“ഭിക്ഷാപാത്രവും നീട്ടി എത്തുന്ന തേജോമൂർത്തി
ചക്ഷുസ്സാർന്നവർ ചരിതാർത്ഥരായക്കാഴ്ചയാൽ
പൊന്നൊളിതേടും ഫാലവീഥിയിൽ കുറുനിര
ചിന്നിവാച്ചെഴും നിറം മങ്ങിയ കചഭരം
വിരിച്ചു കെട്ടിവെച്ച വാർജടാമകുടവും
ശരചന്ദ്രാഭതേടും മുഖമണ്ഡലോപരി
കാറണിക്കൊണ്ടലിന്റെ രേഖയാക്രമിക്കുന്ന-
വാറതിമനോഞ്ജമായ് വളരും ശ്മശ്രുക്കളും
നെടുതായിരുപാടും ഞാന്നു കുണ്ഡലഭൂഷ-
വെടിഞ്ഞ തുളയാർന്ന വിപുലകർണങ്ങളും
നീണ്ടുയർന്നോരു തിരുനാസയും, ചിന്താനിഷ്ഠ-
പൂണ്ട നിശ്ചലോദാരമാം കുനുചില്ലികളും… ”
‘പൗരസ്ത്യ ദീപം’ ( light of asia) തർജ്ജുമയിൽ കുമാരനാശാൻ വിവരിക്കുന്ന ബുദ്ധരൂപം. ഈ രൂപം നേരിൽ കാണണമെങ്കിൽ സാഞ്ചിയിലോ അജന്തയിലോ പോയാൽ മതി. ഈ രണ്ടു ബുദ്ധമത കേന്ദ്രങ്ങളും ഗൗതമബുദ്ധന്റെ നിർവ്വാണശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞു നിർമ്മിക്കപ്പെട്ടിട്ടുള്ളതാണു്. സാഞ്ചിയിൽ ബുദ്ധൻ ചിത്രീകരിക്കപ്പെട്ടിട്ടില്ല. ബുദ്ധകഥകളാണു് രേഖപ്പെടുത്തിയിട്ടുള്ളതു്. എങ്കിലും ‘ഭിക്ഷാപാത്രവും നീട്ടി എത്തുന്ന തേജോ മൂർത്തിയായ’ ബുദ്ധനെ കലയിലൂടെ അവിടെ എല്ലായിടത്തും കാണാം. ‘സാഞ്ചി’ ലേഖനം ഇരുപത്തിമൂന്നു് വർഷങ്ങൾക്കു മുൻപു് എഴുതിയതാണു്.
വളരെച്ചെറുതും തിരക്കില്ലാത്തതുമായ ഒരു ‘തീവണ്ടിയാപ്പീസാ’ണു് സാഞ്ചിയുടേതു്. തലേന്നു് നടന്ന ഒരു ക്രൈമിന്റെ ഭീകരാന്തരീക്ഷമുള്ള റെയിൽവേ സ്റ്റേഷൻ നോവലിൽ വായിച്ചിട്ടുള്ളതു് പെട്ടെന്നോർമ്മിച്ചു പോകും. പതിന്നാലു വർഷങ്ങൾക്കുമുമ്പു് സാഞ്ചിയിൽ എത്തിയിരുന്നതിന്റെ നേരിയ ഓർമ്മകൾ സൂക്ഷിച്ചുകൊണ്ടാണു് ഞാനവിടേക്കു് വീണ്ടും യാത്ര ചെയ്യുന്നതു്. അന്നു് സ്റ്റേഷനിലെ കവാടത്തിൽ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള അക്ഷരങ്ങൾക്കൊപ്പം ‘സാഞ്ചി’ എന്നു് പാലി അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നതു് ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഒരുപക്ഷേ, ഏതാണ്ടു് മുഴുവനായിത്തന്നെ അപ്രത്യക്ഷമായിരിക്കുന്ന പാലി അക്ഷരങ്ങൾ ടൂറിസ്റ്റുകൾക്കായി തിരിച്ചു വരുന്നതാകാം. ‘കാക്കാനാവ’ എന്ന സാഞ്ചിയുടെ പ്രാചീന നാമം ഇന്നു പ്രയോഗത്തിലില്ല എന്നു തോന്നുന്നു.
വെയിലു കായുന്ന ചില ഗ്രാമീണരും ശോഷിച്ച ശരീരമുള്ള ചില ചുമട്ടുകാരുമൊഴിച്ചാൽ സ്റ്റേഷനിൽ ആരുമില്ല. വണ്ടിയിൽ നിന്നു് ഇറങ്ങിനിന്ന മൂന്നു വിദേശികൾ ഒരു നായയെ ആട്ടിപ്പായിക്കുന്നതു കണ്ടു. അവരിൽ ഫാസ്ബിന്റർ എന്ന ജർമ്മൻ സിനിമാ സംവിധായകനെ ഓർമ്മിപ്പിക്കുന്ന താടിയും മുടിയുമുള്ള തടിച്ചു കുറുകിയ ഒരാൾ ‘വാനിഷിംഗ് ഹെരിറ്റേജ്’ എന്ന പുസ്തകം മറിച്ചു നോക്കുന്നുണ്ടായിരുന്നു. അയാളുടെ കൂടെ കറുത്ത കണ്ണടയും പരന്ത്രീസ് താടിയും വച്ച പൊക്കത്തിലുള്ള ഒരു മനുഷ്യനും സ്ഥൂലിച്ച ശരീരമുള്ള ഒരു യുവതിയും ഭാരിച്ച രണ്ടു ചുമൽ സഞ്ചികളുമായി ചുമട്ടുകാരാൽ വളയപ്പെട്ടു നിൽക്കുന്നു. സാഞ്ചിയിൽ ടൂറിസം അതിന്റെ കൈകൾ നീട്ടാൻ തുടങ്ങിയിട്ടേയുള്ളൂ. ലക്ഷങ്ങൾ ചിലവു വരുന്ന ഒരു പാർക്കിന്റെയും കഫറ്റേരിയയുടെയും നിർമ്മാണം നടക്കുന്നതിന്റെ സൂചനകൾ സാഞ്ചിയുടെ കുന്നിൻ പരിസരങ്ങളിൽ കാണാം. ഫാസ്ബിന്റർ ഇടയ്ക്കു തലയുയർത്തി സാഞ്ചി ഒന്നു നിരീക്ഷിക്കും. വീണ്ടും തിരോധാനം ചെയ്തുകൊണ്ടിരിക്കുന്ന സംസ്ക്കാരത്തിലേക്കു മടങ്ങിപ്പോകും.
സാഞ്ചി വിദിശയിൽ നിന്നു് ഒമ്പതു കിലോമീറ്റർ അകലെയാണു്. അശോകചക്രവർത്തിയുടെ കാലത്തു് പ്രസിദ്ധ വാണിജ്യകേന്ദ്രമായിരുന്ന വിദിശ സാഞ്ചിയുടെ കുന്നിൽ നിന്നാൽ കാണാം. സാഞ്ചിയേയും വിദിശയേയും വിഭജിച്ചുകൊണ്ടു് ബേട്ടുവാ എന്ന നദി ഒഴുകിയിരുന്നു. അഴുക്കു പുരണ്ട വ്രണങ്ങൾപോലെ തോന്നിക്കുന്ന ചില അടയാളങ്ങൾക്കുള്ളിൽ ചുറ്റിത്തിരിയുന്ന മാലിന്യങ്ങൾ നിറഞ്ഞ വെള്ളം പഴയ നദിയെ ഇന്നു സ്വപ്നം കാണുകയാണു്. ബേട്ടുവാ വളരെക്കാലം മുമ്പു് ഉത്സവങ്ങൾ നിറഞ്ഞ തെരുവുകളെയും, ധൃതിപിടിച്ച കുതിരക്കാലുകളെയും കഴുകി വൃത്തിയാക്കിയിരുന്നു. വിദിശയിൽ അശോകന്റെ കാലത്തു് കുതിരകൾക്കും, കച്ചവടക്കാർക്കും, കരവേലക്കാർക്കും നല്ല വേഗമായിരുന്നു. അവിടെ നിന്നാണു് ദന്തവേലക്കാർ കൂടിയായിരുന്ന കലാകാരന്മാരും പണവും സാഞ്ചിയിലേക്കു് എത്തിയിരുന്നതു്. അശോകൻ വിദിശയിൽ വന്നു് അവിടുത്തെ വർത്തകന്റെ മകൾ ദേവിയെ ഭാര്യയാക്കുന്നതോടെ വിദിശയേയും സാഞ്ചിയേയും ചുറ്റിപ്പറ്റിയുള്ള ഓർമ്മകൾ തുടങ്ങുന്നു.

വിദിശ, ഇന്നു് ഒരു കൂറ്റൻ ദിനോസറിന്റെ അസ്ഥികൂടത്തിനകത്തുകൂടി നടക്കുന്ന അനുഭവമാണുണ്ടാക്കുക. വെളുത്തു വിളറിയ കെട്ടിടങ്ങളും, നീണ്ടുമെലിഞ്ഞ ദ്രവിച്ച പാതകളും, അനേകം പാപ്പരായ കച്ചവടക്കാരുമായി വിറങ്ങലിക്കുന്ന ഈ പ്രദേശം ജനസമൃദ്ധമാണു്. കുതിരവണ്ടികളും, ഓട്ടോറിക്ഷകളും, ഹാരപ്പൻകാലത്തും നിലവിലിരുന്ന മണ്ണുകൊണ്ടുള്ള ചായപ്പാത്രങ്ങളും. കുഴഞ്ഞു മറിയുന്ന ഈ തെരുവുകൾക്കു് വളരെയെടുത്താണു് ശാന്തിയുടെ മഹത്തായ പ്രതീകംപോലെ സാഞ്ചിയിലെ കുന്നു് നിവർന്നു നിൽക്കുന്നതു് എന്നതു് ഒരു തമാശയായിത്തോന്നും. ഓൾഡ് ദൽഹിയിലെ തിരക്കുപിടിച്ച തെരുവുകളെ വിദിശ ഓർമ്മിപ്പിച്ചേക്കും. ഒന്നു തട്ടിയാൽ തകർന്നു വീഴാനിടയുള്ള കെട്ടിടങ്ങളും, കുതിരമൂത്രത്തിന്റെ ഗന്ധമുള്ള തെരുവുകളും, പ്രേതലോകത്തിൽനിന്നെന്ന പോലെ എത്തിനോക്കുന്ന പഴയ സിനിമാനായകരുടെ ചിത്രങ്ങൾ നിറഞ്ഞ ചുവരുകളും കഴിഞ്ഞാൽ എല്ലാമായി എന്നതോന്നൽ ഇന്ത്യയിലെ എല്ലാ പുരാതന നഗരങ്ങളിലെയും സാധാരണ അനുഭവമായിരിക്കും. ഭവനരഹിതരായ കൂലിവേലക്കാരുടെ പഴയ ചാക്കും, പ്ലാസ്റ്റിക്കും കൊണ്ടു നിർമ്മിച്ച ചെറുകൂടാരങ്ങൾ കണ്ടിരുന്നെങ്കിൽ, ദാന്തെ തന്റെ നരക വർണ്ണനയിൽ ഉൾപ്പെടുത്തുമായിരുന്നു എന്ന തോന്നലുണ്ടാക്കിക്കൊണ്ടു് സൂര്യവെളിച്ചത്തിൽ മഞ്ഞളിച്ചു നിൽപ്പുണ്ടു്.
വിദിശയിൽ നിന്നു് സാഞ്ചിയിലേയ്ക്കുള്ള പഴയ പാതയുടെ അവശിഷ്ടങ്ങൾ ഇന്നുമുണ്ടു്. സാഞ്ചിയിൽ ആർക്കിയോളജിസ്റ്റായി ജോലിചെയ്യുന്ന പി. കെ. മുഖർജി പറഞ്ഞതു് ആ വഴിയിൽ ഇന്നും കാണാവുന്ന മിനുസമുള്ള കല്ലുകളിൽ പുരാതനകാലത്തെ കുതിരകളുടെ കുളമ്പടിപ്പാടുകൾ കാണാമെന്നാണു്. ചരിത്രസന്ദർഭങ്ങളുടെ അടയാളങ്ങൾ പതിഞ്ഞിരുന്ന തിളക്കമുള്ള കല്ലുകൾ വീടുണ്ടാക്കാനും മറ്റും സ്ഥലവാസികൾ ഇളക്കിക്കൊണ്ടുപോയിരിക്കുന്നു. ഇന്നു് പലതരം സസ്യങ്ങൾ വളർന്നു നിൽക്കുന്ന ആ പ്രദേശത്തെ ‘ചിക്നിഗാട്ടി’ എന്നാണു് പറയുക. പാതക്കിരുവശത്തും മണ്ണുകൊണ്ടുള്ള കുടിലുകളുണ്ടു്. പുറത്തു് വെയിലുകായുന്ന ഗ്രാമീണരുടെ മുഖങ്ങൾ അവശമായിരുന്നു. ഹൂക്കയിൽ നിന്നു് ഉഗ്രമായി പുകവലിച്ചുകൊണ്ടു് ഒരു വയസ്സിൽ പ്രാചീനമായ കണ്ണുകൾകൊണ്ടു് എന്നെ നോക്കിക്കൊണ്ടിരുന്നു.
“ആരു മുകളിലേക്കു് പോകുന്നുവെന്നോ, മടങ്ങിവരുന്നുവെന്നോ ഞങ്ങൾ അന്വേഷിക്കാറില്ല.” ആനക്കൊമ്പിന്റെ വളകൾ കയ്യിലണിഞ്ഞു് പച്ചകുത്തി ഗുജറാത്തിലെ റബാരികളെ ഓർമ്മിപ്പിക്കുന്ന കടുംനിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ ഒരു മധ്യവയസ്ക പറഞ്ഞു.
“ഇതുവരെ ആ കുന്നിൽ കയറി അവിടെ എന്താണുള്ളതെന്നു് നോക്കിക്കാണാൻ എനിക്കു കഴിഞ്ഞിട്ടില്ല.”
ബുദ്ധന്മാരുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന ആ കുന്നിന്റെ പരിസരങ്ങളിൽ താമസിക്കുന്ന ഈ ആദിവാസികൾ ശവം മറവുചെയ്യുന്നതെവിടെയാണു് എന്നതറിയാൻ ആകാംക്ഷയുണ്ടായിരുന്നു. പൊതുവെ അവിടെയെത്തുന്ന സഞ്ചാരികളോടുള്ള നിസ്സംഗമായ അവരുടെ പ്രതികരണങ്ങൾ കണ്ടു് ഞാനതു ചോദിച്ചില്ല.
പുകയിലക്കറയുള്ള പല്ലുകളത്രയും പുറത്തുകാണിച്ചു് ഈണത്തിൽ സംസാരിക്കുന്ന ആ ആദിവാസിയുടെ ഹിന്ദിയ്ക്കു് അവരുടെ സ്വന്തം ഭാഷയായ ഗോണ്ടിയുടെ ചുവയുണ്ടായിരുന്നു. ദ്രാവിഡ ഭാഷയായ ഗോണ്ടി സംസാരിക്കുന്നവരിൽപോലും ഹിന്ദി വശമാക്കിയിട്ടുണ്ടു്. എന്നാൽ അവിടെക്കണ്ടഗോണ്ടുകളിൽ ചിലർ അവരുടെ പ്രാചീനഭാഷയിൽ തന്നെ അടക്കം പറയുംപോലെ തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു.
ഏകദേശം ഒരു കോടി ഇരുപതു ലക്ഷം ആദിവാസികൾ വസിക്കുന്ന സംസ്ഥാനമാണു് മധ്യപ്രദേശ്. ഗംഗയുടെ തടങ്ങളിൽ താമസിച്ചിരുന്ന ഇവരുടെ പൂർവ്വികരെ, ആര്യന്മാർ ഒറീസയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കു് പായിക്കുകയാണുണ്ടായതു്. മറാത്തകളുടെ അധിനിവേശത്തിനു മുമ്പു് ഈ പ്രദേശം ഭരിച്ചിരുന്ന ഗോണ്ടുകളുടെ ഗോത്രപാരമ്പര്യം സാഞ്ചിസ്തൂപങ്ങളിൽ പ്രതിഫലിക്കുന്നുണ്ടു്. ഇരുണ്ട നിറവും, ദൃഢമായ ശരീരഘടനയുള്ള ഇവർ മഹാരാഷ്ട്രയിലേയും, ഗുജറാത്തിലേയും അധഃകൃത സമൂഹങ്ങളെപ്പോലെതന്നെ വർണ്ണപ്പകിട്ടുള്ള വസ്ത്രങ്ങളണിയുന്നവരാണു്. ഗോണ്ടുകളുടെയും മറ്റാദിവാസികളുടെയും ജീവിതവൃത്തികളുമായി ബന്ധമുള്ള ഒരു കലയാണു് സാഞ്ചിയിൽ ആവിഷ്കൃതമായിരിക്കുന്നതു്. ബുദ്ധസ്തൂപത്തിന്റെ അർദ്ധഗോളാകൃതിയിലുള്ള ഘടനതന്നെ പുരാതന കാലത്തു് നിർമ്മിച്ചിരുന്ന കുടിലുകളുടെ മേൽഭാഗാകൃതിയിൽ നിന്നു് ഉരുത്തിരിഞ്ഞുണ്ടായിട്ടുള്ളതാണെന്നു് ബഞ്ചമിൻ റോളൻസ് നിരീക്ഷിച്ചിട്ടുള്ളതു് ശരിയാണെന്നു തോന്നുന്നു.
ജനവാസം കുറവായ ഒരു പ്രദേശമാണു് സാഞ്ചിയുടെ താഴ്‌വരകൾ. കുന്നിലേക്കു കയറുമ്പോൾ പുതുജീവിതത്തിന്റെ വെളുപ്പും ചുവപ്പും കലർന്ന പൊട്ടുകൾ പച്ചകളിലൂടെ കാണാം. ഇടയ്ക്കു് പുക ഉയരുന്നതോ, ജലസർപ്പങ്ങളെപ്പോലെ പുളയുന്ന കൽപ്പാതകളിലൂടെ ഒരാൾ മോട്ടോർ സൈക്കിളോടിച്ചു കയറുന്നതോ, ഗ്രാമവാസികൾ ഒറ്റതിരിഞ്ഞു മൂകമായി നടന്നു നീങ്ങുന്നതോ കാണാം. ബുദ്ധഗയയിൽ നിന്നു് ഗൗതമബുദ്ധന്റെ ജ്ഞാനോദയവുമായി ബന്ധപ്പെട്ടു് പ്രശസ്തമായ ബോധിവൃക്ഷത്തിന്റെ ഒരു തൈയ്യ് ജവഹർലാൽ നെഹ്റു കൊണ്ടുവന്നു വച്ചതു്, കുന്നിലേക്കു കയറുവാനുള്ള ചവിട്ടുപടികൾക്കു താഴെയുള്ള കവാടത്തിനരികിൽ വളർന്നു നിൽപുണ്ടു്. ബുദ്ധഭിക്ഷുക്കൾ ചാർത്തിയ പല നിറത്തിലുള്ള തോരണങ്ങളാൽ മൂടിയ അതിന്റെ ശാഖകൾ, ദൂരെ നിന്നു നോക്കുമ്പോൾ പല നിറത്തിലുള്ള പൂക്കൾ വിടർത്തിയിരിക്കുന്നതായി തോന്നും.
സാഞ്ചി, അജന്തയിലെ പരിസരങ്ങൾപോലെ മലിനമായിട്ടില്ല. രണ്ടു വർഷങ്ങൾക്കു മുമ്പു് അജന്തയിൽ ചെന്നപ്പോൾ ടൂറിസ്റ്റുകളുടെ വരവും പോക്കും ആ പ്രദേശത്തെ ഒരു സർക്കസ് കൂടാരത്തിന്റെ പ്രവേശന ഭാഗത്തെ ഓർമ്മിപ്പിച്ചിരുന്നു. യുദ്ധാവശിഷ്ടങ്ങളെപ്പോലെ അവിടെ ചിതറിക്കിടക്കുന്ന കടുംനിറത്തിലുള്ള പ്ലാസ്റ്റിക് പാക്കറ്റുകളും മറ്റും ഏതൊരു സമാധാനചിഹ്നത്തെയും ദൃഷ്ടിയിൽനിന്നും മറയ്ക്കാൻ പര്യാപ്തമായിരുന്നു. 1819-ൽ മദിരാശി റെജിമെന്റിലെ അശ്വസേന പുലിവേട്ട നടത്തുമ്പോഴാണു് ഇന്ദ്യാന്ദ്രി മലയുടെ താഴ്‌വാരത്തിൽ കുതിരലാടത്തിന്റെ ആകൃതിയിൽ നിരന്നുകിടക്കുന്ന അജന്താഗുഹകൾ നൂറ്റാണ്ടുകളുടെ നീണ്ട ഇടവേളയ്ക്കു ശേഷം കണ്ടെത്തുന്നതു്. അന്നുതൊട്ടു് ആ പരിസരങ്ങൾ മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവിടെ നടക്കുന്ന വിചിത്രമായ ചില പുനർനിർമ്മാണ (Restoration) പ്രവർത്തനങ്ങളെയും വമ്പിച്ച തിരക്കിനെയും താങ്ങാൻ പ്രാചീനമായ ആ ഗുഹാക്ഷേത്രങ്ങൾക്കു കഴിഞ്ഞെന്നുവരില്ല. എന്നാൽ ഈ തിരക്കുകൾക്കിടയിൽ അജന്തയിലെ നാലു ഗുഹകളിലെ ചിത്രങ്ങളെ മുൻനിർത്തി കഥാഖ്യാനരൂപത്തിന്റെ (Narrative) ഘടനാവിശേഷങ്ങളെക്കുറിച്ചു് പഠനം നടത്തുന്ന ഒരു അമേരിക്കൻ യുവതിയെ പരിചയപ്പെട്ടതു് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. പതിനെട്ടു മാസങ്ങളായി ആൾക്കൂട്ടത്തിനിടയിൽ ചുവർചിത്രങ്ങൾ അവർ സൂക്ഷ്മനിരീക്ഷണം നടത്തുന്നു. ഇരുപതുകളിലെ പരിമിത സാഹചര്യങ്ങളിൽ രാജ്യത്താകമാനമുള്ള ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ചു് അജന്തയെക്കുറിച്ചും മറ്റും ദീർഘമായ പഠനങ്ങളെഴുതിയ സ്റ്റെല്ലാ ക്രാംരിഷിനെ ഈ സമാഗമം എന്തുകൊണ്ടോ ഓർമ്മിപ്പിച്ചിരുന്നു.

അജന്തയിലെ ഗുഹാക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ അന്തരീക്ഷവും വാസ്തുശില്പ പ്രത്യേകതകളും സാഞ്ചിയേയും സാരനാഥിനെയും പോലുള്ള ബുദ്ധമത കേന്ദ്രങ്ങൾക്കുണ്ടു്. പ്രധാനമായും ബുദ്ധഭിക്ഷുക്കൾക്കായുള്ള വിഹാരങ്ങളും, റോമൻ ബസലിക്കകളുടെ ആന്തരികഛായയുള്ള ചൈത്യഗൃഹങ്ങളുമാണു് അജന്തയിൽ നിർമ്മിച്ചിട്ടുള്ളതു്. സാഞ്ചിയിലും സാരനാഥിലും ബുദ്ധന്റെ ജന്മസ്ഥലമായ ഇന്നത്തെ നേപ്പാളിലുള്ള ലുംബിനിയിലും, ബുദ്ധൻ നിർവ്വാണമടഞ്ഞ സ്ഥലമായ കുഷിനഗരയിലും ബുദ്ധന്മാരുടെ ചിതാവശിഷ്ടങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്തൂപങ്ങളുണ്ടു്. പിരമിഡുകളെപ്പോലെ കൃത്യമായ അളവുകളാൽ നിർമ്മിച്ചിരിക്കുന്ന സ്തൂപങ്ങൾ പ്രധാനമായും അർദ്ധഗോളാകൃതിയിലാണു്. മുകളിൽ ഛത്രങ്ങൾ വച്ചുപിടിപ്പിച്ചിട്ടുള്ള പ്രധാനസ്തൂപത്തിന്റെ നടുക്കു് ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നു. ബുദ്ധമത തത്വങ്ങളനുസരിച്ചു് ഈ അർദ്ധഗോളാകൃതി ആകാശത്തിന്റെ പ്രതീകാത്മകമായ ആവിഷ്ക്കാരമാണു്. ഭൂഗോളത്തെ മൂടുന്ന ഒരാവരണം. ആ ആകാശത്തിനു കീഴിൽ മധ്യസ്ഥാനത്തു് പ്രപഞ്ചത്തിന്റെ ചക്രവർത്തി സ്ഥിതിചെയ്യുന്നു.
ഇന്ത്യയിൽ പുരാവസ്തു വിജ്ഞാനവകുപ്പു് സ്ഥാപിച്ച അലക്സാണ്ടർ കണ്ണിംഗ് ഹാമിനും മുമ്പാണു് 1818-ൽ ജനറൽ ടെയ്ലർ സാഞ്ചി കണ്ടെത്തുന്നതു്. സാഞ്ചിയിലെ സ്തൂപങ്ങൾ ഏതാണ്ടു് എട്ടു നൂറ്റാണ്ടുകളോളം മണ്ണുമൂടി വിസ്മൃതിയിലായിരുന്നു. അത്രയുംകാലം ചിതലും പൊറ്റയും മൂടി തപസ്സു ചെയ്യുന്ന ഭീമാകാരം പൂണ്ട മുനികളെപ്പോലെ അവ നിലകൊണ്ടു. കുന്നിൻ നെറുകയിൽ നിന്നാൽ ബുദ്ധഭിക്ഷുക്കൾ നടന്നു നീങ്ങുന്നതും ശരണത്രയമന്ത്രങ്ങളുടെ ആലാപനം ഉയരുന്നതും അപ്രതീക്ഷിതമായി മർമ്മരങ്ങൾക്കിടയിലൂടെ ഇന്നും അനുഭവിക്കാം. ഏറ്റവും ഗാംഭീര്യമുള്ളതും, തോരണങ്ങളാൽ അലങ്കരിക്കപ്പെട്ടിട്ടുള്ളതുമായ പ്രധാന സ്തൂപത്തിനടുത്തു് കാതോർത്താൽ ഒരു കാലത്തു് മാനവരാശിയുടെ മുഖ്യപ്രതീക്ഷയായിരുന്ന തഥാഗതൻ ഉറങ്ങുന്നതും കേൾക്കാം.
അശോകന്റെ കാലത്തു് ചൂനാർക്കല്ലിൽ കൊത്തിയെടുത്ത ഒരു സ്തംഭം (column) മുറിച്ചു കഷണങ്ങളാക്കിയ നിലയിൽ അവിടെക്കാണാനുണ്ടായിരുന്നു. സ്തൂപത്തിന്റെ തെക്കു ഭാഗത്തു് നാട്ടിയിരുന്ന സ്തംഭത്തിനു മുകളിൽ അശോകസാമ്രാജ്യത്തിന്റെ പ്രതീകമായ സിംഹചിഹ്നം ഉറപ്പിച്ചിരുന്നു. അടുത്തകാലം വരെ, ആ പ്രദേശത്തെ ഒരു വ്യാപാരി പഞ്ചസാര നിർമ്മാണത്തിനായി കരിമ്പിൽ നിന്നു ചാറെടുക്കുന്നതിനു് അമ്മിക്കല്ലായി ഈ സ്തംഭത്തിന്റെ കഷണങ്ങൾ ഉപയോഗിച്ചിരുന്നുവത്രെ! ഇന്നു് ഒരു ഷെഡിൽ പ്രദർശിപ്പിച്ചിട്ടുള്ള ഈ സ്തംഭം സിലോണിൽ നിന്നു് എത്തിച്ചേർന്ന ഒരു ബുദ്ധഭിക്ഷുവും, ബുദ്ധമതഗ്രന്ഥങ്ങളിൽ ഗവേഷണം നടത്തുന്ന ഒരു സിംഹളനും ഒരു മരണദൃശ്യം എന്നപോലെ നോക്കിക്കാണുന്നുണ്ടായിരുന്നു.
“മുറിഞ്ഞ ശില്പങ്ങളും തകർന്ന സ്മാരകങ്ങളും എന്നെ വളരെ വേദനിപ്പിക്കാറുണ്ടു്.” പിന്നീടു് പരിചയത്തിലായപ്പോൾ കടും ചുവപ്പും, തവിട്ടും നിറങ്ങളിലുള്ള വസ്ത്രം ധരിച്ച ബുദ്ധസന്ന്യാസി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. എല്ലാ വർഷവും ബുദ്ധമതകേന്ദ്രങ്ങൾ കണ്ടു് വേദനിക്കുവാനായി ഇന്ത്യയിലേക്കു വരുന്ന അദ്ദേഹം ‘ഭാനുമാനിൽ നിന്നു് കാറ്റിൽ കടപൊട്ടി പറന്നെത്തും കതിരുപോലെയുള്ള’ ഒരാളെ ഓർമ്മിപ്പിച്ചു.
“ബേലുവ എന്ന ഗ്രാമത്തിൽ നിന്നു് ‘പാവ’യിൽ എത്തിച്ചേർന്ന ഗൗതമബുദ്ധൻ കുന്ദൻ എന്നു പേരുള്ള ഒരു കൊല്ലന്റെ ആതിഥ്യം സ്വീകരിച്ചു് ഒരു മാമ്പഴത്തോട്ടത്തിൽ താമസിക്കുകയുണ്ടായി. കുന്ദൻ നൽകിയ പന്നിമാംസമടങ്ങിയ ആഹാരം ഭക്ഷിച്ചു് അസുഖം പിടിപെട്ട ബുദ്ധൻ, ഇന്നു് ‘കസിയ’ എന്നു പേരുള്ള കുഷിനഗരത്തിലേക്കു് തന്നെ കൂട്ടിക്കൊണ്ടു പോകുവാൻ അനുചരനായ ആനന്ദനോടു് ആവശ്യപ്പെട്ടുവെന്നാണു് ചരിത്രം. എൺപതാമത്തെ വയസ്സിൽ കുഷിനഗരയിൽ വച്ചാണു് ലാവോത്സുവിന്റെ സമകാലികനായിരുന്ന ഗൗതമ ബുദ്ധൻ നിർവ്വാണമടയുന്നതു്,” തഥാഗതന്റെ മരണത്തെക്കുറിച്ചു് സായാഹ്നവെളിച്ചത്തിൽക്കുളിച്ച തകർന്ന ശില്പങ്ങളുടെയും സ്തൂപങ്ങളുടെയും ഇടയിൽ നിന്നുകൊണ്ടു് ബുദ്ധസന്ന്യാസി പറഞ്ഞു.
“കുഷിനഗരയിൽ ദഹിപ്പിച്ച ബുദ്ധശരീരത്തിന്റെ അവശിഷ്ടങ്ങൾ ഇന്ത്യയിലെ പല പ്രദേശങ്ങളിലും സ്തൂപങ്ങൾ സ്ഥാപിച്ചു് അതിനുള്ളിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. കുഷിനഗരയിലെ സ്തൂപങ്ങളും ചൈത്യവിഹാരങ്ങളും നാലാം നൂറ്റാണ്ടിലെ തീപിടുത്തത്തിൽ നാമാവശേഷമായി. അതിനു മുകളിൽ കെട്ടിയുണ്ടാക്കിയ പുതിയ ബുദ്ധസ്തൂപം സന്ദർശിക്കുവാനായി ഞാൻ നാളെ യാത്രയാവുകയാണു്.” മുണ്ഡനം ചെയ്ത ശിരസ്സു് അല്പം കുനിച്ചു് അകൃത്രിമമായ മുഖഭാവങ്ങളോടെ ശ്രാവകൻ പറഞ്ഞു.
പ്രാരംഭകാലത്തു് ബുദ്ധകലയിൽ ഉണ്ടായിരുന്ന ഔദ്ധത്യം പിന്നീടതിനു് ഒരിക്കലും കൈവരിക്കാനായിട്ടില്ല. ബാറൂത്, അമരാവതി, സാഞ്ചി, അജന്ത, കർല തുടങ്ങിയ ബുദ്ധമത കേന്ദ്രങ്ങളിൽ, പലപ്പോഴും ബുദ്ധമതാനുയായികൾ കൂടിയായിരുന്ന കലാകാരന്മാർ സൃഷ്ടിച്ച അത്ഭുതപ്രപഞ്ചം പിന്നീടു വന്ന ശിൽപികളും മറ്റു കലാകാരന്മാരും കൈയൊഴിയുന്നതായിട്ടാണു് നാം കാണുക. ആദ്യകാലത്തെ ബുദ്ധകല, ആനന്ദവാദത്തിൽ അധിഷ്ഠിതമായിരുന്നു. ഇക്കാലത്തെ ചിത്ര-ശിൽപകലകളിൽ നിലനിന്നിരുന്ന സൗന്ദര്യസങ്കൽപങ്ങളുടെ ഊർജ്ജസ്രോതസായി പ്രവർത്തിച്ചിരുന്നതു് നാടോടി സംസ്ക്കാരവും മനുഷ്യനുമായി ഇടപെട്ടു നിൽക്കുന്ന പ്രകൃതിയുമാണു്. സാഞ്ചിയിലെ ശിൽപവേലകൾക്കു് ഈ തിളക്കമുണ്ടു്. ബുദ്ധരൂപം ഒരിടത്തും പ്രത്യക്ഷപ്പെടാത്ത അവരുടെ കലയിൽ വൃക്ഷ-പക്ഷി-മൃഗാദികളും മനുഷ്യരും ഒരുമിച്ചു നിർമ്മിച്ച ബ്രഹത്പ്രപഞ്ചം പൂർണ്ണവെളിച്ചത്തിൽ പ്രത്യക്ഷപ്പെടുന്നു.
പ്രധാന സ്തൂപത്തിന്റെ നാലു വശങ്ങളിലായി സ്ഥാപിച്ചിട്ടുളള കവാടങ്ങളിൽ ചിത്രീകരിച്ചിട്ടുള്ള സാഞ്ചിയിലെ കല ജീവിതത്തിന്റെ വൈവിധ്യം നിറഞ്ഞതും വിചിത്രവുമായ കാഴ്ചകളിലേക്കാണു് നമ്മെക്കൊണ്ടുപോവുക. ചിഹ്നബിംബങ്ങളുടെ ഒടുങ്ങാത്ത പ്രവാഹത്തിൽ, പൂർണ്ണജീവിതത്തിന്റെ അധികത്തിരക്കുള്ള നഗരപാതയിൽ അകപ്പെട്ടു നിൽക്കുംപൊലെയുള്ള തോന്നലുണ്ടാകും. രൂപങ്ങളും ചിഹ്നങ്ങളും ശിലാപ്രതലങ്ങളിൽ നിന്നു് സ്വതന്ത്രരായി നമ്മിലേക്കു പ്രവേശിക്കുന്ന അനുഭവമാണു് സാഞ്ചിയിൽ സംഭവിക്കുന്നതു്. പ്രകൃതിയേയും മനുഷ്യസംസ്കൃതിയേയും ഒന്നായിത്തിരിച്ചറിയുന്ന കലാസൃഷ്ടികൾ കാഴ്ചക്കാരന്റെ ആന്തരികലോകത്തിലേക്കു പ്രവേശിക്കാനാവും പോലെയാണു് ശില്പങ്ങൾ നിർമ്മിച്ചിരിക്കുന്നതു്. ചിത്രത്തിന്റേയോ, ശിൽപത്തിന്റേയോ സ്ഥലപരിധിക്കുള്ളിൽ നിന്നു് രൂപങ്ങളെ പുറത്തേക്കു്, അഥവാ കാഴ്ചക്കാരനിലേക്കു് വ്യാപിപ്പിക്കുന്ന രീതി, ആദ്യകാല ബുദ്ധിസത്തിന്റെ സൗന്ദര്യസിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഗൗതമബുദ്ധന്റെ കാലത്തു് സുകുമാരകലകളെ നൈമിഷിക സുഖങ്ങളായി തള്ളിക്കളയുന്ന കാഴ്ചപ്പാടു് പ്രബലമായിരുന്നു. ബുദ്ധദർശനങ്ങളുടെ ആത്യന്തികലക്ഷ്യം നിർവ്വണത്തിലൂടെയുള്ള മോക്ഷമാകയാൽ മാനുഷികമായ സുഖ-ദുഃഖങ്ങളിൽ നിന്നുള്ള മുക്തി മാത്രമായി പ്രധാനം. ഈ അവസ്ഥയാകട്ടെ നാമമില്ലാത്ത, അരൂപമായ ഒന്നായിമാത്രം തിരിച്ചറിയപ്പെട്ടു. ജ്ഞാനത്താലും, രൂപത്താലും തിരിച്ചറിയപ്പെടുന്ന കലയുടെ പരിമിതവൃത്തങ്ങളെ ഈ അവസ്ഥ ചോദ്യം ചെയ്തു. ആദ്യകാലത്തു് വിഹാരങ്ങളിൽ ചിത്രങ്ങൾ തൂക്കുന്നതിനെ ബുദ്ധൻ ചെറുത്തിരുന്നു. എന്നാൽ ‘ചരണചിത്രങ്ങൾ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രത്യേകതരത്തിൽ വരച്ചിരുന്ന ചിത്രങ്ങൾ ബോധത്തിന്റെ ഒരു ഉൽപ്പന്നമെന്ന നിലയിൽ ഗൗതമബുദ്ധൻ അംഗീകരിക്കുകയുണ്ടായത്രെ! സ്ത്രീകൾക്കു് തന്റെ ‘സംഘ’ത്തിൽ ചേരുവാൻ പിൽക്കാലത്തു് ബുദ്ധൻ അനുമതി നൽകിയതുപോലെ എന്നു് കലാചരിത്രകാരൻ നിഹാർ രഞ്ചൻ റേ ഇതേപ്പറ്റി എഴുതിയിട്ടുണ്ടു്.
ഗ്രാമ്യസ്വഭാവമുള്ളതാണു് സാഞ്ചിയിലെ കല. അവിടേക്കു നമ്മെ ആകർഷിക്കുന്ന മുഖ്യഘടകം കലാസൃഷ്ടികളിൽ ഇന്നു കണ്ടെത്താൻ കഴിയുന്ന വർണ്ണ-വർഗ്ഗ വൈരുദ്ധ്യങ്ങൾക്കതീതമായ മനുഷ്യസങ്കൽപമാണു്. കൃഷീവലരും, സാധാരണക്കാരും, രാജാവും, മൃഗങ്ങളും, വൃക്ഷങ്ങളും; പക്ഷികളും ഒരേവലുപ്പത്തിൽ പ്രത്യക്ഷപ്പെടുന്ന കല സാഞ്ചിയുടേതാണു്. ഒറ്റ നോട്ടത്തിൽ ലളിതവും ഏകതാനവുമായ ആഖ്യാനരീതി സ്വീകരിച്ചിരിക്കുന്നു എന്ന തോന്നലുണ്ടാക്കുന്ന സംഭവപരമ്പരകളുടെ ചിത്രീകരണങ്ങൾ, ചിത്രക്കളങ്ങൾക്കകത്തു് സന്നിവേശിപ്പിച്ചിരിക്കുന്ന ചില ടെക്നിക്കുകളാൽ കീഴ്മേൽമറിച്ചിരിക്കുന്നതു് സൂക്ഷ്മനിരീക്ഷണത്തിൽ തെളിഞ്ഞുവരും. ജാതകകഥയിലെ വേശാന്തരൻ എന്ന രാജാവു് തന്റെ ഭാര്യയെയും, മക്കളെയും, കുതിരകളെയും ഒന്നൊന്നായി ദാനം ചെയ്യുന്നതു് ചിത്രീകരിച്ചിരിക്കുന്നതു്, വേശാന്തരന്റെ ഓരോ ചലനത്തിലും അയാളുടെ കൂടെ ചിത്രീകരിച്ചിട്ടുള്ള കുതിരകളുടേയും മനുഷ്യരൂപങ്ങളുടെയും എണ്ണം ക്രമേണ കുറച്ചുകൊണ്ടാണു്. ഒടുവിൽ അയാൾ ഒറ്റയാകുന്നതോടെ, എല്ലാരൂപങ്ങളും അയാളിലേക്കു തിരിച്ചുവരുന്നുണ്ടു്.
ബുദ്ധന്റെ ജനനകഥകളും ജാതകകഥകളും മനുഷ്യന്റെ പ്രസാദപൂർണ്ണമായ ശൈശവത്തെ ഓർമ്മിപ്പിക്കുന്നുണ്ടു്. അന്യാപദേശരൂപേണയുള്ള ആ കഥകളുടെ ചിത്രീകരണങ്ങളിൽ അക്കാലത്തെ കർഷകന്റെ ജീവിതവും, കൊട്ടാരങ്ങളുടെയും മന്ദിരങ്ങളുടെയും വാസ്തുശില്പ പ്രത്യേകതകളും, സ്ത്രീകളുടെ വസ്ത്രാലങ്കാരങ്ങളും സൂക്ഷ്മമായി കോർത്തിണക്കിയിട്ടുണ്ടു്. പിന്നീടു് ഇന്ത്യൻ ചിത്ര-ശിൽപ കലകളിൽ മറ്റു പലതുമായി പരിണമിച്ച ജലദേവതമാരും, നാഗത്താന്മാരും, യക്ഷ-യക്ഷികളും ഒരു കാലത്തു് സാഞ്ചിയിലെ തോരണങ്ങളിൽ വസിച്ചിരുന്നവരാണു്. കാളപ്പുറത്തേറി സഞ്ചരിക്കുന്ന ദേവതകളും സർപ്പത്തിന്റെ ഉടലുമായി ഉൾക്കിണറിൽ നിന്നെന്നപോലെ ഉയിർത്തെണീക്കുന്ന തരുണികളും, ചിറകുകൾ വിടർത്തിയ സിംഹങ്ങളും, വൃക്ഷശാഖകൾ കുലുക്കി പൂക്കൾ വിടർത്തുന്ന സാലഭഞ്ജികമാരും മനുഷ്യരോടൊത്തു് താമസിച്ചിരുന്നതു് സാഞ്ചിയിൽകാണാം.
നാലഞ്ചു കരവേലക്കാർ വടക്കു ഭാഗത്തെ തോരണങ്ങളിൽ കയറിയിരുന്നു് കേടുപാടുകൾ തീർക്കുന്നുണ്ടായിരുന്നു. ശിൽപങ്ങൾ വൃത്തിയാക്കുകയും വിള്ളലുകളും മറ്റും അടയ്ക്കുകയും ചെയ്തുകൊണ്ടിരുന്ന അവരുടെ രൂപങ്ങൾ ബ്രൂവ്ഗേലിന്റെ ‘ബാബേൽ ഗോപുരം’ പണിയുന്ന തൊഴിലാളികളെ അനുസ്മരിപ്പിച്ചു. പ്രധാന സ്തൂപത്തിനു ചുറ്റുമുള്ള മതിൽക്കെട്ടിൽ ധനസഹായം ചെയ്തിട്ടുള്ളവരുടെയും, കലാകാരന്മാരുടെയും പേരുകൾ പാലി അക്ഷരങ്ങളിൽ കൊത്തിയിട്ടുള്ളതു് ഇന്നും തെളിഞ്ഞുകാണാം. വീട്ടമ്മയുടെയും, ദന്തവേലക്കാരന്റേയും, കച്ചവടക്കാരന്റെയും, മുക്കുവന്റെയും, തോട്ടക്കാരന്റെയും സംഭാവനകൾകൊണ്ടാണു് ഇവിടെ ശിൽപങ്ങളും കോണിപ്പടികളും വാതായനങ്ങളും തീർത്തിട്ടുള്ളതു് എന്നതു് അതിശയകരമായിരിക്കുന്നു. പിന്നീടു് വിവിധതരം സംഘടനകളായി സ്ഥാപനവൽക്കരിക്കപ്പെട്ട ബുദ്ധമതത്തിനു് തിരിച്ചുപിടിക്കാനാവാതിരുന്ന സംഘപ്രകാശമായിരുന്നു അതു്.
കിഴക്കുവശത്തുള്ള തോരണങ്ങളിലൊന്നിൽ ബുദ്ധനു് ബോധോദയം ലഭിക്കുന്ന സന്ദർഭം ചിത്രീകരിച്ചിട്ടുണ്ടു്. അധഃകൃതജാതിയിൽപ്പെട്ട സുജാത എന്നൊരു പെൺകുട്ടി അരിയും പാലും ചേർത്തു നിർമ്മിച്ച പായസം ഗൗതമ ബുദ്ധനു നൽകിയെന്നും, ദിവസങ്ങൾ നീണ്ടുനിന്ന ധ്യാനത്തിനു മുൻപായി അദ്ദേഹം അതു ഭക്ഷിച്ചുവെന്നും ‘നിദാനകഥ’യിൽ പ്രതിപാദിച്ചിട്ടുള്ളതു് അതിമനോഹരമായി ഇവിടെ ചിത്രീകരിച്ചിട്ടുണ്ടു്. ബോധി വൃക്ഷത്തിനടുത്തു് പായസപ്പാത്രവുമേന്തി നിൽക്കുന്ന സുജാതയെ നൂറ്റാണ്ടുകൾക്കു ശേഷം, രാംകിങ്കർ എന്ന ശിൽപി ശാന്തിനികേതനിലെ കാറ്റാടിമരങ്ങൾക്കിടയിൽ നിർമ്മിച്ചിട്ടുള്ളതു് പെട്ടെന്നോർമ്മിച്ചുപോയി. ഒരാധുനിക കലാകാരൻ ബുദ്ധകലയിലെ വർഗ്ഗഭേദങ്ങളില്ലാത്ത, മൃഗങ്ങളും മനുഷ്യരും വൃക്ഷലതാദികളും ഒരുമിച്ചു വസിക്കുന്ന പ്രപഞ്ചസൗന്ദര്യത്തിനു നൽകുന്ന പ്രണാമമായി അതെനിക്കുതോന്നി.

സാഞ്ചിയിൽ നിന്നും ഏതാണ്ടു് പത്തു മൈൽ അകലെയുള്ള ഉദയഗിരിക്കുന്നുകളിൽ ഗുപ്തകാലത്തു് നിർമ്മിച്ച വൈഷ്ണവ ഗുഹാക്ഷേത്രങ്ങളുണ്ടു്. ഇന്ത്യയിലെ ഏറ്റവും ഗാംഭീര്യമാർന്ന ശിൽപങ്ങളിലൊന്നായ ‘വരാഹം ഭൂമിയെ ഉയർത്തുന്നതു്’ ഈ ഗുഹകളിലൊന്നിലാണു്. വിദിശയിൽ നിന്നു് ഉദയഗിരിയിലേക്കു് കുതിരവണ്ടികൾ എപ്പോഴും യാത്രാസന്നദ്ധമായി നിൽപുണ്ടാവും. ചെറിയ ബാർബർഷോപ്പുകളും വളക്കടകളും പഞ്ഞിവ്യാപാരസ്ഥലങ്ങളും കടന്നാൽ ഇളകിയാടുന്ന കുതിരവണ്ടിയിലൂടെ സമതലങ്ങൾ കാണാം. മസൂർ പരിപ്പും കടലയും ഗോതമ്പും കൃഷിചെയ്യുന്ന ഈ പ്രദേശങ്ങളാണു് വിദിശയേയും സാഞ്ചിയേയും തീറ്റിപോറ്റുന്നതു്. ഈ സമതലങ്ങളിലെ ചില ഭാഗങ്ങളിൽ ഖനനം ചെയ്തപ്പോൾ സതവാഹനരുടെയും ഗുപ്തന്മാരുടെയും കാലത്തെ ചെമ്പുനാണയങ്ങളുടെയും വിഗ്രഹങ്ങളുടെയും ഒരു വൻശേഖരം ആർക്കിയോളജിക്കാർ പുറത്തെടുക്കുകയുണ്ടായത്രെ. അടുത്തുകൂടിയൊഴുകുന്ന ബേസ് നദിയുടെ അടിത്തട്ടിൽ ഭീമാകാരമായ ഒരു ബുദ്ധവിഗ്രഹമുണ്ടെന്നും അതുപുറത്തെടുക്കുവാൻ പലരും ശ്രമിച്ചു പരാജയപ്പെടുകയുണ്ടായി എന്നും ചയിൻസിംഗ് എന്ന കുതിരവണ്ടിക്കാരൻ പറയുന്നു. ചയിൻസിംഗിന്റെ സർറിയലിസ്റ്റ് ഭാവന കലർന്ന വിചിത്രകഥനം അസംബന്ധമാവാനിടയില്ല. നമ്മുടെ പരിസരങ്ങളിൽ വിസ്തൃതമായിക്കിടക്കുന്ന ജലാശയത്തിൽ ഭീമാകാരനായ ഒരു ബുദ്ധൻ ഉറങ്ങുന്നു. നാം വരുത്തിവയ്ക്കുന്ന വിനാശങ്ങളും ദുരന്തങ്ങളുമറിഞ്ഞു് നമ്മിൽത്തന്നെ ഉറങ്ങുന്ന കാലംപോലെ ബുദ്ധൻ നീണ്ടു നിവർന്നുകിടക്കുന്നു.
മൂന്നാം ദിവസം പ്രഭാതത്തിൽ ശില്പങ്ങൾ കാണുവനായി ഏതാണ്ടു് അഞ്ചരമണിയോടെ സാഞ്ചിയുടെ കുന്നിൽ വീണ്ടും ഞാനെത്തി. നല്ല വെളിച്ചമുണ്ടായിരുന്നില്ല. ബുദ്ധഭിക്ഷുക്കൾക്കായി സൂര്യോദയത്തിനു് ഗേറ്റ് തുറക്കണമെന്നാണു് നിയമം. ഞാനവിടെ ചെല്ലുമ്പോൾ ബോധിവൃക്ഷത്തിനടുത്തു് ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പോലീസുകാർ വ്യായാമം ചെയ്യുന്നതു കണ്ടു. വൃക്ഷത്തിനു സമീപം പോലീസുകാർക്കായി ഒരു കാവൽപ്പുരയുണ്ടു്. ശ്രാവണബലഗോളയിലെ ഗൊമ്മതേശ്വര രൂപത്തിന്റെ ഉടലുള്ള ഒരു പോലീസുകാരൻ വ്യായാമം നിർത്തി വേലിക്കെട്ടു ചാടി അകത്തു കയറിക്കൊള്ളാൻ അനുവാദം തന്നു. ബുദ്ധസ്മാരകം കാണാൻ അമ്പതു പൈസ ചാർജ്. വ്യായാമം നിർത്തി ടിക്കറ്റു പരിശോധിക്കാനോ ഗേറ്റിന്റെ പൂട്ടു് തുറന്നുതരാനോ തീർത്ഥാങ്കരൻ തയാറല്ല. അകത്തു് മങ്ങിയ വെളിച്ചത്തിൽ ഇരുണ്ട യമസാമ്രാജ്യംപോലെ തോന്നിക്കുന്ന കുന്നിൻ നെറുകയിൽ സൂര്യനുദിച്ചുകയറുന്നതു കണ്ടുകൊണ്ടു് ഞാൻ വേലി ചാടിക്കടന്നു.
സാഞ്ചിയിൽ നിന്നു മടങ്ങുമ്പോൾ കുന്നിൻ നെറുകയിലെ പ്രധാനസ്തൂപത്തിന്റെ ഛത്രങ്ങളിൽ നിന്നു് ഒരു പറ്റം തത്തകൾ അകലേക്കു പറന്നു പോകുന്നതു കണ്ടു. കാലാതിവർത്തികളായ ബുദ്ധഭിക്ഷുക്കൾ പക്ഷിരൂപം പ്രാപിച്ചു് തങ്ങളുടെ ചൈത്യ-വിഹാരങ്ങളും സ്തൂപങ്ങളും സന്ദർശിച്ചു മടങ്ങുകയാണു് എന്നു് എനിക്കുതോന്നി.

ആലപ്പുഴ ജില്ലയിലെ കടലോരപ്രദേശത്തു ജനിച്ചു. തിരുവനന്തപുരം ഫൈൻ ആർട്ട് കോളജിൽ നിന്നും ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും കലാപരിശീലനം. ഇപ്പോൾ സമകാലീനകലയിൽ സാധ്യമാവുന്ന എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു് കലാപ്രവർത്തനം നടത്തുന്നു. കലാപ്രവർത്തനങ്ങൾക്കായി ഫിലിം എന്ന മാധ്യമം വിദഗ്ദമായി ഉപയോഗിച്ചതിനു് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നിന്നു് രണ്ടു തവണ ആദരം. ‘മാർക്സ് ആർകൈവ്’ എന്ന ഇൻസ്റ്റലേഷൻ രണ്ടാമത്തെ കൊച്ചി മുസരീസ് ബിയനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. 2015-ലെ വെനീസ് ബിയനാലെയിൽ ‘മാർക്സ് ആർകൈവ്’, ‘പീനൽ കോളനി’ എന്നീ ഇൻസ്റ്റലേഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ടു്. ‘ബയസ്ക്കോപ്’ എന്ന സിനിമക്കു് മൂന്നു് അന്തർദേശീയ പുരസ്കാരങ്ങൾ. ബയസ്ക്കോപ് അഞ്ചു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡും നേടിയിരുന്നു. ഡൽഹിയിലും കേരളത്തിലുമായി ജീവിക്കുന്നു.