(മാധ്യമം 2005)
പത്തിവിടർത്തിയ
സുനാമികൾക്കിടയിലൂടെ
ഞാനാ മുഖം കണ്ടു.
റജീനയോളം പാഞ്ഞുയർന്ന്
സഹസ്രാക്ഷമായി പതഞ്ഞ
രാക്ഷസച്ചിരിയിൽ മുങ്ങി
പറഞ്ഞതൊക്കെ
പതിരായ മട്ടിൽ
പകച്ചിരിപ്പൂ
പാവം കവിത!
അക്ഷരങ്ങൾ,
തിരയെടുത്തുപോയ
ക്രൗഞ്ചസ്വപ്നങ്ങൾ,
പ്രളയകാളിമയിൽ
അമൃതത്വവും
അമ്ലത്വവും
നുരഞ്ഞുപൊന്തുന്ന
ഉന്മാദധ്വനികൾ!
അഴുകിയിഴയുന്ന
ആലിലകൾ,
ഇലയിൽനിന്നടർന്ന്
കുതിർന്നടിഞ്ഞുപോയ
ഉണ്ണിവിരലുകൾ,
ആത്മാവിലേക്ക്
ഒരുനിമിഷവും
ഇരമ്പിക്കയറുന്നില്ല.
ഇല്ല-
ഇനി ഒരെഴുത്തും
സാധ്യമല്ല!
എഴുന്നുനിൽക്കുന്നു
കനൽച്ചിതമ്പലുമായ്
ഒരഗ്നിഗോളം,
തൊട്ടടുത്ത്
ഇലച്ചീന്തിൽ
ചൂഴ്‌ന്നെടുത്തുവെച്ച
ശാരികയുടെ നോട്ടംപോൽ
മറ്റൊന്ന്!
സുനാമിയിലലിയുമ്പോൾ
പതറിപ്പായുന്ന
തിമിംഗലത്തെപ്പോൽ
ഒന്നു വായ്പൊളിക്കാൻ
കഴിഞ്ഞെങ്കിൽ!
പൊള്ളുന്നതെല്ലാം
വാരിവിഴുങ്ങി
ചുട്ടുപഴുത്ത
ഈ നീലകണ്ഠം
ഒന്നുടഞ്ഞു തകർന്നെങ്കിൽ!
തിളച്ചുരുകുന്ന
നോട്ടത്തിൽനിന്ന്
ഒലിച്ചുപോകാമായിരുന്നു.
എവിടേക്കെന്നു മാത്രം
ചോദിക്കരുത്!