അനന്തരം മറിയ വേദപുസ്തകം അടച്ചു വെച്ചു് ഈ അപ്പനിതെവിടെപ്പോയി എന്നു് വിചാരിച്ചു് അപ്പനെ കാത്തിരുന്നു.
മറിയയുടെ അപ്പൻ ലോന…
ലോനയ്ക്കു് താലൂക്കാസ്പത്രിടെ മുന്നിൽ ചായക്കടയുണ്ടു്. നാലു സൈക്കിൾ ചക്രങ്ങളിൽ ഉരുട്ടിക്കൊണ്ടു പോകാവുന്ന ഉന്തുവണ്ടിയാണു് അതെങ്കിലും ഇന്നു വരെ അതു് എവിടേക്കും നീങ്ങിപ്പോകുന്നതു് ആരും കണ്ടിട്ടില്ല. നാലു ചക്രങ്ങളും പഞ്ചറായിപ്പോയ വണ്ടിയെ നോക്കി ഒരിക്കൽ ഒരാൾ ചോദിച്ചു.
“അല്ല ലോനച്ചായോ… വണ്ടിക്കു് വലത്തോട്ടൊരു ചായ്വുണ്ടോന്നൊരു സംശയം… ”
“നീയിങ്ങോട്ടു് വന്നേ… ” എന്നു് ലോന അയാളെ വണ്ടിയുടെ മറുഭാഗത്തു് നിന്നു് വിളിച്ചു.
“ഇപ്പോൾ ചായ്വെങ്ങോട്ടാ… ” ഇടത്തോട്ടു്…
“ആ അത്രേയുള്ളൂ… ചിലപ്പോൾ ഇടത്തോട്ടു് ചിലർക്കു് വലത്തോട്ടു്… ചിലപ്പോൾ ചായ്വേ ഇല്ല.”
ലോനയുടെ അപ്പൻ വർക്കി… വർക്കിച്ചായനു് ഇത്തിരി കിഴക്കോട്ടു് നീങ്ങി ഒരു ഷാപ്പുണ്ടു്.
അപ്പനിങ്ങനെ ഷാപ്പു നടത്തുന്നതു് ലോനക്കു് കുറച്ചിലാണു്. അയാളതു് തരം കിട്ടുമ്പോഴൊക്കെ പറയും. തന്തക്കിതിന്റെ വല്ല ആവശ്യോമുണ്ടോ എന്നാണു് ലോനയുടെ പതിവു ചോദ്യം.
“അവൻ നടത്തുന്നതു് സ്റ്റാർ ഹോട്ടലാണല്ലോ… അല്ലെങ്കിൽ പിന്നെ അവൻ തരട്ടെ എനിക്കു് ബീഡിക്കും ചായക്കും കാശ്” എന്ന വർക്കിച്ചന്റെ ആവശ്യത്തിനു മുന്നിൽ ലോന നിശ്ശബ്ദനാവും. വർക്കിച്ചനു് എന്തു കൊടുക്കാനും ലോന തയ്യാറാണു്. പക്ഷേ, അയാൾക്കറിയാം, അപ്പനതു വാങ്ങില്ലെന്നു്. അപ്പനയാളോടൊന്നു് മിണ്ടിയിട്ടു് വർഷം പത്തായി.
കത്രീനയായിരുന്നു അപ്പന്റെയും മകന്റേയും ഇടയിലെ പാലം.
“നിന്റെ കെട്ടിയവനോടു് പറ, രാവിലെ അടക്കാ പറിക്കാൻ തോട്ടത്തിൽ പോകാൻ” എന്നു് വർക്കി കത്രീനയെ ഏല്പിക്കും…
“നിന്റപ്പനോടു് പറ എനിക്കു നാളെ പറ്റത്തില്ലാന്നു്” എന്നു് ലോനയും കത്രീനയെ ഏല്പിക്കും.
എന്റപ്പാ എന്നേ കത്രീന വിളിക്കുമായിരുന്നുള്ളൂ. പെണ്ണേ എന്നു മാത്രം വർക്കിച്ചനും അവളെ വിളിച്ചു.
ഒരു ത്രിസന്ധ്യ നേരത്തു് കത്രീന ആരോടും ഒന്നും പറയാതെ ആ പഴയ വീടിന്റെ തട്ടിൻപുറത്തു് തുണികൾ ഉണക്കാനിട്ടതിന്റെ കൂടെ തൂങ്ങി നിൽക്കുന്നതു് ആദ്യം കണ്ടതു് ലോനയാണു്… വർക്കി മറിയയെയും ചുമലിലിരുത്തി ഇത്തിരി നേരം മുമ്പാണു് പാടത്തിനു നടുവിലൂടെ കവലയിലേക്കു് പോയതു് എന്നു് അയൽക്കാരാരൊക്കെയോ പറഞ്ഞു. അന്നു് പോയതാണു് വർക്കി ആ വീട്ടിൽ നിന്നു്.
“അവളില്ലാതെ എങ്ങനാ… ” എന്നാണയാൾ പറയുന്നതു്.
ലോനയ്ക്കു് ഇപ്പോഴും മനസ്സിലായിട്ടില്ല കത്രീന എന്തിനാണതു് ചെയ്തതെന്നു്.
“അതങ്ങനെയാ ലോനേ… ചിലർ എന്തിനാണു് അങ്ങിനെ ചെയ്യുന്നതു് എന്നു് നമുക്കാർക്കും മനസിലാവില്ല. നമ്മക്കൊന്നും കാണാൻ പറ്റാത്ത എന്തൊക്കെയോ കാണുന്നവരാണവർ.” ജോസഫ് ഒരു ദിവസം ലോനയോടു് പറഞ്ഞു.
ജോസഫ് മോർച്ചറിയിൽ ജോലിക്കു ചേർന്ന ആദ്യത്തെ ദിവസമായിരുന്നു അതു്. അന്നു് ഒരേ ഒരു മരണാനന്തര ശസ്ത്രക്രിയയേ ഉണ്ടായിരുന്നുള്ളൂ. ആരോടും പറയാതെ ജീവിതത്തെ വഴിയിൽ ഊരി വെച്ചു് പോയ ഒരു സ്ത്രീ. എന്തിനാണവർ അതു ചെയ്തതു് എന്നറിയാത്ത ഒട്ടനവധി പേർ ആസ്പത്രി മുറ്റത്തു് ചോദ്യചിഹ്നങ്ങളെ പോലെ അലഞ്ഞു നടക്കുന്നതു ജോസഫ് കണ്ടു.
ആത്മഹത്യ ചെയ്ത സ്ത്രീകൾ മോർച്ചറിയിലെത്തുന്ന ദിവസം ലോനയ്ക്കു് വല്ലാത്ത വെപ്രാളമാണു്. അയാൾ വണ്ടിപ്പീടികയിൽ നിന്നു് പുറത്തിറങ്ങി പല തവണ ആസ്പത്രി മുറ്റത്തു ചെന്നു നില്ക്കും. കൈകൾ കൂട്ടിത്തിരുമ്മി അവിടെ നിന്നു തിരിച്ചു നടക്കും. ഒടുവിൽ മോർച്ചറിയുടെ വാതിൽ തുറന്നു പുറത്തു വരുന്ന ജോസഫിനെ കാണുമ്പോൾ അയാളുടെ മുഖത്തു് വല്ലാത്തൊരാനന്ദം വന്നു നിറയും. ജോസഫ് നേരെ ലോനയുടെ അടുത്തേക്കാണു് വരിക.
“എന്തിനായിരുന്നു?” എന്ന ഒറ്റ ചോദ്യമേ ലോന ചോദിക്കുകയുള്ളൂ എന്നു് അയാൾക്കറിയാം.
“ആവോ” എന്ന മറുപടിയല്ലാതെ മറ്റൊന്നും ജോസഫ് പറയില്ല എന്നു് ലോനയ്ക്കുമറിയാം.
എന്നാലും ലോനയുടെ ചോദ്യവും ജോസഫിന്റെ ഉത്തരവും അവസാനിച്ചതേയില്ല. ഇപ്പോഴിപ്പോൾ ലോനയ്ക്കു് രാവിലെ എത്രയും പെട്ടെന്നു് പീടികയിലെത്തണമെന്നാണു്.
“അപ്പൻ ചെന്നിട്ടു് വേണോ അവിടെ ആസ്പത്രി തുറക്കാൻ?”
പോകാൻ തിരക്കു കൂട്ടിയ അപ്പനോടു് മറിയ ചോദിച്ചു. അവൾ അപ്പനോടു് ധൃതി വക്കലാണല്ലോ പതിവു്.
അപ്പാപ്പനെ കാണാൻ തോന്നുന്ന ദിവസങ്ങളിൽ മാത്രമേ അവൾ അപ്പന്റെ കൂടെ പീടികയിലേക്കു് പുറപ്പെടാറുള്ളൂ. മറിയ അപ്പാപ്പനെ കാണാൻ പോകുന്നതു ലോനയ്ക്കു് ഒട്ടും ഇഷ്ടമായിട്ടല്ല, പക്ഷേ, അവളുടെ ഒരിഷ്ടവും വേണ്ടെന്നു പറയാൻ അയാൾക്കാവില്ലല്ലോ…
മറിയക്കറിയാം വർക്കി അവൾ ചെല്ലുന്നതു് കാത്തിരിക്കുമെന്നു്. അവളോടു മാത്രമാണു് അയാൾ ലോനയെക്കുറിച്ചു് നല്ലതു പറയുക…
“അപ്പനു് ഏനക്കേടൊന്നുമില്ലല്ലോ മോളേ… ”
“ഇല്ല അപ്പാപ്പാ… ”
അപ്പോൾ വർക്കി ഒരു ദീർഘശ്വാസമെടുക്കും. ശേഷം ചുമലിലെ തോർത്തു കൊണ്ടു് മുഖം അമർത്തിത്തുടക്കും. ഓരോ തവണ തിരിച്ചു പോരുമ്പോഴും അപ്പാപ്പൻ വീട്ടിലേക്കു വാ എന്നു വിളിക്കണമെന്നു് അവളും അവളോടൊപ്പം ചെന്നു് അവനെ ഒന്നു കാണണമെന്നു് വർക്കിയും വിചാരിക്കാറുണ്ടു്. അവൾ അപ്പാപ്പന്റെ രണ്ടു കൈയ്യും കൂട്ടിപ്പിടിച്ചു് അയാളുടെ വെള്ള പടർന്ന കണ്ണുകളിൽ നോക്കിയിരിക്കും. അയാൾ രണ്ടു കുപ്പി പുതിയ കള്ളും അന്നുണ്ടാക്കിയ കറിയും ഒരു സഞ്ചിയിലാക്കി അവൾക്കു കൊടുത്തിട്ടു പറയും…
“നിന്റപ്പനു് ഇതൊന്നും വേണ്ടി വരില്ല… ”
അപ്പാപ്പന്റടുത്തു നിന്നു് തിരിച്ചു വരുമ്പോഴാണു് മറിയയെ ജോസഫ് ആദ്യമായി കാണുന്നതു്. അന്നയാൾക്കു് പണിയൊന്നുമില്ലാത്ത ദിവസമായിരുന്നു.
“അതിനും വേണ്ടി ഇന്നലെ എന്റെ ലോനച്ചായോ… നാലെണ്ണത്തിനെയല്യോ ഞാനീ കൈ കൊണ്ടു്… ” ജോസഫ് സ്വന്തം കൈകളിലേക്കു് നോക്കി.
ലോന ഇരുന്നിടത്തു നിന്നു് എഴുന്നേറ്റു് വന്നു് അയാളുടെ കൈകൾ മെല്ലെ പിടിച്ചു നോക്കി. പിന്നെ അതു് മൂക്കിൽ ചേർത്തു് അതിലെ മണം ആഞ്ഞു വലിച്ചു.
“അതിൽ രണ്ടെണ്ണം വലിയ സങ്കടമായി. ഒരു ചെക്കനും പെണ്ണും… ”
ജോസഫ് മറിയയെ നോക്കി…
“എന്റെ മോളാ… ” ലോന അവളെ ജോസഫിനു് പരിചയപ്പെടുത്തി. “അവൾ അപ്പാപ്പന്റടുത്തു് പോയിട്ടു് വരുന്ന വഴിയാ… ” ലോന സഞ്ചിയിൽ നിന്നു് കള്ളെടുത്തു് പുറത്തു വച്ചു.
“അപ്പാ… വേണ്ട… ”
വീട്ടിൽ വന്നേ കുടിക്കൂ എന്നാണു് ലോനയും മറിയയും തമ്മിലുള്ള വാക്കു്. അതയാൾ തെറ്റിക്കാറേയില്ല. അയാൾ കുപ്പി സഞ്ചിയിലേക്കു തന്നെ വച്ചു് ജോസഫിനു നേരെ തിരിഞ്ഞു.
“ഒരു ചെക്കനും പെണ്ണും. എന്നിട്ടു്…?”
“രണ്ടാളും കല്യാണം കഴിച്ചു കൊടുക്കണമെന്നു് അപ്പനമ്മമാരോടു് ആവും പാടും പറഞ്ഞു. ആരു കേൾക്കാൻ. ഒരു നിവൃത്തിയുമില്ലാന്നു കണ്ടപ്പോൾ രണ്ടാളും ഫോണിൽ വിളിച്ചു് വൺ ടു ത്രീ പറഞ്ഞു് ഒരേ സമയം തൂങ്ങി. രണ്ടാളേം ഇന്നലെ വൈകുന്നേരം കൊണ്ടുവന്നു് മോർച്ചറിയിൽ കിടത്തി. ഒരു രാത്രി മുഴുവൻ രണ്ടു പേരും ഒരേ മുറിയിൽ. രാവെളുക്കുവോളം വർത്താനം പറഞ്ഞു കിടന്നിട്ടുണ്ടാവും രണ്ടാളും… ”
ജോസഫ് ഒരിക്കൽക്കൂടി മറിയയെ നോക്കി. അവൾ പെട്ടെന്നു് കണ്ണുകൾ പിൻവലിച്ചു് വേറെവിടെയോ നോക്കുന്നതായി നടിച്ചു. അന്നു വൈകുന്നേരം ലോനയോടൊപ്പം ജോസഫ് വീട്ടിലേക്കു വരുമെന്നു് അവൾക്കുറപ്പായിരുന്നല്ലോ. കോലായയിൽ വിരിച്ചിട്ട തടുക്കിൽ ചമ്രം പടിഞ്ഞിരുന്നു് ലോനയും ജോസഫും മറിയയുണ്ടാക്കിയ മുളകു ചമ്മന്തിയിൽ മുക്കി കപ്പ പുഴുങ്ങിയതു് തിന്നുകയും വർക്കി കൊടുത്തു വിട്ട കള്ളു് വരട്ടിയ പന്നിയോടൊപ്പം കുടിച്ചു തീർക്കുകയും ചെയ്തു.
“ഇനി ഇത്തിരി കട്ടൻ ചായ കൂടി വേണം”. ജോസഫ് പറഞ്ഞു.
“ഈ എരിവിനു് ചൂടു ചായ കൂടി ചേർന്നാൽ… ” അയാൾ രുചി ആസ്വദിക്കുന്നതിന്റെ ആഹ്ലാദ ശബ്ദമുണ്ടാക്കി.
മറിയ കട്ടൻ ചായ മുന്നിൽ വച്ചപ്പോൾ അയാൾ പറഞ്ഞു:
“പക്ഷേ, ലോനച്ചായാ… ഞാൻ കഴിച്ച ഏറ്റവും രുചിയുള്ള ഭക്ഷണം ഇതൊന്നുമല്ല.”
അയാൾ ഗ്ലാസ് കൈയിലെടുത്തു് ഒരിറക്കു് കുടിച്ചു് മറിയയെ നോക്കി. അയാൾക്കപ്പോൾ താൻ നിൽക്കുന്നതു് ഏതോ ഒരു തീവണ്ടി സ്റ്റേഷന്റെ മുമ്പിലെ ചെറിയ ഉന്തുവണ്ടിയുടെ മുന്നിലാണെന്നു തോന്നി. ഭേൽപുരിയും ചന്ന മസാലയും ആവി പറക്കുന്ന പുഴുങ്ങിയ ചോളവും വിൽക്കുന്ന ഒരു മുഷിഞ്ഞ മഖാനി. ഏതൊക്കെയോ തീവണ്ടികൾ വന്നു പോകുന്നതിന്റെ അവ്യക്തമായ അറിയിപ്പുകൾ കേൾക്കാനുണ്ടു്. പലതരം ശബ്ദങ്ങളുടെയും പലതരം കാഴ്ചകളുടേയും ഒരു കോക്ടെയിൽ…
കറുത്ത ചീനച്ചട്ടിയുടെ അരികിൽ മുട്ടി ശബ്ദമുണ്ടാക്കുകയും പെട്രോമാക്സിനു് കാറ്റടിക്കുകയും ചെയ്യുന്ന അയഞ്ഞ കാലുറയും വലബനിയനും തലപ്പാവും ധരിച്ച പീടികക്കാരൻ ജോസഫിനെ കണ്ടപ്പോൾ തന്റെ പണി നിർത്തി അയാളുടെ അടുത്തേക്കു് വന്നു. ഇടം വലം നോക്കി അയാളുടെ മടിക്കുത്തിൽ തിരുകി വച്ച രണ്ടു പൊതികൾ ജോസഫിനു നൽകുകയും ജോസഫ് കീശയിൽ നിന്നു് ചുരുട്ടിയ രണ്ടു നോട്ടുകൾ അയാൾക്കു കൈമാറുകയും ചെയ്തു.
“രണ്ടു പൊതി മരുന്നു്”. ജോസഫ് പറഞ്ഞതു് ലോനയും മറിയയും കേട്ടു.
അവിടെ വച്ചു തന്നെ പൊതികൾ തുറന്നു് തീരെ ചെറിയ അഞ്ചോ ആറോ ചുരുളുകളാക്കും. എന്നിട്ടു് നേരെ ചെന്നു് ഏതെങ്കിലും തീവണ്ടിയുടെ ജനറൽ കമ്പാർട്ട്മെന്റിൽ കയറും. കാലു കുത്താനിടയില്ലാത്ത തീവണ്ടിയിലെ ചീഞ്ഞ പച്ചക്കറിയുടേയും നനഞ്ഞ ആട്ടിൻ രോമത്തിന്റെയും ഗന്ധം ജോസഫിനു് ഇപ്പോൾ അനുഭവിക്കാൻ പറ്റുന്നുണ്ടു്. “ഭായ്, രാസ്താ ദേ ദോ… ”
“കിധർ ജാതേ തൂ… ” അയാൾ വായിൽ വന്ന തെറി ചിലപ്പോൾ പറഞ്ഞെന്നു വരില്ല. എന്നാലും ജോസഫ് മറുപടി പറയും.
“അഗലേ സ്റ്റേഷൻ തക്… ”
തട്ടിയും മുട്ടിയും ആ തിരക്കിലൂടെ നടക്കുമ്പോൾ മരുന്നു വാങ്ങാൻ നില്ക്കുന്നവരെ ജോസഫിനു് വേഗം തിരിച്ചറിയാം. തിരക്കിലറിയാതെ എന്ന പോലെ കാലിൽ ഒന്നമർത്തിച്ചവിട്ടിയാൽ ആവശ്യക്കാരൻ തലയുയർത്തും… അടുത്ത സ്റ്റേഷനിൽ വണ്ടി കിതച്ചു നിൽക്കുമ്പോഴേക്കു് കൈയിലുള്ള മരുന്നു് വിറ്റുതീരും. വണ്ടി നില്ക്കുന്നതിനു മുമ്പേ ചാടിയിറങ്ങുന്നവരെ കണ്ടാൽ പോലീസുകാർക്കറിയാം. “രുകോ രുകോ” എന്നു വിളിച്ചു് പിന്നാലെയോടുന്ന അയാളെ ഉച്ചത്തിൽ തെറി പറഞ്ഞു് പാലത്തിന്റെ ചുവട്ടിൽ ചെന്നു് ആകാശം നോക്കിക്കിടക്കുകയോ ആക്രിച്ചന്തയിൽ ചുറ്റി നടക്കുകയോ ചെയ്യുമ്പോഴും കീശയിലെ കാശെങ്ങനെ ചെലവാക്കാം എന്നാണാലോചിക്കുക. അതു മുഴുവൻ ചെലവാക്കിയിട്ടു വേണമല്ലോ അടുത്ത പൊതി മരുന്നു വാങ്ങി വേറൊരു വണ്ടിയിൽ വേറൊരു സ്റ്റേഷനിൽ എത്താൻ…
നേരമിരുട്ടിയിട്ടും കൈയിൽ ബാക്കിയായ ഒരു നോട്ട് ചെലവാക്കാനാണു് രണ്ടി മാർഗിലേക്കു് പോയതു്… ദിവസങ്ങളായി നോക്കി വച്ച ഒരുത്തിയുണ്ടവിടെ. ഇരുനിറക്കാരി. ചതുരമുഖമുള്ളവൾ… അവളപ്പോൾ അന്നത്തെ മൂന്നാമത്തെ ഇടപാടുകാരനെ യാത്രയാക്കുകയായിരുന്നു. അയാളവൾക്കു് തന്റെ നീണ്ട ജുബയുടെ തെറുത്തു വച്ച കൈ നിവർത്തി അതിൽ നിന്നെടുത്ത ഒരു കറൻസി കൂടി നല്കി മനസ്സില്ലാ മനസ്സോടെ ഇറങ്ങിപ്പോയി.
“ഇരിക്കു് ” എന്നു പറഞ്ഞു് മുടി ഒന്നു കൂടി അഴിച്ചു കെട്ടി ആ മുറിയെ രണ്ടായി തിരിക്കുന്ന തിരശ്ശീലക്കുപ്പുറത്തേക്കു് പോയ അവൾ സമയം കുറേ കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല. ഇടുങ്ങിയ മുറിയാകെ ഉള്ളിയും പരിപ്പും വേവുന്ന ഗന്ധം. ചെന്നു നോക്കുമ്പോൾ അവൾ മണ്ണെണ്ണ സ്റ്റൗവിൽ പാചകത്തിലാണു്. “ഇപ്പോ കഴിയും… ” അവൾ ചിരിച്ചു.
“തിരക്കൊന്നുമില്ലല്ലോ…?” അവൾ അടുപ്പിലെ തീ ഇത്തിരി കൂടി കൂട്ടി വച്ചു. അവളോടൊപ്പം നിലത്തു് കാലും നീട്ടിയിരുന്നു.
അന്നവൾ വിളമ്പിയ അവളുടേതിൽ പാതി ഭക്ഷണമാണു് ഇന്നോളം കഴിച്ചതിൽ ഏറ്റവും രുചികരം. വിശപ്പു മാറാൻ മാത്രം അതുണ്ടായിരുന്നില്ല.
വെറും നിലത്തു് നീണ്ടു നിവർന്നു കിടന്ന തന്റെ അടുത്തു് അവളും വന്നു കിടന്നു.
“ഞാൻ നിനക്കു് എന്താണു് ചെയ്തു തരേണ്ടതു?” അവൾ ചോദിച്ചു.
“ഇപ്പോൾ നീ തന്ന ആഹാരത്തിന്റെ രുചി പഠിപ്പിച്ചു തരാമോ?”
അവൾ ചിരിച്ചു. ചെറിയ ജനാലയിലൂടെ അസ്തമന സൂര്യന്റെ ചുവന്ന വെളിച്ചം അരിച്ചു വരുന്നുണ്ടായിരുന്നു. ഉള്ളിലൂടെ ഏതൊക്കെയോ പുരാതനമായ രുചിക്കൂട്ടുകൾ തികട്ടിത്തികട്ടി വരുന്നു. എഴുന്നേറ്റിരുന്നു് അവളുടെ നെറ്റിയിൽ ചുംബിച്ചു. പോക്കറ്റിലുണ്ടായിരുന്ന പണമെടുത്തു് അവളുടെ കൈയിൽ പിടിപ്പിച്ചു് പുറത്തേക്കു നടന്നു. എത്ര കുടഞ്ഞു കളഞ്ഞിട്ടും പോകാതെ ഒരു പ്രകമ്പനം തലച്ചോറിലാകെ… ആൾക്കൂട്ടത്തിനിടയിലൂടെ അതിവേഗം നടന്നു. കാലുകൾ കുഴഞ്ഞിട്ടും ഉടലാകെ തളർന്നിട്ടും നിൽക്കാൻ തോന്നിയതേയില്ല. പോകണം പോകണം എന്നൊരൊറ്റ പിടച്ചിൽ… കിട്ടിയ വണ്ടിക്കു് കയറി… വരണ്ട ഉഷ്ണനിലങ്ങളിലൂടെയും തീപ്പിടിച്ച ശൂന്യസ്ഥലികളിലൂടെയും അലഞ്ഞു് നാട്ടിലെത്തിയപ്പോൾ അമ്മച്ചിയുടെ ശവമടക്കു് കഴിഞ്ഞു് ആൾക്കാർ പിരിയുന്നതേയുണ്ടായിരുന്നുള്ളൂ.
ജോസഫ് മുറ്റത്തിറങ്ങി കൈകഴുകി കുലുക്കുഴിഞ്ഞു് നീട്ടിത്തുപ്പി. ചുവന്ന സൂര്യ വെളിച്ചത്തിൽ ചോരത്തുള്ളികൾ പോലെ വെള്ളം ചിതറി വീണപ്പോൾ ജോസഫിനു് ചിരിക്കാൻ തോന്നി.
“ഞാൻ പോണു്… അപ്പനോടു് പറഞ്ഞേക്കു്… ” ചിരി കേട്ടു പുറത്തേക്കു വന്ന മറിയയോടു് ജോസഫ് പറഞ്ഞു. ഉടുമുണ്ടു് ഒന്നു കൂടി കയറ്റി മടക്കി കുത്തി ഒരു ബീഡിയും കത്തിച്ചു് അയാൾ അന്നു പോയ പോക്കു് മറിയക്കു് ഇപ്പോഴും കാണാം. പിന്നീടു് എത്ര തവണ ജോസഫ് വന്നുവെന്നു് മറിയക്കു് നിശ്ചയമില്ല. അവൾ അപ്പാപ്പന്റടുത്തു് പോയി വരുന്ന ദിവസങ്ങളിലൊക്കെയും അയാളവളെ കാണാൻ വരികയും അപ്പാപ്പൻ കൊടുത്തു വിടുന്ന കള്ളും എരി കൂടുതലുള്ള കറിയും കഴിക്കുകയും ചെയ്തു.
ഇപ്പോൾ താൻ അപ്പാപ്പനെ കാണാൻ പോകുന്നതു തന്നെ ജോസഫിനു വേണ്ടിയാണല്ലോ എന്നവൾ സ്വയം ചിരിച്ചു. വരുമ്പോഴൊക്കെ ജോസഫ് മരണാനന്തര ശസ്ത്രക്രിയക്കു വരുന്ന പെണ്ണുടലുകളെക്കുറിച്ചു് പറഞ്ഞു.
“ചില ദേഹങ്ങൾ… നമുക്കവയെ വേദനിപ്പിക്കാനേ തോന്നില്ല. ഒരു പോറലു പോലുമേൽക്കാത്ത അവയിലേക്കെങ്ങനെയാണു് കത്തിയിറക്കുക എന്നു് ഒരു വേള നമുക്കു് വല്ലാതെ സങ്കടം വരും.” ജോസഫ് പറഞ്ഞു.
കുളിമുറിയിൽ ഒളിച്ചു വച്ച കാമറയിലെ ചിത്രങ്ങളെ പേടിച്ചു് ആത്മഹത്യ ചെയ്തവളുടെ ഉടൽ വന്ന ദിവസമായിരുന്നു അതു്.
“മറ്റുള്ളവർ കാണുന്നതു് വെറും ചിത്രങ്ങളല്ലേ… ഇവിടെയോ…ആരൊക്കെയോ കാണുകയും തട്ടിയുരുട്ടുകയും വെട്ടിമുറിക്കുകയും ചെയ്യുന്നു. ഈ ഉടലിന്റെ പേരിൽ ചത്തു കളയുന്ന പെണ്ണുങ്ങളുണ്ടല്ലോ… ശരിക്കും വെറും മണ്ടികളാ… ” ജോസഫ് മറിയയെ നോക്കി പറഞ്ഞു…
“ഓരോ ദേഹവും ഓരോ കഥയാണു് മറിയാ… തലമുടിയിൽ പിടിച്ചു് മരവിച്ച മാർബിൾ പലകയിൽ കിടത്തുമ്പോൾ മുതൽ അവ നമ്മോടു പറയുന്ന കഥകൾ അവസാനിക്കുകയേയില്ലെന്നു തോന്നും. പാതിയടഞ്ഞു പോയ കണ്ണുകളിൽ അവർ മാത്രം കണ്ട ഒരവസാന കാഴ്ച നമുക്കാർക്കും പിടി തരാതെ ഒളിച്ചിരിക്കുന്നുണ്ടാവും. ചുരുട്ടിപ്പിടിച്ച കൈകളിൽ അവസാനം പിടിച്ച ഒരു ചൂണ്ടുവിരലിന്റെ ചൂടു് ബാക്കിയുണ്ടാവും.” ജോസഫ് മറിയയുടെ അടുത്തേക്കു് നീങ്ങിയിരിക്കുകയും അവളുടെ കൈയിൽ മുറുകെ പിടിക്കുകയും ചെയ്തു.
ഇടത്തേ ചെവിയിലെ കല്ലടർന്നു പോയ മൊട്ടു കമ്മൽ പതുക്കെ അഴിച്ചെടുക്കുന്നതു് ജോസഫ് പറഞ്ഞപ്പോൾ മറിയ അറിയാതെ അവളുടെ ചെവിയിൽ തൊട്ടു നോക്കി. നെഞ്ചിലും വയറിലും ഒരുമിച്ചു് പിടിച്ചു് ജോസഫ് അതിനെ കമിഴ്ത്തി കിടത്തിയപ്പോൾ മറിയക്കു് ശ്വാസം മുട്ടുന്നതു പോലെ തോന്നി. പിൻ കഴുത്തിലൂടെ വിരലുകൾ താഴേക്കു് അരിച്ചു പോകുന്നതു് അവൾ ശരിക്കുമനുഭവിച്ചു. ഓരോരോ അടരുകളായി ജോസഫ് ദേഹമാകെ അഴിച്ചെടുക്കുന്നതു് മറിയ ഒട്ടൊരു കൗതുകത്തോടെ നോക്കിയിരുന്നു…
സാവധാനം കണ്ണടക്കുമ്പോൾ ജോസഫ് അടുത്തേക്കു് വരുന്നതു് അവൾക്കു് അടഞ്ഞ കണ്ണുകളിൽ കാണാം.
“മറിയേ… ” ജോസഫ് തീരെ താണ ശബ്ദത്തിൽ വിളിച്ചു.
“ഉം… ” അവൾ വിളി കേട്ടു.
“ഞാനാലോചിക്കായിരുന്നു.”
“എന്തു?”
“ഇത്രയും ഭാരമുള്ള നിന്നെ ഞാനെങ്ങനെയാണു് ആ മാർബിൾ മേശയിലേക്കു് എടുത്തു കിടത്തുക?”
ഉള്ളാകെ ഇളക്കിമറിച്ചു് ഒരു ഓക്കാനം അടിവയറ്റിൽ നിന്നു് പൊട്ടിപ്പുറപ്പെടുന്നതു പോലെ മറിയക്കു തോന്നി. കത്തികൊണ്ടു കഴുത്തു മുതൽ താഴേക്കു് ഒരു വരവരച്ചതു പോലെ അവൾ പുളഞ്ഞു പോകുകയും ചെയ്തു.
മറിയ സാവധാനം കണ്ണു തുറന്നു് ജോസഫിനെ നോക്കി.
ഉള്ളിലുള്ള ഊഷ്മാവത്രയും തണുത്തു പോകുന്നതു പോലെ തോന്നി ജോസഫിനു്. പെയ്യാതെ തോർന്നു പോയ ഒരു പെരുമഴ പോലെ അയാൾ സ്വയം ശൂന്യമായി.
“ഞാൻ പോണു്… ” അയാൾ മറിയയെ നോക്കാതെ പുറത്തേക്കു നടന്നു.
സാരമില്ല എന്നു പറയണമെന്നുണ്ടായിരുന്നു മറിയയ്ക്കു്. എന്നാലും അവളതു് വേണ്ടെന്നു വച്ചു…
കഥാകൃത്തു്, നോവലിസ്റ്റ്, നിരൂപകൻ. ആൺപേടി, എലീറ്റ ആഞ്ജലീന തുടങ്ങിയവർ എന്നീ ചെറുകഥാ സമാഹാരങ്ങളും, തുക പൂജ്യമാകുന്ന കളികൾ, ഹിസ്റ്ററോബിയ എന്നീ നോവലുകളും പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ കഥകളും നിരൂപണങ്ങളും എഴുതുന്നു. jwalanam.in എന്ന പോർട്ടലിൽ കഥാവൃത്താന്തം എന്ന കഥാവലോകന പംക്തി ചെയ്യുന്നു. പാലക്കാടു് ജില്ലയിൽ മണ്ണാർക്കാടു്, പള്ളിക്കുറുപ്പു് സ്വദേശിയാണു്. ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ ജോലി ചെയ്യുന്നു.
ചിത്രീകരണം: വി. പി. സുനിൽകുമാർ