(മാതൃഭൂമി, 2000)
ഉയിരായി മാറുന്ന വാക്കുകളേക്കാൾ
ധന്യമായി
എന്തുണ്ടീ ലോകത്തിൽ?
അതിറ്റു വീഴുന്ന കാതുകളിൽ
ഹൃദയത്തിന്റെ വേലിയേറ്റമില്ലെങ്കിൽ
പിന്നെന്തുണ്ടു്
ദീനമായീ ലോകത്തിൽ?
എണ്ണിയാലൊടുങ്ങാത്ത
പാലങ്ങളിലൂടെ
തലങ്ങും വിലങ്ങും
നടക്കയാണെന്റെ വാക്കുകൾ.
കവിതയിൽ നിന്നു്
സംഗീതത്തിലേക്കെത്ര ചുവടു്?
സംഗീതത്തിൽ നിന്നു്
ജീവിതത്തിലേക്കെത്ര ചുമടു്?
അവർക്കതൊന്നുമറിയില്ല!
കൈകോർത്തു്, കരൾ കൊരുത്തു്,
കുതിച്ചു് മദിച്ചു്,
വിതുമ്പിയും പുലമ്പിയും
ഏതോ കടലിലേക്കവർ
പതഞ്ഞൊഴുകുകയാണു്.
അവിടെയെത്തുമ്പോൾ
അവരെന്താകുമെന്നു്
അവർക്കറിയില്ല.
എനിക്കറിയില്ല,
ആർക്കുമറിയില്ല.
നുരയും പതയും ചിന്നി
നീലപ്പരപ്പിൽ
ആകാശം നോക്കി
മലർന്നുകിടന്നു്
വെളുക്കെ ചിരിക്കുമെന്നു്
കരുതുന്നുവോ?
അറിയാതെ വന്നുപോയ
പിഴകളുടെ ചുഴിയിൽകറങ്ങി,
കറങ്ങിക്കറങ്ങി
മുങ്ങിമരിക്കുമെന്നു്
കരുതുന്നുവോ?
വാക്കിനു്
മരണമില്ലെന്നല്ലേ പറഞ്ഞു?
അവസാനത്തെ വാക്കിനും
അവസാനമില്ലാത്തതു്
അതുകൊണ്ടാകാം!
പടിവാതിൽതോറും
അലഞ്ഞുതിരിയുന്ന
അനാഥത്വമാണോ
എന്റെ വാക്കു്?
ഈയിടെയായി
ഉറക്കം വരാതെ
നുരയും പതയും തുപ്പുന്നു
തിരിഞ്ഞു നടക്കാനാവാത്ത
എന്റെ വാക്കു്!