(ദീപൻ ശിവരാമൻ സംവിധാനം ചെയ്തു് അവതരിപ്പിച്ച ‘ഉബുറോയ്’ നാടകത്തെ കുറിച്ചു്)
വർഷങ്ങൾക്കുമുമ്പു് തിരുവനന്തപുരത്ത് ചിത്രകലാ വിദ്യാർത്ഥിയായിരിക്കുമ്പോഴാണു് ഞാൻ ആദ്യമായി ഉബുറോയിയെ അറിയുന്നതു്. ഒരു വുഡ്കട്ടിന്റെ രൂപത്തിൽ. നാടകം വായിക്കുന്നതിനും മുമ്പാണതു്. പില്ക്കാലത്തു് ഗുന്തർഗ്രാസ്സ് ടിൻഡ്രമ്മിനു വരച്ച ഓസ്കറിന്റെ ചിത്രം പോലെ മൗലികത കൊണ്ടു് അതിശയകരമായ വെളിച്ചം പ്രസരിപ്പിക്കുന്ന ആ ചെറിയചിത്രം എല്ലാക്കാലത്തേയ്ക്കും എനിക്കു പ്രിയപ്പെട്ടതായി മാറി. വുഡ്കട്ടിലെ ഉബുറോയിയുടെ വീർത്ത വയറിൽ ഗർഭപാത്രം തിരയുന്ന ചുരുൾരേഖകളുണ്ടു്. അയാളുടെ വലതുകരം പോക്കറ്റിലാണു്. രണ്ടു ത്രികോണങ്ങളിലൂടെ അയാൾ ലോകത്തെ കാണുന്നു. മോശെയുടെ മാന്ത്രികവടി അയാൾ കക്ഷത്തിൽ കരുതിയിട്ടുണ്ടു്. മുഖമാകെ മൂടിയ അയാളുടെ ശിരസ്സിൽ ഗോയയുടെ ഇൻക്യുസിഷൻ പെയിന്റിങിലെ മനുഷ്യരിലെന്നപോലെ നീളൻ തൊപ്പി. അയാൾ നമ്മുടെയിടയിലെ, നമ്മുടെ കാലത്തിൽ ജീവിച്ചിരിക്കുന്ന ആരെയോ ഓർമ്മിപ്പിക്കുന്നില്ലേ? അതല്ലെങ്കിൽ കഴിഞ്ഞ കാലത്തിലെ മുസ്സോളിനിയെ? അഡോൾഫ് ഹിറ്റ്ലറെ? ചാപ്ലിൻ സിനിമയിലെ, ജനങ്ങളോടു് സംസാരിക്കുമ്പോൾ പാന്റിനുള്ളിലേക്കു് കുടിവെള്ളമൊഴിക്കുന്ന, ഭരണാധികാരിയെ…?
സമകാലീന രാഷ്ട്രീയത്തിലെ ഭരണാധികാരികളെ ഓർമ്മിപ്പിക്കുന്നതാണു് ഉബുറോയിയുടെ മുഖവും, ശരീരവും. 1896-ൽ ആൽഫ്രഡ് ജാറി എഴുതിയ ഉബുറോയി നാടകം തുടർന്നുള്ള എല്ലാദിവസവും പുതുക്കിക്കൊണ്ടിരിക്കുന്നു. എല്ലായ്പോഴും അതു് സമകാലീനമായിക്കൊണ്ടിരിക്കുന്നു. ജാറി വരച്ച ത്രികോണ കണ്ണുകളും കൂർമ്പൻ തൊപ്പിയും ഇന്നത്തെ ഏതു് അധികാരിക്കും ചേരുന്നതായി. നാടകത്തിലെ അബ്സെർഡിറ്റിയും രക്തച്ചൊരിച്ചിലും തെറിവിളികളും സമകാലീനതയുടെ മുഖങ്ങളായി. ഉക്രെയ്നിലെയും പലസ്റ്റീനിലെയും യുദ്ധക്കെടുതികൾ ഉബുറോയി നാടകത്തിലും വായിക്കാമെന്നായി. ഒ വി വിജയൻ ‘ ധർമ്മപുരാണത്തിൽ’ വിവരിക്കുന്ന മാലിന്യരാഷ്ട്രീയത്തിന്റെ അഗാധമായ കിടങ്ങുകളിലായി നമ്മളോരോരുത്തരുടെയും ജീവിതം.
രംഗത്തു് അവതരിപ്പിക്കുവാൻ പ്രയാസമുള്ള നാടകമാണു് ഉബുറോയ്. 2024 ഡിസംബർ 29-നു് കൊടകരയിൽ ദീപൻ ശിവരാമൻ സംവിധാനം ചെയ്ത ഉബുറോയി നാടകം കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി. യൂറോപ്പിൽ ആധുനികതയുടെ വരവു പ്രഖ്യാപിച്ച, പുതുമ കൊണ്ടു് പാബ്ലോ പിക്കാസോ പോലും അമ്പരന്നുപോയ നാടകം കേരളത്തിലെ ഗ്രാമാന്തരീക്ഷത്തിൽ അവതരിപ്പിച്ചു വിജയിപ്പിക്കുക ശ്രമകരമായ ഒരു ജോലിയാണു്.
ആധുനികയ്ക്കു മുമ്പേ ഇരുപത്തിമൂന്നു വയസ്സുകാരൻ ആൽഫ്രഡ് ജാറി സ്റ്റേജിൽ അവതരിപ്പിച്ച ഫാഷിസത്തിന്റെ കിരാതലോകം സർറിയൽ ഇമേജറികളാൽ സങ്കീർണ്ണമാണു്. മൂലകൃതിയിലെ ഭയാനകമായ രാത്രികൾ വിട്ടുവീഴ്ചകളില്ലാതെയാണു് ദീപൻ മലയാളത്തിലേക്കു് പാരാവർത്തനം ചെയ്തിരിക്കുന്നതു്. ഉബുവിന്റെ ആഭാസനടത്തം, പോളണ്ടിലെ രാജകുടുംബത്തിന്റെ രംഗപ്രവേശം, കശാപ്പു ചെയ്യപ്പെട്ടവരുടെ നിലവിളികൾ, ആഘോഷത്തിമർപ്പിൽ ഉബുവിന്റെ അംഗരക്ഷകരുടെ മാർച്ച് എല്ലാം അതുതന്നെ, ഒന്നാംതരം ഒറിജിനൽ!
ഫാഷിസത്തിന്റെ അടിസ്ഥാനം അടിച്ചമർത്തപ്പെട്ട ലൈംഗികതയാണെന്നു വിൽഹേം റൈക് തന്റെ ‘ഫാഷിസത്തിന്റെ ആൾക്കൂട്ട മനഃശാസ്ത്രത്തിൽ’ വിശദീകരിക്കുന്നുണ്ടു് (Wilhelm Reich: Mass Psychology of Fascism). ഫാഷിസ്റ്റുകൾ അള്ളിപ്പിടിച്ചു ചുമരിൽ കയറുകയും, (Great Dictator, Charlie Chaplin) പൊതുയിടങ്ങളിൽ തോന്നുമ്പോഴൊക്കെ മലവിസർജനം നടത്തുകയും (Ubu Roi: Deepan Sivaraman) ഗർഭിണികളെയും കുഞ്ഞുങ്ങളെയും ചുമ്മാ രസത്തിനു കൊല്ലുകയുമൊക്കെ (Les Carabiniers: Jean Luc Godard) ചെയ്യും. അവർ അടങ്ങിയിരിക്കുന്ന സ്വഭാവക്കാരല്ല. രാത്രിയിലാകട്ടെ ഇവരിൽ കൂടിയ ഇനത്തിൽപെട്ട ചിലർ ചാട്ടവാറുകൊണ്ടു് സ്വന്തം പുറത്തടിച്ചു വേദനിച്ചു ചുമരിനോടു് കുമ്പസാരിക്കും. അവർ നല്ല പെയിന്റിങുകൾ വരയ്ക്കുകയുമില്ല, കാണുകയുമില്ല, എന്നാൽ അവ തീയിട്ടു ചുട്ടു രസിക്കും (De Genarated Art: Germany—1937). നല്ല പുസ്തകങ്ങൾ വായിക്കുകയില്ല, നശിപ്പിക്കും (Book Burning: Germany—1933).
ദീപന്റെ ഉബു റോയിയും ഏകാന്തത അനുഭവിക്കുന്നവനും, ഒ വി വിജയന്റെ പ്രജാപതിയെപ്പോലെ സ്വന്തം മലം മറ്റുള്ളവരെ തീറ്റിക്കുന്നതിൽ സന്തോഷം അനുഭവിക്കുന്നവനുമാണു്. അയാൾ ഭാര്യ, ഉബുമയിൽ നിന്നു് പലപ്പോഴും ഓടിയൊളിക്കുന്നു. ഉയരം കുറഞ്ഞതും ചടുലപ്രകൃതക്കാരിയുമാണു് ഉബുമ. ഉബുവിനോടു് മല്ലിടുവാനായി അവൾ തന്റെ മസിലുകൾ പെരുപ്പിച്ചു വെച്ചിട്ടുണ്ടു്. ‘നിന്റെ അണ്ടി ഞാൻ ചെത്തിക്കളയും’ എന്നു് അവൾ ഉബുവിനോടു് ആക്രോശിക്കുന്നുണ്ടു്. ഉബു സെക്സിനെതിരെ തീറ്റയിലേക്കാണു് തിരിയുന്നതു്. അയാൾ തന്റെ വലിയ പ്ലേറ്റിലെ അവസാന ഭക്ഷണത്തരിയും നക്കിത്തുടച്ചുകൊണ്ടു് അവളിൽ നിന്നു് ഓടിയൊളിക്കും (ഉബുമ ആയി അഭിനയിച്ച കല്ലു കല്യാണി അസാധാരണമായ ഊർജമാണു് ഈ നാടകത്തിലേക്കു് കൊണ്ടുവന്നിരിക്കുന്നതു്. സ്റ്റേജിലെ മുഴുവൻ സ്പേസും ഉപയോഗിച്ചുകൊണ്ടുള്ള അവരുടെ അഭിനയ രീതി പുതുമയുള്ളതാണു്).
പ്രസിഡന്റിന്റെ (Alfred Jarry-യുടെ പാഠത്തിൽ പോളണ്ടിലെ രാജാവു്) വരവോടെയാണു് നാടകത്തിൽ കഥ കടന്നു വരുന്നതു്. Alfred Jarry ആലോചിച്ചിരുന്നതു് Shakespear-ന്റെ Macbeth-നു് ഒരു പാരഡിയുണ്ടാക്കുവാനായിരുന്നു. മാക്ബത്തിന്റെ ഒരു ചരടു് ഉബു നാടകത്തിലൂടെ കയറിയിറങ്ങുന്നതു് കാണാം. പ്രസിഡന്റിന്റെയും കുടുംബത്തിന്റെയും ആഘോഷമായുള്ള വരവു് ചാപ്ളിന്റെ Great Dictator എന്ന സിനിമയിലെ ഹിറ്റ്ലരുടെയും മുസ്സോളിനിയുടെയും വരവിനെ ഓർമിപ്പിക്കും. തെരുവോരത്തുള്ള ജനങ്ങളെ അഭിവാദ്യംചെയ്തുകൊണ്ടാണു് പ്രസിഡണ്ടും ഭാര്യയും മകനും കാറിൽ കടന്നുവരുന്നതു്. പിന്നീടു് ഈ കാർ അവരുടെ ശയനമുറി ആകുന്നുണ്ടു്. പ്രസിഡന്റിനെ കൊല്ലുന്നതോടെ അധികാരം പൂർണമായും ഉബുവിന്റെ കയ്യിലാകുന്നു. അധികാരത്തിന്റെ പാപം പേടിസ്വപ്നങ്ങളിലൂടെ ഭാര്യയെയും മകനേയും വേട്ടയാടുന്നതും അതേ മുറിയിൽ വച്ചാണു്, പ്രസിഡന്റിന്റെ അർഭാടത്തോടെയുള്ള വരവും മരണവും അഭിനയിച്ചു ഫലിപ്പിച്ചതു് ഗോപാലനാണു് (ഗോപാലൻ കൃഷ്ണൻ). ഈ നാടകത്തിലെ അതീവ ഗംഭീരങ്ങളായ മുഹൂർത്തങ്ങളായി ഈ സീനുകൾ മാറി. കേരളത്തിൽ ഇന്നു ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മികച്ച നടനാണു് ഗോപാലൻ. ഈ നാടകവും അതു ശരിവയ്ക്കുന്നുണ്ടു്. അധികാരം പലതായി പെരുകുന്ന ദീർഘഭാഷണത്തിന്റെ ലഹരിയിലാണു് പ്രസിഡന്റ് കാറിലൂടെ ഒഴുകുന്നതു്. അയാളുടെ മരണശേഷം ഗോപാലൻ മറ്റൊരു കഥാപാത്രമായി സയിന്റിസ്റ്റിന്റെ വേഷത്തിൽ രംഗത്തു വരുന്നുണ്ടു്. വളരെ വർഷങ്ങളായുള്ള നിരന്തര പ്രരിശ്രമത്തിലൂടെ ഗോപാലൻ നേടിയെടുത്തതാണു് പരിപക്വമായ ഈ അഭിനയ ശൈലി. അതു് പൂർണത നേടുന്നതു് ദീപന്റെ നാടകങ്ങളിലുംകൂടിയാണെന്നു തോന്നുന്നു. മൂന്നു നാടകങ്ങളാണു് ഞാനിതുവരെ ദീപന്റേതായി കണ്ടിട്ടുള്ളതു്. സ്പയിനൽ കോഡ് (Spinal Cord) പിയർ ജെന്റ് (Peer Gynt) ഇപ്പോൾ ഉബുറോയിയും. ഈ മൂന്നു നാടകങ്ങളിലും ഗോപാലൻ എന്ന നടന്റെ അഭിനയഭാഷാ സാന്ദ്രത ഏറിയേറി വരുന്നതുകാണാം.
പ്രസിഡന്റിന്റെ മകന്റെ ഉറക്കത്തിലേയ്ക്കു് നീണ്ടുവരുന്ന ദുഃസ്വപ്നം ഭീമാകാരമായ ഒരു അസ്ഥികൂടത്തിന്റെ രൂപത്തിലാണു്. പാർവതാകാരമുള്ള പാപം മകനെ സുഖകരമായ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർത്തുന്നു. അയാളെ പിന്നീടു് പാപത്തിനു്, അധികാര ദുർവിയോഗത്തിനു് എതിരായി പ്രവർത്തിക്കാൻ കെൽപ്പുള്ളവനാക്കുന്നതു് പാപത്തിന്റെ ഈ അസ്ഥികൂടമാണെന്നു പറയാം.
പാവകളും, മാസ്കുകളും, കേടുവന്ന യന്ത്രങ്ങളുമുപയോഗിച്ചുകൊണ്ടു് സർക്കസ്സിലെന്നപോലെ വലിയ സ്പേസിലുള്ള അവതരണരീതിയാണു് ദീപന്റേതു്. പഴക്കം മൂലം തുരുമ്പുവന്ന സാധനങ്ങൾ കൊണ്ടു് ഉണ്ടാക്കിയെടുത്ത വസ്തുക്കളാണു് പലപ്പോഴും നാടകത്തെ ഭരിക്കുന്നതു്. ഉള്ളിലിരുന്നു് ഒരാൾ പ്രവർത്തിപ്പിക്കുന്ന യന്ത്രപ്പാവയാണു് അസ്ഥികൂടം. സ്വപ്നത്തിലെന്ന പോലെ സാവധാനത്തിൽ ഉള്ളിലെ മനുഷ്യനോടൊപ്പം പ്രത്യക്ഷപ്പെടുന്ന യന്ത്രപ്പാവ ഇരുട്ടിൽ നടന്നു് തുരുമ്പിന്റെ തിളക്കം കാണിച്ചു പേടിപ്പിക്കും. അധികാര രാഷ്ട്രീയം ജനിപ്പിച്ച ഫാഷിസത്തിന്റെ കടന്നു വരവാണതു്.
ഇറ്റലിയിൽ ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ ഉപയോഗശൂന്യമായ വസ്തുക്കളുപയോഗിച്ചു് അല്ലെങ്കിൽ പാരമ്പര്യേതര വസ്തുക്കളുപയോഗിച്ചു് കോർപറേറ്റ് മാനസികാവസ്ഥയെ ആക്രമിച്ച കലാപ്രസ്ഥാനമായിരുന്നു Arte Povera. ഒരർത്ഥത്തിൽ അവരാക്രമിച്ചതു് ഇറ്റലിയിൽ തന്നെ രൂപംകൊണ്ട ഫാഷിസ്റ്റ് മനോഘടനയെ തന്നെയാണെന്നു തോന്നുന്നു. ഉബുറോയിയുടെ മലയാളം ആവിഷ്കാരത്തിൽ സെറ്റുകളും പാവകളും മറ്റുവസ്തുക്കളും ഉപയോഗിച്ചിരിക്കുന്നതിൽ Arte Povera-യുടെ സ്വാധീനം കാണാം. ദീപനോ വസ്തുക്കൾ നിർമിച്ച ആന്റോയൊ (Anto K G) അറിഞ്ഞുകൊണ്ടാവണമെന്നില്ല ഈ സ്വാധീനം കടന്നു വരുന്നതു്. Arto povera ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കലയിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയ കലാപ്രസ്ഥാനമാണു്. Arte povera-യുടെ പാഴ്ത്തടികളും തുരുമ്പുപിടിച്ച ലോഹത്തകിടും, ഉപയോഗശൂന്യമായ വസ്ത്രങ്ങളും സമകാലീന കലയിലെ പ്രതിഷ്ഠാപനങ്ങളിൽ നിരന്തരം പ്രയോഗിക്കപ്പെടുന്നതു കാണാം. സമകാലീനകലയിൽ പ്രശസ്തനായ അന്റോയാണു് നാടകത്തിന്റെ പ്രോപ്സ് നിർമിച്ചിരിക്കുന്നതു് എന്നതുകൊണ്ടു് സ്വാഭാവികമായ പരിണതി എന്നു തന്നെ ഇതിനെ മനസ്സിലാക്കാം. ആന്റോ നിർമിച്ച വസ്തുക്കൾ ഉബുറോയിയ്ക്കു് അസാധാരണമായ തിളക്കം കൊണ്ടുവന്നിട്ടുണ്ടു്. അതുകൊണ്ടു് കേരളത്തിലുണ്ടായ അർത്ഥവത്തായ, ബ്രഹത്തായ ഒരു installation art ആയും ഈ നാടകത്തെ കാണാൻ കഴിയും.
ദീപൻ ഉബുവിന്റെ ആഘോഷങ്ങൾ രംഗത്തു കൊണ്ടുവരുന്നതു് ഓലച്ചൂട്ടിന്റെ വെളിച്ചത്തിലാണു്. കേരളത്തിലെ അടിച്ചമർത്തപ്പെട്ടവരുടെ ഉത്സവങ്ങളായ തെയ്യാവിഷ്കാരങ്ങളിൽ കത്തിച്ച അതേ ചൂട്ടിന്റെ വെളിച്ചത്തിൽ. ഇതിനൊരു തുടർച്ചയുടെ ഓർമ്മ കൂടിയുണ്ടു്. അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള ഇരുട്ടിൽ കെ. ജെ. ബേബി ‘നാടുഗദ്ദിക’യിലൂടെ കേരളത്തിലെ തെരുവുകളിൽ കൊണ്ടുവന്ന പന്തങ്ങളുടെ വെളിച്ചം. അതു് ദീപൻ ശിവരാമനിലേക്കു് കൈമാറുകയാണു്. മലയാളനാടകവേദി ദീപനിലൂടെ ഉയിർത്തെണീക്കുകയാണു് എന്നും പറയാം.
ആലപ്പുഴ ജില്ലയിലെ കടലോരപ്രദേശത്തു ജനിച്ചു. തിരുവനന്തപുരം ഫൈൻ ആർട്ട് കോളജിൽ നിന്നും ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും കലാപരിശീലനം. ഇപ്പോൾ സമകാലീനകലയിൽ സാധ്യമാവുന്ന എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു് കലാപ്രവർത്തനം നടത്തുന്നു. കലാപ്രവർത്തനങ്ങൾക്കായി ഫിലിം എന്ന മാധ്യമം വിദഗ്ദമായി ഉപയോഗിച്ചതിനു് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നിന്നു് രണ്ടു തവണ ആദരം. ‘മാർക്സ് ആർകൈവ്’ എന്ന ഇൻസ്റ്റലേഷൻ രണ്ടാമത്തെ കൊച്ചി മുസരീസ് ബിയനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. 2015-ലെ വെനീസ് ബിയനാലെയിൽ ‘മാർക്സ് ആർകൈവ്’, ‘പീനൽ കോളനി’ എന്നീ ഇൻസ്റ്റലേഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ടു്. ‘ബയസ്ക്കോപ്’ എന്ന സിനിമക്കു് മൂന്നു് അന്തർദേശീയ പുരസ്കാരങ്ങൾ. ബയസ്ക്കോപ് അഞ്ചു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡും നേടിയിരുന്നു. ഡൽഹിയിലും കേരളത്തിലുമായി ജീവിക്കുന്നു.