പതിവിനു വിപരീതമായി പതിനൊന്നു മണിയോടടുത്തു കോളേജിൽ നിന്നു വീട്ടിലേയ്ക്കു തിരിച്ചു വന്ന അയൽക്കാരിയായ കോളേജു കുമാരി പറഞ്ഞു: “ഇന്നു് കോളേജിനു് അവധിയാണു്. ഞങ്ങളുടെ കോളേജിൽ മുമ്പു് ഫിസിക്സ് ലക്ചറർ ആയിരുന്ന ടി. എ. രാജലക്ഷ്മി ആത്മഹത്യ ചെയ്തു.”
ഒരു ഞെട്ടലോടെയാണു് ഞാനാ വാർത്ത കേട്ടതു്. എനിക്കതു വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം, എന്റെ രാജലക്ഷ്മി ടീച്ചർ ഒരിക്കലും ഭീരുവായിരുന്നിട്ടില്ല.
“കുട്ടിക്കു തെറ്റിപ്പോയി. വേറെ വല്ലവരുമാവും ആത്മഹത്യ ചെയ്തതു്. രാജലക്ഷ്മി ടീച്ചറായിരിക്കുകയില്ല.” കുറച്ചു കടുത്ത സ്വരത്തിൽ ഞാനതു പറഞ്ഞിട്ടു തിരിഞ്ഞുനടന്നു.
പക്ഷേ, എന്റെ ധാരണ തെറ്റിപ്പോയി. അടുത്ത ദിവസത്തെ പേപ്പറിൽ കണ്ടു: “മലയാളത്തിലെ പേരെടുത്ത നോവലെഴുത്തുകാരി രാജലക്ഷ്മി അന്തരിച്ചു” തുടർന്നു വായിക്കാൻ വയ്യാത്തവിധം വിങ്ങിപ്പൊട്ടിപ്പോയി ഞാൻ. മരവിച്ച മനസ്സുമായി മണിക്കൂറുകളോളം ഞാനൊരേ ഇരുപ്പിലിരുന്നു… എനിക്കു് ഒരിക്കലുമൊരിക്കലും സഹിക്കാനാവാത്തത്ര ഭയങ്കരമായ സംഭവം… എന്റെ ദൈവമേ! ഇതു ശരിയാണോ? നിഷ്കളങ്കമായ ആ മുഖവും, നീണ്ടു മെലിഞ്ഞ ആ രൂപവും ഇനി ഒരിക്കലും എനിയ്ക്കു കാണാൻ കഴിയില്ലെന്നോ?
ഒരു ടീച്ചർ എന്നതിലുപരി, എന്റെ ഒരടുത്ത സ്നേഹിതയും സഹോദരിയും എല്ലാമായിരുന്നല്ലോ രാജലക്ഷ്മി…
എന്റെ പെട്ടിയുടെ അടിയിൽ കിടന്നിരുന്ന ടീച്ചറുടെ പഴയ കത്തുകൾ കണ്ടപ്പോൾ, എന്റെ ആട്ടോഗ്രാഫ് ബുക്കിലെഴുതിയ ആ വരി: “നുകരൂ, നുകരൂ, ജീവിതാസവം”—വായിച്ചപ്പോൾ, കരയാതിരിക്കാൻ കഴിഞ്ഞില്ല.
ആ നല്ല നാളുകളെപ്പറ്റി ഞാനോർത്തു പോകുന്നു. രാജലക്ഷ്മി ടീച്ചറോടൊത്തു കഴിയാൻ സാധിച്ച ആ ഒരു വർഷക്കാലത്തെ ചില സംഭവങ്ങൾ വേദനയോടെ ഞാനിവിടെ പകർത്തുന്നു. എന്റെ മനസ്സിന്റെ ഭാരം ഒട്ടു കുറയ്ക്കാൻ വേണ്ടി മാത്രം. എന്റെ രാജലക്ഷ്മി ടീച്ചർ എന്നോടു് ക്ഷമിക്കുകയില്ലേ?…
പെരുന്താന്നി വിമൻസ് കോളേജിൽ പ്രീ യൂണിവേഴ്സിറ്റിക്കു് പഠിക്കുമ്പോഴാണു് ഞാനാദ്യമായി ടീച്ചറെ കാണുന്നതു്. കോളേജും ഹോസ്റ്റലും ഒരേ കോമ്പൗണ്ടിലാണു്. പഠിക്കാനുള്ള സൗകര്യമോർത്തു് എന്നെ ഹോസ്റ്റലിൽ താമസിപ്പിക്കാനാണു് അച്ഛൻ നിശ്ചയിച്ചിരുന്നതു്. അതനുസരിച്ചു് ഞാനും എന്റെ ചേട്ടനും കൂടി ഹോസ്റ്റലിൽ പോയി വാർഡനെ കണ്ടു. എന്നെ ഹോസ്റ്റലിൽ ചേർത്തിട്ടു ചേട്ടൻ യാത്ര പറഞ്ഞു പടിയിറങ്ങിയപ്പോൾ എനിയ്ക്കു് എന്തെന്നില്ലാത്ത ഏകാന്തത തോന്നി. ജീവിതത്തിലാദ്യമായി അച്ഛനേയും അമ്മയേയും വിട്ടു്, വേണ്ടപ്പെട്ടവരാരുമടുത്തില്ലാതെ, അറിയപ്പെടാത്ത അനേകം കുട്ടികളുടെ നടുക്കു്… ഒറ്റപ്പെട്ടപോലെ ഞാൻ നിന്നു. ഹോസ്റ്റലിന്റെ വരാന്തയിലുള്ള വലിയ തൂണു ചാരി വിചാരമഗ്നയായി നിന്നപ്പോൾ പുറകിൽ കേട്ടു!
“എന്താണു് കുട്ടി ഇവിടെ തനിയെ നിൽക്കുന്നതു്?”
തിരിഞ്ഞു നോക്കിയപ്പോൾ വെളുത്തു് പൊക്കം കൂടി നന്നേ ചടച്ച ഒരു സ്ത്രീ നിൽക്കുന്നു. വലത്തേയ്ക്കാണു് സാരിയിട്ടിരിക്കുന്നതു്. എന്റെ കലങ്ങിയ കണ്ണുകളും തുടുത്ത മുഖവും കണ്ടിട്ടാവണം, അവർ വീണ്ടും ചോദിച്ചു:
“ആദ്യമായിട്ടു് വന്നതാണോ ഹോസ്റ്റലിൽ?”
“അതെ-” ഞാൻ പറഞ്ഞു.
“പേരെന്താ?”
“ലളിതകുമാരി” (കോളേജിലെ എന്റെ പേരങ്ങിനെയാണു്).
“ഇങ്ങനെ വിഷമിച്ചു നില്ക്കാതെ അകത്തുചെന്നു് എല്ലാവരുമായി പരിചയപ്പെടൂ. രണ്ടുദിവസം കഴിയുമ്പോൾ ഈ സങ്കടമൊക്കെ മാറിപ്പോവും.”
എന്തൊരു സ്നേഹനിർഭരമായ പെരുമാറ്റം! ആരായിരിക്കാം അവർ? അകത്തുചെന്നു് ആദ്യം കണ്ട കുട്ടിയോടു് ചോദിച്ചു: “ആരാണതു്? വെളുത്തു്, പൊക്കംകൂടി വലത്തേയ്ക്കു് സാരിയിടുന്ന ആ സ്ത്രീ.”
“അതാണു് രാജലക്ഷ്മി. കഥകളും നോവലുമൊക്കെ എഴുതുന്ന രാജലക്ഷ്മി. നമ്മുടെ ഫിസിക്സ് ലക്ചറർ ആണു്.”
എനിയ്ക്കു് അദ്ഭുതവും ആനന്ദവും തോന്നി, ഞാനേറ്റവും ഇഷ്ടപ്പെടുന്ന ആ എഴുത്തുകാരിയെ കാണാനും പരിചയപ്പെടാനും കഴിഞ്ഞതു് ഒരു ഭാഗ്യമായി ഞാൻ കരുതി.
അന്നു് പുതിയ സുഹൃത്തുക്കളുമായി വർത്തമാനത്തിൽ മുഴുകി ഉല്ലാസമായിരിക്കുമ്പോൾ കോണിപ്പടിയിൽ താളാത്മകമായൊരു ശബ്ദം കേട്ടു. കൂടെയുണ്ടായിരുന്ന കൂട്ടുകാരികൾ പറഞ്ഞു:
“രാജലക്ഷ്മി ടീച്ചർ വരുന്നുണ്ടു്. ചെരിപ്പിന്റെ ശബ്ദം കേട്ടാലറിയാം.”
മുകളിലത്തെ നിലയിൽ എന്റെ മുറിയുടെ തൊട്ടടുത്ത മുറിയാണു് ടീച്ചറുടേതു്, റൂമിലേയ്ക്കു പോകുന്ന വഴി എന്റെ നേരെ നോക്കി ടീച്ചർ ചോദിച്ചു:
“സങ്കടമൊക്കെ മാറിയോ?” ഞാൻ ചിരിച്ചു.
അന്നു മുതൽ ഏതാണ്ടു് എട്ടൊമ്പതു മാസം അടുത്തടുത്ത മുറികളിലായി ഞങ്ങൾ താമസിച്ചു. ഓരോ ദിവസം കഴിയുന്തോറും മറ്റൊരു ടീച്ചറോടും തോന്നാത്ത ഒരു മമതാബന്ധം എനിയ്ക്കു ടീച്ചറോടുണ്ടായി. ടീച്ചർക്കും എന്നെ വലിയ കാര്യമായിരുന്നു. പഠിക്കുന്ന കാലത്തു് കഥകളോടും നോവലുകളോടും വലിയ കമ്പമായിരുന്നു എനിയ്ക്കു്. വല്ലതും അല്പസ്വല്പമൊക്കെ എഴുതുകയും ചെയ്തിരുന്നു. അമ്മയെപ്പോലും കാണിയ്ക്കാൻ നാണിച്ചിരുന്ന ചില കഥകൾ ഞാൻ ടീച്ചറുടെ കയ്യിൽ കൊടുത്തു. അവയിൽ ചിലതു് വായിച്ചിട്ടു് ടീച്ചർ പറഞ്ഞു:
“വളരെയേറെ വായിക്കുകയും, വളരെയധികം പഠിക്കുകയും ചെയ്താലേ ഒരു നല്ല എഴുത്തുകാരിയാവാൻ പറ്റൂ ലളിതേ.”
സ്നേഹത്തേക്കാൾ കൂടുതലായി ഒരുതരം ആരാധനയായിരുന്നു എനിയ്ക്കു് ടീച്ചറോടു്. എന്തിലും ടീച്ചറെ അനുകരിക്കാൻ ഒരു വാസന. ടീച്ചറുടെ സാരി പോലെയുള്ള സാരി ഞാനും വാങ്ങിക്കും. ടീച്ചർ മുടി ചീകുംപോലെ ഞാനും ചീകും. ടീച്ചർ പഠിപ്പിക്കുന്ന വിഷയം—ഫിസിക്സ്—മറ്റെല്ലാ വിഷയങ്ങളെക്കാളും ശ്രദ്ധയോടെ പഠിക്കും. ആരുമറിയാതെ ടീച്ചറുടെ മേശപ്പുറത്തു് പൂവുകൾ കൊണ്ടുവെയ്ക്കും… അങ്ങനെയങ്ങനെ.
ഒരു കുട്ടിയ്ക്കു് ഏതെങ്കിലും ഒരു ടീച്ചറോടു് പ്രത്യേകതയുണ്ടായാൽ ആ കുട്ടിയെ ‘അട്രാക്ഷൻ വാല്’ എന്നാണു് മറ്റുള്ള കുട്ടികൾ വിളിക്കുക. ഞാനും രാജലക്ഷ്മി ടീച്ചറുമായുള്ള അടുപ്പത്തിനും ആ പേരു് നല്കപ്പെട്ടു. എന്നെ കാണുമ്പോൾ കൂട്ടുകാരികൾ കളിയാക്കും:
“രാജലക്ഷ്മി ടീച്ചറുടെ അട്രാക്ഷൻ വാല്…”
കോളേജടച്ചു് ഹോസ്റ്റലിൽനിന്നും പിരിഞ്ഞു പോരുമ്പോൾ ടീച്ചറോടു് യാത്ര ചോദിച്ച സമയത്തു് ഞാൻ പൊട്ടിക്കരഞ്ഞുപോയി. ടീച്ചർ പറഞ്ഞു:
“എറണാകുളത്തു വരുമ്പോൾ എന്റെ വീട്ടിൽ വരാൻ മറക്കില്ലല്ലോ ലളിത.”
ആ അവധിക്കാലത്തു് അപ്രതീക്ഷിതമായി എറണാകുളത്തു ചെന്നപ്പോൾ ടീച്ചറുടെ സ്നേഹനിർഭരമായ വാക്കുകൾ എന്റെ ഓർമ്മയിലെത്തി. കാരയ്ക്കാമുറി റോഡിലുള്ള ആ വലിയ കെട്ടിടത്തിലേക്കു് കടക്കുമ്പോൾ എന്റെ മനസ്സു് ടീച്ചറോടുള്ള സ്നേഹവും ആദരവുംകൊണ്ടു് നിറഞ്ഞിരുന്നു. അകത്തു ചെന്നു്, അടച്ചിരുന്ന വാതിലിൽ അക്ഷമയോടെ തട്ടി. ടീച്ചർ വന്നു വാതിൽ തുറന്നു.
എന്റെ അവിചാരിതമായ സന്ദർശനം ആ മുഖത്തു് അദ്ഭുതവും ആനന്ദവും വിരിയിക്കുന്നതു് ഞാൻ കണ്ടു. പിന്നെ കുറെ നേരത്തേക്കു് സ്നേഹ വാത്സല്യങ്ങൾ കൊണ്ടു് ഞാൻ വീർപ്പുമുട്ടിപ്പോയി. അടുക്കളയിലായിരുന്ന അമ്മയെ വിളിച്ചു ടീച്ചർ എനിയ്ക്കു പരിചയപ്പെടുത്തിത്തന്നു. എന്നിട്ടു് ആ അമ്മയോടു് പറഞ്ഞു: “ഞാൻ പഠിപ്പിച്ചിട്ടുള്ള കുട്ടിയാണു്. അമ്മ കേട്ടിട്ടില്ലേ ലളിതാംബിക അന്തർജ്ജനത്തിനെ? അവരുടെ മകളാണു്.”
കാപ്പിയും മധുരപലഹാരങ്ങളും മുമ്പിൽ നിരത്തി, മുഖത്തു് മനോഹരമായൊരു മന്ദസ്മിതവുമായി നിന്ന എന്റെ രാജലക്ഷ്മി ടീച്ചറുടെ രൂപം ഞാനൊരിക്കലും മറക്കുകയില്ല…
അതിനുശേഷം, രണ്ടുമൂന്നു കൊല്ലങ്ങൾ കടന്നുപോയി. ഞാൻ പഠിപ്പു നിർത്തി വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്നു, എഴുതാനും വായിക്കാനും സമയം ചിലവഴിച്ചുകൊണ്ടു്. ടീച്ചർ പെരുന്താന്നിയിൽനിന്നു് പന്തളത്തേക്കു സ്ഥലം മാറ്റപ്പെട്ടു.
ആയിടയ്ക്കു് എന്റെ ഏഴെട്ടു കഥകൾ ജനയുഗം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. ആ കഥകൾ വായിച്ചു നോക്കണമെന്നും, അവയിലെ കുറ്റങ്ങളും കുറവുകളും കാണിച്ചു വേണ്ട ഉപദേശങ്ങൾ തരണമെന്നും ഞാൻ ടീച്ചർക്കെഴുതിയിരുന്നു. ടീച്ചറുടെ മറുപടി വന്നു.
“ലളിതയുടെ കഥകൾ എല്ലാം വായിക്കാറുണ്ടു്. ചിലതു് എനിക്കിഷ്ടപ്പെടുകയും ചെയ്തു. അന്തർജ്ജനത്തിനെപ്പോലെ ഒരമ്മയും മോഹനനെ പ്പോലെ ഒരു ചേട്ടനുമുള്ള ഒരു പെൺകുട്ടിക്കു് എന്റെ ഉപദേശമെന്തിനാണു് കഥയെഴുത്തിൽ?” എന്തൊരു വിനയമാണു് ആ വാക്കുകളുൾക്കൊള്ളുന്നതു്!
പിന്നീടു്, എന്റെ വിവാഹക്ഷണക്കത്തിനു മറുപടിയായിട്ടാണു് ടീച്ചറുടെ അവസാനത്തെ കത്തെനിക്കു കിട്ടിയതു്. എനിയ്ക്കും എന്റെ ഭാവി ജീവിതത്തിനും ഭാവുകങ്ങൾ നേർന്നുകൊണ്ടുള്ള കത്തു്, ടീച്ചർ എനിക്കെഴുതിയ ഒടുവിലത്തെ എഴുത്തു്.
വിവാഹത്തിനുശേഷം കുടുംബജീവിതത്തിന്റെ കെട്ടുപാടിൽ പെട്ടുപോയ എനിയ്ക്കു പഴയതുപോലെ വ്യക്തിപരമായ ബന്ധങ്ങൾക്കു് കൂടുതൽ സമയം കിട്ടിയിരുന്നില്ല. എങ്കിലും ടീച്ചറെപ്പറ്റിയുള്ള വിവരങ്ങൾ ഞാനന്വേഷിച്ചു കൊണ്ടിരുന്നു… അക്കൂട്ടത്തിൽ ആരോ പറഞ്ഞറിയുകയുണ്ടായി, പന്തളത്തുനിന്നു ടീച്ചർ ഒറ്റപ്പാലത്തേക്കു പോയെന്നു്…
ഈയിടെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ടീച്ചറെഴുതുന്ന ‘ഞാനെന്ന ഭാവം’ വായിച്ചപ്പോൾ വിചാരിച്ചു, ടീച്ചർക്കൊരെഴുത്തയയ്ക്കണമെന്നു്. ‘ഒരു വഴിയിലും കുറെ നിഴലുകളി’ലുംകൂടി ഒരിക്കലും മറക്കാനാവാത്ത ചില വ്യക്തികളെ നമുക്കു് പരിചയപ്പെടുത്തിത്തന്ന ആ അനുഗൃഹീതമായ പ്രതിഭ പുതിയൊരു സങ്കേതത്തിലേക്കു നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
പിന്നെ… എത്ര നാളായി എന്റെ വിശേഷങ്ങൾ ടീച്ചറെ അറിയിച്ചിട്ടു്. കഥയെഴുത്തും കുസൃതിത്തരങ്ങളുമായി ടീച്ചറുടെ പുറകേ ആരാധനയോടെ നടന്നിരുന്ന ആ പഴയ പെൺകുട്ടി ഇന്നു് രണ്ടു കുട്ടികളുടെ മാതാവാണെന്നറിയുമ്പോൾ ഇപ്പോഴും അവിവാഹിതയായി കഴിയുന്ന ടീച്ചർക്കു് ചിരി വരികയില്ലേ എന്നു ഞാനോർത്തുപോയി.
എന്നാൽ—ഇന്നു്, എന്റെ എഴുതപ്പെടാത്ത ആ കത്തു് വായിച്ചു ചിരിക്കാനും അതിനു മറുപടിയെഴുതി എന്നെ ആനന്ദിപ്പിക്കാനും കഴിയാത്തവിധം രാജലക്ഷ്മി ടീച്ചർ എന്നെ വിട്ടുപോയി എന്ന സത്യം ഞാനറിയുന്നു…
ഞാൻ എന്ന ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ആ വലിയ നഷ്ടം. മലയാളസാഹിത്യത്തിനു്, മറക്കാനാവാത്ത പല സംഭാവനകളും നൽകിയ—ഇനിയും നൽകുമായിരുന്ന—ആ മഹത്തായ ജീവിതം അകാലത്തിൽ നശിച്ചതുകൊണ്ടു് ഇന്നു് ഏറ്റവുമധികം കരയുന്നതു് കൈരളിയാണു്.
എന്റെ പ്രിയപ്പെട്ട രാജലക്ഷ്മി ടീച്ചർ… കരഞ്ഞു കലങ്ങിയ കണ്ണുകളോടും കദനഭാരം നിറഞ്ഞ ഹൃദയത്തോടുംകൂടി ഞാനാ കാലടികളിൽ കുമ്പിട്ടു നിൽക്കുന്നു. ടീച്ചറുടെ വേർപാടിൽ നിന്നുണ്ടായ ഈ വേദനയെ അതിജീവിയ്ക്കാൻ എന്റെ മനസ്സിനു് ശക്തി തരൂ… ശക്തി തരൂ…!
മാതൃഭൂമി ആഴ്ചപ്പതിപ്പു്,
1965 മാർച്ച് 7, മണി കൃഷ്ണൻ.
രാമപുരം അമനകര നാരായണൻ നമ്പൂതിരിയുടേയും, ലളിതാംബിക അന്തർജനത്തിന്റേയും മകൾ. നെയ്തശ്ശേരി മഠത്തിൽ രാമരുവിന്റെ പത്നി. മക്കൾ: മനോജ്, തനൂജ, വിനീത. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ: മരണമില്ലാത്ത പക്ഷി (കഥാസമാഹാരം), എന്റെ അമ്മ ലളിതാംബിക അന്തർജനം (ഓർക്കുറിപ്പുകൾ), ഇഷ്ടദാനം (ചെറുകഥാ സമാഹാരം), ഓർമ്മച്ചെപ്പു് തുറക്കുമ്പോൾ (ലേഖനങ്ങൾ), ഓർമ്മകൾ സാക്ഷി (പഠനം), മാധവിയും ദേവയാനിയും (നോവൽ). ലളിതാംബിക അന്തർജനം സെന്ററിന്റെ അധ്യക്ഷയാണു്. മേൽവിലാസം: നെയ്തശ്ശേരി മഠം, കോട്ടയ്ക്കകം, തിരുവനന്തപുരം.