വളവ് തിരിയുമ്പോൾ നിങ്ങൾ
നിങ്ങൾക്കുമുന്നിൽ തന്നെ ചെന്നുപെടുന്നെങ്കിൽ
മനസ്സിലാക്കാം,
വളവുകളെല്ലാം
നിങ്ങൾ തിരിഞ്ഞു കഴിഞ്ഞു എന്ന്.
എന്തുകൊണ്ടത് എന്റെ ഏകാന്തതയാകണം?
എന്തുകൊണ്ടത് എന്റെ പാട്ടാകണം?
എന്തുകൊണ്ടത് എന്റെ സ്വപ്നമാകണം?
നീട്ടിവയ്ക്കപ്പെട്ട്,
എത്രയോനാളായി?
എന്തൊരു
മടുപ്പെന്നോ
എന്നും
ദരിദ്രനായിരിക്കൽ.
എനിക്ക് മുറിവേറ്റു, അടിയേറ്റു.
കാറ്റ് എന്റെ പ്രതീക്ഷകളെ ചിതറിച്ചു.
മഞ്ഞെന്നെ മരവിപ്പിച്ചു, സൂര്യൻ ചുട്ടെടുത്തു.
അവരെല്ലാം കൂടി നോക്കിയപോലുണ്ട്, എന്റെ
ചിരിനിർത്താൻ, സ്നേഹിക്കല് നിർത്താൻ,
ജീവിക്കല് നിർത്താൻ-
എനിക്കൊരു ചുക്കുമില്ല!
ഞാനിന്നും ഇവിടെയുണ്ട്!
ഞാനൊരു നീഗ്രോ:
രാത്രിയുടെ കറുപ്പിന്നതേ കറുപ്പ്,
എന്റെ ആഫ്രിക്കനാഴങ്ങൾ പോലുള്ള കറുപ്പ്.
പണ്ടേ ഞാനൊരടിമ:
സീസറെന്നോട് വാതിൽ പ്പടികൾ വെടിപ്പാക്കാൻ പറഞ്ഞു.
ഞാൻ വാഷിങ് ടന്റെ ബൂട്ടുകൾ തുടച്ചുമിനുക്കി വച്ചു.
പണ്ടേ ഞാനൊരു തൊഴിലാളി:
എന്റെ കൈക്കീഴിൽ പിരമിഡുകൾ ഉയർന്നു.
വൂൾ വർത്ത് കെട്ടിടത്തിന് ഞാനാണ് സിമന്റ്
കുഴച്ചത്
പണ്ടേ ഞാനൊരു പാട്ടുകാരൻ:
ആഫ്രിക്ക മുതൽ ജോർജിയ വരെ
ഉടനീളം ഞാനെന്റെ വിഷാദഗാനങ്ങൾ കൊണ്ടുപോയി
റാഗ് ടൈം സംഗീതം ഞാനാണ് സൃഷ്ടിച്ചത്
പണ്ടേ ഞാനൊരു ഇര:
കോംഗോയിൽ വച്ച് ബെൽജിയംകാർ എന്റെ
കൈകൾ വെട്ടി
മിസ്സിസ്സിപിയിൽ അവരെന്നെയിന്നും വളഞ്ഞിട്ട് കൊല്ലുന്നു.
ഞാനൊരു നീഗ്രോ:
രാത്രിയുടെ കറുപ്പിന്നതേ കറുപ്പ്
സൂര്യനും സ്നിഗ്ദ്ധതയും,
സൂര്യനും തല്ലിപ്പതിച്ച മണ്ണിന്റെ ഉറപ്പും
സൂര്യനും എല്ലാ സൂര്യതാരകളുടെയും ഗീതവും
ഒന്നിച്ച് ചേർത്ത്-
ആഫ്രിക്കയുടെ കറുമ്പരേ,
തരുന്നു ഞാൻ നിങ്ങൾക്കെന്റെ ഗീതങ്ങൾ
ജോർജിയൻ തെരുവുകളിൽ പാടാൻ
അഴലിന്റെ തരംഗമേ,
എന്നെ ഇപ്പോൾ മുങ്ങിമരിക്കാൻ വിടരുതേ:
എനിക്ക് കാണാം ആ ദ്വീപ്
ഇപ്പോഴും എങ്ങനെയോ മുന്നിൽത്തന്നെ.
എനിക്ക് കാണാം ആ ദ്വീപ്
അതിന്റെ മണൽ ത്തീരം എത്ര തെളിഞ്ഞ്:
അഴലിന്റെ തരംഗമേ,
കൊണ്ടെത്തിക്കൂ എന്നെയവിടെ.
പുഴയുടെ
സ്വച്ഛമായ
കുളിർ മുഖം
എന്നോട് ഒരുമ്മ ചോദിച്ചു.
ചുവരിൽ
ഘടികാരങ്ങളില്ല,
സമയവുമില്ല,
പുലരിതൊട്ട് അന്തിയോളം
നിലം മുറിച്ച് നീളുന്ന നിഴലുകളില്ല.
വാതിലിനപ്പുറം
വെളിച്ചമില്ല
ഇരുട്ടുമില്ല.
വാതിലേയില്ല!
ഓർക്കുക
മരണം ഒരു നിലയ്ക്കാച്ചെണ്ട
അതിന്റെ വിളി കേട്ട്
അവസാനത്തെ പുഴുവുമെത്തുവോളം
അവസാനതാരകവും വീഴുവോളം,
അവസാന കണം
കണമല്ലാതാകുവോളം,
സമയം ഒടുങ്ങുവോളം
വായു ഒഴിയുവോളം
സ്ഥലം ഒരിടത്തും
ഒന്നുമല്ലാതാകുവോളം,
മരണം ഒരു ചെണ്ട,
ജീവിതത്തെ വിളിക്കുന്ന
ഒരറിയിപ്പു ചെണ്ട,
വരൂ!
വരൂ!
ലിങ്കൺ പുൽ മേടുകളിലെ
കാറ്റുപോലെ
ഒറ്റ.
മേശമേൽ തനിച്ചായ
മദ്യക്കുപ്പിപോലെ
ഒറ്റ.
ഏതോ വെയിലിടത്തിൽ,
കൈകൾ വിടർത്തിവീശാൻ,
ഈ വെള്ളപ്പകൽ തീരുവോളം
കറങ്ങിച്ചുറ്റി നൃത്തം ചെയ്യാൻ
പിന്നെ ഒരുയർന്ന മരച്ചോട്ടിൽ
കുളിർ സായാഹ്നത്തിൽ വിശ്രമിക്കാൻ
മെല്ലെ വന്നണയുന്ന രാത്രിവരെ
എന്നെപ്പോലെ ഇരുണ്ടത്-
അതാണെന്റെ സ്വപ്നം!
സൂര്യനു നേർക്കെന്റെ കൈകൾ
വിടർത്തിവീശാൻ,
നൃത്തം! ചുറ്റൽ! ചുറ്റൽ!
ഈ വേഗപ്പകൽ തീരുവോളം
വിളർ സായാഹ്നത്തിൽ വിശ്രമിക്കാൻ…
ഒരുയർന്നു നീണ്ട മരം…
അലിവോടെയണയുന്ന രാത്രി
എന്നെപ്പോലെ കറുത്ത്.
ഞാൻ അങ്ങയോട് ചോദിക്കുന്നു:
ഏതു വഴി പോകണം?
ഞാൻ അങ്ങയോട് ചോദിക്കുന്നു:
ഏത് തിന്മ ഏൽക്കണം?
ഏത് കിരീടം ചൂടണം
എന്റെ മുടിയിൽ?
എനിക്കറിയില്ല,
ദൈവം തമ്പുരാനേ,
എനിക്കറിയില്ല.
ഉയർത്തണേ
നിന്റെ കരുണയുടെ കരങ്ങളിൽ
രോഗികളെ, പിഴച്ചവരെ,
നിരാശിതരെ, ക്ഷീണിതരെ,
നമ്മുടെ തളർന്ന നഗരത്തിലെ
സർവ്വ അഴുക്കുകളെയും
ഉയർത്തണേ
നിന്റെ കരുണയുടെ കരങ്ങളിൽ.
വിണ്ണിൽ നിന്ന്
ഒരു സ്നേഹവും പ്രതീക്ഷിക്കാത്തവരെ
ഉയർത്തണേ
നിന്റെ സ്നേഹത്തിന്റെ കരങ്ങളിൽ
ആ സ്വപ്നം അവ്യക്തം
ആകെ കുഴഞ്ഞ് മറിഞ്ഞത്
ചൂതും പെണ്ണുങ്ങളും
ജാസും ബൂസും ചേർന്ന്
ആ സ്വപ്നം അവ്യക്തം
പേരില്ലെങ്കിലും തീനാളം പോലെ
ചൂടുള്ളത്, ആടുന്നത്, മൂർച്ചയുള്ളത്
ആ സ്വപ്നത്തിന്റെ നഷ്ടം
ഒന്നും പഴയപോലെയല്ലാതാക്കി.
കഴിഞ്ഞ രാത്രി
ഞാൻ ഒരതിവിചിത്രസ്വപ്നം കണ്ടു,
ഒരുനാളും ഉണ്ടാവാനിടയില്ലാത്തത്
എല്ലാടവും കണ്ടു:
നീ എന്റെകൂടെ അവിടെയുണ്ടായിരുന്നില്ല!
ഉണർന്ന്,
തിരിഞ്ഞ്,
ചുവരോട് തിരിഞ്ഞ് ഉറങ്ങുന്ന നിന്നെ
ഞാൻ തൊട്ടു
ഞാൻ പറഞ്ഞു,
സ്വപ്നങ്ങൾക്കെങ്ങനെ കള്ളം പറയാനാകും!
പക്ഷെ നീ അവിടെ ഉണ്ടായിരുന്നതേയില്ല!
പാർക്കിലെ ബഞ്ചിൽ
തനിച്ച് ഒരു കൊച്ചു ചോദ്യചിഹ്നം:
ആളുകൾ കടന്നുപോകുന്നത് കണ്ടോ?
ആകാശത്ത് വിമാനങ്ങൾ കണ്ടോ?
ഇരുട്ടാകും മുന്നേ
വീട്ടിലേക്ക് പറക്കുന്ന
പക്ഷികളെ കണ്ടോ?
വീട് ആ വളവിനപ്പുറം
അതാ അവിടെ-
പക്ഷെ വാസ്തവത്തിൽ
എവിടെയുമല്ല.
ആരെങ്കിലുമാവട്ടെ,
ആരുമില്ലാത്തതിനേക്കാൾ ഭേദം.
ഈ വ്യർത്ഥസന്ധ്യയിൽ
മണലിൽ ഭയം ചുഴറ്റുന്ന
പാമ്പു പോലും
ആരുമില്ലാത്തതിനേക്കാൾ ഭേദം
ഈ വിജനഭൂമിയിൽ
വാരിയെടുക്കൂ
നക്ഷത്രധൂളിയിൽ നിന്ന്
മൺ ധൂളിയിൽ
മേഘധൂളിയിൽ,
കൊടുങ്കാറ്റിൻ ധൂളിയിൽ നിന്ന്, പിന്നെ
മഞ്ഞിൻശലാകകളിൽ നിന്നും
ഒരുപിടി സ്വപ്നധൂളി
വിൽ പനയ്ക്കല്ല.
ഒച്ച കനക്കുന്നു
പാട്ട് മുറുകുമ്പോൾ
പകൽ പകലിന്റെ രുചിയോർക്കാൻ
മറക്കാൻ ശ്രമിക്കുവോളം
സമയം നീണ്ടു പോകുമ്പോൾ.
ജനാധിപത്യം വരികയില്ല
ഇന്ന്, ഈ വർഷം
അല്ലെങ്കിൽ ഒരിക്കലും
ഒത്തുതീർപ്പിലൂടെ, ഭയത്തിലൂടെ.
മറ്റൊരാൾക്കുള്ളത്രയും
അവകാശം എനിക്കുമുണ്ട്
എന്റെ രണ്ടു കാലിന്മേൽ
ഇവിടെ നിൽക്കാൻ
മണ്ണ് സ്വന്തമാക്കാൻ
എനിക്ക് ആൾക്കാർ പറയുന്നത് കേട്ടു മടുത്തു,
‘കാര്യങ്ങൾ അതിന്റെ വഴിക്കു പോകട്ടെ’
‘നാളെ എന്നത് മറ്റൊരു ദിവസം’ എന്നൊക്കെ
മരിച്ചിട്ടെനിക്കു വേണ്ട, സ്വാതന്ത്ര്യം
നാളത്തെ അപ്പം കൊണ്ട് ഇന്നെനിക്ക്
ജീവിക്കാനാവില്ല
സ്വാതന്ത്ര്യം
കരുത്തുള്ള വിത്ത്
വലുതായ ആവശ്യത്തിൽ
വിതയ്ക്കപ്പെടുന്നത്
ഞാനും ജീവിക്കുന്നത് ഇവിടെ
എനിക്കും വേണം സ്വാതന്ത്ര്യം
നിങ്ങളെപ്പോലെത്തന്നെ
കവി, നോവലിസ്റ്റ്, ഉപന്യാസകാരൻ, നാടകകൃത്ത്, പ്രഭാഷകൻ.
അമേരിക്കയിലെ കറുത്തവർഗ്ഗത്തിന്റെ കലാപ്രകാശനങ്ങൾക്കും പ്രകടനങ്ങൾക്കും പുതിയ ലാവണ്യവും രൂപഭാവങ്ങളും ദിശയും നൽകിയ ഹാർലെം നവോത്ഥാനം എന്നറിയപ്പെട്ട പ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തനായ വക്താവ്. കറുത്തവർഗ്ഗത്തിൽ ജനിച്ച മനുഷ്യരുടെ സ്വത്വസംഘർഷങ്ങളെ അതിവൈകാരികമായ രീതിയിൽ ആദർശവൽക്കരിക്കുന്നതിനെയും, ഒപ്പം അവരെ നിസ്സഹായരായ ഇരകളോ സഹായാർഥികളോ ആയി ആവിഷ്ക്കരിക്കുന്നതിനെയും അദ്ദേഹം തന്റെ കലയിലൂടെയും ചിന്തയിലൂടെയും ജീവിതത്തിലൂടെയും എതിർത്തു. കറുത്തവർഗ്ഗക്കാരെയും അവരുടെ ജീവിതത്തെയും അതിന്റെ എല്ലാവിധ സങ്കീർണതകളോടെയും വൈരുദ്ധ്യങ്ങളോടേയും അവതരിപ്പിച്ച കലാകാരനാണു് ഹ്യൂഗ്സ്. “നീഗ്രോ കലാകാരനും വംശീയ പർവ്വതവും” എന്ന ലേഖനത്തിൽ ഹ്യൂഗ്സ് ഇങ്ങിനെ പറയുന്നുണ്ട്: “നമ്മൾ, യുവ നീഗ്രോകലാകാരന്മാർ, നമ്മുടെ വ്യക്തിപരമായ, ഇരുണ്ടതൊലികളുള്ള സ്വത്വത്തെ ഭയമോ നാണക്കേടോ ഇല്ലാതെ പ്രകാശിപ്പിക്കാനാണു് ആഗ്രഹിക്കുന്നതു്. വെള്ളക്കാരനു് അതിഷ്ടമായെങ്കിൽ സന്തോഷം. അല്ലെങ്കിൽ, നമുക്കതു് പ്രശ്നവുമല്ല. നമുക്കറിയാം നമ്മുടെ സൌന്ദര്യം. ഒപ്പം വൈരൂപ്യവും…” അദ്ദേഹത്തിന്റെ കലാദർശനത്തിന്റെ പ്രഖ്യാ പനം കൂടിയാണിതു്.
കറുത്തമനുഷ്യരുടെ വേദനകളും പ്രണയങ്ങളും സ്വപ്നങ്ങളും ദൈന്യങ്ങളും ധൈര്യങ്ങളും ആഹ്ലാദങ്ങളും ലഹരികളും അവമതികളും എതിർപ്പുകളും എല്ലാം തിങ്ങിനിറയുന്നതാണു് ഹ്യൂഗ്സിന്റെ കവിതാലോകം.
സംഗീതം അതിന്റെ ഹൃദയത്തിൽ എപ്പോഴുമുണ്ടു്—വാക്കുക ളിലെ ലാളിത്യത്തിലും പദഘടനയുടെ താളത്തിലും ബിംബങ്ങളിലെ തെളിച്ചത്തിലും എല്ലാം ജാസ് സംഗീതത്തിന്റെ നീലിമയും അലിവും എരിവുമുണ്ടു്.
ഇന്നു് അമേരിക്കയിൽ നടക്കുന്ന സംഭവങ്ങൾ ലാങ്സ്റ്റൺ ഹ്യൂഗ്സിനെ വീണ്ടും നമ്മുടെ ഓർമ്മയിൽ വേദനയോടെ കൊണ്ടുവരുന്നു.
ഈ മൊഴിമാറ്റം ജോർജ്ജ് ഫ്ലോയ്ഡിനെ മറക്കാതിരിക്കാൻ.
പരിഭാഷ: സി. എസ്. വെങ്കിടേശ്വരൻ തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ 1959-ൽ ജനിച്ചു. ചലച്ചിത്രപ്രവർത്തകൻ.
ചിത്രങ്ങൾ: വി. മോഹനൻ
നഗ്നരും ക്രുദ്ധരും ക്ഷുഭിതരുമായവർ, ഫ്രാൻസ് ഫാനന്റെ ഭാഷയിൽ ‘റെച്ചഡ് ഓഫ് ദ് എർത്ത് ’ അവരുടെ ഒച്ച ലോകത്തെ കേൾപ്പിക്കാൻ തുടങ്ങിയ ഒരു കാലത്തിന്റെ മങ്ങിയ വെളിച്ചത്തിലാണു് മോഹനൻ വര ആരംഭിച്ചതു്. മോഹനന്റെ എഴുപതുകളിലെ ചിത്രങ്ങൾ ദുഃസ്വപ്നങ്ങൾ നിറഞ്ഞ രാത്രിയുടേതായിരുന്നു. അധികാരവ്യവസ്ഥയും ആധികാരികതയുടെ രൂപങ്ങളും ചേർന്നു് മനുഷ്യന്റെ ജീവിതത്തെ ഭയം കൊണ്ടും ഇരുട്ടുകൊണ്ടും മൂടിയതിനെ വരയുകയായിരുന്നു മോഹനൻ.
ഇരുട്ടിൽ പുകപിടിച്ചുകത്തുന്ന വിളക്ക് എഴുപതുകളിലും എൺപതുകളിലും തൊണ്ണൂറുകളിലും ഉള്ള ചിത്രങ്ങളിൽ ഒരുപോലെ ആവർത്തിച്ചു വരുന്നതു് ഇതാ, ഇന്നും… ദുർഭരണത്തെ, മനുഷ്യകുലത്തിന്റെ അപരിഹാര്യമായ ദുരന്ത ദുർവിധിയെ, പരിഹാരവുമായി ആരും വരാനില്ലാതായിത്തീർന്ന ഒരു കാലത്തിന്റെ മുന്നിലും പിന്നിലുമുള്ള തമസ്സിനെ മോഹനനെപ്പോലെ വരഞ്ഞ ചിത്രകാരന്മാർ കേരളത്തിൽ കുറവാണു്…
(മോഹനന്റെ 2017-ലെ ‘ഉറങ്ങാത്ത നിലവിളികൾ’ എന്ന ചിത്രപ്രദർശനത്തെക്കുറിച്ചു് പി. എൻ. ദാസ് എഴുതിയ കുറിപ്പിൽനിന്നു്)