ചെയ്യുന്ന പാപങ്ങളാൽ
ഭൂമിയുടെ സീമന്തത്തിൽ
ആന്ത്രാക്സു് സിന്ദൂരം പടർന്നിരിക്കുന്നു.
ഓരോ പുൽനാമ്പിലും
വിഷത്തുള്ളികൾ കത്തിനില്ക്കുന്നു,
രാജസർപ്പത്തിന്റെ കൃഷ്ണമണികളായു്.
പ്രളയരാത്രിക്കു മുമ്പുള്ള
അടിയൊഴുക്കിന്റെ മുരൾച്ചയായു്
പാറകളിൽ അതു് ഉരഞ്ഞുമുറുകുന്നു.
പോലീസിനൊപ്പം
നിർവ്യാജഡോക്ടറും
ഒരേ ക്യൂവിലുണ്ടു്.
ഇഫ്താർ വിരുന്നുകൾക്കു മേൽ
റംസാൻപിറ വിളറിച്ചിരിക്കുന്നു.
കാറ്റിൻ നെഞ്ചിലൂടെ
നിർത്താതൊരു ചൂളം
നിലവിളിയുടെ ശരമുനയിൽ
തുളച്ചുപായുന്നു.
അതൊരു ചോരക്കുഞ്ഞിന്റേതാണു്.
ചോരയുടെ നിറവും മണവും
അതിനറിയില്ല;
രുചിയെപ്പറ്റി മൊഴിയാനാവില്ല.
ഇളംനാവിൽ, നോവിന്റെ പൂഞരമ്പിൽ
വിദ്യൂത്നഖങ്ങൾ
നെറികെട്ട രാഗം വായിക്കുമ്പോൾ
വിരാട്പുരുഷനും ചിറികോട്ടുന്നു.
ആരാണതിനു് ജന്മം കൊടുത്തതു്?
ആരാണതിനു് മരണം വിധിച്ചതു്?
ആളറിയാത്ത
ക്ലോണിംഗ് ജന്മങ്ങൾക്കും
ഡിജിറ്റൽ മരണങ്ങൾക്കുമിടയിൽ
ഉറക്കുപാട്ടുകൾ മറന്നുപോയ
അമ്മമാർക്കിനി
ഉറക്കമില്ല.