ബാർബിക്കുടയെടുത്ത്
അദ്ഭുതത്തോടെ
നിവർത്തുകയായിരുന്നു അമ്മ.
ഒരാഴ്ചയായി
ഫ്ളാറ്റിനകത്ത് മുട്ടിത്തിരിഞ്ഞു
ക്ലോക്കിലും കലണ്ടറിലും നോക്കി
വീർപ്പുമുട്ടുകയാണ്.
കുട മലർക്കെത്തുറന്നുവെച്ച്
അമ്മ ഉണ്ണാനിരുന്നപ്പോൾ
മകൾ അമ്പരന്നു.
വിശക്കുന്നുണ്ടോ എന്ന്
ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഒട്ടും വിശപ്പില്ല,
നീ പ്ലേറ്റ് മാറ്റിവെച്ചത്
നന്നായി!
അച്ഛനെത്തുംവരെ
ഞാനൊന്നു കിടക്കട്ടെ.”
കയറാൻ തുടങ്ങിയപ്പോൾ
ഓടിയെത്തി
ശാസനയോടെ
അവൾ പിടിച്ചുമാറ്റി:
“എന്താ ഇക്കാട്ട്ണതമ്മേ?”
എന്താണു പറ്റിയത്
എന്നറിയാതെ
അവളുടെ മുഖത്തേക്കും
മിണ്ടാതിരിക്കുന്ന
അച്ഛന്റെ ഫോട്ടോയിലേക്കും
അമ്മ മാറിമാറി നോക്കി:
“അച്ഛനെത്ര ചെറുപ്പം!
അമ്മയ്ക്ക് വയസ്സായി, ല്ലേ മോളെ?”
രണ്ടുതുള്ളി കണ്ണുനീർ
അവളുടെ കവിളിലൂടെ
ഉരുണ്ടുവീണു.
“നീയെന്തിനാ മോളേ
കരയ്ണത്?
അമ്മയില്ലേ നിനക്ക്?”
അമ്മയത് തുടച്ചെടുത്ത്
അവളെ മാറോടുചേർത്തു.
വറ്റിയ പുഴയിൽ
തള്ളിവന്ന പ്രളയംപോലെ
അവളുടെ ഹൃദയം
അമ്മയുടെ
നെഞ്ചിനകത്തേക്ക് കുതിച്ചു.