(2002-4 കാലഘട്ടത്തിൽ കേരളസർവകലാശാലയുടെ മലയാളവിഭാഗത്തിൽ കവിയരങ്ങിൽ അവതരിപ്പിച്ചു.)
ഏഴുനാളായി ഞാൻ
തപം തുടരുന്നു.
ശ്വാസകോശങ്ങൾ പറിച്ചെടുത്തു്
എന്റെ ശബ്ദം ശരവേഗത്തിൽ
ശൂന്യതയിലേക്കു് പറന്നു കഴിഞ്ഞു.
എന്റെ നെഞ്ചിലേക്കാണു്
ചീറ്റിയടിക്കുന്നതു്.
ചെവിതുളക്കുന്ന,
ഒന്നല്ല, ഒരായിരം ചിവീടുകൾ
എന്റെ നെറുംതലയിൽ
ഒന്നിച്ചിരുന്നു കരയുന്നു.
പിണങ്ങിപ്പിരിഞ്ഞു്
വരിഞ്ഞു മുറുക്കുന്നതു്
എന്റെ വ്യസനങ്ങളെയാണു്.
മുഖമടിച്ചു് പതിക്കുന്ന
അറുതിയില്ലാത്ത ദുരന്തങ്ങൾക്കും
ഞാനാണു് സാക്ഷി.
പഴുക്കിലകളും
പച്ചിലകളും
ഒലിച്ചുഴന്നു പായും
മഹാപ്രവാഹത്തിൽ
ഒരെറുമ്പുമില്ല, പ്രാവുമില്ല.
വെളിച്ചത്തിന്റെ വിളമ്പിലൂടെ
ഭൂമിയുടെ പച്ചപ്പാതിരയിലേക്കു്
ഒളിഞ്ഞു നോക്കാൻ ഭയന്നു്
(പഴു)താരയെപ്പോലെ
പറ്റിപ്പിടിച്ചിരിക്കയാണു് ഞാൻ.
ഏഴുനാളായി
തപം തുടരുകയാണു് ഞാൻ.
ജപമാലയുരുളുന്ന
വിരലുകൾക്കിടയിൽ
ഏഴാംനാളിന്റെ മൗനം
എന്റെ നേർക്കുതന്നെ
കത്തി നിവർത്തുന്നു…
ഒച്ച വറ്റിയ അച്ചാണു്,
ഭാഷ കൈമോശം വന്ന ഞാനാണു്.
ചെറുവിരൽ പോലും
അനക്കാൻ എനിക്കാവില്ല-
അതറ്റുപോയിരിക്കുന്നു!
അതെന്റെ
അകാരമായിരുന്നു.