images/Amedeo_Modigliani_024.jpg
Portrait of Jeanne Hébuterney, a painting by Amedeo Modigliani (1884–1920).
ഇടവഴിയിൽ പതിഞ്ഞ വർണരേണുക്കൾ
ലിസി മാത്യു
രാജലക്ഷ്മിയുടെ ‘ഒരു വഴിയും കുറെ നിഴലുകളും’ എന്ന നോവലിന്റെ ആസ്വാദനക്കുറിപ്പു്.

ജീവിതം ഒരു യാത്രയാണെന്നു് പണ്ടുതൊട്ടേ നമ്മൾ പറയാറുണ്ടു്. പിറവി മുതൽ അനിവാര്യമായ മരണം വരെ മനുഷ്യൻ തുടർച്ചയായി യാത്ര ചെയ്യുന്നു. മരണത്തോടെ ചിലർ അവസാനിക്കുന്നു. ചിലർക്കു് മരണാനന്തരവും കുറേ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടാകും. ലക്ഷ്യമെന്തായാലും പ്രതിജനഭിന്ന വിചിത്രമായ മാർഗങ്ങൾ ചരിത്രത്തിൽ വ്യക്തികളെ അടയാളപ്പെടുത്താറുണ്ടു്. ചിലർ ചരിത്രവഴികളിൽ ജ്വലിച്ചു നിൽക്കുമ്പോൾ മറ്റു ചിലർ നിഴലായി ഒതുങ്ങുന്നു. കടന്നു പോകുന്നവരെക്കുറിച്ചു് വഴികൾക്കും വഴികളെക്കുറിച്ചു് കടന്നുപോകുന്നവർക്കും ഏറെ പറയാനുണ്ടാകും. പോയ വഴികളുടെയും അതിലൂടെ കടന്നുപോയ വ്യക്തിയുടെയും സംവാദമെന്നു് രാജലക്ഷ്മിയുടെ രചനകളെ വിശേഷിപ്പിക്കാം.

ഏകാന്തപഥികയായാണു് രാജലക്ഷ്മി സാഹിത്യത്തിലും ജീവിതത്തിലും തിരിച്ചറിയപ്പെട്ടതു്. തന്നത്താൻ തിരിച്ചറിയുന്നവരുടെയും ഒറ്റപ്പെടുന്നവരുടെയും വൈകാരികതയോടു് പ്രകൃതി സമരസപ്പെടാറുണ്ടു്. ആ ഒറ്റപ്പെടലിന്റെ പാരമ്യത്തിലാണു് കൈയുയർത്തി നിന്നു് പ്രകൃതിയെ ആലിംഗനം ചെയ്യാൻ സാധിക്കുക. അപ്പോൾ പ്രകൃതി മുഴുവൻ ആ വ്യക്തിയിലേക്കു് ഇറങ്ങി വരും. ഇങ്ങനെ പ്രകൃതിയുടെ താളം ജീവതാളത്തിൽ ലയിപ്പിക്കുന്നവർക്കു് അസാധാരണമായ ദർശനങ്ങൾ കൂട്ടിനുണ്ടാകും. ആ സൗഭാഗ്യം ലഭിച്ച മലയാളത്തിലെ അപൂർവം എഴുത്തുകാരിൽ ഒരാളാണു് രാജലക്ഷ്മി. ഈ ദർശനത്തിന്റെ അടിസ്ഥാനത്തിൽ രാജലക്ഷ്മിയുടെ ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന നോവലിനെ അപഗ്രഥിക്കുന്നതു് ഉചിതമായിരിക്കും.

ഈ നോവലിലെ മണി എന്ന രമണി അനുഭവിച്ചു കൊണ്ടിരുന്ന കടുത്ത ഏകാന്തതയിൽ നിന്നു രക്ഷപ്പെടാൻ അവളുടേതായ വഴികളുണ്ടായിരുന്നു. അവളെ കൈനീട്ടി തൊടാൻ നീലമലകളുണ്ടു്. അവളുടെ മുടിയിഴകളെ തഴുകാൻ ഇളം കാറ്റുണ്ടു്. അവളെ സ്വപ്നം കാണിക്കാൻ ആകാശമുണ്ടു്. ഇത്തരം സ്വപ്നങ്ങൾ ഏതു് സാഹിത്യത്തിലും സ്ത്രീകൾക്കു് എന്നും അന്യമായിരുന്നു. സ്ത്രീ, പുരുഷനും കുടുംബത്തിനും തുണയായും നിഴലായും നിൽക്കേണ്ടവളാണെന്നും കാവ്യഭാവനയെ ഉൾക്കൊള്ളേണ്ടതിലുപരി അതിനു് വിഷയമാകേണ്ടവളാണെന്നുമാണു് സാമാന്യധാരണ. ഷേക്സ്പിയർ പെണ്ണായി ജനിച്ചിരുന്നെങ്കിൽ ഒരു അതുല്യപ്രതിഭ ലോകത്തിനു് നഷ്ടപ്പെടുമായിരുന്നുവെന്ന തിരിച്ചറിവും നമുക്കു് മുന്നിലുണ്ടു്. കുടുംബിനിയുടെ പരിമിതികൾ മറന്നു് പെണ്ണെഴുതുമ്പോൾ പൊതുവെ ആൺഹൃദയം അസ്വസ്ഥമാകുന്നു. അസ്വസ്ഥതകളിൽനിന്നു രൂപപ്പെട്ട ഒളിയമ്പുകളെ മുന വച്ച ഭാഷ കൊണ്ടു് പപ്പടം കുത്തിയെടുക്കുന്ന ലാഘവത്തോടെ നേരിട്ട തോട്ടക്കാട്ടു് ഇക്കാവമ്മയും, ഉപ്പിന്റെയും മുളകിന്റെയും മഞ്ഞൾപ്പൊടിയുടെയും പാത്രങ്ങൾക്കിടയിൽ കരിപുരണ്ട അടുക്കളയിലെ ചെളിപിടിച്ച ഇടങ്ങളിൽ പഴകിയ കടലാസ്സുകളും കുഞ്ഞിപെൻസിലുകളും സൂക്ഷിച്ചു വച്ചു് സ്ത്രൈണ വികാരങ്ങളെയും മാതൃത്വത്തിന്റെ മഹനീയതയെയും മാനവിക മൂല്യങ്ങളെയും ഉയർത്തി കാണിച്ച ലളിതാംബിക അന്തർജനവും സ്ത്രീസ്വത്വാവിഷ്കാരത്തിനു് പൊട്ടിത്തെറിയും കൂസലില്ലായ്മയും അനിവാര്യമാണെന്നു തിരിച്ചറിഞ്ഞ സരസ്വതിയമ്മയും മറ്റും പെണ്ണെഴുത്തുകാർ എന്ന നിലയിൽ രാജലക്ഷ്മിക്കു മുമ്പേ പോയവരാണു്. മുൻഗാമികളിൽ നിന്നും വ്യത്യസ്തമായി സ്ത്രീ സങ്കല്പത്തിൽ വമ്പൻ പൊളിച്ചെഴുത്തു് നടത്തിയതാണു് രാജലക്ഷ്മി നിർവഹിച്ച ചരിത്ര ദൗത്യം. മലയാളസാഹിത്യത്തിൽ ആഖ്യാനത്തിന്റെ പെൺവഴികളെ പിഴവില്ലാതെ തിരിച്ചറിയുന്നതിനും അനായാസം അവതരിപ്പിക്കുന്നതിനും രാജലക്ഷ്മിക്കു കഴിഞ്ഞു. അവർ അവതരിപ്പിച്ച ഇടവഴി മലയാളത്തിലെ പെൺവഴികളെ യോജിപ്പിക്കുന്ന നെടും പാതയായി മാറിയതിനു് നമ്മുടെ സാഹിത്യചരിത്രം സാക്ഷ്യം വഹിക്കുന്നു.

എഴുതിത്തുടങ്ങിയ കാലത്തുതന്നെ മലയാളസാഹിത്യത്തിലെ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരിയായിരുന്നു രാജലക്ഷ്മി. അവരുടെ ആത്മഹത്യയെക്കുറിച്ചു് എഴുതിയ എം. ടി. വാസുദേവൻനായർ ആ സംഭവം സമകാലികയായ ഒരു എഴുത്തുകാരിയുടെ മരണം ഉണ്ടാക്കിയ വേദനയിലുപരി കൂടപ്പിറപ്പിന്റെ വിടചൊല്ലലുണ്ടാക്കുന്ന ആകുലതയ്ക്കു് സമാനമായി തിരിച്ചറിയുന്നു. തന്റെ കൈ പിടിച്ചു നടക്കുന്ന കൊച്ചനുജത്തിയോടു തോന്നുന്ന വാത്സല്യവും ഈ എഴുത്തുകാരിയോടു് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

എം. ടി.-യെ ശ്രദ്ധേയനാക്കിയതു് ‘നാലുകെട്ടും’ രാജലക്ഷ്മിയുടെ സ്വത്വത്തെ മലയാളസാഹിത്യത്തിനു് പരിചയപ്പെടുത്തിയതു് ‘ഒരു വഴിയും കുറേ നിഴലു’കളുമാണു്. രണ്ടു കൃതികളിലെയും മുഖ്യകഥാപാത്രങ്ങളുടെ അനുഭവങ്ങൾ തമ്മിൽ ഒട്ടേറെ സാദൃശ്യങ്ങളുണ്ടു്. സ്നേഹിച്ച പുരുഷന്റെ കൂടെ ഇറങ്ങിപ്പോയ അമ്മയുടെ മകനായതിനാൽ നാലുകെട്ടിൽ നിന്നും തിരസ്കൃതനാണു് അപ്പുണ്ണി. എന്നാൽ സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിൽ തറവാടിനെയും തന്നേയും തിരിച്ചറിയാൻ കൈതയുടെയും വയലിന്റെയും മേടിന്റെയും സാമീപ്യമുള്ള ഇടവഴികൾ അപ്പുണ്ണിയെ സഹായിക്കുന്നുണ്ടു്. മൊട്ടക്കുന്നും എള്ളിൻകുറ്റികളും കശുമാവിൻ തോപ്പും നീല മലകളും കാഴ്ചയിൽ തങ്ങി നിൽക്കുന്ന മണിയുടെ ഇടവഴികളും അപ്പുണ്ണിയുടെ വഴികൾക്കു സമാനമാണു്. രണ്ടുപേരും ഒറ്റപ്പെട്ടവരാണു്. ഒറ്റയ്ക്കു് ഇടവഴിയിലൂടെ കടന്നു പോകുന്നവരുമാണു്. ഒറ്റപ്പെട്ടവർക്കും പാർശ്വവൽകൃതർക്കും എപ്പോഴും ഇടവഴികളാണു് തുണയാകുന്നതു്. ഇരുവരുടെയും യാത്രകളുടെ ആഖ്യാനത്തിലെ ഒരേയൊരു വ്യത്യാസം അതിലൊന്നു് പെൺയാത്രയാണു് എന്നതുമാത്രമാണു്. ഇത്തരം പെൺയാത്രകൾ മലയാള സാഹിത്യത്തിൽ അപൂർവമാണു്.

ഈ രണ്ടു കൃതികളും 1959-ലാണു് ആദ്യമായി പ്രസിദ്ധീകരിക്കുന്നതു്. ‘നാലുകെട്ടി’ലെന്ന പോലെ വിവാഹത്തലേന്നു് ഇഷ്ടപ്പെട്ടവനൊപ്പം പോയി പേരുദോഷം വരുത്തിയ അച്ഛൻപെങ്ങൾ മണിക്കുമുണ്ടു്. കോന്തുണ്ണിനായർ പാറുക്കുട്ടിയെ കോരിയെടുത്തു് പെരുവെള്ളത്തിലൂടെ പുഴ കടത്തിക്കൊണ്ടുപോയവനാണു്. മണിയുടെ ചെറിയമ്മയെ മഞ്ഞൾ പ്രസാദവും തൊട്ടു തൊഴുതു വരുമ്പോൾ കൊച്ചച്ഛൻ പൂപോലെ കോരിയെടുത്തു കൊണ്ടുപോയി. ചെറിയമ്മയുടെ മകൻ അപ്പുവെന്ന വിക്രമനും നാലുകെട്ടിലെ അപ്പുണ്ണിയും തമ്മിൽ സ്വരൂപത്തിലും സ്വഭാവത്തിലും വളരെയേറെ സമാനതകളുണ്ടു്. രണ്ടുപേരും ഒളിച്ചോടിയ പെൺകിടാങ്ങളുടെ മക്കൾ, തിരസ്കൃതർ, പണമില്ലെങ്കിലും കരുത്തും സ്നേഹവുമുള്ള അധ്വാനികളായ പുരുഷൻമാരുടെ മക്കൾ, പറക്കമുറ്റും മുമ്പേ അച്ഛനെ നഷ്ടപ്പെട്ടവർ, ഒരേ വിളിപ്പേരുള്ളവർ ഇങ്ങനെ എണ്ണിത്തുടങ്ങിയാൽ ഇരുവരും തമ്മിൽ ഒട്ടേറെ സാദൃശ്യങ്ങളുണ്ടു്. ഇതു് ഏകകാലത്തുണ്ടായ രണ്ടു കൃതികളുടെ സമാനതയേക്കാൾ സാഹോദര്യമായി വിലയിരുത്തുകയാകും ഉചിതം.

കുട്ടിക്കാലത്തു് ‘നാലുകെട്ടി’ലെ അപ്പുണ്ണിയെ മൂത്താച്ചിയും, മണിയെ വെളിച്ചപ്പാടും കഥ കേൾപ്പിക്കുന്നുണ്ടു്. കഥ കേട്ടിരുന്നും മൊട്ടക്കുന്നിലെ കാറ്റുകൊണ്ടിരുന്നും സമയം വൈകി വീട്ടിൽ എത്തിയപ്പോൾ കിട്ടിയ കടുത്ത ശിക്ഷ മണിയുടെ മനസ്സിനെ മുറിപ്പെടുത്തിയിരുന്നില്ല. ശരീരത്തിലേറ്റ മുറിവുകളും തിണർപ്പുകളും തടവി ആശ്വസിപ്പിക്കാൻ മണിക്കു് കൂട്ടിരുന്നതു് പ്രകൃതിയാണു്. ഒരുപക്ഷേ, രാജലക്ഷ്മിയുടെ നായികയെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയതു് പ്രകൃതിയാണെന്നു കാണാം. പ്രകൃതിയോടു ചേരുമ്പോൾ അമ്മയുടെ മടിത്തട്ടിലെന്നോണം പെണ്ണിനു് ആശ്വാസവും തുണയും ലഭിക്കുന്നു. ഭൂമീ പുത്രിയായ സീതയുടെ തിരോധാനം ആ ആശ്വാസത്തിന്റെ നൊമ്പരപ്പെടുത്തുന്ന മാതൃകയായി നമ്മുടെ മുമ്പിലുണ്ടു്. മനുഷ്യനുണ്ടാക്കിയ വിലക്കുകൾക്കും വേർപെടുത്തലുകൾക്കും വില കൊടുക്കാത്ത നായികാ മനസ്സിനെ ആവിഷ്കരിച്ചുകൊണ്ടു് മലയാള നോവൽ വഴിയിൽ പെണ്ണിന്റെ ഉറച്ച കാലൊച്ചകൾ കേൾപ്പിക്കാൻ രാജലക്ഷ്മിക്കു കഴിഞ്ഞു.

തളർന്നു കിടക്കുന്ന അമ്മയോടും അശരണയായ ചെറിയമ്മയോടും ഒരുപോലെ അനീതി ചെയ്ത അച്ഛനെ സ്നേഹിക്കാനോ അദ്ദേഹത്തിന്റെ മുമ്പിൽ നിൽക്കാനോ മണിക്കു് താല്പര്യമില്ല. രോഗം അമ്മയുടെ ശരീരത്തെ ചലനരഹിതമാക്കി. കുറ്റബോധം ചെറിയമ്മയുടെ മനസ്സിനെയും. ഇരുവരുടെയും ജീവിതത്തെ ഗ്രസിച്ചിരിക്കുന്ന നൊമ്പരങ്ങൾ മണി കടന്നു പോകുന്ന പാതയ്ക്കു് ഇരുവശവുമുള്ള എള്ളിൻകുറ്റികൾപോലെ നഷ്ടബോധം പേറി നിൽക്കുന്നതായി നോവലിസ്റ്റ് കാട്ടിത്തരുന്നു. വിളവെടുത്തു കഴിഞ്ഞ എള്ളിൻ കുറ്റികൾക്കു് എന്താണു് പ്രതീക്ഷിക്കാനുള്ളതു്? വീണ്ടും മുളയ്ക്കുമെന്നോ ഫലം പുറപ്പെടുവിക്കുമെന്നോ ഭൂമിയെ പച്ച പിടിപ്പിക്കുമെന്നോ അവയ്ക്കു് പ്രതീക്ഷിക്കാൻ കഴിയില്ല. അടുത്ത വിളവിറക്കുന്നതു വരെ ഭൂമിയിലെ തങ്ങളുടെ നിഷ്പ്രയോജന സാന്നിധ്യം അനുഭവപ്പെടുത്തികൊണ്ടു് നിലകൊള്ളുകയേ തരമുള്ളൂ. ശരീരം തളർന്നു കിടക്കുന്ന അമ്മയെ ശുശ്രൂഷിക്കാനെത്തി ആ വീട്ടിലെ അംഗമായി മാറിയ ചെറിയമ്മയോടു് അച്ഛനുണ്ടായിരുന്ന അരുതാത്ത ബന്ധം സാമാന്യയുക്തി കൊണ്ടു് നീതികരിക്കപ്പെടുമായിരുന്നു.

പക്ഷേ, തളർവാത രോഗിയായ അമ്മ ഗർഭിണി ആകുമ്പോഴാണു് അച്ഛന്റെ സമീപനം നടുക്കമായി മണിയുടെ മനസ്സിനെ നോവിക്കുന്നതു്. വാതക്കിടക്കയിൽ വച്ചു് അമ്മ പ്രസവിച്ച മാസം തികയാത്ത കുഞ്ഞനുജനു് ചെറിയമ്മയുടെ ശുശ്രൂഷകൊണ്ടു് ജീവിതം സ്വന്തമാക്കാൻ കഴിഞ്ഞെങ്കിലും കഥാപാത്രമെന്ന നിലയിൽ നോവലിൽ ഒരു പേരു സ്വന്തമാക്കാൻ കഴിഞ്ഞില്ല. കുഞ്ഞനുജനോടുള്ള സ്നേഹം ഉള്ളിൽ നുരയുമ്പോഴും മണി അവനെ പേരെടുത്തു വിളിക്കാത്തതു് അച്ഛന്റെ ചെയ്തികളെ വിശേഷിപ്പിക്കാനുള്ള പേരില്ലാത്തതു കൊണ്ടുകൂടിയാകാം.

‘നാലുകെട്ടിൽ’ അപ്പുണ്ണിയുടെ കാഴ്ചപ്പാടിൽക്കൂടിയാണു് കഥ വികസിക്കുന്നതെങ്കിൽ ഒരുവഴിയും കുറേ നിഴലുകളും എന്ന നോവലിൽ അതു് നായികാ കഥാപാത്രമായ മണിയുടെ കൺവഴിയിലൂടെ മുന്നോട്ടുപോകുന്നു. ചോദ്യം ചെയ്യാനുള്ള മനസ്സും പ്രതിബന്ധങ്ങളെയും വിലക്കുകളെയും മറികടക്കാനുള്ള ധൈര്യവും അവൾക്കുണ്ടു്. പെണ്ണിനു പുറത്തുപോകാൻ അനുവാദമില്ലാത്ത സമയത്തെ അവൾ വകവയ്ക്കുന്നില്ല. അസമയങ്ങളിൽ കുന്നിൻ മുകളിൽ പോകുന്നതിനും അപ്പുവേട്ടന്റെ വീട്ടിൽ ചെല്ലുന്നതിനും കത്തെഴുതുന്നതിനും മറ്റും അവൾക്കു വിലക്കുകളുണ്ടായിരുന്നു. പക്ഷേ, തരിമ്പും കൂസാതെ മണിയുടെ യാത്ര മുന്നോട്ടു പോകുകയാണു്. എതിർപ്പുകൾക്കു തളച്ചിടാനാകുന്നതല്ല അവളുടെ ജീവിതം. ബാഹ്യമായ തടസ്സങ്ങൾ ഉള്ളിലേക്കു നോക്കാൻ അവളെ പ്രേരിപ്പിക്കുകയും അതോടൊപ്പം തന്റെയുള്ളിൽ തിരിച്ചറിയപ്പെട്ട പ്രകൃതിഭാവങ്ങൾ ഇടവഴിയിലെ സർഗവിരുന്നാവുകയും ചെയ്തു. അവളുടെ വരികൾ സ്വന്തം മനസ്സുമായി പങ്കിട്ട ലാവണ്യബോധം ജീവിതത്തെക്കുറിച്ചു് ഏറെ പ്രത്യാശ നൽകുന്നുണ്ടു്. യാത്രയിലെന്നോണം ഒരുപാടു നിഴലുകൾ പിന്നോട്ടു പോയിക്കൊണ്ടിരുന്നു. അതിൽ അവൾ സ്നേഹിച്ചവരും അവളെ സ്നേഹിച്ചവരുമുണ്ടു്.

കോളെജിൽ പരിചയപ്പെട്ട പുരുഷമുഖങ്ങളിലെല്ലാം ഒരു തരം അനിശ്ചിതത്വം പ്രകടമായിരുന്നു. പുരുഷനിൽ നിന്നും സ്ത്രീ പ്രതീക്ഷിക്കുന്നതെന്താണെന്നു് ചുരുങ്ങിയ കാലത്തിനിടയ്ക്കു് അവൾ കണ്ടുമുട്ടിയ പുരുഷൻമാരോടുള്ള അവളുടെ സമീപനം വ്യക്തമാക്കിത്തരുന്നുണ്ടു്. വളരെ ആഴത്തിൽ അവൾ സ്നേഹിച്ചവരും അക്കൂട്ടത്തിലുണ്ടു്. സ്ത്രീക്കു കലർപ്പറ്റ സ്നേഹം ആവശ്യമാണു്. അതിൽ മുൻവിധികൾക്കോ നിബന്ധനകൾക്കോ യാതൊരു പ്രസക്തിയുമില്ല. മനസ്സിനെ എപ്പോഴും നീറ്റിക്കൊണ്ടിരുന്ന അനാഥത്വത്തിനുള്ള പരിഹാരം തേടി പല വഴികളിലൂടെ നടത്തിയ അന്വേഷണമായി രമണിയുടെ കോളെജ് ജീവിതത്തിലെ അനുഭവങ്ങൾ മാറുന്നു. കണ്ടുമുട്ടിയ ഓരോരുത്തരും നിഴലായി പിന്നോട്ടു പോയിട്ടും അവളുടെ പ്രയാണം തുടർന്നു.

ഈ നോവലിലെ വർണസങ്കൽപ്പം നിഴലും വെളിച്ചവുമായി ഇടകലർന്നതാണു്. നിഴലിനു് ഒരു നിറമുണ്ടു്. ആ നിറം വെളിച്ചത്തെ പ്രതിരോധിക്കുന്ന കറുപ്പിന്റേതാണു്. നിഴലും വെളിച്ചവും ഇടകലരുമ്പോഴും അവിടെ കറുപ്പിന്റേതും വെളുപ്പിന്റേതുമായ വർണസങ്കൽപ്പം ഉരുത്തിരിയുന്നു. രാത്രിയിലെ നിഴലിനെ വെളിച്ചമില്ലെങ്കിൽ കാണാൻ കഴിയില്ല. അഥവാ വെളിച്ചത്തിന്റെ വെളുപ്പില്ലെങ്കിൽ നിഴലിന്റെ കറുപ്പിനെ കാണാൻ കഴിയില്ല. ബാലികയായ മണിയുടെ നടപ്പാതയിൽ നിഴലുകളല്ല, നിറങ്ങളാണു കൂടുതലുള്ളതു്. വീട്ടിലെ മടുപ്പിക്കുന്ന അന്തരീക്ഷത്തിനു പുറത്തു് സ്വാതന്ത്ര്യവും സ്വച്ഛതയും നൽകുന്നതു്, ഏകാന്തമാണെങ്കിലും, ഇടവഴികളാണു്.

കലാലയാന്തരീക്ഷത്തിൽ എത്തിയപ്പോൾ അവളുടെ പൂർണതയ്ക്കായുള്ള അന്വേഷണത്തിനും ജീവിത സമീപനത്തിനും മാറ്റം വന്നു. ഹോസ്റ്റലിലെ കൂട്ടുകാരികളോടു് ഹൃദയം തുറന്നു് സംവദിക്കാനും പരിചയപ്പെട്ട പുരുഷന്മാരെ നന്നായി മനസ്സിലാക്കുവാനും അവൾ ശ്രമിച്ചിരുന്നു. അവളുടെ ജീവിതത്തിലേക്കു് ഒന്നൊന്നായി കടന്നു വന്ന പുരുഷ സുഹൃത്തുകൾക്കു് അവളാഗ്രഹിച്ച തരത്തിലുള്ള സ്നേഹം നൽകാനോ അവൾ പ്രതീക്ഷിച്ചത്ര ഉയരത്തിൽ വളരാനോ കഴിഞ്ഞിരുന്നില്ല. അമ്മുവിന്റെ ചേട്ടൻ, ബാലചന്ദ്രൻ, പണിക്കർ മാഷ്, മാധവൻ മാഷ് ഇങ്ങനെ ഓരോരുത്തർക്കും അവരുടേതായ താല്പര്യങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. പ്രണയത്തിന്റെ വഴിയിൽ പൂത്തിരിപോലെ ജ്വലിക്കുമെന്നു് കരുതി രമണി സമീപിച്ച ഓരോരുത്തരും പ്രതീക്ഷകളെ വാനോളം ഉയർത്തിയെങ്കിലും പൊടുന്നനെ ഭൂമിയിലേക്കു് നിറംകെട്ടു് ഊർന്നു വീഴുകയാണു ചെയ്യുന്നതു്. പിന്നിലേക്കു് നിഴലായി ഓരോരുത്തരും കടന്നു പോകുമ്പോൾ വഴിയിലെ വർണപ്പൊലിമയല്ല, നിറങ്ങളുടെ ശൂന്യതയാണു് ആവർത്തിച്ചു കടന്നു വരുന്നതു്.

പ്രണയവും പ്രജ്ഞയും നിഴലും നിലാവും പോലെ ഇണചേർന്നു കിടക്കുകയാണെന്നു് ചങ്ങമ്പുഴ പാടിയതു് കൃത്യമായ മാനുഷിക ചോദനകളുടെ വർണസങ്കല്പത്തെ മുൻ നിർത്തിയാണു്. രാജലക്ഷ്മിയുടെ നോവലിലെ ഇടവഴികൾ അല്ലെങ്കിൽ നാട്ടുവഴികൾ കേവലം സഞ്ചാരപഥങ്ങളായ വീഥികളല്ല. തന്റെ അനുഭവങ്ങളുടെയും ഭാവനയുടെയും വഴികളിലൂടെ കഥാപാത്രങ്ങളെ രൂപപ്പെടുത്തുകയും അതിലൂടെ സൃഷ്ടിച്ച പുതുവഴിയിൽ അവരെക്കൊണ്ടെത്തിക്കുകയുമാണു് രാജലക്ഷ്മി ചെയ്യുന്നതു്. സ്ത്രീപുരുഷബന്ധം രാജലക്ഷ്മിയെ സംബന്ധിച്ചിടത്തോളം കേവലമായ ശാരീരികബന്ധം മാത്രമായിരുന്നില്ല. ബാഹ്യസൗന്ദര്യത്തിനും ആകാരവടിവുകൾക്കുമപ്പുറം സ്ത്രീത്വത്തെ ഉണർത്തുവാനും തൃപ്തിപ്പെടുത്തുവാനും ഉള്ളിലുറഞ്ഞുകൂടിയ സ്നേഹസൗന്ദര്യത്തെക്കാൾ ‘സ്നേഹവൈരൂപ്യ’ത്തിനു് കഴിയുമെന്നു് രാജലക്ഷ്മി അറിഞ്ഞിരുന്നു. തന്റെ കൺമുമ്പിൽ ഋതുക്കളെപ്പോലെ കടന്നുവന്ന പ്രണയസാഹചര്യങ്ങളെ തിരിച്ചറിയുവാൻ ശ്രമിച്ച രമണി ഒടുവിലെത്തിച്ചേരുന്നതു് ക്ഷയരോഗിയായ മുറച്ചെറുക്കൻ അപ്പേട്ടനെ സ്വീകരിക്കാനുള്ള തീരുമാനത്തിലാണു്. ആരോഗ്യവും സൗന്ദര്യവും സമ്പത്തും പദവികളുമുള്ള പുരുഷന്മാരെ മാറ്റിനിർത്തി കൊണ്ടു് ദൈന്യമാർന്ന നോട്ടവും സ്നേഹം യാചിക്കുന്ന കണ്ണുകളുമുള്ള, വൈരൂപ്യത്തിന്റെ ആൾരൂപമായ അപ്പുവേട്ടനിൽ എത്തിച്ചേരാനുള്ള രമണിയുടെ വ്യഗ്രത ആത്മഹത്യയെക്കാളുപരി ആത്മസമർപ്പണമായി വായിച്ചെടുക്കാവുന്നതാണു്.

രാജലക്ഷ്മിയുടെ കൃതികളിലെ അന്തർമുഖത്വത്തെക്കുറിച്ചു് വാചാലരാവുന്നവർ അവരുടെ ശാരീരികമായ അപകർഷത്വത്തെക്കുറിച്ചു് മാത്രം ചിന്തിക്കുന്നവരാണു്. സ്ത്രീകളുടെ കൃതികളെ ഉടൽവായനയ്ക്കനുസൃതമായി പരുവപ്പെടുത്തിയെടുക്കുമ്പോൾ ഉടലെടുക്കുന്ന പുരുഷകേന്ദ്രിതമായ ചേരുവകളാണു് അതിനടിസ്ഥാനം. രാജലക്ഷ്മിയുടെ അന്തർമുഖത്വം പരസ്യപ്പെടുത്താൻ കഴിയാത്ത സ്നേഹബന്ധങ്ങളിൽ നിന്നു് ഉടലെടുത്തതാണു്. തന്റെ ഉള്ളിലെ സ്ത്രീത്വത്തെ അവർ കണ്ടതു് തന്റെ പരിമിതികളെ കൂടി അംഗീകരിക്കുന്ന ആത്മപൗരുഷങ്ങളിലൂടെയാണു്. ഈ ആത്മപൗരുഷം സ്ത്രീയേക്കൂടി ഉൾക്കൊള്ളുന്ന അവരുടെ പുരുഷഭാവത്തിൽ നിന്നും ഉയിർകൊണ്ടതാണു്. പുരുഷകേന്ദ്രിത ഭാവനകളെ രാജലക്ഷ്മി എതിർത്തതു് സ്ത്രീ വായനകളുടെ വാചാലതകളിൽ നിന്നല്ല, മറിച്ചു് തന്റെ ഉള്ളിൽ നിന്നുയർന്നു വന്ന അംഗീകൃതമായ പുരുഷ ചോദനകളിൽ നിന്നാണു്. അവരുടെ കൃതികളിലെ പതിവുവിട്ട വഴികളിൽ പതിഞ്ഞു കിടക്കുന്നതു് സ്ത്രീ-പുരുഷബന്ധങ്ങളിലെ ആഴമേറിയ നിദർശനങ്ങളാണു്. അതു പലപ്പോഴും അസ്വസ്ഥതകളുടെ നിഴലുകളായി മാറുന്നതു കാണാം.

രമണിയുടെ ചെറുപ്പത്തിൽ അവൾ കാണുന്ന പ്രകൃതി ദൃശ്യങ്ങൾ ഭാവനയുടെ ഊടും പാവുമായി വികസിക്കുന്നു. രമണിയുടെ വീടിനുപിറകിൽ പശുക്കൾക്കു് പോകാനായി ഉണ്ടാക്കിയ മുളമ്പടിയും പൂത്ത കാട്ടുജമന്തിയും വെള്ള അരളിയും തുമ്പിയും വെയിലും മഴയും ഏറ്റിരിക്കുന്ന വനദുർഗയും പള്ളിയാലും വെളിച്ചപ്പാടും നായയുമെല്ലാം അവളുടെ സൗന്ദര്യ സങ്കല്പങ്ങളെ വളരാൻ സഹായിച്ചു. കണ്ണിൽ കണ്ടതെല്ലാം പറിച്ചു തിന്നുന്ന പ്രായത്തിലുള്ള അവൾക്കു വേണ്ടി പ്രകൃതി ഒരുപാടു സാധനങ്ങൾ കരുതിവച്ചിരുന്നു. ചെത്തിപ്പഴം, കണ്ണി മാങ്ങ നിറഞ്ഞുനിൽക്കുന്ന മാവു്, തൈപ്പുളിയുടെ ഇല, മധുരമുള്ള കറുകയില, ഞെട്ടാംഞൊടിയന്റെ മഞ്ഞമുത്തുകൾ പോലുള്ള കായ്കൾ എന്നിവയെല്ലാം അവളുടെ താടിയെല്ലുകളെ തിരക്കിട്ടു ചലിപ്പിക്കുന്നവയാണു്. വയറുമാത്രമല്ല മനസ്സും നിറയ്ക്കാൻ പര്യാപ്തമായ സൗകുമാര്യം അവൾക്കു ചുറ്റുമുള്ള പ്രകൃതിക്കുണ്ടായിരുന്നു. കഥ പറഞ്ഞു തന്നു് കരുത്തുറ്റ ഭാവനാലോകത്തേക്കു് അവളെ നയിച്ച വെളിച്ചപ്പാടിന്റെ വിയോഗം ഉണ്ടാക്കിയ വിങ്ങൽ അവൾക്കല്ലാതെ മറ്റൊരാൾക്കും മനസ്സിലാകുന്ന ഒന്നായിരുന്നില്ല. സദാ ചൂളം വിളിക്കുന്ന കാറ്റു് സൗമ്യതയോടെ അവളുടെ തലമുടിക്കിടയിലൂടെ തത്തിക്കളിച്ചിരുന്നു. നീലമലകൾ സാന്ത്വനം മൊഴിയുകയും മനസ്സു വിഷമിക്കുന്ന മകളെ കുന്നിൻപുറം തഴുകി ആശ്വസിപ്പിക്കുകയും ചെയ്തു. ചക്രവാളങ്ങൾക്കു് അതിരുകൾ സൃഷ്ടിച്ചുകൊണ്ടു് രേഖ പോലെ വളഞ്ഞുപുളഞ്ഞു നിൽക്കുന്ന നീലമല അവൾക്കു മനസ്സിലാവുന്ന ഭാഷയിൽ അവളോടു് സംസാരിക്കുന്നതായി നോവലിലെ ദൃശ്യഭാഷ നമ്മോടു പറയുന്നു. പ്രകൃതിയോടു സംവദിക്കുന്ന ഭൂമിപുത്രിയായി മാറുകയാണു് അവളിവിടെ.

ഒരു സന്ദർഭത്തിൽ കവുങ്ങിന്മേൽ കയറിയതിനു് മണിയെ അച്ഛൻ ശിക്ഷിക്കുന്നുണ്ടു്. പെൺകുട്ടികൾക്കു് പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ ചെയ്യാനായുള്ള ഈ പ്രവണതയാണു് സാധാരണ പെൺകുട്ടികളുടെ പതിവുരീതികളെ കൈവിട്ടു് പുതിയ വഴിയിൽ ചേക്കേറാൻ മണിയെ പ്രേരിപ്പിച്ചതു്. പ്രതിസന്ധികളിൽ കരയാൻ അവൾക്കറിയില്ല. കണ്ണുനീരിന്റെ ആശ്വാസമറിയാത്ത പ്രകൃതമാണവൾക്കു്. ഒടിയുകയല്ലാതെ വളയാൻ അവൾ ശീലിച്ചിട്ടില്ല. മണിയുടെ ഈ പ്രകൃതം രാജലക്ഷ്മിയുടെ കർമസിദ്ധാന്തമാണു്. എതിർപ്പുകൾക്കും ഭീഷണികൾക്കും മുമ്പിൽ വളയാതിരിക്കാൻ ശ്രമിച്ചപ്പോഴാണു് ആ ജീവിതം തന്നെ ഒടിഞ്ഞു പോയതു്.

വഴിയെക്കുറിച്ചും വേഗത്തെക്കുറിച്ചും നമ്മിൽ ആദ്യം ധാരണയുണ്ടാക്കിത്തന്നതു് ആമയുടെയും മുയലിന്റെയും കഥയാണു്. പ്രകൃതിക്കു മുമ്പിൽ തുല്യാവകാശങ്ങളുള്ള രണ്ടു ജീവികളാണെങ്കിൽ പോലും രണ്ടുപേരുടെയും ശീലങ്ങളും ശൈലികളും വ്യത്യസ്തവും ഒരു പരിധിവരെ വൈരുധ്യമാർന്നതുമാണു്. മുയൽ നല്ല ഓട്ടക്കാരനാണു്. വിജയിച്ചു് തലയുയർത്തി അന്തസ്സോടെ നിൽക്കുന്നവൻ. ആമ ഇഴഞ്ഞിഴഞ്ഞു് നീങ്ങുന്നവൻ. പ്രതിരോധിക്കാതെ തല ഉള്ളിലേക്കു് വലിച്ചു് സ്വയം കാക്കുന്ന അന്തർമുഖൻ, പരാജയത്തിന്റെ പര്യായം. നമ്മുടെ സാമൂഹിക ചരിത്രം പരിശോധിക്കുമ്പോൾ കർമമണ്ഡലത്തിന്റെ വിരുദ്ധ ധ്രുവങ്ങളിലേക്കു് ആമയേയും മുയലിനേയും പോലെ ചേക്കേറിയവരായി ആണിനെയും പെണ്ണിനെയും വിലയിരുത്താം. ഭാരിച്ച പുറന്തോടും അധമബോധവുമായി ഇഴയുന്ന ആമയ്ക്കു് മുയലിനെപ്പോലെ വെയിലിൽ മിന്നുന്ന ഓട്ടക്കാരനായി തിളങ്ങാൻ കഴിയില്ലായിരിക്കും. പക്ഷേ, ജിബ്രാൻ പറഞ്ഞതുപോലെ പാതകളെക്കുറിച്ചു് മുയലിനെക്കാൾ ആമയ്ക്കു് ഏറെ പറയാനുണ്ടാകും. ഓട്ടത്തിനിടയിൽ മുയൽ മിന്നായം പോലെ പിറകിലാക്കിയ ദൃശ്യങ്ങൾ ആമയുടെ മുമ്പിൽ സൗന്ദര്യത്തിന്റെ അവധാന സാധ്യതകളെ ആകർഷകമായി സൃഷ്ടിക്കുന്നു. നിരീക്ഷണത്തിനും വിലയിരുത്തലിനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്ന ഈ പ്രകടനത്തിലാണു് പെണ്ണെഴുത്തു് എന്ന സംജ്ഞ പോലും പ്രസക്തമായി തീരുന്നതു്. അതുകൊണ്ടു് പെൺ ജീവിതത്തെക്കുറിച്ചു്, പെണ്ണിന്റെ സ്നേഹവിശ്വാസങ്ങളെ കുറിച്ചു്, അവൾ നെയ്യുന്ന സ്വപ്നങ്ങളെക്കുറിച്ചു്, അതിന്റെ പരിണാമങ്ങളെ കുറിച്ചു് രാജലക്ഷ്മി പറയുന്ന കാര്യങ്ങൾക്കു് നാം ചെവി കൊടുത്തേ മതിയാകൂ.

ഒറ്റപ്പെടലും പരാജയബോധവുമാണു് രമണിയുടെ ജീവിതത്തെ ദുരന്തമാക്കുന്നതു് എന്നു് തോന്നാം. ഇതാണെന്റെ മകൾ എന്നു പറഞ്ഞു് അഭിമാനത്തോടെ അവളെ മുന്നിൽ നിർത്തുമ്പോഴും, അവൾക്കുവേണ്ട മികച്ച വിദ്യാഭ്യാസം നൽകുമ്പോഴും പുത്രിയുടെ നന്മ ആഗ്രഹിക്കുന്ന നല്ല ഒരു പിതാവിന്റെ സാന്നിധ്യം നോവൽ നൽകുന്നുണ്ടെങ്കിലും കർക്കശക്കാരനും വാത്സല്യം കൊടുക്കാനറിയാത്ത വ്യക്തിയുമെന്ന നിലയിൽ പിതൃഭാവത്തിന്റെ ശൂന്യത രമണി അനുഭവിക്കുന്നുണ്ടു്. ശയ്യാവലംബിയായ അമ്മ മരുന്നുകളുടെയും കുഴമ്പിന്റെയും മണമായും അവരുടെ മുറിയിലേക്കു് കൊണ്ടുപോകുന്ന ഭക്ഷണമടക്കമുള്ള സാധനങ്ങളുടെ കണക്കായും തൊട്ടിൽക്കയറിൽ പിടിച്ചു് കുഞ്ഞിനെ ഉറക്കുന്ന യന്ത്രമായും അനുഭവപ്പെടുന്ന ഒരു വികല സാന്നിധ്യമാണു്. അച്ഛനമ്മമാരിൽ നിന്നും കിട്ടേണ്ടിയിരുന്ന സ്നേഹവും കരുതലും ഒരു പരിധി വരെ അവൾക്കു നൽകുന്നതു് വെളിച്ചപ്പാടും കൊച്ചച്ഛനുമാണു്. അവരുടെ സൗമ്യ സാന്നിധ്യം അനുഭവിക്കുകയും അവരോടുള്ള ഇഷ്ടം അവൾക്കു മുന്നോട്ടു പോകാൻ പ്രചോദനമാവുകയും ചെയ്തു തുടങ്ങിയ സന്ദർഭത്തിൽ തന്നെയാണു് ഇരുവരെയും അവൾക്കു് നഷ്ടപ്പെടുന്നതു്.

അപ്പേട്ടന്റെ സാന്നിധ്യവും സ്നേഹവും അവളുടെ ജീവിതദർശനത്തെ തന്നെ മാറ്റിമറിക്കാൻ പര്യാപ്തമായിരുന്നു. അയാൾ നൽകിയ പുസ്തകങ്ങളും പാടിയ പാട്ടുകളും എഴുതിയ കത്തുകളും അവളുടെ ജീവിതത്തിൽ വസന്തം വിരിയിച്ചു. മാസികകളിൽ അവളുടെ കവിതകൾ സ്ഥാനം പിടിച്ചപ്പോൾ അവൾ ധാരാളം ആരാധകരുള്ള കവയിത്രിയായി കലാലയത്തിൽ അംഗീകരിക്കപ്പെട്ടു. ഇക്കാലത്തു തന്നെ ചില അപവാദങ്ങൾ ചിലരുടെ പേരു വച്ചു് അവളെ ചേർത്തുണ്ടായെങ്കിലും തന്റെ ഹൃദയത്തെ പ്രണയത്താൽ നിറയ്ക്കുന്ന ദീപ്ത സാന്നിധ്യത്തെ തിരയുകയായിരുന്നു അവൾ. കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിലും പ്രണയത്തിന്റെ ഉദാത്തത തിരഞ്ഞെങ്കിലും അവരിലൊരാൾക്കും അവളെ തൃപ്തിപ്പെടുത്തുവാൻ കഴിഞ്ഞില്ല. അവൾക്കു മുൻപിൽ നിരന്ന മുഖങ്ങളിൽ സഹപാഠികളും അധ്യാപകരുമുണ്ടായിരുന്നു.

മാധവമേനോനോടുള്ള ഇഷ്ടത്തിൽ അവൾ പൂർണമായി മുഴുകുകയും സ്വയം മറക്കുകയും ചെയ്തു. അച്ഛൻ കൊണ്ടു വന്ന വിവാഹാലോചന ആ ഇഷ്ടം കാരണം അവൾ നിരസിക്കുകയും ചെയ്തു. വിവാഹം കഴിക്കുന്നതിനുവേണ്ടി ചില ഉപാധികൾ അയാൾ മുന്നോട്ടു വച്ചപ്പോൾ അവൾ ആകെ തകർന്നുപോയി. ഉന്മാദം പോലെ അനുഭവിച്ച ആ പ്രണയവും അതിന്റെ പരാജയവും അവളുടെ പരീക്ഷയെപ്പോലും ബാധിച്ചു. നല്ല നിലയിൽ ബിരുദം സമ്പാദിക്കാതെ ജീവിതത്തോടുള്ള താല്പര്യം പോലും നഷ്ടപ്പെട്ടു് ജീവച്ഛവമായി അവൾ വീട്ടിലെത്തി. ആ സന്ദർഭത്തിലാണു് ക്ഷയരോഗിയായ അപ്പേട്ടനെ വീണ്ടും കണ്ടുമുട്ടുന്നതു്. അയാളുടെ കോലം കണ്ടപ്പോൾ “നിങ്ങൾക്കു് ഭാര്യയെയല്ല ഒരു കുപ്പി വാട്ടർബറീസ് കോമ്പൗണ്ടാണു് വേണ്ടതു്” എന്നു് നിശ്ശബ്ദം പറയേണ്ടി വന്നു അവൾക്കു്. അതു് ഒരു പെണ്ണിന്റെ ശബ്ദരഹിതമായ ഇച്ഛാശക്തിയാണു്.

“പ്രിയപ്പെട്ടവളെ, ഇങ്ങോട്ടു ചാരിക്കോളു ഇങ്ങോട്ടു് ഈ കരുത്തുള്ള മാറിലേയ്ക്ക്—
മുള്ളു നിറഞ്ഞവഴിയിലൂടെ നമുക്കു് തോളോടു തോൾ ചേർന്നു പോകാം. നീ തളർന്നാൽ ഈ തോളത്തു കൈയൂന്നാം. ഈ കൈയിൽ മുറുകെ പിടിക്കാം നീ വരുന്നോ?
പെരുവഴിയിൽ ഏകാന്തത അസഹ്യമല്ലേ? നമ്മൾക്കു ഒന്നാകാം. അങ്ങോട്ടും ഇങ്ങോട്ടും തണൽ. അരുമപ്പെട്ടവളേ, നീ വരുന്നോ?
പുരുഷൻ ചോദിക്കാനാശിക്കുന്ന ചോദ്യം.
സ്ത്രീ കേൾക്കാൻ ആഗ്രഹിക്കുന്നതും ഇതു തന്നെ അല്ലേ?
വിഷമം പിടിച്ച യാത്രയിൽ വിശ്വസിച്ചു നിൽക്കാനൊരു താങ്ങു്.”

ക്ഷയരോഗിയായ അപ്പേട്ടന്റെ കത്തു് അവളെ വിഷമ വൃത്തത്തിലാക്കിയിരുന്നു. പങ്കാളിയുടെ കൈ പിടിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആ ജീവിതസന്ദർഭം മണിക്കു് സന്തോഷിക്കാനായി ഒന്നും ബാക്കി വച്ചില്ല. ഉള്ളിൽ എരിയുന്ന വേദനയും അസഹ്യമായ നൈരാശ്യവും തൊണ്ടയിൽ കുരുങ്ങിയ ഗദ്ഗദവുമായി അവൾ അപ്പേട്ടന്റെ വീട്ടിൽ തന്റെ വഴി അവസാനിപ്പിക്കുന്നു. പ്രവാചകരെപോലെ മറ്റുള്ളവർക്കു കേൾക്കാനും കാണാനുമാവാത്ത കാര്യങ്ങളെ വെളിപ്പെടുത്തിത്തരുന്ന ബാല്യ കാലത്തിന്റെ സൗഭാഗ്യങ്ങളെ ഉപേക്ഷിക്കാൻ അവൾ പ്രേരിതയാകുകയാണു്. ആമയുടെ സ്വച്ഛന്ദതയിൽ നിന്നു് മുയലിന്റെ ശീഘ്രതയിലേക്കു് ജീവിതം പരിവർത്തിക്കപ്പെടുന്നു.

ജീവിത സാഹചര്യങ്ങൾ നല്കിയ അസഹ്യമായ നീറ്റലുകൾ ഹൃദയത്തിലൊളിപ്പിച്ചു് നോവലിന്റെ അവസാനം അപ്പേട്ടന്റെ വീട്ടിൽ നിന്നു് താൻ പിന്നിട്ടതും തന്നെ താനാക്കിയതുമായ ഇടവഴിയിലേക്കു് രമണി മിഴികളുണർത്തുന്നു. അവിടെ നീലമലകളുടെ രേഖയോ ശൂന്യതപോലുമോ ഇല്ല. സിംഗപ്പൂരിൽ നിന്നും വന്ന ഒരു പണക്കാരൻ പറമ്പുമേടിച്ചു് വേലികെട്ടി മറച്ച കാഴ്ചകളാണു് അവിടെയുള്ളതു്. പുതിയ കെട്ടിടം ഉയരുകയും അവളുടെ മുടി തഴുകിയിരുന്ന കാറ്റു് പണക്കാരന്റെ വേലിക്കലെ കാറ്റാടിയിൽ തട്ടി പുറത്തു കടക്കാനാവാതെ പരിഭവത്തോടെ മൂളിക്കൊണ്ടിരിക്കുകയും ചെയ്തു. ഗ്രാമീണ സംസ്കൃതിയിലേക്കു് നാഗരിക സംസ്കാരം നടത്തുന്ന അധിനിവേശത്തിന്റെ ദൃശ്യവൽക്കരണമാണിതു്. നീലമലകൾ തന്നെ തഴുകാൻ ഇനി കൈനീട്ടുകയില്ലെന്നും ചെവിയിൽ സാന്ത്വനം മൊഴിയുകയില്ലെന്നും മനസ്സിലായപ്പോൾ മാത്രമാണു് നനഞ്ഞു ശീലമില്ലാത്ത അവളുടെ കണ്ണുകളിൽ മുത്തുമണികൾ ആദ്യമായി നിറഞ്ഞതും വേദനിപ്പിച്ചുകൊണ്ടു് അവ കവിളത്തുകൂടി ഉരുണ്ടതും. പ്രകൃതിയുടെ സാന്ത്വനം നഷ്ടപ്പെട്ട ഈ സന്ദർഭത്തിലാണു് രോഗിയായ അപ്പേട്ടന്റെ കത്തിലെ പ്രതീക്ഷയിലേക്കു മടങ്ങി ചെല്ലുവാനായി അവൾ ചുവടുകൾ വയ്ക്കുന്നതു്.

പ്രകൃതിയിലെ വർണരേണുക്കൾ വ്യക്തികളുടെ മനസ്സിന്റെ പ്രതീതികളോടു് എങ്ങനെ ഇടകലരുന്നുവെന്നു് ഈ നോവൽ കാണിച്ചു തരുന്നു.

രാജലക്ഷ്മിയുടെ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്ന വഴികളിൽ അവരറിയാതെ തന്നെ കടന്നു വരുന്ന പാരിസ്ഥിതിക ബോധത്തിന്റെ പച്ചപ്പുകളുണ്ടു്. പാലക്കാട്ടെ കരിമ്പനക്കാറ്റുകൾക്കപ്പുറമുള്ള ഊഷരതയിൽ നിന്നും ഒറ്റപ്പാലത്തേക്കുള്ള ഉർവരമായ ഒരു നെടുംപാതയാണു് രാജലക്ഷ്മിയുടെ കൃതികളിൽ വർണരേണുക്കളായി പതിയുന്നതു്. ഇതു് അവർ നേരിടുന്ന അനുഭവങ്ങളിൽ നിന്നോ ദൃശ്യങ്ങളിൽ നിന്നോ രൂപപ്പെട്ടതാവാം. ആ കൃതികളിലെ ആശയ സംഘർഷങ്ങൾ പലപ്പോഴും നേരിട്ടുള്ള അനുഭവങ്ങളുടെ ദൃശ്യാവിഷ്കാരങ്ങളാണു്. ഇതു് പ്രകൃതിയുടെ പശ്ചാത്തലമായ വർണസങ്കേതങ്ങളിലൂടെ പലപ്പോഴും ഏഴഴകുള്ള മഴവില്ലിന്റെ ശോഭയായി വിടരുന്നു. ഇതേ സമയം വ്യക്തി തലത്തിൽ അന്തഃസംഘർഷത്തിന്റെയോ ആത്മ സംഘർഷത്തിന്റെയോ നിറഭേദങ്ങളായി താൻ പിന്നിട്ട നെടും പാതകളിലെ കാഴ്ചകളെ ഈ കഥാകാരി വർണചാരുതയില്ലാതെ ആവിഷ്കരിക്കുന്നിടത്താണു് ചായക്കൂട്ടുകളുടെ ആവശ്യമേയില്ലാത്ത ‘വർണ സൗന്ദര്യ ഇടങ്ങളെ’ നിഴലുകളുടെ രൂപത്തിൽ നാം തിരിച്ചറിയേണ്ടതു്.

ലിസി മാത്യു
images/lissy.jpg

സീനിയർ പ്രൊഫസർ, മലയാളവിഭാഗം, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി.

Colophon

Title: Idavazhiyil Pathinja Varnarenukkal (ml: ഇടവഴിയിൽ പതിഞ്ഞ വർണരേണുക്കൾ).

Author(s): Lissy Mathew.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Appreciation Note, Lissy Mathew, Idavazhiyil Pathinja Varnarenukkal, ലിസി മാത്യു, ഇടവഴിയിൽ പതിഞ്ഞ വർണരേണുക്കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 23, 2025.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Portrait of Jeanne Hébuterney, a painting by Amedeo Modigliani (1884–1920). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.