images/madhu-keni-03.jpg
Unseen Springs Video Installation, a poster by K M Madhusudhanan .
പനം കേണി
മധുസൂദനൻ
images/madhu-keni-03.jpg
Unseen Springs Video Installation: Single Chanel: 18.45 min 2026: K M Madhusudhanan.

ഈ installation ആദ്യമായി Benaras Biennale-യിൽ പ്രദർശിപ്പിക്കും.

കേരളത്തിലെ വയനാട്ടിലെ ഒരു പുരാതന ഗോത്ര ജലസംഭരണ സംവിധാനത്തിനു്, ഏറ്റവും ചൂടേറിയ വേനൽക്കാല മാസങ്ങളിൽ പോലും ശുദ്ധജലം നൽകാൻ കഴിയുന്നു. ആധുനിക സാങ്കേതികവിദ്യയും ജല മാനേജ്മെന്റ് സംവിധാനങ്ങളും നിലവിലുണ്ടാകുന്നതിനു് വളരെ മുമ്പുതന്നെ, തദ്ദേശീയരായ കുറുമ ഗോത്രക്കാർ ‘പനം കേണി’ എന്നറിയപ്പെടുന്ന ഒരു സമർത്ഥമായ പരിഹാരം വികസിപ്പിച്ചെടുത്തു, ഇന്നും ശുദ്ധജലത്തിന്റെ ഉറവിടമായി തുടരുന്ന ഒരു അതുല്യമായ കിണർ.

ഈ കിണറുകളെ അസാധാരണമാക്കുന്നതു് അവയുടെ സമർത്ഥമായ നിർമ്മാണമാണു്. പനയുടെ തടികൾ വളരെക്കാലം വെള്ളത്തിൽ കുതിർത്താൽ മൃദുവായ ആന്തരിക കാമ്പു് സ്വാഭാവികമായി ക്ഷയിച്ചു് ശക്തമായ ഒരു പൊള്ളയായ പുറംതോടു് അവശേഷിപ്പിക്കും. ഏകദേശം നാലടി വ്യാസവും നീളവുമുള്ള ഈ തടി സിലിണ്ടറുകൾ പിന്നീടു് വനങ്ങളിലും കൃഷിഭൂമികളിലും കാണപ്പെടുന്ന പ്രകൃതിദത്ത ഭൂഗർഭജല ഉറവകളിൽ ശ്രദ്ധാപൂർവ്വം സ്ഥാപിക്കുന്നു.

ഈ പഴക്കമുള്ള സാങ്കേതിക വിദ്യയിൽ ‘പനം കേണി’ വർഷം മുഴുവനും ശുദ്ധജലത്തിന്റെ വിശ്വസനീയമായ ഉറവിടമായി തുടരുന്നു, മറ്റു പല ജലസ്രോതസ്സുകളും വറ്റിപ്പോകുന്ന കൊടും വേനൽക്കാല മാസങ്ങളിൽ പോലും.

കുറുമ ഗോത്രത്തെ സംബന്ധിച്ചിടത്തോളം, ഈ കിണറുകൾ ഒരു ജലസ്രോതസ്സിനേക്കാൾ മഹത്തരമാണു്. അവ പവിത്രമാണു്. സ്ഫടിക-ശുദ്ധമായ കേണി വെള്ളം കുടിക്കുന്നതിനും പാചകം ചെയ്യുന്നതിനും മാത്രമായി നീക്കിവച്ചിരിക്കുന്നു. വസ്ത്രങ്ങൾ കഴുകുക, കുളിക്കുക, അല്ലെങ്കിൽ വെള്ളം മലിനമാക്കുന്ന മറ്റേതെങ്കിലും പ്രവൃത്തി കർശനമായി ഒഴിവാക്കണം. ഈ കിണറുകളോടുള്ള ബഹുമാനം കാരണം, അവയ്ക്കു് സമീപം പാദരക്ഷകൾ ധരിക്കുന്നതു് പോലും പരമ്പരാഗതമായി അനാദരവും പാപവുമായി കണക്കാക്കപ്പെട്ടിരുന്നു.

ഇന്നു്, വയനാട്ടിൽ ഏകദേശം 200 പനം കേണികൾ ഇപ്പോഴും നിലനിൽക്കുന്നു, തദ്ദേശീയ ജ്ഞാനത്തിന്റെയും, സുസ്ഥിര ജല മാനേജ്മെന്റിന്റെയും തലമുറകളായി സംരക്ഷിക്കപ്പെട്ടിട്ടുള്ള പ്രകൃതിയോടുള്ള ആഴമായ ആദരവിന്റെയും ജീവിക്കുന്ന ഉദാഹരണങ്ങളായി അവർ നിലകൊള്ളുന്നു.

നൂറ്റാണ്ടുകൾക്കു മുമ്പു് പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന സമൂഹങ്ങളാണു് ഏറ്റവും ഫലപ്രദവും പരിസ്ഥിതി സൗഹൃദപരവുമായ ചില പരിഹാരങ്ങൾ സൃഷ്ടിച്ചതെന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയാണു് സമകാലീന കലയിലെ land art (Robert Smithson: Spiral Jetty) നെ ഓർമിപ്പിക്കുന്ന ഈ അപൂർവ ജലസ്രോതസ്സു്.

images/madhu-keni-02.jpg
തിരക്കഥ.

മഹാഭാരത കഥയെ അധികരിച്ചു് മേവാർ സ്കൂൾ ഓഫ് പെയിന്റിങിലെ അജ്ഞാതനായ ഒരു ആർട്ടിസ്റ്റ് 1722-ൽ വരച്ച ഒരു ചിത്രമാണിതു്. ഇതിൽ ചിത്രീകരിച്ചിരിക്കുന്നതു് വിഭാണ്ഡകൻ എന്ന ഋഷിയുടെ പുത്രനെയാണു്. സ്വന്തം രാജ്യത്തിന്റെ കൊടും വരൾച്ചയിൽ മനംനൊന്ത ലോമപാദൻ എന്ന രാജാവു് മഴ കൊണ്ടുവരാനായി ഋശ്യശൃംഗനെ വിളിച്ചുകൊണ്ടുവരുന്നതാണു് സന്ദർഭം.

“ഋഷ്യശൃംഗൻ, ഈ ചിത്രത്തിൽ നിന്നെ ഒരു സുന്ദരനായ മുനികുമാരനായി ചിത്രീകരിച്ചിരിക്കുന്നു. ചുറ്റിലും സുന്ദരികളായ യുവതികൾ. ആകാശത്തു് കൊള്ളിയാൻ. കാർമേഘങ്ങളും. മഴ പെയ്യുന്നുണ്ടു്. നീ മേലാകെ നനയുന്നു.

ഇവിടെയിപ്പോൾ വേനലാണു്. കൊടും ചൂടു്. പാടങ്ങൾ ഇല്ലാതെയായി. ശുദ്ധജലമില്ല. വാടിക്കരിഞ്ഞ പുഷ്പങ്ങൾ പോലെയായി ചുണ്ടുകൾ. കറുത്ത ഞരമ്പുകൾ കാട്ടിത്തരുന്ന ഭൂപ്രദേശങ്ങൾ. വാടിക്കരിഞ്ഞ വൃക്ഷം. അതിന്റെ വൃദ്ധവേരുകൾ ജലം തേടിയലയുന്നു.

ആയിരമായിരം പല വർണത്തിലുള്ള പ്ലാസ്റ്റിക് കുംഭങ്ങൾ വായതുറന്നു വഴിയരുകിൽ ജലം കാത്തിരിക്കുന്നു. തുറന്ന വായകളിൽ അവതാര രൂപമല്ല കാണുന്നതു്. ഒരിറ്റു ജലം പോലും കിട്ടാതെ മരിച്ചുപോയ കൃഷിക്കാരന്റെ എല്ലിൻകൂടുകളാണു്.

കാടാണു് ഞങ്ങളുടെ വീടു്.

ഒരുകാലത്തു് കാടുകളിൽ എവിടെയും ജലമുണ്ടായിരുന്നു. പക്ഷികൾക്കും മൃഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ കിട്ടിയിരുന്നു തണ്ണീർ.

നഗരം കാടുകയറാൻ തുടങ്ങിയതോടെ എല്ലാം അപ്രത്യക്ഷമാവാൻ തുടങ്ങി. സകല ചരാചരങ്ങളും സ്നേഹത്തോടെ കഴിഞ്ഞിരുന്ന ദിനങ്ങൾ മാഞ്ഞുപോയി. കാടുകളിൽ നഗരം വളരാൻ തുടങ്ങി. ഞങ്ങളുടെ ഇടങ്ങളിൽ നിന്നു് കോടയും കുളിർ മഞ്ഞും വൃക്ഷപ്പച്ചയും മാറി നിൽക്കാൻ തുടങ്ങി.

ഞങ്ങളുടെ വയലുകൾ ചുരുങ്ങി. പൂക്കൾ വിടരാതായി. പുഴകൾ വരണ്ടു മെലിഞ്ഞു. ഞങ്ങളുടെ ഭൂമി ഉഷ്ണമേഘലാ പ്രദേശമായി. മൃഗങ്ങളും പക്ഷികളും ദാഹവും വിശപ്പും കൊണ്ടു് പൊറുതിമുട്ടി നിലവിളിക്കാൻ തുടങ്ങി.

നീ കേൾക്കുന്നില്ലേ ഞങ്ങളുടെ നിലവിളികൾ?

ഒരു കാലത്തു് ഞങ്ങളുടെ ഭൂമിയിൽ ആയിരക്കണക്കിനു് കേണികളുണ്ടായിരുന്നു. ശുദ്ധജലം നിറയുന്ന ചെറുകിണറുകൾ. ഞങ്ങളുടെ പൂർവികർ നൂറ്റാണ്ടുകൾക്കുമുൻപു് കണ്ടുപിടിച്ച ഒരു സാങ്കേതിക വിദ്യയാണതു്.

അതിൽനിന്നു് എപ്പോഴും കണ്ണാടിപോലെ ശുഭ്രമായ ജലം ഒഴുകി വരുന്നുണ്ടാവും. കുടിക്കാനും ഭക്ഷണമൊരുക്കാനും വേണ്ടത്ര ശുദ്ധജലം. ഗോത്ര വർഗ്ഗക്കാരായ ഞങ്ങൾ കേണിയെ ആരാധിച്ചിരുന്നു. പൂജയും ഉത്സവങ്ങളും നടത്തിയിരുന്നു. കേണിയുടെ പരിസരങ്ങൾ വൃത്തികേടാക്കാനും, ചെരുപ്പു് ഉപയോഗിക്കാൻകൂടിയും ഞങ്ങൾ അനുവദിച്ചിരുന്നില്ല. എന്നാൽ നൂറ്റാണ്ടുകളായി ഞങ്ങൾക്കു് കുടിവെള്ളം തന്നിരുന്ന ആ ചെറുസംഭരണികൾ പലതും അപ്രത്യക്ഷമായി. ഞങ്ങൾ പലയിടത്തേയ്ക്കും ചിതറുമ്പോൾ കേണികൾ ഉപേക്ഷിച്ചുപോകുമായിരുന്നു. അങ്ങിനെയാവും ഉപയോഗിക്കാനാളില്ലാതെ എന്നെന്നേക്കുമായി അവ അടഞ്ഞുപോയതു്.

ഓരോ കേണിക്കും ഒന്നു മുതൽ നാലു് അടിവരെ മാത്രമേ ആഴമുണ്ടാവൂ. പനയുടെ തടിയാണു് കിണർഭിത്തിയ്ക്കായി സാധാരണയായി ഉപയോഗിക്കുക. നാലടി നീളത്തിൽ മുറിച്ചു് പൊള്ളയാക്കിയ പനയുടെ തടി ഉറവായിലേക്കിറക്കിയാണു് ഈ ജലസംഭരണി നിർമിച്ചിരുന്നതു്. കല്ലും മണ്ണും കൊണ്ടുനിർമിച്ച ഒരു സംരക്ഷണ ഭിത്തി ഇതിനു ചുറ്റുമായി ഉണ്ടായിരിക്കും. മരംകുറ്റി കേണി, പനം പാത്തി, ഓലല തുടങ്ങിയ വ്യത്യസ്തങ്ങളായ കേണികളുണ്ടു്. ഏറ്റവും കൂടിയ വേനലിൽ പോലും ഞങ്ങളുടെ ദാഹം തീർത്തിരുന്നതു് ഇതിൽനിന്നു ലഭിച്ചിരുന്ന കണ്ണീരുപോലെ തെളിഞ്ഞ ഉറവ നീരായിരുന്നു.

ഒരിക്കൽ രാജാവിനു വേണ്ടി, അയാളുടെ വരൾച്ച ബാധിച്ച രാജ്യത്തിനുവേണ്ടി ജലം കൊണ്ടുവന്നതു് നീയായിരുന്നതിനാൽ, ഞങ്ങളുടെ പ്രാർത്ഥനകൾ നിന്നോടാകട്ടെ എന്നു് കരുതി. ഞങ്ങൾ പ്രാർത്ഥിച്ചിരുന്ന എല്ലാ ബിംബങ്ങളും തകർന്നുപോയി. അതുകൊണ്ടാണു് ബാലനായ നിന്നെ പ്രാർത്ഥനക്കായുള്ള ഒരു ബിംബമായി ഞങ്ങൾ തിരഞ്ഞെടുത്തതു്. നീയെന്ന വിഗ്രഹത്തിനു് കേൾക്കാനാകുമോ ഞങ്ങളുടെ അപേക്ഷകൾ, പരിദേവനങ്ങൾ…?”

മധുസൂദനൻ
images/madhusudanan.jpg

ആലപ്പുഴ ജില്ലയിലെ കടലോരപ്രദേശത്തു ജനിച്ചു. തിരുവനന്തപുരം ഫൈൻ ആർട്ട് കോളജിൽ നിന്നും ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും കലാപരിശീലനം. ഇപ്പോൾ സമകാലീനകലയിൽ സാധ്യമാവുന്ന എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു് കലാപ്രവർത്തനം നടത്തുന്നു. കലാപ്രവർത്തനങ്ങൾക്കായി ഫിലിം എന്ന മാധ്യമം വിദഗ്ദമായി ഉപയോഗിച്ചതിനു് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നിന്നു് രണ്ടു തവണ ആദരം. ‘മാർക്സ് ആർകൈവ്’ എന്ന ഇൻസ്റ്റലേഷൻ രണ്ടാമത്തെ കൊച്ചി മുസരീസ് ബിയനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. 2015-ലെ വെനീസ് ബിയനാലെയിൽ ‘മാർക്സ് ആർകൈവ്’, ‘പീനൽ കോളനി’ എന്നീ ഇൻസ്റ്റലേഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ടു്. ‘ബയസ്ക്കോപ്’ എന്ന സിനിമക്കു് മൂന്നു് അന്തർദേശീയ പുരസ്കാരങ്ങൾ. ബയസ്ക്കോപ് അഞ്ചു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡും നേടിയിരുന്നു. ഡൽഹിയിലും കേരളത്തിലുമായി ജീവിക്കുന്നു.

Colophon

Title: Panam Keni (ml: പനം കേണി).

Author(s): Madhusudhanan.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Madhusudhanan, Panam Keni, മധുസൂദനൻ, പനം കേണി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: October 20, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Unseen Springs Video Installation, a poster by K M Madhusudhanan . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.