(ദേശാഭിമാനി ഓണം വിശേഷാൽപ്രതി, 2001)
ഭ്രാന്തുപിടിച്ചതുപോലെ
എന്നകത്തുനിന്നു്
പതതുപ്പി
കിതക്കുന്നതും കുരക്കുന്നതും
എൻ കവിത തന്നെയോ?
ദൈവമേ, ഇതെന്തു ശബ്ദം!
എനിക്കപരിചിതം, അജ്ഞാതം!
ഈ ഭ്രാന്തിൻ കീടപ്രവാഹം
പരകോടിജന്മങ്ങൾക്കകലെനിന്നു്
ഞൊടിയിടയിൽ
തിരയടിച്ചു് പാഞ്ഞെത്തിയതെപ്പോൾ?
അടങ്ങിക്കിടന്ന
എന്നോമന നായ്ക്കുട്ടീ!
ചീകിമിനുക്കിയ
തൂവെള്ള രോമച്ചന്തമേ!
മുട്ടിയുരുമ്മി നക്കിത്തുടക്കുന്ന
സൗമ്യസ്നേഹമേ!
നഖമുനകൾ ഒതുക്കിപ്പിടിച്ചു്
നെഞ്ചോടൊട്ടിക്കിടക്കുന്ന
ഊഷ്മള നൈർമ്മല്യമേ!
ദിവാസ്വപ്നങ്ങളിൽ
എന്നെമാത്രം കൺപാർക്കുന്ന
കാവൽ മാലാഖേ!
നിനക്കെന്തുപറ്റി?
നക്കരുതെന്നും
നുണയ്ക്കരുതെന്നും
കണ്ടെന്നു് തെല്ലും
നടിക്കരുതെന്നും
മുറകളെത്ര പഠിപ്പിച്ചു ഞാൻ!
നേർവരമ്പിൻ നെഞ്ചിൽ നിന്നു്
നിലമാറി ചവിട്ടരുതെന്നും
ശീലങ്ങളെത്ര പഠിപ്പിച്ചു!
എന്നിട്ടും
ആരാണീ ധമനികളിൽ
കൂർമ്പൻ പല്ലാഴ്ത്തിയതു്?
കുറുകിക്കറുത്ത കുരുതികളിൽ
നിന്റെ മിഴിയുടച്ചിട്ടതാരു്?
തെളിനീരിന്നടിയിൽ
ഞാൻ കാണാത്ത കലക്കങ്ങൾ
നീ കണ്ടുവോ?
കണ്ണീരിലൂടെ
പിൻവാങ്ങുന്നു പ്രിയം
കണ്ടു വിരണ്ടുവോ?
നിഴലുകൾക്കിടയിൽ
ഘനീഭവിച്ച
മൗനങ്ങൾ കേട്ടു്
കുരച്ചുവോ?
ഹൃദയമിടിപ്പു് മുഴുവൻ
കടൽപ്പതയായു്
തുപ്പിത്തളർന്നുവോ?
പൊൻ ചങ്ങല
ഇനിയെന്തുചെയ്യും?
അതെനിക്കും വേണ്ട!