾ
എന്നെ അസ്വസ്ഥയാക്കുന്നു!
അരുന്ധതീ,
നിന്റെ വിണ്ടുകീറിയ ഹൃദയത്തിലേക്കു നോക്കാൻ
എനിക്കു ഭയമാണു്.
കുഴിച്ചു കുഴിച്ചു നീയതു്
ഒരാഴക്കിണറാക്കിയിരിക്കുന്നു!
അവിടെ, പ്രാണവായുവില്ലാതെ
മെഴുകുതിരികൾ കെട്ടുപോകുന്നു,
ഗഹനമായ ഇടിമുഴക്കങ്ങൾ
മിന്നൽപ്പിണരുകളടക്കി
കുടുങ്ങിയമരുന്നു!
മകളേ,
എന്നിൽനിന്നെത്രയോ അകലെ
ധ്രുവദീപ്തിയിൽ നീ കിതച്ചു നീങ്ങുന്നതു്
ഞാൻ കാണുന്നു.
നഷ്ടപ്പെട്ട നിനക്കുവേണ്ടി
ഞാനെത്ര കാതം നടക്കണം!
എനിക്കുവേണ്ടി നീയും!
നേരം പുലർന്നെന്റെ മുറ്റത്തു മാത്രമായു്
നീലിച്ചുനില്ക്കുന്നു മാനം!
അപ്പുറത്തിപ്പുറത്തോരോ വെളിച്ചങ്ങൾ
ആരോ മുറിക്കുന്നു മൗനം!
പുള്ളും പിറാവും കുറുകിക്കുടഞ്ഞിളം-
മാവിന്നുറക്കം തെളിഞ്ഞു,
ദൂരെക്കിരാതന്റെ വായിലെ ചോപ്പുപോൽ
ആടിക്കറുപ്പും തുടുത്തു!
എന്നും വരാറുള്ള നേരം കഴിഞ്ഞുപോയു്
റോസിലിക്കിന്നെന്തു പറ്റി?
പാൽവണ്ടിയോടൊപ്പമോടി, തെരുവിലെ
നായ്‍ക്കളെക്കല്ലെറിഞ്ഞാട്ടി,
അമ്മപെങ്ങന്മാർ തിരിച്ചറിവില്ലാത്തൊ-
രേഭ്യരെക്കാർക്കിച്ചുതുപ്പി,
നാട്ടുപഞ്ചായത്തു മത്താപ്പു കത്തിച്ചു
നിർഭീതയായു് വന്നു നിത്യം
കാടും പടലും പിടിച്ചൊരെൻ മാനസ-
മല്പം വെടുപ്പാക്കി,യൊപ്പം
മുറ്റവും തൂത്തുവെളുപ്പിച്ചു പോകുന്ന
റോസിലിക്കിന്നെന്തു പറ്റി?
നെഞ്ചിൽ കലക്കമില്ലാത്തവൾ, നേർക്കുനേ-
രോങ്ങുന്ന വാളാണു് വാക്കിൽ.
മച്ചിൽ തൊടാതെ ചിരിക്കുമെൻ മാന്യത
വായ്‍പൊത്തി നില്പവൾ മുന്നിൽ!
കുന്നിൻ മുകളിലെ കോളനിമൂപ്പനെ
തീക്കറ്റകൊണ്ടു ചെറുത്തോൾ,
ഒറ്റയ്ക്കു ചേറ്റുന്ന കൊറ്റിനാൽ പോറ്റുന്ന
വല്യേച്ചിയാണവൾ വീട്ടിൽ.
അങ്കം പയറ്റാൻ ഉറുമി,യുടവാൾ,
പരിചപ്പരിചയമില്ല,
ജീവിതം വേവിച്ച കാരിരുമ്പിൻ കൈയി-
ലായുധം വേറെന്തു ചേരും?
രാകിപ്പൊടിഞ്ഞു നക്ഷത്രം തിരികെട്ടു
വീഴാം തിമിരച്ചുഴിയിൽ
ഭൂവിൻ ഹിരണ്മയ സ്വപ്നം-കറയറ്റ
സ്നേഹം-ജ്വലിച്ചതിൻ ചാരം…
ഓർമ്മകൾ ചിന്നി, പിടഞ്ഞു ഞാൻ, വാതില്ക്ക-
ലാരോ വിതുമ്പുന്നധീരം,
എണ്ണക്കറുപ്പിൻ തിളക്കമില്ലാതവൾ
പാറിപ്പറന്നു നില്ക്കുന്നു!
എന്തെന്ന ചോദ്യം വഴിഞ്ഞി,ല്ലതിൻ മുമ്പു
നെഞ്ചം നെടുകെപ്പിളർന്നാൾ,
തീനാമ്പു നീളും കുഴിഞ്ഞകൺ മൂർദ്ധാവി-
ലേറ്റി നിന്നാരെശ്ശപിപ്പൂ?
“ഡെയ്സിമോൾക്കാപത്തുപറ്റി, ഞാനിന്നലെ
ആസ്പത്രിയിൽ കൊണ്ടുപോയീ,
കണ്ടാലറയ്ക്കുന്ന കശ്മലൻ! ഞാനവ-
നന്തകയായിടും തീർച്ച!”
സാന്ത്വനം ചൊല്ലി, പുകയടുപ്പൂതി-
ജ്വലിപ്പിച്ചപോലതു കേൾക്കെ,
ജന്മാന്തരങ്ങളിലൂടെയൊലിച്ചെൻ
ശിരസ്സിലും വീഴുന്നു ലാവ!
അഞ്ചു വയസ്സിൻ തെളിച്ചം, വെളിച്ചമാ-
ണോമനക്കുഞ്ഞനിയത്തി,
ചെല്ലക്കുരുവിതൻ കൊഞ്ചൽ നുണയുന്ന
റോസിലിയാണവൾക്കമ്മ!
ചേച്ചിമാർക്കൊപ്പം പതിവുപോൽ സ്കൂളിലേ-
ക്കന്നു പോകേണ്ടെന്നുരച്ചൂ,
ചാറ്റൽമഴയിൽക്കളിച്ചു പനിച്ചൂടു
കൂട്ടരുതെന്നും പറഞ്ഞൂ,
തൂളിപ്പൊടിയരിക്കഞ്ഞി മൺചട്ടിയിൽ,
ചോട്ടിൽ കനലിട്ടുവെച്ചൂ,
ഉച്ചയ്ക്കു ചമ്മന്തി ചേർത്തുകൊടുക്കുവാൻ
ഓടിക്കിതച്ചു ചെന്നാറെ,
“അപ്പുറത്തുള്ളവൻ, അമ്മാവനായ് നടി-
ച്ചെൻ കുഞ്ഞിനിഷ്ടം കവർന്നോൻ…
എങ്ങനെ ചൊല്ലുമെന്നോമൽ കിടപ്പതു
കണ്ടാൽ സഹിക്കുവോരാരു്?”
വേണ്ട, പറയാതറിഞ്ഞെൻ സിരകളിൽ
കാളിന്ദിയാർത്തിരമ്പുന്നൂ,
ചെന്നിണമൂറ്റിക്കുടിച്ചു ഫണീന്ദ്രൻ
കുടഞ്ഞിട്ട പൈക്കിടാവല്ല,
മഞ്ഞിറ്റുനില്ക്കുന്ന മുല്ലയിൽ കാർക്കിച്ചു
തുപ്പിയ താംബൂലമല്ല,
മാന്തളിർത്തൊത്തിലേക്കാരോ കുടഞ്ഞിട്ട
പൊള്ളുന്ന തീക്കട്ടയല്ല,
ഒന്നുമ,ല്ലൊന്നുമ,ല്ലെന്നിൽ മുലപ്പാലു
വറ്റിക്കരിയുന്ന നീറ്റം
അള്ളിപ്പിടിച്ചു ഞെരിക്കുമിക്കാഴ്ചയി-
തെന്നിൽനിന്നാരേറ്റു വാങ്ങും?
ദൂരം മറന്നൊരേ കാരാഗൃഹത്തി-
ന്നഴികളിൽ ചാഞ്ഞെങ്ങൾ നില്ക്കേ,
കാലം കഴുത്തൊടിഞ്ഞെങ്ങോ കുരുടി-
ക്കുരുട്ടുപാമ്പായു് പതുങ്ങുമ്പോൾ,
ഞാൻ, പഠിപ്പുള്ളവളാരാഞ്ഞു, “റോസിലീ,
പോലീസിൽ നീയറിയിച്ചോ?”
“വേണ്ട, വേണ്ടക്കൂട്ടരമ്മാനമാടുന്ന
മക്കളാണീ ഞങ്ങളെന്നും-”
പല്ലും ഞറുമ്മിക്കളം വിട്ടു മാറുന്ന
രോഷം പുകഞ്ഞവൾക്കുള്ളിൽ.
“ഉണ്ടുണ്ടു് പോംവഴി മറ്റൊന്നു, പെണ്ണിന്റെ
മാനം വെടിക്കാതെ നോക്കും
കൂട്ടായ്മയുണ്ടിന്നു്, ഫോണെടുത്തൊറ്റവാ-
ക്കോതിയാൽ കൈനീട്ടിയെത്തും.”
“ഇല്ല, നടപ്പില്ലതും പുനരാപത്തു
കോളനിക്കുള്ളിൽ വിതയ്ക്കും,
അന്യജാതിക്കാരനാണവന്നൊപ്പം
നിരക്കുവാനാളേറെയുണ്ടു്.
കൊണ്ടും കൊടുത്തും നടക്കുമാണുങ്ങൾ
വിവരം തികഞ്ഞവരത്രെ!
ഇത്തിരിപ്പെണ്ണിനായ് ജാതിപ്പിശാചിൻ
തുടലഴിച്ചീടുവാനാമോ?”
ഉത്തരംമുട്ടിച്ചിളിക്കും മതേതര-
ത്തേറ്റതൻ പൊയ്‍മുഖം നോക്കി
അമ്പരന്നെൻ മന്ദബുദ്ധി ദയാഹത്യ
യാചിച്ചു നാമം ജപിക്കേ,
ഓർത്തിരമ്പുന്നു സമുദ്രങ്ങളേഴുമ-
പ്പെണ്ണിൻ നിറംകെട്ട കണ്ണിൽ,
ആഴക്കടലിൻ കടുംകെട്ടു ഭേദിച്ചു
കോടക്കൊടും കാറ്റമറീ,
ചേർത്തുരുമ്മീടും കരങ്ങളിൽ കാലന്റെ
തീവെട്ടി നാക്കുകൾ നീട്ടി.
“കാത്തിരിക്കേണ്ടെന്നെ നാളെ, കണക്കിതു
തീർക്കാതുറക്കം വരില്ല!
ചിത്തഭ്രമക്കാരിയെന്നു ചൊല്ലാം ജനം!-
റോസിലിക്കെന്തുണ്ടു് മാനം?”
ഒന്നാവിരൽകളിൽ സ്പർശിക്കുവാനെനി-
ക്കപ്പോഴുമില്ലിറ്റു ധൈര്യം!
എന്താണവൾ ചൊന്നതെന്നും നിരൂപിച്ചു
മൗനം കുഴച്ചു ഞാൻ നില്ക്കേ
നേരം പുലർന്നെന്റെ മുറ്റത്തു മാത്രമായു്
നീലിച്ചു നില്ക്കുന്നു മാനം!
വിഷംതീണ്ടി നീലിച്ചുനില്ക്കുന്നു മാനം!
സീതയുടെ നിഴലിലാണു്
ഞാനിപ്പോഴും.
ഹൃദയമിടിപ്പു്,
ഇമയനക്കം,
സ്വരവിന്യാസം-എല്ലാം
ശ്വേതാംബരയായ സീതയുടെ
കൃഷ്ണപക്ഷങ്ങൾക്കടിയിലാണു്.
അകിട്ടിലേക്കു്
നക്കിത്തോർത്തിയടുപ്പിക്കുന്ന
തള്ളപ്പശുവിനെപ്പോലെ
അതെന്നെ അണച്ചു പിടിക്കുന്നു.
പ്രഭാതത്തിന്റെ പ്രസരിപ്പും
പ്രദോഷത്തിന്റെ പ്രാർത്ഥനയുമൂട്ടി
പകർച്ചവ്യാധികളിൽനിന്നു്
അകറ്റി നിർത്തുന്നു.
ചിരിയുടെയും കണ്ണീരിന്റെയും
അതിർത്തിരേഖകളും
ശബ്ദസ്ഥായികളും
അളന്നു കുറിക്കുന്നു.
വരയിട്ട ഗ്രന്ഥങ്ങളിൽ,
വരമൊഴിക്കൂട്ടുകളിൽ
വടിവൊത്തു നിറയാൻ
കനിഞ്ഞരുളുന്നു.
ഹലബിംബങ്ങളുടെയും
ത്രൈയംബക മോഹങ്ങളുടെയും
പട്ടമഹിഷീദർപ്പങ്ങളുടെയും
പടവിറങ്ങി,
ആരണ്യക ഭീതികളിലൂടെ
കണ്ണുമടച്ചു് നടത്തിക്കുന്നു.
അശോകഛായയിലിരുന്നു്
വിരഹമന്ത്രധ്യാനംകൊണ്ടു്
കുലവധൂടികളുടെ മാതൃക മെനയാൻ
പഠിപ്പിക്കുന്നു.
ഉഴമണ്ണിന്റെ
ആകുലതയിൽ വിത്തെറിയാതെ,
യോഗനിദ്രയിലാണ്ട സംസ്കൃതിയുടെ
പാദപൂജയിലൂടെ
ആത്മവിസ്മൃതി പരിശീലിപ്പിക്കുന്നു.
പിഴയ്ക്കാതെ പിഴയൊടുക്കുവാൻ
സംയമനത്തിന്റെ ശൂലമുനയിൽ
കോർത്തു് മെരുക്കിയെടുക്കുന്നു!
സീതയുടെ നിഴലിലാണു്
ഞാനിപ്പോഴും!
പാകമാകാത്ത പഴയൊരുടുപ്പുപോലെ
അതെന്നെ ശ്വാസംമുട്ടിക്കുമ്പോൾ
നിഴലിനിപ്പുറം ചാവുകടലാണെന്നു്
അവർ പറയുന്നു!
നിറവാണെന്നു മറ്റു ചിലർ!
പശപോലെ പറ്റിപ്പിടിക്കുന്നതും
ഹൃദയമുരച്ചു് പളുങ്കുഗോട്ടിയാക്കുന്നതുമാണു്
എന്നുമാത്രം ഞാനറിയുന്നു.
ഇത്ര ചെറിയ നിഴൽകൊണ്ടു്
പ്രപഞ്ചം മുഴുവൻ പുതപ്പിക്കാൻ
സീതയ്ക്കെങ്ങനെ കഴിഞ്ഞു?
ഈ നിഴലിനു നിറമില്ലെന്നു്
ആരു പറഞ്ഞു?
അതിന്റെ ശ്യാമരന്ധ്രങ്ങളിൽ
വിശുദ്ധിയുടെയും വിരക്തിയുടെയും
സങ്കലനമുണ്ടു്;
കുരുതികളുടെ കനലാട്ടമുണ്ടു്;
അരുതുകളുടെ ചൂളങ്ങളുണ്ടു്;
മഹാനക്ഷത്രങ്ങൾ
കരിന്തിരി കത്തുമ്പോൾ
തമോഗർത്തങ്ങളിൽ ഒളിപ്പിക്കുന്ന
ഗതകാല പാപങ്ങളുണ്ടു്!
ഈ നിഴലിനപ്പുറത്തേക്കു്
ഒരിക്കലെങ്കിലും
സത്യമന്വേഷിച്ചു്,
ഒരു ചുവടു് !-
ഒരു ചുവടെങ്കിലും
വയ്ക്കാൻ കഴിഞ്ഞെങ്കിൽ!
ഭിക്ഷചോദിച്ചു മുറ്റത്തു നില്ക്കുമീ
വൃദ്ധയാരെന്നു് തേച്ചുരച്ചോർമ്മ തൻ
പൊട്ടനാണയം നെഞ്ചിൽ തിരുപ്പിടി-
ച്ചൊട്ടുനേരം തിളക്കം തിരഞ്ഞു ഞാൻ.
ഇല്ല ഭാണ്ഡങ്ങളൊന്നുമാ കൈകളിൽ
കഞ്ഞി പാർന്നു കഴിക്കാൻ കലങ്ങളും
ഉള്ളിലേതോ കരിങ്കടൽ തേങ്ങുന്നു
ചങ്കിലേതോ പിറാവിൻ കിതപ്പുകൾ.
അന്തമില്ലാത്ത നോട്ടം, പറന്നുല-
ഞ്ഞാകെ നെറ്റിയിൽ മൂടും മുടിയിഴ,
വാക്കിനേക്കാൾ മുഷിഞ്ഞ മേൽമുണ്ടിന്റെ
വക്കിലെന്നേ തുരുമ്പിച്ച പൊൻകര.
വർഷമേറെപ്പതിച്ചു നീർച്ചാലുകൾ
ഹർഷമൊക്കെയും വാറ്റിത്തരിശായ
കണ്ണുമീ കവിൾപ്പാടവും കാലത്തി-
നേതു മുക്കിൽ ഞാൻ കണ്ടു മറന്നുവോ?
മൂക്കു മാത്രം തെളിഞ്ഞു നില്ക്കുന്നതിൽ
ചേർന്നിരിക്കുന്നു മൂക്കുത്തിയായരി-
മ്പാറ ചേലൊത്തുയർന്നുരുണ്ടങ്ങനെ
ഊരി വാങ്ങാൻ വഴങ്ങാതെ വാശിയിൽ.
ചോറിലല്പം പുളിശ്ശേരി, പപ്പടം,
തോരനിട്ടു പഴങ്കിണ്ണമൊന്നു ഞാൻ
വെച്ചുനീട്ടി, വിറയ്ക്കും വലംകരം
കണ്ടതും വിരലാറായു് വിടർന്നതും
ഹാ, സുഭാഷിണി! നീണ്ടുനിവർന്നെന്റെ
മുന്നിലൂടെപ്പറക്കുന്നു ദൃശ്യങ്ങൾ!
പന്തമാളിപ്പിടിക്കുന്ന യൗവന-
ദീപ്തിയിൽ കലാശാലപ്പൊലിമകൾ…
ആർക്കുമാർക്കും ചുരുങ്ങിക്കൊടുക്കാത്ത
വാങ്മയം, രൂപസൗഭഗം, ദേവതാ-
പൂജകൾക്കു വാൽക്കണ്ണിലെ മുദ്രകൾ
തീറെഴുതിക്കൊടുക്കാ മനക്കനം.
ഇത്ര മേൽ കരുത്തെന്തിനു പെണ്ണിനെ-
ന്നന്നു ഞങ്ങൾ കൊരുത്തു കൊത്തുമ്പൊഴും
മെല്ലെ മെല്ലെച്ചിരിച്ചുകൊണ്ടുള്ളിലെ
ഗന്ധകച്ചെപ്പൊളിപ്പിച്ചു നിന്നിടും.
പോകുവാനുണ്ടു് കാതങ്ങളേറെയെ-
ന്നോടിമിന്നും കുതിരയെ കാറ്റിന്റെ
വേഗമാർന്നു തളച്ചു പ്രിയംപെറ്റു
പൊന്നുരുക്കിക്കടിഞ്ഞാൻ പണിഞ്ഞവർ.
പിന്നെയെപ്പോഴോ കേട്ടു, ചിറകറ്റ
ദൈന്യമായു് കുഞ്ഞുമക്കളെപ്പോറ്റുവാൻ
പാടുപെട്ടതും കാലം തെളിഞ്ഞതും;
നാടകം പോൽ ഇരക്കുമിക്കാഴ്ചയും…
പേരെടുത്തു വിളിച്ചു ഞാൻ, പെട്ടെന്നു
ചോറിടഞ്ഞു ചുമച്ചുതിരിഞ്ഞവൾ
വേലി കെട്ടാത്ത വിസ്മയം ഭീതിയായ്
കൈകുടഞ്ഞു കുഴഞ്ഞെഴുന്നേല്ക്കയായ്
‘നില്ക്കു, നില്ക്കെ’ന്നു ചൊൽകെപ്പടികട-
ന്നെത്ര വേഗം തിരക്കിൽ മറഞ്ഞുപോയ്
അമ്പു നെഞ്ചിൽ കുരുങ്ങിക്കിടക്കിലും
കാടു തേടിക്കുതിക്കും കപോതമായ്.
ഉമ്മറത്തെന്റെ മക്കൾ, മരുമക്കൾ
അമ്മ തൻ ഭ്രാന്തിനർത്ഥം പെരുക്കുന്നു
‘വേണ്ട, വേണ്ട’ന്നു ചൊല്ലുന്ന വായിലും
ചോറുരുട്ടിക്കൊടുക്കും തമാശയായ്.
വൃദ്ധദൈന്യമെൻ നെഞ്ചിലെപ്പൊയ്കയിൽ
കല്ലെറിഞ്ഞൊരാ പേടിനോട്ടത്തിനാൽ
എന്റെയോമനത്തിങ്കളിൻ തൂനിഴൽ
നൂറുനൂറായു് നുറുങ്ങിക്കലങ്ങിയോ?
ആരുടേതാണീ ശബ്ദം?
നദിക്കക്കരെനിന്നു്
തോണിക്കാരനെ വിളിക്കാതെ
ആഴങ്ങൾ കൺപാർക്കാതെ
നീരൊഴുക്കിനു മുകളിലൂടെ
കാറ്റിൻ കഴുത്തുഞെരിച്ചു്
അമറി വരുന്ന ശബ്ദം
ആരുടേതാണു്?
ചിതറിച്ചിലമ്പുന്ന
കുപ്പിച്ചീളുകൾ
തണുത്ത ചോരയിലേക്കു്
വലിച്ചെറിയുന്നതാർ?
പതഞ്ഞു ചിരിക്കുന്ന പുഴയും
നിമിഷനേരം നടുങ്ങിപ്പിടയുന്നു.
കാലത്തിനപ്പുറം
കാറ്റിന്റെ ശ്രവണഗോപുരത്തിൽനിന്നു്
ഉറയൂരിപ്പറന്നുപോയ
വാക്കിന്റെ
തീനാക്കുപോലെ
കാതിൽ പൊരിഞ്ഞുപിടിക്കുന്നതു്
ആരുടെ ശബ്ദം?
അയാൾക്കു്
നെഞ്ചിൽ തുളയുണ്ടായിരുന്നുവോ?
ചെന്നിയിൽ ചോരക്കറ വാർന്നിരുന്നുവോ?
അഴുക്കുപിടിച്ച നഖങ്ങളും
ചളിക്കുപ്പായവും
ചെമ്പൻപല്ലുകളും
ചകിരിത്താടിയും ചേർത്തുവെച്ചു്
കുഴിമിന്നിക്കണ്ണുകളാൽ
ജലബിംബങ്ങളിൽ
കല്ലെറിഞ്ഞുകൊണ്ടു്
അയാൾ പറയാൻ ശ്രമിച്ചതെന്താണു്?
കാട്ടുതേൻ കല്ലിച്ച
കൺവെള്ളയ്ക്കു പിറകിൽ
എന്തായിരുന്നു
അയാളുടെ ആഹ്ലാദം?
കവിതയോ, കതിനയോ?
കൊയ്തൊഴിഞ്ഞ പാടത്തിന്റെ
കുറ്റിത്തലമുടിയിൽ
ചൂണ്ടുവിരലമർത്തി
മൺകട്ടകൾ ഞരടിയുടച്ചു്
ആകാശത്തേക്കു്
മോഹം കാറിത്തുപ്പിക്കൊണ്ടു്
അയാൾ അന്തിക്കാറ്റിനോടു് പറഞ്ഞതെന്താണു്?
അതു മാത്രം
കാറ്റു പറയുന്നില്ല!
കിറുക്കനെപ്പോലെ
പിറുപിറുത്തുകൊണ്ടു്
മുരണ്ടുകൊണ്ടു്
അതലറിപ്പായുന്നു
കുറ്റിക്കാട്ടിൽ
പുള്ളിപ്പാവാടയ്ക്കടിയിൽ
ചിതറിച്ചീഞ്ഞു നാറുന്ന
എന്റെ മൃതദേഹം
അയാൾ കണ്ടിരുന്നോ?
അതും കാറ്റു പറയുന്നില്ല-
ഇത്ര മാത്രം:
‘കാതോർക്കുക!
വായിച്ചെടുക്കുക!
ഇതു് നിന്റെ ഇടുക്കുവഴിയാണു്.’
ഓർമ്മവച്ചപ്പോൾ മുതൽ
അവൾ വിറകു കീറിക്കൊണ്ടിരുന്നു
എന്തിനാണു വിറകു കീറുന്നതു്?
ആവോ!
പച്ചമരക്കൂട്ടങ്ങൾക്കു നടുവിൽ
വെളിമ്പറമ്പിൽ,
വെയിൽ വാർന്നൊഴുകിത്തിളയ്ക്കുന്ന
മണൽത്തടാകത്തിൽ
ആരോ മുറിച്ചിട്ട മരക്കഷണങ്ങൾ
അവൾ കീറിക്കൊണ്ടിരുന്നു.
ഒരു നിമിഷം-
മഴുവിന്റെ ആരോഹണം!
ഒരു ശ്വാസം-
മഴുവിന്റെ കുതിപ്പു്!
വിറകു പിളരുന്നതു നെഞ്ചിൽ!
ആർക്കുവേണ്ടിയാണതു കീറുന്നതു്?
ആവോ!
വിരുന്നുകാരുടെ ആരവം
വിളക്കുകളുടെ പാളിനോട്ടം
അന്തിക്കാറ്റിന്റെ വിയർപ്പുനാറ്റം
അരയാൽച്ചുണ്ടിലെ മുറുമുറുപ്പു്
മഴക്കിളിയുടെ തൂവൽച്ചേതം
മഴുവറിഞ്ഞില്ല, അവളറിഞ്ഞില്ല.
നിഴൽപോലും വീഴ്ത്താതെ
മഴുവിനും വിറകിനുമിടയിൽ
അപരാഹ്നമില്ലാത്ത ഉച്ചസ്സൂര്യൻ
കത്തിനില്ക്കുമ്പോൾ
വിറകവൾക്കൊരു വിഷയമല്ല,
ജീവിതമാണു്!
എവിടെനിന്നാണു കരിഞ്ഞ നാറ്റം?
ആരാണു കരിയുന്നതു്?
ആവോ!
നിങ്ങൾ ഉണരുന്നതെവിടേക്കാണു്?
ആദ്യം കൺമിഴിക്കുന്നതെങ്ങോട്ടാണു്?
ഭൂമിയിലില്ലാത്ത നിറങ്ങൾക്കായി
നോക്കുന്നതു് ആകാശത്തിലോ?
ഹൃദയത്തിലില്ലാത്ത പ്രകാശം
തേടുന്നതു് ആദിത്യനിലോ?
നമുക്കറിയാം-
ഉറക്കത്തിനും ഉണർവിനുമിടയിൽ
എവിടെയോ കുഴപ്പമുണ്ടു്
എനിക്കാകട്ടെ,
ഈ ഭൂമിയോടു പറയാൻ,
പറഞ്ഞുപറഞ്ഞു്
ഉറങ്ങിപ്പോവാതിരിക്കാൻ,
ഒരുപാടു് സ്വകാര്യങ്ങളുണ്ടു്.
പങ്കുവെയ്ക്കാൻ
ഒരു കുരുടനുമില്ലാതെ
ഞാനതു് കഴുത്തിനു താഴെ
നെഞ്ചിൽ കെട്ടിത്താഴ്ത്തിയിരിക്കയാണു്.
കുരുവികൾക്കു് ചിലയ്ക്കാം
തേനീച്ചയ്ക്കും കാറ്റിനും വിറയ്ക്കാം
ഞാൻ മാത്രം
ചലനമില്ലാതെ
ശ്വാസമില്ലാതെ
കെട്ടിക്കിടക്കുന്നു.
ഇരുട്ടിനും തണുപ്പിനുമപ്പുറം
നിങ്ങൾക്കിടയിലെ ജൈവതാപങ്ങളിൽ
എനിക്കൊരിടം വേണം!
ഭർത്താവിന്റെ നെഞ്ചിലല്ല
കുഞ്ഞിന്റെ സ്വപ്നത്തിലല്ല
വൃദ്ധസദനത്തിന്റെ
വിരക്തവർണ്ണങ്ങളിലല്ല-
എനിക്കൊരിടം വേണം!
ആറടി വേണ്ട,
ആറിഞ്ചു മാത്രം!
നിവർന്നൊന്നു നില്ക്കാൻ
കോട്ടുവായിട്ടുണരാൻ,
തോൾ കുലുക്കി വിയോജിക്കാൻ,
ഉപേക്ഷകാണിക്കാനും
ഉറക്കെയൊന്നു പൊട്ടിച്ചിരിക്കാനും
ആർത്തുകരയാനും
അണച്ചുപിടിക്കാനും
മുഷ്ടിചുരുട്ടാനും
എനിക്കൊരിടം വേണം!
ആന്ധ്യത്തിന്റെ മുരിക്കിൻമുള്ളുകൾ
ഉരച്ചുകളഞ്ഞു് ഉഴക്കെണ്ണ തേച്ചു്
കുളിച്ചു് കുളിർന്നു്
വെറുതെയൊന്നു് നടുനിവർക്കാൻ
എനിക്കൊരിടം വേണം!
സദാചാരം വിഴുങ്ങി വിയർക്കുന്ന
മനസ്സു് വിവസ്ത്രമാക്കാൻ
വിസമ്മതിക്കുമ്പോൾ
ആർക്കോ വേണ്ടി
ഉറങ്ങിയുറങ്ങി മടുത്ത
എനിക്കുണരാൻ ഒരിടം വേണം!
എല്ലാവർക്കുമുറങ്ങാൻ
ആറടി മണ്ണ് !
എനിക്കുണരാൻ
ആറിഞ്ചു് മണ്ണു്!
(ലോകബോധമില്ലാത്ത പെണ്ണിന്റെ നിഷ്കളങ്കതയിൽ അവളുടെ നൈർമ്മല്യത്തിനും സൗന്ദര്യത്തിനും മാറ്റു കൂടുതലാണെന്ന ഒരു ബോധം അറിഞ്ഞും അറിയാതെയും നമ്മിൽ നിലനിന്നുപോന്നിട്ടുണ്ടു്. ബഷീറിന്റെ ‘കള്ളബുദ്ദൂസു്’ എന്ന ഈ ശുദ്ധലാവണ്യസങ്കല്പംതന്നെയല്ലേ നാടോടിസാഹിത്യത്തിലെ ‘കുഞ്ഞുപ്പെങ്ങൾ?’ പുതിയ കാലത്തുനിന്നുകൊണ്ടു് കുഞ്ഞിപ്പെങ്ങളെ പുനർവായിക്കുകയാണു് ഈ കവിത. സൂര്യനെല്ലികൾ ഓർക്കുക).
ഏഴാങ്ങളയ്ക്കൊരു കുഞ്ഞിപ്പെങ്ങൾ
എഴുതിരിയിട്ട വിളക്കുപോലെ,
നിറപറയ്ക്കുള്ളിലെ കതിരുപോലെ,
കരിമലക്കൂമ്പിലെ മലരുപോലെ!
അമ്മയില്ലച്ഛനില്ലാളിയില്ലാ-
തയൽവാസമില്ലാത്ത കാടകത്തിൽ
നിറമുള്ള പകലുകൾക്കൊപ്പമേറ്റം
നിറവുള്ള ചന്തം വഴിഞ്ഞു മെയ്യിൽ
നിധിയെടുക്കാൻ പോകുമാങ്ങളമാർ
തഴുതിട്ടു വാതിൽ പുറത്തു പൂട്ടി:
“മിണ്ടല്ലെ, മൂളല്ലെ പെങ്ങളെ നീ
കരുതിയിരിയ്ക്കെങ്ങളെത്തുവോളം!
ചൂളം വിളിക്കൂമീ വല്യാങ്ങള
ചീറ്റുന്ന കാറ്റിൽ കടൽ കണക്കെ,
രണ്ടാമനൂക്കൻ മുളങ്കാടു പോൽ,
മൂന്നാമനാളുന്ന തീനാളമായ്,
നാലാമനരിയിലേക്കമ്പുപോലെ
അഞ്ചാമനാതിരപ്പേമാരിയായ്
ആറാമനുതിരുന്ന പൂവുപോലെ
ഏഴാമനോടക്കുഴലുപോലെ
പേർ ചൊല്ലി നിന്നെ വിളിച്ചിടുമ്പോൾ
നേരെന്നു വാതിൽ തുറക്കെ വേണ്ടൂ!”
വിരിനെഞ്ചു കാട്ടിത്തലയുയർത്തി
മഴു തോളിലിട്ടു കൈനീട്ടി വീശി
മലനിരയ്ക്കിടയിലൂടവരു പോകും
വഴിയും കൊതിച്ചവൾ വിങ്ങിനിന്നു…
കഥയിൽ തളിർത്തു കിടക്കുമെത്ര
കാടുണ്ടു് മേടുണ്ടു് കടുവയുണ്ടു്
വാ പിളർന്നിഴയുന്ന നാഗമുണ്ടു്
വഴിമുടക്കുന്ന കിരാതരുണ്ടു്
പാടുന്ന പാറയിൽ മുടിയഴിച്ചി-
ട്ടാടുന്ന ഗന്ധർവ്വകന്യയുണ്ടു്
ഒഴുകുന്ന കാട്ടാറിലൂടെ നീട്ടി-
ത്തുപ്പുന്ന പാതാളയക്ഷിയുണ്ടു്
ഒരു നോക്കു കാണുവാനാർത്തിപൂണ്ടാ-
കണ്ണും കിനാവും വിടർന്നുവന്നു…
പുലരിക്കുടപ്പനൊടിച്ചെടുത്തി-
ട്ടുലയൂതി നെഞ്ചിലടുപ്പുകൂട്ടി,
കരിമുകിൽക്കൊമ്പനെ കരളിൽ നമ്പി
തൂമ്പിക്കുടം ചെരിച്ചാറൊഴുക്കി,
ആറ്റക്കിളികളെ പാട്ടിലാക്കി-
അരി ചേറ്റിയാറ്റിക്കലത്തിലിട്ടു,
പൂമ്പൊടിച്ചാറിൽ പുഴുങ്ങിവറ്റി-
ച്ചായിരം സ്വപ്നം പൊരിച്ചെടുത്തു.
ഇലവിരിച്ചേഴതിൽ ചോറുമിട്ടു
പതിനെട്ടു കറിയും വിളമ്പിവെച്ചി-
ട്ടുപ്പുനീരുതിരുന്ന മിഴി വടിക്കെ
പെട്ടെന്നു് വാതിലിൽ മുട്ടു കേട്ടു.
തഴുതിട്ട വീടിന്നകത്തു കാറ്റിൻ
പഴുതിലൂടൊരു ചൂളമൊഴുകി വന്നു
ആങ്ങളക്കില്ലാത്തൊരിക്കിളിയോ-
ടീണത്തിലതു വന്നു നെഞ്ചിൽ വീണു.
കാറ്റോ തുറന്നതെന്നറിവതില്ല
കയ്യോ തുറന്നതെന്നറിവതില്ല
അരയാൽ ചിലമ്പിട്ടു തുള്ളിവന്നാ
കിളിവാതിലൊക്കെ തുറന്നതാരോ!
മുറ്റത്തു നിഴലിന്നനക്കമുണ്ടു്
ചുറ്റിപ്പിടിക്കുന്ന ഗന്ധമുണ്ടു്
ചുവടെടുത്തായുന്ന താളമുണ്ടു്
തഴുതിട്ട വാതിൽ തുറപ്പതുണ്ടു്.
കുതിരപ്പുറത്തേക്കെടുത്തുയർത്തും
വിരുതിൽ വിരലിൻ കരുത്തറിഞ്ഞും
വിരിമാറിലാകെത്തളർന്നു പൂവൽ-
ക്കൊടിപോലെ വാടിക്കിടന്നു പെങ്ങൾ.
ഏഴിലംപാലതൻ നിറുകയിൽ നി-
ന്നൊരു മുറിപ്പാട്ടിൽ കുയിൽ മൊഴിഞ്ഞു:
“നിധി വാരിയാനപ്പുറത്തു കേറീ-
ട്ടാങ്ങളമാരു വരുന്നതുണ്ടേ!”
കണ്ടില്ല, കേട്ടില്ല കുഞ്ഞിപ്പെങ്ങൾ
കുന്നും കിടങ്ങും മറികടക്കേ
കുന്നായ്‍മയൊന്നും തിരിഞ്ഞിടാതെ
വഴിമറന്നേതോ ദിശക്കു പോയി…
മുത്തും പവിഴവും വാരിവന്നോ-
രോടിക്കിതച്ചും നടന്നു കാട്ടിൽ
മുത്തിലും മുത്തായ കുഞ്ഞിപ്പെങ്ങൾ
കൈവിട്ട വീട്ടിൽ പൊറുതി വയ്യ!
കുതിരക്കുളമ്പടിപ്പാടു രാവിൻ
മഴയിലൂടാരോ വടിച്ചു മായ്ച്ചു
അടയാളമാരോമലിട്ടതില്ലേ?
പിടിവള്ളി തേടിയവരലഞ്ഞു.
ഉടയാടത്തുമ്പിൻ നുറുങ്ങുമില്ല
മണിമാല പൊട്ടിച്ച മണിയുമില്ല
കുടമുല്ലയിതളും വിതറിയില്ല
കുന്നിക്കുരുമണിച്ചോപ്പുമില്ല!
കരിമല്ലരേഴും തിരഞ്ഞു മണ്ണും
മലയും മരങ്ങളും നീരൊഴുക്കും
ചരിവും ചുരവും ചതുപ്പുകളും
തിരയുവാനിനി ബാക്കിയൊന്നുമില്ല.
അഴലടങ്ങാതിടനെഞ്ചു പൊട്ടി
മഴു വലിച്ചെറിയുന്നു കുഞ്ഞാങ്ങള
എഴുകടലൊന്നിച്ചിരമ്പിനില്ക്കേ
വീണ്ടും കുയിൽ മുറിപ്പാട്ടു പാടി:
“വരുവതുണ്ടങ്ങേ ചെരിവിലൂടെ
വഴിയറിയാത്തൊരു പെൺകിടാവു്
മിഴികളിൽ കാടിന്നിരുട്ടു പേറി
ചുവടുറയ്ക്കാത്ത നടത്തയോടെ.
ചിരിയുടഞ്ഞിറുകിയ ചൊടികളാണു്
ചുടലക്കിനാവിന്റെ ചാരമാണു്
വരിനെല്ലു കതിരിട്ട കാഴ്ച കണ്ടോർ-
ക്കിതുകണ്ടു പ്രാണൻ പൊലിഞ്ഞു പോകും.
കിളിവാതിലൊക്കെയും കുറ്റിയിട്ടു
തഴുതിട്ടു തടവറയ്ക്കുള്ളിലാക്കാൻ
നമ്പല്ലെ, വെമ്പല്ലെ വല്യാങ്ങളേ!
തള്ളിപ്പറയല്ലെ കുഞ്ഞാങ്ങളേ!”
എവിടെയാണെന്റെ അക്ഷരം?
അരിയ ഹൃദയമന്ത്രാക്ഷരം?
അരിവിരിച്ചൊരോട്ടുരുളിയിൽ
നറുനിലാച്ചിരിപ്പൊലിമയിൽ
അണിവിരൽകൊണ്ടുരുട്ടി ഞാൻ
എഴുതിശീലിച്ചൊരക്ഷരം.
വിരലു തൊട്ടാൽ തുളുമ്പിടും
മടുമലർപ്പൊടിക്കുറികളായു്
തിരികൊളുത്തിത്തിളങ്ങിവ-
ന്നുള്ളിലാകെ ജ്വലിച്ചവൾ
ചെറിയ പൂവൽത്തടങ്ങളിൽ
തേക്കുപാട്ടായു് നിറഞ്ഞവൾ
ആറ്റുവള്ളത്തിലാർപ്പുമായ്
കാറ്റുപായു് നീർത്തി പാഞ്ഞവൾ.
എവിടെയാണെന്റെ അക്ഷരം?
അരിയ ഹൃദയമന്ത്രാക്ഷരം?
അമ്മയെന്നു മൊഴിഞ്ഞാദ്യം
നെഞ്ചിലൊട്ടിയമർന്നവൾ
തൊട്ടിലാട്ടുന്ന താരാട്ടിൽ
താളമിട്ടേ വളർന്നവൾ.
അച്ഛനമൃതാൽത്തഴപ്പിച്ച
സ്വച്ഛമാമരഛായയിൽ
ഇച്ഛപോൽ രസഭാവങ്ങൾ-
ക്കിലയിട്ടാനയിച്ചവൾ.
കയ്പുനീർ മുറ്റി നിന്നീടും
കാമമോഹ ദലങ്ങളിൽ
കർമ്മ സൗന്ദര്യ ദർശന-
ത്തേൻ പുരട്ടി മിനുക്കിയോൾ.
നാൾക്കുനാൾ വായ്ച്ച തേൻതുള്ളി
നൊട്ടിനൊട്ടി നുണയ്ക്കുമ്പോൾ
അർഥശങ്കയ്ക്കിടം നൽകാ-
തെന്നെ വാരിപ്പുണർന്നവൾ.
എവിടെയാണെന്റെ അക്ഷരം?
അരിയ ഹൃദയമന്ത്രാക്ഷരം?
വാക്കു പൊട്ടിയുടഞ്ഞേതോ
പാഴ്ക്കിനാവിലുറഞ്ഞുവോ?
നഗരമോടികളാക്ഷേപ-
ച്ചിരിയോടാട്ടിയകറ്റിയോ?
കിളികൾ കൊഞ്ചിപ്പാലൂറി
കതിരുലാവും പുഞ്ചയിൽ
പതിരുമുറ്റും ദുഃഖത്താൽ
കാടുകേറി മറഞ്ഞുവോ?
എവിടെയാണെന്റെ അക്ഷരം?
അരിയ ഹൃദയമന്ത്രാക്ഷരം?
തോണിയൂന്നിയ താളം പോയു്
പാണനാരുടെ പാട്ടുംപോയു്
കളമെഴുത്തിൻ വിരുതെല്ലാം
പടിയിറങ്ങിയൊഴിഞ്ഞുംപോയു്
മച്ചകത്തിന്നിരുൾ പേറും
ബന്ധനങ്ങളരിഞ്ഞീടാൻ,
കാവുതീണ്ടിയറിഞ്ഞീടാൻ
ചുട്ടെടുക്കണമക്ഷരം.
കുരുതി കണ്ടു കലങ്ങുമ്പോൾ
വരമഴിഞ്ഞു മൊഴിഞ്ഞീടാൻ
ഉതിരമുതിരും വാക്കിന്നാ-
യുഴറി നിൽപൂ ദേവിമാർ
പാടവക്കിലിരുന്നീടും
പാമരന്റെ വിരുന്നുണ്ണാൻ
ചിറകു വേച്ച ശുകം നിന്റെ
വരവുനോക്കിയിരിക്കുന്നു.
പുതിയ പാട്ടിനു പദമാകാൻ
ഉലയിലെരിപൊരികൊള്ളുന്നോർ,
മലചവിട്ടി വിളിക്കുന്നോർ-
ക്കരികിലേക്കു് തിരിച്ചു വരൂ!
ഇവിടെ നിന്നെയിരുത്തീടാൻ
പണികയില്ലൊരു മന്ദിരവും
നിറക നീ മതിലില്ലാതേ
അറിക ഞങ്ങളെ നേരോളം!
എവിടെയാണെന്റെ അക്ഷരം?
വ്യഥിതഹൃദയ മന്ത്രാക്ഷരം?
ദലിത ഹൃദയമന്ത്രാക്ഷരം?
“ലളിതാ ലെനിൻ എന്ന കവിക്കു് തന്റെ സ്ത്രീത്വവും ജീവിതവും കവിതയും ഒന്നുതന്നെയാണു്. ഇരുളിലും നിഴലിലും വെയിലിലും കൂടി മരുവിലും മരുപ്പച്ചയിലും കൂടി ആ ഒരുവൾ അലഞ്ഞുകൊണ്ടിരിക്കുന്നു. കുറെ സ്നേഹവചസ്സുകളുടെ അക്ഷരത്തെറ്റുകളാണീക്കവിതകൾ. വാക്കുരുളും വഴി വന്യമാണു് എന്നു് ലളിത അറിയുന്നുവല്ലോ”.
—സുഗതകുമാരി
1946 ജൂലൈ 17 നു് തൃശൂർ ജില്ലയിൽ വാടാനപ്പിള്ളിയിൽ ജനിച്ചു. കേരള സർവകലാശാലയുടെ ലൈബ്രറി ആൻഡ് ഇൻഫർമേഷനു് സയൻസ് ഡിപ്പാർട്ടുമെന്റിൽ 1979 മുതൽ ലക്ചറർ. 1986 മുതൽ റീഡർ. അഞ്ചു വർഷം ഡിപ്പാർട്ട്മെന്റ് മേധാവി. രണ്ടു വർഷം സെനറ്റ് മെമ്പർ. കവിയും ബാലസാഹിത്യകാരിയും സാമൂഹികപ്രവർത്തകയും. കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യഅവാർഡ്, കവിതയ്ക്കുള്ള അബുദാബി–ശക്തി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ടു്. കരിങ്കിളി, കർക്കിടകവാവു്, നമുക്കു പ്രാർത്ഥിക്കാം, മിന്നു, പുതിയ വായന എന്നിവ കൃതികൾ. ഡോക്യുമെന്ററികൾ, കുട്ടികൾക്കായുള്ള ടി.വി സീരിയലുകൾ എന്നിവയ്ക്കു് കഥയും തിരക്കഥയും രചിച്ചിട്ടുണ്ടു്.
ഭർത്താവു്: കെ. എം. ലെനിൻ മകൻ: അനിൽ ലാലെ
1957-ൽ പന്തളത്തിനടുത്ത് പനങ്ങാട്ട് ജനിച്ചു. മലയാളസാഹിത്യത്തിൽ പിഎച്ച്. ഡി. ചെറുകഥ—വാക്കും വഴിയും, കഥയും ഭാവുകത്വപരിണാമവും, ആഖ്യാനത്തിന്റെ അടരുകൾ, കഥയുടെ കഥ, ആധുനികതയുടെ അപാവരണങ്ങൾ, കഥയുടെ വാർഷികവലയങ്ങൾ (സാഹിത്യ നിരൂപണം), 100 വർഷം 100 കഥ (ആമുഖ പഠനം), ജാതക കഥകൾ, ഹിതോപദേശ കഥകൾ (പുനരാഖ്യാനം) എന്നിവയാണ് കൃതികൾ. കടമ്മനിട്ടക്കവിത, ബഷീറിന്റെ നൂറ്റാണ്ട്, കെ. സരസ്വതിയമ്മയുടെ സമ്പൂർണ്ണകൃതികൾ, നവോത്ഥാനകഥകൾ, ആദ്യകാലകഥകൾ എന്നിവ എഡിറ്റ് ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിലിലും മലയാളം ഉപദേശകസമിതിയിലും അംഗമായിരുന്നു. സാഹിത്യനിരൂപണത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രോ വൈസ് ചാൻസലർ.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: വി. മോഹനൻ