1951-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം പർലാഗർക്വിസ്റ്റ് എന്ന സ്വീഡിഷ് നോവലിസ്റ്റിനാണു് നൽകപ്പെട്ടതു്. (Par Lager kvist 1891–1974). സാഹിത്യസംസ്കാരത്തിന്റെ വികാസത്തിനുവേണ്ടിയുള്ള ഗ്രന്ഥകാരന്റെ സംഭാവനകളെ സാകല്യാവസ്ഥയിൽ പരിഗണിച്ചുകൊണ്ടാണു് നോബൽസമ്മാനം കൊടുക്കുക. ചിലപ്പോൾ ഒറ്റ കൃതിയുടെ നിരതിശയസൗന്ദര്യം കണ്ടു് അതു് നൽകാറുണ്ടു്. തോമസ് മന്നിന്റെ ‘ബുഡൻ ബ്രോക്ക്സ് ’ എന്ന നോവലിനായിരുന്നു സമ്മാനം. കനൂട്ട് ഹാംസൂൺ എന്ന നോർവീജിയൻ നോവലിസ്റ്റിനു് ആ സമ്മാനം കിട്ടിയതു് ‘ഗ്രോത്ത് ഓഫ് ദി സോയിൽ’ എന്ന നോവൽ രചിച്ചതിനാണു്. ‘ബറബസ് ’ എന്ന നോവലിന്റെ കർത്താവെന്ന നിലയിൽ ലാഗർക്വിസ്റ്റ് സമ്മാനിതനായി. ഉത്കൃഷ്ടമായ ഈ നോവൽ ആരംഭിക്കുന്നു:…
അവരങ്ങനെ കുരിശുകളിൽ കിടന്നുവെന്നും അദ്ദേഹത്തിന്റെ ചുറ്റും ആരെല്ലാം കൂടിനിന്നിരുന്നുവെന്നും ഓരോ ആളിനും അറിയാമായിരുന്നു. അദ്ദേഹത്തിന്റെ അമ്മ മേരി, മഗ്ദലന മറിയം, കുരിശെടുത്തുകൊണ്ടുവന്ന സൈറീനിലെ സൈമൺ, അദ്ദേഹത്തിന്റെ ‘ശവാവരണം’ കൊണ്ടു് പുതപ്പിച്ച അരമേത്തിയായിലെ ജോസഫ്. എന്നാൽ ചരിവിനു് അല്പം താഴെയായി ഏതാണ്ടു് ഒരുവശത്തേക്കു് മാറി, മരിക്കുന്ന മനുഷ്യനിൽ കണ്ണുറപ്പിച്ചുകൊണ്ടു് ഒരു പുരുഷൻ നില്ക്കുന്നുണ്ടായിരുന്നു; ആദ്യത്തെ നിമിഷംതൊട്ടു് അവസാനത്തെ നിമിഷംവരെ അദ്ദേഹത്തിന്റെ മരണവേദന നോക്കിക്കൊണ്ടു്. അയാളുടെ പേരു് ബറബസ്. ഈ ഗ്രന്ഥം അയാളെക്കുറിച്ചാണു്.
മുപ്പതു വയസ്സുള്ള ബറബസ് ശക്തൻ. ചുവന്ന താടിയും കറുത്ത തലമുടിയുമുണ്ടു് അയാൾക്കു്. പുരികങ്ങളും കറുത്തിരിക്കുന്നു. ഒളിക്കാനെന്നപോലെ അഗാധസ്തിതങ്ങളായിരിക്കുന്ന കണ്ണുകൾ. ഒരു കണ്ണിനു താഴെയായി ആഴമേറിയ പാടുണ്ടു്. അതു് താടിരോമങ്ങളിൽ അദൃശ്യമായിരിക്കുന്നു. അല്ലെങ്കിൽ മനുഷ്യന്റെ ആകാരത്തിനു് എന്തു പ്രാധാന്യമിരിക്കുന്നു? ശിക്ഷയിൽനിന്നു മോചനം നേടിയ അയാൾ ഗോൽഗത്തുയിൽ എന്തു ചെയ്യുകയാണു് ? കുരിശിൽക്കിടന്നു പ്രയാസപ്പെട്ടു് ശ്വാസം വലിക്കുന്ന ആ മനുഷ്യനെ കൊട്ടാരത്തിന്റെ മുറ്റത്തുവച്ചു കണ്ട നിമിഷം തൊട്ടു് അദ്ദേഹത്തിലെന്തോ വിചിത്രമായിയുണ്ടെന്നു് ബറബസിനു് തോന്നി. അദ്ദേഹത്തെപ്പോലെ വേറൊരാളിനെ അയാൾ കണ്ടിട്ടേയില്ല. ഒരുജ്ജ്വല പ്രകാശം അദ്ദേഹത്തിൽ പരിവേഷമിട്ടു നിൽക്കുന്നുവെന്നു് അയാൾ കണ്ടു. അദ്ദേഹം വെറും തടവുകാരനാണെന്നും വധശിക്ഷയ്ക്കു് വിധിക്കപ്പെട്ടവനാണെന്നും വിശ്വസിക്കാൻ ബറബസിനു കഴിഞ്ഞില്ല. നിരപരാധനാണു് അദ്ദേഹമെന്നു് അയാൾക്കു് തോന്നുകയായി. ഇരുട്ടു്. ആ ഇരുട്ടിലൂടെ കുരിശിൽ തറയ്ക്കപ്പെട്ട ആളിന്റെ ശബ്ദം ബറബസ് കേട്ടു—എന്റെ ഈശ്വരാ, എന്റെ ഈശ്വരാ അങ്ങു് എന്താണു് എന്നെ ഉപേക്ഷിച്ചതു്? ബറബസ് അതുകേട്ടു് സ്തംഭിച്ചു. നട്ടുച്ചക്കാണു് ആ അന്ധകാരമുണ്ടായതു്. അതു് അയാളെ കൂടുതൽ സ്തംഭിപ്പിച്ചു.
ബറബസ് ജറൂസലമിൽ തിരിച്ചെത്തിയപ്പോൾ അയാൾക്കു മുമ്പു തന്നെ പരിചയമുണ്ടായിരുന്ന മുച്ചുണ്ടിയായ ഒരു പെൺകുട്ടിയെ കണ്ടു. അവളോടുകൂടി അയാൾ മദ്യശാലയിലെത്തി. അവിടെ ബറബസിന്റെ നീചരായ കൂട്ടുകാരുണ്ടു്. അവരിൽ ഒരാൾ, സ്ത്രീ—ബറബസിനു പകരം കുരിശിലേറ്റപ്പെട്ട മനുഷ്യനെക്കുറിച്ചു് സംസാരിക്കാൻ തുടങ്ങി. മരിച്ച മനുഷ്യൻ ആരായാലെന്തു്? അയാൾ മരിച്ചല്ലോ എന്നു് വണ്ണം കൂടിയ ഒരു സ്ത്രീ പറഞ്ഞപ്പോൾ ബറബസ് ഞെട്ടുകയായി. അയാളുടെ കണ്ണുകൾ അങ്ങുമിങ്ങും വ്യാപരിക്കുന്നുണ്ടു്. മിശിഹയായിരുന്നു കുരിശിൽ തറയ്ക്കപ്പെട്ടതെന്നു് വേറൊരു സ്ത്രീ പറഞ്ഞപ്പോൾ “മിശിഹായോ? ഇല്ല. അദ്ദേഹം മിശിഹയായിരുന്നില്ല.” എന്നാണു് ബറബസ് തന്നോടുതന്നെ പറഞ്ഞതു്. അദ്ദേഹത്തിനു് ദൈവികത്വമൊന്നുമുണ്ടായിരുന്നില്ലെന്നു് സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടപ്പോൾ അയാൾക്കു് ആശ്വാസമായി. എങ്കിലും നട്ടുച്ചക്കുണ്ടായ ആ കൂരിരുട്ടു് അവർ കാണാത്തതിൽ അയാൾക്കു വൈഷമ്യം. മുച്ചുണ്ടി മദ്യശാല വിട്ടുപോയി. ക്ലേശം മറക്കാൻ ബറബസ് കണ്ടമാനം കുടിച്ചു.
പിന്നീടു് തന്റെ പ്രായമുള്ള ഒരു ചുവന്ന താടിക്കാരനെ ബറബസ് കണ്ടു. അയാളുടെ തലമുടിയും ചുവപ്പുതന്നെ. ക്രിസ്തുവിൽ വിശ്വാസമുണ്ടായിരുന്ന അയാൾ ബറബസിനോടു് പറഞ്ഞു: “അദ്ദേഹം തിരിച്ചുവരും. തേജസൊക്കെ പ്രത്യക്ഷമാക്കുകയും ചെയ്യും. മരിച്ചവരിൽനിന്നു് അദ്ദേഹം ഉയിർത്തെഴുന്നേൽക്കും.”
- ബറബസ്:
- മരിച്ചവരിൽനിന്നു് ഉയിർത്തെഴുന്നേൽക്കുകയോ? എന്തൊരസംബന്ധം!
ചുവന്ന താടിക്കാരൻ തന്റെ ആ വിശ്വാസം ആവർത്തിച്ചു പ്രഖ്യാപിച്ചു. അവരുടെ ഇനിയുള്ള സംഭാഷണത്തിന്റെ കുറച്ചുഭാഗമെങ്കിലും വായനക്കാർ കേൾക്കേണ്ടതാണു്:
- താടിക്കാരൻ:
- അതു് മഹനീയമായ നിമിഷമായിരിക്കും. ഒരു നൂതനയുഗം ആരംഭിക്കുമെന്നുപോലും അവർ പറയുന്നു. ആഹ്ലാദദായകമായ യുഗം. അപ്പോൾ മനുഷ്യപുത്രൻ സ്വന്തം രാജ്യം ഭരിക്കും.
- ബറബസ്:
- മനുഷ്യപുത്രനോ?
- താടിക്കാരൻ:
- അതേ, അങ്ങനെയാണു് അദ്ദേഹം സ്വയം വിളിച്ചതു്.
- ബറബസ്:
- മനുഷ്യപുത്രനോ?
- താടിക്കാരൻ:
- അതേ അദ്ദേഹം അങ്ങനെ പറഞ്ഞു. ചിലർ വിശ്വസിക്കുന്നു…അല്ല, എനിക്കതു പറയാൻ വയ്യ.
ബറബസ് അയാളുടെ അടുക്കലേക്കു നീങ്ങിയിരുന്നു.
- ബറബസ്:
- അവർ എന്തു വിശ്വസിക്കുന്നു?
- താടിക്കാരൻ:
- അവർ വിശ്വസിക്കുന്നു… അദ്ദേഹം ഈശ്വരന്റെ തന്നെ മകനാണെന്നു്.
- ബറബസ്:
- ഈശ്വരന്റെ മകൻ!
മുച്ചുണ്ടിയും ബറബസിനോടു് ക്രിസ്തുവിന്റെ മാഹാത്മ്യത്തെക്കുറിച്ചു സംസാരിച്ചു. വിശ്വാസത്തിന്റെ കാര്യത്തിൽ, മഹാത്ഭുതങ്ങൾ സംഭവിക്കുമെന്ന കാര്യത്തിൽ അവൾ ചുവന്ന താടിക്കാരനെക്കാൾ ഒരു പടികൂടി കടന്നു നിൽക്കുകയാണു്. മരിച്ച ദൈവപുത്രൻ ഏതു സിദ്ധാന്തം പ്രചരിപ്പിച്ചു എന്നാണു് ബറബസിന്റെ ചോദ്യം, പെൺകുട്ടി മറുപടി നല്കി: “അന്യോന്യം സ്നേഹിക്കു.” അവർ പിരിഞ്ഞു. അവളെ നോക്കിക്കൊണ്ടു് ബറബസ് വളരെ നേരം നിന്നു.
വിശ്വസിക്കുകയോ? കുരിശിൽ തൂങ്ങിക്കിടന്ന അദ്ദേഹത്തിൽ വിശ്വാസമർപ്പിക്കുന്നതെങ്ങനെ? വളരെ മുൻപു് ജീവൻ വിട്ടുപോയതാണു് ആ ശരീരം. ഉയിർത്തെഴുന്നേല്പു് ഇതുവരെയും ഉണ്ടായതുമില്ല. അവരുടെയെല്ലാം ഭാവന മാത്രമാണിതു്. ഇങ്ങനെയൊക്കെ ബറബസ് വിചാരിച്ചു. അയാൾ ശവക്കല്ലറയുടെ അടുത്തു പോയിരുന്നു് രാത്രി മുഴുവൻ നോക്കിക്കൊണ്ടിരുന്നു. ഒന്നും സംഭവിച്ചില്ല. അടുത്ത ദിവസം കാലത്തു് പ്രവേശനദ്വാരത്തിലെ കല്ലു് കാണാതെയായി. ക്രിസ്തുവിന്റെ അനുയായികൾ മൃതദേഹം എടുത്തുകൊണ്ടുപോയിരിക്കുമെന്നു് ബറബസ് വിചാരിച്ചു. പെൺകുട്ടി കരുതിയതു് അദ്ദേഹം ഉയിർത്തെഴുന്നേറ്റുവെന്നും.
സ്വന്തം ശക്തി ഉപയോഗിക്കാത്ത മനുഷ്യപുത്രനെക്കുറിച്ചു് ബറബസിനു് സംശയമുണ്ടായെങ്കിലും അയാൾക്കു് മാനസാന്തരം സംഭവിച്ചു തുടങ്ങി. ജറുസലമിലെ അധമജീവിതം വെറുത്ത അയാൾ വൈഷയിക ജീവിതം പാടെ വെറുത്തു. ക്രിസ്തുവിൽ വിശ്വസിച്ച മുച്ചുണ്ടിപ്പേൺകുട്ടിയെ കല്ലെറിഞ്ഞു കൊല്ലാൻ ദൈവപുത്രന്റെ വിരോധികൾ വിധിച്ചു. വധത്തിനു വേണ്ടിയുള്ള കുഴിയിൽ അവളെ ഇറക്കിനിർത്തി. അന്ധനായ ഒരുത്തനാണു് ആദ്യത്തെ കല്ലെറിഞ്ഞതു്. അതു് ലക്ഷ്യത്തിൽ കൊണ്ടില്ല. അപ്പോൾ ഒരുത്തൻ മുന്നോട്ടുവന്നു. യൂദനായിരുന്നു
അയാളെന്നതു വ്യക്തം. അന്ധന്റെ കൈക്കുപിടിച്ചു് ആ യൂദൻ അയാൾക്കുവേണ്ടി ഉന്നംനോക്കി. കല്ലു് അപ്പോഴും ലക്ഷ്യത്തിൽകൊള്ളാതെ പാഞ്ഞു. തുടർന്നു് ഒരുത്തൻ വന്നു് മൂർച്ചയുള്ള കല്ലെടുത്തു് എറിഞ്ഞു. അതോടുകൂടി കല്ലേറുതന്നെ. ബറബസ് മുന്നോട്ടേയ്ക്കുചെന്നു് കുഴിയിലേയ്ക്കു നോക്കിയപ്പോൾ പെൺകുട്ടി ഒന്നോ രണ്ടോ അടി മുന്നോട്ടുവച്ചു് വിടർന്ന കൈകളോടുകൂടി—അദ്ദേഹം വന്നു! അദ്ദേഹം വന്നു! ഞാൻ അദ്ദേഹത്തെ കാണുന്നു! ഞാൻ അദ്ദേഹത്തെ കാണുന്നു! എന്നു പറഞ്ഞു് മറിഞ്ഞുവീഴുന്നതാണു് കണ്ടതു്. പെൺകുട്ടി മരിച്ചു കഴിഞ്ഞപ്പോൾ അവളുടെ നേർക്കു് ആദ്യത്തെ കല്ലെറിഞ്ഞ ആളിനെ ബറബസ് കുത്തിക്കൊന്നു. ഇരുട്ടുവീണപ്പോൾ അയാൾ കുഴിയുടെ അടുത്തെത്തി. അതിലിറങ്ങി കീറിമുറിഞ്ഞ മൃതദേഹമെടുത്തു. അതുംകൊണ്ടു് അയാൾ അനേകം മണിക്കൂർ നടക്കുകയായി. ഒടുവിൽ അവളുടെ കുഞ്ഞിനെ അടക്കംചെയ്ത ശവക്കുഴിയിൽ ആ മൃതശരീരം കൊണ്ടുവച്ചു. കുഞ്ഞു് ബറബസിനു് മുച്ചുണ്ടിപ്പെൺകുട്ടിയിൽ ജനിച്ചതായിരുന്നു.
കുറെ ദിവസം കഴിഞ്ഞു് ബറബസ് ജറൂസലം വിട്ടുപോയി. തന്റെ പഴയ കൂട്ടുകാരായ തസ്കരസംഘത്തോടു് അയാൾ ചേർന്നു. പണ്ടു് അതിന്റെ നേതാവിനെ വധിച്ചു് പുതിയ നേതാവായിത്തീർന്ന ആളായിരുന്നു ബറബസ്. അങ്ങിനെയാണു് കണ്ണിനുതാഴെ അയാൾക്കു് മുറിവുണ്ടായതു്. തസ്കരസംഘത്തോടു് ചേരാൻ മാനസാന്തരം വന്ന ബറബസിനു കഴിഞ്ഞില്ല. പിന്നെയും കുറെക്കാലം അയാൾ അലഞ്ഞുനടന്നു. റോമാക്കാർക്കു് അടിമപ്പണി ചെയ്തുകൊണ്ടിരിക്കുമ്പോൾ ബറബസിനു സഹാക്ക് എന്നൊരു ക്രിസ്ത്യാനി സുഹൃത്തായിത്തീർന്നു. സഹാക്കിനെ റോമാക്കാർ കുരിശിൽത്തറച്ചു കൊല്ലുന്ന കാഴ്ച ബറബസിനു കാണേണ്ടതായി വന്നു.
ബറബസ് റോമിലെത്തി. ഒരു ദിവസം റോംനഗരം തീ പിടിക്കുന്നതു് അയാൾ കണ്ടു. ക്രിസ്തു തിരിച്ചു് ഭൂമിയിലെത്തിയെന്നും അദ്ദേഹം ശത്രുക്കളായ റോമാക്കാരെ നശിപ്പിക്കുകയാണെന്നും കരുതിയ ബറബസ് ഒരു കൊള്ളിയെടുത്തു് കണ്ടതെല്ലാം അഗ്നിക്കിരയാക്കി. ക്രിസ്ത്യാനികളെയും മിശിഹായെയും താൻ സഹായിക്കുകയാണെന്നാണു് അയാൾ വിചാരിച്ചതു്. പക്ഷേ, സീസർ തന്നെയായിരുന്നു തീ വച്ചതെന്നു് ബറബസ് പിന്നീടേ അറിഞ്ഞുള്ളു. മറ്റു ക്രിസ്ത്യാനികളുടെ കൂടെ ബറബസ് ജയിലിൽ കിടന്നു. ക്രിസ്ത്യാനികളെ കുരിശിൽ തറയ്ക്കാൻ കൊണ്ടുപോയി. ബറബസിനെ ഒറ്റയ്ക്കാണു് വധസ്ഥലത്തേക്കു കൊണ്ടുപോയതു്. ക്രിസ്ത്യാനികളെല്ലാം കുരിശിൽക്കിടന്നു മരിച്ചു. ബറബസ് മാത്രം മരിക്കാതെ കിടക്കുന്നു. താൻ പേടിച്ചിരുന്ന മരണം വന്നെത്തുന്നുവെന്നു കണ്ടപ്പോൾ ബറബസ് അന്ധകാരത്തിലേയ്ക്കു പറഞ്ഞു: “നിനക്കായി ഞാൻ എന്റെ ആത്മാവു് സമർപ്പിക്കുന്നു.” അതോടുകൂടി അയാൾ അന്ത്യശ്വാസം വലിച്ചു.
സൂര്യനില്ലാത്ത സ്വീഡനിൽ പ്രചോദനത്തിന്റെ അഗ്നിജ്വാല കണ്ടെത്തിയ കലാകാരനാണു് പർ ലാഗർ ക്വിസ്റ്റ്. സ്വീഡിഷ് അക്കാഡമിയുടെ സെക്രട്ടറി നോബൽ സമ്മാനം നൽകുന്ന വേളയിൽ പറയുകയുണ്ടായി, സൂര്യനില്ലാത്ത സ്വീഡൻ ഉത്തരധ്രുവത്തോടും അടുത്ത ആ രാജ്യം മാത്രമല്ല, ആദ്ധ്യാത്മികത്വത്തിന്റെ ശോഭ നശിച്ചു് താമസപ്രധാനമായിബ്ഭവിച്ച രാജ്യംകൂടിയാണു്. 1950-ലാണു് ലാഗർ ക്വിസ്റ്റ് ‘ബറബസ് ’ പ്രസിദ്ധപ്പെടുത്തിയതു്. 1945-ൽ രണ്ടാം ലോകമഹായുദ്ധം തീർത്തെങ്കിലും അശാന്തിയുടെ കാർമേഘങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നിരുന്നു. ഭയവും അവിശ്വാസവും ഓരോ മനുഷ്യനെയും ആവരണം ചെയ്തിരിക്കുന്നു. ഇതു് സ്വീഡനിലെ സ്ഥിതി മാത്രമായിരുന്നില്ല. ലോകമെമ്പാടും അന്ധകാരം. അപ്പോൾ ആസ്തികതയുടെ ആവശ്യകത ഊന്നിപ്പറയേണ്ടതാണെന്നു ലാഗർ ക്വിസ്റ്റിനു തോന്നി. അതിന്റെ ഫലമാണു് ‘ബറബസ്’ എന്ന നോവൽ. ‘ബറബസി’നു മുൻപു് 1944-ൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ The Dwarf എന്ന നോവലിലും ‘ബറബസി’നുശേഷം 1956-ൽ പ്രസിദ്ധപ്പെടുത്തിയ The Sibyl എന്ന നോവലിലും ഈ ആസ്തികത തന്നെയാണു് ലാഗർ ക്വിസ്റ്റ് പ്രതിപാദനം ചെയ്തിട്ടുള്ളതു്. ആസ്തികത എന്നതിനേക്കാൾ ആസ്തികതയ്ക്കുള്ള അന്വേഷണം എന്നു പറയുന്നതാവും കൂടുതൽ ശരി. കാരണം മനുഷ്യനിൽ അവിശ്വാസവും വിശ്വാസവും സങ്കലനം ചെയ്തിരിക്കുന്നു എന്നതാണു്. അവിശ്വാസമുള്ള അവൻ വിശ്വാസത്തെ എപ്പോഴും തേടിക്കൊണ്ടിരിക്കുന്നു. ചിലപ്പോൾ അവൻ വിശ്വാസത്തിൽ ചെന്നുചേർന്നുവെന്നുവരാം. പലപ്പോഴും അവിശ്വാസത്തിന്റേയും വിശ്വാസത്തിന്റെയും സംഘട്ടനത്തോടുംകൂടി തന്നെ ഈ ലോകം വിട്ടു പോകുന്നു. ‘ബറബസി’ന്റെ അവസാനം കാണുന്ന ഇംഗ്ലീഷ് വാക്യം തന്നെ എടുത്തെഴുതട്ടെ ‘When he felt ceate approaching, that which he had always been so afraid of, he said out into the darkness, as though he were speaking to it: To thec I deliver up my soul” നിനക്കായി ഞാൻ എന്റെ ആത്മാവിനെ വിട്ടുതരുന്നു. ക്രിസ്തുവിനോടാകാം ഈ വാക്യം അല്ലെങ്കിൽ അന്ധകാരത്തോടാവാം. അന്ധകാരത്തോടാണെങ്കിലും അവിശ്വാസത്തോടാണെങ്കിലും ആധ്യാത്മികതയുടെ സൗരഭ്യം ഈ കലാശില്പം പ്രസരിക്കുന്നു. അതിനാൽ നോവലിന്റെ ഈ സന്നിഗ്ദ്ധത വിശ്വാസത്തിന്റെ അസന്ദിഗ്ദ്ധസ്വഭാവത്തിലേയ്ക്കു് വായനക്കാരനെ നയിച്ചു് അയാൾക്കു് മാനസികമായ ഔന്നത്യം ജനിപ്പിക്കുന്നുവെന്നാണു് എന്റെ വിചാരം.
നോവൽ വായിക്കൂ. ഈ സംഘട്ടനം ഏതു സന്ദർഭത്തിലും ദൃശ്യമാകും.
‘My god my god why hast thou forsaken me?’ എന്ന ദൈവപുത്രന്റെ വാക്കുകൾ കേട്ടു് ബറബസ് ഞെട്ടുന്നു. യേശുവിന്റെ മാതാവു് നിശബ്ദപ്രതിഷേധം സൂചിപ്പിച്ചുകൊണ്ടു് ബറബസിനെ നോക്കിയതും അയാളെ അസ്വസ്ഥനാക്കുന്നു. ആ അസ്വസ്ഥത മറക്കാനാണു് അയാൾ കുടിച്ചു കുടിച്ചു് ലക്കില്ലാത്തവനാകുന്നതു്. ശവക്കുഴിയിൽ ചെന്നിരുന്നു് രാത്രി മുഴുവൻ മഹാദ്ഭുതം കാണാൻ യത്നിക്കുന്ന ബറബസ് തികഞ്ഞ അവിശ്വാസിയാണെന്നു് ആരു പറയും? നോവലിൽ വണ്ണം കൂടിയ ഒരു സ്ത്രീ കഥാപാത്രമുണ്ടല്ലോ. ക്രിസ്തുവിന്റെ ആത്മാവു് ബറബസിനെ ബാധിച്ചിരിക്കുന്നു എന്നു് അവൾക്കു തോന്നുന്നു. മുച്ചുണ്ടിപെൺകുട്ടിയുടെ നേർക്കു് ആദ്യത്തെ കല്ലെറിഞ്ഞവനെ കൊല്ലുന്ന ആ തസ്ക്കരപ്രമാണി വിശ്വാസിയല്ലെന്നു് എങ്ങനെ പറയാനാണു്. “നീ നിന്റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക” എന്നു് ഉപദേശിച്ച മഹാത്മാവിന്റെ കാലടിപാടുകളെ പിന്തുടർന്നവനാണു് ബറബസ് എന്നതിനും നോവലിൽ തെളിവുകളുണ്ടു്. അയാൾ പെൺകുട്ടിയുടെ മൃതദേഹം കൈയിലെടുത്തു് എത്രയെത്ര മണിക്കൂർ നേരമാണു് അലഞ്ഞുതിരിഞ്ഞതു്. ഇതു സ്നേഹത്തിന്റെ പ്രചോദനത്താലത്രേ. സംശയമില്ല. തസ്കരസംഘത്തിൽനിന്നു് ഒളിച്ചോടുന്ന ബറബസ് സ്നേഹത്തിന്റെ ദിവ്യസന്ദേശം നൽകിയ യേശുവിന്റെ ശിഷ്യൻ തന്നെ. പക്ഷേ, അടുത്ത ‘ഘട്ട’ത്തിൽ അയാൾ അവിശ്വാസത്തിലേക്കു വീഴുന്നു. ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ഒരിക്കലും കൈവെടിയുകയില്ലെന്നു പറഞ്ഞ സഹാക്കിനെ റോമാക്കാർ കൊല്ലുകയാണു്. ബറബസാകട്ടെ ജീവിച്ചിരിക്കാൻ വേണ്ടി താൻ വിശ്വാസിയല്ലെന്നു വ്യക്തമാക്കുന്നു. സഹാക്കു് കുരിശിൽ കിടന്നു് പിടച്ചു മരിച്ചപ്പോൾ അത്ഭുതമൊന്നും ഉണ്ടായില്ല. അപ്പോൾ അവിശ്വാസത്തിനു ദൃഢീകരണം സംഭവിക്കുന്നു. ഉത്തരക്ഷണത്തിൽ അതും മാറുന്നു. റോം നഗരം തീപിടിച്ചപ്പോൾ അതു യേശുഭഗവാന്റെ കോപത്താലാണെന്നു ധരിച്ച ബറബസ് വിശ്വാസിയായി മാറുകയും തന്നാൽ കഴിയുന്നിടത്തോളം പട്ടണം തീവച്ചു നശിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ സന്ദേശം സ്നേഹം മാത്രമാണെന്നു പിന്നീടു മനസ്സിലാക്കുമ്പോൾ തന്റെ പ്രവൃത്തി നീതിമത്കരിക്കാൻ കഴിയാത്തതാണെന്നു് അയാൾക്കു തോന്നുന്നു. ഈ സംഘട്ടനവും സന്ദിഗ്ദ്ധതയും കലാപരമായി ആവിഷ്കരിച്ചിരിക്കുന്നു, ലാഗർക്വിസ്റ്റ്. അതുകൊണ്ടാണു് കലാസൗന്ദര്യത്തിനു കിരീടം വയ്ക്കുന്ന അവസാനത്തെ വാക്യം സന്ദിഗ്ദ്ധതകൊണ്ടു് നമ്മെ ആഹ്ലാദത്തിന്റെ അഗാധഹ്രദത്തിലേയ്ക്കു് എറിയുന്നതു്.
“ഇരുട്ടിനകത്തേക്കു് അയാൾ പറഞ്ഞു; അതിനോടു് സംസാരിക്കുന്ന മട്ടിൽ—നിനക്കായി ഞാൻ എന്റെ ആത്മാവിനെ അർപ്പിക്കുന്നു”. Supreme poetic utterance—ശ്രേഷ്ഠമായ കാവ്യഭാഷണമായി ഞാനീ വാക്യത്തെ കരുതുന്നു. ബറബസ് എന്ന കഥാപാത്രത്തിന്റെ ഈ സംഘട്ടനവും അന്വേഷണവും അയാളുടേതു മാത്രമല്ല. ഏതു മതക്കാരന്റേയും സംഘട്ടനവും അന്വേഷണവുമത്രേ.
തിരുവനന്തപുരത്തു് വി. കെ. മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1923 മാർച്ച് 3-നു ശ്രീ എം. കൃഷ്ണന്‍ നായർ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നു് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളജിൽ നിന്നു മലയാള വിഭാഗം തലവനായി വിരമിച്ചു.
36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതിയ (1969 മുതൽ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും. മലയാളനാട് വാരികയിലാണു് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയതു്. മലയാളനാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതൽ യൂറോപ്പു വരെയും, ആഫ്രിക്ക മുതൽ ജപ്പാൻ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാർക്കു പരിചയപ്പെടുത്തി. പാവ്ലോ നെരൂദ, മാർക്വേസ്, തോമസ് മാൻ, യസുനാരി കവബാത്ത തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിൽ എത്തിക്കുന്നതിൽ കൃഷ്ണന്‍ നായരുടെ പങ്കു ചെറുതല്ല.
സൗമ്യസ്വഭാവിയും ശാന്തനും ആതിഥ്യമര്യാദക്കാരനുമായിരുന്ന കൃഷ്ണന്‍ നായർ സാഹിത്യ വിമർശനത്തിൽ കർശനമായ മാനദണ്ഡങ്ങൾ അവലംബിച്ചു. രചിതാവിന്റെ പേരും പ്രശസ്തിയും അദ്ദേഹത്തിനു് പ്രശ്നമായിരുന്നില്ല. കലാപരമായി ഔന്നത്യമുള്ള രചനകൾ മാത്രമാണു് സാഹിത്യമെന്നും മറ്റെല്ലാം വ്യർത്ഥവ്യായാമങ്ങളാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവർത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികൾവരെയും 35 വർഷമായി സാഹിത്യ വാരഫലം വായിക്കുന്നതു്’ എന്നും കൂട്ടിച്ചേർത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നർമവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാർക്കു പ്രിയങ്കരമാക്കി.
അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണൻ നായർ. ഓട്ടോറിക്ഷാ ഡ്രൈവർമാർ മുതൽ കോളേജ് പ്രൊഫസർമാർ വരെയും നവകവികൾ മുതൽ വിദ്യാർത്ഥികൾ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. മലയാളസാഹിത്യത്തിൽ മൗലികതയുള്ള എഴുത്തുകാർ ഇല്ലെന്നും ടോള്‍സ്റ്റോയിയും തോമസ് മാനു മായി താരതമ്യപ്പെടുത്തുമ്പോൾ മലയാള സാഹിത്യകാരന്മാർ ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്നു് അദ്ദേഹം വിശ്വസിച്ചു.
തിരുവനന്തപുരത്തെ സായാഹ്ന നടത്തക്കാർക്കു് പരിചിതനായിരുന്നു കൃഷ്ണന്‍ നായർ. ഇന്ത്യന്‍ കോഫി ഹൌസിലെ പതിവുകാരനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ മോഡേണ്‍ ബുക് സെന്ററിൽ സ്ഥിരം സന്ദർശകനും ഉപയുക്താവുമായിരുന്നു. സാഹിത്യരംഗത്തെ സേവനങ്ങള്‍ക്കു് അദ്ദേഹത്തിനു ജി. കെ. ഗോയെങ്ക പുരസ്കാരം ലഭിച്ചു. കേരള യൂണിവേഴ്സിറ്റി ലൈബ്രറി അദ്ദേഹത്തിന്റെ രചനകള്‍ക്കായി ഒരു പ്രദർശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്നമണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തിൽ (1977), ചിത്രശലഭങ്ങൾ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികൾ തുടങ്ങിയവ ഈ പ്രദർശനത്തിൽ ഉള്‍ക്കൊള്ളിച്ചിരുന്നു.
ഫെബ്രുവരി 23, 2006-ൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ കൃഷ്ണന്‍ നായർ അന്തരിച്ചു. ന്യുമോണിയയും ഹൃദയത്തിലെ രക്തതടസ്സവുമായിരുന്നു മരണ കാരണം.