(കലാകൗമുദി (1461))
ഇരുവർക്കും!
ഇരുവർക്കും
കൃഷ്ണമണികൾ വിറയ്ക്കുന്നു,
വ്യാകരണം തെറ്റുന്നു,
തൊട്ടെണ്ണം പിഴയ്ക്കുന്നു,
ചിരിയും കണ്ണീരും
കൂടിക്കുഴയുന്നു.
ഭ്രാന്ത് എനിക്കോ നിനക്കോ?
ശിരസ്സിൽ
പന്തം കത്തുന്ന
ഓരോ ഭ്രാന്തിനും
സ്വന്തമായൊരു ചന്തമുണ്ട്.
ബോധമൊരു
പേരാൽമരം
ഇലകൾ വളരെ,
നിലകൾ കുറവ്,
നിറങ്ങളും കുറവ്
തളാപ്പ് കെട്ടിയും
ഏണിചാരിയും
ആയാസപ്പെട്ട് കയറാം.
ഉച്ചിയിലെത്തുമ്പോൾ
ആകാശം
പിന്നെയും പിന്നെയുമകലെ!
നൂലേണികൾ പിന്നിപ്പോയ
കള്ളമുകിലുകളിൽ കണ്ണുന്നി
കാണാപ്പുറം കണ്ട്
എഴുതാപ്പുറമെഴുതാം
ഭ്രാന്ത്
ആഴക്കടൽപോലെ
അപാര നീലം!
ദൈവങ്ങൾ
തീനും കുടിയും കഴിഞ്ഞ്
ഉപേക്ഷിച്ചുപോയ
ജലഗുഹാന്തരങ്ങൾ,
ചിപ്പിക്കാടുകളും
വർണ്ണ ഖനികളും.
സർപ്പ കോപങ്ങളും
മത്സ്യശാഠ്യങ്ങളും
പിടിച്ചുകെട്ടാൻ
ആരോരുമില്ല.
തിരമാലകൾ നിവരുമ്പോൾ
കുന്നോളം,
മലയോളം,
മാനത്തോളം!
ഉയരത്തിന്റെ
അളവുകളെക്കുറിച്ച്
വ്യാകുലപ്പെടാതെ
കുതിച്ചുകൊണ്ടിരിക്കുന്നു
എന്റെയും നിന്റേയും ഭ്രാന്തുകൾ.
കുഞ്ഞുങ്ങൾക്ക്
ഭ്രാന്ത് വരുന്നില്ല,
സ്വപ്നങ്ങളുടെ കടുംചായത്തിൽ
തല്ലിക്കളിക്കുമ്പോഴും
ചേമ്പിലയിൽ
ഉരുണ്ടുമറിയുകയാണവർ,
അവർക്കെല്ലാം ഒരേയൊരു ഛായ!
ഞാനും നീയും
എത്രപുണർന്നാലും
എത്ര പകർന്നാലും
തിരിച്ചറിയാം!
ഭ്രാന്തിന്റെ ബാർകോഡുകൾ
ചീന്തിക്കളയാൻ
സ്വയം നമുക്കാവില്ലല്ലോ!