‘കാലഹരണപ്പെടുന്ന മനുഷ്യൻ’ 1980-ൽ എഴുതിയ ലേഖനത്തിന്റെ തലക്കെട്ടു്. മനുഷ്യവംശത്തിന്റെ വർത്തമാനത്തിലും ഭാവിയിലും വലിയ പ്രതീക്ഷകളില്ലാത്ത ഒരു ചെറുപ്പക്കാരന്റെ ആത്മഗതങ്ങൾ അന്നു ജോലി ചെയ്തിരുന്ന പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പിലാണു് അച്ചടിച്ചതു്. കാൽ നൂറ്റാണ്ടുപോലും തികയ്ക്കാത്ത ജീവിതാനുഭവങ്ങളെ വിശ്വസിച്ചുകൊണ്ടു് അങ്ങനെയൊന്നും ചിന്തിക്കാനേ പാടില്ലായിരുന്നു എന്നു് അതു വായിച്ച മുതിർന്നവരെല്ലാം പറഞ്ഞു. പത്രാധിപർ ക്യാബിനിലേക്കു വിളിച്ചു് ചില ഉപദേശങ്ങളൊക്കെ തന്നു. അവരെയൊന്നും മുഖവിലയ്ക്കെടുത്തതേയില്ല. പ്രായമാണു് ജീവിതം വിലയിരുത്താനുള്ള മാനദണ്ഡമെങ്കിൽ എന്റെ കിഴക്കേലെ എൺപതുകാരനായ തെങ്ങുകയറ്റത്തൊഴിലാളി കുട്ടപ്പനപ്പാപ്പനാണു് ഏറ്റവും യോഗ്യനെന്നും ചിലരോടു പറഞ്ഞു. കാലം കടന്നുപോയി. അറിഞ്ഞും അറിയാതേയും അരനൂറ്റാണ്ടിലേറെ നടന്നു തീർത്തിരിക്കുന്നു. ആ വഴിയിലേക്കു് തിരിഞ്ഞു നോക്കിയപ്പോൾ ചില തിരിച്ചറിവുകളുണ്ടായി. ആയിരത്തി തൊള്ളായിരത്തി എൺപതിലെ ആളുടെ തുടർച്ചയായ രണ്ടായിരത്തി പതിനേഴിലെ ഞാൻ മറ്റൊരു മനുഷ്യനായിരുന്നു. ആ മറ്റൊരാളാണു് ചില വികാരങ്ങൾ തീരെ പ്രസക്തിയില്ലാത്തവണ്ണം പഴകിയിരിക്കുന്നു എന്നു് കണ്ടെത്തിയതു്. അങ്ങനെയാണു് ‘ചില പ്രാചീനവികാരങ്ങൾ’ എന്ന കഥയുടെ തുടക്കം. അതു് അത്രയ്ക്കു് ബാധിച്ചതിനാലാകണം രണ്ടു വർഷം കഴിഞ്ഞപ്പോൾ അതേപേരിൽ രണ്ടാമതു് ഒരുവട്ടം കൂടി എഴുതിയതു്. എൺപതിലെ ലേഖനത്തെ കുറ്റപ്പെടുത്തിയ മുതിർന്ന മനുഷ്യരിൽ ആരും തന്നെ ഇന്നില്ല. അവരും കൂടിച്ചേർന്നു രൂപപ്പെടുത്തിയ ഈ ലോകത്തിൽ അവരില്ലാത്ത കുറേ കാലം കൂടി ഞാൻ ജീവിച്ചു. ഇപ്പോൾ അവരെന്നെ കണ്ടാൽ എന്തായിരിക്കും പറയുക എന്നു് കൗതുകത്തോടെ ആലോചിക്കുകയാണു്. എൺപതിൽ യുവാവായിരുന്ന നീ കൂടുതൽ നിരാശനായല്ലോ, ഞങ്ങളുടെ ശ്രമങ്ങൾ കൂടി നീ പാഴാക്കിയല്ലോ എന്നായിരിക്കുമോ, അതോ നീ സത്യത്തോടു് കൂടുതൽ അടുക്കുകയായിരുന്നു എന്നായിരിക്കുമോ… അറിയില്ല. അതെന്തായാലും പഴകിപ്പോയതും ഇനി അത്യാവശ്യമില്ലാത്തതും അഥവാ ആവശ്യം വന്നാൽത്തന്നെ കാലഹരണപ്പെട്ട ചില മനുഷ്യർ മാത്രം കൊണ്ടു നടക്കുന്നതുമായ ചില വികാരങ്ങളെക്കുറിച്ചു വ്യാകുലപ്പെടാൻ തുടങ്ങിയിട്ടു് കുറേക്കാലമായി. കൃത്യമായിപ്പറഞ്ഞാൽ കാലങ്ങൾക്കു മുമ്പു് തൃശ്ശിനാപ്പിള്ളിയിൽ നിന്നു കള്ളവണ്ടി കേറി എറണാകുളത്തിറങ്ങി പിന്നെയങ്ങോട്ടു് തനിമലയാളിയായി മാറിയ സന്ധ്യാവ്, ദൊരൈരാജ്, ഐസ് എന്നീ പേരുകളിലറിയപ്പെട്ട, നെഞ്ചു നിറയെ ഹൃദയുമുണ്ടായിരുന്ന ആ മനുഷ്യൻ, എന്റെ അപ്പൂപ്പൻ കൊച്ചിയിലെ മണ്ണിലേക്കു മടങ്ങിയതിനു ശേഷം… നേരിയ വികാരങ്ങളെ തീരെ ആവിഷ്ക്കരിക്കാത്ത ആ മുഖം എന്റെ മുഖവുമായി ലയിക്കാൻ പോകുന്നതിനാലാകുമോ ഇത്തരം ചിന്തകൾ വിടാതെ പിടികൂടുന്നതു്… അറിയില്ല, എന്തായാലും ചില പ്രാചീന വികാരങ്ങൾ ഞാൻ വീണ്ടും ചെറിയ മാറ്റങ്ങളോടെ എഴുതുകയാണു്.
—പി. എഫ്. മാത്യൂസ്
എൺപത്തെട്ടു വയസ്സുള്ള മനുഷ്യൻ മതിലിനു മുകളിൽ നിന്നു വീണു മരിച്ചു. ഫോണിൽ കേട്ട വിവരങ്ങളെല്ലാം കുറിച്ചെടുത്തു് സർക്കിൾ ഇൻസ്പെക്ടർ നകുലൻ ആലോചനയോടെ ഇത്തിരി ഇരുന്നു. ഇത്രയും പ്രായമുള്ള മനുഷ്യൻ എന്തിനാകും അതിരാവിലെ മതിലിൽ കയറിയതു്. എല്ലാവർക്കും മരിക്കാനൊരു കാരണം വേണമല്ലോ എന്നു മനസ്സിൽ പറഞ്ഞു് അയാൾ വണ്ടിയെടുത്തു് പുറപ്പെട്ടു. വളരെ വിരസമായൊരു ദിനചര്യയുടെ തുടക്കമാണിതെന്ന കാര്യത്തിലയാൾക്കു് സംശയമുണ്ടായിരുന്നില്ല. കിഴവൻ വീണപടി അനക്കമറ്റു് കിടക്കുന്നുണ്ടു്. ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ആരും മെനക്കെട്ടിട്ടില്ല. നന്നേ മെലിഞ്ഞു് ദുർബ്ബലനാണയാൾ. തലയുടെ പിൻഭാഗത്തുള്ള മുറിവല്ലാതെ ശരീരത്തിനു് മറ്റു കേടുപാടുകളൊന്നും ഉണ്ടായിട്ടില്ല. പ്രാഥമിക നടപടിക്രമങ്ങളെല്ലാം ചിട്ടപ്പടി പൂർത്തിയാക്കി, മൃതദേഹം എടുക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. പരേതന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാൻ തുടങ്ങുമ്പോൾ തീവ്രമായ വികാരപ്രകടനങ്ങൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതിവിടെ ഉണ്ടായില്ലെന്നതു് നകുലൻ ശ്രദ്ധിച്ചു. വിദ്യാഭ്യാസമുള്ളവരായതിനാൽ വിദഗ്ദ്ധമായി നിർമ്മിച്ചെടുത്ത നുണകൾ കേൾക്കാനായി തയ്യാറെടുത്താണു് വിശാലമായ തൊടിയിലെ ഈർത്ത മണ്ണിനെ ചുവപ്പിച്ച ചാമ്പച്ചോട്ടിലെ കസേരയിൽ അയാൾ ഇരുന്നതു്. മരിച്ചയാളുടെ അനിയനും ഗണിതശാസ്ത്രാദ്ധ്യാപകനുമായിരുന്ന അറുപത്തിയാറുകാരനെ ചോദ്യം ചെയ്തു തുടങ്ങിയപ്പോൾത്തന്നെ അയാളുടെ കണക്കു കൂട്ടലുകൾ തെറ്റി. സാധാരണഗതിയിൽ സംസാരത്തിലേർപ്പെടുമ്പോൾ എതിരേയിരിക്കുന്ന ആൾ പറയുന്നതല്ല നമ്മൾ കേൾക്കുന്നതു്. നമുക്കു വേണ്ട കാര്യങ്ങൾ നിർമ്മിച്ചെടുക്കുകയാണു് പതിവു്. തുടക്കത്തിലേ അതു പിഴച്ചു. എല്ലാ വസ്തുതകളും വികാരങ്ങളില്ലാതെ പറയുന്ന ഒരു ശൈലിയായിരുന്നു ആ മുൻ അദ്ധ്യാപകന്റേതു്. ഗണിതശാസ്ത്രത്തിനു് അവശ്യം വേണ്ട സങ്കീർണ്ണതകളെപ്പോലും അദ്ദേഹം വിലകല്പിക്കുന്നതായി തോന്നിയില്ല. റിട്ടയേഡ് പ്രൊഫെസറിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഏതാണ്ടു് ഇപ്രകാരം സംഗ്രഹിക്കാം.
1. മരിച്ചയാളുടെ പേരു് ഗോപാലകൃഷ്ണ ഗോഖലെ എന്നായിരുന്നു. (ചരിത്ര പുരുഷന്റെ പേരു് അയാൾക്കു മാത്രമല്ല അനിയനും അനിയത്തിക്കുമുണ്ടായിരുന്നു. സ്റ്റാലിൻ എന്നായിരുന്നു അനിയന്റെ പേരു്. അനിയത്തി സരോജിനി നായിഡുവും.)
2. മരിക്കുന്നതിനു ആറുമാസം മുമ്പു് ഗോഖലേയുടെ വിവാഹമോചനം നടന്നിരുന്നു.
3. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ പിറ്റേമാസം കൃഷ്ണമ്മ എന്ന സ്ത്രീയെ കല്യാണം കഴിക്കുകയും തുടർന്നു് അറുപത്തിയാറു വർഷം ഒന്നിച്ചു ജീവിക്കുകയും ചെയ്തുവെങ്കിലും അവർക്കു മക്കളുണ്ടായിരുന്നില്ലെന്നു മാത്രമല്ല അവർ തീരെ സ്നേഹത്തിലുമായിരുന്നില്ല.
4. ബന്ധുക്കളോടും മതിൽക്കെട്ടിനു പുറത്തുള്ള സമൂഹത്തോടുമുള്ള വെറുപ്പാണു് അവരെ ഇത്രയും കാലം ഒരുമിച്ചു ജീവിക്കാൻ പ്രേരിപ്പിച്ചതു്. അവർക്കു ശത്രുക്കളുമുണ്ടായിരുന്നില്ല.
കണക്കുമാഷിന്റെ വിവരണം പിരിമുറുക്കവും നാടകീയതയുമില്ലാത്ത, സർക്കാർ ഗസറ്റിനേക്കാളും വിരസമായിരിക്കുന്നുവെന്നു കണ്ടു് നകുലൻ സ്റ്റാലിനെ വിട്ടു് സരോജിനി നായിഡുവിനെ ആ കസേരയിലിരുത്തി. അവരെ നന്നായി പഠിക്കുകയാണെന്ന ഭാവത്തിൽ ഒന്നും പറയാതെ കുറച്ചു നേരം നോക്കിയിരുന്നു. പോലീസുകാരുടെ അത്തരം നോട്ടമേറ്റാൽ സാധാരണ ഗതിയിൽ സാക്ഷികളും പ്രതികളും ദുർബ്ബലരാകാറുണ്ടു്. എന്നാൽ അറുപതു വയസ്സു പിന്നിട്ട സരോജിനി നായിഡുവിനു വലിയ ഭാവമാറ്റമൊന്നും കണ്ടില്ല. ഗത്യന്തരമില്ലാതെ നകുലൻ ഒരു ചോദ്യം മുന്നിലിട്ടുകൊടുത്തു. ഒന്നിച്ചു കഴിഞ്ഞിരുന്ന സഹോദരനും ഭാര്യയും അറുപത്തിയാറു വർഷത്തിനു ശേഷം പിരിഞ്ഞതെന്തുകൊണ്ടാണു്?
‘ഏട്ടനാണേറ്റവും മൂത്തതു്… ഞങ്ങൾ രണ്ടു പേർക്കും ഉത്തരേന്ത്യയിലാരുന്നു ജോലി… തറവാട്ടു വീട്ടിൽ ജീവിച്ചിരുന്ന കാലത്തു് വയ്യാത്ത ഞങ്ങട അമ്മയെ സ്വാധീനിച്ചു് മുഴുവൻ സ്വത്തും ഏട്ടൻ സ്വന്തമാക്കിക്കളഞ്ഞു.’
‘ഗോഖലേക്കു് കഷ്ടപ്പാടായിരുന്നോ…’
‘ഹേയ്… നല്ല വരുമാനമുണ്ടായിരുന്നു… പരിസരങ്ങളിലായി കുറേ പറമ്പു മേടിച്ചു കൂട്ടിയിട്ടുണ്ടു്… അതുകൊണ്ടൊന്നും വല്ല്യ കാര്യമുണ്ടായിട്ടല്ല… വെറുതെ…’
‘നിങ്ങൾക്കവകാശപ്പെട്ട തറവാട്ടു സ്വത്തു് തിരിച്ചു ചോദിച്ചില്ലേ…’
‘അതേക്കുറിച്ചു സംസാരിച്ചു തുടങ്ങുമ്പോൾ ഏട്ടൻ മിണ്ടാവ്രതത്തിലേക്കു പോകുമായിരുന്നു…’
‘ഓ…’
‘ഞങ്ങളിവിടേക്കു മടങ്ങി വന്നപ്പോ ഏട്ടൻ അവശതേലായിരുന്നു… ഏടത്തിയമ്മയ്ക്കാണേൽ നല്ല ആരോഗ്യവും… അവരുടെ വീട്ടിൽ കുറേ അംഗങ്ങളും അതിനൊപ്പം കഷ്ടപ്പാടുണ്ടായിരുന്നേ… ഏട്ടനെ കൊന്നിട്ടു് കൃഷ്ണമ്മയും അവരുടെ ബന്ധുക്കളും ചേർന്നു് സ്വത്തു മുഴുവൻ തട്ടിയെടുക്കുമോന്നു ഞങ്ങൾ പേടിച്ചിരുന്നു.’
‘അപ്പോ ഈ വിവാഹമോചനത്തിനു പിന്നിൽ നിങ്ങളായിരുന്നോ?’
‘അതെ. എല്ലാം വിട്ടു പിരിഞ്ഞുപോകാമെങ്കിൽ രണ്ടു സെന്റ് പറമ്പിൽ ഒരു പുരയിടം വച്ചു കൊടുക്കാമെന്നു ഞങ്ങൾ ഒരോഫർ കൊടുത്തു.’
‘അവർ സമ്മതിച്ചോ?’
‘ആദ്യം അവരൊന്നും മിണ്ടിയില്ല. അതോണ്ടു സ്റ്റാലിൻ ചേട്ടനൊന്നു പേടിപ്പിച്ചു.’
‘അതെങ്ങനെ?’
‘ഞങ്ങടെ ഓഫറിനു വഴങ്ങിയില്ലെങ്കിൽ അവരെ തെളിവില്ലാതെ കൊന്നുകളയാൻ ധാരാളം വഴികളുണ്ടെന്നു ബോധ്യപ്പെടുത്തി.’
‘ഓ…’
‘പക്ഷേ, അതൊന്നും വേണ്ടി വന്നില്ല. വിവാഹമോചനത്തേക്കുറിച്ചു് പറഞ്ഞ ദിവസം തന്നെ അവരു വീടുവിട്ടിറങ്ങിപ്പോയി. മ്യൂച്ച ്വൽ എഗ്രിമെൻറിൽ ഒപ്പു വച്ചു്, ഞങ്ങടെ ചില്ലിക്കാശു പോലും വേണ്ടെന്നു പറഞ്ഞാണു് പോയതു്…’
‘വിശ്വസിക്കാൻ പ്രയാസമുണ്ടു്…’
‘കൃഷ്ണമ്മയുടെ ഫോൺ നമ്പർ തരാം. വിളിച്ചു ചോദിച്ചോളൂ…’
‘എന്നിട്ടു് നിങ്ങൾ ഗോഖലെയെ മതിലിനു മുകളിൽ നിന്നു തള്ളി താഴേയിട്ടു കൊന്നു അല്ലേ…’
‘അല്ല… അതിനു കാരണം വേറെയാണു്… അതറിഞ്ഞപ്പോഴാണു് എന്തുകൊണ്ടാണു് കൃഷ്ണമ്മ ഇത്ര എളുപ്പത്തിൽ വിട്ടുപോയതെന്നുപോലും മനസ്സിലായതു്…’
‘അതെന്തായിരുന്നു?’
‘മറവിരോഗം.’
‘കൃഷ്ണമ്മ പോയതിനു ശേഷം മാത്രമാണു് ഞങ്ങളീ വീട്ടിലേക്കു വന്നു തുടങ്ങിയതു്. ആ ചെറിയ വരവിനും പോക്കിനുമിടയിൽ കാര്യമായൊന്നും പിടികിട്ടിയതുമില്ല.’
‘പിന്നെ എപ്പോഴാണു് നിങ്ങളതു മനസ്സിലാക്കിയതു?’
‘മൂന്നുമാസം മുമ്പു് അയലത്തെ വീട്ടിൽ നിന്നൊരാൾ വിളിച്ചിട്ടു് വീട്ടിൽ നിന്നു പുകവരുന്നുണ്ടെന്നു പറഞ്ഞു. ഞങ്ങളു വന്നു നോക്കിയപ്പോ ഏട്ടന്റെ കിടപ്പു മുറിയിലെ പ്രമാണങ്ങൾ വച്ചിരുന്ന കരിവീട്ടിയുടെ പെട്ടിയും കിടക്കയുമെല്ലാം കത്തി നശിച്ചിരുന്നു. ആ മുറി മുഴുവൻ മറ്റേതോ ലോകം പോലെ കരിഞ്ഞിരുന്നു. ചുമരൊക്കെ കറുത്ത ചൊറി പോലെ ചുളുങ്ങിക്കൂടി…’
‘അപ്പോ ഗോഖലെ…’
‘ഏട്ടൻ അടുക്കളയുടെ പാത്യമ്പുറത്തു കിടന്നുറങ്ങുകയായിരുന്നു… കിടപ്പുമുറിയും അടുക്കളയും മാറിപ്പോയതായിരിക്കുമെന്നു് തോന്നിയതു്… കത്തിക്കരിഞ്ഞ ആ കിടപ്പുമുറി കണ്ടപ്പോൾ അതൊരു ബഹിരാകാശക്കപ്പലാണന്നാണു് ഏട്ടൻ പറഞ്ഞതു്… അതീ കേറി വേറൊരു ടൈം സോണിലേക്കു പോകയാണത്രേ…’
‘മനസ്സിലായില്ല…’
‘ഈ ലോകത്തും കാലത്തും ജീവിച്ചു മടുക്കുമ്പോ നമ്മളെല്ലാം ആഗ്രഹിക്കാറില്ലേ കഴിഞ്ഞുപോയ കാലത്തിലേക്കോ വരാനിരിക്കുന്ന കാലത്തിലേക്കോ മറ്റോ പോണോന്നു്… ഏട്ടന്റെ ശ്രമം അതിനായിരുന്നുവെന്നാണു് എനിക്കു തോന്നിയതു്…’
ലാന്റ് സർവ്വേയറായിരുന്ന ഈ സ്ത്രീ മനപ്പൂർവ്വം ദുരൂഹതയിലേക്കു വഴി തിരിച്ചുവിടുകയാണെന്ന തോന്നലാണു് നകുലനുണ്ടായതു്. അതുകൊണ്ടു തന്നെ സൂക്ഷ്മം അവിടെ വെച്ചു് ചോദ്യം ചെയ്യലവസാനിപ്പിക്കുകയാണു് ബുദ്ധിയെന്നു് അയാൾ വിചാരിച്ചു. എന്നാൽ സരോജിനി നായിഡു നിർത്താൻ ഭാവമുണ്ടായിരുന്നില്ല.
‘പക്ഷേ, ഏട്ടന്റേതു് മറവിരോഗം തന്നെയായിരുന്നു.’
നകുലന്റെ ചിന്തകൾ വായിച്ചറിഞ്ഞ ഒരാളേപ്പോലെ യുക്തിബോധമുള്ള ഒരു സാധാരണക്കാരിയായി മാറിക്കൊണ്ടവർ തുടർന്നു.
‘ഏട്ടനെ സഹായിക്കാൻ ശ്രമിച്ചുവെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിലും അപ്പുറത്തേക്കു് കാര്യങ്ങൾ പോയിരുന്നു.’
‘എന്നിട്ടു്?’
‘നല്ല പരിശീലനം കിട്ടിയ ഒരു നഴ്സിനെ ഏർപ്പാടാക്കി… പക്ഷേ, അതും ശരിയാവണില്ലായിരുന്നു. അപ്പോഴാണു് അബദ്ധം തിരിച്ചറിഞ്ഞതു്. കുറച്ചു സ്വത്തിനു വേണ്ടി കൃഷ്ണമ്മയെ പിണക്കി അയക്കേണ്ടിയില്ലായിരുന്നു. എല്ലാ ബന്ധങ്ങളും കുറേ കഴിയുമ്പോൾ ചീഞ്ഞഴുകും എന്നാലും സ്വയം വളമായി അതങ്ങനെ തുടർന്നു പോകയാണല്ലോ പതിവു്. ഞങ്ങളവരെ പറിച്ചു നട്ടിടത്താണു് എല്ലാം കുഴപ്പമായതു്… ഏട്ടൻ ഞങ്ങൾക്കു് രണ്ടാൾക്കും പരിഹരിക്കാനാകുന്നതിലും വലിയൊരു സങ്കീർണ്ണതയായി മാറിക്കൊണ്ടിരുന്നു.’
‘അതെന്താ… നഴ്സ് ഏട്ടനെ നോക്കിയില്ലേ?’
‘ഉവ്വു്… അയാളൊരു പാവത്താനായിരുന്നു. ഒരു ദിവസം നാലോ അഞ്ചോ വട്ടം വിളിച്ചു് ഏട്ടനുണ്ടാക്കുന്ന ഓരോ പ്രശ്നങ്ങളേക്കുറിച്ചു പറയുകയും ഞങ്ങളതിനു പരിഹാരമുണ്ടാക്കണമെന്നു് ആവശ്യപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ഒടുവിൽ സഹികെട്ടു് അയാളെ പറഞ്ഞുവിടുന്നതിനേക്കുറിച്ചാലോചിക്കുമ്പോഴാണു് ശമ്പളം പോലും വാങ്ങാതെ അയാൾ കടന്നു കളഞ്ഞതു്.’
‘എന്നിട്ടു്?’
‘ഫലത്തിൽ ഒരു തോൽവിയാണെന്നറിയാമെങ്കിലും ഞങ്ങള് കൃഷ്ണമ്മയെ കാണാൻ ചെന്നു… പക്ഷേ, അവർ വളരെ വിചിത്രമായാണു് പെരുമാറിയതു്… യാതൊരു വികാരവുമില്ലാതെ ഞങ്ങളെ ഇറക്കിവിട്ടു. കൃഷ്ണമ്മ ആവശ്യപ്പെടുന്നതെന്തും കൊടുക്കാൻ തയ്യാറായിരുന്നുവെങ്കിലും അവർ ഞങ്ങളെ നോക്കാനോ കേൾക്കാനോ ഇഷ്ടപ്പെട്ടില്ല.’
‘പിന്നെ വേറെ നഴ്സിനെ നിയമിച്ചില്ലേ?’
‘ഉവ്വു്… അയാളും ആദ്യത്തെയാളെപ്പോലെ തന്നെ ഞങ്ങളെ എന്നും ഫോൺ ചെയ്യുകയും അലട്ടിക്കൊണ്ടിരിക്കുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു. ഒരു ദിവസം അയാൾ പണം കണക്കു പറഞ്ഞു മേടിച്ചു് ഇറങ്ങിപ്പോയി…’
‘ഇതെല്ലാം ഈ കുറഞ്ഞ കാലംകൊണ്ടു് സംഭവിച്ചതല്ലേ…’
‘അതെ. പ്രശ്നം തീരാത്തതിനാൽ ഞങ്ങൾ പിന്നേയും പുതിയൊരാളെ കിട്ടാൻ ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ദീർഘകാലം സർക്കാരാസ്പത്രിയിൽ ഹെഡ് നഴ്സായിരുന്ന ഒരു സ്ത്രീയെ കണ്ടെത്തി. അവർ ശമ്പളത്തിനുവേണ്ടി തർക്കിക്കുകയൊന്നും ചെയ്തില്ല. ജോലിക്കിടയിൽ പരാതികളും പറഞ്ഞില്ല… അവരാകെ ഫോൺ വിളിച്ചതു് ഒരിക്കൽ മാത്രമാണു്…’
‘എപ്പോൾ?’
‘ഇന്നു് വെളുപ്പിനു്… ഏട്ടൻ മതിലീന്നു വീണുവെന്നു പറയാൻ വേണ്ടി.’
‘ഓ…’
ഇൻസ്പെക്ടർ നകുലൻ സരോജിനി നായിഡു ചൂണ്ടിയ വിരലിന്റെ ദിശയിലേക്കു നോക്കിയപ്പോൾ ഇത്തിരി മാറി മതിലിൽ ചാരി നഖം വെട്ടിക്കൊണ്ടിരുന്ന ഒരു സ്ത്രീയെ കണ്ടു. അവരുടെ മുഖം ചുളിഞ്ഞിരുന്നുവെങ്കിലും നല്ല ആരോഗ്യവതിയായിരുന്നു. ഇന്നു കണ്ട സഹേദരീസഹോദരന്മാരേപ്പോലെ ആ മുഖവും നിർവ്വികാരമായിരുന്നു. അവർക്കാകെ പറയാനുണ്ടായിരുന്നതു് ഇത്രമാത്രം.
അടുക്കളയിൽ ഗോഖലേക്കു വേണ്ടി ആഹാരം പാകം ചെയ്യുകയായിരുന്നു. മുൻ വാതിൽ അടച്ചിട്ടുമുണ്ടായിരുന്നു. ഇതിനിടയിൽ പിൻവാതിലിലൂടെ അയാളിറങ്ങിപ്പോയതും മതിലിനുമുകളിൽ കയറിയതും വീണു മരിച്ചതും അവരറിഞ്ഞില്ല. കാപ്പിയുമായി ചെന്നപ്പോഴാണു് ഇതെല്ലാം കണ്ടെത്തിയതും ഒരു നൊടി പോലും വൈകാതെ ആങ്ങളയേയും പെങ്ങളേയും വിളിച്ചു് കാര്യം പറഞ്ഞതും.
പോലീസ് സ്റ്റേഷനിലെ തൂവാല വിരിച്ച മരക്കസേരയിൽ ചാരിയിരിക്കുമ്പോൾ ഇൻസ്പെക്ടർ നകുലൻ രണ്ടു കാര്യങ്ങളാണു് ആലോചിച്ചതു്. അതിലൊന്നു് കാലങ്ങൾക്കു മുമ്പു് അയാളുടെ ആദ്യ നിയമനത്തിന്റെ തുടക്കത്തിൽ ഒരു വൃദ്ധനായ സംഗീതാദ്ധ്യാപകൻ കാണാൻ വന്നതായിരുന്നു. ഏതോ ഒരു ക്രിസ്ത്യാനി വിശുദ്ധന്റെ മുഖവും പ്രസന്നതയുമുള്ള അയാളുടെ കൈവശം വയലിൻ സൂക്ഷിക്കുന്ന കറുത്ത തുകൽ കേസും തോൾ സഞ്ചിയും ഒരു കാലൻ കുടയുമുണ്ടായിരുന്നു. പോലീസ് സ്റ്റേഷനോടു തൊട്ടുള്ള സബ് ജെയിൽ കെട്ടിടത്തിലെ അരയാൽ തണലേറ്റു കിടക്കുന്ന മുറിയിലേക്കു നോക്കി സൗന്ദര്യാരാധകനേപ്പോലെ കുറേനേരം അയാൾ നിന്നു. പിന്നെ ഓഫീസ് മുറിയിലേക്കു കയറിവന്നു് തനിക്കു താമസിക്കാൻ അരയാലിന്റെ തണലുള്ള ആ ജെയിൽമുറി കിട്ടിയാൽ കൊള്ളാമെന്ന വിചിത്രമായൊരാഗ്രഹം മുന്നോട്ടു വച്ചു. വൃദ്ധൻ മനോരോഗിയായിരിക്കുമെന്നാണു് നകുലൻ കരുതിയതു്. അന്നു് ജോലിയുടെ ശീലങ്ങളൊന്നും പഠിച്ചു തുടങ്ങിയിട്ടില്ലാത്തതിനാൽ കസേരയിലിരുത്തി സ്നേഹം കലർന്ന സ്വരത്തിൽ കുട്ടികളോടെന്ന പോലെ വൃദ്ധനോടു പറഞ്ഞു.
‘കുറ്റം ചെയ്യുന്നവരെ മാത്രമേ ജെയിലിൽ താമസിപ്പിക്കാനാകൂ… താങ്കൾ കുറേകാലം മ്യൂസിക് ടീച്ചറായിരുന്നയാളല്ലേ ഞാൻ പറയാതെ തന്നെ ഇതൊക്കെ അറിയാമായിരിക്കുമല്ലോ…’
അയാളുടെ മുഖത്തു് നേരിയൊരു മന്ദഹാസം കണ്ടതു് ഇപ്പോഴുമോർക്കുന്നുണ്ടു്. മനസ്സിലെ വികാരങ്ങളെല്ലാം അതിന്റെ സൂക്ഷ്മതയോടെ പ്രകടിപ്പിക്കാൻ കഴിവുള്ളൊരു മുഖമായിരുന്നു അതു്. നകുലന്റെ വാക്കുകൾ കേട്ടിട്ടും അദ്ദേഹം പോകാൻ കൂട്ടാക്കിയില്ല. തുകൽക്കൂട്ടിലിട്ട വയലിൻ മേശപ്പുറത്തു വച്ചു് ഒരു കുഞ്ഞിന്റെ ശവമഞ്ചത്തിലെന്ന പോലെ അതിൽ തലോടിയിട്ടു് പറഞ്ഞു.
‘ഞാൻ കുറ്റം ചെയ്തവനാണെങ്കിലോ…’
‘വിശ്വസിക്കാൻ പ്രയാസമുണ്ടു്…’ അപ്പോഴും മായാതെ അന്തരീക്ഷത്തിൽ തങ്ങിനിന്ന ആ വിശുദ്ധമായ പുഞ്ചിരി നോക്കിക്കൊണ്ടു് നകുലൻ പറഞ്ഞു
മനസ്സിന്റെ ഇരുളേറിയ ആഴങ്ങളിൽ സങ്കടങ്ങൾ ഒളിപ്പിച്ച ഒരാളുടെ ചിരിയാണതെന്നു് നകുലൻ വിചാരിച്ചു. ആ ചിരിയുടെ തുടർച്ചയവസാനിച്ചപ്പോൾ കുറേ നേരം അയാൾ മൗനത്തിൽ അകപ്പെട്ടു. പിന്നെ ശേഷി സംഭരിക്കുന്നതുപോലെ പലവട്ടം ശ്വാസം അകത്തേക്കും പുറത്തേക്കുമെടുത്തു. എന്നിട്ടു് പറയാൻ മറന്നുപോയാലോ എന്നു പേടിച്ച മട്ടിൽ പെട്ടെന്നു പറഞ്ഞു.
‘ഞാൻ ഒരാളെ സംസ്ക്കരിച്ചിട്ടു വന്നിരിക്കയാണു്…’
‘അതൊരു കുറ്റമല്ലല്ലോ… മനുഷ്യൻ മരിച്ചാൽ സംസ്ക്കരിക്കണ്ടേ…’
മറുപടി ആവശ്യമില്ലെങ്കിലും നകുലൻ അറിയാതെ പറഞ്ഞുപോയി. വൃദ്ധന്റെ മുഖം ഒന്നിരുണ്ടു. തീരെ നല്ലതല്ലാത്ത ഓർമ്മകളെ വകഞ്ഞുമാറ്റുന്നതു പോലെ ആലോചനയിൽപ്പെട്ടു. പിന്നെ പതുക്കെ പറഞ്ഞു.
‘ഞാനാണയാളെ കൊന്നതു്…’
നകുലനു് ഒന്നും കൂട്ടിയോജിപ്പിക്കാൻ പറ്റുന്നില്ലായിരുന്നു. അതുകൊണ്ടാകും അയാളെ അലട്ടാതെ, മിണ്ടാതെ കാത്തിരുന്നതു്.
‘എന്റെ ശത്രുവൊന്നുമല്ല… സത്യം പറഞ്ഞാൽ എനിക്കേറ്റവും പ്രിയപ്പെട്ടയാളാണു്…’
‘ആരെ…’
‘എന്റെ ഭാര്യയെ…’
വല്ലാത്തൊരു പേടിയാണാ നിമിഷം നകുലനു തോന്നിയതു്. അതുകൊണ്ടാണോ എന്നറിയില്ല ഒരക്ഷരം പോലും ഉരിയാടാൻ കഴിഞ്ഞില്ല.
‘കുഴപ്പക്കാരിയൊന്നുമല്ല… വളരെ നല്ലയാളാണു്… വയസ്സായി, കുറേ കാലമായിട്ടു് മനസ്സിനു തീരെ സുഖമില്ലാരുന്നു. അവരെ അനുസരിപ്പിക്കാൻ വേണ്ടി മക്കൾ കൈവച്ചു തുടങ്ങി…’
ചെറിയൊരു മൗനത്തിനു ശേഷം അയാൾ തുടർന്നു.
‘ഇനി കുഴപ്പമില്ല… മരിച്ചൂല്ലോ…’
നകുലനു മറുപടിയുണ്ടായിരുന്നില്ല. ജെയിലിലെ അരയാൽ തണലിലെ മുറി ചൂണ്ടി വൃദ്ധൻ വിശുദ്ധമായ പുഞ്ചിരിയോടെ തുടർന്നു
‘ഇനി എനിക്കവിടെ താമസിക്കാല്ലോ…’
വളരെ പ്രചീനമായിത്തീർന്ന വികാരങ്ങളെ മനുഷ്യർ ചുമന്നു നടക്കുന്നതെന്തു കൊണ്ടാകും. നകുലൻ ആലോചിച്ചു. കുറേ കാലങ്ങൾക്കു ശേഷം പിന്നേയും അയാൾക്കു് അതേക്കുറിച്ചാലോചിക്കേണ്ടി വന്നു.
ദൂരെ, മലഞ്ചെരിവിലെ കാടിനരികിലുള്ള ചെറു വീട്ടിൽ അയാളുടെ അമ്മ തനിച്ചു കഴിയുകയായിരുന്നു. കുറുക്കന്മാരും കാട്ടാനകളും കടന്നു പോകുന്ന ഇടമാണെങ്കിലും താൻ വളരെ തൃപ്തിയോടെയാണവിടെ ജീവിക്കുന്നതെന്നു ബോധ്യപ്പെടുത്താൻ വേണ്ടി ഓരോ കൂടിക്കാഴ്ചയിലും വളരെ കരുതലോടെയാണമ്മ സംസാരിച്ചിരുന്നതു്. അതുകൊണ്ടുതന്നെ കാണാൻ പോകുമ്പോഴെല്ലാം മനസ്സാക്ഷിക്കുത്തോടെ ടൗണിലെ തന്റെ ഫ്ലാറ്റിൽ വന്നു താമസിക്കാനായി നകുലൻ അമ്മയെ ക്ഷണിച്ചു. ഓരോ തവണ വിളിക്കുമ്പോഴും അങ്ങനെയൊന്നു് കേട്ടിട്ടേയില്ലെന്ന മട്ടിൽ മറ്റെന്തെങ്കിലും വിശേഷം പറഞ്ഞു് അമ്മ അയാളുടെ ശ്രദ്ധ തിരിച്ചിരുന്നു. പരസ്പരം അറിയാവുന്ന രണ്ടു മുതിർന്ന മനുഷ്യർക്കിടയിലെ കളി പോലെ കാലങ്ങളോളം അതങ്ങനെ തുടർന്നു. പിന്നീടെപ്പോഴോ അയാളൊരു കാര്യം കണ്ടെത്തി. വീടിനുള്ളിലൂടെ നടക്കുമ്പോൾ പോലും അമ്മ തട്ടി വീഴുന്നുണ്ടു്… അവരുടെ കാഴ്ച തീർത്തും ഇല്ലാതായിക്കൊണ്ടിരിക്കുകയാണു്… പഴകിയ വികാരങ്ങൾ ആസകലം മനസ്സിനെ ബാധിച്ച ഒരു നാൾ ഭാര്യയുടേയും മക്കളുടേയും എതിർപ്പുകൾ അവഗണിച്ചു് അയാൾ അമ്മയെ നഗരത്തിലേക്കു കൊണ്ടുവന്നു. ഫിഷ് ബൗളിലെ സ്വർണ്ണ മത്സ്യങ്ങളെ പോലെ ഭാര്യയും രണ്ടു പെൺ മക്കളും കഴിയുന്ന നഗരത്തിലെ ഫ്ലാറ്റിലേക്കു് അമ്മയെ പറിച്ചു നടുമ്പോൾ മറ്റൊന്നിനേക്കുറിച്ചും അയാൾ ചിന്തിച്ചില്ല. ചെളിയിൽ കഴിഞ്ഞ തോട്ടുമീനിനെ കരയ്ക്കിട്ടതു പോലെ എന്നു പോലും പറയാനൊക്കില്ല ഒന്നു പിടയുക പോലും ചെയ്യാതെ വളരെ പെട്ടെന്നു് അമ്മ മരിച്ചു പോയി. കുളിപ്പിച്ചിട്ടും പൗഡറിട്ടിട്ടും അമ്മയുടെ മുഖത്തെ നീല നിറം മായുന്നില്ലെന്നു കണ്ടു് കുറ്റാന്വേഷകന്റെ കണ്ണുകളോടെ അയാൾ ഭാര്യയെ നോക്കിയെങ്കിലും അവൾ നിസ്സാരമായി മുഖം വെട്ടിച്ചു് കടന്നു പോകുകയാണുണ്ടായതു്. തുടർന്നു ശവം കാണാൻ വന്ന സൂക്ഷ്മ ദൃഷ്ടികളായ പലരും ഇക്കാര്യം സ്വകാര്യമായി പരസ്പരം പറഞ്ഞുവെങ്കിലും പോലീസുകാരനായ മകന്റെ മുന്നിൽ അവതരിപ്പിക്കാനൊന്നും പോയില്ല. അല്ലെങ്കിലും ഇന്നത്തെ കാലത്തു് ആരാണിതൊക്കെ അത്ര ഗൗരവത്തിലെടുക്കുന്നതു്.
മതിലിൽ നിന്നു വീണ ഗോപാലകൃഷ്ണ ഗോഖലെ എന്ന പടുവൃദ്ധന്റെ മരണം തികച്ചും സ്വാഭാവികമായിരുന്നുവെന്ന റിപ്പോർട്ടിനു് അടി വരയിട്ടു് ഫയൽ മടക്കുമ്പോൾ നകുലൻ ഇപ്രകാരം ചിന്തിച്ചു:
ചില തരം വികാരങ്ങൾ കലവറയിലെ പൊടിപിടിച്ച അലമാരകളിലിരിക്കുന്നതു നല്ലതു തന്നെയാണു്… പഴയ മനുഷ്യർക്കു് അതിലേക്കു് നോക്കി ഒന്നു നെടുവീർപ്പയച്ചു് ഊർജ്ജം സംഭരിച്ചു് മുന്നോട്ടു പോകാൻ അതു വേണ്ടതു തന്നെയാണു്.
കൊച്ചി സ്വദേശി. നോവൽ, കഥ, തിരക്കഥ മാദ്ധ്യമങ്ങളിൽ സജീവം. ചാവുനിലം, ഇരുട്ടിൽ ഒരു പുണ്യാളൻ, കടലിന്റെ മണം (അച്ചടിയിൽ) എന്നീ നോവലുകളും തെരഞ്ഞെടുത്ത കഥകൾ, ചില പ്രാചീന വികാരങ്ങൾ, പതിമൂന്നു കടൽക്കാക്കകളുടെ ഉപമ തുടങ്ങിയ കഥാസമാഹാരങ്ങളും ഈ. മ. യൌ. എന്ന തിരക്കഥയും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. പുത്രൻ, കുട്ടിസ്രാങ്ക്, ഈ. മ. യൌ., അതിരൻ എന്നീ ചലച്ചിത്രങ്ങൾക്കു തിരക്കഥയെഴുതി. ശരറാന്തൽ, മിഖായേലിന്റെ സന്തതികൾ, റോസസ് ഇൻ ഡിസംബർ, ചാരുലത, ദൈവത്തിനു് സ്വന്തം ദേവൂട്ടി തുടങ്ങിയ ടെലിവിഷൻ പരമ്പരകളും രചിച്ചിട്ടുണ്ടു്. കുട്ടിസ്രാങ്കിന്റെ തിരക്കഥയ്ക്കു് ദേശീയ അവാർഡും ശരറാന്തൽ, മിഖായേലിന്റെ സന്തതികൾ എന്നിവയുടെ രചനയ്ക്കു് സംസ്ഥാന അവാർഡും ലഭിച്ചു. എസ് ബി ഐ അവാർഡ് ചാവുനിലത്തിനും വൈക്കം മുഹമ്മദു ബഷീർ പുരസ്ക്കാരം പതിമൂന്നു കടൽക്കാക്കകളുടെ ഉപമയ്ക്കും.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രങ്ങൾ: വി. പി. സുനിൽകുമാർ