ഞാൻ ഇതുവരെ എഴുതിയിട്ടുള്ളതിൽ എനിക്കു് ഏറ്റവും നന്നായിത്തോന്നിയ ലേഖനമാണു് ‘കൈത്തഴമ്പു് ’. ഇതെഴുതുവാൻ പ്രേരണയായതു് കെ. ജി. എസ്സും കെ. ജി. എസ്സിന്റെ ‘തകഴിയും മാന്ത്രികക്കുതിരയും’ എന്ന കവിതയുമാണു്. ഇതു് കവിതയുടെ അനുഭവകുറിപ്പു് മാത്രമാണു്. Doris Salcedo-യുടെ വർക്കുകൾ പല ഗാലറികളിലായി ഇതിനുമുൻപു് കണ്ടിട്ടുണ്ടു്. ആ വർക്കുകൾക്കും, കെ. ജി. എസ്സിന്റെ കവിതകൾക്കും, തർക്കോവ്സ്കിയുടെ സിനിമകൾക്കും, കുമാരനാശാനും എന്നിൽ ഇത്രമാത്രം സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞിട്ടുണ്ടു് എന്നു് ഞാൻ മനസ്സിലാക്കുന്നത് ഈ ലേഖനം എഴുതുമ്പോഴാണു്. —മധുസൂദനൻ
കുട്ടനാടിനെക്കുറിച്ചു പ്രശസ്തമായ ഒരു പുരാണകഥയുണ്ടു്. മഹാഭാരതത്തിലെ ഖാണ്ഡവദഹനം എപ്പിസോഡുമായി ബന്ധപ്പെട്ടുകൊണ്ടുള്ള മറ്റൊരു തീക്കഥ. ഐതീഹ്യങ്ങളിലും പുരാണങ്ങളിലും കുട്ടനാടു് ഒരു വൻ കാടായി സങ്കല്പിക്കപ്പെട്ടിരുന്നു. പാണ്ഡവർ ഇന്ദ്രപ്രസ്ഥത്തിൽ താമസിക്കുമ്പോൾ വേനലിന്റെ കെടുതി അസഹ്യമായിത്തീർന്നു. അവർ ചെന്നതു ഭംഗിയുള്ള പൊയ്കകളും, പക്ഷിമൃഗാദികളും, സസ്യലതാദികളും, മനോഹരങ്ങളായ പുഷ്പങ്ങളും വൻ വൃക്ഷങ്ങളുടെ തണലുകളും നിറഞ്ഞ കുട്ടനാടെന്ന നിബിഢവനത്തിലേക്കായിരുന്നു.
കുട്ടനാട്ടിൽ പാണ്ഡവർ പൊയ്കയിൽ ജലക്രീഡ ചെയ്തും വൃക്ഷത്തണലുകളിരുന്നും സന്തോഷകരമായി ജീവിച്ചുവരുമ്പോൾ അവിടേയ്ക്കു് അഗ്നിദേവൻ കടന്നുവന്നു.
അയാൾ അവരെ തന്റെ പൂർവ്വ കഥകൾ കേൾപ്പിക്കുകയും കുട്ടനാടു് ഭക്ഷിക്കുന്നതിനു് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. എങ്ങനെയായാലും അഗ്നിദേവന്റെ വിശപ്പു് ശമിപ്പിക്കാൻ വേണ്ടതു് ചെയ്യാമെന്നു് പാണ്ഡവരും ശ്രീകൃഷ്ണനും സമ്മതിക്കുകയും ചെയ്തു.

കുട്ടനാടു് കത്താൻ തുടങ്ങി. കത്തുന്ന കാട്ടിൽ നിന്നു് രക്ഷപ്പെടുവാൻ വഴിയില്ലാതെ ജീവജാലങ്ങൾ ചാവാനാരംഭിച്ചു. കുട്ടനാടിനെ രക്ഷിക്കാനായി ഇന്ദ്രൻ യുദ്ധസന്നദ്ധനായി, ആകാശത്തു കാർമേഘങ്ങളെ സൃഷ്ടിച്ചു, മഴപെയ്യിച്ചു. അർജ്ജുനൻ ശരകൂടം നിർമ്മിച്ചു് അഗ്നിയെ മഴ വെള്ളത്തിൽ നിന്നും രക്ഷിച്ചു കൊണ്ടിരുന്നു. ഇങ്ങിനെയാണു് കുട്ടനാട് എന്ന ഹരിതവനം കത്തിയമർന്നതു്. ഈ കഥയുടെ തെളിവുകൾ പോലെ കുട്ടനാട്ടിലെ ആറുകളിൽനിന്നും പുഴകളിൽ നിന്നും കത്തിയ, വലിയ കറുത്തമരത്തടികൾ കണ്ടെത്തിയിട്ടുണ്ടു്. ഈ മരത്തടികൾക്കു ‘കാണ്ടാമരം’ എന്നാണു് വിളിക്കുന്നതു്. ചുട്ടനാടു് കുട്ടനാടെന്നും അറിയപ്പെടാൻ തുടങ്ങി. കുട്ടനാട്ടിലെ പല സ്ഥലനാമങ്ങളും കത്തിയമർന്ന കരി ചേർന്നതാണു്.
കൈനകരി, മാമ്പഴക്കരി, ഊരിക്കരി, മിത്രക്കരി, ചങ്ങൻകരി, ചേന്നങ്കരി, പാണ്ടൻകരി, രാമൻകരി, ഓല്തറകരി, പടിഞ്ഞാറെകരി, മേനോൻകരി, തുരുത്തുമാലിൽ കരി, പാഴ്മേടു മേൽക്കരി, പുത്തൻ കേളൻകരി, നാറാണത്തുകരി ഇങ്ങനെ പല കരിസ്ഥലങ്ങൾ ഒന്നുചേർന്ന നാടാണു് കുട്ടനാടു്. വരയ്ക്കാനായി എനിക്കു് ചാർക്കോൾ (കരി കൊണ്ടുണ്ടാക്കുന്ന ചോക്കു കഷണങ്ങളും പെൻസിലുകളും) കിട്ടിയിരുന്നതു് ഈ പ്രദേശങ്ങളിൽ നിന്നായിരിക്കണം.
ഈ കരിനിലങ്ങളുടെ അടുത്തായിരുന്നു തകഴി എന്ന പ്രദേശം. തകഴിയിലെ കർഷകനും, അഭിഭാഷകനും, എഴുത്തുകാരനുമായ തകഴിച്ചേട്ടനാണു് കെ. ജി. എസ്സിന്റെ ‘തകഴിയും മാന്ത്രികക്കുതിരയും’ എന്ന കവിതയിൽ വയൽ ആരോ കട്ടു കൊയ്യുന്നുവെന്നു് പേടിസ്വപ്നം കണ്ടു ഞെട്ടിയുണരുന്നതു്.
ആന്ദ്രെ തർക്കോവ്സ്കി യുടെ (Andrei Tarkovsky) സിനിമകളിലെ സ്വപ്ന ദൃശ്യം പോലൊന്നു്. കെ. ജി. എസ്. കവിതകളിലെ പതിവു് സൂക്ഷ്മതകളോടെ. തർക്കോവ്സ്കി സ്വപ്നങ്ങളെ ചിത്രീകരിച്ചതു് യാഥാർഥ്യത്തെ ചിത്രീകരിക്കുന്നതിനേക്കാൾ ശ്രദ്ധയോടും സൂക്ഷ്മതയോടുമാണു്. അയാളുടെ സ്വപ്നദൃശ്യങ്ങളിൽ ലിയോണാർഡോയ്ക്കും, ബ്രൂഗെലിനും, പിയറോ ഡെല്ലാ ഫ്രാൻസിസ്കയ്ക്കും കൂടുതൽ തെളിമ, അഴകു്, അതു് പകരുന്ന അറിവു്. കടലോരത്തെ മണൽപ്പരപ്പിൽ ചിതറിയ ആപ്പിൾ കൂട്ടങ്ങൾ, മഴ നനയുന്ന കുതിരകൾ, മഞ്ഞുമലയിലെ ബാലന്റെ നെറുകയിൽ ചിറകടിച്ചെത്തുന്ന പറവ, കത്തുന്ന വിറകിലേക്കു് നീട്ടിവെച്ച കൈപ്പത്തികൾ, കണ്ണാടിയിലെ തീജ്വാല…

കെ. ജി. എസ്സിന്റെ കവിതയിലുമുണ്ടു് സ്വപ്നദൃശ്യത്തിലെ അതിസൂക്ഷ്മ പരിചരണങ്ങൾ. സ്വപ്നം കഴിഞ്ഞ ഇരുട്ടിൽ വയലിലേക്കിറങ്ങിയ തകഴിചേട്ടൻ ആദ്യം കാണുന്നതു് സ്വപ്നത്തിലെന്നപോലെ തന്നെ; പണ്ടേ മരിച്ചുപോയ ഒരു കർഷകനെ. കണ്ടൻ മൂപ്പനെ.
കണ്ടൻ മൂപ്പനു് ‘പണ്ടേ മരിച്ചു’ പോയ മങ്കൊമ്പിലെ കാടിയാഴത്തു വയലിലെ പള്ളത്തു മൂത്ത പറയന്റെ ഛായയുണ്ടു്. നെറ്റിയിലെ ദൈന്യം തിളക്കിയ ഭൂപടമറുകും, കൈത്തഴമ്പും എല്ലാം ഒരേപോലെ.
പള്ളത്തു മൂത്ത പറയനു കുട്ടനാടിന്റെ തീചരിത്രം പോലെ ഒരു ഭൂതകാലമുണ്ടു്.
കാടിയാഴത്തെ വയലിൽ നെല്ലു വിളഞ്ഞുകിടന്നപ്പോൾ ഒരിക്കൽ മട വീണു് എല്ലാം നശിച്ചുപോകുമെന്നമട്ടായി. ജന്മി പ്രശ്നം വെച്ചുനോക്കിയപ്പോൾ ഒരു മനുഷ്യക്കുരുതി മാത്രമേ പരിഹാരമായി കണ്ടുള്ളൂ. ജന്മിയുടെ അടിയാൻ കൊച്ചിട്ട്യാതി മടകെട്ടിപ്പൊക്കാൻ വിദഗ്ധനായ മൂത്ത പറയനെ കൊണ്ടുവന്നു. കൊമ്പും ചെളിയും കൊണ്ടു് മട കെട്ടി ഉയർത്താൻ കട്ടയിട്ടു കൊടുക്കുമ്പോൾ ജന്മി ചതിയിൽ പള്ളത്തു മൂത്ത പറയനെ കട്ടയ്ക്കടിയിലേക്കു വീഴ്ത്തി. നിമിഷങ്ങൾക്കകം മൂത്ത പറയൻ കട്ടയ്ക്കടിയിലായി. ജന്മിയും കൂട്ടരുംകൂടി കട്ടയും കൊമ്പും ചവറുമിട്ടു മട നല്ലതുപോലെ ഉറപ്പിച്ചു. അക്കൊല്ലത്തെ കൊയ്തിനും ജന്മിക്കു നല്ല വിളവുകിട്ടി.
പള്ളത്തു മൂത്തപറയന്റെ തനിഛായയുള്ള കണ്ടൻ മൂപ്പനാണു് നടരാജവിഗ്രഹത്തിലെ ശിവനടനം പോലെ കെ. ജി. എസ്സിന്റെ കവിതയിൽ സ്വപ്നത്തിലേക്കിറങ്ങി നിൽക്കുന്നതു്. എല്ലാ വിശദശാംശങ്ങളോടെയും കെ. ജി. എസ്. തർക്കോവ്സ്കി സിനിമ കാണിക്കുന്നുണ്ടു്. മാഞ്ഞെന്നു തോന്നിച്ച മാന്ത്രികക്കുതിര, കാറ്റിൽ ബോംബർപ്പുക പോലെ അതിന്റെ വാലു് നീണ്ടുലയുന്നതു്, മൊൺസാന്റോയുടെ വിഷമരുന്നു് അതിന്റെ വായിൽനിന്നു് ഉരുകിയൊലിക്കുന്നതു്. എല്ലാം സൂക്ഷ്മമായി പറഞ്ഞിരിക്കുന്നു.
‘ശിബ്ബോലെത്’ എന്നാൽ ഒരു പാസ്വേർഡ് ആണു്, ജീവിതത്തിലേക്കോ മരണത്തിലേക്കോ കടക്കാനുള്ള ഒരു അടയാള വാക്യം. അക്കരെ കടത്താനായി ബൈബിളിൽ പറയുന്ന, പല അർത്ഥങ്ങളുള്ള ഒരു വാക്കു്. എഫ്റായീമിൽ നിന്നുള്ള ഒളിച്ചോട്ടക്കാരിൽ ആരെങ്കിലും വന്നു്, ‘എന്നെ അക്കരെ കടക്കാൻ അനുവദിക്കേണമേ’ എന്നു പറയുമ്പോൾ ഗിലെയാദിലെ ജനങ്ങൾ അയാളോടു് ഇങ്ങനെ ചോദിക്കും.
‘നീ ഒരു എഫ്റായീമിയനോ?’ ‘അല്ല’ എന്നു് അയാൾ പറയുമ്പോൾ അവർ അയാളോടു് പറയും: ‘എങ്കിൽ ശിബ്ബോലെത് എന്നു പറയൂ.’ അതു് ശരിയായി ഉച്ചരിക്കാൻ കഴിയാത്തതുകൊണ്ടു് അയാൾ ‘സിബ്ബോലെത്’ എന്നു പറയും. അപ്പോൾ അവർ അയാളെ പിടിച്ചു യോർദാൻ കടവുകളിൽ വെച്ചു കൊല്ലും. അങ്ങനെ എഫ്റായീമിയരിൽ നാല്പത്തിയീരായിരം പേർ അവിടെ അക്കാലത്തു നിലംപതിച്ചു.
(ന്യായാധിപർ 11–12, പഴയ നിയമം.)

കൊളംബിയൻ ആർട്ടിസ്റ്റ് ഡോറിസ് സൽസിഡോ (Doris Salcedo) 2007–08-ൽ ലോകപ്രസിദ്ധമായ റ്റേറ്റ് മോഡേൺ (tate modern) ഗാലറിയിലെ വിശാലമായ ടർബൻ ഹാളിൽ തന്റെ ഏറ്റവും പുതിയ കല അവതരിപ്പിച്ചിരുന്നു. അവർ ഹാളിന്റെ തറയിൽ അതിസൂക്ഷ്മമായി പണിയെടുത്തു നിർമ്മിച്ച 548 അടി നീളമുള്ള ഒരു വിടവു് (crack) ആണു് കലാസൃഷ്ടി. ആഴമുണ്ടു് എന്നു് തോന്നിക്കുന്ന വലിയൊരു മുറിവു്, പിളർപ്പു്, അതിരു്, വേർപാടു്, അകൽച്ച. കൊളംബിയയിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു ഡോറിസിന്റെ കലയെ സ്വാധീനിച്ചിരുന്നതു്. ഡോറിസിന്റെ കുടുംബാംഗങ്ങളിൽ പലരും കൊളംബിയയുടെ ദുരൂഹമായ രാഷ്ട്രീയ കാരണങ്ങളാൽ അപ്രത്യക്ഷരായിട്ടുണ്ടു്. അപ്രത്യക്ഷരാകുന്ന മനുഷ്യരും കൊളംബിയയിലെ വിസ്മൃതിയിലായ ഗ്രാമങ്ങളും ജൈവപ്രകൃതിയും ആലംബമില്ലാതെയാടുന്ന വീടുകളും അവയ്ക്കുള്ളിലെ തേയ്മാനം വന്ന വസ്തുക്കളുമാണു് ഡോറിസിന്റെ കലാസൃഷ്ടികൾക്കു ആധാരമായിട്ടുള്ളതു്. കസേരകൾ ഭരണകൂടവാസ്തുശില്പങ്ങൾക്കുമേൽ നടന്നുകയറുന്നതു്, കട്ടിലിൽ പറ്റിപ്പിടിച്ചിരിക്കുന്ന കുട്ടികളുടെ നേർത്തകുപ്പായങ്ങൾ, മര അലമാരയിൽ മുളച്ചുപൊന്തിയ നെൽച്ചെടികൾ, രാഷ്ട്രീയ ഇരകളുടെ മൃതദേഹങ്ങൾ പുതപ്പിക്കുവാൻ സശ്രദ്ധം തുന്നിയുണ്ടാക്കിയ ചുവന്ന റോസാദളങ്ങളുടെ പുതപ്പു്, മൃഗത്തോലുകൊണ്ടു് വായമൂടി മുടിനാരുകൊണ്ടു് തുന്നിക്കെട്ടിയ ചെരുപ്പുകൾ…

ഡോറിസിന്റെ റ്റേറ്റ് മോഡേൺ ഗാലറിയിൽ പ്രദർശിപ്പിച്ച കലാസൃഷ്ടിയുടെ പേരു് ‘ശിബ്ബോലെത്’ എന്നായിരുന്നു. ഡോറിസിന്റെ വിള്ളലുകൾ മനുഷ്യശരീരത്തിലെ നാഡീഞരമ്പുകൾ പോലെ ലോകമാകെ നേർത്ത ഒരു കറുത്ത ഗർത്തമായി പടർന്നു കിടക്കുന്നു. ഭൂമദ്ധ്യരേഖ കടന്നു് പല രാജ്യങ്ങളുടെ അതിർത്തികളിലൂടെ ഇന്ത്യയുടെ തെക്കു് കന്യാകുമാരിവരെ നീളുന്ന നെടുങ്കനൊരു വിള്ളൽ! കുട്ടനാട്ടിൽ ആവിള്ളലിന്റെ മറുകരെയായിരുന്നു തകഴിവയൽക്കരയിൽ തൂവെള്ള നിറവും തീനാവുമുള്ള പരദേശി മാന്ത്രികക്കുതിര നിന്നതു്. അതു് നിന്നയിടം മുഴുവൻ തരിശായിരുന്നു. ‘കനക വയൽ കാർന്നൊടുക്കുമ്പോൾ കൊള്ളക്കുതിരയൊലിപ്പിച്ച രാസ ഊറലിൽ നെല്ലും മീനും ചീവീടും പുൽത്തളിരും ചെറുമഞ്ഞും നീർക്കോലിയും നീർത്തുമ്പിയും’ വീഴുന്നതു് ഡോറിസിന്റെ ഇരുട്ടുനിറഞ്ഞ ഭീമാകാരൻ വിള്ളലിലേക്കാണു്. ഭൂമിയുടെ അവകാശികളായ അവർ പണ്ടൊരിക്കൽ ഭൂമിയുടെ കറുത്ത വിള്ളലിലേക്കു് വീണുപോയ സീതയോടൊപ്പം ചേർന്നു പാടുന്നുണ്ടു്.
‘ജനയത്രി! വസുന്ധരേ! പരം
തനയസ്നേഹമൊടെന്നെയേന്തി നീ
തനതുജ്ജ്വലമഞ്ചഭൂവിലേ-
ക്കനഘേ! പോവതു ഹന്ത! കാണ്മു ഞാൻ.
ഗിരിനിർത്ധരശാന്തിഗാനമ-
ദ്ദരിയിൽ കേട്ടു ശയിക്കുമങ്ങു ഞാൻ
അരികിൽ തരുഗുല്മസഞ്ചയം
ചൊരിയും പൂനിര നിത്യമെന്റെമേൽ.
മുകളിൽ കളനാദമാർന്നിടും
വികിര ശ്രേണി പറന്നു പാടിടും
മുകിൽ പോലെ നിരന്നു മിന്നുമ
ത്തകിടിത്തട്ടിൽ മൃഗങ്ങൾ തുള്ളിടും.’
ചിന്താവിഷ്ടയായ സീത: കുമാരനാശാൻ.

ആലപ്പുഴ ജില്ലയിലെ കടലോരപ്രദേശത്തു ജനിച്ചു.
തിരുവനന്തപുരം ഫൈൻ ആർട്ട് കോളജിൽ നിന്നും ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും കലാപരിശീലനം. ഇപ്പോൾ സമകാലീനകലയിൽ സാധ്യമാവുന്ന എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു് കലാപ്രവർത്തനം നടത്തുന്നു. കലാപ്രവർത്തനങ്ങൾക്കായി ഫിലിം എന്ന മാധ്യമം വിദഗ്ദമായി ഉപയോഗിച്ചതിനു് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നിന്നു് രണ്ടു തവണ ആദരം.
‘മാർക്സ് ആർകൈവ്’ എന്ന ഇൻസ്റ്റലേഷൻ രണ്ടാമത്തെ കൊച്ചി മുസരീസ് ബിയനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. 2015-ലെ വെനീസ് ബിയനാലെയിൽ ‘മാർക്സ് ആർകൈവ്’, ‘പീനൽ കോളനി’ എന്നീ ഇൻസ്റ്റലേഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ടു്.
‘ബയസ്ക്കോപ്’ എന്ന സിനിമക്കു് മൂന്നു് അന്തർദേശീയ പുരസ്കാരങ്ങൾ.
ബയസ്ക്കോപ് അഞ്ചു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡും നേടിയിരുന്നു.
ഡൽഹിയിലും കേരളത്തിലുമായി ജീവിക്കുന്നു.