“ദൈവം അരുൾ ചെയ്തു: ‘വെളിച്ചം ഉണ്ടാകട്ടെ’
വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലത് എന്നു് ദൈവം കണ്ടു.
ദൈവം വെളിച്ചത്തെ ഇരുട്ടിൽ നിന്നും വേർതിരിച്ചു.
വെളിച്ചത്തിനു പകൽ എന്നും ഇരുട്ടിനു രാത്രി എന്നും ദൈവം പേരുവിളിച്ചു. സന്ധ്യയായി, ഉഷസ്സായി, ഒന്നാം ദിവസം… ” ഉൽപത്തി, പഴയ നിയമം
ആംസ്റ്റർഡാമിലെ പ്രധാന തെരുവായ യുഡൻബ്രീയിലെ (judenbree street) നാലാം നമ്പർ വീടാണു് റെംബ്രാൻഡിന്റേതു്. ഞാനവിടെ ചെല്ലുമ്പോൾ ഉച്ചയാവാൻ തുടങ്ങുന്നതേയുള്ളൂ. റെംബ്രാൻഡിന്റെ പ്രസിദ്ധമായ നിറങ്ങളൊന്നും തന്നെ ആകാശത്തെങ്ങുമില്ല. അയാൾ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത ഒരുതരം വിളറിയ മഞ്ഞയിൽ നഗരം കുരുങ്ങി കിടപ്പാണു്. റെംബ്രാൻഡിന്റെ വീടിനു് സമീപത്തുള്ള കടകളും വസതികളുമൊക്കെ വലിയ കെട്ടിടങ്ങളായി. ഡൽഹിയിലെ ചാന്ദിനി ചൗക്കിൽ കാണുന്ന പക്ഷികളുടെ ആശുപത്രി കെട്ടിടം പോലെ പുരാതനമായിരുന്ന അയാളുടെ വീടു് പുതുക്കിപണിതതാണു്. റെംബ്രാൻഡിന്റെ വീട്ടിലേക്കു് കടക്കുമ്പോൾ നെഞ്ചിടിപ്പു് വർധിക്കുന്നുണ്ടായിരുന്നു. വർഷങ്ങളായി പരിചിതരായിത്തീർന്ന മനുഷ്യരും മൃഗങ്ങളും, മരങ്ങളും, ആകാശവും ജന്മമെടുത്ത മുറിയിലേക്കാണു് ഞാൻ കടക്കുന്നതു്. ബാല്യം മുതൽ നിത്യവും കണ്ടു സുഹൃത്തുക്കളായിത്തീർന്ന സുന്ദരിയായ സസ്കിയയും അന്ധനായ ഹോമറും അന്ധതയിലേക്കടുക്കുന്ന സാംസണും പാവപ്പെട്ടവരോടു സംസാരിക്കുന്ന ക്രിസ്തുവും അവതരിച്ച സ്ഥലം. ബൈബിളിൽ നിന്നുള്ള ആശയങ്ങളെടുത്തു റെംബ്രാൻഡ് മുന്നൂറിൽപരം ചിത്രങ്ങൾ വരച്ചു. ബൈബിളിൽ നിന്നു് നേരിട്ടല്ലാതെ അതിലേറെയും.
പ്രധാനപ്പെട്ട മുറിയിൽ റെംബ്രാൻഡ് വരക്കാനുപയോഗിച്ചിരുന്ന ഈസലും അതിനു് പുറത്തു തോലു് വലിച്ചു കെട്ടിയപോലെ പരുക്കൻ തുണിയും. പുറത്തു നിന്നു് സ്ഥലകാലങ്ങൾ വഴുതി മാറിയ ആ സ്റ്റുഡിയോയിലേക്കു് വെളിച്ചം കടന്നു വരുന്നുണ്ടായിരുന്നു. പെട്ടെന്നു് വെളിച്ചം മങ്ങി. ക്യാൻവാസിൽ കേരളത്തിൽ നിന്നുള്ള പ്രത്യേക മഴ പെയ്യാനാരംഭിച്ചു. മഴയുടെ നീർത്തുള്ളികൾ ക്യാൻവാസിൽ പതിക്കുന്നതു് സാവധാനം നിലയ്ക്കുന്നതോടെ വെയിലു പരന്നു. മഴ കഴിഞ്ഞുള്ള വെയിലിനു് ഒരു പ്രത്യേക നിറവും മണവുമുണ്ടാകും. ആ നിറമാണു് റെംബ്രാൻഡിന്റെ ചിത്രങ്ങളെ തിളക്കിയതു്. ക്യാൻവാസിൽ യൗവ്വന യുക്തയായ സസ്കിയയും ചെറിയ മേൽമീശവെച്ചു ചിരിച്ചുകൊണ്ടു് റെംബ്രാൻഡും മഴ കഴിഞ്ഞ തിളക്കത്തിൽ പ്രത്യക്ഷപ്പെട്ടു. അയാൾ ജീവിച്ചിരുന്ന കാലം പുനർജനിക്കുകയാണു്.
നേരിൽ കണ്ടതുമുതൽ മരണം വരെ റെംബ്രാൻഡ് സസ്കിയയെയും തന്നെത്തന്നേയും വരച്ചുകൊണ്ടിരുന്നു. രണ്ടു കുട്ടികൾക്കു ജന്മം നല്കി സസ്കിയ വളരെവേഗം മരിച്ചു. കുട്ടികളും അകാലത്തിൽ മരണമടഞ്ഞു. കമ്മീഷൻ വർക്കുകൾ ഏറ്റെടുക്കുകയില്ല, ഇനിമേൽ തനിക്കിഷ്ടമുള്ളതു മാത്രമേ വരയ്ക്കു എന്നു് തീരുമാനിച്ച നാൾ മുതൽ അയാൾ ദരിദ്രനായി. സ്റ്റുഡിയോയും അയാളുടെ സ്വത്തുക്കളും ക്യാൻവാസുകളും പ്രിന്റിങ് പ്രസ്സും ലേലം ചെയ്യപ്പെട്ടു. അനാഥത്വത്തിലേക്കിറങ്ങിയ അയാൾ കൂടെ കൊണ്ടുപോയതിൽ സസ്കിയയുടെ പൂർത്തീകരിക്കാത്ത ചിത്രവുമുണ്ടായിരുന്നു.
വർഷങ്ങൾക്കുശേഷം ഡച്ചുഗവണ്മെന്റ് ആ വീടു് എറ്റെടുത്തു മ്യൂസിയമാക്കി. റെംബ്രാൻഡുപയോഗിച്ചിരുന്ന വസ്തുക്കളും ആഭരണങ്ങളുമെല്ലാം ലേലക്കാരിൽനിന്നു തിരികെവാങ്ങി യഥാസ്ഥാനങ്ങളിൽ വെച്ചു. വീണ്ടും അതു് റെംബ്രാൻഡിന്റെ വീടായി.
ഇന്നു് ലോകം മുഴുവൻ ആരാധകരുള്ള റെംബ്രാൻഡിന്റെ വീടു കാണാൻ ലക്ഷക്കണക്കിനു് ആളുകൾ ഇവിടെ വന്നുചേരുന്നു. വെളിച്ചത്തിന്റെ ആശുപത്രിയിൽ എല്ലാദിവസവും സന്ദർശകരുടെ തിരക്കു്. പുറത്തെ ചുമരിനുമുകളിൽ നിന്നു് താഴേയ്ക്കു റെംബ്രാൻഡിന്റെ ഒരു ആത്മഛായാചിത്രത്തിന്റെ ഫ്ലക്സ് പകർപ്പു് തൂക്കിയിട്ടിരുന്നു. ആ ചിത്രം വലുതാക്കി പ്രിന്റുചെയ്തപ്പോൾ ആദ്യമായി അതിൽ നിന്നു് പുറത്തുകടന്നതു് അയാൾ ചിത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന വെളിച്ചമായിരുന്നു.
റെംബ്രാൻഡ് നാല്പതിലധികം ആത്മഛായാചിത്രങ്ങൾ ഓയിൽ പെയിന്റിൽ വരച്ചിട്ടുണ്ടു്. സ്വന്തം മുഖം അയാൾ പല തവണ വരച്ചു. മുപ്പത്തിയൊന്നു എച്ചിങ്ങുകളും ഏഴു രേഖാചിത്രങ്ങളും കൂടി എഴുപത്തിയെട്ടു് ആത്മഛായാചിത്രങ്ങൾ! സെൽഫ് പോർട്രെയ്റ്റിൽ റെംബ്രാൻഡിന്റെ അനുജനായ വാൻഗോഗ് നാൽപതു സ്വന്തം മുഖങ്ങളും. റെംബ്രാൻഡിന്റെ ആത്മഛായാചിത്രങ്ങൾ സൂക്ഷിച്ചു നോക്കുകയാണെങ്കിൽ അതിലൊന്നിലും അയാളുടെ മുഖം പെയിന്റു ചെയ്യപ്പെട്ടിട്ടില്ല എന്നു തോന്നും. വെളിച്ചമാണു് മൂക്കിന്റെയും കണ്ണുകളുടെയുമൊക്കെ ആകൃതികൾ ഉണ്ടാക്കുന്നതു്. ആത്മചിത്രമല്ല, ആത്മാവിൽനിന്നു പുറത്തേയ്ക്കു്, കാൻവാസിലേക്കു് പടരുന്ന വെളിച്ചമാണു് റെംബ്രാൻഡിന്റെ ആത്മഛായാചിത്രങ്ങൾ.
കോണാകൃതിയിലുള്ള ഗുഹാമുഖത്തുനിന്നു വരുന്ന വെളിച്ചത്തിലാണു് സാംസണിന്റെ ദാരുണ ദുരന്തം അരങ്ങേറുന്നതു്. വെളിച്ചം മുഖ്യ പ്രമേയമായിവരുന്ന റെംബ്രാൻഡിന്റെ പരശ്ശതം പെയ്ന്റിങുകളിലൊന്നാണിതു്. റെംബ്രാൻഡ് വരച്ചിട്ടുള്ളവയിൽ താരതമ്യേന വെളിച്ചം കൂടുതൽ പ്രത്യക്ഷപ്പെടുന്ന ചിത്രവുമാണു് ‘ബ്ലൈൻഡിങ് ഓഫ് സാംസൺ’. പ്രകാശം ഇവിടെ തീക്ഷ്ണമാണു്. അഞ്ചു ഭടന്മാരും സാംസണും ഡെലീലിയയും അടങ്ങുന്ന പ്രകാശവും നിഴലും ഒത്തു ചേർന്നു കളിക്കുന്ന നാടകം. ഹോളിവുഡ് സിനിമ കോപ്പിയടിക്കാനായി ഇപ്പോഴും കൈയ്യിലെടുക്കുന്ന റഫറൻസ് ഗ്രന്ഥം. വെളിച്ചത്തിനു് അഭിമുഖമായി താഴെ കിടക്കുന്ന ദീർഘകായനും ബലിഷ്ഠനുമായ സാംസന്റെ ശരീരമാണു് പൂർണമായും കാണാവുന്നതു്. വെളിച്ചത്തിൽ അയാൾ പിടയുന്നതു കാണാം. വേദനകൊണ്ടു് അലറുന്നതു് കേൾക്കാം.
ഫ്രാങ്ക്ഫർട്ടിലെ സ്റ്റേഡൽ മ്യൂസിയത്തിന്റെ വെളിച്ചത്തിലാണു് ഇന്നു് അതു് കാണാനാവുക. മ്യൂസിയത്തിന്റെ നിസ്സംഗമായ വെളിച്ചത്തിൽ ഈ ചിത്രം കാണുമ്പോൾ ഉച്ചസ്ഥായിയിലുള്ള മനുഷ്യരോദനം മുറി മുഴുവൻ നിറയുന്നതായി തോന്നി. മ്യൂസിയത്തിന്റെ പരന്ന, ഏകതാനമായ വെളിച്ചത്തിലല്ലാതെ ഈ ചിത്രം കണ്ടാൽ എങ്ങനെയുണ്ടാവും എന്ന കൗതുകകരമായ ചോദ്യം അന്നു് മനസ്സിൽ നിറഞ്ഞു. റെംബ്രാൻഡ് ചിത്രങ്ങളിലാവിഷ്കരിച്ച ഇരുണ്ട നിഴലുകളും ചെറിയ വെള്ളച്ചാട്ടങ്ങൾ പോലെ ആകാശത്തേയ്ക്കും, മുറിയിലേക്കും, മുഖങ്ങളിലേക്കും സംക്രമിക്കുന്ന വെളിച്ചങ്ങളും ഗാലറിയിൽ സജ്ജീകരിച്ചാൽ എങ്ങനെയുണ്ടാവും? ആ ചിത്രത്തിന്റെ നാടകീയത ഇരട്ടിക്കും. ശബ്ദങ്ങൾ കൂടുതൽ ഉച്ചത്തിലാകും. പട്ടാളക്കാർ സാംസന്റെ കണ്ണുകൾ സന്തോഷകരമായി കുത്തിപ്പൊട്ടിച്ചതിനുശേഷം മ്യൂസിയത്തിലേയ്കു് ഇറങ്ങിവരും. അവർ മ്യൂസിയത്തിനുള്ളിൽ അകപ്പെട്ട കുതിരകളുടെ പുറത്തുകയറിയിരിക്കും. വിശേഷപ്പെട്ട ആയുധങ്ങളോടെ, താന്യ ബ്രൂഗേര യുടെ[1] ഇൻസ്റ്റലേഷനിൽ എന്നപോലെ കുതിരപ്പട്ടാളക്കാർ മ്യൂസിയത്തിൽ ചിത്രങ്ങളാസ്വദിക്കുന്ന മനുഷ്യരെ നിയന്ത്രിക്കാൻ തുടങ്ങും. പശ്ചാത്തലത്തിൽ സാംസന്റെ ദീന രോദനം മുഴങ്ങുന്നുണ്ടാവും.
ഇരുളും വെളിച്ചവും കൊണ്ടു് നിർമിച്ചിരിക്കുന്ന റെംബ്രാൻഡിന്റെ നാടകീയ രംഗങ്ങൾ ഹോളിവുഡിലെ തിരക്കഥകളിൽ വരുന്നതു് സെസിൽ ബി ഡെമിൽ എന്ന സംവിധായകന്റെ 1915-ൽ നിർമ്മിച്ച ദി വാറൻസ് ഓഫ് വെർജീനിയ (the warrence of virginia) എന്ന ചലച്ചിത്രത്തിൽ കൂടെയാണു്. കഥാപാത്രങ്ങളുടെ മുഖങ്ങളിൽ പകുതി വെളിച്ചവും മറുപകുതി ഇരുട്ടും. ഇതെന്തു സിനിമ, പകുതി സിനിമയോ? ഇതിൽ നിന്നു് പകുതി കാശുമാത്രമേ ലാഭം കിട്ടൂ എന്നു് നിർമ്മാതാവു് പേടിച്ചു. നിർമ്മാതാവിന്റെ ഭയത്തിൽ നിന്നു് സംവിധായകൻ രക്ഷപെട്ടതിങ്ങിനെയാണു്. അയാൾ പറഞ്ഞു. പകുതി സിനിമകൊണ്ടു് അല്പലാഭം മാത്രമേ ലഭിയ്ക്കൂ, ശരിതന്നെ… എന്നാൽ പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റെംബ്രാൻഡ് എന്ന ചിത്രകാരന്റെ ഒരു ചിത്രം കൊണ്ടു് ഇന്നു് താങ്കളുടെ മൊത്തം സിനിമകൾ വാങ്ങാം. ഞാൻ റെംബ്രാൻഡ് ലൈറ്റിംഗ് ആണുപയോഗിച്ചിരിക്കുന്നതു്. അയാൾ തുടർന്നു പറഞ്ഞു. വെളിച്ചം വഴിയാണു് ലാഭം വരുന്നതെങ്കിൽ അങ്ങിനെ എന്നു നിർമ്മാതാവിനും ബോധിച്ചു. അയാളുടെ മനസ്സിലെ ഇരുട്ടു് മാറി. അങ്ങിനെയാണു് ഒരൊറ്റ കീ ലൈറ്റും റിഫ്ലക്ടറും മാത്രമുപയോഗിച്ചു അന്നുവരെയില്ലാതിരുന്ന വെളിച്ചക്രമീകരണം സിനിമയിൽ നിലവിൽ വരുന്നതു്. അവരതിനെ ‘റെംബ്രാൻഡ് ലൈറ്റിംഗ്’ എന്നു് പേരിട്ടു വിളിച്ചു.
ഹോളിവുഡ് സിനിമ റെംബ്രാൻഡ് ലൈറ്റിംഗ് പ്രയോഗിച്ചു നാമാവശേഷമാക്കിയതിനുശേഷമാണു് പെയിന്റിങ്ങുകളിലൂടെ ഞാനതിലേക്കാകൃഷ്ടനാവുന്നതു്. വെളിച്ചം മനുഷ്യരൂപങ്ങളിലും വസ്തുക്കളിലും കയ്യാങ്കളി നടത്തുന്നതാണു് ആദ്യകാലത്തു സിനിമ. ശബ്ദം സിനിമയിൽ പ്രവേശിച്ചതോടെ അതു് മറ്റുപലതുമായി. ഇന്നു് സിനിമയിൽ ഒരു മനുഷ്യമുഖം സുന്ദരമാക്കാൻ അനേകായിരം ഇലക്ട്രിക്ക് ബൾബുകൾ പ്രയോഗിക്കേണ്ടിവരുന്നു. അസുന്ദരമായതെന്തും ഇരുട്ടിൽ തപ്പുന്നു.
ഹോളിവുഡ് സിനിമയിൽ ‘റെംബ്രാൻഡ് ലൈറ്റിങ്’ നടപ്പാക്കുന്നതു് വളരെ എളുപ്പമായിരുന്നെങ്കിൽ റെംബ്രാൻഡിന്റെ കലയിൽ അതങ്ങനെയല്ല. തെറ്റിദ്ധാരണകൾ കൊണ്ടാണു് ഹോളിവുഡ് സിനിമ ഇപ്പോഴും നിലനിൽക്കുന്നതു്. (നാസികൾ നടപ്പാക്കിയ വംശഹത്യകളെക്കുറിച്ചുള്ള തെറ്റായ ധാരണകളാണു് തട്ടുപൊളിപ്പൻ ഹോളിവുഡ് സിനിമയായ ‘ഷിൻഡ്ലേഴ്സ് ലിസ്റ്റ്’ എന്നു് ഗൊദാർദ്) റെംബ്രാൻഡ് തന്റെ പെയിന്റിങ്ങുകളിൽ അജ്ഞാതമായ ഉറവിടങ്ങളിൽനിന്നാണു് വെളിച്ചത്തെ കൊണ്ടുവരാറുണ്ടായിരുന്നതു്. ഹോളിവുഡിനു് അതു് ജ്ഞാതമായ ഇടങ്ങളിൽനിന്നു്. പലപ്പോഴും മൂന്നു കുരിശുകളിലെന്ന പോലെ ആകാശത്തു സ്ഥിതിചെയ്യുന്ന ദൈവത്തിന്റെ കൈകളിൽനിന്നു്.
യുഡൻബ്രീയിലെ റെംബ്രാന്റിന്റെ വസതിയിൽ അയാളുപയോഗിച്ചിരുന്ന പോലെയുള്ള എച്ചിങ് പ്രസ്സ് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടു്. വിചിത്രമായ ആരോഹണത്തിനായുള്ള കുരിശു പോലെയോ, ഹിറ്റ്ലറുടെ സ്വസ്തികപോലെയോ ഇരു വശത്തുമായി ഈരണ്ടു കാലുകളും, കൈകളുമുള്ള റെംബ്രാൻഡിന്റെ മെഷീൻ. കലാചരിത്രത്തിലെ ഏറ്റവും മികച്ച ചില ചിത്രങ്ങൾ പുറത്തുവന്നതു് കണ്ണുകളില്ലാത്ത ഈ വിചിത്രജന്തുവിന്റെ വായിൽകൂടിയായിരുന്നു. സല്ഫ്യൂറിക് ആസിഡിന്റെയും റെസിന്റെയും അച്ചടി മഷിയുടെയും മണമുള്ള വഴങ്ങാത്ത ഈ മൃഗത്തെ എനിക്കു് ആർട്സ്കൂളുകളിൽ പഠിക്കുന്നകാലത്തുതന്നെ പരിചയമുണ്ടായിരുന്നു. റെംബ്രാൻഡ് ചിത്രങ്ങൾ അച്ചടിക്കുവാനായി ഉപയോഗിച്ചിരുന്നതു് ചെമ്പുതകിടുകളായിരുന്നു. എനിയ്ക്കു പരിചയമുള്ളതു് വിലകുറഞ്ഞ ഈയപ്പലകകളും.
ഈയപ്പലകകളിലോ ചെമ്പുതകിടിലോ റെസിൻ ഉരുക്കിയുണ്ടാക്കിയ ലായനി പുരട്ടും അതിനു പുറത്തു കുറ്റിപെൻസിലിന്റെ ആകൃതിയിലുള്ള ലോഹമുനകൊണ്ടു് രേഖാചിത്രം വരയ്ക്കും. ചെമ്പുതകിടു് സല്ഫ്യൂറിക് ആസിഡിൽ മുക്കിയെടുക്കുമ്പോൾ റെസിൻ അകന്ന പ്രദേശങ്ങളിലൊക്കെ വരണ്ട നദിയുടെ വഴിച്ചാലുകൾ പോലെ രേഖാചിത്രം തെളിഞ്ഞുവരും.
ഈ ചാലുകളിൽ അച്ചടിമഷി പുരട്ടി എച്ചിങ് പ്രെസ്സിലൂടെ കടലാസ്സിൽ പ്രിന്റു ചെയ്യുന്ന ഈ ടെക്നിക് പുസ്തകങ്ങളൊക്കെ നിലവിൽ വരുന്നതിനും മുൻപുതന്നെ പ്രചാരത്തിലുണ്ടായിരുന്നു. താരതമ്യേന ലളിതമായ ഈ സാങ്കേതികത ഇന്നും കലയിൽ തുടരുന്നതു് റെംബ്രാൻഡ് ഈ സങ്കേതം ഉപയോഗിച്ചു എന്നതുകൊണ്ടു് മാത്രമായിരിക്കും.
സെയിന്റ് മാത്യുവിന്റെ ഗോസ്പലിൽ കാണുന്ന ക്രിസ്തുവിന്റെ മരണ ദൃശ്യവിവരണമാണു് ‘മൂന്നു് കുരിശുകൾ’ക്കു് ആധാരം. ഒരുപക്ഷേ, 1653-ൽ രചിച്ച ഈ ചിത്രം ലോകകലാചരിത്രത്തിലെ ഏറ്റവും സങ്കീർണവും മികച്ചതുമായ ഗ്രാഫിക് പ്രിന്റ് ആയിരിക്കാനാണു് സാധ്യത.
‘മൂന്നുകുരിശുകൾ’ പുസ്തകത്തിൽ അച്ചടിച്ചു വന്നതു് ഞാനാദ്യം കാണുന്നതു് ചിത്രകല പഠിക്കുവാനായി തിരുവന്തപുരത്തെ കോളജിൽ ചേരുന്നതിനും മുമ്പാണു്. (ഈ ചിത്രവും ഒരു കാരണമാണു് തിരുവന്തപുരത്തെ കലാപഠനത്തിനുശേഷം ബറോഡയിൽ ഉപരിപഠനത്തിനായി പ്രിന്റ് മേക്കിങ് പ്രധാന വിഷയമായി ഞാൻ തിരഞ്ഞെടുക്കുന്നതിൽ) ആദ്യ കാഴ്ചയ്ക്കു് നാൽപതു വർഷത്തിലേറെ പഴക്കമുണ്ടു്. പുസ്തകത്താളിൽ നിന്നും വെട്ടിയെടുത്തു വളരെക്കാലം ഞാനതു സൂക്ഷിച്ചിരുന്നു. വീണ്ടും വീണ്ടും അതെടുത്തു നോക്കുമായിരുന്നു. കോളേജിൽ വെച്ചു എച്ചിങ് പരിചയമായപ്പോൾ റഫറൻസ് കൂടുതലായി. ഏറ്റവും ലളിതമായ ടെക്നിക്കാണു് റെംബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നതു്. കോപ്പർ പ്ലേറ്റിൽ നേരിട്ടു് സൂചിമുന കൊണ്ടു് കോറിയാണു് ചിത്രം വരച്ചിരിക്കുന്നതു്. ആവശ്യമില്ലാത്ത ഭാഗങ്ങൾ പ്രിന്റെടുത്തു പരിശോധിച്ചതിനുശേഷം ബ്യുറിൻ ഉപയോഗിച്ചു നീക്കം ചെയ്യും. ബ്യുറിൻ കൊണ്ടു് വളരെനേരം ഉരച്ചാൽ മാത്രമേ രേഖകൾ മായുകയുള്ളു. നിരന്തരമായി കോപ്പർപ്ലേറ്റിൽ വരച്ചും മായ്ച്ചുമാണു് കുരിശാരോഹണം ഉണ്ടാവുന്നതു്. പതിനഞ്ചു് ഇഞ്ച് മാത്രം വലിപ്പമുള്ള ഈ ചിത്രത്തിൽ റെംബ്രാൻഡ് പലതവണ ഭേദഗതികൾ വരുത്തിയിട്ടുണ്ടു്. കോമ്പോസിഷനും കഥാപാത്രങ്ങളും പല പ്രാവശ്യം മാറ്റിവരയ്ക്കലിനു വിധേയമമായി. പത്തു വർഷത്തിലേറെ നീണ്ടു നിന്ന നിരന്തരമായ മാറ്റിവരയ്ക്കൽ പ്രക്രിയ! ഈ ചിത്രം പൂർത്തിയാക്കുവാൻ നിർധനനായിരുന്ന റെംബ്രാൻഡിനു തന്റെ പലചിത്രങ്ങളും കുറഞ്ഞ വിലയ്ക്കു വില്ക്കേണ്ടി വന്നിട്ടുണ്ടു്.
യേശുവിന്റെ ഗാഗുൽത്തായിലെ കുരിശുമരണത്തെ ആസ്പദമാക്കിയാണു് ‘മൂന്നു് കുരിശുകൾ’ വരച്ചിരിക്കുന്നതു്. ‘ഇരുട്ടിനെ പിളർന്നു് ഭൂമിയിൽ പതിച്ച തിളങ്ങുന്ന വെളിച്ചം’[2] ആസ്പദമാക്കിയെന്നും വേണമെങ്കിൽ പറയാം. ഈ അജ്ഞാതവെളിച്ചം ചിത്രത്തെ പലരീതിയിൽ പകുക്കുന്നു. കുരിശിൽ കിടക്കുന്ന യേശുവിനെ കേന്ദ്രീകരിച്ചാണു് വെളിച്ചം സഞ്ചരിക്കുന്നതു്. അതു് യേശുവിനെയും ഇരുവശത്തുമായുള്ള രണ്ടു കള്ളന്മാരെയും വേർതിരിക്കുന്നു. മോഹാലസ്യപ്പെടുന്ന മേരിയെയും മുട്ടുകുത്തിനില്ക്കുന്ന സൈനികത്തലവനെയും വെളിച്ചം അനാവൃതമാക്കുന്നു. കുരിശാരോഹണം കാണാനെത്തിയ ജനക്കൂട്ടവും കുതിരപ്പടയാളികളും ഓരോ പകർപ്പുകളിലും വന്നും പോയുമിരിക്കുന്നു. അവരെയെല്ലാം തുടച്ചുകളഞ്ഞു വേറെ പോസുകളിൽ റെംബ്രാൻഡ് വരച്ചു. അവസാനമെടുത്ത പ്രിന്റിൽ ജനക്കൂട്ടവും കുതിരപ്പടയാളികളും ഇരുട്ടിലാണു്. അവർ കുരിശാരോഹണത്തിന്റെ ഒരത്യാധുനിക സിനിമ കാണുകയാണു്.
പ്രകാശം വൃത്താകൃതിയിൽ സഞ്ചരിക്കുന്ന ഒരു ചിത്രമുണ്ടു് റെംബ്രാൻഡിന്റെതായി. വെളിച്ചത്തിന്റെ ധ്യാനം സാധ്യമാകുന്ന ചിത്രം. പ്രകാശത്തിന്റെ പ്രത്യേകതകൾ കൊണ്ടാവാം, നരച്ച താടിമീശകളും വിശാലമായ നെറ്റിത്തടങ്ങളുമുള്ള, ഗാഢമായ ആലോചനയിലിരിക്കുന്ന മനുഷ്യന്റെ സാന്നിധ്യം കൊണ്ടാവാം ഈ ചിത്രത്തിനു് ‘ധ്യാനിക്കുന്ന തത്വചിന്തകൻ’ എന്നുകൂടി പേരു വന്നതു്. ഫിലോസഫറുടെ സങ്കീർണമായ ചിന്തകൾപോലെ വെളിച്ചം തെളിഞ്ഞും മങ്ങിയും കത്തുന്ന കോണിപ്പടികൾ, ഒരു കൂറ്റൻ പെരുമ്പാമ്പിന്റെ അസ്ഥികൂടം മുകളിലേക്കു കയറിപ്പോകുന്നതുപോലെ തോന്നിക്കും. തത്വചിന്തകന്റെ ധ്യാനവിഷയമാണോ അഭൗമപ്രകാശത്തിൽ മുങ്ങിയ കോണിപ്പടികൾ? വെളിച്ചം മുകളിലേയ്ക്ക് പടി കയറുമ്പോൾ ചിന്തിയ്ക്കുന്നതാണോ ജനലിനരികിലിരിക്കുന്ന തത്വചിന്തകൻ?
വെളിച്ചം ഒരുപാടു് വാള ്യങ്ങളുള്ള പുസ്തകമെഴുതുകയാണു്.
പ്രകാശവൃത്തത്തിന്റെ വലതുഭാഗത്തു് ഒരു സ്ത്രീ രൂപമുണ്ടു്. അവൾ അടുപ്പിൽ തീപ്പൂട്ടുകയാണു്. ഫിലോസഫറിനു് എതിർദിശയിലേക്കാണു് അവളുടെ നില്പു്. ആ രൂപത്തിന്റെ മുകൾ ഭാഗത്തായി അടുക്കളയിൽ കാണാനാവുന്ന വസ്തുക്കൾ. അടുപ്പിൽനിന്നുള്ള തീ അവളുടെ മുഖത്തെയും അടുക്കളപ്പാത്രങ്ങളെയും അതിസാധാരണമായ ജീവിതത്തെയും പ്രകാശിപ്പിക്കുന്നു.
പാരീസിലെ ലൂവു് (louvre) മ്യൂസിയത്തിൽ ഞാനീചിത്രം കാണുമ്പോൾ മനസ്സിലേക്കു വന്നതു മറ്റൊരു ചിത്രം കൂടിയായിരുന്നു. ഫത്തേലാലും, ദാമ്ലേയും ചേർന്നു് 1936-ൽ സംവിധാനം ചെയ്ത അതി മനോഹരമായ മറാത്തി സിനിമ, ‘സന്ത് തുക്കാറാം’. തുക്കാറാമിനേയും അയാളിൽനിന്നു് വിപരീത ദിശയിലേക്കു തിരിഞ്ഞുനില്ക്കുന്ന ഭാര്യ ജിജയിയെയും (മിടുക്കിയായ അവൾക്കു് ആവളി എന്നും പേരുണ്ടു്) വെളിച്ചത്തിലൂടെ ഈ ചിത്രം ഒരുമിപ്പിക്കുന്നുണ്ടു്. തുക്കാറാമിന്റെ ‘അലൗകികത’യെ ആവളി വെല്ലുവിളിക്കുന്നു. ദൈവത്തിലേക്കും കവിതയിലേക്കും തിരിഞ്ഞിരിക്കുന്ന തുക്കാറാമിന്റെ മനസ്സിനെ ദാരിദ്ര്യവും ദുരിതവും നിറഞ്ഞ സാധാരണലോകത്തേയ്ക്കു് അവൾ തിരികെവിളിക്കുകയാണു്. ആകാശത്തു നില്ക്കുന്ന തുക്കാറാമിന്റെ മനസ്സിനെ ബാലൻസ് പഠിപ്പിക്കുന്നതു് ആവളിയാണു്. ചിത്രാവസാനത്തിൽ സ്വർഗത്തിലേക്കു് പോകുന്ന തുക്കയുടെ കൂടെച്ചേരുവാനുള്ള ക്ഷണം അവൾ നിരാകരിക്കുന്നുമുണ്ടു്. ആവളിയെയും, തുക്കാറാമിനെയും വെളിച്ചചരടുകൊണ്ടു് ചിത്രം ബന്ധിപ്പിക്കുന്നു.
വെളിച്ചം തത്വചിന്തകനെയും, സാധാരണക്കാരിയായ ഭാര്യയെയും, കറുത്തവനെയും, വെളുത്തവനെയും ലോകത്തിലെ സർവ്വചരാചരങ്ങളെയും ഒരുമിപ്പിക്കുന്നു. അതുകൊണ്ടുകൂടിയാവാം നാരായണഗുരു കാരമുക്കിൽ വെളിച്ചം (ദീപം) പ്രതിഷ്ഠിച്ചതു്.
വീണ്ടുമൊരവസരം കൊടുക്കാതിരുന്ന ഭൂപ്രദേശങ്ങളായിരുന്നു ലിയനാർഡോ യുടെയും റെംബ്രാൻഡിന്റെയുമൊക്കെ ചിത്രങ്ങൾ. അവർ നടന്നു തീർത്ത പ്രദേശങ്ങളിലേക്കു മടങ്ങിപ്പോകലുകളില്ല. ദീർഘങ്ങളായ ആ ഒറ്റ നടത്തങ്ങളിൽ പരാതികൾ പാടില്ല. ബ്രഷിന്റെ ഓരോ ചലനങ്ങളിലും അവർ സ്വന്തം ജീവിതം പണയം വെച്ചു. അതു കൊണ്ടാണു് സെസ്സാൻ പിന്നീടു് ‘each stroke I risk my life’ എന്നു് പറഞ്ഞതു്.
‘വെളിച്ചത്തിനു് എന്തൊരു വെളിച്ചം’ എന്നു പറയുന്നതു് വെളിച്ചത്തിന്റെ അപൂർവതയിലേ സാധ്യമാകുകയുള്ളൂ. ഇരുട്ടിൽ നില്ക്കുന്നവനേ വെളിച്ചത്തിന്റെ വിലയറിയുകയുള്ളു. മധ്യഭാഗം പൊട്ടി ചിതറിയ ‘കണ്ണാടിയുടെ വെളിച്ചം’ പോലുള്ള തണ്ണീരാണു് ചണ്ഡാലഭിക്ഷുകിയിലെ മാതംഗിയെ അന്ധകാരത്തിനപ്പുറത്തേയ്കു് നയിക്കുന്നതു്. അന്ധകാരത്തിന്റെ ഗുഹയിൽ നിന്നും പുറത്തുകടക്കാൻ മാർഗം ഒന്നേയുള്ളു. ഗുഹയിലേയ്കു് വെളിച്ചം കൊണ്ടുവരിക. ഇറ്റാലിയൻ നവോത്ഥാന കലയിൽ നിന്നുവീശിയ വെളിച്ചത്തരികളാണു് റെംബ്രാൻഡിൽ പൂർണ വെളിച്ചമായി നിന്നു കത്തുന്നതു്. പ്രബുദ്ധതയുടെ വെളിച്ചം.
പ്രപഞ്ചസൃഷ്ടിയിൽ ദൈവം വെളിച്ചമുണ്ടാക്കി എന്നു് പറയുന്നു. ആ വെളിച്ചം ഒരു മേശവിളക്കിലെ തിരിയെന്നതുപോലെ റെംബ്രാൻഡ് താഴ്ത്തുമ്പോൾ അയാൾ സൃഷ്ടിച്ച നാടകത്തിലെ അവസാനരംഗം പോലെ ലോകത്തിലെ സർവ്വചരാചരങ്ങളിലെയും വെളിച്ചം അണഞ്ഞുപോകുന്നു. തിരിയുയർത്തുമ്പോൾ മൂന്നു കുരിശുകളിലേക്കും, അന്ധനായികൊണ്ടിരിക്കുന്ന സാംസനിലേക്കും, ലോകം മുഴുവൻ അലഞ്ഞു, വടവൃക്ഷം പോലെ ചടച്ചുയർന്ന പിതാവിലേക്കു തിരിച്ചുവന്ന മുടിയനായ പുത്രന്റെ കീറിക്കരിഞ്ഞ ചെരിപ്പുകളിലേക്കും വെളിച്ചം സാവധാനം കടന്നുവരുന്നു. ഇതു മാത്രമായിരുന്നു റെംബ്രാൻഡിന്റെ ടെക്നിക്.
ഒരുപക്ഷേ, ഇതുതന്നെയായിരിക്കാം ദൈവത്തിന്റെയും പരമോന്നതമായ ടെക്നിക്!
ആലപ്പുഴ ജില്ലയിലെ കടലോരപ്രദേശത്തു ജനിച്ചു. തിരുവനന്തപുരം ഫൈൻ ആർട്ട് കോളജിൽ നിന്നും ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും കലാപരിശീലനം. ഇപ്പോൾ സമകാലീനകലയിൽ സാധ്യമാവുന്ന എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു് കലാപ്രവർത്തനം നടത്തുന്നു. കലാപ്രവർത്തനങ്ങൾക്കായി ഫിലിം എന്ന മാധ്യമം വിദഗ്ദമായി ഉപയോഗിച്ചതിനു് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നിന്നു് രണ്ടു തവണ ആദരം. ‘മാർക്സ് ആർകൈവ്’ എന്ന ഇൻസ്റ്റലേഷൻ രണ്ടാമത്തെ കൊച്ചി മുസരീസ് ബിയനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. 2015-ലെ വെനീസ് ബിയനാലെയിൽ ‘മാർക്സ് ആർകൈവ്’, ‘പീനൽ കോളനി’ എന്നീ ഇൻസ്റ്റലേഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ടു്. ‘ബയസ്ക്കോപ്’ എന്ന സിനിമക്കു് മൂന്നു് അന്തർദേശീയ പുരസ്കാരങ്ങൾ. ബയസ്ക്കോപ് അഞ്ചു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡും നേടിയിരുന്നു. ഡൽഹിയിലും കേരളത്തിലുമായി ജീവിക്കുന്നു.
ഫോട്ടോഗ്രാഫുകൾ: മധുസൂദനൻ.