images/Hills_Vagamon.jpg
Rolling Meadows of Vagamon, Kerala, a photograph by Bibin C. Alex .
ചലച്ചിത്രഗാനം: ദേശസ്വത്വത്തിന്റെ ആഖ്യാനങ്ങൾ
ഡോ. വി. ലിസി മാത്യു

ഒരു വ്യക്തിയുടെ സ്വത്വം സാമൂഹികവും ദേശപരവുമായ പശ്ചാത്തലത്തിൽ രൂപപ്പെടുന്ന ഒന്നാണു്. ഭാഷാപരമായും ചരിത്രപരമായും സാംസ്കാരികമായും വിശ്വാസപരമായും മറ്റുമുള്ള അവബോധങ്ങളെ പൊതുവായി പങ്കു വെയ്ക്കുന്ന കൂട്ടായ്മയുടെ ആകത്തുക എന്ന നിലയിൽ ദേശസ്വത്വത്തെ വിലയിരുത്താം. ദേശമാകട്ടെ ഭരണപരമോ ഭൂമിശാസ്ത്രപരമോ ആയ അതിർത്തികളെ പല സന്ദർഭങ്ങളിലും അവഗണിക്കുന്ന ഒന്നാണു താനും.

ദേശത്തിന്റെ പൊതു എന്നു വ്യവഹരിക്കപ്പെടുന്ന എല്ലാ ഘടകങ്ങളുടേയും സാന്നിധ്യവും സ്വാധീനവും ഇന്നു് സംസ്കാര നിർണയത്തിന്റെ അളവുകോലായി തീരുന്നുണ്ടു്. വ്യക്തിയ്ക്കു സ്വയം മനസ്സിലാക്കാനും തിരിച്ചറിയാനും അവസരം നല്കുന്ന ഈ കൂട്ടായ്മ പലപ്പോഴും അയാളുടെ അഭിമാനമായി മാറുന്നു. വസ്ത്രം, കലകൾ, കാലാവസ്ഥ, പ്രകൃതി, ഭക്ഷണം, സംഗീതം, പാചകം, ഗൃഹനിർമ്മാണം, ജനമുന്നേറ്റങ്ങൾ ഇതെല്ലാം പൊതുവായി പങ്കുവെയ്ക്കുന്ന ഒന്നു് എന്ന നിലയിൽ വ്യക്തിയുടെ സ്വത്വത്തെ സ്വാധീനിക്കുന്നു.

images/Roland_Barthes.jpg
റൊളാങ് ബാർത്ത്

ദേശം എന്ന സങ്കല്പത്തിന്റെ നിലനില്പിനു പ്രാദേശികമായ അതിർത്തികൾക്കപ്പുറത്തു് വിനിമയം ചെയ്യപ്പെടുന്ന ആശയ സംഹിതകളുടെയോ ആഖ്യാനങ്ങളുടെയോ പിൻബലം ആവശ്യമാണു്. ആഖ്യാനം എന്നതിനു് സാഹിത്യ സൃഷ്ടികൾ എന്ന നിലയിലുള്ള പരിഗണനയല്ല ഇന്നുള്ളതു്. ആഖ്യാനത്തിന്റെ വൈചിത്ര്യത്തെയും വൈപുല്യത്തെയും കുറിച്ചു് വാചാലനാകുന്ന റൊളാങ് ബാർത്ത്, മനുഷ്യ കഥാനുഗായിയാകാൻ തക്കതായ വാമൊഴി-വരമൊഴി പാരമ്പര്യത്തെയും മിത്തുകളെയും ഐതിഹ്യങ്ങളേയും ആംഗ്യചലനങ്ങളേയും ബിംബങ്ങളേയും വ്യത്യസ്ത സാഹിത്യരൂപങ്ങളേയും ചിത്രകലയേയും സിനിമയേയുമെല്ലാം ആഖ്യാനത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നു. ദേശസ്വത്വത്തെക്കുറിച്ചു് ഏറെ പഠനങ്ങൾ നടത്തിയ എ. ഡി. സ്മിത്ത് നാടോടിക്കഥകൾക്കും പുരാവൃത്തങ്ങൾക്കും അവയുടെ പശ്ചാത്തലത്തിലുള്ള സ്ഥലബോധത്തിനും ജനമനസ്സിൽ രൂപപ്പെട്ട കല്പനകൾക്കുമെല്ലാം ദേശബോധത്തെ രൂപപ്പെടുത്തുന്നതിൽ ഗണ്യമായ പങ്കുണ്ടെന്നു പറയുന്നു. ഇവയെല്ലാം ചേർന്നു് ഉണ്ടാക്കിയെടുത്ത ഇടം എന്ന നിലയിൽ ദേശത്തെ തങ്ങളുടെ ഇടമായി തിരിച്ചറിയുന്ന സ്വത്വനിർമ്മിതി ഏറെ പ്രധാനപ്പെട്ടതാണു്.

മലയാളി എന്നോ കേരളീയൻ എന്നോ ഉള്ള പ്രയോഗം കേരളാതിർത്തിക്കുള്ളിൽ പരിമിതപ്പെടുന്ന ഒന്നല്ല. കേരളത്തിനു പുറത്തും ഇന്ത്യക്കു പുറത്തുമാണു് ഈ പദപ്രയോഗത്തിന്റെ സാധുത വർദ്ധിക്കുന്നതു്. ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുന്ന ഒരു പ്രധാന ഘടകം ഗൃഹാതുരതയാർന്ന ദേശബോധമാണു്. അതിൽ കേരളീയ ഭൂപ്രകൃതിയും പ്രകൃതി വിഭവങ്ങളും പക്ഷി മൃഗാദികളും സസ്യലതാദികളും കാർഷിക സംസ്കൃതിയും കാലാവസ്ഥയും കേരളീയ ഭക്ഷണവും ആചാരാനുഷ്ഠാനങ്ങളുമെല്ലാം ഇടം പിടിക്കുന്നു. ഈ സവിശേഷതകൾ വ്യത്യസ്തങ്ങളായ ആഖ്യാനങ്ങളിലൂടെ ഓരോ മലയാളിയെയും സ്വാധീനിക്കുന്ന പൊതുഘടകങ്ങളായി മാറി. ഈ ബോധം രൂപപ്പെടുത്തുന്നതിൽ ഏറ്റവും ജനപ്രിയമായ ഒരു ആഖ്യാനരൂപം എന്ന നിലയിൽ ചലച്ചിത്രഗാനങ്ങൾ ഗണ്യമായ പങ്കുവഹിച്ചു.

മാതൃഭാഷ ഒന്നായിരുന്നുവെങ്കിലും കേരള സംസ്ഥാനം 1956-ൽ രൂപംകൊള്ളുന്നതിനു മുമ്പു് കേരളീയർ മലബാർ, തിരുവിതാംകൂർ, കൊച്ചി എന്നീ രാജ്യങ്ങളിലെ ജനതയായിരുന്നു. കേരളം വ്യത്യസ്ത നാട്ടുരാജ്യങ്ങളുടെ സംഘാതമായിരുന്ന കാലത്തും പിന്നീടും ഈ പ്രദേശങ്ങൾക്കിടയിൽ നിരവധി വിലക്കുകൾ നിലനിന്നിരുന്നു. കോരപ്പുഴ കടന്നാൽ വടക്കേ മലബാറുകാരൻ സമൂഹത്തിൽ ഭ്രഷ്ടനാകും. കടൽ കടന്നാലും സ്ഥിതി വ്യത്യസ്തമല്ല. സ്വദേശാഭിമാനിയെ നാടുകടത്തിയതു് കണ്ണൂരിലേക്കാണു്. ടിപ്പുവിന്റെ ആക്രമണ കാലത്തു് മലബാറിലെ സവർണ ഹൈന്ദവർ തിരുവിതാംകൂറിൽ അഭയം പ്രാപിച്ചു. പൂരോത്സവ കാലത്തു് കാമദേവനെ യാത്രയാക്കുന്ന മലബാറിലെ കന്യകമാർ കാമനെ തെക്കോട്ടു പോകുന്നതിൽ നിന്നു വിലക്കുന്നു. ഈ സന്ദർഭങ്ങളിലെല്ലാം അവർ കാത്തുസൂക്ഷിക്കാനാഗ്രഹിച്ചതു് ദേശീയമായ തങ്ങളുടെ തനിമയെ ആണെന്നു കാണാം. ഇത്തരം പ്രാദേശികതകളെ മറികടന്നു് കേരളീയന്റെ ദേശസ്വത്വം നിർണയിക്കുന്നതിൽ കേരള സംസ്ഥാനം രൂപംകൊണ്ട കാലത്തെ ഏറ്റവും ജനപ്രിയ ആഖ്യാനം എന്ന നിലയിൽ ചലച്ചിത്രഗാനങ്ങൾക്കു് പ്രധാന പങ്കുണ്ടു്.

1938-ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ‘ബാലൻ’ മലയാള ചലച്ചിത്ര ഗാനശാഖക്കു തുടക്കം കുറിച്ചു. മൂന്നോ നാലോ മിനിട്ടുകൾക്കുള്ളിൽ പാടാവുന്ന ഒന്നാണു് ഇന്നു് സിനിമാഗാനങ്ങളെങ്കിലും ആദ്യകാലത്തു് ഇവ രൂപപരമായി വളരെ സങ്കീർണ്ണത പുലർത്തിയിരുന്നു എന്നു കാണാം. ബാലനിലെ ഇരുപത്തിമൂന്നു ഗാനങ്ങളും വ്യത്യസ്ത ആലാപന കാലദൈർഘ്യം ഉള്ളവയാണു്. കേവലം രണ്ടു വരികളുള്ള ഗാനങ്ങളും ഇതിൽ ഉണ്ടു്. ആദ്യകാലത്തു് തമിഴ്, ഹിന്ദി സിനിമാഗാനങ്ങളുടെ ഈണമുപയോഗിച്ചോ, മറ്റുതരത്തിൽ കേരളീയേതരമായ സ്വാധീനത്താലോ ആണു് ഈ ഗാനശാഖ വികസിച്ചു വരുന്നതു്. തത്വചിന്തയോ നാടൻ ശീലുകളോ യുദ്ധപശ്ചാത്തലമോ നാട്ടിൻപുറത്തിന്റെ ശാലീനതയോ പ്രണയത്തിന്റെ തീവ്രഭാവമോ ആദ്യകാല മലയാള സിനിമാഗാനങ്ങളുടെ പശ്ചാത്തലവും പ്രമേയവുമായി. കേരളീയമല്ലാത്ത നിരവധി ഘടകങ്ങൾ ഉണ്ടായിട്ടു കൂടി മലയാളിയെ ഭാവപരമായി ഒന്നിപ്പിക്കാൻ അവയ്ക്കു കഴിഞ്ഞു എന്നതാണു് ഈ ഗാനങ്ങൾ നിർവ്വഹിച്ച ചരിത്ര ദൗത്യം.

തമിഴ് സംഗീത നാടകത്തിന്റെയും പിന്നീടു് നാടക ഗാനങ്ങളുടെയും ജനപ്രീതി ചലച്ചിത്രഗാനങ്ങളെ സ്വാധീനിച്ച ഒരു ഘടകമാണു്. പിന്നീടു് അന്യഭാഷകളിൽ നിന്നുള്ള സ്വാധീനം ക്രമേണ കുറഞ്ഞു വരികയും കേരളീയത ഗാനങ്ങളിൽ നിറയുകയും ചെയ്തു. ബാലനിലെ ഗാനമായ

‘ആഘോഷങ്ങളെന്തു ചൊല്ലാം ദിവ്യമാകും

ഈ ദിനത്തിൽ… ഓണം തിരുവോണം…’

എന്ന ഗാനത്തിൽ ഓണത്തിന്റെ ആഹ്ലാദം തുടിച്ചു നിൽക്കുന്നു. കേരളത്തനിമയും പാരമ്പര്യവും പ്രകൃതി സൗന്ദര്യവുമെല്ലാം സവിശേഷമായ ഒരു സൗന്ദര്യം ചലച്ചിത്രഗാനശാഖയ്ക്കു നൽകുന്നുണ്ടു്. രാജസദസ്സുകളിലോ ക്ഷേത്രാങ്കണത്തിലോ പരിമിതപ്പെട്ടിരുന്നതും പൊതു സമൂഹത്തിലെ നിരക്ഷരരും പരിജ്ഞാനമില്ലാത്തവരുമായിരുന്ന ബഹുഭൂരിപക്ഷത്തിന്റേയും ആസ്വാദനശേഷിക്കു് അന്യമായിരുന്നതുമായ ശാസ്ത്രീയസംഗീതം പോലുള്ളവയെ മാറ്റി നിർത്തിക്കൊണ്ടു് നാടൻ പാട്ടിലൂടെയും നാടകത്തിലൂടെയും പിന്നീടു് ചലച്ചിത്രത്തിലൂടെയും രൂപം കൊണ്ടു് ഗാനശാഖ ഏറെ ജനപ്രിയമായി.

കേരള സംസ്ഥാനം രൂപപ്പെടുന്നതിനു മുമ്പു് ആ പേരിലടങ്ങിയിരുന്നതു് മലയും കടലും അതിരായിട്ടുള്ള തലങ്ങും വിലങ്ങും നദികൾ ഒഴുകുന്ന സസ്യ ശ്യാമളമായ ഒരു പ്രദേശമായിരുന്നു. പക്ഷേ, കേരളീയന്റെ വിലാസം വിവിധ മഹാരാജാക്കന്മാരുടെ അധികാര പരിധിയിൽ തിരിച്ചറിയപ്പെട്ടു. തിരുവിതാംകൂറുകാരനും കൊച്ചിക്കാരനും മലബാറുകാരനും മലയാളിയുടെ പൊതു മണ്ഡലത്തെ പങ്കുവച്ചു.

‘ബാലനി’ലെ പ്രസിദ്ധമായ

‘ഭാരതത്തിൽ പൊൻവിളക്കാം

കേരള മേദിനിദേവി’

എന്ന ഗാനം പങ്കുവയ്ക്കപ്പെട്ട മലയാളിത്തത്തിന്റെ മികച്ച ഉദാഹരണമാണു്. കേരളത്തെക്കുറിച്ചു് അക്കാലത്തെ ഗാനങ്ങളിൽ സാധാരണമായിരുന്ന പൊതു ധാരണ തന്നെയാണു് ഈ ഗാനത്തിലുള്ളതു് എന്നു് ഒറ്റനോട്ടത്തിൽ തോന്നും.

“പച്ചനീരാളപ്പുതപ്പിൽ

സ്വച്ഛത കലർന്നു പല

മെച്ചമേറും മലകളാം

തരുനിരയും

വെണ്മയേറും നദികളും

പൊൻകസവാം ചാലുകളും”

ഉള്ള സാക്ഷാൽ കേരളം, പക്ഷേ, കേരളത്തിലെ രാജാവാകട്ടെ അയിത്ത സംഹാരം നടത്തി ക്ഷേത്രപ്രവേശനത്തിനു് അവസരമുണ്ടാക്കിയ തിരുവിതാംകൂറിലെ വഞ്ചീശനും.

കൊച്ചിക്കാരുടെ സിനിമയായിരുന്നു ‘നിർമല’ (1948). കേരളപ്പിറവിക്കു് എത്രയോമുമ്പു് നിർമ്മിക്കപ്പെട്ടതാണതു്. ആദ്യമായി പിന്നണിഗാനം എന്ന സമ്പ്രദായം പരീക്ഷിച്ചതു് നിർമലയിലാണു്. ആ നിലയിൽ തന്നെ മലയാള പിന്നണിഗാന ചരിത്രത്തിലെ നിർണ്ണായക സ്ഥാനം നിർമലയ്ക്കുണ്ടു്. മഹാകവി ശങ്കരക്കുറുപ്പു് ഗാനരചന നടത്തിയ ഏകസിനിമയും നിർമലയാണു്. തമിഴ്-ഹിന്ദി ഗാനങ്ങളുടെ അതിരുകടന്ന സ്വാധീനമാണു് ഈ വഴിയിൽ മുന്നേറുന്നതിൽ നിന്നും കുറുപ്പിനെ പിൻതിരിപ്പിച്ചതു്. എന്തായാലും ‘നിർമല മലയാള സിനിമാ ചരിത്രത്തിൽ നിരവധി പുതുമകൾ സമ്മാനിച്ച ഒരു സൃഷ്ടി’യാണു്.

എന്നാരംഭിക്കുന്ന മനോഹരമായ പ്രണയ ഗാനം, കുയിലിനെയും വസന്തത്തെയും കാവിൽ ചേർത്തു വച്ചുകൊണ്ടു അനുരാഗം ജീവിതത്തിനു നല്കിയ തരളതയെ വെളിപ്പെടുത്തുന്നു. കാല്പനികമായ ഭാവനാശേഷി പില്കാല കാവ്യങ്ങൾക്കു് എത്രത്തോളം പ്രയോജനകരമായി എന്നു് ഈ ഗാനം തെളിയിക്കുന്നുണ്ടു്. ഇതിലെ ഒരു ഗാനം അറബിക്കടലിന്റെ രാജ്ഞിയായ കൊച്ചിയെ പ്രകീർത്തിക്കുന്നതാണു്. കേരളത്തെയാണു് പുകഴ്ത്തുന്നതെങ്കിലും 1948-ലെ ‘നിർമല’യിൽ കേരളം എന്നതു് കൊച്ചീരാജ്യം മാത്രമാണു്. രാജഭക്തി എന്നതിനപ്പുറം ഈ സിനിമയുടെ നിർമാണത്തിനു് കൊച്ചിരാജകുടുംബാംഗങ്ങൾ കൈയയച്ചു സഹായം നല്കിയതും ഇത്തരം മംഗളാശംസകൾക്കു നിമിത്തമായിട്ടുണ്ടാവാം.

കേരളമെന്ന വിശാല സങ്കല്പത്തിനപ്പുറത്തു് തികച്ചും പ്രാദേശികയാർന്ന കേരള സങ്കല്പത്തിന്റെ ഇടപെടൽ 1956-നു മുമ്പുള്ള സിനിമാ ഗാന രചനയുടെ പ്രത്യേകതയായി കണക്കാക്കാവുന്നതാണു്. അതിർത്തി കടന്നു പോയവർ ഗൃഹാതുരതയോടെ കാണുന്ന കേരളത്തിന്റെ ചിത്രം ഏറെക്കുറെ വിശാലവും വ്യത്യസ്തവുമാണു്.

മാമലകൾക്കപ്പുറത്തു്

മരതകപ്പട്ടുടുത്തു്

മലയാളമെന്നൊരു നാടുണ്ടു്”

എന്നും

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു

നാഴിയിടങ്ങഴി മണ്ണുണ്ടു്…”

എന്നും മറ്റുമുള്ള മധുരകല്പനകൾ ഭൗതിക സാഹചര്യങ്ങൾ കൊണ്ടു് ദരിദ്രനാണെങ്കിലും ഭാവനാവിലാസത്തിൽ സമ്പന്നനായിട്ടുള്ള മലയാളിയുടെ കാഴ്ചപ്പാടിനെ വെളിപ്പെടുത്തുന്നു. നാടിനോടുള്ള സ്നേഹമാണു് അയാളുടെ ഊർജ്ജം. കേരളത്തിന്റെ ഭൂപടം ഇവിടെ തികച്ചും കാല്പനികമായ ഒന്നായി മാറുന്നു.

ചലച്ചിത്ര ഗാനങ്ങൾക്കു് കേരളീയമായ വ്യക്തിത്വം കൊടുക്കുവാൻ അവയ്ക്കു മുമ്പേ അരങ്ങിലെത്തിയ നാടക ഗാനങ്ങൾക്കു കഴിഞ്ഞു. വൈദേശിക ഗാനസമ്പ്രദായങ്ങളുടെയും പൂർവ്വ മാതൃകകളുടെയും സ്വാധീനത്തിൽ നിന്നു് പെട്ടെന്നു മോചനം പ്രാപിച്ചതു് മലയാള നാടക ഗാനങ്ങളാണു്.

ചെപ്പു കിലുക്കണ ചങ്ങാതി നിന്റെ

ചെപ്പുതുറന്നൊന്നു കാട്ടൂലേ’,

എന്നിങ്ങനെ നാടോടി മുഖഛായയുള്ള ശീലുകൾ വളരെപ്പെട്ടെന്നു് ജനഹൃദയങ്ങളിൽ ഇടം നേടി. നാടകഗാനരംഗത്തു് പ്രാഗത്ഭ്യം തെളിയിച്ചവർ തന്നെയാണു് പില്ക്കാലത്തു് ചലച്ചിത്ര ഗാനരംഗത്തും നിലയുറപ്പിച്ചതു്. മലയാളിയുടേതായ ഒരു ഗാനസമ്പ്രദായത്തെ രൂപപ്പെടുത്തുവാൻ ചലച്ചിത്ര ഗാനങ്ങൾക്കു കഴിഞ്ഞു. തെക്കൻ, വടക്കൻ, മലയോര, കടലോര, വൈജാത്യങ്ങളില്ലാതെ മലയാളിയെ ഒരുമിപ്പിക്കാനും ഈ ഗാന പാരമ്പര്യത്തിനു സാധിച്ചിട്ടുണ്ടു്. സ്വദേശിയും വിദേശിയുമായ നിരവധി ഘടകങ്ങളുടെ സ്വാധീനത്തിൽ കേരളീയമെന്നു പറയാവുന്ന ഒരു ആലാപന അന്തരീക്ഷം ഇവിടെ സംജാതമായി.

കേരളത്തിൽ പ്രാദേശികമായി നിലവിലുള്ള നാടൻശീലുകളെയും ഗോത്രപാരമ്പര്യത്തെയും ഗൗരവത്തോടെ ഉൾക്കൊണ്ടു് ദേശത്തിന്റെ പരിമിതികളെ മറക്കാനും മലയാളിയെ ഒന്നിപ്പിക്കാനും ചലച്ചിത്ര ഗാനത്തോളം പ്രയോജനപ്പെട്ട മറ്റൊരു മാധ്യമമില്ല. ഓരോ പ്രദേശങ്ങളിലായി നിലനിന്ന വഞ്ചിപ്പാട്ടും തോറ്റം പാട്ടും തെക്കൻ പാട്ടും വടക്കൻ പാട്ടും ഊഞ്ഞാൽ പാട്ടും തേക്കു പാട്ടും കല്യാണപ്പാട്ടും തിരുവാതിരപ്പാട്ടും മാപ്പിളപ്പാട്ടും പടയണിപ്പാട്ടും കോതാമൂരിപ്പാട്ടുമെല്ലാം സമൃദ്ധമായി ഉപയോഗിച്ചുകൊണ്ടു് അവയെ ദേശപരിധിയിൽ നിന്നും ചലച്ചിത്രഗാനങ്ങൾ ഉയർത്തിയെടുത്തു.

  1. പാർവണേന്ദുമുഖി പാർവതി
  2. കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ
  3. കായലരികത്തു് വലയെറിഞ്ഞപ്പോൾ
  4. കറുത്തപെണ്ണേ
  5. ഡപ്പ് ഡപ്പ് ജാനകി, വെള്ളം കോരാൻ പോയപ്പോൾ
  6. അപ്പുക്കുട്ടാ തൊപ്പിക്കാരാ

ഈ വസ്തുത ഉദാഹരിക്കാൻ ഇങ്ങനെ നിരവധി പാട്ടുകളുണ്ടു്.

കേരളീയമായ വാദ്യോപകരണങ്ങൾക്കു് ജാതീയമായ ഒരു പാരമ്പര്യമുണ്ടു്. തുടി, തപ്പ്, പുള്ളുവ വീണ, മിഴാവ്, ഇടയ്ക്ക, തിമില, പാണി, ചീനിക്കുഴൽ, ചെണ്ട, അറബന തുടങ്ങിയവയ്ക്കു് നിശ്ചയിക്കപ്പെട്ട വാദ്യകാരൻമാരും സന്ദർഭങ്ങളുമുണ്ടു്. അത്തരം വേർതിരിവുകളെ മാറ്റിനിർത്തിക്കൊണ്ടു് മലയാള സംഗീതത്തിന്റെ പൊതുധാരയിലേക്കു് അവയെ ഏകോപിപ്പിക്കുവാൻ ചലച്ചിത്രഗാനങ്ങൾക്കു കഴിഞ്ഞു. കൂടാതെ നാദസ്വരം, പഞ്ചാരി മേളം, പാണ്ടിമേളം തുടങ്ങിയ വ്യത്യസ്ത സംഗീത സ്രോതസ്സുകളെയും, ഗസൽ, കർണ്ണാടകസംഗീതം, ഹിന്ദുസ്ഥാനി സംഗീതം തുടങ്ങിയ സമ്പ്രദായങ്ങളെയും രാഗങ്ങളെയും താളങ്ങളെയും സമന്വയിപ്പിക്കുന്ന സാംസ്കാരിക തലം കൂടി മലയാള ചലച്ചിത്ര ഗാനശാഖ സംഭാവന ചെയ്തു.

മലയാളിക്കു് പൊതുവെ പരിചിതമല്ലാത്ത നിരവിധ മിത്തുകളും പഴഞ്ചൊല്ലുകളും നാടൻ കഥകളും ആചാരവിശേഷങ്ങളും സിനിമാഗാനങ്ങളിലൂടെ മലയാളിയുടെ പൊതു അനുഭവമായി മാറിയിട്ടുണ്ടു്. ചെമ്മീനിലെ ‘പണ്ടൊരു മുക്കുവൻ’ എന്നാരംഭിക്കുന്ന ഗാനത്തിലെ വിശ്വാസങ്ങൾ ഇന്നു് അരയസമുദായത്തിനു മാത്രമല്ല മലയാളിക്കു മുഴുവൻ പരിചിതമാണു്. അതു പോലെ

എന്നിങ്ങനെയുള്ള ഗാനങ്ങളിലും മുഖ്യമായിട്ടുള്ളതു് മിത്തുകളുടെ പ്രാദേശിക സൗന്ദര്യമാണു്.

അയിലാ പോരിച്ചതുണ്ടു്

കരിമീൻ വറുത്തതുണ്ടു്,

ഉപ്പിലിട്ട മാങ്ങയുണ്ടു്,

ഉണ്ണാൻ വാ മച്ചുനനേ…’

എന്ന പാട്ടു് സസ്യ ഭുക്കു് എന്നോ മാംസഭുക്കു് എന്നോ വേർതിരിക്കാതെ മലയാളിയെ അഭിസംബോധന ചെയ്തു കൊണ്ടു് കൊതിയുടെ രുചിക്കൂട്ടുകൾ സൃഷ്ടിക്കുന്നു.

പുഴകളും കായലുകളും വയലുകളും മലയാളിക്കു് പൊതു അനുഭവമാകുന്നതും ചലച്ചിത്ര ഗാനങ്ങളുടെ കരുത്തിലാണു്.

എന്നിങ്ങനെയുള്ള പാട്ടുകൾ ഓരോ മലയാളിയും കേരളീയ പ്രകൃതി സൗന്ദര്യത്തെ ഹൃദയത്തോടു ചേർത്തുവെച്ചതിന്റെ സൂചനയാണു് നല്കുന്നതു്.

എന്ന ഗാനം അല്പം കുസൃതിത്തരത്തോടുകൂടി ആലപിക്കപ്പെടുമ്പോൾ പഴഞ്ചൊല്ലു് മലയാളിയുടെ പൊതുവായ അനുഭവമായി മാറുന്നു.

എന്തിനെയും സ്വന്തമായ അനുഭവമാക്കി പരിവർത്തിപ്പിക്കുന്ന സവിശേഷതയാണു് മലയാള ചലച്ചിത്രഗാനശാഖയെ ഏറ്റവും ജനകീയമാക്കിയതു്.

കുടമുല്ല പൂവിനും മലയാളി പെണ്ണിനും

ഉടുക്കാൻ വെള്ളപ്പുടവ കുളിക്കാൻ

പനനീർ ചോല’

എന്ന ആഖ്യാനത്തിൽ പൂവും പെണ്ണും പ്രകൃതിയും ഞാറ്റുവേലയുമെല്ലാം കേരളീയത എന്ന വശ്യതയിൽ ഒരുമിക്കുന്നു. മലയാളി പെണ്ണിന്റെ വ്യക്തിത്വം ദേശപരമോ ജാതീയമോ മതപരമോ തൊഴിൽപരമോ ആയ വേർതിരിവുകളെ മറികടന്നു് ശാലീനതയുടെയും സഹനത്തിന്റേയും മൂർത്തീഭാവമായി ജ്വലിക്കുന്നു. മലയാളിയായ കഥാപാത്രമല്ലാതിരുന്നിട്ടു കൂടി ശകുന്തളയെ ഒരൊറ്റ ഗാനത്തിലൂടെ മലയാളിയാക്കിമാറ്റിയ കാവ്യരചയിതാവിന്റെ കരുത്താണു് മലയാള ചലച്ചിത്രഗാനത്തിനു് എന്നും പ്രചോദനമായിട്ടുള്ളതു്.

ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ,

ശാരദസന്ധ്യകൾ മരവുരി ഞൊറിയുമ്പോൾ,

മാനത്തെ വനജ്യോത്സ്ന നനയ്ക്കുവാൻ

പൗർണമി മൺ കുടം കൊണ്ടു നടക്കുമ്പോൾ,

നീലക്കാർമുകിൽ കരിവണ്ടു മുരളുമ്പോൾ,

നീലക്കാടുകൾ മലർമെത്ത വിരിക്കുമ്പോൾ

ശകുന്തളയെ ഓർമ്മ വരുന്നു. ഗൃഹാതുരത്വത്തോടെ ഈ കന്യക മലയാളിയുടെ സൗന്ദര്യസാന്നിധ്യമാകുന്നു. അങ്ങനെ ഭാഷ കൊണ്ടും ഭാവന കൊണ്ടും മലയാളിയുടെ അനുഭവങ്ങളെ പ്രാദേശികതകൾക്കപ്പുറത്തേക്കു് വളർത്തിയ ചലച്ചിത്രഗാനങ്ങൾ മലയാളിയുടെ ഏറ്റവും പ്രബലമായ പൊതു അനുഭവമാണെന്നു് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നുണ്ടു്.

ഡോ. വി. ലിസി മാത്യു
images/lissy.jpg

സീനിയർ പ്രൊഫസർ, മലയാളവിഭാഗം, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി.

Colophon

Title: Chalachithragaanam: Desaswathwaththinte Aakhyanangal (ml: ചലച്ചിത്രഗാനം: ദേശസ്വത്വത്തിന്റെ ആഖ്യാനങ്ങൾ).

Author(s): Dr. V. Lissy Mathew.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Dr. V. Lissy Mathew, Chalachithragaanam: Desaswathwaththinte Aakhyanangal, ഡോ. വി. ലിസി മാത്യു, ചലച്ചിത്രഗാനം: ദേശസ്വത്വത്തിന്റെ ആഖ്യാനങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 11, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Rolling Meadows of Vagamon, Kerala, a photograph by Bibin C. Alex . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.