(മാതൃഭൂമി)
ഇനി
നമുക്കാവശ്യമില്ല!
അതുകൊണ്ടു് കർഷകരും.
ശീലിപ്പിച്ചെടുത്ത
ജനിതക വിദ്യകളാൽ
നാമിന്നു് ധന്യരാണ്!
ഒന്നൊന്നായി അടർത്തുക,
പാലുറയ്ക്കും മുമ്പു്
പല്ലാഴ്ത്തുക,
നെഞ്ചുറയ്ക്കും മുമ്പു്
ഉറുഞ്ചിക്കുടിക്കുക.
അന്തിച്ചുവപ്പ്
മുളയിലേ നുള്ളി
സൈബർ സ്പേസിലേക്ക്
എറിഞ്ഞു തുലയ്ക്കുക!
കിടാങ്ങളായി
വിത്തധികാരത്തിന്റെ
കിടപ്പറയിലേയ്ക്കിതാ
പെൺ മിത്തുകൾ!
വിധിയെഴുത്തിന്റെ
വീര മുദ്ര പതിച്ച
കലാതിലകങ്ങൾ!
ഇനി നമുക്കാവശ്യമില്ല-
അതുകൊണ്ട് പത്തായങ്ങളും.
തടിയൊഴിച്ച മരങ്ങൾ
ആശാരിയുടെ മനക്കണക്കുകേട്ട്
മനക്കോട്ട കെട്ടേണ്ട.
ശവപ്പെട്ടികളുടെ
പട്ടാളക്കണക്കു കൂട്ടി
ആനകൾക്കും എറുമ്പുകൾക്കും
ഇനി മദമിളകേണ്ട,
കണ്ണീർപ്പുഞ്ചയിൽനിന്ന്
തിളച്ചു വീശുന്ന
ഉപ്പു കാറ്റേറ്റ്
കൗരവരുടെ പൂമുഖത്തുള്ള
ഒരു കാരണവർക്കും
മനമുരുകേണ്ട!
ഇനി നമുക്കാവശ്യമില്ല-
പത്തായങ്ങളും-
അതുകൊണ്ടു് എലികളും!
എലികൾ ഇരക്കുന്നവരല്ല,
തുരക്കുന്നവരാണ്,
അവർക്കിപ്പോഴും
മാളങ്ങളുണ്ട്.
കോമ്പല്ലുകളാഴ്ത്തി
അവർ തുരന്നു മലർത്തുന്ന
പത്തായങ്ങൾക്കകം ശൂന്യം.
ചക്കിയും അമ്മയും
തൊഴുത്തിൽ
അമറിക്കൊണ്ടു നില്ക്കട്ടെ.
അതിനാൽ പൊടിച്ചെടുത്ത്
കടലിൽ കലക്കേണ്ടതില്ല.