(കലാകൗമുദി, 2008 സെപ്തംബർ)
കാഴ്ചകളൊഴുകുന്നു
നാവനങ്ങുവാനിട-
യില്ലതിൻ മുമ്പേ മായും.
കണ്ടതോ കാണാത്തതോ
നേരെന്നു നിലതെറ്റി
ഇമ ചിമ്മാതേയെന്റെ
മിഴികൾ പാഴാകുന്നു.
നട, പ്പെൻ നിഴൽ പോലും
നിറഭേദത്തോടെന്നെ-
ച്ചുഴന്നു വളരുന്നു
അട്ടഹാസങ്ങൾക്കൊപ്പം
പൊക്കമില്ലാതേമുറ്റും
ഓമനച്ചെറുവാക്കി-
ന്നമ്പരപ്പാണെൻ പ്രശ്നം.
എന്റെ പേനക്കിന്നെന്തു
വിരക്തി, നിരാസത്തിൻ
മൃത്യുവല്ലഗമ്യമാം
ഗോപുരഭയമല്ല,
കാവ്യഗർവവുമല്ല,
പറന്നുപൊങ്ങും കിളി-
യോടു ചൊല്ലുവാൻ വെച്ച
കളിവാക്കെല്ലാം ചോർന്നു
പോയതിൻ നിശൂന്യത.
മമൃതം, തമസ്സിനെ-
ക്കീറുന്ന വെളിച്ചമോ
ദുഃഖമാണെന്നും കവി
വിത്തിട്ട പാടങ്ങളി-
ലാത്മഹത്യകളെന്നു
പറയാനറിയാത്ത
ബഹുവാക്കാണെൻ പ്രശ്നം.
നെഞ്ചിലേക്കൊരു കുടം
ചോരതുപ്പുമ്പോൾ, നീരു
വറ്റുന്ന സ്വരാക്ഷരം
കത്തിയാളുമ്പോൾ മാനം
ചാമ്പലായ് മറയുമ്പോൾ
വെറുപ്പിൻ പടഹത്തിൽ
പകച്ചുനിൽപ്പൂ പദം
കൂട്ടിവായിക്കാനാജ്ഞ
കിട്ടാത്ത കുഞ്ഞായ് ഞാനും.
വീട്ടുവാതിൽക്കൽ മണം
തൂവുന്ന വാക്കായ് നോക്കായ്
ക്കില്ലയമ്മയെന്നൊരാൾ
നാട്ടുപാതയിൽ രണ-
ഭേരിയിൽ തിറയാടി
രൗദ്രഭീമനായ് നിൽക്കു-
മച്ഛനും കൈവിട്ടുപോയ്.
ഞ്ഞേതുപൂതത്തിൻ കള്ള-
ച്ചിരിയിൽ മയങ്ങി നാം
മുന്നോട്ട് നടക്കണം?
പൂവിനെ, പൂമ്പാറ്റയെ
ചുട്ടെരിച്ചു നാമേതു
കാട്ടിലെച്ചെന്നായ്ക്കൂട്ടിൽ
അക്ഷരം പഠിക്കണം?