ആഴത്തിലുള്ള ഉറച്ച രാഷ്ട്രീയബോദ്ധ്യം അനായാസം ജീവിതത്തിൽ പകർത്തിയ ഒരാളായിട്ടാണു് ഇളയച്ഛൻ എന്റെ മനസ്സിൽ നിറഞ്ഞുനില്ക്കുന്നത്. എന്റെ കുട്ടിക്കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ എഡിറ്റോറിയൽ വിഭാഗത്തിൽ ജോലിചെയ്യുകയായിരുന്നു. 1954-ൽ മയ്യഴി സ്വതന്ത്രമായതോടെ രാഷ്ട്രീയരംഗത്തുനിന്നും പിൻവാങ്ങി മുഴുസമയ പത്രപ്രവർത്തകനാവുകയായിരുന്നു. കാര്യസാദ്ധ്യരാഷ്ട്രീയപ്രവർത്തനത്തിന്റെ കുത്തൊഴുക്കിൽ സോഷ്യലിസ്റ്റ് രാഷ്ട്രീയംപോലും പതുക്കെപ്പതുക്കെ ദുർബ്ബലമായിക്കൊണ്ടിരുന്നപ്പോൾ രാഷ്ട്രീയപ്രവർത്തനം പൂർണ്ണമായും ഉപേക്ഷിച്ചു. പക്ഷെ, ഈ അടുത്തകാലത്തു് സംസാരിക്കുമ്പോൾ പറഞ്ഞു, “എനിക്ക് ഒരു രാഷ്ട്രീയ നിലപാടേ ഉണ്ടായിരുന്നുള്ളൂ. അതു് സോഷ്യലിസ്റ്റ് രാഷ്ട്രീയം മാത്രമാണു്.” പാർട്ടിസംഘടനയില്ലാതെ തന്നെ ആ രാഷ്ട്രീയനിലപാടിന്റെ വെളിച്ചവും ഊർജ്ജവും തന്റെ എല്ലാ പ്രവർത്തനത്തിലും ഇളയച്ചൻ പ്രകടമാക്കിയിരുന്നു. വിദ്യാർത്ഥിജീവിതകാലത്തു് ആരംഭിച്ചു കവിതാരചന രാഷ്ട്രീയത്തിന്റെയും പത്രപ്രവർത്തനത്തിന്റെയും വഴികളിൽ ഇടക്കാലത്തു് ദുർബ്ബലമായിപ്പോയെങ്കിലും ജോലിയിൽ നിന്നു് പിരിഞ്ഞതിനുശേഷം അതിന്റെ സമസ്തഭംഗികളും പ്രകടമാക്കിക്കൊണ്ടു് പുറത്തുവന്നു. ഫ്രഞ്ച് സാഹിത്യത്തിലെ കാല്പനികതാപൂർവ്വകാലം മുതൽ വർത്തമാനകാലം വരെയുള്ള കവികളുടെ രചനകൾ അനായാസം ഓർത്തുചൊല്ലുകയും മനോഹരവും ലളിതവുമായ മലയാളത്തിൽ അവ മൊഴിമാറ്റുകയും ചെയ്ത് സ്വയംപൂർണ്ണമായ ഒരു സൗന്ദര്യലോകം സൃഷ്ടിച്ചു് അതിൽ കഴിയുകയായിരുന്നു ഇളയച്ചൻ. വീട്ടിനു പുറത്തുപോകുന്നതു് വളരെ അപൂർവ്വം സന്ദർഭത്തിൽ മാത്രം. വീടിന്റെ അകത്തളത്തിനകത്തിരുന്നു് രാഷ്ട്രീയത്തിന്റെയും സാഹിത്യത്തിന്റെയും മാനവികദർശനത്തിന്റെയും വിസ്തൃതിയത്രയും തന്റെ എഴുത്തിലും സംസാരത്തിലുമായി ആവിഷ്കരിച്ചു. ഫ്രഞ്ച് മിലിട്ടറിപ്പോലീസിന്റെ നിറതോക്കുകൾക്കു മുന്നിൽ വിരിമാറുകാട്ടി “വെക്കുന്നെങ്കിൽ ആദ്യത്തെ വെടി ഈ മാറിലേക്ക് വെക്കൂ, തോക്കുകൾകൊണ്ടു് നിങ്ങൾക്ക് ഞങ്ങളെ ഭയപ്പെടുത്താനാകില്ല, ഇതു് ഇന്തോചൈനയല്ല, മഹാത്മാ ഗാന്ധിയുടെ ഭാരതമാണു് ” എന്നു് പറഞ്ഞു് നേരിട്ടു് ഒരു സോഷ്യലിസ്റ്റ് വിപ്ലപവകാരി ഇങ്ങനെ ഒതുങ്ങിയിരിക്കുന്നതു് എനിക്ക് ഒരു വിസ്മയമായിരുന്നു.
ചെറുപ്പത്തിലെ എന്റെ വായനയിൽ ഇളയച്ഛന്റെ ചില ലേഖനങ്ങൾ ഉൾപ്പെട്ടിരുന്നു. തന്റെ ലേഖനങ്ങളിൽ പ്രിയപ്പെട്ട ഒന്നു് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോയെന്നു് ഈയിടെ എന്നോടു് പറഞ്ഞു. എ. സി. എൻ. നമ്പ്യാർ എന്ന കമ്യൂണിസ്റ്റ് വിപ്ലവകാരിയെക്കുറിച്ചുള്ളതായിരുന്നു ആ ലേഖനം. വീട്ടിലെ പഴയ ഫയലുകൾക്കിടയിൽനിന്നും ഞാനതു് കണ്ടെടുത്തു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 1947 ഒക്ടോബർ 5 ലക്കത്തിലായിരുന്നു ആ ലേഖനം. കേസരി നായനാരുടെ മകനായ നാണു നമ്പ്യാർ ഇംഗ്ലണ്ടിലെത്തി കമ്യൂണിസ്റ്റ് വിപ്ലവകാരിയായി. അദ്ദേഹത്തിന്റെ നിലപാടുകൾ കാരണം ജർമ്മനി, ഫ്രാൻസ്, സ്വിറ്റസർലാന്റ് എന്നിങ്ങനെ പല രാജ്യങ്ങളിൽ മാറിമാറി കഴിയേണ്ടിവന്ന അദ്ദേഹം ആ ലേഖനം എഴുതുന്ന കാലത്തു് ജർമ്മൻ തടവിലായിരുന്നു. എ. സി. എൻ. നമ്പ്യാരുടെ ജീവിതവും രാഷ്ട്രീയവും പ്രതിപാദിച്ചതിനുശേഷം അദ്ദേഹത്തിന്റെ അപ്പോഴത്തെ അവസ്ഥയെന്തെന്നു് പറയുന്ന ലേഖനം ഉപസംഹരിക്കുന്നതു് അദ്ദേഹത്തെപ്പോലെയുഒളവരുടെ മോചനത്തിന് ഇന്ത്യാ ഗവണ്‍മെന്റ് മുൻകൈ എടുക്കണമെന്നു് പറഞ്ഞുകൊണ്ടാണു്. എ. സി. എൻ. നമ്പ്യാരെക്കുറിച്ചു് ആ ലേഖനത്തിനു മുമ്പും പിൻപും മലയാളത്തിൽ ചില പരാമർശങ്ങളല്ലാതെ ലേഖനങ്ങളൊന്നും ഉണ്ടായിട്ടില്ല.
ശാന്തിനികേതനിൽ ചിത്രകലാദ്ധ്യാപകനായിരുന്ന മലയാളിയായ വിശ്വപ്രശസ്ത ചിത്രകാരൻ കെ. ജി. സുബ്രഹ്മണ്യത്തിന്റെ കുട്ടിക്കാലം മയ്യഴിയിലായിരുന്നു. അദ്ദേഹത്തെക്കുറിച്ചു് ഒരു ഡോക്യുമെന്ററി ചിത്രം നിർമ്മിക്കുമ്പോൾ മയ്യഴിയിലും ഷൂട്ടിംഗ് നടന്നു. പുതുച്ചേരി സർക്കാരിന്റെ അതിഥിയായിരുന്നു അദ്ദേഹം. എന്താണു് അദ്ദേഹത്തിന്റെ കലയും ജീവിതവുമെന്നു് പരിചയപ്പെടുത്താൻ മലയാളകലാഗ്രാമത്തിലെ പ്രശാന്തു് ഒളവിലം കണ്ടെത്തിയതു് ഇളയച്ഛൻ മാതൃഭൂമി ആഴുപ്പതിപ്പിൽ അമ്പതുകളിൽ എഴുതിയ ഒരു ലേഖനമായിരുന്നു. കെ. ജി. സുബ്ബഹ്മണ്യത്തെക്കുറിച്ചു് അതിനു ശേഷം ഇക്കാലംവരെ അത്രത്തോളം വിശദമായ മറ്റൊരു ലേഖനം വന്നിരുന്നില്ല. വളരെ അപൂർവ്വമായി മാത്രം വീട്ടിനു പുറത്തിറങ്ങിയിരുന്ന ഇളയച്ഛൻ കെ. ജി. സുബ്രമണ്യത്തെ കാണാൻ മയ്യഴിയിലെത്തി. 1948-ൽ കലാപത്തിലുടെ സ്വതന്ത്രമാക്കിയ മയ്യഴിയുടെ ഭരണസമിതിയിലെ അംഗമെന്ന നിലയിൽ പ്രവർത്തിച്ച മൂപ്പൻ സായിവിന്റെ ബംഗ്ലാവിൽ അന്നു് വീണ്ടും കടന്നുചെന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ നാളുകൾ ചിലവഴിച്ച ആ വഴികളിലൂടെ തികഞ്ഞ നിസ്സംഗതയോടെയാണു് കടന്നുപോയതു് എന്നതു് എന്നെ അമ്പരപ്പിച്ചു.
പത്രപ്രവർത്തനത്തിന്റെ ഭാഗമായി ഒരു ലേഖകൻ നിർബ്ബന്ധമായും എഴുതേണ്ടതില്ലാത്തതാണു് ഞാൻ മുകളിൽ സൂചിപ്പിച്ച രണ്ടു് ലേഖനങ്ങളും. ഇവ മാത്രമല്ല എഴുതുന്ന ഓരോ വാക്കും ആലോചനയുടെയും സൗന്ദര്യത്തിന്റെയും വാഹകമാക്കുന്ന എഴുത്തുവിദ്യ സ്വയം ശീലിച്ചതാണു്. പത്രഭാഷ വികസിച്ചുവരുന്ന ഘട്ടത്തിൽ നിരവധി വാക്കുകൾ ഇളയച്ചൻ സംഭാവന ചെയ്തിട്ടുണ്ടു്. അതിലൊന്നാണു് നാമെല്ലാം നിരന്തരം ഉപയോഗിക്കുന്ന മുൻകൂർജാമ്യം. ആന്റിസിപ്പേറ്ററി ബെയ്ൽ എന്ന ആംഗലത്തിന് ഓദ്യോഗികമലയാളം ഉണ്ടാക്കാനിടയുള്ള വാക്കുകളുമായി ഇതിനെ താരതമ്യം ചെയ്തുനോക്കുക. സ്കൂൾ വിദ്യാഭ്യാസം നിർവ്വഹിച്ച ഫ്രഞ്ച് ഭാഷയ്ക്കു പുറമെ ഇംഗ്ലീഷിലും അതിമനോഹരമായി എഴുതിയിരുന്നു. സ്വാതന്ത്ര്യസമരകാലത്തു് തലശ്ശേരി കേന്ദ്രമായി പത്രപ്രവർത്തനം നടത്തുമ്പോൾ പ്രതിനിധികളില്ലാത്ത രണ്ടു് ഇംഗ്ലീഷ് പത്രങ്ങളുടെ ലേഖകനായി പ്രവർത്തിച്ചിരുന്നു. സംസ്കൃതഭാഷ കുട്ടിക്കാലത്തു് ഗുരുവിൽ നിന്നും അഭ്യസിച്ചിരുന്നു. രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായ പോണ്ടിച്ചേരി യാത്രകളുടെ ഫലമായി തമിഴ് ഭാഷയിലും പ്രാവീണ്യം നേടിയിരുന്നു. ഈ ഭാഷകളിലെ അതിവിപുലമായ സാഹിത്യസംസ്കാരത്തിന്റെ അടിസ്ഥാനത്തിലാണു് ഇളയച്ഛന്റെ കവിതാവിവർത്തനങ്ങൾ നടന്നിരുന്നത്. അവയെല്ലാം കാവ്യാസ്വാദനത്തിന്റെ അപൂർവ്വവും നൂതനവും അനിതരസാധാരണവുമായ വഴിയാണു് കാണിക്കുന്നത്.
സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും രാഷ്ട്രീയത്തിലും എനിക്കുള്ള താല്പര്യത്തിനു കാരണം ഇളയച്ഛൻ തന്നെയായിരിക്കാം. ദേശീയവാദിയായിരുന്നെങ്കിലും രാഷ്ട്രീയക്കാരെ അച്ഛനു് തീരെ ഇഷ്ടമായിരുന്നില്ല. കോളേജ് പഠനകാലത്തെ എന്റെ രാഷ്ട്രീയമായ സാഹസികതകൾ അറിയുകയും അംഗീകരിക്കുകയും ചെയ്തതു് ഇളയച്ഛനാണു്. കോളേജിൽ ജോലിയിൽ ചേർന്നതിനുശേഷം ഒരു ദിവസം സംസാരിക്കുമ്പോൾ പറഞ്ഞു. “നക്സലൈറ്റുകളോടു് എനിക്ക് രാഷ്ട്രീയമായി ഒരിക്കലും യോജിക്കാനാവില്ല. പക്ഷെ ഞാൻ അവരെ ഇഷ്ടപ്പെടുന്നു. കാരണം, അവർ വിപ്ലവകാരികളാണു്. കാര്യസാദ്ധ്യത്തിന്റെ രാഷ്ട്രീയക്കാരല്ല.” രാഷ്ട്രീയത്തിൽ തന്റെ എതിർപക്ഷത്തായിരുന്ന ഇ. എം. എസ്സിനെക്കുറിച്ചു് അതിമനോഹരമായ ഒരു ലേഖനം ഐ. വി. ദാസ് എഡിറ്റ് ചെയ്ത പുസ്തകത്തിനുവേണ്ടി ഇളയച്ഛൻ എഴുതിയിട്ടുണ്ടു്. പ്രതിപക്ഷബഹുമാനത്തിന്റെ സൗന്ദര്യം തെളിഞ്ഞുകാണാം, അതിൽ. കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി പിരിച്ചുവിട്ടു് ഇ. എം. എസ് കമ്മ്യൂണിസ്റ്റായപ്പോൾ എന്തുകൊണ്ടു് കമ്യൂണിസ്റ്റായില്ല എന്നൊരിക്കൽ ഞാൻ ചോദിച്ചിരുന്നു. ഉത്തരം ലളിതമായിരുന്നു. “വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യസംസ്കാരവും ഇല്ലാത്ത ഒരു രാഷ്ട്രീയം അംഗീകരിക്കാനാവില്ല.” വിയോജിക്കുമ്പോഴും മനസ്സിലാക്കാനും അംഗീകരിക്കാനും ആദരിക്കാനുമുള്ള സംസ്കാരം ഞാൻ ശീലിക്കുന്നതു് ഇളയച്ചനിൽ നിന്നുമാണു്.
ജനനം: 1921 സപ്തംബ്ബർ 20; മരണം: 2021 സപ്തംബർ 4; അച്ഛൻ: മംഗലാട്ട് ചന്തു; അമ്മ: കുഞ്ഞിപ്പുരയിൽ മാധവി.
സ്വദേശമായ മയ്യഴിയിലെ സെൻട്രൽ ഫ്രഞ്ച് സ്ക്കൂളിൽ ഫ്രഞ്ച് മാദ്ധ്യമത്തിൽ വിദ്യാഭ്യാസം. 1942-ൽ മാതൃഭൂമിയിൽ ലേഖകനായി ചേർന്നത് മുതൽ പത്രപ്രവർത്തനം തൊഴിലാക്കി. 1942-ലെ ക്വിറ്റിന്ത്യാ സമരത്തിൽ ചോമ്പാൽ റെയിൽ തീവെപ്പു കേസ്സിൽ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു ബ്രിട്ടീഷ് പോലീസിനെ ഏല്പിച്ച നിലയിൽ ചോമ്പാൽ എം. എസ്സ്. പി. ക്യാമ്പിൽ വെച്ചു, ആരോഗ്യം എന്നേയ്ക്കുമായി തകരുമാറ്, മർദ്ദനമുറകൾക്ക് വിധേയനാക്കപ്പെട്ടു.
1948 ഒക്ടോബർ 21-ന് മയ്യിൽ ഫ്രഞ്ച് ഭരണത്തെ താല്ക്കാലികമായി തകർത്ത ജനകീയവിപ്ലവത്തിൽ വിരോചിതമായ പങ്കുവഹിച്ചു. വിപ്ലവക്കേസ്സിൽ 20 കൊല്ലം തടവിനും ആയിരം ‘ഫ്രാൻ’ (Franc) പിഴയ്ക്കും ശിക്ഷിക്കപ്പെട്ടു. ഫ്രഞ്ച് ഗവർമെന്റ് എക്സ്ട്രാഡിഷൻ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും രാഷ്ട്രീയാഭയാർത്ഥിയായി വെളിയിൽ കഴിഞ്ഞു. 1954 ജൂലൈയിൽ മയ്യഴിയെ മോചനത്തിലേയ്ക്ക് നയിച്ച സമരത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു. 1948-ലെ വിപ്ലവ ഗവൺമെന്റിലും 1954-ലെ സ്വതന്ത്ര മയ്യഴി ഭരണസമിതിയിലും മെമ്പറായിരുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് പൊതുരംഗത്ത് പ്രവർത്തിച്ചത്.
ഒട്ടേറെ ഗദ്യലേഖനങ്ങളും സ്വന്തം കവിതകളും ഫ്രഞ്ച് കവിതാവിവർത്തനങ്ങളും 1942 മുതൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലും മറ്റുമായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ ഫ്രഞ്ച് പദങ്ങൾ, മലയാളത്തിലെ ബാലഭാഷ, വിക്തോർ ഹ്യൂഗോവും ബാലാമണിയമ്മയും എന്നിങ്ങനെ ചില മൗലികപഠനങ്ങൾ ഇവയിൽപെടും. എം. ആർ., ആർ. എം., തുടങ്ങിയ പേരുകളിലും സാമൂഹിക–രാഷ്ട്രീയ പ്രശ്നങ്ങളെ കുറിച്ച് മാതൃഭൂമിയിൽ തുടർച്ചയായി എഴുതിയിരുന്നു. 1945 മുതൽ തലശ്ശേരിയിൽ സ്റ്റാഫ് ലേഖകനായി. ഇതോടൊപ്പം ഇന്ത്യൻ എക്സ്പ്രസ്സിന്റെയും ലേഖകനായിരുന്നു. 1965-ൽ മാതൃഭൂമി പത്രാധിപസമിതി അംഗമായി. ചീഫ് സബ്ബ് എഡിറ്റായും കണ്ണൂർ ബ്യൂറോ ചീഫായും 1981-ൽ മാതൃഭൂമിയിൽ നിന്നു പിരിഞ്ഞു.
ഭാര്യ: കെ. വി. ശാന്ത; മക്കൾ: പ്രദീപ്, ദിലീപ്, രാജീവ്, ശ്രീലതാ പ്രേമരാജ്; മേൽവിലാസം: ‘ലതാനികേതൻ’, ചേറ്റംകുന്ന്, തലശ്ശേരി 670101.
4 സപ്തംബർ 2021