അഞ്ചുവയസ്സു പ്രായമുണ്ടായിരുന്ന എന്റെ മകൾ മിനി എപ്പോഴും എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും. അവൾക്കു് അതുകൂടാതെ കഴികയില്ല. അവളുടെ ആയുസ്സിൽ ഒരിക്കലും ഒരു നിമിഷമെങ്കിലും മൗനം ദീക്ഷിച്ചിട്ടില്ലെന്നാണു് എന്റെ വിശ്വാസം. അവളുടെ അമ്മയ്ക്കു് അതു് അശേഷം ഇഷ്ടമായിരുന്നില്ല. അവർ അവളെ പലപ്പോഴും താക്കീതു ചെയ്യാറുണ്ടു്. പക്ഷേ, എനിക്കു് അതിന്നു മനസ്സു വന്നില്ല. മിനിയെ നിശ്ശബ്ദമായി കാണുന്നതു വളരെ അസാധരണമായിരുന്നതുകൊണ്ടു് അവൾ മിണ്ടാതിരിക്കുന്നതു കണ്ടാൽ എനിക്കു സഹിക്കില്ല. അതുകൊണ്ടു് ഞാൻ തന്നെ അവളോടു സംസാരിക്കുന്നതെല്ലാം വളരെ ചൊടിയോടു കൂടിയായിരുന്നു.
ഉദാഹരണമായി, ഞാൻ ഒരു ദിവസം എന്റെ മുറിക്കകത്തു തനിച്ചിരുന്നു. ഞാൻ അന്നു് എഴുതി വന്നിരുന്ന ഒരു നോവലിന്റെ പതിനേഴാമത്തെ അദ്ധ്യായം ബദ്ധപ്പെട്ടു് എഴുതിക്കൊണ്ടിരിക്കുമ്പോൾ മിനി ആരും കാണാതെ എന്റെ മുറിക്കകത്തു പ്രവേശിച്ചു് എന്റെ കയ്യു പിടിച്ചു എന്നോടു് ഇപ്രകാരം ചോദിച്ചു: ‘നമ്മുടെ പടികാവൽക്കാരനായ രാമദയാൽ ‘കാക്ക’ എന്നു പറയുന്നതിനു പകരം ‘കാക’ എന്നു പറയുന്നു. അയാൾക്കു് ഒന്നും അറിഞ്ഞുകൂടാ, ഉവ്വോ?’
ഈ വാക്കുകളുടെ ഉച്ചാരണത്തിൽ ഉള്ള വ്യത്യാസത്തെക്കുറിച്ചു ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കുവാൻ ആരംഭിച്ചപ്പോഴേയ്ക്കും അവൾ ബഹുധൃതിയായി മറ്റൊരു വിഷയത്തിലേയ്ക്കു ചാടി അതിനെക്കുറിച്ചു് സംസാരിക്കുവാൻ തുടങ്ങി. ‘ബോല പറയാ ആ ആകാശത്തിൽ മേഘങ്ങളുടെ ഇടയിൽ ഒരു ആനയുണ്ടെന്നു്. അതു അതിന്റെ തുമ്പിക്കയ്യിൽക്കൂടി വെള്ളം ഒഴിക്കുന്നതാണത്രെ മഴ. അതു ശരിയാണോ അച്ഛാ?’
ഈ ചോദ്യത്തിന്നു തക്കതായ ഒരു സമാധാനം പറയുവാൻ ഞാൻ ആലോചിക്കുന്നതിനിടയ്ക്കു് അവൾ വീണ്ടും മറ്റൊരു സംഗതിയെക്കുറിച്ചു് സംസാരിച്ചു തുടങ്ങി. ‘ആട്ടെ അച്ഛാ, അമ്മയും അച്ഛനും തമ്മിൽ എന്താ ചർച്ച?’ എന്നായിരുന്നു അവളുടെ പിന്നത്തെ ചോദ്യം.
‘എന്റെ പ്രിയപ്പെട്ട ചെറിയ സഹോദരി’ എന്നു ഞാൻ തന്നെത്താൻ അറിയാതെ പതുക്കെ പറഞ്ഞു എങ്കിലും, ഗൗരവം നടിച്ചു് ഒരു വിധത്തിൽ ‘മിനി, നീ പോയി ബോലയോടുകൂടി കളിച്ചോളു, എനിക്കു ജോലിത്തിരക്കുണ്ടു്’ എന്നു പറഞ്ഞു് അവളെ അകലെ മാറ്റിനിർത്തി.
എന്റെ മുറിയുടെ ജനവാതിൽ വെട്ടുവഴിക്കു നേരെ ആയിരുന്നു. കുട്ടി എന്റെ മേശയ്ക്കടുത്തു ചുവട്ടിൽ എന്റെ കാലിന്നു സമീപം ഇരുന്നു. അവൾ അവളുടെ മുട്ടിന്മേൽ താളം പിടിച്ചുകൊണ്ടു് അവിടെ ഇരുന്നു മന്ദമായി കളിച്ചിരുന്നു. ഞാൻ ബഹുജാഗ്രതയായി നോവലിന്റെ പതിനേഴാമത്തെ അദ്ധ്യായം എഴുതിക്കൊണ്ടിരുന്നു. കുശനിലെ നായകൻ ‘പ്രതാപസിംഹൻ’ നായികയായ ‘കാഞ്ചനലത’യെ വാരി എടുത്തു രണ്ടുപേരും കൂടി കൊട്ടാരത്തിന്റെ മൂന്നാമത്തെ നിലയിൽനിന്നു ജനവാതിലിൽക്കൂടി പുറത്തു ചാടുവാൻ നിൽക്കുന്ന ആ ഘട്ടമാണു് ഞാൻ എഴുതിയിരുന്നതു്. പെട്ടെന്നു മിനി അവളുടെ കളി നിർത്തി എഴുന്നേറ്റു് ഓടി ജനാലക്കരികിൽ എത്തി, ‘കബൂലിവാലേ, കബൂലിവാലേ’ എന്നു പറഞ്ഞു പേടിച്ചു കരയുവാൻ തുടങ്ങി. പുറത്തു ചുവട്ടിൽ വഴിയിൽക്കൂടി ഒരു കബൂലിവാല പതുക്കെ അയാളുടെ വഴിക്കു പോകുന്നുണ്ടായിരുന്നു. പൊടി പിരണ്ടു നന്നെ അഴഞ്ഞ ഒരു ഉടുപ്പും— അയാളുടെ രാജ്യക്കാർ സാധാരണ ധരിക്കുന്ന തരത്തിലുള്ള ഒരു ഉടുപ്പു്—വളരെ വലിയതായ ഒരു തലപ്പാവും അയാൾ ധരിച്ചിരുന്നു. അയാളുടെ തോളിൽ ഒരു മാറാപ്പും, കയ്യിൽ ഒരു പെട്ടിയിൽ കുറെ മുന്തിരിങ്ങയും ഉണ്ടായിരുന്നു.
അയാളെ കണ്ടപ്പോൾ എന്റെ മകൾക്കുണ്ടായ വികാരങ്ങൾ എന്തെല്ലാമായിരുന്നു എന്നു പറയുവാൻ എന്നാൽ സാധിക്കയില്ല. അവൾ അയാളെ, എന്തായാലും, ഉറക്കെ വിളിക്കുവാൻ തുടങ്ങി. അയാൾ വിളി കേട്ടു് അകത്തു കേറി വരുമെന്നും എന്റെ നോവലിന്റെ പതിനേഴാമത്തെ അദ്ധ്യായം പുർത്തിയാക്കുവാൻ സാധിക്കാതെ വരുമെന്നും ഞാൻ ഭയപ്പെട്ടു. ആ സമയത്തുതന്നെ ആ ലാടൻ തിരിഞ്ഞു നിന്നു മേല്പോട്ടു എന്റെ കുട്ടിയുടെ നേർക്കു നോക്കി. അയാൾ തന്റെ നേർക്കു തുറിച്ചു നോക്കുന്നതു കണ്ടപ്പോൾ കുട്ടി വളരെ ഭയപ്പെട്ടു അമ്മയുടെ അടുക്കൽ ചെന്നു രക്ഷ പ്രാപിക്കുന്നതിന്നു പരിഭ്രമിച്ചു ഓടിപ്പോയി. അയാളുടെ തോളിൽ ഉണ്ടായിരുന്ന വലിയ മാറാപ്പിൽ അവളെപ്പോലെ ഉള്ള രണ്ടോ മൂന്നോ ചെറിയ കുട്ടികളെ പിടിച്ചു കെട്ടിവച്ചിട്ടുണ്ടെന്നായിരുന്നു അവളുടെ വിശ്വാസം. ഇതിന്നിടയ്ക്കു കബൂലിവാല എന്റെ പടിക്കകത്തു കടന്നു ചിരിച്ചുംകൊണ്ടു് എന്നെ അഭിവാദ്യം ചെയ്തു.
എന്റെ നോവലിലെ നായകനെ വല്ലാത്ത ഒരു അപകടസ്ഥിതിയിൽ ആയിരുന്നു ഞാൻ കൊണ്ടുനിർത്തിയിരുന്നതെങ്കിലും, ആ ലാടനെ കുട്ടി വിളിച്ചുവരുത്തിയതുകൊണ്ടു് അയാളോടു വല്ല സാമാനവും വാങ്ങിക്കളയാമെന്നാണു് എനിക്കു ആദ്യം തോന്നിയതു്. അതുപ്രകാരം ഞാൻ അയാളോടു ചില ചില്ലറ സാമാനങ്ങൾ വാങ്ങി, കാബൂൾ രാജ്യകാര്യങ്ങളെയും ഇംഗ്ലീഷുഗവർമ്മേണ്ടും റഷ്യാഗവർമ്മേണ്ടും ഇന്ത്യയുടെ വടക്കുപടിഞ്ഞാറെ അതിർത്തിസ്ഥലങ്ങളിൽ അനുസരിച്ചുവരുന്ന നയത്തെയും കുറിച്ചു് ഓരോന്നു സംസാരിച്ചുംകൊണ്ടിരുന്നു.
എല്ലാം കഴിഞ്ഞു വിട്ടുപിരിയാറായപ്പോൾ അയാൾ എന്നോടു ‘ആട്ടെ, ആ ചെറിയ കുട്ടി എവിടെ, സാർ’ എന്നു ചോദിച്ചു. മിനിയുടെ പേടി തീർക്കേണ്ടതു് ആവശ്യമാണെന്നു എനിക്കു തോന്നുകയാൽ ഞാൻ അവളെ പുറത്തു കൊണ്ടുവരുവിച്ചു.
അവൾ ഭയന്നു് എന്റെ കസേരയുടെ അടുക്കൽ ആ ലാടനെയും അവന്റെ ഭാണ്ഡത്തേയും സൂക്ഷിച്ചു നോക്കിക്കൊണ്ടു നിന്നതേയുള്ളു. അയാൾ കുട്ടിക്കു അണ്ടിപ്പരിപ്പും കാരക്കായയും നീട്ടി കാണിച്ചു. എങ്കിലും അതുകൊണ്ടു അവളുടെ സംശയവും ഭയവും പൂർവ്വാധികം വർദ്ധിച്ചു. അവൾ എന്റെ അടുക്കൽ അധികം ചേർന്നു നിന്നതേയുള്ളു.
മിനിയും ആ ‘കബൂലിവാലയും’ തമ്മിലുണ്ടായ ആദ്യത്തെ കൂടിക്കാഴ്ച ഇങ്ങിനെ കഴിഞ്ഞു.
കുറച്ചു ദിവസങ്ങൾക്കുശേഷം ഒരിക്കൽ ഞാൻ എന്റെ വീട്ടിൽനിന്നു പുറത്തേയ്ക്കിറങ്ങുമ്പോൾ വതിലിനടുത്തു് മിനി തനിച്ചിരുന്നു് അവളുടെ കാല്ക്കൽ നിലത്തിരിക്കുന്ന ആ വലിയ കബൂലിവാലയോടു പലതും രസമായി സംസാരിക്കുന്നതും ഇടയ്ക്കു ചിരിക്കുന്നതും കണ്ടു ഞാൻ സ്തംഭിച്ചുനിന്നുപോയി. ആ കുട്ടിയുടെ ഓരോ വാക്കുകളും അയാൾ അത്യന്തം ശ്രദ്ധയോടും ക്ഷമയോടും കൂടി കേൾക്കുന്നുണ്ടായിരുന്നു. അവളുടെ അച്ഛനെ കൂടാതെ ഇത്ര നല്ല ഒരു ശ്രോതാവിനെ അവൾ അവളുടെ ജീവകാലത്തു ഒരിക്കലെങ്കിലും കണ്ടിട്ടില്ല. അവളുടെ സാരിയുടെ മടിക്കുത്തിൽ നിറച്ചു് അവളുടെ അതിഥി സമ്മാനിച്ചതായ അണ്ടിപ്പരിപ്പും കാരക്കായയും ഉണ്ടായിരുന്നു. ‘എന്തിനാണു് അതെല്ലാം അവൾക്കു കൊടുത്തതു്’ എന്നു ഞാൻ അയാളോടു ചോദിക്കുകയും കുപ്പായക്കീശയിൽനിന്നു ഒരു എട്ടണനാണ്യം എടുത്തു അയാൾക്കു കൊടുക്കുകയും ചെയ്തു. അയാൾ യാതൊരു ഭാവഭേദവും കൂടാതെ അതു സ്വീകരിച്ചു.
കഷ്ടിച്ചു്, ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു ഞാൻ വീട്ടിൽ മടങ്ങി എത്തിയപ്പോൾ, ആ എട്ടണ അതിന്റെ ഇരട്ടി വിലയ്ക്കുള്ള ലഹള ഉണ്ടാക്കിയിരിക്കുന്നതായി എനിക്കു് അനുഭവപ്പെട്ടു. ആ ലാടൻ ആ എട്ടണയും മിനിക്കുതന്നെ സമ്മാനിച്ചു. മിനിയുടെ അമ്മ അവളുടെ കയ്യിൽ അതു കണ്ടെത്തി ‘നിനക്കു് ആ എട്ടണ എവിടെനിന്നു കിട്ടി’ എന്നു ദ്വേഷ്യപ്പെട്ടു ചോദിച്ചു.
‘എനിക്കു ആ കബൂലിവാല തന്നതാണു്’ എന്നു മിനി സന്തോഷത്തോടുകൂടി മറുപടി പറഞ്ഞു.
‘കബൂലിവാലയോ!’ എന്നു് അമ്മ കോപവും അത്ഭുതവും സഹിക്കവയ്യാതെ വീണ്ടും ചോദിച്ചു, ‘എന്റെ മിനി, നീ അതു് അയാളോടു എന്തിനു വാങ്ങി?’
ഇത്ര ആയപ്പോഴേയ്ക്കും ഞാൻ കേറിച്ചെന്നു. അതു കാരണം പിന്നീടുണ്ടായേക്കാമായിരുന്ന അപകടത്തിൽനിന്നു എന്റെ മകൾക്കു രക്ഷ കിട്ടി. ഞാൻ ആ കാര്യത്തെക്കുറിച്ചു സ്വന്തമായി അന്വേഷണങ്ങൾ നടത്തി.
മിനിയും ലാടനും തമ്മിൽ സംസാരിച്ചതു് അന്നു് ഒന്നാമത്തെയോ രണ്ടാമത്തേയോ തവണയല്ലെന്നു ഞാൻ മനസ്സിലാക്കി. ആദ്യം മിനിക്കുണ്ടായിരുന്ന പേടിയെല്ലാം സൂത്രത്തിൽ കുറെ അണ്ടിപ്പരിപ്പും കാരക്കായയും കൊടുത്തു് ആ ലാടൻ ഇല്ലാതാക്കി. അതിൽ പിന്നെ അവർ രണ്ടുപേരും വലിയ ചങ്ങാതിമാരായിത്തീർന്നു.
അവർ അന്യോന്യം വളരെ വെടി പറഞ്ഞു രസിക്കാറുണ്ടു്. അയാളുടെ മുമ്പിൽ ഇരുന്നു്, അയാളുടെ ആ നീണ്ടുനിവർന്ന ശരീരത്തെ ഒരു ചെറിയ കുട്ടിക്കു ചേർന്ന ഗൗരവത്തോടുകൂടി സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുമ്പോൾ മിനി വളരെ സന്തോഷിച്ചു ചിരിച്ചു. അവളുടെ മുഖം ചുമക്കുകയും അവൾ ഇടയ്ക്കിടയ്ക്കു്, ‘ആട്ടെ നിങ്ങളുടെ ഭാണ്ഡത്തിൽ എന്താണു് ഉള്ളതു്’ എന്നു ആ കബൂലിവാലയോടു ചോദിക്കയും ചെയ്യാറുണ്ടു്.
ഒരു മലംപ്രദേശത്തുകാരനായ അയാൾ തനിക്കു സ്വതേ ഉള്ള ഉച്ചാരണവിശേഷത്തോടുകൂടി ‘ഒരു ആന’ എന്നു മറുപടി പറയാറുണ്ടു്. അതിൽ വലിയ നേരമ്പോക്കിനു വഴിയില്ലെങ്കിലും അവർ രണ്ടുപേരും ആ ഫലിതത്തിലെ രസത്തെ ധാരാളം അനുഭവിക്കാറുണ്ടു്. പ്രായാധിക്യമുള്ള ഒരാളോടു ഈ കുട്ടി സംസാരിക്കുന്നതു അസാധാരണമായ വിധത്തിൽ രസജനകമാണെന്നാണു് എന്നെ സംബന്ധിച്ചിടത്തോളം ഉള്ള അഭിപ്രായം.
നേരമ്പോക്കു പറയുന്ന കാര്യത്തിൽ താൻ കുട്ടിയേക്കാൾ ഒട്ടും പിന്നിലാകരുതെന്നു വിചാരിച്ചു ആ ലാടനും ചിലതെല്ലാം ഇപ്രകാരം പറയും:-‘ആട്ടെ കുട്ടി, നീ എന്നാണു് നിന്റെ ഭർത്താവിന്റെ അച്ഛന്റെ വീട്ടിലേയ്ക്കു പോകുന്നതു്?’
ബങ്കാളത്തിലെ കന്യകമാരെല്ലാം ചെറുപ്പത്തിൽ തന്നെ ഭർത്താവിന്റെ പിതൃഗൃഹത്തെക്കുറിച്ചു് ധാരാളം കേട്ടിരിക്കും. പക്ഷേ, ഞങ്ങൾ കുറെ പുതിയ സമ്പ്രദായക്കാരായതുകൊണ്ടു് ആ വക വർത്തമാനങ്ങളെല്ലാം ഞങ്ങളുടെ കുട്ടിയിൽനിന്നു മറച്ചുവെച്ചിരുന്നു. അതുകൊണ്ടു് കബൂലിവാലയുടെ മേല്പറഞ്ഞ ചോദ്യം കേട്ടപ്പോൾ കാര്യം മനസ്സിലാവാതെ മിനി കുറെ പരിഭ്രമിച്ചിട്ടുണ്ടായിരിക്കണം. എങ്കിലും അവൾ അതൊന്നും പുറത്തു കാണിക്കാതെ ബഹുസാമർത്ഥ്യത്തോടുകൂടി ‘നിങ്ങൾ അവിടെയ്ക്കാണോ പോകുന്നതു്’ എന്നു നിസ്സംശയം മറുപടി പറഞ്ഞിട്ടുണ്ടായിരിക്കും.
കബൂലിവാലയുടെ വർഗ്ഗത്തിൽപ്പെട്ട ആളുകളുടെയിടയിൽ ഭർത്താവിന്റെ പിതൃഗൃഹം എന്ന വാക്കിനു എല്ലാവർക്കും അറിയാവുന്നതായി രണ്ടർത്ഥമുണ്ടായിരുന്നു. സാധാരണ ‘ജെയിൽ’ എന്നു പറയുന്നതിന്നു പകരം ഈ പദം ഉപയോഗിക്കാറുണ്ടു്. നമ്മുടെ യാതൊരു ചിലവും കൂടാതെ നമ്മുടെ ആവശ്യങ്ങൾ എല്ലാം മറ്റുള്ളവരാൽ അന്വേഷിക്കപ്പെടുന്ന സ്ഥലമാണല്ലൊ ‘ജെയിൽ’. ഈ അർത്ഥത്തിലാണു് ദീർഘകായനായ ആ കബൂലിവാല മിനിയുടെ ചോദ്യത്തെ ധരിച്ചതു്. ‘ഫാ ഞാൻ എന്റെ ഭർത്താവിന്റെ അച്ഛനെ അടിച്ചുവീഴ്ത്തും’ എന്നു തന്റെ വലിയ മുഷ്ടികൾ ചുരുട്ടി സങ്കല്പനിർമ്മിതനായ ഒരു പോലീസ്സുകാരന്റെ നേർക്കു തല കുലുക്കിയുംകൊണ്ടു് അയാൾ മിനിയോടു സമാധാനം പറയും. അതു കേൾക്കുമ്പോൾ സാധുവും നിസ്സഹായനും ആയ ആ ബന്ധുവിനെക്കുറിച്ചു— ഭർത്താവിന്റെ പിതാവിനെക്കുറിച്ചു്—വിചാരിച്ചു സഹതാപം തോന്നി മിനി ഉറക്കെ ചിരിക്കുവാൻ തുടങ്ങും. ഭീമോപമനായ അവളുടെ സ്നേഹിതനും അപ്പോൾ കൂടെ ചിരിക്കും.
ശരൽക്കാലമായിരുന്നു. ഈ കാലത്താണു് പുരാതനകാലങ്ങളിൽ രാജാക്കന്മാർ യുദ്ധത്തിന്നു പുറപ്പെട്ടിരുന്നതു്. കല്ക്കട്ടയിലെ ഒരു മൂലയിലുള്ള എന്റെ വീട്ടിൽ നിന്നു ഞാൻ പുറത്തിറങ്ങാറില്ലെങ്കിലും, ലോകം മുഴുവൻ യഥേഷ്ടം സഞ്ചരിക്കുന്നതിന്നു ഞാൻ എന്റെ മനസ്സിനെ അനുവദിക്കാറുണ്ടു്. പുതുതായി വല്ല രാജ്യത്തിന്റെയും പേരു കേട്ടാൽ എന്റെ മനസ്സു് ഉടനെ അവിടെ ചെല്ലും. വിദേശീയനായ വല്ലവനേയും വഴിക്കുവെച്ചു കണ്ടാൽ അവന്റെ സ്വരാജ്യത്തിലുള്ള പർവ്വതങ്ങൾ, തുറകൾ, കാടുകൾ, നദികൾ ഇവയെക്കുറിച്ചും അവയുടെ ഇടയിൽ സ്ഥിതി ചെയ്യുന്ന അവരുടെ ഭവനത്തെക്കുറിച്ചും അവിടെ ദൂരത്തുള്ള മലകളിലെ സ്വതന്ത്രജീവിതത്തെക്കുറിച്ചും എന്റെ മനസ്സു പലവിധത്തിൽ ആലോചിച്ചു സ്വപ്നം കണ്ടു തുടങ്ങും. സസ്യങ്ങളെപ്പോലെ അചേതനമായ ഒരു ജീവിതം ഞാൻ നയിച്ചുപോന്നതുകൊണ്ടായിരിക്കാം ദേശസഞ്ചാരം എന്നു കേൾക്കുമ്പോൾ തന്നെ എന്റെ മനസ്സിൽ ഇടിമിന്നൽപോലെ ഒരു ആളൽ ഉണ്ടാവുന്നതു്. അന്യരാജ്യസഞ്ചാരത്തിൽ കാണാവുന്ന കാഴ്ചകളും ഉണ്ടാകാവുന്ന അനുഭവങ്ങളും തുടരെത്തുടരെ എന്റെ മനോമുകുരത്തിൽ പ്രതിഫലിച്ചുകാണുന്നതിനുള്ള കാരണവും അതുതന്നെയായിരിക്കാം. ഈ കബൂലിവാലയുടെ സന്നിധാനത്തിൽ എന്റെ മനസ്സു പെട്ടെന്നു് അയാളുടെ സ്വരാജ്യത്തിലേക്കു് ആകർഷിക്കപ്പെട്ടു. വരണ്ട പർവ്വതകൊടുമുടികളും, അവയ്ക്കു ചുറ്റുമുള്ള ഇടുങ്ങിയ തുറകളും മറ്റും ക്ഷണത്തിൽ എന്റെ മനസ്സുകൊണ്ടു് ഞാൻ കണ്ടു. പല വഴിക്കുമായി പോകുന്ന കച്ചവടക്കാരുടെ ഭാരം വഹിക്കുന്ന ഒട്ടകങ്ങളേയും, വലിയ തലപ്പാവുകൾ ധരിച്ചു പഴയ തരത്തിലുള്ള പല ആയുധങ്ങളും എടുത്തു മലംപ്രദേശത്തു നിന്നു മൈതാനപ്രദേശങ്ങളിലേക്കു യാത്ര ചെയ്യുന്ന കച്ചവടക്കാരേയും ഞാൻ എന്റെ മനോരാജ്യത്തിൽ കണ്ടു. അവിടെ സഞ്ചരിക്കുന്നതിനിടയ്ക്കു മറ്റു ചിലതും കൂടി നോക്കിക്കാണുന്ന അവസരത്തിൽ മിനിയുടെ അമ്മ വന്നു് എന്നെ തടഞ്ഞു ‘ആ മനുഷ്യനെ സൂക്ഷിക്കണെ’ എന്നു എന്നോടു് അപേക്ഷിച്ചതായി എനിക്കു തോന്നി. മിനിയുടെ അമ്മ വളരെ ഭീരുവായ ഒരു സ്ത്രീയാണു്. വഴിയിൽ നിന്നു വല്ല ശബ്ദവും കേൾക്കുകയോ, വീട്ടിലേക്കു വല്ലവരും കയറി വരികയോ ചെയ്താൽ അവരെല്ലാം കള്ളന്മാരോ, കുടിയന്മാരോ, പാമ്പുകളോ, പുലികളോ, പാറ്റകളോ, പുഴുക്കളോ, ഇംഗ്ലീഷുകപ്പൽക്കാരോ ആണെന്നു് അവൾ ആ ക്ഷണത്തിൽ തീരുമാനിച്ചുകഴിയും. ഇത്ര കാലത്തെയെല്ലാം പരിചയം ഉണ്ടായിട്ടും അവളുടെ ഈ ഭയവും ഭീരുത്വവും ഇതുവരെ തീർന്നിട്ടില്ല. അതുകൊണ്ടു് അവൾക്കു കബൂലിവാലയെക്കുറിച്ചു വളരെ സംശയം ഉണ്ടായിരുന്നു. അയാളെ സൂക്ഷിക്കേണമെന്നു എന്നോടു പലപ്പോഴും പറയാറും ഉണ്ടായിരുന്നു.
ഞാൻ അതു കേൾക്കുമ്പോൾ ചിരിച്ചു അവളെ കളിയാക്കി ധൈര്യപ്പെടുത്തുവാൻ ശ്രമിച്ചിരുന്നു. പക്ഷേ, അവൾ അപ്പോൾ തിരിഞ്ഞുനിന്നു് എന്നോടു ഗൗരവമുള്ള പല ചോദ്യങ്ങൾ ചോദിക്കാറുണ്ടു്:
‘കുട്ടികളെ ഇതുവരെ ആരും ബലമായി പിടിച്ചുകൊണ്ടു പോയിട്ടില്ലേ? കാബൂൾ രാജ്യത്തു അടിമവ്യാപാരം ഉണ്ടായിരുന്നു എന്നു പറയുന്നതു നേരല്ലേ? ഉഗ്രകായനായ ഈ മനുഷ്യന്നു ഒരു ചെറിയകുട്ടിയെ പിടിച്ചു കൊണ്ടുപോകുവാൻ സാധിക്കുമെന്നു വിചാരിക്കുന്നതു് അസംബന്ധമാണൊ?’
അതു അസാദ്ധ്യമല്ലെങ്കിലും അസംഭാവ്യമാണു് എന്നു ഞാൻ ഉറപ്പിച്ചു പറഞ്ഞു. അവൾ അതുകൊണ്ടു തൃപ്തിപ്പെട്ടില്ല. അവളുടെ ഭയം വർദ്ധിച്ചതേയുള്ളു. എങ്കിലും അതു് ഒരു അടിസ്ഥാനവും വ്യവസ്ഥയും ഇല്ലാത്ത ഭയമായിരുന്നതുകൊണ്ടു് ആ ചില്ലറ കച്ചവടക്കാരനായ കബൂലിവാലയോടു ഞങ്ങളുടെ വീട്ടിൽ കടക്കരുതെന്നു പറയുന്നതു അനുചിതമായിരിക്കുമെന്നു് എനിക്കു തോന്നി. തന്നിമിത്തം കുട്ടിയും അയാളുമായുള്ള സ്നേഹം നിർവിഘ്നം വർദ്ധിച്ചു വന്നു.
കൊല്ലത്തിൽ ഒരിക്കൽ കബൂലിവാല സ്വരാജ്യത്തേക്കു മടങ്ങിപ്പോകും. അക്കാലത്തു് അയാൾക്കു് ജോലിത്തിരക്കാണു്. തനിക്കു പിരിഞ്ഞു കിട്ടുവാനുള്ളതെല്ലാം വീടുകൾതോറും നടന്നു പിരിച്ചെടുക്കുന്ന ധൃതിയാണു്. ഇക്കൊല്ലത്തിൽ ആ വക ധൃതികൾ ഒക്കെ ഉണ്ടായിരുന്നിട്ടും ഇടക്കിടയ്ക്കു് മിനിയെ വന്നു കാണുന്നതിന്നു് അയാൾക്കു് സമയമില്ലാതിരുന്നിട്ടില്ല. മിനിയും അയാളും തമ്മിൽ എന്തോ ഒരു കാര്യം ആലോചിച്ചു വരുന്നുണ്ടെന്നു കാണുന്നവർക്കൊക്കെ തോന്നി. എന്തുകൊണ്ടെന്നാൽ, രാവിലെ വരുവാൻ സാധിച്ചില്ലെങ്കിൽ വൈകുന്നേരമെങ്കിലും അയാൾ എത്താതിരിക്കയില്ല. വീട്ടിൽ വല്ല മുക്കിലും മൂലയിലും വെച്ചു മലിനവസ്ത്രധാരിയും ദീർഗ്ഘകായനും വളരെ പ്രാകൃത വേഷക്കാരനും ആയ ആ ലാടനെ പെട്ടെന്നു കണ്ടുമുട്ടിയാൽ എനിക്കു തന്നെ പലപ്പോഴും ഒരു സങ്കോചം തോന്നാറുണ്ടു്. എങ്കിലും മിനി യാതൊരു പരിഭ്രമവും കൂടാതെ ‘ആ കബൂലിവാല, കബൂലിവാല’ എന്നു് ഉറക്കെ വിളിച്ചു പുഞ്ചിരി തൂകിയുംക്കൊണ്ടു് അയാളുടെ അടുക്കൽ ഓടി എത്താറുണ്ടു്. പ്രായത്തിൽ ഇത്ര വളരെ വ്യത്യാസമുണ്ടായിരുന്ന അവർ രണ്ടുപേരും തമ്മിൽ കണ്ടുമുട്ടിയാൽ ബഹുരസമായി ചിരിച്ചും വെടി പറഞ്ഞും അന്യോന്യം രസിക്കാതിരിക്കയുമില്ല. അതു് എനിക്കു നല്ല തീർച്ചയാണു്.
അയാൾ മടങ്ങി പോകുവാൻ നിശ്ചയിച്ചിരുന്നതിന്റെ കുറച്ചു ദിവസം മുമ്പു് ഒരു രാവിലെ ഞാൻ മുറിയിൽ ഇരുന്നു് എന്റെ നോവലിന്റെ അച്ചടിച്ച പ്രൂഫുകൾ പരിശോധിക്കുകയായിരുന്നു. കാലം നല്ല തണുപ്പുള്ളതായിരുന്നു. വാതായനത്തിൽ കൂടി സൂര്യരശ്മി അകത്തു പ്രവേശിച്ചു് എന്റെ പാദങ്ങളെ സ്പർശിച്ചു. അതുകൊണ്ടു് അല്പമായുണ്ടായിരുന്ന ആ ചൂടു് അത്യന്തം ഹൃദയംഗമായിരുന്നു. സമയം എട്ടു മണി ആയിരുന്നു. ചില്ലറ കച്ചവടക്കാർ—നടന്നു കച്ചവടം ചെയ്യുന്നവർ—ചിലർ സ്വസ്ഥാനങ്ങളിലേക്കു തല നിറയെ സാമാനവുമായി മടങ്ങുന്നുണ്ടായിരുന്നു. പെട്ടന്നു ഞാൻ വഴിയിൽ നിന്നു് ഒരു ബഹളം കേട്ടു. പുറത്തേക്കു നോക്കിയപ്പോൾ, മിനിയുടെ കബൂലിവാലയെ രണ്ടു പോലീസ്സുകാർ കൂടി വിലങ്ങു വെച്ചു കൊണ്ടുപോകുന്നതും ജിജ്ഞാസുക്കളായ ഒരു കൂട്ടം കുട്ടികൾ പിന്നാലെ കൂടിയിരിക്കുന്നതും ആണു് ഞാൻ കണ്ടതു്. കബൂലിവാലയുടെ വസ്ത്രങ്ങളിന്മേൽ എല്ലാം രക്തം പുരണ്ടിരുന്നു. പോലീസ്സുകാരിൽ ഒരാളുടെ കയ്യിൽ ഒരു വലിയ കത്തിയും ഉണ്ടായിരുന്നു. ഞാൻ അക്ഷമനായി പുറത്തു വന്നു് അവരെ തടഞ്ഞു നിർത്തി ‘എന്താ കാര്യം’ എന്നു് അന്വേഷണം ചെയ്തു. കബൂലിവാല ഒരാൾക്കു ‘രാമപുരി സാൽവ’ വിറ്റിരുന്നു എന്നും അതിന്റെ വില ചോദിച്ചപ്പോൾ വാങ്ങിയവൻ സാൽവ തന്നെ വാങ്ങിയിട്ടില്ലെന്നു പറഞ്ഞു തമ്മിൽ ഘോരമായ ഒരു വാഗ്വാദം നടന്നു എന്നും അതിന്നിടയിൽ കബൂലിവാല അയാളെ കുത്തി മുറിവു് ഏല്പിച്ചു എന്നും ഞാൻ അവരോടും ഇവരൊടും ഒക്കെ ചോദിച്ചു മനസ്സിലാക്കി. തന്റെ പരിഭ്രമവും കോപവും ശമിക്കാതെ പോകുന്ന വഴിക്കെല്ലാം കബൂലിവാല ആ ശത്രുവിനെ കലശലായി അധിക്ഷേപിക്കുന്നുണ്ടായിരുന്നു. പോകും വഴിക്കു് എന്റെ ഭവനത്തിന്റെ എറയത്തു മിനി നില്ക്കുന്നുണ്ടായിരുന്നു. അവൾ അയാളെ കണ്ടപ്പോൾ പതിവുപോലെ ‘കബൂലിവാല’ എന്നു വിളിച്ചുംകൊണ്ടു സന്തോഷത്തോടുകൂടി ഓടി എത്തി. കബൂലിവാലയ്ക്കു് അവളെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. അയാളുടെ മുഖം തെളിഞ്ഞു. അന്നു് അയാളുടെ തോളത്തു മാറാപ്പുണ്ടായിരുന്നില്ല. അതുകൊണ്ടു് അതിന്നകത്തുണ്ടെന്നു പറയാറുള്ള ആനയെക്കുറിച്ചു സംസാരിക്കുവാൻ അപ്പോൾ അവൾക്കു സാധിച്ചില്ല. അതുകൊണ്ടു്, അവൾ സാധാരണ ചോദിക്കാറുള്ള രണ്ടാമത്തെ ചോദ്യം അയാളോടു ചോദിച്ചു. ‘നിങ്ങൾ നിങ്ങളുടെ ഭർത്താവിന്റെ പിതൃഗൃഹത്തിലേക്കു പോകുകയാണോ?’ അയാൾ ചിരിച്ചുംകൊണ്ടു് ‘ഇപ്പോൾ അങ്ങോട്ടു തന്നെ ആണു് പോകുന്നതു്’ എന്നു മറുപടി പറഞ്ഞു. തന്റെ മറുപടി മിനിക്കു് രസിച്ചില്ലെന്നു് അയാൾക്കു മനസ്സിലായി. ഉടനെ, വിലങ്ങിട്ടു മുറുക്കിയിരുന്ന തന്റെ കൈകൾ രണ്ടും അയാൾ ഉയർത്തി പിടിച്ചു ‘ഹാ, ഞാൻ എന്റെ ഭർത്താവിന്റെ വയസ്സനായ ആ പിതാവിനെ അടിച്ചു വീഴ്ത്തുമായിരുന്നു. എന്തുചെയ്യാം, എന്റെ കയ്യുകൾ കെട്ടിയിരിക്കുന്നു’ എന്നു് അയാൾ കൂടുതലായി പറഞ്ഞു.
മരണം വരത്തക്കവിധത്തിൽ കയ്യേറ്റം ചെയ്ത കുറ്റത്തിനു കബൂലിവാലയെ കുറെ വർഷത്തെ തടവു ശിക്ഷയ്ക്കു വിധിച്ചു.
കാലം അങ്ങിനെ കഴിഞ്ഞുകൂടി. അയാളെപ്പറ്റി ആരും ഓർത്തതും ഇല്ല. പതിവുള്ള സ്ഥലത്തു പതിവുള്ള ജോലികൾ ചെയ്തു ഞങ്ങൾ ദിനം കഴിച്ചു കൂട്ടി. ഒരിക്കൽ ഞങ്ങളുടെ വീട്ടിൽ വളരെ നിത്യനും ഇപ്പോൾ തടവിൽ കിടക്കുന്നവനുമായ ആ ‘ലാടനെ’ക്കുറിച്ചു് ആരും ആലോചിച്ചതും ഇല്ല. അസ്ഥിരബുദ്ധിയായ എന്റെ മിനി കൂടി— എനിക്കു് അതു പറയുവാൻ ലജ്ജയാകുന്നു—അവളുടെ പഴയ സ്നേഹിതനെ തീരെ മറന്നു. അവൾക്കു പുതിയ ചങ്ങാതിമാർ ഉണ്ടായി. അവൾക്കു പ്രായം അധികമായതോടുകൂടി അവളുടെ ചങ്ങാതിമാർ അധികവും പെൺകുട്ടികളായി. അവരൊന്നിച്ചു് അവൾ അവളുടെ സമയം കഴിച്ചു. സമയം മുഴുവനും കൂട്ടുകാർ ഒന്നിച്ചു കഴിച്ചിരുന്നതുകൊണ്ടു് അവൾക്കു പണ്ടത്തെപ്പോലെ അവളുടെ അച്ഛന്റെ മുറിയിൽ കടന്നുവരുന്നതിനു പോലും സൗകര്യമുണ്ടായില്ല. ഞാൻ അവളോടു സംസാരിക്കുക തന്നെ പതിവില്ലാതായി.
അങ്ങിനെ കുറെ കൊല്ലങ്ങൾ കഴിഞ്ഞു. ശരൽകാലമായിരുന്നു. മിനിയ്ക്കു് വിവാഹം നിശ്ചയിച്ചിരുന്നു. നവരാത്രികാലത്തു കഴിക്കണമെന്നാണു് തീർച്ചപ്പെടുത്തിയിരുന്നതു്. ദുർഗ്ഗ കൈലാസത്തിലേക്കു മടങ്ങി എത്തുന്ന ആ കാലത്തു്, ഞങ്ങളുടെ ഭവനത്തിലെ പ്രഭയുള്ള ദീപമായിരുന്ന മിനി അവളുടെ അച്ഛനെ നിഴലത്തു വിട്ടുംകൊണ്ടു് അവളുടെ ഭർത്താവിന്റെ ഭവനത്തെ പ്രകാശമാനമാക്കിത്തീർക്കുന്നതിന്നു് അങ്ങോട്ടു പോകുവാൻ നിശ്ചയിച്ചിരുന്നു.
പ്രഭാതം തെളിഞ്ഞു പ്രകാശിച്ചു. മഴക്കാലം കഴിഞ്ഞതുകൊണ്ടു് വായുമണ്ഡലത്തിന്നു ഒരു പ്രത്യേക പരിശുദ്ധത സിദ്ധിച്ചതുപോലെ കാണപ്പെട്ടു. പ്രഭാതസൂര്യന്റെ രശ്മികൾ തനിത്തങ്കശ്ശലാകകൾപോലെ പ്രകാശിച്ചു. ആ പ്രഭയിൽ യാതൊരു കൗതുകവും സാധാരണ തോന്നാത്ത കല്ക്കട്ടയിലെ ഇടവഴികളിലുള്ള ഭവനങ്ങളുടെ ഇഷ്ടികച്ചുമരുകൾ കൂടി വളരെ പരിശോഭിച്ചു. പ്രഭാതം മുതൽ വിവാഹ വാദ്യങ്ങൾ മുഴങ്ങിക്കൊണ്ടിരുന്നു. ഓരോ താളത്തിലും എന്റെ ഹൃദയം അധികം ഉച്ചത്തിൽ അടിച്ചുകൊണ്ടിരുന്നു. ഭൈരവീരാഗത്തിന്റെ ഒരു ആലാപം കേട്ടപ്പോൾ ആസന്നമായ വേർപാടിനെക്കുറിച്ചു് ഓർത്തുള്ള എന്റെ പരിതാപം ദൃഢീഭവിക്കുന്നതായി എനിക്കു തോന്നി. എന്റെ മിനിയുടെ വിവാഹം അന്നു രാത്രിയായിരുന്നു.
പ്രഭാതം മുതൽ ഭവനത്തിൽ തിരക്കും ലഹളയും വർദ്ധിച്ചു. മുറ്റത്തു മേക്കട്ടിയോടുകൂടിയ പന്തൽ കെട്ടുവാനുണ്ടായിരുന്നു. ഭിത്തികളിന്മേൽ എല്ലാം വാൽസെറ്റുകൾ തറയ്ക്കുവാനുണ്ടായിരുന്നു. ധൃതിക്കും പരിഭ്രമത്തിനും അളവുണ്ടായിരുന്നില്ല. ഞാൻ എന്റെ മുറിക്കകത്തിരുന്നു ചില കണക്കുകൾ പരിശോധിക്കുകയായിരുന്നു. അപ്പോൾ പെട്ടന്നു് ഒരാൾ മുറിയിൽ കടന്നുവന്നു് എനിക്കു സലാം തന്നു. എന്റെ മുമ്പിൽ വിനീതനായി നിന്നു. അതു് ആ പഴയ കബൂലിവാലയായിരുന്നു. എനിക്കു് ആദ്യത്തിൽ ആളെ മനസ്സിലായില്ല. അയാളുടെ തോളിൽ ഭാണ്ഡമുണ്ടായിരുന്നില്ല. അയാളുടെ മുടി നീണ്ടതായിരുന്നില്ല. അയാളുടെ ശരീരത്തിന്നുണ്ടായിരുന്ന പഴയ ഓജസ്സോ ശക്തിയോ ഇപ്പോൾ കണ്ടില്ല. അയാൾ പതുക്കെ ഒന്നു പുഞ്ചിരികൊണ്ടു. അപ്പോൾ എനിക്കു ആളെ മനസ്സിലായി.
‘താൻ എപ്പോൾ വന്നു’ എന്നു ഞാൻ അയാളോടു ചോദിച്ചു.
‘ഇന്നലെ വൈകുന്നേരം എന്നെ ജെയിലിൽ നിന്നു വിട്ടയച്ചു’ എന്നായിരുന്നു അയാളുടെ മറുപടി.
ആ വാക്കുകൾ എന്റെ കർണ്ണരന്ധ്രങ്ങളിൽ വല്ലാതെ തറച്ചു. തന്റെ സമഭാവിയെ മുറിവേല്പിച്ച ഒരു ക്രൂരനോടു ഞാൻ ഇതുവരെ സംസാരിച്ചിട്ടില്ല. അതോർത്തപ്പോൾ എന്റെ മനസ്സിൽ വല്ലാത്ത ഒരു പരിഭവമുണ്ടായി. ഇന്നേ ദിവസം ഈ ആൾ വന്നിരുന്നില്ലെങ്കിൽ ഈ ശുഭദിവസം ഇതിലുമധികം മംഗളകരമാകുമായിരുന്നു എന്നു് എനിക്കു തോന്നി.
‘ഇവിടെ ഇന്നു് ഒരു അടിയന്തിരമാണു്. പല ക്രിയകളും നടന്നുകൊണ്ടിരിക്കുന്നു. എനിക്കു കുറെ തിരക്കുണ്ടു്. അടുത്തു വേറെ ഒരു ദിവസവും വരരുതോ?’ എന്നു ഞാൻ വീണ്ടും ചോദിച്ചു.
ഉടനെ അയാൾ പോകുവാനായി ഭാവിച്ചു. പക്ഷേ, വാതിൽക്കൽ എത്തിയപ്പോൾ അല്പം സംശയിച്ചു നിന്നു പിന്നോക്കം തിരിഞ്ഞു് എന്നോടു ‘എനിക്ക് ആ ചെറിയ കുട്ടിയെ ഒന്നു കണ്ടുകൂടെ, സാർ, ഒന്നു കണ്ടാൽ മതി’ എന്നു പറഞ്ഞു. മിനി ഇന്നും പണ്ടത്തെ മിനി തന്നെ ആണെന്നായിരുന്നു അയാളുടെ വിശ്വാസം! ‘കബൂലിവാല’ എന്നു വിളിച്ചുംകൊണ്ടു അവൾ പണ്ടത്തെപ്പോലെ അയാളുടെ അടുക്കൽ ഓടി എത്തുമെന്നു് അയാൾ വിചാരിച്ചിരുന്നു. അയാൾ എങ്ങിനെയോ തന്റെ ഒരു നാട്ടുകാരനോടു വാങ്ങിയതായ കുറച്ചു് അണ്ടിപ്പരിപ്പും കാരക്കായും ഒരു കീറക്കടലാസ്സിൽ പൊതിഞ്ഞു് കുട്ടിക്കു കൊടുക്കുവാനായി സൂക്ഷിച്ചു കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ജെയിലിൽ നിന്നു പുറത്തു വിട്ട ഉടനെ അയാൾ ആദ്യമായി ചെയ്ത കൃത്യം അതാണു്. തന്റെ സ്വന്തം വകയായി ഒരു പൈപോലും ഇല്ലാതിരുന്നതിനാൽ അയാൾ കുറെ കഷ്ടപ്പെട്ടിട്ടുണ്ടായിരിക്കണം.
‘ഇന്നു് ഈ വീട്ടിൽ ഒരു അടിയന്തിരമാകയാൽ ഇവിടെ ആരെയും കാണുന്നതിനു സാധിക്കയില്ല’ എന്നു ഞാൻ ഉത്തരം പറഞ്ഞു. അയാളുടെ മുഖത്തു നിന്നു പ്രസന്നത തീരെ പോയി. മുഖം താന്നു. അയാൾ അത്യാഗ്രഹത്തോടുകൂടി എന്റെ നേരെ കുറച്ചുനേരം നോക്കിക്കൊണ്ടുനിന്നു. ഒടുവിൽ ‘സലാം’ എന്നു പറഞ്ഞു പുറത്തേക്കു പോയി.
എനിക്കു കുറച്ചു വ്യസനം തോന്നി. ഞാൻ അയാളെ തിരികെ വിളിച്ചാലോ എന്നു് ആലോചിച്ചു. പക്ഷേ, അയാൾ സ്വന്തമനസ്സാലെ തന്നെ തിരികെ വരുന്നുണ്ടായിരുന്നു. അയാൾ എന്റെ നന്നെ അടുത്തെത്തി ഒരു പൊതി നീട്ടിക്കാണിച്ചുകൊണ്ടു് ‘ഞാൻ ഇതു് ആ ചെറിയ കുട്ടിക്കൂ വേണ്ടി കൊണ്ടുവന്നതാണു്. ഇതു നിങ്ങൾ എനിക്കു വേണ്ടി ആ കുട്ടിക്കു കൊടുക്കാമോ?’ എന്നു ചോദിച്ചു.
ഞാൻ അതു വാങ്ങി അയാൾക്കു് പണം കൊടുക്കുവാനായി ഭാവിച്ചു. അപ്പോൾ അയാൾ എന്റെ കയ്യു കടന്നുപിടിച്ചു. ‘നിങ്ങൾ വളരെ ദയാലു തന്നെ. എന്നെ നിങ്ങൾ മറക്കാതിരുന്നാൽ മതി. എനിക്കു പണം തരരുതു്. നിങ്ങൾക്കു ഓമനയായ ഒരു പെൺകുട്ടി ഉണ്ടു്. എനിക്കും അവളെപ്പോലെ തന്നെ ഒരു കുട്ടി എന്റെ വീട്ടിൽ ഉണ്ടു്. ഞാൻ മിനിയെ കാണുമ്പോൾ അവളെ ഓർക്കുന്നു. ആ ഓർമ്മയോടുകൂടിയാണു് ഞാൻ മിനിക്കു എടയ്ക്കു വല്ലതും കൊണ്ടു കൊടുക്കുന്നതു്. അല്ലാതെ എനിക്കു് അതുകൊണ്ടു് ഒരു ലാഭം ഉണ്ടാക്കുവാനല്ല.’ എന്നിങ്ങനെ അയാൾ എന്നോടു പറഞ്ഞു.
ഇത്രയും പറഞ്ഞു് അയാൾ അഴുക്കു പിരണ്ട അഴിഞ്ഞ ഉടുപ്പിന്റെ അകത്തു നിന്നു ഒരു ചളി പിടിച്ച ചെറിയ കടലാസ്സു പൊതി പുറത്തേക്കു് എടുത്തു. വളരെ സൂക്ഷ്മതയോടുകൂടി അയാൾ അതു കെട്ടഴിച്ചു രണ്ടു കൈ കൊണ്ടും കൂടി അതിൽ ഉണ്ടായിരുന്ന ഒരു കടലാസ്സെടുത്തു് എന്റെ മേശപ്പുറത്തു വെച്ചു. അതിൽ ഒരു കുട്ടിയുടെ കൈയ്പടത്തിന്റെ ഛായയുണ്ടായിരുന്നു. ഛായാപടമല്ല. ചിത്രം വരച്ചതുമല്ല. കയ്യിൽ മഷിപുരട്ടി കടലാസ്സിൽ പതിച്ചതായിരുന്നു ആ ചിത്രം. അതു് അയാളുടെ പുത്രിയുടേതായിരുന്നു. ഈ കാലമെല്ലാം ഇതു കൈവശത്തിൽ ഉണ്ടായിരുന്നു. കൊല്ലംതോറും കല്ക്കട്ടയിൽ വന്നു സാമാനങ്ങൾ വിറ്റു നടക്കുമ്പോഴെല്ലാം ഈ കടലാസ്സു് അയാൾ അയാളുടെ ഹൃദയത്തോടു ചേർത്തു സൂക്ഷിച്ചിട്ടുണ്ടായിരുന്നു.
എന്റെ നയനങ്ങളിൽ താനേ ആശ്രുക്കൾ നിറഞ്ഞു. അയാൾ ദരിദ്രനായ ഒരു കാബൂൽക്കാരൻ പിച്ച കച്ചവടക്കാരനാണെന്ന കഥ തന്നെ ഞാൻ തല്ക്കാലം മറന്നു. എന്നാൽ ഞാനോ—ഇല്ല ഒന്നുമില്ല. എനിക്കെന്താ അയാളേക്കാൾ ഒരു വിശേഷം! അയാളും എന്നെപ്പോലെ ഒരു അച്ഛനായിരുന്നു.
ദൂരെ കാബൂളിൽ കിടക്കുന്ന അയാളുടെ ചെറിയ പുത്രിയുടെ കയ്പടത്തിന്റെ ആ ഛായ എന്റെ മിനിയുടെ കാര്യത്തെ എന്റെ ഓർമ്മയിൽ കൊണ്ടുവന്നു.
ഞാൻ അവൾക്കു് ഒരാളെ ഉടനെ അയച്ചു് അന്തഃപുരത്തിൽ നിന്നു് അവളെ പുറത്തേക്കു വരുത്തി. വളരെ ആളുകൾ ആവുന്ന വിധമെല്ലാം അവിടെ തടസ്സം പറഞ്ഞു. ഞാൻ അതൊന്നും ശ്രദ്ധിച്ചതേ ഇല്ല. അവൾ, എന്റെ മിനി, ചുവന്ന പട്ടുടുത്തു കല്യാണവേഷം ധരിച്ചു്, യൗവനയുക്തയായ വധുവിനെപ്പോലെ അലങ്കരിച്ചു ലജ്ജാവിവശിതയായി എന്റെ അടുത്തു വന്നു നിന്നു.
ആ വേഷം കണ്ടു കബൂലീവാല പരിഭ്രമിച്ചു, കുറച്ചൊന്നു സ്തംഭിച്ചു നിന്നുപോയി. അയാൾക്കു് അവളുമായുള്ള പഴയ ചങ്ങാതിത്തവും കൂട്ടുകെട്ടും വീണ്ടും പുതുക്കുവാൻ ഇനി സാധിക്കുകയില്ല. ഒടുവിൽ അല്പം ചിലച്ചുംകൊണ്ടു് ‘ആട്ടെ കുട്ടി, നീ നിന്റെ ഭർത്താവിന്റെ പിതൃഗൃഹത്തിലേക്കു പോകുകയാണോ?’ എന്നു കബൂലിവാല മിനിയോടു ചോദിച്ചു.
ആ വാക്കുകളുടെ അർത്ഥം ഇപ്പോൾ അവൾക്കു നല്ലപോലെ അറിയാമായിരുന്നു. പണ്ടത്തെപ്പോലേ ഇന്നു മറുപടി പറയുവാൻ അവൾക്കു നിർവ്വാഹമില്ല. ചോദ്യം കേട്ടപ്പോൾ അവളുടെ മുഖം ചുമന്നു. മുഖം താഴ്ത്തി അവൾ അയാളുടെ മുമ്പിൽ ചിന്താമഗ്നയായി നിന്നു.
കബൂലിവാലയും മിനിയും തമ്മിൽ ഒന്നാമതായി കണ്ടെത്തിയ അവസരത്തെ ഞാൻ അപ്പോൾ ഓർത്തു. എനിക്കു വ്യസനം തോന്നി. മിനി വീണ്ടും അന്തഃപുരത്തിലേക്കു പോയപ്പോൾ കബൂലിവാല പരിതാപജനകമായ ഒരു ദീർഗ്ഘശ്വാസത്തോടുകൂടി അവിടെത്തന്നെ നിലത്തു പെട്ടെന്നു ഇരുന്നു. ഈ കാലത്തിന്നിടയ്ക്കു് അയാളുടെ മകളും ഇതുപോലെ വളർന്നു പ്രായപൂർത്തി വന്നിട്ടുണ്ടാകുമെന്നു അയാൾക്കു് ഓർമ്മ വന്നു. അയാൾ അവിടെ ചെന്നാൽ അച്ഛനും മകളും തമ്മിൽ തമ്മിൽ അറികയില്ലെന്നും അന്യോന്യം വീണ്ടും പരിചയപ്പെടുത്തേണ്ടിവരുമെന്നും അയാൾ അനുമാനിച്ചു. തീർച്ചയായിട്ടും അയാളുടെ മകൾ ഇപ്പോൾ മുമ്പിലിരുന്നപോലെ ആയിരിക്കയില്ല. വിശേഷിച്ചും ഈ എട്ടുകൊല്ലത്തിനിടക്കു് അവൾക്കു് എന്തെല്ലാമൊക്കെ സംഭവിച്ചിട്ടുണ്ടാവാം?
വിവാഹവാദ്യം മുഴങ്ങി. ശരൽക്കാല സൂര്യൻ പ്രഭാപടലത്താൽ ആ പ്രദേശമെല്ലാം ശോഭനമാക്കി. പക്ഷേ, കബൂലിവാല കല്ക്കട്ടയിലെ ആ എടവഴിയിൽ ഇരുന്നു ദൂരെ കിടക്കുന്ന അഫ്ഗാനിസ്ഥാനിലെ (അവിടത്തെ പ്രധാനനഗരമാണു കാബൂൾ) ഫലപുഷ്ടിയില്ലാത്ത പർവ്വതനിരകളെ മനസ്സുകൊണ്ടു ധ്യാനിച്ചുകൊണ്ടിരുന്നു.
ഞാൻ ഒരു ബാങ്ക് നോട്ട് എടുത്തു അയാൾക്കു കൊടുത്തു്, ഇപ്രകാരം പറഞ്ഞു. ‘താൻ വേഗം തന്റെ നാട്ടിലേയ്ക്കു മടങ്ങി ദൂരെ കിടക്കുന്ന തന്റെ പുത്രിയുടെ സമീപത്തേക്കു വേഗം ചെല്ലുക. നിങ്ങളുടെ സന്തോഷകരമായ ആ കൂടിക്കാഴ്ച എന്റെ കുട്ടിയുടെ ക്ഷേമാഭിവൃദ്ധിക്കു കാരണമായി തീരട്ടെ.’
ഈ സമ്മാനം കൊടുത്തതു കാരണം അന്നത്തെ കല്യാണച്ചിലവിൽ പല ഭാഗവും എനിക്കു വേണ്ടെന്നു വെയ്ക്കേണ്ടതായും, ചിലതെല്ലാം ചുരുക്കേണ്ടതായും വന്നു. ഉദ്ദേശിച്ച മാതിരി വിദ്യുച്ഛക്തി വിളക്കുകൾ ഞാൻ ഏർപ്പെടുത്തിയില്ല. പട്ടാളക്കാരുടെ ബാന്റും വേണ്ടെന്നു വെച്ചു. വീട്ടിലെ സ്ത്രീകൾക്കു് എല്ലാം വലിയ പരിഭവമായി. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം വിവാഹം വിചാരിച്ചതിൽ അധികം തൃപ്തികരവും മംഗളകരവും ആയിത്തീർന്നു. എന്തുകൊണ്ടെന്നാൽ, വളരെ ദൂരത്തുള്ള ഒരു ഭവനത്തിൽ വളരെ കാലമായി അന്യോന്യം കാണാതിരിക്കുന്ന ഓമനയായ ഒരു കുട്ടിയും അവളുടെ സ്നേഹമുള്ള പിതാവും വീണ്ടും ഒന്നിച്ചുചേരുവാൻ സംഗതിയായല്ലൊ എന്ന വിചാരം എനിക്കു ഞാൻ അതുവരെ അനുഭവിച്ചിട്ടില്ലാത്ത സമാധാനത്തേയും സംതൃപ്തിയേയും സന്തോഷത്തേയും തന്നു.
കേരളത്തിലെ പ്രസിദ്ധമായ ഒരു പ്രസാധനാലയം ആണു് മംഗളോദയം. അപ്പൻതമ്പുരാനാണു് സ്ഥാപകൻ. പഴയതും പുതിയതുമായ നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി. അധ്യാത്മരാമായണം, കൃഷ്ണഗാഥ, കുഞ്ചൻ നമ്പ്യാരുടെ തുള്ളൽപ്പാട്ടുകൾ, നാടൻ പാട്ടുകൾ തുടങ്ങിയ മികച്ച ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയതു് വായനക്കാരെ ആകർഷിച്ചു.
ചിത്രീകരണം: വി. പി. സുനിൽകുമാർ