(ജെ.എം.ഹൈസ്ക്കൂൾ സുവനീർ 2002 (കൊടുങ്ങല്ലൂർ))
കടലിലേക്കു് കുതിക്കുന്നു, പിന്നെയും
കരയിലേക്കു് തിരിക്കുന്നു, കാടുകൾ
തലകുലുക്കിത്തുളുമ്പുന്നു തിരകളായു്.
നിഴൽ വെളിച്ചങ്ങൾ വാരിപ്പുണരുന്നു
ചരടുപൊട്ടിപ്പറക്കുന്ന വെണ്മുകിൽ
രജതസഹംസ സ്മൃതികളുണർത്തുന്നു.
കാറ്റനങ്ങുന്നു കുന്നിൻ കുടുമയിൽ
കിളികുറുങ്ങുന്ന ചില്ലയിൽ, വേർത്തുവേർ-
ത്തില പൊഴിക്കുന്ന വേപ്പിൻ തലപ്പിലും
പായു് വിരിക്കുന്നു കരിയിലക്കയ്യിലും
ക്കുലയിലൂഞ്ഞാലുകെട്ടുന്നു, പാടത്തു
പച്ചഞാറിൻകവിളത്തുതട്ടുന്നു
വെള്ളരിപ്പൂവിലുമ്മവെച്ചീടുന്നു.
കെട്ടിടങ്ങളെ മുട്ടിപ്പരിക്കേറ്റ
നെറ്റിയിൽ കയ്യണച്ചും തുറക്കാത്ത
സ്നേഹജാലകപ്പാളിയിൽ തൻതല
തല്ലിയാർത്തും മുടന്തി നടക്കുന്നു.
മേലനങ്ങിപ്പണിതു വിയർപ്പിന്റെ
മുത്തുമാലകൾ ചാർത്തും തനുക്കളെ
കണ്ടുമുട്ടാതിടഞ്ഞു മുഴറിയും
കാറ്റുപിൻവാങ്ങിയാറ്റിലേക്കോടുന്നു.
ആറ്റിലൂടൊരു തോണിയൊഴുകുന്നു
ആളനക്കമില്ലില്ലാതുഴകളും
കാറ്റു തള്ളിക്കയറിയലസമായു്
ചൂളമിട്ടതിൽ ചാരിക്കിടക്കുന്നു.
വന്നുകേറുമോ മുറ്റത്തിറയത്തു്
കുളിരുമായീ കുടുസ്സുമുറികളിൽ
വേനലാകെപ്പഴുപ്പിച്ച മേനിയെ
തെല്ലുനേരം തണുപ്പിച്ചു നില്ക്കുമോ?