കുടുംബവ്യവസ്ഥയെക്കാൾ മെച്ചമായ മറ്റൊരു വ്യവസ്ഥ ഇല്ലെന്നു പറയുന്നവർ ധാരാളമുണ്ടു്. അതിനേക്കാൾ ദാരുണമായി, അനർത്ഥാവഹമായി വേറൊന്നുമില്ലെന്നു് അഭിപ്രായപ്പെടുന്നവരുടെ എണ്ണവും കുറവല്ല. മക്കൾ അച്ഛനമ്മമാരെ നിന്ദിക്കുമ്പോൾ ചേട്ടൻ അനുജനെ വെട്ടികൊല്ലുമ്പോൾ, സഹോദരി കുടുംബസ്വത്തിനുവേണ്ടി സഹോദരനോടു കയർക്കുമ്പോൾ ആ വ്യവസ്ഥ പാവനമാണെന്നു് എങ്ങനെ പറയും? സഹോദരൻ മരിച്ചതിന്റെ മൂന്നാം ദിവസം സഞ്ചയനകർമ്മം നടക്കുകയാണു്. മരിച്ചയാളിന്റെ അസ്ഥികലശത്തിന്റെ മുൻപിൽ മക്കൾ വാവിട്ടു നിലവിളിച്ചു് നമസ്ക്കരിക്കുമ്പോൾ അയാളുടെ സഹോദരിമാർ അടുക്കളയിലിരുന്നു് അവിച്ച മരച്ചീനി തിന്നുന്ന കാഴ്ച ഈ ലേഖകൻ ഒരിക്കൽ കാണുകയുണ്ടായി. മകളെ സ്വന്തം പ്രാണനുതുല്യം സ്നേഹിക്കുന്ന അമ്മ മാരകമായ രോഗം പിടിച്ചു് ഇഞ്ചിഞ്ചായി മരിച്ചു. അവരുടെ പട്ടടയിലെ ചൂടു മാറിയില്ല. അതിനുമുൻപു് ആ മകൾ ഇൻഡ്യൻ കോഫി ഹൗസിലിരുന്നു് കാമുകനുമായി കൊഞ്ചുന്നതും ഈ ലേഖകൻ കണ്ടു. ഞാൻ ഞെട്ടിപ്പോയി, ഇതൊക്കെ കാണുമ്പോൾ. പത്തിനു ഒൻപതും ഈ രീതിയിലായിരിക്കുമ്പോൾ, കുടുംബവ്യവസ്ഥ വിശുദ്ധമാണെന്നു് സമ്മതിച്ചുകൊടുക്കുവാൻ പ്രയാസമുണ്ടു്. പുത്രകളത്രാദികളുടെയും മറ്റു ഗൃഹജനങ്ങളുടെയും സ്ഥിതിയിതാണെങ്കിൽ അന്യരുടെ കാര്യം എന്തുപറയാനിരിക്കുന്നു! സ്ത്രീകൾക്കു് ഉപകാരം ചെയ്തിട്ടു് അവരുടെ നന്ദികേടു് കണ്ടു് നിങ്ങളെന്തിനു് ദുഃഖിക്കണം? പുരുഷന്മാരെ സഹായിച്ചിട്ടു് അവരുടെ ശത്രുത കണ്ടു് നിങ്ങളെന്തിനു വിഷാദിക്കണം? അവരോടുള്ളതിനെക്കാൾ ആത്മബന്ധം കുടുംബാംഗങ്ങളൊടില്ലേ? അവരുടെ നിലതന്നെ ഇങ്ങനെയാകുമ്പോൾ അന്യരെക്കുറിച്ചു് നാം പരിതപിക്കേണ്ട കാര്യമേയില്ല. ഗൃഹജനങ്ങളുടെ സ്നേഹമില്ലായ്മയേയും നന്ദികേടിനെയും കലാത്മകമായി ആവിഷ്ക്കരിക്കുന്ന ഒരു കൊച്ചുകഥയുണ്ടു് ഈ ആഴ്ചയിലെ “കൗമുദി” വാരികയിൽ. ശ്രീ. ഗൗതമൻ എഴുതിയ ആ കഥ വായിച്ചു് ഞാൻ രസിച്ചതു് എന്റെ സിനിസിസം—മനുഷ്യവിശ്വാസരാഹിത്യം—കൊണ്ടല്ല. ഭാഗം വയ്ക്കുന്നതിന്റെ പേരിൽ ഒരു കുടുംബം തകരുന്നതിനെ, അവിടെ പാരമ്പര്യം പ്രവർത്തിക്കുന്നതിനെ കഥാകാരൻ ചിത്രീകരിച്ചു കണ്ടപ്പോൾ ഞാൻ അദ്ദേഹത്തിന്റെ സംവേദനങ്ങളുമായി താദാത്മ്യം പ്രാപിച്ചു, അത്രേയുള്ളു.
എന്റെ ഒരു ശിഷ്യന്റെ “ഓട്ടോഗ്രാഫ്” ബുക്കു് മറിച്ചുനോക്കിയപ്പോൾ ശ്രീ. കെ. ബാലകൃഷ്ണൻ Live Dangerously—വിപത്തുകൾ നിറഞ്ഞ ജീവിതം നയിക്കൂ—എന്നെഴുതിയിരിക്കുന്നതു ഞാൻ കണ്ടു. സ്വഹസ്തലിഖിതം നല്കുമ്പോൾ ഉദാസീനനായി അദ്ദേഹമെഴുതിയ വാക്യമല്ല ഇതു്! വിരസമായ ജീവിതത്തെ നാടകീയമാക്കി മാറ്റുന്ന ആളാണു് ബാലകൃഷ്ണൻ. അദ്ദേഹത്തിന്റെ ഈ ജീവിതവീക്ഷണഗതിയും മാനസികനിലയും “പത്രാധിപരോടു് സംസാരിക്കുക” എന്ന പംക്തിയിൽ ദർശിക്കാം.
ദേശാഭിമാനി വാരികയിലേയ്ക്കുവരാം ശ്രീ. കെ. സുന്ദർ എഴുതിയ “ഉണ്ണിക്കുട്ടന്റെ രാത്രി” എന്ന ചെറുകഥ കലാമൂല്യമുള്ള കഥയാണെന്നു് നാം മനസ്സിലാക്കും. ഉണ്ണിക്കുട്ടനു് അച്ഛനില്ല. അമ്മ റെയിൽപ്പാളത്തിൽ തലവച്ചു് ആത്മഹത്യ ചെയ്തു. ഈ ലോകത്തു് അവനൊരു സ്നേഹഭാജനമേയുള്ളു: അമ്മിണി. അവൻ കോപിച്ചു് അവളുടെ ചെകിട്ടിൽ അടിച്ചതിനുശേഷം അവളെ കണ്ടിട്ടേയില്ല. ഉണ്ണിക്കുട്ടൻ അവളെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നു. കരയുകയും ചിരിക്കുകയും സമരം ചെയ്യുകയും സ്നേഹിക്കാൻവേണ്ടി എല്ലാം ഉപേക്ഷിക്കുകയും ചെയ്യുന്ന സാധുക്കളെ ചിത്രീകരിച്ചു അവരുടെ നേർക്കു് സഹതാപത്തിന്റെ നേരിയപ്രവാഹം ഒഴുക്കുകയാണു് കഥാകാരനായ കെ. സുന്ദർ. അദ്ദേഹത്തിന്റെ ആ സാമർത്ഥ്യം ശ്രീ. പി. ഏ. വാരിയരുടെ ‘ശുനകസമര’ത്തിൽ ഞാൻ കണ്ടില്ല. അവിടെയും ഒരു സാധുവിന്റെ—ടെലിഫോൺ ഓപ്പറേറ്ററുടെ —വൈരസ്യമാർന്ന ജീവിതത്തെ ആലേഖനം ചെയ്യുകയാണു്. പക്ഷേ, ഏകാഗ്രതയുടെ കുറവുകൊണ്ടു് വർണ്ണ്യവിഷയത്തെ പ്രഗത്ഭമായി അവതരിപ്പിക്കാത്തതുകൊണ്ടു്. ആ കഥ അനുവാചക ഹൃദയത്തെ സ്പർശിക്കുന്നതിനു് അസമർത്ഥമായി ഭവിക്കുന്നു. ദേശാഭിമാനിയിൽ പ്രത്യക്ഷരാകുന്ന കവികൾ—ശ്രീ. ആർ. എൻ. മനഴിയും ശ്രീ. വാസുദേവനും—കാവ്യപ്രചോദനത്തിലാണു് കവിതയെഴുതുന്നതെന്ന സത്യത്തിന്റെ നേർക്കു് നമുക്കു് കണ്ണടയ്ക്കാൻ വയ്യ, പക്ഷേ, രാഷ്ട്രവ്യവഹാരം കൂടെക്കൂടെ അവരുടെ കാവ്യങ്ങളിൽ കടന്നുവരുമ്പോൾ കവിതയ്ക്കു് ദോഷം സംഭവിക്കുന്നു. വാസുദേവൻ “പുതുവത്സരാശംസകൾ” നൽകുന്നതു് കേൾക്കൂ.
ഉദയത്തിൽ ഗീതമിരുട്ടി
ന്നലകളിലൂടൊഴുകിവരുന്നൂ
ഉണരുന്നൂപൂവുകൾനീണ്ട സു-
ഷുപ്തിയിൽനിന്നഭിനവമോദം
ഉയരുന്നൂ രുളിരുകൾ തോറുമു-
റങ്ങിയൊരുശ്ശലഭസമൂഹം
കവിതയുടെ ഈ നൈസർഗ്ഗികത്വം അതിന്റെ പര്യവസാനംവരെയും വാസുദേവൻ നിലനിറുത്തുന്നില്ല. വേണമെങ്കിൽ അദ്ദേഹത്തിനതു കഴിയും. വേണ്ടെന്നു വച്ചിരിക്കുന്നു എന്നേ പറയാനുള്ളു. കവിതയുടെ നൈസർഗ്ഗികത്വം നഷ്ടപ്പെട്ടാൽ വായനക്കാരനു് കവിയുടെ സംവേദനങ്ങളുമായി താദാത്മ്യം പ്രാപിക്കാൻ കഴിയുകയില്ല. ആ താരത്മ്യം ഉണ്ടായില്ലെങ്കിൽ കവിത കലാപരമായ ദൃഢപ്രത്യയം ഉളവാക്കുകയുമില്ല. കവി ഏതാശയവും ആവിഷ്ക്കരിക്കട്ടെ. കവിതയുടെ ജ്വലിക്കുന്ന നിമിഷത്തിൽ ആ ആശയം ആവിഷ്കൃതമായാൽ അനുവാചകൻ അതിൽ വിശ്വസിക്കും, രസിക്കും. അങ്ങനെയാണു് ഹിന്ദു ബൈബിളിലെ കാവ്യാത്മകങ്ങളായ ഭാഗങ്ങൾ വായിച്ചുരസിക്കുന്നതു് ക്രിസ്ത്യാനി രാമായണം വായിച്ചു ആഹ്ലാദിക്കുന്നതു്. ഈ സത്യം മനസ്സിലാക്കാതെയാണു് ശ്രീ. കുരീപ്ര വിക്രമൻ നായർ തത്ത്വശാസ്ത്രങ്ങളോടു കയർക്കുന്നമട്ടിൽ കവിതയെഴുതുന്നതു്.
കാവിയുടുക്കുവിൻ തത്ത്വശാസ്ത്രങ്ങളേ
കാശിക്കുപോയിതപസ്സിരുന്നീടുവിൻ
തത്ത്വവുംനീതിശാസ്ത്രങ്ങളുമൊക്കെ ഞാൻ
തട്ടിത്തെറിപ്പിക്കുമൂഴിയിൽനിന്നിനി
(കുങ്കമം—സെപ്തംബർ 28)
കവിതയിൽ ആകെയുണ്ടു് ഈ വാചാലത. വാചാലത പ്രഭാഷണത്തിന്റെ സന്തതിയാണു്. പ്രഭാഷണം കവിതയല്ല അതിന്റെ സന്താനവും കവിതയല്ല. “പരിഷ്ക്കാരോത്സവത്തിമിർപ്പിനെ” ഭീമനായും ആ പരിഷ്ക്കാരത്തിനു് ഭ്രാതൃസ്ഥാനം വഹിക്കുന്ന പ്രാചീനസംസ്ക്കാരത്തെ ഹനുമാനായും സങ്കല്പിച്ചുകൊണ്ടു് ശ്രീ. എസ്. രമേശൻ നായർ നവയുഗം വാരികയിൽ (സെപ്തംബർ) എഴുതിയിരിക്കുന്ന “ഗദയും വാലും” എന്ന കവിത ആശയപ്രധാനമാണു്, പ്രതിരൂപാത്മക സ്വഭാവമുള്ളതാണു്. ആശയപ്രധാനമായ കവിതയുടെ വിരോധിയല്ല ഈ ലേഖകൻ. എങ്കിലും ആശയങ്ങൾ വാങ്മയ ചിത്രങ്ങളായി എന്റെ മനസ്സിലും മസ്തിഷ്ക്കത്തിലും വിടർന്നു നില്ക്കണമെന്നാണു് ഞാൻ ആഗ്രഹിക്കുന്നതു്. ആ ആഗ്രഹം ഇവിടെ സഫലീഭവിക്കുന്നില്ല.

കടൽ വെള്ളത്തിനു് ഉപ്പുണ്ടായതെങ്ങനെയെന്നു് സ്റ്റെല്ലായുടെ ചോദ്യം. ശമുവലിനു് പെട്ടെന്നു് മറുപടി പറയാൻ വയ്യ. മീൻ പിടിക്കുന്നവരുടെ വിയർപ്പു് വീണുകലങ്ങിയായിരിക്കണം സമുദ്രത്തിനു് ഉപ്പുവന്നതെന്നു് അവൻ ആലോചിച്ചു് മറുപടി പറഞ്ഞു. അതുകേട്ടു് സ്റ്റെല്ലയും കൂട്ടുകാരും—അവർ ബൂർഷാസിയുടെ പ്രതിനിധികളാണു്—പൊട്ടിച്ചിരിച്ചു. ശമുവൽ അച്ഛനോടു ചോദിച്ചു “അപ്പാ കടൽ വെള്ളത്തിനെങ്ങനെയാണപ്പാ… ഉപ്പുണ്ടായതു്?” അച്ഛനും മറുപടി നല്കാൻ കഴിഞ്ഞില്ല. ഇതാണു് ശ്രീ. കളർകോടു ശിവന്റെ “വിഡ്ഢികളുടെ സ്വർഗ്ഗം” എന്ന ചെറുകഥയുടെ വിഷയം. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ക്ലേശങ്ങളെ കലാപരമായി ആവിഷ്ക്കരിക്കാനുള്ള യത്നമാണു് ശിവന്റേതു്. പ്രചാരണത്തിനു് പ്രാധാന്യം നല്കാതെ അദ്ദേഹം കഥയെഴുതുന്നു. എങ്കിലും ശിവന്റെ കഥ വിജയം പ്രാപിക്കുന്നില്ല. വിടരാൻ വെമ്പുന്ന ഒരു പൂവു് പൊടുന്നനവേ കരിഞ്ഞുവീഴുന്ന പ്രതീതിയാണു് ഈ കഥ ജനിപ്പിക്കുന്നതു്. മാക്സിം ഗോർക്കി വിപ്ലവകാരിയായിരുന്നു. അതേസമയം അദ്വിതീയനായ സാഹിത്യകാരനും. കലയുടെ ചട്ടക്കൂട്ടിലൊതുങ്ങിയ പ്രചാരണം അദ്ദേഹത്തിന്റെ ചേതോഹരങ്ങളായ കഥകളാൽ കാണാം. മർദ്ദിതരുടേയും ചൂഷണം ചെയ്യപ്പെടുന്നവരുടെയും കഥകളെഴുതാൻ ആഗ്രഹിക്കുന്നവർ ഗോർക്കിയുടെ കഥകൾ മനസ്സിരുത്തിവായിക്കുന്നതു് നല്ലതാണു്.
കലാസൃഷ്ടികളെക്കുറിച്ചു് വിഭിന്നാഭിപ്രായങ്ങൾ ഉണ്ടാകാറുണ്ടു്. ഷേക്സ്പിയറി ന്റെ ‘ഹാംലെറ്റ് ’ സർവോൽകൃഷ്ടമായ കൃതിയാണെന്നു് ഒരു നിരൂപകൻ; അതു് കലാപരമായ പരാജയമാണെന്നു മറ്റൊരു നിരൂപകൻ. പാസ്റ്റർനാക്കി ന്റെ ഡോക്ടർ ഷിവാഗോ അത്യുത്തമമാണെന്നു് ഒരാൾ, അതു് കലാസൃഷ്ടിയേ അല്ല എന്നു് മറ്റൊരാൾ. സാഹിത്യത്തിന്റെ സാമ്രാജ്യത്തിൽ വിഭിന്നാഭിപ്രായങ്ങളേയുള്ളു. പക്ഷേ, സെപ്റ്റംബർ ഇരുപതാം തീയതിയിലെ മനോരമ ആഴ്ചപ്പതിപ്പിൽ ശ്രീമതി പി. സി. പ്രസന്ന എഴുതിയിട്ടുള്ള “കാത്തിരിപ്പു്” എന്ന ചെറുകഥയെക്കുറിച്ചു് അങ്ങനെ രണ്ടഭിപ്രായം ഉണ്ടാകുകയില്ലെന്നു് തീർത്തുപറയാം അത്രകണ്ടു് വിലക്ഷണമാണു് ആ കഥ. അമ്പതുവയസ്സായ ഒരു വൃദ്ധ ഭൂതകാലസ്മരണകളിൽ മുഴുകുകയാണു്. അവൾ എല്ലാവരോടും സ്നേഹത്തോടെ പെരുമാറി, ഒരാളെ മാത്രം ഹൃദയംഗമമായി സ്നേഹിച്ചു. പക്ഷേ, അവളുടെ “സർവ്വജനീനപ്രേമം” തെറ്റിദ്ധരിക്കപ്പെട്ടു കാമുകൻ അവളെ ഉപേക്ഷിച്ചു പോയി. അതിൽ ദുഃഖിച്ചു നില്ക്കുകയാണു് അവൾ. അനാഗതാർത്തവകളെ മാത്രം ഇളക്കാൻ പോന്ന ഭാവചാപല്യമാണ് ഇതിന്റെ മുദ്ര. ഈ കഥയിലെ കാമുകൻ കാമുകിയോടു പറയുന്നതു കേൾക്കുക:
“കൈക്കുമ്പിൾ നിറയെ പൂജാപുഷ്പങ്ങളുമായി ദേവനെ
അർപ്പിക്കാൻ വന്ന ദേവതേ, നീ എന്നുമെന്നും
എന്റേതായിരുന്നുവെങ്കിൽ!”
ഏതു ലോകത്താണു് കാമുകൻ ഇങ്ങനെ സംസാരിക്കുന്നതു്? ഏതു കലാലോകത്തിലാണു് കാമുകൻ ഈ വിലക്ഷണവാക്യം ഉരുവിടുന്നതു്? വിവേചനമോ ബുദ്ധിയോ കാണിക്കാത്ത ഒരു കഥയാണു് പ്രസന്നയുടേതു്. ചൈനയിലെ ജനങ്ങളെ പണ്ടു ബ്രീട്ടിഷുകാർ കറുപ്പു് തീറ്റിച്ചു് ബുദ്ധികെടുത്തിയിട്ടിരുന്നുവെന്നു് കേട്ടിട്ടുണ്ടു്. അനുവാചകരെ കറുപ്പു് തീറ്റിക്കുന്ന കഥയാണു് മനോരമയിലെ “കാത്തിരിപ്പു്”. ഈ കഥ വായിച്ചുണ്ടായ ക്ലേശത്തോടെയാണു് ഞാൻ ശ്രീ. ചമ്പാടൻ വിജയന്റെ “മഹാകവി കെ. സി. കേശവപിള്ളയുടെ കൃതികൾ” എന്ന ലേഖനം വായിച്ചതു്. ക്ലേശത്തിനു മേൽ ക്ലേശം എന്നുല്ലാതെന്തുപറയൻ. വിമർശനപരമായി ഒന്നും ഞാനതിൽ കണ്ടില്ല, ആ ലേഖനത്തെ ലേഖനമെന്നല്ല വിളിക്കേണ്ടതു് ക്യാറ്റ്ലോഗ് എന്നാണു്. ഗ്രന്ഥനാമാവലി തയ്യാറാക്കുന്നതുകൊള്ളാം. പക്ഷേ, അതിന്റെ വിമർശനമെന്ന നാട്യത്തിൽ അവതരിപ്പിക്കാതിരുന്നാൽ മതി. ആകർഷകമായി “മനോരമ”യിൽ ഒന്നുമില്ലേ? ഉണ്ടു്. ടോംസി ന്റെ ഹാസ്യചിത്രങ്ങൾ, അതിനുവേണ്ടി മാത്രമാണു് പലരും തങ്ങളുടെ പ്രയാസപ്പെട്ടുനേടിയ പണം ചെലവാക്കി ഇതു വാങ്ങി നോക്കുന്നതു്. ഞാൻ ഈ സത്യം പറയുമ്പോൾ കുസൃതികളായ ബോബനും മോളി യും എന്നെ നോക്കി പുഞ്ചിരി പൊഴിക്കുകയാണു്. അവർക്കു ജന്മമരുളിയ ടോംസിനു് എന്റെ അഭിവാദനങ്ങൾ.
“ചന്ദ്രനിൽ നിന്നൊരു സന്ദേശം” എന്ന കവിതയാണു് ‘മലയാളരാജ്യം’ വാരിക തുറന്നാലുടനെ കാണുന്നതു്. അതു് എഴുതിയ കവനാലയം സിദ്ധികളുള്ള കവിയായതുകൊണ്ടു് പ്രതീക്ഷയോടു കൂടിയാണു് ഞാനതു വായിച്ചതു്. ചന്ദ്രനെ അപേക്ഷിച്ചു് ഭൂമിക്കു് ഉത്കൃഷ്ടത കൂടും എന്ന ആശയത്തെ ആവിഷ്ക്കരിക്കാനാണു് കവി ഈ കാവ്യം രചിച്ചതു്.
ചന്ദ്രനിൽനിന്നു മടങ്ങിവരികയാ-
ണിന്ദ്രധനുസ്സിന്റെ തേരുമോടിച്ചു ഞാൻ
കൊണ്ടുവരുന്നു ഞാൻ മർത്ത്യവർഗ്ഗത്തിനുൽ
ക്കണ്ഠവേണ്ടീ നിത്യനൂതനസന്ദേശം
ഭൂമിയെപ്പോലൊരു ഭൂമിയില്ലി-
ഭൂമിയെപ്പോലില്ല മറ്റൊരു സ്വർഗ്ഗവും
എന്നിങ്ങനെയുള്ള നല്ല വരികൾ ഈ കാവ്യത്തിലുണ്ടെങ്കിലും ‘സംഘടനാചാരുത’ എന്ന ഗുണം ഇതിനു് സിദ്ധിച്ചിട്ടില്ല. രൂപശില്പവും ഭാവശില്പവും ഒരുമിച്ചു ചേരുമ്പോൾ ഉണ്ടാകുന്നതാണു് ആ മേന്മ. ശ്രീമതി ഒ. വി. ഉഷ യുടെ “ക്ഷണം” (മാതൃഭൂമി—സെപ്തംബർ 28) ആകർഷകമത്രേ.
വരികനിന്നെയുംനിനച്ചൊരാളൊരു
വനനികുഞ്ജത്തിൽ തപസ്സിരിക്കുന്നു:
മണല്പാതനിന്നെവിളിക്കുന്നുപിന്നെ
നിലാവിന്റെ നിലവിളിക്കെരിയുന്നു.

സുന്ദരമായ ഈ പശ്ചാത്തലത്തിലാണു് ആഹ്വാനം. ആ ആഹ്വാനം യാമിനിയുടേതാണു്. അതു് കാവ്യാത്മകമാകുവാൻ കഴിഞ്ഞു എന്നതിലാണു് ഉഷയുടെ വിജയമിരിക്കുന്നതു്. സെപ്തംബർ 28-ാം തീയതിയിലെ “ജനയുഗം” വാരികയിൽ പരസ്യം ചെയ്തിരിക്കുന്ന “ചുവന്നതെരുവിൽ ഒരു സീത” എന്ന കവിതയിലേയ്ക്കു മാന്യവായനക്കാരുടെ ശ്രദ്ധയെ സാദരം ക്ഷണിക്കട്ടെ. പുരാണകഥാപാത്രമായ സീതയുടെ വിശൂദ്ധിയെ അഭിവ്യഞ്ജിപ്പിച്ചുകൊണ്ടു് ആധുനികസ്ത്രീയുടെ നിസ്സഹായതയേയും വിശുദ്ധിയില്ലായ്മയേയും സൂചിപ്പിക്കുകയാണു് ശ്രീ. എ. അയ്യപ്പൻ. ഉപഹാസവും സോല്ലുണ്ഠനവുമൊക്കെ അവിടെയുണ്ടു്. പക്ഷേ, കവിതയില്ല. വിരസമായ ഗദ്യത്തിന്റെ മണ്ഡലത്തിലേയ്ക്കാണു് അയ്യപ്പൻ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നതു്. അയ്യപ്പന്റെ കവിതയിൽനിന്നു് ശ്രീ. നാലാങ്കലിന്റെ “ഗ്രഹണ”ത്തിലേയ്ക്കു ചെന്നാലോ? സ്വാതന്ത്ര്യത്തിന്റെ സോമബിംബത്തെ വിഴുങ്ങുന്ന രാഹുവിനെയും കേതുവിനേയും വർണ്ണിക്കുകയാണു് നാലാങ്കൽ. ശ്രീ. നാലാങ്കൽ കൃഷ്ണപിള്ള എന്റെ ഗുരുനാഥനാണു്. വെറുമൊരു ആചാര്യനല്ല എന്നെ അക്ഷരം പഠിപ്പിച്ച ഗുരുനാഥനാണു്. അദ്ദേഹത്തെ വേദനിപ്പിക്കുവാൻ ഞാൻ തയ്യാറില്ല. സാഹിത്യനിരൂപണം നിർവ്വഹിക്കുമ്പോൾ അറിഞ്ഞുകൊണ്ടു് കള്ളം പറയാനും ഞാൻ ശക്തനല്ല.
കവിതയിൽനിന്നു് നാം കഥയിലേയ്ക്കു വരികയാണു്. ശ്രീ. എം. മുകുന്ദന്റെ “പ്രഭാതം മുതൽ പ്രഭാതം വരെ” എന്ന കഥ (മാതൃഭൂമി) വിചിത്രമായിരിക്കുന്നു. അയാൾ തീവണ്ടിയാപ്പീസിൽ വന്നിറങ്ങി. കൂട്ടിക്കൊണ്ടുപോകാൻ നാണുനായർ എത്തിയിട്ടുണ്ടു്. അവർ രണ്ടു പേരും കൂടെ തിരിച്ചു. അയാൾ നാണുനായരോടു ചോദിച്ചു് എല്ലാം മനസ്സിലാക്കി. മാവു് എന്നുപറഞ്ഞാൽ വള്ളിയാണോ മരമാണോ? കുരുമുളകെന്നുവച്ചാലെന്താണു? അങ്ങനെ പലതും അയാൾ ചോദിച്ചു. അവയ്ക്കെല്ലാം ഉത്തരവും കിട്ടി. വീട്ടിൽ ചെന്നപ്പോൾ അച്ഛനെ മനസ്സിലാക്കി അമ്മയെ മനസ്സിലാക്കി. നാണുനായരുടെ സഹായത്തോടെതന്നെ ഭാര്യയേയും മനസ്സിലാക്കി, ഭാര്യയെ അയാൾ തലോടി. അവളുടെ കൂടെ കിടന്നു. പക്ഷേ, താനാരാണെന്നു് അയാൾക്കു അറിഞ്ഞു കൂടാ, അതുകൊണ്ടു് നാണുനായാരെ വിളിച്ചു് അയാൾ ചോദിച്ചു “എന്റെ പേരെന്താ നാണ്വായരേ? ഞാനാരാ നാണ്വായരേ? ഈ ലോകത്തിൽ മനുഷ്യൻ ഒറ്റപ്പെട്ടവനാണെന്നും അവൻ പ്രവാസ ദുഃഖം അനുഭവിക്കുന്നുവെന്നും ഉള്ള എക്സിസ്റ്റെൻഷ്യലിസ്റ്റ് ചിന്താഗതി ആവിഷ്ക്കരിക്കുകയാണു് മുകുന്ദൻ. ലൈംഗികത്വം മാത്രമേ ആ പ്രവാസദുഃഖത്തിനു് ആശ്വാസമരുളുന്നുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഒന്നുമറിഞ്ഞുകൂടാത്ത കഥാനായകൻ ഭാര്യയുടെ കൂടെ കിടക്കുകയും അവളെ തലോടുകയും ചെയ്യുന്നുണ്ടല്ലോ. അതുകൊണ്ടു് ലൈംഗികത്വത്തിന്റെ യാഥാർത്ഥ്യത്തെ അയാൾ അംഗീകരിക്കുന്നുവെന്നതു് വ്യക്തം. അസ്തിത്വവാദം–എക്സിസ്റ്റെൻഷ്യലിസം–ഒരർദ്ധസത്യം മാത്രമാണു്. അതിന്റെ ഉദ്ഘോഷകരായ സാർത്രി നേയും കമ്യു വിനേയും ഇന്നാരും ആദരിക്കുന്നില്ല. അയഥാർത്ഥമായ ഒരു തത്ത്വചിന്തയെ സ്ഥൂലീകരിച്ചു് അതിന്റെ അസത്യാത്മകത വർദ്ധിപ്പിച്ചു മുകുന്ദൻ കഥയെഴുതിയിരിക്കുന്നു. കലാപരമായ ദൃഢപ്രത്യയം ഉളവാക്കുന്നില്ല ഈ കഥ. ഈ സ്ഥൂലീകരണം ഒഴിവാക്കിയിരുന്നെങ്കിൽ കലാസൃഷ്ടിയെന്ന നിലയിൽ അതിനെ നമുക്കു് നീതികരിക്കാമായിരുന്നു.
ശ്രീ യു. ഏ. ഖാദർ എന്ന കഥാകാരനോ? മഞ്ജുള എന്ന യുവതിയുടെയും അവളുടെ കാമുകനായ ഒരു യുവാവിന്റെയും കാമോത്സുകമായ ജീവിതം ചിത്രീകരിച്ചു അസംഗതമായ ഒരു ലോകം സൃഷ്ടിക്കുന്നു (ജനയുഗം). അദ്ദേഹം അങ്ങനെ യാഥാർത്ഥ്യത്തെത്തന്നെ ഹനിക്കുന്നു. കഥയെന്ന പേരിനേക്കാൾ ഉപന്യാസമെന്ന പേരാണു് ഖാദറിന്റെ “മഞ്ജുള”യ്ക്കു യോജിക്കുന്നതു്. ചെറുകഥയുടെ യഥാർത്ഥമായ രൂപം ലഭിച്ചിട്ടുണ്ടു് ശ്രീ. ആർ. ചന്ദ്രന്റെ “മറക്കാനാവാത്ത സ്വപ്ന”ത്തിനു് (മലയാളരാജ്യം). ഒരു തരുണിയുടെ വിവാഹം നിശ്ചയിക്കുന്നു. അവളുടെ ചേട്ടന്റെ ഭാര്യ അധഃസ്ഥിത വർഗ്ഗത്തിൽപ്പെട്ടവളായതുകൊണ്ടു് വിവാഹം നടക്കുന്നില്ല. ആ രണ്ടു സ്ത്രീകളുടെയും ഉത്കടവികാരങ്ങളെ പ്രഗല്ഭമായി ചന്ദ്രൻ ആവിഷ്ക്കരിക്കുന്നു. രൂപശില്പവും ഭാവിശില്പവും മാത്രമേയുള്ളുവെങ്കിലോ? കഥയ്ക്കു് സാഹിത്യത്തിന്റെ മണ്ഡലത്തിൽ പ്രവേശനം കിട്ടുകയില്ല. ഈ സത്യം കഥാകാരൻ ഗ്രഹിച്ചിട്ടുണ്ടു്.
ഇരുപത്തിയഞ്ചു സംവത്സരങ്ങൾക്കു് മുൻപാണു്. തിരുവനന്തപുരത്തെ ശംഖുമുഖം കടല്പുറം, നിലാവു് പരന്നൊഴുകുന്ന രാത്രി. ചന്ദ്രിക വ്യാപിച്ച യാമിനികൾ എവിടെയും സുന്ദരങ്ങളാണു്. പക്ഷേ, ശംഖുമുഖം കടല്പുറത്തെ ചന്ദ്രികാചർച്ചിതമായ രാത്രിക്കു് മനോഹാരിത കൂടും. ഞാനും വേറൊരാളും അവിടെ ഇരിക്കുകയായിരുന്നു. നീലാന്തരീക്ഷത്തിലെ ഏകമായ നക്ഷത്രത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടു് എന്റെ കൂടെയിരുന്നയാൾ ചോദിച്ചു, “അതാ, ആ നക്ഷത്രത്തിലേക്കു് എന്തുദൂരം വരും?” ഞാൻ മറുപടി നല്കി: ‘ദൂരമൊട്ടുമില്ല. നക്ഷത്രം എന്റെ അടുത്തുതന്നെയുണ്ടു്’. അജ്ഞാതവും അജ്ഞേയവുമായ വിദൂരചക്രവാളത്തിനപ്പുറത്തു് വിഹരിക്കുന്ന കലാദേവത നമ്മുടെ അടുത്തിരിക്കുന്നുവെന്ന പ്രതീതി ഉളവാകുന്നവിധത്തിൽ വേണം കവികൾ കാവ്യം രചിക്കാൻ, കഥാകാരന്മാർ കഥകളെഴുതാൻ.