(ദേശാഭിമാനി വാരിക, 26-11-2000)
ചാണകം തളിച്ചു്
നാടിനെയും നാട്ടാരെയും
ശുദ്ധീകരിക്കാൻ
തലങ്ങും വിലങ്ങും
ഓടുന്നവരെ നോക്കി
പശു ചിരിച്ചു.
പശുവേ, നീ ചിരിക്കുന്നതെന്തു്?-
അവൻ ചോദിച്ചു.
മാമറിയത്തെ
എറിഞ്ഞുപൂതി തീർക്കാൻ
കൂർത്ത കൊമ്പുള്ള കല്ലും തേടി
തലങ്ങും വിലങ്ങും
പാഞ്ഞവരെക്കണ്ടു്
യേശു കാണാതെ
പശു പണ്ടേ ചിരിച്ചതാണു്.
ഒരു കുട്ട ചാണകം കൊണ്ട്
തല്ലി മെഴുകാമെന്നു്
ഒരു കൂട്ടർ.
ഗോരോചനക്കറകൾ
കഴുകി വെടിപ്പാക്കാമെന്നു്
മറ്റൊരു കൂട്ടർ.
മൈതാനത്തിലോ
തുണിയുരിച്ചു നിർത്തി
ചട്ടുകം കൊണ്ടു്
ചൂടുവെക്കണമെന്നു്
ചാണക്യസൂത്രക്കാർ.
വിലയും നി(നീ)ലയും
ചീന്തിക്കളഞ്ഞ മുഞ്ഞിയിൽ
ചാണകം കൊണ്ടുള്ള
ഗുണനചിഹ്നം പേറി
ആർത്തനാദം പോലുമില്ലാതെ
അവളോടിയപ്പോൾ
ഓർമ്മയിൽ മുക്രയിടുന്ന
കാളക്കൂറ്റന്മാരുടെ മുഖങ്ങളിൽ
ഒന്നുപോലും തിരിച്ചറിയാതെ
പശു പതിന്മടങ്ങു് ചിരിച്ചു.
പശുവേ, നീ പിന്നെയും ചിരിക്കുന്നതെന്തു്?
അവൻ ചോദിച്ചു.
കണ്ണിൽ പറക്കുന്ന
പൊന്നീച്ചയെ അടിക്കാൻ
പിന്നിപ്പഴകിയ
വാലുയർത്തി വീശുമ്പോൾ
ഒരു പൊട്ടച്ചിരി
അയവെട്ടിക്കൊണ്ടു്
പശു ചോദിച്ചു:
ചാണകം തന്നെ വേണമായിരുന്നോ?