
ശ്രീമതി എം. ലീലാവതി യുടെ പ്രബന്ധങ്ങൾ വായിക്കുമ്പോഴെല്ലാം ഞാൻ ശ്രീ. സി. വി. കുഞ്ഞുരാമന്റെ പ്രബന്ധങ്ങളെക്കുറിച്ചു വിചാരിച്ചുപോകാറുണ്ടു്. സി. വി. എത്ര ലളിതമായും സ്പഷ്ടമായും എഴുതിയിരിക്കുന്നു! ലീലാവതി എത്ര സങ്കീർണ്ണമായും അസ്പഷ്ടമായും എഴുതുന്നു!—ഇതാണു് എന്റെ വിചാരം. ഈ വിചാരത്തിനു ശരിയായ അടിസ്ഥാനമില്ലെന്നു് ആർക്കെങ്കിലും തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ അവർ ശ്രീമതി ലീലാവതി ആഗസ്റ്റ് 31-ാം തീയതിയിലെ ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ എഴുതിയിട്ടുള്ള ‘എലിജിയും വി.സി.യുടെ വിലാപവും’ എന്ന ലേഖനം വായിക്കട്ടെ. അതിൽനിന്നു് ഒരു ഭാഗം ഞാൻ ഉദ്ധരിക്കാം.
‘അവയുടെ ആന്തരദുഃഖധാരയിൽ ഒരു കാലഘട്ടത്തിന്റെ ചരമഘണ്ടാനാദം അനുരണനം ചെയ്യുന്നതും പുതിയൊരു ഘട്ടത്തിന്റെ അവതാരഭേരീനാദത്തോടൊപ്പം നിപുണശ്രോത്രങ്ങൾക്കു കേൾക്കാം. വ്യക്തിയുടെ തനതുവക ദുഃഖങ്ങളും ആശകളും ഭീതികളും എല്ലാം തന്നിൽതന്നെ കുഴിച്ചുമൂടുകയല്ലാതെ നാലാൾ എടുത്തു പരിശോധിക്കത്തവണ്ണം കാറ്റത്തിടാൻ തയാറില്ലായിരുന്നു അഭിജാതമെന്നു സ്വയം വിശ്വസിച്ചിരുന്ന ആ കാലഘട്ടത്തിന്റെ അഭിരുചിവിശേഷം.”
ഈ വാക്യങ്ങളുടെ അർത്ഥം ആദ്യത്തെ വായനയിൽ വായനക്കാരനു് മനസ്സിലായിയെന്നു വരില്ല. രണ്ടോ മൂന്നോ പ്രാവശ്യം വായിക്കുമ്പോൾ അർത്ഥം ഒട്ടൊക്കെ മനസ്സിലാകും. ഈ ക്ലേശം സഹിക്കാൻ ആർക്കു സമയമുണ്ടു്? ആർക്കു മനസ്സുണ്ടു്? വായനക്കാർ വൈരസ്യത്തോടെ വാരിക ദൂരെ എറിയും.
ഇനി സി. വി. കുഞ്ഞുരാമൻ എഴുതുന്നതു നോക്കുക—
“സന്ധ്യയ്ക്കു അടിച്ചുതളിയെല്ലാം കഴിഞ്ഞു് വിളക്കു കൊളുത്തുന്നതിനു് അല്പം മുമ്പായി ഞാൻ അവിടെ ചെന്നു. വീട്ടിന്റെ മുൻവശത്തു മീനത്തു കോണിൽ ഉണ്ടായിരുന്ന വെൺകളി പൂശിയ കിണറ്റുകല്ലിൽ ഞാൻ ചെന്നുകയറിനിന്നു. എന്തോ ഒരു സങ്കോചംകൊണ്ടു് അവിടെ നിന്നു് മുൻപോട്ടു കാലുനീക്കുവാൻ കഴിയാതെ ഞാൻ ആ കിണറ്റുകല്ലിൽ തന്നെ ഇതികർത്തവ്യതാമൂഢനായി നില്ക്കുമ്പോൾ ഇക്കാവമ്മ ഒരു ചെപ്പുക്കുടവുമായി കിണറ്റുകല്ലിൽ വന്നുകയറി. എന്നെക്കണ്ടു നല്ലവണ്ണം പുഞ്ചിരി തൂകുവാൻ അറിയാവുന്ന ഇക്കാവമ്മ ഒരു പുഞ്ചിരി തൂകിയതു് ഇന്നും എനിക്കുകാണാം”.
എന്തൊരു സ്വാഭാവികത! എന്തൊരു ലാളിത്യം! ലീലാവതിയുടെയും സി.വി.യുടെയും പ്രതിപാദ്യവിഷയങ്ങൾ വിഭിന്നങ്ങളായതുകൊണ്ടാണു് ശൈലിക്കും ഈ വ്യത്യാസം വന്നതെന്നു് കരുതരുതു്. ലീലാവതി ഏതു വിഷയം കൈകാര്യം ചെയ്താലും ദുർഗ്രഹമായേ എഴുതൂ. ഗഹനങ്ങളായ വേദാന്തവിഷയങ്ങൾ പ്രതിപാദനം ചെയ്യുമ്പോഴും സി. വി. കുഞ്ഞുരാമന്റെ ശൈലി സരളമാണു്. പ്രസന്നമാണു്. നേരേ ചിന്തിക്കുന്നവർ നേരേ എഴുതുന്നു; വക്രമായി ചിന്തിക്കുന്നവർ വക്രമായി എഴുതുന്നു. അല്ലാതെന്തു പറയാൻ, സുന്ദരമായ മലയാളഗദ്യം എഴുതാൻ ആഗ്രഹമുള്ളവർ ഈ. വി. കൃഷ്ണപിള്ള, സി. വി. കുഞ്ഞുരാമൻ, എം. ആർ. നായർ, മൂർക്കോത്തു കുമാരൻ, കുട്ടിക്കൃഷ്ണമാരാർ, മന്നത്തു പദ്മനാഭൻ എന്നിവരുടെ ഗ്രന്ഥങ്ങൾ വായിച്ചു പഠിക്കണം. കുഞ്ചൻ നമ്പ്യാരു ടെ തുള്ളൽക്കഥകൾ ഹൃദിസ്ഥമാക്കുകയും വേണം. ഇതു വിദ്യാർത്ഥികളോടു മാത്രമുള്ള ഉപദേശമല്ല. എന്നെപ്പോലെയും ശ്രീമതി ലീലാവതിയെപ്പോലെയും ഉള്ള കോളേജ് അദ്ധ്യാപർക്കും അംഗീകരിക്കാവുന്ന ഒരു നിയമമാണു്; സാരസ്വതരഹസ്യമാണു്.
ഒരു സ്ത്രീ പരിപൂർണ്ണനഗ്നതയോടെ തെരുവിൽ നിന്നുവെന്നിരിക്കട്ടെ. വിവരമുള്ളവർ അതു നിഷിദ്ധമാണെന്നു പറയും. പക്ഷേ, ഒന്നോ രണ്ടോ പേർ അവളെ നോക്കി ഇങ്ങനെ പ്രസ്താവിച്ചുവെന്നു വരും. “ശ്രീമതി നഗ്നേ, ബലേ ഭേഷ്.”
മലയാളശൈലിയുടെ സ്വാഭാവികതയെക്കുറിച്ചുള്ള ഈ വിചാരം എന്നെ കൊണ്ടുചെല്ലുന്നതു് ശ്രീ. കെ. പി. കേശവമേനോന്റെ “മറ്റൊരു ജന്മദിനം” എന്ന മനോഹരമായ ലേഖനത്തിലേക്കാണു്. താൻ വളരെ സ്നേഹിക്കുന്ന സുഹൃത്തിനോടു സംസാരിക്കുന്നമട്ടിലാണു് ശ്രീ. കെ. പി. കേശവമേനോൻ എപ്പോഴും എഴുതാറുള്ളതു്. സ്വന്തം ജീവിതനിരീക്ഷണങ്ങളും ജീവിതരഹസ്യങ്ങളും സ്നേഹിതരോടെന്ന നിലയിൽ അദ്ദേഹം നമ്മോടു പറയുന്നു. അതിൽ വക്രതയില്ല, കാപട്യമില്ല, സന്ദിഗ്ദ്ധതകൊണ്ടു് വായനക്കാരനെ കളിപ്പിക്കാനുള്ള യത്നമല്ല. അക്കാരണത്താൽ വായനക്കാരൻ ലേഖകനോടു് മാനസികമായി അടുക്കുന്നു. അദ്ദേഹത്തിന്റെ സന്തോഷത്തിൽ പങ്കു ചേർന്നു് സന്തോഷിക്കുന്നു; അദ്ദേഹത്തിന്റെ ദുഃഖത്തിൽ ഭാഗഭാക്കായി ദുഃഖിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതനിരീക്ഷണം ശരിയാണെന്നു് സമ്മതിച്ചുകൊടുക്കുകയും ചെയ്യുന്നു. തന്റെ എൺപത്തി നാലാമത്തെ ജന്മദിനത്തിൽ ഉണ്ടായ വിചാരങ്ങളെ ആവിഷ്ക്കരിക്കുകയാണു് ശ്രീ. കേശവമേനോൻ. നമുക്കു് മനസ്സിലാക്കാനുള്ള വസ്തുതകൾ പലതും ആ ലേഖനത്തിലുണ്ടു്. നമ്മുടെ ജീവിതത്തിൽ പകർത്തേണ്ടവ പലതും അതിലുണ്ടു്. ശരിയായി മലയാളം എഴുതാൻ അറിഞ്ഞുകൂടാത്തവർക്കു് അദ്ദേഹത്തിന്റെ ലേഖനം വായിച്ചാൽ പ്രയോജനമുണ്ടാകും.

ഗദ്യം ലളിതമായിരിക്കണം, പ്രസന്നമായിരിക്കണം എന്നു ഞാൻ പറഞ്ഞതുകൊണ്ടു് കവിതയോടു് അതിനു് ബന്ധം പാടില്ല എന്നെനിക്കു് വിചാരമുള്ളതായി ആരും കരുതരുതെന്നു് അപേക്ഷിക്കുന്നു. ഗദ്യം കവിതയോടു് അടുക്കുമ്പോഴും സുന്ദരമായിരിക്കും. അതിനു് ഉദാഹരണം ശ്രീ. എം. ആർ. ബി യുടെ ലേഖനം തന്നെ. ശ്രീമതി ബാലാമണിയമ്മയുടെ ഷഷ്ടിപൂർത്തി ആഘോഷിച്ചപ്പോൾ താനും കൂട്ടുകാരും അതിൽ പങ്കുകൊള്ളാൻ പോയതിനെ എം. ആർ. ബി.വർണ്ണിക്കുകയാണു്. “ചിരിയും കരച്ചിലും” എന്ന ആ പ്രബന്ധം മലയാളഗദ്യത്തിന്റെ സൗകുമാര്യം ആവഹിക്കുന്നു, കാവ്യഭംഗിയുടെ ഉത്കൃഷ്ടത പ്രദർശിപ്പിക്കുന്നു.
ഭവതി നഗ്നതാപ്രദർശനവുമായി മുന്നേറിയാലും. മനുഷ്യസമുദായത്തിൽ കൊലപാതകികൾ ഉള്ളതുപോലെ, ഭ്രാന്തന്മാരുള്ളതുപോലെ സാഹിത്യത്തിലെ വൈരൂപ്യത്തെ വാഴ്ത്തുന്നവരുമുണ്ടു്. അവരെ നാം മനസ്സിലാക്കിയിരിക്കണം.
അന്തഃകരണത്തിന്റെ അനുശാസനങ്ങളും വൈഷയിക കൗതുകങ്ങളും തമ്മിൽ നടക്കുന്ന പോരാട്ടത്തെ ചിത്രീകരിക്കുന്ന “നിഴൽയുദ്ധം” എന്ന ചെറുകഥ ഹൃദയഹാരിയാണു്. ആ കഥയെഴുതിയ വൈശാഖൻ വിരസജീവിതം നയിക്കുന്ന ഒരു സ്റ്റേഷൻമാസ്റ്റരെ അവതരിപ്പിക്കുന്നു, അയാൾക്കു കൈക്കൂലി വാങ്ങാനുള്ള സൗകര്യങ്ങൾ ഉണ്ടു്; എന്നിട്ടും വാങ്ങുന്നില്ല. റ്റിക്കറ്റില്ലാതെ യാത്ര ചെയ്ത ഒരു തരുണിയെ സ്വന്തം ഇച്ഛയ്ക്കു വിധേയയാക്കാനുള്ള സൗകര്യം ലഭിച്ചു: അവസാനത്തെ നിമിഷംവരെ അയാൾ സ്വഭാവദാർഢ്യംകൊണ്ടു് ചലനമില്ലാതെ നിന്നു. ഒടുവിൽ ശൈഥില്യം വന്നപ്പോൾ നേരം വെളുത്തുപോകുകയും ചെയ്തു. നേരം വെളുത്തില്ലെങ്കിലും അയാൾ വീഴുമായിരുന്നില്ല: ആ രീതിയിലാണു് വൈശാഖൻ സ്റ്റേഷൻ മാസ്റ്ററുടെ സ്വഭാവം ചിത്രീകരിച്ചിട്ടുള്ളതു്. നല്ലകഥ; സംശയമില്ല. കഥാഗതിക്കു അനുരൂപമല്ലാത്ത ചില വർണ്ണനകൾ ഒഴിവാക്കിയിരുന്നെങ്കിൽ ഇതിന്റെ ശക്തികൂടുമായിരുന്നുവെന്നു് എനിക്കു തോന്നുന്നു. കഥാകാരന്റെ ഓരോ വാക്യവും, ഓരോവാക്കും കഥയുടെ പരമലക്ഷ്യത്തോടു ബന്ധപ്പെട്ടതായിരിക്കണം. വിരസജീവിതം നയിക്കുന്ന ഒരു സ്റ്റേഷൻമാസ്റ്ററെ ആന്റൺ ചെക്കോവും അവതരിപ്പിച്ചിട്ടുണ്ടു്. അയാളുടെ ശുഷ്കമായ ജീവിതത്തിലേക്കു് ഒരു തരുണി കടന്നുവരുമ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദമുണ്ടാവുകയാണു്. ആ വൈരാഗ്യത്തെയും ആഹ്ലാദത്തെയും തീക്ഷ്ണതമമാക്കി പ്രദർശിപ്പിക്കുന്ന ചെക്കോവ്. വൈശാഖൻ ആ കഥ വായിച്ചിട്ടില്ലെങ്കിൽ വായിച്ചു നോക്കണമെന്നു് ഞാൻ അഭ്യർത്ഥിക്കുന്നു. ശ്രീ. എസ്. വി. വേണുഗോപൻ നായർ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (സെപ്റ്റംബർ-7) എഴുതിയിട്ടുള്ള ‘വിമോചനം’ എന്ന കഥ പ്രതിരൂപാത്മക സ്വഭാവമുള്ളതാണു്. അച്ഛന്റെ മരണമറിയിച്ചുകൊണ്ടുള്ള കമ്പി സന്ദേശം കിട്ടിയപ്പോൾ മകൻ വീട്ടിലേക്കുയാത്രയായി. തീവണ്ടിയിലിരുന്നു് അയാൾ പെയ്പോയ കാലങ്ങളെക്കുറിച്ചു് ചിന്തിക്കുകയാണു്. അച്ഛനും അദ്ദേഹം ഉണ്ണുമ്പോൾ ഉരുളയ്ക്കുവേണ്ടി വന്നു കിടക്കുന്ന നായും. അച്ഛൻ ചോറുവലിച്ചെറിയും അതിന്റെ നേർക്കു്. അദ്ദേഹം മാത്രമല്ല, അച്ഛന്റെ അച്ഛനും അങ്ങനെ പ്രവർത്തിച്ചിരുന്നു… അയാൾ വീട്ടിലെത്തി. ശവസംസ്ക്കാരം കഴിഞ്ഞു. ദിനങ്ങൾ കടന്നുപോയി. അങ്ങനെയിരിക്കെ ഒരു ദിവസം കാറ്റും മഴയുമുണ്ടായി. മാവിന്റെ കൊമ്പു് വീട്ടിനുമുകളിൽ ഒടിഞ്ഞു വീണു. നായു്—നിത്യൻ എന്നാണു് രാമന്റെ പേരു്—ചിതറിപ്പോയി. പിന്നെയും ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം അയാൾക്കു് ഒരു വിഭ്രമം ഉണ്ടാകുകയാണു്. മാവിന്റെ താഴെയുള്ള വിടവിലൂടെ നായയുടെ കാലു നീണ്ടുവരുന്നു. അതിന്റെ വിരലിൽ ഒരുഭാഗം വീർത്തുപൊട്ടാറായിരിക്കുന്നു അതുനിറയെ ചലമാണു്. കാലുവളർന്നു മുറിനിറഞ്ഞു. അപ്പോൾ അയാൾ പുറത്തുചാടി… നായുടെ രൂപം എപ്പോഴും അയാളെ പിൻതുടരുകയാണു്. അതിന്റെ കുരയ്ക്കൽ എപ്പോഴും അയാൾ കേൾക്കുകയാണു്. പെട്ടെന്നു് അയാൾക്കു മനസ്സിലായി ആ ശബ്ദം തന്റെ ഉള്ളിൽ നിന്നുതന്നെയാണു് ഉണ്ടാകുന്നതെന്നു്. അയാൾ ചാടിയെഴുന്നേറ്റു് നീട്ടിനീട്ടിക്കുരച്ചു. ഇതാണു് ‘വിമോചന’ത്തിലെ കഥ. ഈ കഥയിലെ നായകൻ “സായുധവിപ്ലവം, തോക്കിൻകുഴലിൽ അധികാരം” എന്ന ചിന്താഗതികളുടെ പ്രതിനിധിയാണെന്നു് കഥയിൽതന്നെ സൂചനയുണ്ടു്. അയാളുടെ അച്ഛൻ മറ്റൊരു രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയാണു്. മുത്തച്ഛൻ വേറൊരു കക്ഷിയുടേയും. എങ്കിലും അവർ രണ്ടുപേരും നിത്യനെ—പരമ്പരാഗതങ്ങളും പ്രതിലോമസ്വഭാവമുള്ളവയുമായ രാഷ്ട്രീയ ചിന്താഗതികളെ—ഊട്ടിവളർത്തിയവരാണു്. നായകനു് ആ ശ്വാനനെ കൊല്ലണമെന്നുണ്ടു്. വിപ്ലവം (കഥയിൽ കൊടുങ്കാറ്റു്) അതിനെ നിഗ്രഹിച്ചു. എങ്കിലും ആ ചിന്താഗതിയുടെ പ്രേതം വിപ്ലവകാരിയേയും പിന്തുടരുന്നുവെന്നാണു് കലാകാരൻ അഭിവ്യജ്ഞിപ്പിക്കുന്നതു്. യോനസ്ക്കു വിന്റെ (Ionesco-അയോനസ്ക്കോ എന്നല്ല ഉച്ചാരണം) ഒരു നാടകത്തിൽ കഥാനായകന്റെയും നായികയുടെയും ഭൂതകാലജീവിതത്തെ ഒരു മൃതദേഹമാക്കി അവതരിപ്പിച്ചിട്ടുണ്ടു്. ആ മൃതദേഹത്തിന്റെ കാലുവളർന്നുവളർന്നു മുറിയിൽ നിറയുന്നു. അതു കണ്ടു് അവർ പേടിക്കുന്നു. യോനസ്ക്കൂവിനെ അനുസ്മരിപ്പിക്കുന്നമട്ടിലാണു് കഥാകാരൻ ശ്വാനന്റെ കാലിനെ വർണ്ണിക്കുന്നതു്. അദ്ദേഹത്തിന്റെ കഥയിലെ നായകനു് കമ്യു വിന്റെ Outsider എന്ന നോവലിലെ നായകനോടു് ഒരു അംശത്തിൽ സാദൃശ്യമുണ്ടു്. അമ്മയുടെ മരണം അറിഞ്ഞിട്ടും കമ്യുവിന്റെ കഥാപാത്രം ക്ഷോഭിക്കുന്നില്ല. ഏഴുപതിനഞ്ചിനു പുറപ്പെടേണ്ട ട്രെയിനിൽ ഓടിക്കിതച്ചെത്തി ഏഴുനാല്പത്തിയാറിനു ടിക്കറ്റു വാങ്ങി കയറുന്ന വേണുഗോപൻനായരുടെ കഥാപാത്രത്തിനും ഒരു എക്സിസ്റ്റെൻഷ്യലിസ്റ്റിന്റെ നിസ്സംഗതയുണ്ടു്. വേണുഗോപൻനായരുടെ ഗ്രന്ഥപരിചയത്തേയും കഥയെഴുതുന്നതിൽ പ്രകടമാകുന്ന വൈദഗ്ദ്ധ്യത്തെയും ഞാൻ ബഹുമാനിക്കുന്നു. പക്ഷേ, ഈ കഥയ്ക്കു ന്യൂനതയുണ്ടു്. ഹൃദയത്തിൽ നിന്നല്ല പ്രജ്ഞയിൽ നിന്നാണു് അതിന്റെ ആവിർഭാവം. താൻ ജനിച്ചകാലത്തു്—പത്തൊമ്പതു കൊല്ലം മുമ്പു്—അമ്മയോടു പിണങ്ങിപ്പോയ അച്ഛനെ എല്ലാ ശനിയാഴ്ചയും മകൻ കാണുന്നു. ആ മനുഷ്യൻ തന്റെ അച്ഛനാണെന്നു് അയാൾക്കറിഞ്ഞുകൂടാ. ആ ബാലൻ തന്റെ മകനാണെന്നു് അയാൾക്കറിയാം. അയാൾ ശനിയാഴ്ചതോറും അതിലേ വരുന്നതുതന്നെ മകനെ കാണാനാണു്. ഒടുവിലൊരുദിവസം അച്ഛൻ ആശുപത്രിയിൽക്കിടന്നുമരിക്കുന്നു. അമ്മയിൽനിന്നു് ആ വാർത്ത കേൾക്കുന്ന മകൻ ദുഃഖിക്കുന്നു. ഇതാണു ശ്രീ: ടാറ്റാപുരം സുകുമാരന്റെ ‘മരുപ്പച്ച’ എന്ന കഥയുടെ സാരം. അനുവാചകനെ രസിപ്പിക്കത്തക്കവിധത്തിൽ സുകുമാരൻ കഥ പറഞ്ഞിട്ടുണ്ടു്. പക്ഷേ, “അത്ഭുതകരമായ അന്ത്യമുള്ള”—Surprise end—ഇത്തരം കഥകൾക്കു് ഒരു ദോഷമുണ്ടു്, ചീട്ടുകൊണ്ടു കാണിക്കുന്ന വിദ്യയുടെ രഹസ്യം മനസ്സിലാക്കിയാൽ പിന്നീടും ആ വിദ്യ കാണാൻ രസം തോന്നുകയില്ലല്ലോ, അതുപോലെ ഒരു പരിവൃത്തിമാത്രമേ ഈ കഥ വായിക്കാൻ പറ്റു. ജീവിതാവിഷ്ക്കരണാത്മകതയാലാണു് ശ്രീ: യൂസഫലി കേച്ചേരി ‘അംബ’ എന്ന കവിത എഴുതിയിരിക്കുന്നതു്. പുരാണകഥയിലെ ഒരു നായികയെ—അംബയെ —അദ്ദേഹം അവതരിപ്പിക്കുന്നു. പക്ഷേ, കവി അവതരിപ്പിക്കുന്ന അംബയുടെ ചിന്തകൾക്കോ പ്രവർത്തനങ്ങൾക്കോ ഒരു പുതുമയുമില്ല. കുമാരനാശാന്റെ സീത യും വേഡ്സ്വർത്തി ന്റെ ലയോഡേമിയ യും ടെനിസൺ ന്റെ യുലീസ്സസ്സും പുരാണകഥാപാത്രങ്ങളാണു് അവർക്കു കവികൾ നൂതനചിന്തകൾ നൽകി അവരെക്കൊണ്ടു് സംസാരിപ്പിക്കുമ്പോൾ പ്രവർത്തിപ്പിക്കുമ്പോൾ ആ കഥാപാത്രങ്ങൾ ജീവിതത്തോടു ബന്ധപ്പെടുന്നു; യൂസഫലിയുടെ അംബയ്ക്കു് ഈ സവിശേഷതയില്ല.

മാതൃഭൂമിയിലെ ഏറ്റവും ഉജ്ജ്വലമായ ലേഖനം ഡോക്ടർ ഭാസ്ക്കരൻനായർ എഴുതിയ “ചന്ദ്രനിൽപോയതു് എങ്ങനെ?” എന്നതാണു്. ഗഹനങ്ങളായ ശാസ്ത്രീയ വിഷയങ്ങളെ ലളിതമായ ഭാഷയിൽ പ്രതിപാദിക്കാൻ ഭാസ്ക്കരൻനായർക്കുള്ള അസാധാരണമായ പ്രാഗത്ഭ്യം ഈ ലേഖനത്തിലും ദർശിക്കാം. ആരും വായിച്ചിരിക്കേണ്ട പ്രബന്ധമാണിതു്. “എങ്ങനെ?” എന്നതു് “എങ്ങിനെ?” എന്നും “വർദ്ധന” എന്നതു് “വർദ്ധനവു്” എന്നും “പക്ഷേ” എന്നതു് “പക്ഷെ” എന്നും “അനുരൂപം” എന്നതു് “അനുയോജ്യ”മെന്നും അദ്ദേഹം എഴുതിയിരിക്കുന്നു. അതുകണ്ടപ്പോൾ എനിക്കു് തെല്ലൊരു വൈഷമ്യം തോന്നി. Phenomena എന്ന ഇംഗ്ലീഷ് വാക്കിനു് ‘പ്രതിഭാസങ്ങൾ’ എന്നു പരിഭാഷ നൽകുന്നതും ശരിയല്ല. യുജീൻ ഓനീലി ന്റെ പ്രകൃഷ്ടകൃതിയായി—മാസ്റ്റർപീസായി—ഈ ലേഖകൻ കരുതുന്നതു് Strange Interlude എന്ന നാടകത്തെയാണു്. ശ്രീ. കെ. അശോകൻ അതിനെക്കുറിച്ചു് ഒരു പഠനം തയ്യാറാക്കിയിരിക്കുന്നു. താല്പര്യത്തോടെയാണു് ഞാനതു് വായിച്ചതു്.
പ്രാചീനതയുടെ മഹാത്മ്യത്തേയും ആധുനികതയുടെ അസഭ്യതയേയും ചൂണ്ടിക്കാണിക്കുന്ന കവിതയാണു് ശ്രീ. ഏവൂർ പരമേശ്വരൻ ‘മലയാളനാടി’ന്റെ പതിനാറാം ലക്കത്തിൽ എഴുതിയിട്ടുള്ളതു്. അതിലെ ആശയഗതിയോടു് യോജിക്കാൻ എനിക്കു് വൈഷമ്യമില്ല. പക്ഷേ, ആശയം വിവരണാത്മകമാകാതെ വാങ്ങ്മയചിത്രമായി വന്നെങ്കിലേ രമണീയമാകൂ. അക്കാര്യത്തിൽ പരമേശ്വരൻ ശ്രദ്ധിച്ചിട്ടില്ല. കവിതയെ വിട്ടിട്ടു് ചെറുകഥയിലേയ്ക്കുവന്നാലോ? ആദ്യമായി നമ്മുടെ ശ്രദ്ധയിൽപ്പെടുന്നതു് ശ്രീ. എൻ. ആർ. കുറുപ്പിന്റെ “ശിവന്റെ കണ്ണു്” എന്ന ചെറുകഥയാണു്. ശാസ്ത്രത്തിന്റെ വികാസത്തിൽ അന്ധവിശ്വാസങ്ങൾ തകർന്നുവീഴുന്നതിനെ ചിത്രീകരിക്കുന്ന ഉപഹാസാത്മകമായ കഥയാണു് അതു്. ഉപഹാസസാഹിത്യത്തിൽ ബുദ്ധിയുടെ പ്രവർത്തനമാണു് കാണുന്നതെന്നു് ഞാൻ മുൻപു് പറഞ്ഞിട്ടുണ്ടു്. അതൊരു ദോഷമല്ല, അതിന്റെ സ്വഭാവം അതാണെന്നുമാത്രം. ആ നിലയിൽ വിജയം പ്രാപിച്ച കഥയാണു് ശിവന്റെ കണ്ണു്. സാഹിത്യകാരന്മാർക്കു് ഏറ്റവും പ്രയാസമുണ്ടാക്കുന്ന ഒരു കാര്യമാണു് സെക്സ്—ലൈംഗികത്വം— അതിന്റെ തേജസ്സിനെ ചിത്രീകരിച്ചാൽ വായനക്കാർക്കു് ഇഷ്ടമാകുമെന്നു് അവർക്കു് അറിയാം. പക്ഷേ, പലർക്കും അതിനു കഴിയുന്നില്ല. അവർ ലൈംഗികത്വത്തിന്റെ ശാരീരികവശങ്ങളിലേക്കു് ചെന്നുവീഴുന്നു. അപ്പോഴാണു് അശ്ലീലരചന ആവിർഭവിക്കുന്നതു്. ഒരു ബാലന്റെ ലൈംഗികാഭിലാഷത്തെ ചിത്രീകരിക്കുന്ന ശ്രീ. രാജേന്ദ്രൻ അവനെ ഒരു പെണ്ണാടിന്റെകൂടെ കിടത്തുന്നു, കെട്ടിപ്പിടിപ്പിക്കുന്നു ഫലമോ? വായനക്കാരനു് വൈരസ്യം.

രാഷ്ട്രവ്യവഹാരം ഈ ലേഖകന്റെ വിഷയമല്ല. എങ്കിലും ശ്രീ. എൻ. ഗോപിനാഥൻനായർ പ്രധാനമന്ത്രിയെക്കുറിച്ചു് എഴുതിയ ലേഖനം ആകർഷകമായിരിക്കുന്നുവെന്നു് ഞാൻ പറഞ്ഞുകൊള്ളട്ടെ. ‘നമ്മുടെ മുദ്രണാലയങ്ങ’ളെക്കുറിച്ചു് ശ്രീ. ആർ. രാമചന്ദ്രൻനായർ എഴുതിയ പ്രബന്ധം വിജ്ഞാനപ്രദമാണു്. യന്ത്രവൽക്കരണംകൊണ്ടും സാങ്കേതികവിജ്ഞാനത്തിന്റെ വികാസംകൊണ്ടും മുദ്രണവ്യവസായത്തിന്നു് വരാവുന്ന അഭിവൃദ്ധിയെ ലേഖകൻ പ്രഗല്ഭമായി ചൂണ്ടിക്കാണിക്കുന്നു. പ്രശസ്തനായ ശ്രീ. അടൂർ ഭാസി യെക്കുറിച്ചു് ശ്രീ. വീരൻ എഴുതിയ ലേഖനം ഭാസിയുടെ ഫലിതംപോലെതന്നെ ഹൃദ്യമാണു്.
കുങ്കുമത്തിലെ കഥാപ്രപഞ്ചത്തിലേക്കു് പ്രവേശിക്കുമ്പോൾ നാം ആദ്യമായി കാണുന്നതു് ശ്രീ. കുളത്തൂർ ഭാസ്ക്കരൻനായരുടെ ‘സ്നേഹത്തിന്റെ വേർപാടു്’ എന്ന ചെറുകഥയാണു്. രവി എന്ന ഒരാളിന്റെ മരണം വർണ്ണിക്കുന്ന ആ കഥയ്ക്കു് ചാരുത തീരെയില്ല. വനഫൂൽ എന്ന പ്രസിദ്ധനായ ബംഗാളി സാഹിത്യകാരന്റെ ‘പ്രതികാരം’ എന്ന കഥയാണു് അടുത്തതു്. ശ്രീമതി ഈ. കെ. ലീലാദേവി തർജ്ജമചെയ്ത ആ കഥ തികച്ചും വിലക്ഷണമാണു്. ഭർത്താവിനെ കടിച്ചുകൊന്ന പാമ്പിന്റെ വാലുമുറിച്ചു് അതിന്റെ രക്തംകൊണ്ടു് ദിവസവും നെറുകയിൽ പൊട്ടുതൊടുന്ന ഒരു സ്ത്രീയെ ആ പാമ്പുതന്നെ കടിച്ചുകൊല്ലുന്നതാണു് ഇതിലെ പ്രതിപാദ്യം. പാമ്പിനെ കണ്ടാലുണ്ടാകുന്ന വെറുപ്പു് ഈ കഥ വായിച്ചാലുമുണ്ടാകും. ഈ രണ്ടുകഥകളും വായിച്ചിട്ടുണ്ടാകുന്ന വൈക്ലബ്യം മാറുന്നതു് ശ്രീ. പെരിങ്ങാല ഗോപാലകൃഷ്ണന്റെ “രാത്രി” എന്ന കഥ വായിക്കുമ്പോഴാണു്. പൂർവ്വകാമുകിയെക്കുറിച്ചു് പശ്ചാത്താപവിവശനായ കാമുകൻ നിർവ്വഹിക്കുന്ന പരിദേവനങ്ങളാണു് ഇതിൽ നാം കേൾക്കുന്നതു്. ആ പരിദേവനം കലാത്മകമായിരിക്കുന്നു. ശ്രീ. എം. സുകുമാരൻ കഥപറയുന്നതു കേൾക്കാൻ രസമാണു്. പക്ഷേ, കുങ്കുമം വാരികയിലെ ‘വിത്തുഗുണം’ എന്ന കഥ ആ രസം പ്രദാനംചെയ്യുന്നില്ല. കുടിയനായ ഭർത്താവിനെക്കൊണ്ടു മടുത്ത ഭാര്യയ്ക്കു് ഒരാശ്വാസം മകൻ കുടിക്കുകയില്ലെന്നുള്ളതാണു്. ദൂരദേശത്തുപോയിരുന്ന മകൻ തിരിച്ചു വന്നു. അന്നു് അച്ഛനും മകനും ഒരുമിച്ചു കുടിക്കുന്ന കാഴ്ചയാണു് അവർ കണ്ടതു്. സുകുമാരൻ ആഖ്യാനപാടവം പ്രദർശിപ്പിക്കുന്നു, എങ്കിലും യഥാർത്ഥമായ കലാപ്രചോദനത്താലാണു് അദ്ദേഹം ഇതെഴുതിയതെന്നു് പറയാൻ വയ്യ.
ഫലിതകവി എന്നപേരിലാണു് ശ്രീ. ഗൗരീശപട്ടം ശങ്കരൻനായർ പ്രസിദ്ധനായിരിക്കുന്നതു്. ഫലിതത്തിനുവേണ്ടി മാത്രം ഫലിതം പ്രയോഗിക്കുന്ന രീതിയല്ല ശങ്കരൻനായരുടേതു്. ചിന്തയെ മന്ദസ്മിതം കൊണ്ടു് പൊതിയാനാണു് അദ്ദേഹത്തിനു് കൗതുകം. ദേശാഭിമാനിയിലെ ‘മീശ’ എന്ന കവിത ഈ രീതിയിലാണു് ആകർഷകമാകുന്നതും. ബാലചാപല്യം, യൗവനോന്മാദം ഇവയുടെ നേർക്കു് പരിഹാസത്തിന്റെ കല്ലുകൾ എറിയുന്ന കവിയെ ഞാൻ ഈ കവിതയിൽ കാണുന്നു. പരിഹാസകാവ്യങ്ങൾ ഇച്ഛാശക്തിയിൽനിന്നു് ജനിക്കുന്നവയാണു്. പക്ഷേ, ഈ കവിതയിൽ ഹൃദയത്തിൽനിന്നു് ഉത്ഭവിക്കുന്ന മനോഹരങ്ങളായ വരികൾ പലതുമുണ്ടു്.
ശ്രീ. കെ. ബാലകൃഷ്ണന്റെ ‘കൗമുദി’ വാരിക പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നു എന്നതു് ഈ ആഴ്ചയിലെ ശ്രദ്ധാർഹമായ സംഭവമാണു്. വിലാസിനി യുടെ ‘ഇണങ്ങാത്ത കണ്ണികൾ’ എന്ന നോവൽ ദാർശനികനോവലെന്ന നിലയിൽ പരാജയപ്പെട്ടുവെന്നു് യുക്തികൾ കാണിച്ചു് ശ്രീ. കെ. പി. അപ്പൻ സമർത്ഥിക്കുന്നു. ഞാൻ അദ്ദേഹത്തോടു യോജിക്കുന്നു. ‘കഥയുടെ ദുരന്തം’ എന്ന ലേഖനത്തിൽ ശ്രീ. കെ. രാമവാരിയർ നമ്മുടെ കഥാസാഹിത്യത്തിന്റെ ജീർണ്ണതയെക്കുറിച്ചു് ഉപന്യസിക്കുകയാണു്. കയ്ക്കുന്ന സത്യങ്ങളുണ്ടു് ആ ലേഖനത്തിൽ. ഭാര്യയെക്കൊന്ന ഭർത്താവിന്റെ ചിന്താഗതികളെ ശ്രീ. രവി ‘പകൽ, രാത്രി, വീണ്ടും രാത്രി’ എന്ന ചെറുകഥയിൽ ഭംഗിയായി ആവിഷ്ക്കരിക്കുന്നു; രവി എക്സിസ്റ്റെൻഷ്യലിസത്തിൽ വിശ്വസിക്കുന്ന കഥാകാരനാണു്. അനുഗൃഹീതസാഹിത്യകാരനായ ശ്രീ. വൈക്കം മുഹമ്മദുബഷീറി നെ കണ്ട കഥ ശ്രീമതി സി. കെ. ലില്ലി ആകർഷകമായി എഴുതിയിട്ടുണ്ടു്.
ആദരണീയമായ നിലവാരം പുലർത്തുന്ന രണ്ടു വാരികകളാണു് മലയാളരാജ്യവും ജനയുഗവും. ആ നിലവാരത്തിൽ നിന്നു് അവ ഒരിക്കലും താഴുകയില്ല. അത്യന്താധുനികതയുടെ നേർക്കു് ഉപാലംഭം ചൊരിയുന്ന ശ്രീ. ഏവൂർ പരമേശ്വരനേയും കപടവിനയത്തിന്റെനേർക്കു ഫലിതത്തിന്റെ അമ്പുകൾ അയയ്ക്കുന്ന ശ്രീ. സുകുമാറിനെയും മലയാളരാജ്യത്തിൽ കാണാം. ജീവിതത്തിന്റെ അപശ്രുതികളിൽ രോഷംകൊള്ളുന്ന ശ്രീ. കരൂർ ശശിയും അവിടെയുണ്ടു്. ‘കയ്ക്കുന്ന ഓർമ്മകൾ’ എന്നപേരിൽ ശ്രീ. സി. ഏ. ബാലൻ ജനയുഗത്തിലെഴുതുന്ന ലേഖനങ്ങൾ ഉത്തേജിതമായ ഹൃദയത്തോടുകൂടിയേ ആരും വായിച്ചുതീർക്കുകയുള്ളൂ.
ഏതു നിന്ദ്യകർമ്മത്തെയും വാഴ്ത്താൻ ആളുകൾ കാണും. ഒരു സ്ത്രീ പരിപൂർണ്ണ നഗ്നതയോടെ തെരുവിൽ നിന്നുവെന്നിരിക്കട്ടെ. വിവരമുള്ളവർ അതു നിഷിദ്ധമാണെന്നു പറയും. പക്ഷേ, ഒന്നോ രണ്ടോ പേർ അവളെ നോക്കി ഇങ്ങനെ പ്രസ്താവിച്ചുവെന്നു വരും. ‘ശ്രീമതി നഗ്നേ, ബലേഭേഷ്, ശ്രീമതി ഇത്രയും കാലം മുണ്ടുടുത്തുനടന്നിരുന്നതു് ഒരു നഷ്ടമായിപ്പോയി. ഞങ്ങൾക്കു് സ്വന്തം ഹൃദയമാലിന്യമുള്ളവരാണു് ഭവതിയെ അധിക്ഷേപിക്കുന്നതു്. ആ ശ്വാനന്മാർ കുരയ്ക്കട്ടെ. ഭവതി നഗ്നതാപ്രദർശനവുമായി മുന്നേറിയാലും.” മനുഷ്യസമുദായത്തിൽ കൊലപാതകികൾ ഉള്ളതുപോലെ, ഭ്രാന്തന്മാരുള്ളതുപോലെ സാഹിത്യത്തിലെ വൈരൂപ്യത്തെ വാഴ്ത്തുന്നവരുമുണ്ടു്. അവരെ നാം മനസ്സിലാക്കിയിരിക്കണം.