(സ്ത്രീശബ്ദം 2013)
എത്ര വട്ടം പറഞ്ഞതാണ്?
കോപ്പിയെഴുതുമ്പോൾ
അക്ഷരവടിവിനായി
അക്ഷരവടികൊണ്ട്
അടിക്കരുതെന്ന്,
കണക്കുകൂട്ടുമ്പോൾ
അക്കം മാറിപ്പോയതിന്
ചെവിക്കു നുള്ളരുതെന്ന്,
മലയാലത്തിന്റെ
സ്പെല്ലിംഗ് മറന്നതിന്
ഇംപോസിഷൻ എഴുതിക്കരുതെന്ന്
എത്ര പറഞ്ഞതാണ്!
ഏതക്ഷരമാണ്
എന്റേതും അമ്മയുടേതുമെന്ന്
എനിക്ക് തിരിച്ചറിയുന്നില്ലല്ലോ!
ചെഞ്ചോരനോട്ടം
എനിക്ക് തീരെ ഇഷ്ടമല്ല,
കിളികളുടെ കലപിലയും
കുന്നോടിക്കാറ്റിന്റെ
കിരുകിരുപ്പും
എനിക്കു് വേണ്ടേ-വേണ്ട!
എന്നെ പിടിച്ചു സൂചികുത്തരുത്,
വള-വള എണ്ണ പൊത്തി
തലമുടി പിശ്-പിശ് ആക്കരുത്,
സോപ്പുതേച്ചുരച്ച്
കണ്ണിൽ മുളകരയ്ക്കരുത്,
കഴുത്തിൽ ടൈ മുറുക്കി
കൊലക്കയർ വലിക്കരുത്
വലിഞ്ഞു കേറി
കാലിൽ ചുറ്റിപ്പിടിക്കുന്ന
സോക്സ്പിശാശിനെ
ഞാൻ വലിച്ചു കീറും!
എന്റെ അണ്ണാക്കിലേക്ക്
തള്ളരുതെന്നല്ലേ പറഞ്ഞത്!
പാലും ഹോർലിക്സും ‘ഗ്വാ…’
എനിക്ക് ഓക്കാനം വരുന്നു,
സ്ക്കൂൾ ബസ്സിലേക്ക്
എന്നെ തള്ളിയിടല്ലേ!
‘കണ്ടു പഠിക്ക്!’ എന്നെന്റെ
നെഞ്ചിൽ വെടിപൊട്ടിക്കരുത്,
വീടുപൂട്ടി വേലക്കുപോയ
അമ്മയെ തിരിച്ചറിയാത്ത
ഞാഞ്ഞൂൽക്കുഞ്ഞിനെ ചൂണ്ടി
എന്നെ ഭീഷണിപ്പെടുത്തരുത്,
ഷഫീക്കിനെപ്പോലെ
തലകീഴായി
ഐ.സി.യൂ.വിൽ തൂക്കിയിടുമെന്നും
പേടിപ്പിക്കേണ്ട!
ടി.വി.യിൽ മുങ്ങിത്തുടിക്കുന്ന,
മൊബൈലിൽ
നുരഞ്ഞുപതയുന്ന
അമ്മേ,
അമ്മയെന്റെ ആരാണ്?