(പ്രഭാതരശ്മി, 2018)
ഡയറിയുടെ പേജുകൾ മറിച്ചു,
പതിവുപോലെ
ആക്രോശിച്ചുകൊണ്ടവൾ
എടുത്തുചാടിവരുമോ
എന്ന ഭയത്തോടെ.
“എന്റെ അബീ!
ഞാൻ നിന്നെ
പ്രണയിച്ചതും സ്നേഹിച്ചതും
എന്തുകൊണ്ടെന്നു്
നിനക്കറിയില്ല.
നീ മദ്യപാനിയായിരുന്നു,
കഞ്ചാവടിച്ചിരുന്നു,
എന്നിട്ടും
സുഹൃത്തുക്കൾക്കെപ്പോഴും
നീ പ്രിയങ്കരനായിരുന്നു.
നിന്റെ കറുത്ത തൊലിയും
പതിഞ്ഞ മൂക്കും
എനിക്കൊട്ടും ഇഷ്ടമായില്ല.
വെളുത്തുതുടുത്ത
രാജകുമാരിയാണു് ഞാനെന്നു്
ആരും പറയാതെതന്നെ
എനിക്കറിയാം.
എന്നിട്ടും
ചിരിക്കുമ്പോൾ നിരതെറ്റിയ
മുടമ്പല്ലിന്റെ തിളക്കവും
മുഷിഞ്ഞ ജീൻസും
കരുത്തുറ്റ താടിരോമങ്ങളും
രസികത്തവും എനിക്കു നന്നേ പിടിച്ചു.
എന്നാൽ
നീ ഒരിക്കലും
എന്റെ രാജാവായില്ല,
സിംഹാസനത്തിലിരുന്നില്ല,
നിക്ഷേപങ്ങളിൽ കണ്ണുനട്ടില്ല.
എന്നെ പൊട്ടിച്ചിരിപ്പിച്ചു,
ആകാശതാരകളിലേക്കു്
കൂട്ടുവിളിച്ചു.
അടമ്പിൻപൂപോലെ
അനാഥത്വത്തിന്റെ ഓർമ്മകൾ
ഊതനിറത്തിൽ
എന്നെ തളർത്തുമ്പോൾ
നീ കടൽപോലെ
തിരയടിച്ചുയർന്നു്
എന്നെ കോരിയെടുത്തു്
ഏഴാംകടലിലേക്കു്
ഊളിയിട്ടു…
പഴയ പത്രം ഒച്ചയോടെ
കാറ്റിൽ ചിതറിവീണപ്പോൾ
അവളെത്തിയോ എന്നു്
അമ്മ ഞെട്ടിത്തിരിഞ്ഞു-
ഓ, അവളിനി വരില്ല!
കലണ്ടറിലെ തീയതി നോക്കി-
ഇന്നേയ്ക്കു് ഒരാഴ്ചയായിരിക്കുന്നു.
കാറ്റിൽ മലർന്നടിച്ചുവീണ പത്രത്തിൽ
പോലീസു് വിലങ്ങുവെച്ച
റേപിസ്റ്റിന്റെ ചിത്രം!