ആത്മഹത്യ എന്നതു മനുഷ്യലോകത്തിൽ മാത്രം കാണപ്പെടുന്ന ഒരു വിശേഷസംഭവമാകുന്നു. പെട്ടെന്നുണ്ടാകുന്ന മനോവികാരങ്ങളെ നിയമനം ചെയ്യുന്നതിനു മനസിനു പ്രകൃത്യാ ഉള്ള ശക്തി ഇല്ലാതാകുമ്പോളല്ലാതെ ആത്മഹത്യ സാധ്യപ്പെടുന്നതല്ല. പക്ഷിമൃഗാദികൾ ജീവിതയുദ്ധത്തെപ്പറ്റി യാതൊരു വിധത്തിലും ആലോചിക്കാത്തതുകൊണ്ടും അവയ്ക്കു് അതിനുള്ള ശക്തി ഇല്ലാത്തതിനാലും സ്വേച്ഛപോലെ ജീവിതസമ്പ്രദായങ്ങൾ തെരഞ്ഞെടുക്കുന്നതിന്നു അവയ്ക്കു തീരെ സാധിക്കുന്നില്ല. ഇഷ്ടപ്പെടുന്ന സംഗതികൾ തെരഞ്ഞെടുക്കുന്നതിന്നുള്ള ശക്തിയും തന്നിമിത്തം ആത്മഹത്യക്കുള്ള പ്രാപ്തിയും മാനുഷികബുദ്ധിയുടെ വളർച്ചയെ അനുസരിച്ചിരിക്കുന്നു. ഈ വളർച്ചക്കനുസാരമായാണു് മനുഷ്യലോകത്തിൽ മാത്രം കാണപ്പെടുന്ന സുബോധമില്ലായ്മയും (ചിത്തഭ്രമം) സംഭവിക്കുന്നതു്. ചിത്തഭ്രമവും ആത്മഹത്യയും തമ്മിൽ വളരെ ചേർച്ചയുണ്ടു്. മനഃശ്ശക്തിയെ അധികരിപ്പിക്കുന്നതായ ഒരുബുദ്ധിശക്തി മൃഗങ്ങൾക്കില്ലാത്തതുകൊണ്ടു് ആത്മഹത്യ മുതലായ വിശേഷസംഭവങ്ങൾ അവയുടെ ഇടയിൽ കാണപ്പെടുന്നില്ല.
ബുദ്ധിശക്തിയുടെ വളർച്ചയോടു കൂടിയാണു് ആത്മഹത്യ സാധ്യപ്പെടുന്നതു്. പരിഷ്ക്കാരം വർദ്ധിക്കുന്നതോടുകൂടി ആത്മഹത്യയുടെ സംഖ്യയും വർധിക്കുന്നു. ഏറ്റവും പരിഷ്ക്കാരം സിദ്ധിച്ചിട്ടുള്ള രാജ്യങ്ങളിലും സമുദായങ്ങളിലും ആകുന്നു ആത്മഹത്യ ധാരാളം കാണപ്പെടുന്നതു്. ആത്മഹത്യയെപ്പറ്റി എച്ച്. മോർസല്ലി (H. Moreselli) എന്ന പണ്ഡിതൻ എഴുതീട്ടുള്ള പുസ്തകത്തിൽ ചേർത്തു കാണുന്ന പരിശോധന കണക്കിൽ (statistics) നിന്നു് പത്തൊമ്പതാം നൂറ്റാണ്ടിൽ യുറോപ്പിലെ ഏതു രാജ്യത്തും ആത്മഹത്യക്കേസ്സുകളുടെ സംഖ്യ ക്രമമായി കൂടിവന്നിട്ടുണ്ടെന്നു കാണാം.
പരിഷ്കൃത രാജ്യങ്ങളിലാണു ഇതു അധികം ഉണ്ടാകുന്നതു് എന്നു മാത്രമല്ല അവിടെത്തന്നെയും ഈ കൃത്യം അധികം സംഭവിക്കുന്നതു് ഉയർന്നതരം വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ളവരുടെ സമുദായത്തിലാണു്. ‘മോർസല്ല’ ഇതിലേയ്ക്കും ശരിയായ തെളിവുകൾ ഹാജരാക്കിട്ടുണ്ടു്. എത്രയും പ്രാഥമികമായ വിധത്തിലാണു് ഒരു സമുദായം ജീവിക്കുന്നതു്, എത്രയും അപരിഷ്കൃതന്മാരാണു് ആ സമുദായത്തിലെ അംഗങ്ങൾ, അത്രയും കുറവായിട്ടേ ആ സമുദായത്തിൽ ആത്മഹത്യയും ഉണ്ടാകുന്നുള്ളൂ. സമുദായം അഭ്യുന്നതിയെ പ്രാപിയ്ക്കയും, സാമുദായികവാസം കൂടിക്കൂടി ബുദ്ധിമുട്ടുള്ളതായിവരികയും ചെയ്യുമ്പോൾ ആത്മഹത്യയുടെ സംഖ്യയും ക്രമേണ കൂടിക്കൂടി വരുന്നു. വിദ്യാഭ്യാസത്തിന്റെ ഒരു ദോഷമാണു് ഇതു് എന്നു് ആരും ശഠിയ്ക്കയില്ല. പ്രാഥമികവും തന്നിമിത്തം പ്രകൃത്യാനുസാരവും ആയ രീതിയിൽനിന്നു ജീവിതസമ്പ്രദായം വളരെ വ്യത്യാസപ്പെട്ടുവരികയും അകാലമായും അത്യധികമായുമുള്ള മാനസിക പരിശ്രമങ്ങൾ കൂടിക്കൂടി വരികയും അതിന്നനുസാരമായ കായികപരിശ്രമങ്ങൾ ഇല്ലാതിരിയ്ക്കുയും, അളവറ്റ ആഗ്രഹത്തോടും അപരിമിതമായ ഉത്സാഹത്തോടും കൂടി പണത്തിന്നും ബഹുമാനത്തിന്നും വേണ്ടി മനുഷ്യർ ചെയ്യുന്ന അസാമാന്യപരിശ്രമങ്ങൾ വർദ്ധിച്ചുവരികയും അതോടുകൂടി അപ്രതീക്ഷിതങ്ങളായ നാശങ്ങളും ഇച്ഛാഭംഗങ്ങളും സംഭവിക്കുമ്പോൾ അവയെ നിവാരണം ചെയ്കയോ നിയന്ത്രണം ചെയ്കയോ ചെയ്യുന്നതിനു് മനസ്സിന്നു ശക്തി ഇല്ലാതെ വരികയും, ചെയ്യുമ്പോൾ മനഃശ്ശക്തിയെ അധികരിച്ചു ബുദ്ധിശക്തിക്കു് ഭ്രമണമുണ്ടാകുന്നതിൽ എന്താണു് അത്ഭുതപ്പെടുവാനുള്ളതു്. ഈ ഘട്ടങ്ങളിൽ മനുഷ്യർ ആത്മഹത്യയിൽ ശരണം പ്രാപിക്കുന്നതു വളരെ പരിതാപകാരം തന്നെ എങ്കിലും അത്ഭുതജനകമാണെന്നു തോന്നുന്നില്ല. മേല്പറയപ്പെട്ട സംഗതികൾ പരിഷ്കൃതജനങ്ങളുടെ ബാഹ്യമൂല്യമുള്ള തലസ്ഥാന പട്ടണങ്ങളിൽ അധികം ശക്തിയോടെ കാണപ്പെടുന്നു; ആ സ്ഥലങ്ങളിൽ തന്നെ, ഈ സംഗതികൾ അധികം ബാധിക്കുന്ന കൂട്ടരുടെ ഇടയിൽ ആത്മഹത്യയും അധികരിച്ചു കാണുന്നു.
നീതിശാസ്ത്രക്കാരന്നു് ആത്മഹത്യയെപ്പറ്റി പറയാനുള്ളതു് എന്താണെന്നു് ഇനി ആലോചിച്ചു നോക്കാം. ഭയത്തോടുകൂടിയ ഒരു വെറുപ്പാണു് ‘മരണ’മെന്നു കേൾക്കുമ്പോൾ നമുക്കു് ആദ്യമായുണ്ടാകുന്ന സ്വാഭാവികവികാരം കല്പിച്ചുകൂട്ടി ഒരുത്തൻ മറ്റൊരുത്തനെ മൃതിപ്പെടുത്തി എന്നു കേൾക്കുമ്പോൾ നമുക്കു കലശലയായ ഭയവും അസഹനീയമായ വെറുപ്പും തോന്നുന്നു. ആത്മഹത്യ എന്നു കേൾക്കുമ്പോൾ തന്നെ അതു് അപ്രകൃതവും ഭയങ്കരവും ആയ ഒരു നീചകൃത്യമെന്നു ഉടനെ തോന്നുന്നു. ആത്മഹത്യ ചെയ്തവന്റെ മൃതശരീരം പള്ളിയ്ക്കകത്തുള്ള ശവപ്പറമ്പിൽ അടക്കം ചെയ്തുകൂടെന്നു വിധിച്ചിട്ടുള്ള കൃസ്ത്യാനികളുടെ നടപടിയും, തന്നെത്താൻ തുങ്ങിമരിച്ചവന്റെ പ്രേതത്തിന്നു മുക്തിയില്ലാതെ അതു് അന്യർക്കു ദ്രോഹം ചെയ്തുകൊണ്ടു് അലഞ്ഞുനടക്കുമെന്നു നമ്മുടെ ഇടയിലുള്ളവിശ്വാസവും, ആത്മഹത്യയെപ്പറ്റി നമുക്കു പൊതുവിൽ തോന്നിയിരിയ്ക്കുന്ന വെറുപ്പിന്നു മതിയായ ലക്ഷ്യങ്ങളാകുന്നു. പുരാതനയവനരുടെ ഇടയിലും ആത്മഹത്യ നികൃഷ്ടമെന്നു വിധിക്കപ്പെട്ടിരുന്നു. പ്രകൃതിനിയമങ്ങൾക്കു് അനാവശ്യമായി വിഘ്നം വരുത്തുന്നു എന്നുള്ള ന്യായത്തിന്മേൽ ആത്മഹത്യ ചെയ്തുവെന്നു ബഹുമാനപുരസ്സരം സാധാരണ ചെയ്യപ്പെടാറുള്ള ശവദാഹക്രിയ വിധിക്കപ്പെട്ടിരുന്നില്ല.
പക്ഷേ, ഈ വിഷയത്തിൽ തത്വജ്ഞാനികളുടെ മതം മുൻപ്രസ്താവിച്ചതിൽ നിന്നു പണ്ടുപണ്ടേ വിപരീതമായിട്ടാകുന്നു. യവനതത്വജ്ഞാനികളിൽ പല വർഗ്ഗക്കാരും ആത്മഹത്യയെ നീതികരിച്ചിട്ടുണ്ടു്. ശരിയായ വിലയും കൂലിയും ഇല്ലെന്നു തെളിയുകയോ, ദുഃസ്സഹമെന്നു തോന്നുകയോ ചെയ്താൽ ജീവിതഭാരം താഴെവെയ്ക്കുക എന്നതു മനുഷ്യർക്കു പ്രത്യേകമുള്ള ഒരു അവകാശവും അധികാരവും ആണെന്നാണു് ആ കൂട്ടരുടെ വാദം. രാജ്യഭരണവിഷയത്തിലും സാഹിത്യക്കളരിയിലും മാന്യസ്ഥാനം വഹിച്ചിരുന്ന പലതും ഈ അവകാശം ന്യായമെന്നു സമ്മതിച്ചു, ഹൃദയപുരസ്സരം അംഗീകരിച്ചു്, പുർണ്ണമനസ്സോടെ അപ്രകാരം പ്രവർത്തിച്ചിട്ടും ഉണ്ടു്. ഉല്പതിഷ്ണുക്കളായ ആധുനികതത്വജ്ഞാനികളുടേയും പോക്കു് ആകപ്പാടെ ഈ വഴിയ്ക്കു തന്നെ അല്ലയോ എന്നു സംശയിയ്ക്കുന്നു. ആത്മഹത്യയെപ്പറ്റി താൻ എഴുതിട്ടുള്ള പ്രബന്ധത്തിൽ ഹ്യൂം (Hume) എന്ന വിശ്വവിശ്രുതനായ പണ്ഡിതൻ അതു് എപ്പോഴെല്ലാം നീതികരിയ്ക്കപ്പെടാമെന്നു കാണിച്ചിട്ടുണ്ടു്. ‘മനുഷ്യജീവനെ യഥേഷ്ടം ഇല്ലായ്മചെയ്യുന്നതിന്നുള്ള അധികാരം ദൈവത്തിന്നു മാത്രമേ ഉള്ളു എന്നോ, ആത്മഹത്യചെയ്യുന്നതു ദൈവത്തിന്റെ അധികാര അതൃത്തികളെ അതിലംഘിയ്ക്കുന്നതാണെന്നോ, പറയുന്നതിൽ വല്ല വാസ്തവവുമുണ്ടെങ്കിൽ, തന്നെത്താൻ മൃതിപ്പെടുത്തുന്നതു മാത്രമല്ല, ആത്മരക്ഷയ്ക്കുചെയ്യുന്ന പരിശ്രമങ്ങളും കൂടി ദൈവേച്ഛയ്ക്കു വിരോധമായിട്ടുള്ളവയും, തന്നിമിത്തം ഇഹത്തിലും പരത്തിലും ഒരുപോലെ ശിക്ഷാർഹങ്ങളും ആയിരിയ്ക്കണം. തന്റെ തലയിൽ വീഴുവാൻ പോകുന്ന ഒരു മരത്തിന്റെ ചുവട്ടിൽ നിന്നു ജീവനിൽ കൊതിയൊടുകൂടി മാറിപോകുന്നതും രക്തനാഡികളിൽ കൂടി അശ്രാന്തം ഒഴുകിക്കൊണ്ടിരിയ്ക്കുന്ന രക്തത്തിൽനിന്നു അല്പം ഒരു കത്തികൊണ്ടു കുത്തി പുറത്തുകളയുന്നതുപോലെ തന്നെ ശിക്ഷാർഹമായിരിയ്ക്കേണ്ടതാകുന്നു?
അതുകൊണ്ടു്, ഹ്യൂം പറയുന്നതു് ആത്മഹത്യചെയ്യുന്നതു പാപകരമാണെങ്കിൽ ആത്മരക്ഷയ്ക്കു ശ്രമിയ്ക്കുന്നതും പാപമാണെന്നാണു്. പക്ഷേ, ആത്മരക്ഷയ്ക്കു ഒരുത്തൻ ശ്രമിയ്ക്കുന്നതു് അവനു സ്വാഭാവികമായും ആകസ്മികമായും ഉള്ള ഒരു മനോവികാരത്താലാണെന്നും, ആ വികാരം തന്നെ ഒരു പ്രകൃതിനിയമമായതുകൊണ്ടു് അതു പാപകരമായിക്കൂടാ എന്നും വാദിയ്ക്കാം. എന്നാൽ ആത്മഹത്യക്കാരനും അതിന്നു ശരിയായ ഉത്തരം പറയുവാനുണ്ടു്. തനിയ്ക്കു ഇപ്രകാരം ഒരു മനോവികാരം ഉണ്ടായിരുന്നു എങ്കിൽ കൂടി തീർച്ചയായും ഇപ്പോൾ ഇല്ലെന്നും, അതിനാൽ ആത്മരക്ഷയ്ക്കു പകരം ആത്മഹത്യയാകുന്നു തന്നിൽ സ്വാഭാവിക ശക്തിയായിത്തീർന്നിരിയ്ക്കുന്നതു് എന്നും, തന്നിമിത്തം തന്നത്താൻ മൃതിപ്പെടുത്തുന്നതു് തന്റെ കാര്യത്തിൽ ഏതുവിധവും പ്രകൃതിനിയമവിരുദ്ധമാകുവാൻ വഴിയില്ലെന്നും അവൻ പറയുന്നു. ആകയാൽ ആത്മഹത്യ ഒരിയ്ക്കലും ദൈവേച്ഛയ്ക്കു വിരോധമാകയില്ലെന്നാണു് ഹ്യൂം വാദിയ്ക്കുന്നതു്.
ആത്മഹത്യ പ്രായേണ സമുദായ സ്നേഹത്തിന്നും ആത്മസ്നേഹത്തിന്നു തന്നെയും വിരോധമല്ലെന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം. അന്യർക്കു യാതൊരുവിധത്തിലും യാതൊരു ഗുണവും ചെയ്യുന്നതിനു പ്രാപ്തനല്ലാത്തവനും, തന്റെ ജിവിതം അന്യർക്കു മാത്രമല്ല തനിയ്ക്കുതന്നെയും ഒരു വെറും ഭാരം മാത്രമായിത്തിർന്നീട്ടുള്ളവനും, ജീവിതസുഖങ്ങൾ ഒന്നും തനിയ്ക്കു് ഇനിമേലിൽ അനുഭാവ്യങ്ങളെല്ലന്നും നേരെമറിച്ചും ജീവിതയുദ്ധത്തിൽ മരണാവേദനയ്ക്കും പരാജയത്തിന്നും മാത്രമല്ലാതെ താൻ പാത്രവാനല്ലെന്നും അനുഭവത്താൽ തെളിയിച്ചിട്ടുള്ളവനും, തന്റെ മരണത്താൽ തനിയ്ക്കും തന്റെ സമുദായത്തിന്നും നന്മയല്ലാതെ അശേഷം ദോഷം ഉണ്ടാകുകയില്ലെന്നു തീർച്ചയുള്ളവനും ആയ ഒരു മനുഷ്യൻ ജീവിതയുദ്ധം ആത്മഹത്യകൊണ്ടു് അവസാനിപ്പിയ്ക്കുന്നുണ്ടെങ്കിൽ അതു് ഒരിയ്ക്കലും തെറ്റാകയില്ലെന്നു് അദ്ദേഹം വിവരമായി വിസ്മരിയ്ക്കുന്നു. നേരേമറിച്ചു്, അപ്രകാരമുള്ള ആത്മഹത്യ ഉചിതവും സമുദായത്തിന്നു ഗുണകരവും, സമുദായത്തിൽ ‘ഇത്തിക്കണ്ണി’കളായും വിഷബീജങ്ങളായും മാത്രം കഴിച്ചുകൂട്ടുന്ന ഇതരന്മാക്കു് അനുകരണീയമായ ഒരു മാതൃകയും ആകുന്നു. ഒരു മാതൃകാരാജ്യത്തേയും സമുദായത്തെയും വിവരിച്ചുംകൊണ്ടു സർ തോമാസ് മൂർ (Sir Thomas Moor) എഴുതിട്ടുള്ള ‘യുട്ടോപ്പിയാ’ (Utopia) എന്ന പുസ്തകത്തിൽ, മാറാത്തു് രോഗത്തിൽ കിടന്നുകഷ്ടപ്പെടുന്ന രോഗികളെ ആത്മഹത്യയ്ക്കു പ്രോത്സാഹിപ്പിയ്ക്കുന്നതു നല്ലതാണെന്നു പ്രസ്താവിച്ചിട്ടുണ്ടു്. ജീവിതഭാരം ദുഃസ്സഹമെന്നു തോന്നിയാൽ താഴെ വെച്ചൊഴിയുന്നതിനു് വിശേഷബുദ്ധിയും, ആലോചനയും ഉള്ള മനുഷ്യർക്കുകൂടി സമുദായനിയമപ്രകാരം സ്വാതന്ത്രമില്ലാത്തതു കഷ്ടമാണെന്നു കാർലൈൽ (Carlyle) ഒരിയ്ക്കൽ പ്രസ്താവിച്ചിട്ടുണ്ടു്.
ആത്മത്രാണനം ഒരിയ്ക്കലും മുടക്കപ്പെടുവാൻ വയ്യാത്ത ഒരു വിശിഷ്ടകൃത്യവും ആത്മഹത്യ എല്ലായ്പ്പോഴും പ്രകൃതിനിയമ വിരോധവും പാപവും ആണെന്നു പറയുവാൻ കാരണം കാണുന്നില്ല. 1756 മുതൽ 1768 വരെ യുറോപ്പു മുഴുവനുമുണ്ടായിരുന്ന സപ്തവർഷകലഹകാലത്തിൽ (Seven years war) ഒരു പ്രധാന ഭാഗക്കാരനും, പേർഷ്യാചക്രവർത്തിയും, ധീരനായ യോദ്ധാവും ആയിരുന്ന ഫഢറിക്ക് (Frederick The Great) എന്ന മഹാനുഭാവൻ ആ യുദ്ധകാലം മുഴുവനും, ആത്മഹത്യവേണ്ടിവന്നാൽ ചെയ്യന്നതിന്നുള്ള മുൻകരുതലോടുകൂടി ഒരു കുപ്പിയിൽ അല്പം വിഷം ഏതു സമയത്തും കൈവശം വെച്ചുകൊണ്ടിരുന്നു എന്നു കേട്ടിട്ടുണ്ടു്. താൻ എപ്പോഴെങ്കിലും ശത്രുപക്ഷക്കാരാൽ തടവുകാരനാക്കപ്പെട്ടാൽ തന്നെ വീണ്ടെടുക്കുന്നതിന്നു തന്റെ രാജ്യത്തിന്നു അതുവരെ ഉണ്ടായ സകലലാഭങ്ങളും വിട്ടുകൊടുക്കുന്നതിന്നു തന്റെ പ്രജകൾ മടിയ്ക്കില്ലെന്നും അപ്പോൾ അതുവരെ ചെയ്ത സകലപരിശ്രമങ്ങളും നിഷ്ഫലങ്ങളാകമെന്നും, ഭയന്നു്, ആ നഷ്ടംകൂടാതെ കഴിയ്ക്കുന്നതിലേയ്ക്കു തടവുകാരനാക്കപ്പെട്ട ഉടനെ ആത്മഹത്യചെയ്യുന്നതിന്നു ആ രാജകേസരി സർവ്വദാ സന്നദ്ധനായിരുന്നു തന്റെ രാജ്യത്തുനിന്നു നാടുകടത്തപ്പെട്ടവനും, അടുത്ത നാട്ടുകാരാൽ ഉപദ്രവിക്കപ്പെട്ടവനും ആയ ഒരു തെമിസ്റ്റോക്ലീസ് (Themistocles) എന്ന അധേന (Athens) രാജ്യത്തിലെ പൗരൻതന്നെ സൂക്ഷിച്ചുരക്ഷിച്ചു പേർഷ്യാചക്രവർത്തിയോടു പ്രവൃത്തിച്ചതു് എന്താണു്? പേർഷ്യക്കാർക്കു് അധേനാരാജ്യക്കാരോടു യുദ്ധം വേണമെന്നും അതിലേയ്ക്കു വേണ്ട സകല ഗുഢതത്വങ്ങളും അറിയിച്ചുകൊടുക്കണമെന്നും ചക്രവർത്തി അദ്ദേഹത്തോടു് ആവശ്യപ്പെട്ടപ്പോൾ, ഉപകാരസ്മരണയും സ്വരാജ്യസ്നേഹവും ഒരുപോലെ ഉണ്ടായിരുന്ന ആ ഉത്തമപൗരൻ വിഷാശനം കൊണ്ടു രണ്ടു പക്ഷക്കാരെയും മുഷിപ്പിക്കാതെയും തന്റെ മനഃസ്സാക്ഷിയെ കുലപ്പെടുത്താതെയും കഴിച്ചു. അദ്ദേഹത്തെ ഇക്കാര്യത്തിൽ ആരു കുറ്റം പറയും? അദ്ദേഹത്തിന്റെ ആത്മഹത്യ പാപകരമെന്നു് എങ്ങിനെ വിധിയ്ക്കും? ഇത്തരം സന്ദർഭങ്ങളില്ലാതെയും തന്റെ ജിവിതത്തിൽ തിനിയ്ക്കുതന്നെ വെറുപ്പും നിരാശയും തോന്നിയതുകൊണ്ടുമാത്രം ആത്മഹത്യചെയ്യുന്ന ഒരുവന്റെ നിവൃത്തിയും, തീരെ കുറ്റകരവും ഒരിയ്ക്കലും ക്ഷന്തവ്യമല്ലാത്തതും ആണെന്നു പറയുവാൻ എനിയ്ക്കു ധൈര്യമില്ല. എന്തോ തനിയ്ക്കു നേരിട്ട ചില തോൽമകളും, ഇച്ഛാഭംഗങ്ങളും, നഷ്ടങ്ങളും സഹിയ്ക്കുന്നതിന്നു പ്രാപ്തനല്ലാതെ, കേവലം ഒരു ഭീരുവിനെപ്പോലെ തന്റെ കുടുംബങ്ങളെ ദാരിദ്രത്തിലും അനാഥാവസ്ഥയിലും നിർദ്ദാക്ഷിണ്യം വിട്ടുകൊണ്ടു് ആത്മഹത്യചെയ്യുന്ന ഒരുവനെ നാം നിഷ്കാരുണ്യം കുറ്റപ്പെടുത്തണം. എന്നാൽ മാറാത്ത ചില രോഗങ്ങളാൽ വളരെ കഷ്ടപ്പെടുന്നവനും, താൻ തനിയ്ക്കും മറ്റുള്ളവർക്കും ഒരുപോലെ വെറും ഭാരം മാത്രമായിത്തീർന്നിട്ടുണ്ടെന്നും തന്റെ നാശം രണ്ടുകൂട്ടർക്കും ഒരുപോലെ ഗുണാഭിവൃദ്ധിയ്ക്കു കാരണമാകുമെന്നും പൂർണ്ണബോദ്ധ്യം വന്നിട്ടുള്ളവനും ആയ ഒരുവൻ ആത്മഹത്യചെയ്യുന്നതിന്നു മുതിർന്നാൽ ആ കേസ്സു വിചാരണ ചെയ്യുന്ന നിഷ്പക്ഷപാതിയായ ജഡ്ജി നിഷ്ക്കാരുണ്യം പ്രവൃത്തിയ്ക്കരുതു്. ക്ഷമയോടും ധീരതയോടും കൂടി കഷ്ടപ്പാടുകൾ സകലതും സഹിയ്ക്കുന്നവൻ വളരെ ബഹുമാനനീയൻ എന്നതു നിർവ്വിവാദം തന്നെ. സങ്കടത്തോടും അരിഷ്ടകളോടും മല്ലിടുന്ന ഒരു ധീരനേയും ധൈര്യവാനായ ഒരു യോദ്ധാവിനേയും നാം ഒരുപോലെ ബഹുമാനിക്കുന്നു എന്നാൽ നിശ്ചലമായ ധീരത കാണിക്കുന്നതു് ഒരുത്തന്റെ മുറയല്ല. അതില്ലാത്തവൻ കൃത്യനിർവ്വഹണത്തിൽ തൃഷ്ണതയില്ലാത്തവനുമല്ല. ധിരനായിരിയ്ക്കുന്നതു വളരെ വിശിഷ്ടവും വിശേഷവും തന്നെ. പക്ഷേ, ധീരനല്ലാതിരിയ്ക്കുന്നതു സാധാരണവും മാനുഷികവും ആകുന്നു. ഒരുത്തൻ ധീരതയോടും ക്ഷമയോടും കൂടി ഒരു ഭാരം വഹിക്കുന്നു. മറ്റൊരുത്തൻ എടയ്ക്കുവെച്ചു് അക്ഷമനായി വീഴുന്നു. ആദ്യത്തവനെ നാം അഭിനന്ദിയ്ക്കയും ബഹുമാനിയ്ക്കയും ചെയ്യുന്നു. പക്ഷേ, രണ്ടമത്തെവനെ നാം പുച്ഛിയ്ക്കയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല. ഒരുത്തൻ നമ്മുടെ ബഹുമാനത്തിന്നും മറ്റൊരുത്തൻ നമ്മുടെ സഹതാപത്തിന്നും പാത്രമാകുന്നു. ആത്മഹത്യ എങ്ങിനെ ആയാലും ആത്മഹത്യതന്നെ. അതുകൊണ്ടു അതു് എപ്പോഴും പാപംതന്നെ എന്നുപറയുന്നവരോടു കൂടി ഞാൻ യോജിക്കുന്നില്ല. കണ്ണടച്ചു അപ്രകാരം വിധിക്കുന്നതു് സൂക്ഷ്മാവലോകന വിദഗ്ദ്ധതയില്ലാത്തതുകൊണ്ടാണെന്നാണു് എന്റെ വിശ്വാസം.
ആത്മഹത്യ ഭീരുത്വത്തിന്റെ ഫലമാണെന്നു സാധാരണ പറഞ്ഞുവരുന്നുണ്ടു്. ഭീരുത്വത്താൽ ഉണ്ടായ ആത്മഹത്യക്കേസ്സുകളും ധാരാളം ഉണ്ടു്. ധീരതയോടുകൂടി തടസ്സങ്ങളോടുമല്ലിട്ടു ക്ഷമയോടുകൂടി ഫലപ്രാപ്തിയ്ക്കു കാത്തിരിയ്ക്കുന്നതിന്നു ശക്തിയില്ലാത്ത ഒരുവന്നു് എന്തെങ്കിലും ഒരു ദോഷം നേരിടുന്നു. അയാൾക്കു മുമ്പുണ്ടായിരുന്ന മനഃശ്ശക്തികൂടി ഇപ്പോൾ ഇല്ലാതാകുകയും ‘രണ്ടുമുഴം കയറ’ല്ലാതെ യാതൊരു മോചനമാർഗ്ഗവുമില്ലെന്നു എങ്ങിനേയൊ ഒരു വിശ്വാസം വരികയും ചെയ്യുന്നു; അവസാനം അയാൾ ആത്മഹത്യയിൽ ശരണം പ്രാപിയ്ക്കുന്നു. ധീരനും ക്ഷമാബലമുള്ളവനും ആയ മറ്റൊരുത്തൻ ഇതേ സന്ദർഭത്തിൽതന്നെ സകലപ്രതിബന്ധങ്ങളോടും പൊരുതിജയിയ്ക്കുകയും ഒരു പുതിയ ജീവിതം വളരെ ആശയോടും സമാധനത്തോടും കൂടിതുടങ്ങുകയും ചെയ്യുന്നു. തന്റെ പുള്ളികളുടെ പണം മുഴുവൻ അനാവശ്യമായി ചിലവുചെയ്തു പാപ്പരായി വെടിവെച്ചുമരിക്കുന്ന ഉണ്ടികക്കാരൻ ഭീരുവും അയാളുടെ കൃത്യം തീർച്ചയായും വളരെ നീചവും ആകുന്നു. എന്നാൽ ‘തെമിസ്റ്റോക്ലീസ്സി’നെ പോലെ അഗാധമായി ആലോചിച്ചു ആവശ്യമെന്നുറച്ചു മാനത്തെയും മനഃസ്സാക്ഷിയേയും രക്ഷിക്കുന്നതിന്നുവേണ്ടി ആത്മഹത്യ ചെയ്യുന്നുവനെ ഭീരുവെന്നു പറയുവാനും അയാളുടെ കൃത്യം നീചമെന്നു തീർച്ചപ്പെടുത്തുവാനും വളരെ സൂക്ഷിക്കണം. സങ്കടത്തിൽനിന്നും സന്താപത്തിൽനിന്നും വിമുക്തനാകുന്നതിന്നു് ആത്മഹത്യചെയ്യുന്നവന്റെ ഉദ്ദേശം അവനു സാധിക്കുന്നുണ്ടൊ എന്നുള്ള ചോദ്യത്തിന്നു് ഉത്തരം പറയുമ്പോൾ ആത്മാവു്, മരണാവസാനമുള്ള ഭാവി മുതലായ പലവിഷയങ്ങളെപറ്റിയും പ്രസ്ഥാപിക്കേണ്ടിവരുന്നതുകൊണ്ടും അതിലേക്കു തല്ക്കാലം ഒരുക്കമില്ലാത്തതിനാലും ആ ചോദ്യം ഇവിടെ എടുക്കുന്നില്ല.
കാര്യസ്ഥിതി ഇങ്ങനെ ഒക്കെ ആണെങ്കിലും ആത്മഹത്യ ചെയ്യുന്നതു് ഏറക്കുറെ തെറ്റുതന്നെയാണു്. സാധാരണ ഒരുവൻ ആത്മഹത്യ ചെയ്യുമ്പോൾ താൻ തന്നെ തന്റെ ജീവിതത്തെ കുറ്റപ്പെടുത്തുകയും മിക്കവാറും ദോഷസമ്പൂർണ്ണമെന്നു വിധിക്കുയും ചെയ്യുന്നു എന്നാണു് മനസ്സിലാക്കേണ്ടതു്. പരമ്പരയായി അനുസരിച്ചു പോകുന്ന സമുദായനിയമങ്ങളെ നിരാകരിയ്ക്കുന്നതിനു നിവൃത്തിയില്ലാതെ ഉടനടി ചാടിയും മറ്റും ആത്മഹത്യചെയ്യുന്ന കേസ്സുകൾ വേറേ ഒരു തരത്തിൽ തന്നെപെടുത്തണം. ഈ വക ആത്മഹത്യകൾ മിക്കതും മനസ്സില്ലാതെയും, നിവൃത്തിയില്ലാത്തതിനാലും, പരപ്രേരണയാലും മാത്രം ഉണ്ടാകുന്നതാണെന്നു ഞാൻ വിശ്വസിക്കുന്നു. അപ്പോൾ ഈ വക കേസ്സുകൾ ആത്മഹത്യക്കേസ്സുകൾക്കു പകരം കുലപാതകക്കേസ്സുകൾ ആയിത്തിരുകയും ചെയ്യുന്നു. പലപ്പോഴും ആത്മഹത്യ നീചമായ ഒരു ജീവിതത്തിന്റെ നീചമായ ഒരു അന്ത്യമാകുന്നു. ചിലപ്പോൾ അതു വിശിഷ്ടമായ ജീവിതത്തിന്റെ നീചമായ അന്ത്യമായുംവരാം അപൂർവ്വം ചിലപ്പോൾ ആത്മഹത്യ വിശിഷ്ടമായ ഒരു ജീവിതത്തിന്റെ വിശിഷ്ടമായ ഒരു അന്ത്യവും ആകാറുണ്ടു്. അധികഭാഗവും അതു് നീചമായ ഒരു ജിവന്റെ നീചമായ അവസാനം തന്നെ ആകുന്നു.
ആത്മഹത്യയുടെ ഒരു കണക്കെടുത്തു പരിശോധിയ്ക്കുന്നതായാൽ അതിനുള്ള കാരണങ്ങളെപറ്റിയും അല്പം ചിലതെല്ലം ധരിയ്ക്കുന്നതിന്നു സാധിയ്ക്കുന്നതാണു്. നൂറ്റിന്നുമുപ്പത്തഞ്ചുവീതം കേസ്സുകളിൽ ആത്മഹത്യക്കു കാരണം ചിത്തഭ്രമമാകുന്നു. അസഹ്യമായ ദേഹപീഢ, ജീവിതത്തിലുള്ള നിരാശ, മദ്യപാനം മുതലായ ദുശ്ശീലങ്ങൾ, കുടുംബവഴക്കിൽനിന്നും മറ്റും ഉണ്ടാകുന്ന മനോവേദ, അപമാനം, ശിക്ഷ മുതലായവയാണു് പിന്നീടു് ഗണനീയങ്ങളായി കാണപ്പെടുന്നതു് ‘കാമിനിമൂലം’ ഉണ്ടാകുന്ന വഴക്കുകൾ മൂന്നാമതായി വരുന്നു. സാധാരണയായി മനസ്സു്, ശരീരം, സമ്പത്തു്, സമുദായബന്ധം ഈവക സംഗതികളിൽ ഒന്നിൽ അധികം ഇനത്തിൽ പലപ്പോഴും എല്ലാറ്റിലും വെകല്യം വന്നിട്ടുള്ളവരാണു് ആത്മഹത്യ ചെയ്യുന്നതു്. മദ്യപാനം മുതലായ ദുശ്ശീലങ്ങൾ ആത്മഹത്യയെക്കാൾ അധികം കുലപാതകത്തിനാണു് കാരണമുണ്ടാക്കുന്നതെങ്കിലും മദ്യപാനികളായ മാതാപിതാക്കന്മാരിൽ കാണപ്പെടുന്ന നീചസ്വഭാവങ്ങൾ സന്താനങ്ങളിൽ കൂടി പകർന്നു കാണുന്നതു് സാധാരണയാകുന്നു. മദ്യപാനം ഒരു മനുഷ്യന്റെ മാനസികവും ദൈവീകവും ആയ ശക്തികളെ നശിപ്പിക്കുന്നു, അതു് തലച്ചോറിനെ അലങ്കോലപ്പെടുത്തുകയും ശരീരപീഢയും ജീവിതത്തോടു് ഒരു വെറുപ്പു് ഉണ്ടാക്കുകയും ചെയ്യുന്നു. അതു സമ്പത്തിനു ശത്രുവും ഭവനസുഖത്തിനു കോടാലിയും അടിപിടി, കുലപാതകം മുതലായ കേസ്സുകൾക്കു കാരണവും ആകുന്നു. അതു പലപ്പോഴും വ്യസനത്തിന്നും അപമാനത്തിന്നും ദേഹനാശത്തിന്നും വഴിയാക്കുന്നു. മദ്യപാനം സകലമനുഷ്യരും ഉപേക്ഷിയ്ക്കേണ്ടതാകുന്നു.
അധികം ആത്മഹത്യക്കേസ്സുകൾ ഉണ്ടാകുന്ന സമുദായത്തിന്നും, രാജ്യത്തിന്നും എന്തെങ്കിലും കാതലായ ഒരു തരക്കേടുണ്ടെന്നു തീർച്ചതന്നെ. എങ്കിലും ഈ ഒരു ഒറ്റസംഗതിമാത്രം അടിസ്ഥാനപ്പെടുത്തി രാജ്യങ്ങളേയും സമുദായങ്ങളെയും സാരങ്ങളും നിസ്സാരങ്ങളും ആയി തരംതിരിയ്ക്കുന്നതു് ഉചിതമായിരിയ്ക്കയില്ല.
ആത്മഹത്യ കുറ്റകരമായിക്കഴിച്ച ഒരു ജീവിതത്തിന്നു് തെളിവാകുന്നു, അതു് അനുകരണീയമായ തെളിവല്ലെന്നു തീർച്ച തന്നെ ആത്മഹത്യ ഒരു പുതിയ ജീവിതത്തിന്റെ തുടക്കമാകുന്നു. പക്ഷേ, ആ പുതിയ ജീവിതം തുടങ്ങുന്നതിന്നു നിവൃത്തിയില്ലാതെ താൻ മരിയ്ക്കുന്നു എന്നു് ആത്മഹത്യക്കാരൻ വെളിപ്പെടുത്തുന്നു എങ്കിലും, താൻ തന്നെ ബാഹ്യമായ പ്രേരണയില്ലാതെ മരിയ്ക്കുന്നതുകൊണ്ടു് തന്റെ ഭൂതത്തെ പറ്റി തനിയ്ക്കു തന്നെ വ്യസനവും പുച്ഛവും ഉണ്ടെന്നും, നിർവ്വാഹമുണ്ടായിരുന്നു എങ്കിൽ താൻ ജീവിച്ചിരുന്നു് ഒരു പുതിയ ജീവിതം തുടങ്ങുമായിരുന്നു എന്നും, അതിന്നു തീരെ അപ്രാപ്തനായതുകൊണ്ടുമാത്രം ഈ നീചകൃത്യം ചെയ്യുന്നു എന്നും, ഈ പ്രവൃത്തിയിൽ നിന്നു വിശദമാകുന്നുണ്ടു്. അയാളുടെ മനസ്സു തീരേ ഗുണശൂന്യമായിട്ടില്ലെന്നു തീർച്ചതന്നെ. അപ്രകാരമായിരുന്നെങ്കിൽ ഈ വ്യസനത്തിന്നും പശ്ചാത്താപത്തിന്നും എടയില്ലല്ലോ. തങ്ങളിൽ തന്നെ കാണപ്പെടുന്ന നാശകരങ്ങളായ നികൃഷ്ടവികാരങ്ങളെ നിഗ്രഹിയ്ക്കുന്നതിന്നു നിവൃത്തിയില്ലാത്തവരും, തങ്ങളുടെ ചുറ്റുമുള്ളവരിൽ കാണപ്പെടുന്ന അസന്തോഷകരങ്ങളായ സ്വഭാവചാപല്യങ്ങളോടു മല്ലിടുന്നതിന്നു് ശേഷിയില്ലാത്തവരും, അവയിൽ ഏതെങ്കിലും ഒന്നിൽപോലും വീണുപോകുന്നതു് ദോഷകരമാണെന്നു ബോധമുണ്ടെങ്കിലും ജീവനോടുകൂടി ഇരുന്നാൽ അപ്രകാരം വീഴാതിരിയ്ക്കേണ്ടന്നതിന്നു് അവശ്യം വേണ്ടുന്നതായ മനഃശ്ശക്തി ഇല്ലെന്നു അറിവുള്ളവരും ആയ സാധുക്കളാണു അധികവും ആത്മഹത്യ ചെയ്യുന്നതു്. തീരെ നികൃഷ്ടന്മാരും, കുടിലന്മാരും ദുശ്ശീലങ്ങൾക്കുമാത്രം പാത്രവാന്മാരും ഗുണാംശം തിരെ ഇല്ലാത്തവരും ആയ ദുഷ്ടന്മാർ ആത്മഹത്യ ചെയ്യുന്നതല്ല. അതുകൊണ്ടു് ആത്മഹത്യയാൽ ജീവിതഭാരം താഴെ വെയ്ക്കുന്ന സാധുക്കളോടുകൂടി നാം സഹതപിയ്ക്കുകയും അപ്രകാരമുള്ള സാധുത്വം ഇല്ലായ്മ ചെയ്യുന്നതിന്നു വേണ്ടി ശ്രമിയ്ക്കയും ആകുന്നു അവശ്യം ആവശ്യമായിട്ടുള്ളതു്.
കേരളത്തിലെ പ്രസിദ്ധമായ ഒരു പ്രസാധനാലയം ആണു് മംഗളോദയം. അപ്പൻതമ്പുരാനാണു് സ്ഥാപകൻ. പഴയതും പുതിയതുമായ നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി. അധ്യാത്മരാമായണം, കൃഷ്ണഗാഥ, കുഞ്ചൻ നമ്പ്യാരുടെ തുള്ളൽപ്പാട്ടുകൾ, നാടൻ പാട്ടുകൾ തുടങ്ങിയ മികച്ച ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയതു് വായനക്കാരെ ആകർഷിച്ചു.