അവൾ അവനെ സർവ്വകാര്യത്തിലും സംശയിയ്ക്ക പതിവാണു്. രാത്രി അല്പം താമസിച്ചു വന്നെങ്കിൽ സംശയമായി. വല്ല സ്നേഹിതന്മാരുടെയും വീട്ടിൽ രണ്ടുദിവസം അടുത്തടുത്തു പോയെങ്കിൽ സംശയിച്ചു. ചുരുക്കിപ്പറഞ്ഞാൽ അവന്നു് എങ്ങനേയും തിരിഞ്ഞുനോക്കിക്കൂടെന്നു പറഞ്ഞാൽ കഴിഞ്ഞല്ലൊ. വളരെ സൗന്ദര്യമുള്ള സ്ത്രീകളെ കല്യാണം കഴിച്ചാൽ ഇതാണു് ബുദ്ധിമുട്ടെന്നാണു് അവൻ സാധാരണ പറയാറു്. ഭർത്താക്കന്മാർ അവർക്കു ദാസന്മാരാണു്. എന്നാൽ ആ സാധുവിന്റെ കഥ വളരെ അസാധാരണമായിരുന്നു. ഭർത്താക്കന്മാർ ഭാര്യമാരെ സംശയിക്കുകയും അവരുടെ പ്രവൃത്തികളെ സൂക്ഷിയ്ക്കയും ചെയ്യുന്നുണ്ടെന്നാണു് സാധാരണയുള്ള ആക്ഷേപം. ഇതു നേരെ മറിച്ചായിരുന്നു. അതുകൊണ്ടു ഗോപാലമേനോനെ സ്നേഹിതന്മാർ പരിഹസിയ്ക്കുകയും പലരും അയാളോടു അനുതപിയ്ക്കയും ചെയ്തു. അവൾ സംശയിയ്ക്കുന്നതനുസരിച്ചു മേനോൻ കളവു പറവാൻ നിർബന്ധിതനായി. പലപ്പോഴും പല കളവുകളും കൂട്ടിക്കെട്ടി പറയേണ്ടതായി വന്നു. കളവു രണ്ടുവിധമുണ്ടെന്നാണു് മേനോന്റെ അഭിപ്രായം. അവയ്ക്കു് ഇംഗ്ലീഷുകാർ വെളുത്ത കളവെന്നും കറുത്ത കളവെന്നും പേർ വിളിച്ചിരിയ്ക്കുന്നു. ആർക്കും യാതൊരു വിധത്തിലും ദോഷം വരുത്താതെ പറയുന്ന കളവാണു് വെളുത്ത കളവു്. വെളുത്ത കളവു പറയാതെ ലോകം നടക്കില്ലെന്നും അയാൾ വിശ്വസിച്ചു. അനാവശ്യമായി സത്യം പറഞ്ഞുകൂടാത്ത സമയങ്ങളും അവസരങ്ങളും ഉണ്ടു്. മറ്റു യാതൊരാളെയും ഒരു വിധത്തിലും സംബന്ധിയ്ക്കാത്തതും തന്നെ മാത്രം സംബന്ധിയ്ക്കുന്നതുമായ സംഗതികളെ തുറന്നു പറയാത്തതുകൊണ്ടു ദോഷമില്ല. നമ്മളുടെ മനസ്സിലുള്ള കാര്യങ്ങളൊക്കെ അശേഷം മറച്ചുവെയ്ക്കാതെ പറയുന്നതായാൽ നാം അനേകം ശത്രുക്കളെ ഉണ്ടാക്കും. എന്നാൽ മേനോന്റെ ഭാര്യയുടെ അഭിപ്രായം അങ്ങിനെയല്ലായിരുന്നു. കളവൊക്കെ കളവുതന്നെയാണെന്നും സത്യം സത്യമാണെന്നും ആയിരുന്നു ജാനകി അമ്മയുടെ അഭിപ്രായം.
കല്യാണം കഴിച്ചാൽ പിന്നെ പുരുഷന്മാർ ആറുമണിയ്ക്കു വീട്ടിലടങ്ങണം, എന്നാണു് ജാനകി അമ്മയുടെ ന്യായം. പകൽ മുഴുവൻ പുരുഷന്മാർ പ്രവൃത്തിയ്ക്കായി വെളിയ്ക്കു പോകാം. സ്ത്രീകൾ ഗൃഹകാര്യം നോക്കി നടക്കും. സന്ധ്യകഴിഞ്ഞാൽ പിന്നെ രണ്ടുപേരും സാരസ്യസല്ലാപാദികളെക്കൊണ്ടു വിനോദിയ്ക്കേണ്ട കാലമായി. ഭാര്യ ഭർത്താവിന്റെ സഹവാസത്തിലല്ലാതെ രസിയ്ക്കുന്നതു ഭർത്താവിനു് ഇഷ്ടമാകുമോ? ഇല്ല. ഒരിയ്ക്കലുമില്ല. അതുപോലെ തന്നെ ഭർത്താവു, ഭാര്യയുടെ സഹവാസത്തിലല്ലാതെ രസിയ്ക്കുന്നതു ഭാര്യയ്ക്കും ഇഷ്ടമാകയില്ലെന്നു പറയുന്നതിൽ എന്താണു് തെറ്റു്. അതൊക്കെ വളരെ ശരിയാണെന്നും ന്യായമാണെന്നും മേനോൻ തലകുലുക്കി സമ്മതിയ്ക്കും. പുരുഷന്മാർ എന്തൊക്കെ കാര്യങ്ങളിൽ ഏർപ്പെടേണ്ടതുണ്ടായിരിയ്ക്കും?
ഒരുദിവസം മേനോൻ ആപ്പിസ്സു പിരിഞ്ഞു വരുന്നവഴിയ്ക്കു ചില സ്നേഹിതന്മാരെ കണ്ടു. തഞ്ചാവൂരിൽ നിന്നു് ഒരു ഭാഗവതർ വന്നിട്ടുണ്ടു്. ശ്രുതിപ്പെട്ട ഭാഗവതരാണു്. ടൗൺഹാളിൽ വെച്ചു് അഞ്ചരമണിയ്ക്കു പാട്ടുണ്ടു്. ആർക്കും വെറുതെ കേട്ടുപോകാം. സ്നേഹിതന്മാർ ക്ഷണിയ്ക്കയാൽ മോനോൻ അവരുടെ ഒന്നിച്ചു പോയി. രണ്ടു പാട്ടുകേട്ടു ക്ഷണത്തിൽ മടങ്ങാമെന്നു വിചാരിച്ചാണു് പോയതു്. അവിടെ ചെന്നപ്പോൾ പാട്ടുപാടുന്നതു രണ്ടു സ്ത്രീകളാണെന്നു കണ്ടു. പാട്ടു് അതിവിശേഷമായിരുന്നു. പാട്ടുകാരത്തികൾ സുന്ദരികളുമാണു്. സമയംപോയതറിയാത്തതിൽ പിന്നെ ആ സാധുവെ കുറ്റപ്പെടുത്താനുണ്ടൊ? വീട്ടിൽ മടങ്ങിയെത്താൻ എട്ടുമണിയായിപ്പോയിരുന്നു. ഭാര്യ മുഖവും വീർപ്പിച്ചിരിയ്ക്കുന്നു. ചെന്നുകയറിയ ഉടനെ തന്നെ മേനോൻ ഭാര്യയുടെ അടുക്കൽ പോയി.
- ജാനകി അമ്മ:
- എന്താ നിങ്ങൾ ഇത്ര താമസിച്ചതു്?
- മേനോൻ:
- എന്താണു് ചെയ്യുക. ഈ സായ്പ് പരിശോധനയ്ക്കുവന്നിരുന്നു. ഏഴര മണിയായിരുന്നു കച്ചേരി പിരിയാൻ.
- ജാന:
- നേരുതന്നെയാണിതു്?
- മേ:
- എന്താ ജാനകി, ഞാൻ നിന്നോടു വല്ലപ്പോഴും കളവു പറയാറുണ്ടൊ? നീ എന്നെ ഇങ്ങിനെ സംശയിയ്ക്കുന്നുവല്ലൊ?
എന്താ, ഞാൻ താമസിച്ചതുകൊണ്ടു കോപിയ്ക്കയാണു് ഇല്ലെ? നീ എന്തൊരു വിഡ്ഢിയാണു്? ഇന്നലെ സായ്പ് പരിശോധന നടത്തിയപ്പോൾ റിക്കാർഡിൽ കുറെ തെറ്റുകൾ കണ്ടിരുന്നു. ആ തെറ്റുകളൊക്കെ ഇന്നുതന്നെ ശരിപ്പെടുത്തി കൊടുക്കേണമെന്നു മുൻസീപ്പു പറഞ്ഞു. ഞങ്ങളൊക്കെ വിളക്കുംകത്തിച്ചു പണിയെടുക്കേണ്ടി വന്നു എന്നു പറഞ്ഞു.
ഇതു കേട്ടപ്പോൾ ജാനകി അമ്മ കിടന്ന ദിക്കിൽ നിന്നു ചാടി എഴുന്നേറ്റു ഇങ്ങിനെ പറഞ്ഞു:
‘നിങ്ങളെന്തിനാണു് ഇങ്ങിനെ വെള്ളംപകർന്നാൽ തോരാത്ത കളവു പറയുന്നു?’
- മേനോൻ:
- ഞാൻ നിന്നോടു വല്ല കളവും പറയാറുണ്ടോ?
- ജാനകി:
- നിങ്ങൾ ഇതുവരെ പറഞ്ഞ കളവുകളിൽ കല്ലുവെച്ച കളവാണിതു്.
- മേ:
- ജാനകി! നീയെന്താ പറഞ്ഞതു്.
- ജാ:
- ഞാൻ പറഞ്ഞതൊ? മറ്റൊന്നുമല്ല എട്ടുമണിയായിട്ടും നിങ്ങൾ വരാഞ്ഞപ്പോൾ ഞാൻ കിട്ടനെ കച്ചേരിയിൽ അയച്ചു. കച്ചേരി പൂട്ടിയിരിക്കുന്നു. വിളക്കുപോയിട്ടു് ഒരു തിരിപോലുമില്ല. എന്തിനാണു് നിങ്ങളീ കളവു പറയുന്നതു്? എന്നെ വഞ്ചിച്ചിട്ടു് എന്താണു് കാര്യം? സ്ത്രീകളെ വഞ്ചിയ്ക്കാൻ വളരെ സാമർത്ഥ്യം വേണമെന്നാണോ വിചാരിക്കുന്നതു്?
ജാനകി അമ്മ ഒടുവിലെ രണ്ടുമൂന്നു വാചകങ്ങൾ പറഞ്ഞതു മേനോൻ കേട്ടിരുന്നില്ല. അയാൾ ഒരു ഉപായം ആലോചിയ്ക്കുകയായിരുന്നു. ഭാര്യ പറഞ്ഞുകഴിഞ്ഞ ഉടനെ മേനോൻ, ‘കിട്ടനാണൊ നിന്നോടു പറഞ്ഞതു്? കിട്ടാ, കിട്ടാ’ കിട്ടൻ വന്നു. അവനോടു മേനോൻ,
‘നീ ഇന്നു് ഏഴുമണിയ്ക്കു സായ്പിന്റെ കച്ചേരിയിൽ പോയിരുന്നുവോ?’
- കിട്ടൻ:
- ഇല്ല;
- മേനോൻ:
- എന്താ ജാനകി, നീയല്ലെ പറഞ്ഞതു കിട്ടൻ കച്ചേരിയിൽ പോയിരുന്നുവെന്നു്?
- ജാനകി:
- കിട്ടാ നീയല്ലെ പറഞ്ഞതു് നീ കച്ചേരിയിൽ ചെന്നു നോക്കിയെന്നു്?
- കിട്ടൻ:
- ഞാൻ ഏമാനൻ പണി ചെയ്യുന്ന കച്ചേരിയിലാണു് പോയതു്. അവിടെ പോകാനല്ലെ അമ്മ പറഞ്ഞതു്?
- മേ:
- ഓ, അങ്ങിനെയൊ. ജഡ്ജിസായ്പ് തെറ്റു കണ്ടുപിടിച്ചാൽ അതു സ്വന്തം കച്ചേരിയിൽ നിന്നാണു് ചെയ്തു ശരിയാക്കാറു് അല്ലെ? നീ പോയ്ക്കൊ കിട്ടാ.
ജാനകി അമ്മ വിഡ്ഢിയായി. അന്നു പിന്നെ ഘനം നടിച്ചതും മുഖം വീർപ്പിച്ചതും മേനോനായിരുന്നു. ഇങ്ങിനെ പല സംഭവങ്ങളും ഉണ്ടായതിൽ മേനോന്റെ കളവുതന്നെ ജയം പ്രാപിച്ചു. ഒരു ദിവസം വൈകുന്നേരം മേനോൻ കച്ചേരി പിരിഞ്ഞു വരുമ്പോൾ ഒന്നിച്ചു ഒരു യൂറോപ്യൻ സ്ത്രീയും പുരുഷനും കൂടി ഉണ്ടായിരുന്നുവെന്നു കിട്ടൻ ചെന്നു പറഞ്ഞതു കേട്ടു ജാനകി അമ്മ കോപിച്ചു. അതു കച്ചേരിയിലെ ഹെഡുക്ലാർക്കും അയാളുടെ ഭാര്യയും ആയിരുന്നുവെന്നു മേനോൻ പറഞ്ഞപ്പോൾ തന്റെ ഭാര്യയുടെ കോപം ശമിച്ചു.
ഒന്നുരണ്ടു മാസം ഭാര്യയ്ക്കു സംശയിയ്ക്കാനും മേനോനു കളവു പറവാനും സംഗതിയില്ലാതെ കഴിഞ്ഞു. ഒരു ഞായറാഴ്ചയാണു്. ഒരുവൻ മേനോനെ കാണാൻ വീട്ടിൽ ചെന്നു. അദ്ദേഹത്തിന്നു് ഒരു എഴുത്തുണ്ടു്. മേനോൻ കളിയ്ക്കയാണു്. എഴുത്തു മേനോന്റെ കയ്യിൽ തന്നെ കൊടുക്കണം. മറ്റാരുടെ കയ്യിലും കൊടുക്കയില്ല. മേനോൻ വന്നു കത്തു വാങ്ങി വായിച്ചു, ചുരുട്ടി കയ്യിൽ പിടിച്ചു് അവനോടു പൊയ്ക്കൊൾവാൻ പറഞ്ഞു. സാധാരണ വല്ല കത്തും വന്നാൽ മേനോൻ അതു വായിച്ചു മേശപ്പുറത്തൊ മറ്റൊ ഇടുകയാണു് ചെയ്യാറു്. ഈ കത്തു രഹസ്യമായിക്കൊണ്ടു പോയി തന്റെ കുപ്പായക്കീശയിൽ സ്ഥാപിയ്ക്കുന്നതു് ഭാര്യ കണ്ടു സംശയമായി. മേനോൻ ഉണ്ണാനിരുന്ന തരത്തിൽ കത്തെടുത്തു വായിച്ചു. കത്തു് ഇതായിരുന്നു.
സ്നേഹിതരെ,
ഞാൻ ഇന്നലെ മിസ്റ്റർ ഡിക്രൂസ്സിന്റെ വീട്ടിൽ പോയി. ലില്ലിയെ അവിടെ കണ്ടു. തരക്കേടില്ല. ഞാൻ ഇന്നലെ രാത്രി തന്നെ ഒന്നിച്ചുകൂട്ടി. എന്റെ വീട്ടിലുണ്ടു്. അങ്ങട്ടു കൂട്ടാൻ പാടില്ലല്ലൊ എന്നു വിചാരിച്ചു് ഇവിടെ തന്നെ പാർപ്പിയ്ക്കുന്നു. നിങ്ങളുടെ ഭാര്യയുടെ സ്ഥിതി ആലോചിച്ചാണു് അങ്ങട്ടു കൂട്ടാത്തതു് എന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലൊ. ഇന്നെനിയ്ക്കു ഒരു ദിക്കിൽ പോകാനുണ്ടു്. രാത്രി ഏഴുമണിയ്ക്കു വന്നാൽ നിങ്ങൾക്കുതന്നെ കാണാം.
എന്നു സ്നേഹിതൻ
ഒപ്പു്
ജാനകി അമ്മയ്ക്കു് മനസ്സിലായില്ല. കത്തു വായിച്ച ഉടനെ ആ സ്ത്രീ തന്റെ മുറിയിൽ പോയി വാതിലടച്ചു കിടന്നു കരഞ്ഞു തുടങ്ങി. മേനോൻ ഊണു കഴിച്ചു ഭാര്യയെ വിളിച്ചു, എങ്ങും കാണാനില്ല. മുറി അടച്ചു കണ്ടപ്പോൾ വാതിലിന്നു മുട്ടി വിളിച്ചു, തുറക്കുന്നില്ല. ഇത്ര പെട്ടെന്നു ഇങ്ങിനെ വരാൻ സംഗതിയെന്താണെന്നു പലതും ആലോചിച്ചു നോക്കി. ഒരു കാരണവും കണ്ടില്ല. ഒടുവിൽ വളരെ ബുദ്ധിമുട്ടിച്ചപ്പോൾ ജാനകി അമ്മ വാതിൽ തുറന്നു. കരഞ്ഞു കരഞ്ഞു കണ്ണൊക്കെ ചുകന്നു വീങ്ങിയിരിക്കുന്നു. വിക്കിവിക്കി ഇങ്ങിനെ പറഞ്ഞു.
‘ഞാൻ എന്റെ വീട്ടിലേക്കു പോകയാണു്. നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ടെന്നായിരുന്നു ഞാൻ വിചാരിച്ചതു്. നിങ്ങൾ എന്നെയല്ല സ്നേഹിക്കുന്നതു്.’
- മേ:
- നിനക്കു് അങ്ങിനെ തോന്നാൻ സംഗതിയെന്താണു്?
- ജാന:
- നിങ്ങൾ അറിയാത്തവരെപ്പോലെ പറയുന്നവല്ലൊ. എനിക്കു് ഇപ്പോൾ പോകണം. നിങ്ങൾക്കു് കണ്ട യൂറോപ്യൻ സ്ത്രീകളോടല്ലെ സ്നേഹം. നിങ്ങൾ ഇനി ലില്ലിയെത്തന്നെ സംബന്ധം വെച്ചോളൂ. ഞാൻ പോണു.
‘നീ ആ കത്തു വായിച്ചു ഇല്ലേ? വിഡ്ഢി, ലില്ലി, ഒരു സ്ത്രീയല്ല ഒരു നായ്ക്കുട്ടിയാണു്. മുൻസീപ്പിനു് നല്ലൊരു നായ്ക്കുട്ടിയെ വേണമെന്നു പറഞ്ഞിരുന്നു. ഞാൻ ദാമോദരൻനായരോടു പറഞ്ഞേല്പിച്ചു. നിന്റെ ആങ്ങളയെ ഭ്രാന്തൻനായ കടിച്ചതു മുതൽ നിനക്കു നായ്ക്കളെ കണ്ടുകൂടെന്നും അതുകൊണ്ടു അതിനെ വീട്ടിൽ കൊണ്ടുവരരുതെന്നും ഞാൻ പറഞ്ഞിരുന്നു. അതാണു് ദാമോദരൻനായർ അങ്ങിനെ എഴുതിയതു്.’
ഇപ്പറഞ്ഞതൊക്കെ നേരായിരുന്നു. ഈ വിവരം പറയുമ്പോഴും പറഞ്ഞു കഴിഞ്ഞപ്പോഴും മേനോൻ നന്നെ ചിരിച്ചു. ജാനകി അമ്മ ഒരിയ്ക്കലും ഇതിലധികം വിഡ്ഢിയായിരുന്നില്ല. മേലാൽ തന്റെ ഭർത്താവിനെ ഒരു കാര്യത്തിലും സംശയിയ്ക്കയില്ലെന്നു ആ സ്ത്രീ ശപഥവും ചെയ്തു. അന്നുമുതൽ മേനോൻ സത്യമല്ലാതെ പറയാതെയും ആയി.
കേരളത്തിലെ പ്രസിദ്ധമായ ഒരു പ്രസാധനാലയം ആണു് മംഗളോദയം. അപ്പൻതമ്പുരാനാണു് സ്ഥാപകൻ. പഴയതും പുതിയതുമായ നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി. അധ്യാത്മരാമായണം, കൃഷ്ണഗാഥ, കുഞ്ചൻ നമ്പ്യാരുടെ തുള്ളൽപ്പാട്ടുകൾ, നാടൻ പാട്ടുകൾ തുടങ്ങിയ മികച്ച ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയതു് വായനക്കാരെ ആകർഷിച്ചു.
ചിത്രീകരണം: വി. പി. സുനിൽകുമാർ