‘Father, don’t you see I’m burning?’—Sigmund Freud.
കേരള ലളിതകലാ അക്കാദമി ചെയർമാൻ അറിയുവാൻ നാല്പതിലേറെ വർഷങ്ങളായി കലാ പ്രവർത്തനം തുടരുന്ന ഒരു മലയാളി ആർട്ടിസ്റ്റിന്റെ തുറന്ന കത്തു്.
‘തുറസ്സ് ’ എന്ന പേരിലുള്ള കേരളത്തിലെ ആർട്ടിസ്റ്റുകളുടെ WhatsApp കൂട്ടായ്മയിൽ ഞാനുമുണ്ടായിരുന്നു. കാലങ്ങളായുള്ള കേരളത്തിലെ ലളിതകലാ അക്കാദമിയുടെ പിറന്ന മണ്ണിൽ ചവിട്ടാനാവാതെയുള്ള ദയനീയമായ നില്പു് (acrobatic position) ചൂണ്ടിക്കാണിച്ചുകൊണ്ടു മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ ഞാനും ഒപ്പു വെച്ചിരുന്നു. അതിനു മറുപടി എന്നപോലെ മറ്റൊരു പ്ലാറ്റ്ഫോമിൽ താങ്കളെഴുതിയ മറുപടി ഞാൻ വായിക്കുകയുണ്ടായി. അതിനുള്ള മറുപടിയല്ല ഈ കത്തു്. എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്ന ഈ കത്തിന്റെ വാതായനങ്ങൾ അക്കാദമിയുടെ ചെയർമാനായതുകൊണ്ടു താങ്കളെ അഭിമുഖീകരിക്കുന്നു എന്നുമാത്രമേയുള്ളു.
1823-ലാണു് യന്ത്രം ഉത്പാദിപ്പിച്ച ഇമേജ് (ഫോട്ടോഗ്രാഫ്) ആദ്യമായി പുറത്തുവരുന്നതു്. പുനരുത്പാദനത്തിന്റെ സവിശേഷതകൾ ചിത്രകലയിൽ വലിയമാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടു്. ഫോട്ടോഗ്രാഫിയുടെ ഉത്ഭവത്തിനു ശേഷമുള്ള രണ്ടു നൂറ്റാണ്ടുകൾ ഈ മാറ്റത്തിന്റെ വിപുലീകരണങ്ങളായിരുന്നു എന്നു പറയാം. എഡ്വേർഡ് മൈബ്രിഡ്ജും ലൂമിയർ സഹോദരന്മാരും സിനിമയും ടെലിവിഷനുമൊക്കെയുണ്ടാവുന്ന കാലം. പാബ്ലോ പിക്കാസോ യും, മാർസൽ ദുഷാമ്പും, ജോസഫ് ബെയ്സും, ജു നാം പൈകും, മറീന അബ്രമോവിച്ചും കലയിൽ കലാപമുയർത്തിയ കാലം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ മുതൽ ഫോട്ടോഗ്രാഫി ഒരു കലാരൂപമായി ജനസമ്മിതിയാർജ്ജിക്കുന്നതായിക്കാണാം. സമകാലീന മനുഷ്യൻ ഉണ്ടായി വന്നതു് ഈ മാറ്റങ്ങളിലൂടെയുമായിരുന്നു. ഫോട്ടോഗ്രാഫിയുടെ ചിറകുകൾ കലയുടെ പക്ഷിരൂപത്തിൽ നിന്നു് വേർപെടുത്താനാവാത്ത വിധത്തിൽ സ്വാഭാവികമായി. കലയിൽ പുതിയ മാധ്യമങ്ങളും പ്രവണതകളും അനിഷേധ്യമായി.
വിഡിയോ ആർട്ട്, വിഡിയോ ഇൻസ്റ്റലേഷനുകൾ, പെർഫോമൻസ് ആർട്ട്, ബോഡി ആർട്ട്… ഇങ്ങനെ പല പുതിയ മാധ്യമങ്ങളും കലയിൽ നിലയുറപ്പിച്ചു. സമകാലീന കലയ്ക്കു് പുതിയ ചിറകുകളുണ്ടായി.
സമകാലീനകലയിലെ ഈ പുത്തൻ ചിറകുകളാണു് 2012-ൽ കേരളത്തിന്റെ കലാപരിസരത്തു പറന്നുയരാൻ തുടങ്ങിയതു്. കേരളത്തിലെ കലാരംഗത്തു് സംഭവിച്ച വിപ്ലവകരമായ മുന്നേറ്റങ്ങളാണു് കൊച്ചി മുസ്സിരിസ് ബിനാലെയും (Kochi Musiris Biennale), അതിനേക്കാൾ വിസ്മയിപ്പിക്കുന്ന ചുവടുവെയ്പ്പായ സ്റ്റുഡന്റസ് ബിനാലെയും (Students Biennale). രണ്ടിലും കേരള ലളിതകലാ അക്കാദമി ഭാരവാഹികളുടെ തിരക്കു് കുറവായിരുന്നു. ‘എന്റെ കഷ്ടകാലത്തിനു് കേരള സമകാലീനകലയെങ്ങാൻ കണ്ടുപോയാലോ?’ എന്നായിരിക്കും അവരോരോരുത്തരും ചിന്തിച്ചിട്ടുണ്ടാവുക. തുറന്ന വാതായനങ്ങൾ അവർ കണ്ടില്ല. അടഞ്ഞ സ്ഥലികളിലേയ്ക്കു് അവർ തിരക്കിട്ടു പോവുകയും ചെയ്തു. അനപത്യ ദുഃഖം അനുഭവിക്കുന്ന അച്ഛനെപ്പോലെയാണു് കേരളത്തിൽ കലയുണ്ടാക്കുന്നവർ. ഞാൻ തന്നെ സൃഷ്ടിച്ച, ആപത്തു കാലത്തു് എന്നെ സഹായിക്കേണ്ട എന്റെ കുഞ്ഞിതാ (ഭാരവാഹി) കണ്ണുമടച്ചു മരിച്ച നിലയിൽ കിടക്കുന്നു. ‘പോയിട്ടു് മൂന്നാം തീയതി വരൂ…’
ഇടയ്ക്കു കണ്ണു തുറന്നു ഭാരവാഹി പറഞ്ഞു.
‘ഏതു മൂന്നാം തീയതി?’
‘എല്ലാ മാസവും മൂന്നാം തീയതി ഉണ്ടല്ലോ!’ മലയാളസിനിമയിലെ ഈ വാചകവും പറഞ്ഞു ഭാരവാഹി ദൂരെയൊരു അജ്ഞാതസ്ഥലത്തു കണ്ണുമടച്ചു മരിച്ചപോലെ പിന്നെയും വളരെക്കാലം കിടന്നു.
2018-ലെ സ്റ്റുഡന്റ്സ് ബിനാലെയിൽ ഒരു ജൂറിമെമ്പറായിട്ടു് ഞാനുമുണ്ടായിരുന്നു. വിസ്മയിപ്പിക്കുന്നതായിരുന്നു ഞാനവിടെ കണ്ട കാഴ്ചകൾ. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള കലാവിദ്യാർത്ഥികൾ സമകാലീന കലയിലെ പുത്തൻ പരീക്ഷണങ്ങൾ നിരത്തി വെച്ചിരിക്കുന്നതുകണ്ടു അക്ഷരാർത്ഥത്തിൽ ഞാനത്ഭുതപ്പെട്ടുപോയി. ആ കലാസൃഷ്ടികൾ മൗലികതയുടെയും മാധ്യമബോധത്തിന്റെയും കുഞ്ഞിച്ചിറകുകളിലൂടെ അറിവിന്റെ പ്രഭാതരശ്മികൾ പായിക്കുന്നുണ്ടായിരുന്നു.
എന്നാൽ അക്കാദമിയിലെ ഡയറക്ടറിയിൽ സമകാലീനകല എന്നൊരു പദം പോലുമുണ്ടാവില്ല. contemporary ആർട്ടിസ്റ്റിന്റെ പേരുതന്നെ വെട്ടിക്കളയും. കലാകാരിയാണെങ്കിൽ രണ്ടാണു വെട്ടു്. ആദ്യത്തേതു് അവളുടെ സമകാലീനതയ്ക്കാണു്. രണ്ടാമത്തേതു് ജൻഡർ വെട്ടാണു്. അവൾ സ്ത്രീയായിരിക്കുന്നതുകൊണ്ടു്. ദളിതനു മൂന്നു മാരകവെട്ടുകളാണു്. വെട്ടുകളേറ്റു് അയാൾ ഡയറക്ടറിയിൽ നിന്നു് മാത്രമല്ല ജീവിതത്തിൽനിന്നുതന്നെ അദൃശ്യനായേക്കും. അക്കാദമി ഭാരവാഹി അറിയുന്നതേയില്ല താൻ ജോലിചെയ്യുന്ന സ്ഥാപനം സമകാലീന കലയ്ക്കു വേണ്ടി മാത്രമായി ജനങ്ങൾ സൃഷ്ടിച്ചതാണെന്നു്.
അടുത്തകാലത്തു് ദൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ചിത്രകലയിൽ റിസർച്ച് ചെയ്യുന്ന ഒരു വിദ്യാർത്ഥിയും, അതിനുശേഷം ജർമ്മനിയിലെ മൻഹയിമിൽ കലയിൽ തന്നെ ഗവേഷണം നടത്തുന്ന ഒരു വിദ്യാർത്ഥിനിയും കേരളത്തിൽ ജനിച്ചു വളർന്ന കെ. പി. കൃഷ്ണകുമാര ന്റെ കലയെയും ജീവിതത്തെയും കുറിച്ചു് ചോദിച്ചറിയുവാൻ ഞാനുമായി ബന്ധപ്പെട്ടിരുന്നു.
കേരളത്തിന്റെ കലാചരിത്രത്തിലെ പ്രധാനപ്പെട്ട ഒരേടാണു് കെ. പി. കൃഷ്ണകുമാരന്റെ ജീവിതവും കലയും. സമകാലീനകലയിൽ ഇന്നു് കാണപ്പെടുന്ന നൂതന പ്രവണതകൾ പലതും അയാൾ തന്റെ ശില്പങ്ങളിലൂടെയും രേഖാചിത്രങ്ങളിലൂടെയും അഭിമുഖീകരിച്ചിരുന്നു എന്നുകാണാം. മരണശേഷം, അടുത്തകാലത്തു്, ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി പ്രധാനപ്പെട്ട പലപ്രദർശനങ്ങളിലും കൃഷ്ണകുമാരന്റെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കപ്പെടുകയും പരാമർശിക്കപ്പെടുകയും ചെയ്തിട്ടുണ്ടു്. അപ്പോഴെല്ലാം അപകടകരം എന്നു തോന്നിപ്പിക്കുന്ന ഒരുതരം മൗനം കേരളത്തിലെ ലളിതകലാ അക്കാദമി ഭാരവാഹികൾ വെച്ചുപുലർത്തിയിട്ടുണ്ടു്.
തീർച്ചയായും വേണം, പ്രതിഭാധനനായിരുന്ന ആ കലാകാരന്റെ സൃഷ്ടികൾക്കു് ഒരിരിപ്പിടം. വേണം, അയാളുടെ വർക്കുകൾക്കു മാത്രമായി ഒരു മ്യൂസിയം.
കേരളലളിതകലാ അക്കാദമി ഭാരവാഹികൾ മരണത്തേക്കാൾ ഭീകരമായ ഉറക്കം വെടിഞ്ഞു അതിന്റെ നടപടിക്രമങ്ങളിലേക്കു് നീങ്ങേണ്ടതു് അത്യാവശ്യമാണു്.
വൈകാതെതന്നെ കൃഷ്ണകുമാരന്റെ വർക്കുകളും പ്രധാനപ്പെട്ട രേഖകളും ശേഖരിച്ചു് അർത്ഥപൂർണ്ണമായ ഒരു മ്യൂസിയം നിർമ്മിച്ചു് കലാസ്വാദകർക്കും ഗവേഷകർക്കുമായി തുറന്നുകൊടുക്കണം.
ഇതു തന്നെയാണു് ചിത്രകാരൻ കെ. പ്രഭാകരന്റെയും കാര്യത്തിൽ എനിക്കു പറയാനുള്ളതു്. അടുത്ത കാലത്തു അന്തരിച്ച പ്രഭാകരന്റെ ചിത്രങ്ങൾക്കു് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കലാപരിസരത്തിൽ അതീവ പ്രാധാന്യമുണ്ടു്. ‘പെയിന്റഡ് ഇമേജ്’ ഇന്നും അർത്ഥവത്താകുന്നതു് പ്രഭാകരന്റെ ബ്രഷ്സ്ട്രോക്കുകളിലും കൂടിയാണു് എന്നുപറയാം. നമ്മുടെ കാലഘട്ടത്തിൽ ഏറ്റവും നന്നായി പെയിന്റുചെയ്ത ചിത്രങ്ങൾ പ്രഭാകരന്റെതായിരുന്നു. പ്രഭാകരന്റെ ചിത്രങ്ങൾക്കു് പെരുമയൊ കേറിനിൽക്കാൻ കടത്തിണ്ണയോ ഉണ്ടായിരുന്നില്ല. പെരുമഴയത്തു അതു് മൗലികതകൊണ്ടു് തനിച്ചു നിന്നു. അയാളുടെ ചിത്രങ്ങളിലാണു് അഭയാർത്ഥികളും എന്നേമറഞ്ഞുപോയ പച്ചത്തുരുത്തുകളും അഭയം തേടിയെത്തിയതു്. പ്രണയിനികൾ നക്ഷത്രങ്ങൾ മറഞ്ഞുപോയ ഇരുണ്ട ആകാശത്തിനുകീഴിൽ കാമുകരെ കാത്തിരുന്നതു്.
ആ ചിത്രങ്ങൾക്കും വേണം ഒരു വീടു്, കഥകൾ പറയാൻ ഒരാകാശം.
എനിക്കും നിങ്ങൾക്കും പ്രായമേറുകയാണു്. ‘സീനിയർ ആർട്ടിസ്റ്റ്’ എന്നു വിളിക്കാവുന്ന പ്രായത്തിലേക്കു് ഞാനും മാറുകയാണു്. പത്തുനാല്പതു വർഷങ്ങൾക്കു മുമ്പു് ഞാൻ ചിത്രകല പഠിക്കുവാനായി തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ചേരുമ്പോഴും അതിനുശേഷവും സാമ്പത്തിക വിഷമതകളും മറ്റും അനുഭവിച്ചിരുന്ന ഘട്ടങ്ങളിൽ എനിക്കു് അക്കാദമിയുടെ സഹായങ്ങൾ കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ടു്. ഒരിക്കലും, അതുണ്ടായിട്ടില്ല. എന്റെ സഹപ്രവർത്തകരായ പല ആർട്ടിസ്റ്റുകൾക്കും ഇതുതന്നെയാണനുഭവം. ഇനിയുള്ള കാലം അക്കാദമിയുടെ സഹായം ഞാൻ കാംക്ഷിക്കുന്നില്ല. അക്കാദമി അംഗത്വമോ ഫെലോഷിപ്പോ, ലളിത കലാ അക്കാദമി തരുന്ന അവാർഡുകളോ ഞാൻ സ്വീകരിക്കുകയുമില്ല. പിന്നെയെന്തിനാണു് ഈ കത്തെഴുതുന്നതു് എന്നു് ചോദിക്കാം.
സമകാലീനകലയിൽ പരീക്ഷണങ്ങൾക്കു് തയാറാവുന്ന ഒരു യുവത്വമുണ്ടു് കേരളത്തിൽ. പെർഫോമൻസ് ആർട്ടിൽ, വിഡിയോ ഇൻസ്റ്റലേഷനിൽ, വിഡിയോ ആർട്ടിൽ പണിയെടുക്കുകയും പഠിക്കുകയും ചെയ്യുന്ന യുവാക്കൾ. ഗവേഷണത്തിനും നിർമ്മാണത്തിനും സഹായം ആവശ്യമുള്ളവർ, അവർക്കാണു് ലളിത കലാ അക്കാദമി സഹായമെത്തിക്കേണ്ടതു് എന്നു് ഞാൻ കരുതുന്നു.
ഇന്ദ്രജാലത്തിലെന്നപോലെ മായിക കാഴ്ചകളുണ്ടു് കേരളത്തിന്റെ സമകാലീന കലാചരിത്രത്തിൽ. കേരളത്തിൽ പെർഫോമൻസ് ആർട്ട് ചെയ്യുന്നവരും വിഡിയോ ആർട്ട് ചെയ്യുന്നവരുമായ, കേരളത്തിനകത്തും പുറത്തും ശ്രദ്ധേയരായ മലയാളികളുടെ ഒരു വലിയ നിരയുണ്ടു്. ഇവരിൽ പലരും അന്തർദ്ദേശീയ തലത്തിൽ അറിയപ്പെടുന്നവരുമാണു്. എന്നാൽ കേരളത്തിൽ പെർഫോമൻസ് ആർട്ടും, വിഡിയോ ആർട്ടും പ്രദർശിപ്പിക്കാനാവശ്യമായ ഗാലറിയോ സൗകര്യങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. അക്കാദമി നിർമ്മാണത്തിനോ,ഗവേഷണത്തിനോ ധനസഹായം നല്കിയോ മറ്റോ അവരെ സഹായിക്കാറുമില്ല. കണ്ണടച്ചു കിടക്കുന്ന അക്കാദമി ഭാരവാഹികൾ കാലങ്ങളായി കാണിക്കുന്ന ഇന്ദ്രജാലമല്ലേയിതു്? കളിക്കാരുണ്ടു്, കളിസ്ഥലമില്ല.
ഞാണിൻമേൽ കളിക്കുന്നയാൾ അന്തരീക്ഷത്തിൽ ആലംബമില്ലാതെ നിൽക്കുന്നു. പാദങ്ങൾക്കു താഴെ അയാളെ താങ്ങിനിർത്തുന്ന നേർത്ത ചരടുപോലുമില്ല.
രാഷ്ട്രീയക്കാരുടെയും ഭാരവാഹികളുടെയും അഴിമതികളും മണ്ടത്തരങ്ങളും ക്ഷമിച്ചുക്ഷമിച്ചു് ഒരു വൻകടൽ ഉണ്ടായിത്തീരുകയാണു്. അതിന്റെ തിരകൾ ഭിത്തികളിലാഞ്ഞടിച്ചു ഒരു രാജ്യത്തിന്റെ ദേശീയമ്യൂസിയം തന്നെ തകർന്നു ഇല്ലാതെയാവുന്നു. കല സംരക്ഷിക്കപ്പെട്ടിരുന്നയിടങ്ങളെല്ലാം തിരയെടുക്കുന്നു. നാഷണൽ ആർക്കൈവ്സ്, IGNCA… ഇങ്ങനെ കലയിരുന്നയിടങ്ങളെല്ലാം പ്രളയത്തിലെന്നപോലെ തിരപ്പാച്ചിലിൽ മുങ്ങിയില്ലാതാവുകയാണു്. ലോകം അവസാനിക്കുകയാണു് എന്ന തോന്നലാണു് ഇതു് ഉണ്ടാക്കുന്നതു്.
ആംസ്റ്റർഡാമിലെ റക്സ് മ്യൂസിയ ത്തിൽ (Rijks museum) സൂക്ഷിച്ചിരിക്കുന്ന വെർമിയറി ന്റെ (Johannes Vermeer) പാൽക്കാരി എന്ന ചിത്രത്തെക്കുറിച്ചു നോബൽ സമ്മാനം ലഭിച്ച കവയത്രി സിംബോർസ്ക (Wislawa Szymborska) ഒരു കവിതയെഴുതിയിട്ടുണ്ടു്. വെർമിയറിന്റെ ചിത്രത്തിലെ പാൽക്കാരി ഏകാഗ്രതയോടെ ഓരോ ദിവസവും കുടത്തിൽ നിന്നു് പാത്രത്തിലേക്കു് പാലുപകരുന്ന കാലത്തോളം ലോകം അവസാനിക്കാൻ പോകുന്നില്ല എന്നു്.
‘ലോകം അവസാനിക്കതിരിക്കട്ടെ!’ എന്നു് ഒരു പ്രാർത്ഥനയിലെന്നപോലെ ഞാനും പറഞ്ഞുപോകുന്നു. പാൽക്കാരി പാലുപകരുന്ന കാലത്തോളം. ആർട്ടിസ്റ്റ് തന്റെ കല തുടരുന്ന കാലത്തോളം…
ആലപ്പുഴ ജില്ലയിലെ കടലോരപ്രദേശത്തു ജനിച്ചു. തിരുവനന്തപുരം ഫൈൻ ആർട്ട് കോളജിൽ നിന്നും ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും കലാപരിശീലനം. ഇപ്പോൾ സമകാലീനകലയിൽ സാധ്യമാവുന്ന എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു് കലാപ്രവർത്തനം നടത്തുന്നു. കലാപ്രവർത്തനങ്ങൾക്കായി ഫിലിം എന്ന മാധ്യമം വിദഗ്ദമായി ഉപയോഗിച്ചതിനു് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നിന്നു് രണ്ടു തവണ ആദരം. ‘മാർക്സ് ആർകൈവ്’ എന്ന ഇൻസ്റ്റലേഷൻ രണ്ടാമത്തെ കൊച്ചി മുസരീസ് ബിയനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. 2015-ലെ വെനീസ് ബിയനാലെയിൽ ‘മാർക്സ് ആർകൈവ്’, ‘പീനൽ കോളനി’ എന്നീ ഇൻസ്റ്റലേഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ടു്. ‘ബയസ്ക്കോപ്’ എന്ന സിനിമക്കു് മൂന്നു് അന്തർദേശീയ പുരസ്കാരങ്ങൾ. ബയസ്ക്കോപ് അഞ്ചു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡും നേടിയിരുന്നു. ഡൽഹിയിലും കേരളത്തിലുമായി ജീവിക്കുന്നു.