അടച്ചതും നീയായിരുന്നു.
ഇടവേളയിൽ
തോരാത്ത മഴയായും
മകുടിയായും
പെയ്തൊഴിഞ്ഞതും
നീയായിരുന്നു.
സ്വപ്നങ്ങൾക്കു്
നനുനനുത്ത ചിറകെന്നു്
ഞാൻ മൊഴിഞ്ഞു;
ചിറകു കരിഞ്ഞ
ഈയാം പാറ്റകളെന്നു്
നീ പറഞ്ഞു.
മിഴികളിൽ
ഒരായുസ്സു്മുഴുവൻ
എന്നെന്റെ തോന്നൽ,
വിഷമവൃത്തത്തിന്റെ
അവിരാമചിഹ്നമെന്നു്
നിന്റെ തിരുത്തു്.
നിലാവിൽ ഒരു തിരിയും
മഞ്ഞിൽ ഒരു കുളിരും
വെയിലിൽ മൂവിതളുള്ള
അപൂർവ കുസുമം
പ്രണയമെന്നു് ഞാൻ;
തൂവലുറഞ്ഞു് പ്രതിമയായ
പഞ്ചവർണ്ണക്കിളിയെന്നു്
നിന്റെ മറുവാക്കു്.
യമുനയുടെ കരയിൽ
കടമ്പിൽ ചാരിനിന്നു്
വേണുവൂതുന്നതു്
കണ്ണനെന്നു് ഞാൻ;
കള്ളനല്ലാത്ത
കാളിയനെന്നു് നീ.
ഹൃദയത്തെ പുതപ്പിക്കുന്ന
ഇഴയടുപ്പമില്ലാത്ത
പരുത്തിയുടുപ്പിന്റെ
അതിസാധാരണതയെന്ന്
നിന്റെ അവസാനവാക്കു്!
എപ്പോഴും
കടുത്തു സംസാരിച്ചതു് നീ;
കിതപ്പു മുഴുവൻ
ഒറ്റുവാങ്ങിയതു് ഞാൻ.
ഏഴാംനിലയിൽ നിന്നു്
താഴോട്ടിറങ്ങുകയാണു്.
പടികളോരോന്നും
എണ്ണം തെറ്റാതെ
ഇറങ്ങുന്നതിനിടയിൽ
നീ അടിവാരത്തിലെത്തി
കാത്തുനില്ക്കുമെന്നു്
ഞാനറിഞ്ഞില്ല!
അതോ പിന്നിലോ?