
റൊഡാങ് എന്ന വിശ്വവിഖ്യാതനായ പ്രതിമാനിർമ്മാതാവു കളിമണ്ണുകൊണ്ടു വിക്തർ യൂഗോ യുടെ പ്രതിമ നിർമ്മിച്ചു. ഒരു പാറയുടെ സമീപത്തു വയ്ക്കപ്പെട്ടിരുന്ന അതിന്റെ ചുറ്റും കളിമണ്ണുകൊണ്ടുണ്ടാക്കിയ ജലദേവതകൾ വിഹരിച്ചു. ഒരു ദിവസം കാലത്തു പ്രതിമ കാണാൻ ചില കലാസ്വാദകർ എത്തി. റൊഡാങ് അവരെ അതിന്റെ അടുക്കലേയ്ക്കു കൂട്ടിക്കൊണ്ടു ചെന്നു. പക്ഷേ, ഒരു ദുരന്തം സംഭവിച്ചിരുന്നു. സ്റ്റുഡിയോയുടെ മുകൾവശത്തുള്ള ഒരു ജനൽ തുറന്നിട്ടിരുന്നതിനാൽ തലേദിവസം പെയ്ത മഴ അകത്തേയ്ക്കു് അടിച്ചുകയറി ദേവതകളാകെ ചെളിക്കെട്ടായി മാറിപ്പോയി. യൂഗോയുടെ പ്രതിമ ആ ചെളിയിൽ പകുതിയോളം മുങ്ങിനില്ക്കുകയാണു്. ഈ കാഴ്ചകണ്ടു സ്തംഭിച്ചുപോയ റോഡാങ്ങിനു് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപുതന്നെ ആസ്വാദകർ ഉദ്ഘോഷിച്ചുതുടങ്ങി.
“അഹോ വിസ്മയം! മനോഹരം! നിസ്തുലം! യൂഗോ ചെളിയിൽനിന്നു് ഉയർന്നു നില്ക്കുന്നു. അദ്ദേഹം ജീവിച്ച മലിനമായ കാലഘട്ടത്തെ അങ്ങു് എത്ര ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു! ആ മാലിന്യത്തിൽ നിന്നു് ഉയർന്ന വിശുദ്ധനായ കവിയെ അങ്ങു് എത്ര മനോഹരമായി പ്രദർശിപ്പിച്ചിരിക്കുന്നു!”
‘മനോരമ’യിൽ പരസ്യപ്പെടുത്തുന്നതെന്തും നിഷിദ്ധം, ‘മാതൃഭൂമി’യിൽ വരുന്നതെന്തും മനോഹരം എന്നൊരു തെറ്റിദ്ധാരണ നമ്മുടെ സാഹിത്യാസ്വാദനത്തെ വികലമാക്കിയിട്ടുണ്ടു്. വ്യക്തിയേയും വാരികയേയും ആസ്പദമാക്കിയുള്ള ഇത്തരം നിരൂപണം സമഞ്ജസമല്ല.
ആസ്വാദകരുടെ ഈ പ്രശംസ കേട്ടു് റൊഡാങ്ങ് ലജ്ജിച്ചുപോയി. അദ്ദേഹം ചോദിച്ചു; “സത്യമോ?” ആസ്വാദകർ മറുപടി നൽകി. “അതേ, സത്യം. അങ്ങയുടെ ഈ കലാസൃഷ്ടി ഒരു മാസ്റ്റർ പീസാണു്; മാസ്റ്റർപീസുകളിൽ മാസ്റ്റർപീസ്[1].” മഹാന്മാരുടെ പ്രവർത്തനമേതും മഹനീയമാണെന്ന സങ്കല്പത്തിൽ നിന്നാണു് ഇത്തരം സ്തുതിവചനങ്ങൾ ഉണ്ടാവുക. മറിച്ചും സംഭവിക്കാം. പ്രശസ്തിയില്ലാത്തവർ ഏതു് ഉത്കൃഷ്ടപ്രവർത്തനത്തിൽ മുഴുകിയാലും അതു് ആദരണീയമാകണമെന്നില്ല. ‘മനോരമ’യിലെ മൂന്നാംതരം പ്രേമകഥകൾ ഉത്തമകഥകളാണെന്നു താങ്കൾ പറയുന്നു.” പ്രശസ്തനായ ഒരു കഥാകാരൻ എനിക്കു് എഴുതി അയച്ച ഒരു വാക്യമാണിതു്. ‘മനോരമ’യിലെ ഒരു മൂന്നാംതരം പ്രേമകഥയേയും ഞാൻ ഉത്കൃഷ്ടമായ കഥയായി കണ്ടിട്ടില്ല. വല്ല കഥകളും നല്ലതാണെന്നു ഞാൻ എഴുതിയിട്ടുണ്ടെങ്കിൽ അവ ആ വിധത്തിൽ എനിക്കു് അനുഭവപ്പെട്ടതു കൊണ്ടു മാത്രമാണു്. ഇവിടെയാണു പ്രതിമയുടെ മുൻപിൽനിന്ന ആസ്വാദകരെ ഞാൻ കാണുക. ‘മനോരമ’യിൽ പരസ്യപ്പെടുത്തുന്നതെന്തും നിഷിദ്ധം, ‘മാതൃഭൂമി’യിൽ വരുന്നതെന്തും മനോഹരം എന്നൊരു തെറ്റിദ്ധാരണ നമ്മുടെ സാഹിത്യാസ്വാദനത്തെ വികലമാക്കിയിട്ടുണ്ടു്. വ്യക്തിയേയും വാരികയേയും ആസ്പദമാക്കിയുള്ള ഇത്തരം നിരൂപണം സമഞ്ജസമല്ല. അതിരിക്കട്ടെ. മറ്റുള്ളവരുടെ കൃതികളെക്കുറിച്ചു് അഭിപ്രായം പറയുകയെന്ന ക്ലേശപൂർണ്ണമായ കൃത്യത്തിൽ നമുക്കു പ്രവേശിക്കാം. കഥാകാരന്മാർ പിണങ്ങിയാലെന്തു്? ഇല്ലെങ്കിലെന്തു്? സത്യാന്വേഷണതല്പരതയ്ക്കു് ഒരിക്കലും അവസാനമില്ലല്ലോ.
[1] മാസ്റ്റർപീസ്—ഉത്കൃഷ്ടകലാശില്പം.
സ്ത്രീകളുടെ കഥകളിൽ പ്രയോജനപരത്വം കൂടിനില്ക്കുമെന്നു് ഈ ലേഖകൻ മുൻപു പറഞ്ഞിട്ടുണ്ടു്. അതിനാൽ അവരുടെ കൃതികളിൽ കലാപ്രചോദനം വികസിതാവസ്ഥയിൽ കാണുകയില്ല. പ്രായോഗികചിന്തകളാൽ ഭരിക്കപ്പെടുന്ന അവർ വികാരങ്ങളെ അയഥാർത്ഥീകരിക്കുന്നു. ഈ ദോഷങ്ങൾക്കു ശരിയായ ഉദാഹരണം ലഭിക്കണമെന്നുണ്ടെങ്കിൽ ‘ജനയുഗം’ വാരികയിൽ (ലക്കം 32) ശ്രീമതി ചെല്ലമ്മ ജോസഫ് എഴുതിയ ‘മുക്തി’ എന്ന ചെറുകഥ വായിച്ചാൽ മതി, ഭർത്താവിന്റെ വ്യഭിചാരവും മദ്യപാനവും കണ്ടു മനംമടുത്ത ശാരദ പൂർവകാമുകനെ അന്വേഷിച്ചുപോവുകയും അയാളുടെ കരവലയത്തിനുള്ളിൽ ‘കുഴഞ്ഞു തളർന്നുവീഴുകയും’ ചെയ്യുന്നതിനെ ചിത്രീകരിക്കുകയാണു കഥാകാരി. ഭർത്താവില്ലെങ്കിലും തനിക്കു ജീവിക്കണം, തനിക്കു സ്നേഹിക്കണം എന്ന സ്ത്രീയുടെ പ്രയോജനപരമായ ചിന്തയ്ക്കാണു് ഇവിടെ പ്രാധാന്യം. നൈസർഗ്ഗികത്വമോ ഭംഗിയോ ഈ കഥയ്ക്കില്ല. നമ്മുടെ വൈകാരികജീവിതത്തെ സമ്പന്നമാക്കാത്ത ഒരു കഥയും നമുക്കു വേണ്ട. അതിനാൽ ശ്രീമതി ചെല്ലമ്മ ജോസഫിന്റെ ‘മുക്തി’ വർജ്ജനീയമാണെന്നു നാം ഉറക്കെപ്പറയുന്നു. ഇവിടെനിന്നു ശ്രീ. അബ്ദുൽഗഫൂറിന്റെ ‘എലിക്കെണി’യിലേക്കു പോയാലോ? പ്രതിരൂപാത്മകതയും ഋജുവായ ആഖ്യാനവും വിലക്ഷണമായി സങ്കലനം ചെയ്തിരിക്കുന്ന ഒരു കഥയാണു് അതെന്നു നാം മനസ്സിലാക്കുന്നു. ഒരു ലോഡ്ജിൽ താമസിക്കുന്ന യുവതി അവിടെയുള്ള ഒരു യുവാവുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെടുന്നതിനെ തന്റേതായ മാർഗ്ഗത്തിലൂടെ ആവിഷ്ക്കരിക്കുകയാണു കഥാകാരൻ. നേരേയുള്ള ആ ആഖ്യാനത്തിൽ പ്രതിരൂപാത്മകത്വവുംകൂടി അദ്ദേഹം വച്ചുകെട്ടുന്നു. ലോഡ്ജിൽ എലിയുടെ ഉപദ്രവമുണ്ടു് യുവതി പൂച്ചയെ വളർത്തുന്നതു് എലിയെപ്പിടിക്കാനാണു്. പക്ഷേ, അതു് എലിയെ തൊടുകയില്ല. യുവാവു് ഒരെലിക്കെണി കൊണ്ടുവന്നു. അതിനകത്തു റൊട്ടിവച്ചു മൂലയിൽ സ്ഥാപിച്ചു. അന്നുരാത്രി യുവതി യുവാവിന്റെ മുറിക്കുള്ളിൽ കയറി സാക്ഷയിട്ടു. എലി കാമോത്സുകതയുടെ പ്രതീകം പൂച്ച അവളുടെ മനഃസാക്ഷി. യുവാവുമായി വേഴ്ചയ്ക്കു് ആഗ്രഹിക്കുന്ന യുവതി മനഃസാക്ഷിയുടെ പ്രേരണകളെ മാനിക്കുന്നില്ലെന്നാണു കഥാകാരൻ സൂചിപ്പിക്കുന്നതു്. ആശയം കൊള്ളാം. പക്ഷേ, ഒരേ കഥ രണ്ടുതരത്തിൽ പറയുകയാണു ഗഫൂർ. ചെറുകഥയിൽ ഋജുവായ പ്രതിപാദനമാകാം: അല്ലെങ്കിൽ പ്രതിരൂപാത്മകത്വമാകാം. രണ്ടും സങ്കലനം ചെയ്താൽ കഥയുടെ കലാഭംഗി നശിക്കും.

അനുഗൃഹീതനായ പങ്കജ് മല്ലിക്ക് പാടുന്നതു ഞാൻ കേട്ടിട്ടുണ്ടു്. ഒരു മഹനീയമായ അനുഭവമാണതു്. പങ്കജ് മല്ലിക്ക് പാടിക്കഴിഞ്ഞതിനുശേഷം ഒരുവൻ വേദിയിലേയ്ക്കു കയറി ‘ക്രോം ക്രോം’ എന്നു നിലവിളിക്കാൻ തുടങ്ങിയെന്നു സങ്കൽപ്പിക്ക. അക്രമരാഹിത്യസിദ്ധാന്തം നാം മറന്നു പോകും. മോപ്പസാങ്ങി ന്റെയും ചെക്കോവി ന്റെയും തോമസ് മന്നി ന്റെയും ടാഗോറി ന്റെയും താരാശങ്കർ ബാനർജി യുടെയും വൈക്കം മുഹമ്മദുബഷീറി ന്റെയും പി. സി. കുട്ടിക്കൃഷ്ണന്റെ യും കഥകൾ വായിച്ചു രസിച്ചിട്ടുള്ള നമ്മെ പരുഷശബ്ദംകൊണ്ടു്, ദീനരോദനംകൊണ്ടു് വേദനിപ്പിക്കുകയാണു് ശ്രീ. കോവിലനും ശ്രീ. ടി. ആറും, മാതൃഭൂമി 49-ാം ലക്കത്തിലെ അവരുടെ ചെറുകഥകൾ അത്ര കണ്ടു വേദനാജനകങ്ങളാണു്. വോട്ടറന്മാരുടെ പട്ടികയെക്കുറിച്ചു് ഒരു പരാമർശം നടത്തിക്കൊണ്ടു ഭാരതത്തിൽ നിലവിലുള്ള സകല കൊള്ളരുതായ്മകളുടെ നേർക്കും രോഷം പ്രകടിപ്പിക്കുകയാണു കോവിലൻ. അദ്ദേഹത്തിന്റെ ചെറുകഥയിൽ കഥയില്ല, കഥാപാത്രങ്ങളില്ല; അതിനു ശരിയായ ആരംഭമില്ല. അവസാനമില്ല. ഏകാഗ്രത ഇല്ലേയില്ല. പ്രബന്ധത്തിന്റെ സ്വഭാവം ആവഹിക്കുന്ന ഈ ചെറുകഥയുടെ പ്രതിപാദനരീതിക്കുപോലും സഹിക്കാനാവാത്ത കൃത്രിമതയുണ്ടു്.
ഭ്രാന്തു് ! ഭ്രാന്തില്ലാത്ത ഓരോ പൗരനും വോട്ടവകാശമുണ്ടു്. തെണ്ടികളോ? തെണ്ടി പൗരനല്ലേ? അവനു വീടില്ലെങ്കിലോ? ക്രമനമ്പർ വീട്ടുനമ്പർ തറവാടു് പേരു്.
ഈ രീതിയിലാണു കോവിലൻ എഴുതുന്നതു്. ‘ആണോ പെണ്ണോ?’ എന്നാണു് അദ്ദേഹത്തിന്റെ കഥയുടെ പേരു്. ഉദ്ധരിച്ച ഭാഗത്തിലെ ആദ്യത്തെ വാക്കു പേരായി നൽകുന്നതാണു യുക്തതരം. സ്വപ്നങ്ങളെ കാണിച്ചുതരികയാണു് ടി. ആർ. (‘കാലബിന്ദു’ എന്ന കഥ.) പക്ഷേ, ദുർഗ്രഹങ്ങളായ പ്രതീകങ്ങൾ അനുവാചകനു പേടിസ്വപ്നത്തിന്റെ പ്രതീതിയുളവാക്കുന്നു. ഈ പേടിയോടുകൂടിയാണു ഞാൻ ശ്രീ. ഗൗതമന്റെ “വണ്ടു്” എന്ന കഥ വായിക്കാൻ തുടങ്ങിയതു്. (‘മലയാളരാജ്യം ആഴ്ചപ്പതിപ്പു്’ ലക്കം 34) ഗൗതമന്റെ ഒന്നുരണ്ടു നല്ലകഥകൾ ഞാൻ മുൻപു വായിച്ചിരുന്നതുകൊണ്ടു് അദ്ദേഹം എന്നെ നിരാശപ്പെടുത്തുകയില്ലെന്നു് ഒരു വിചാരവും എനിക്കുണ്ടായിരുന്നു. എന്നാൽ ആ കഥ വായിച്ചുകഴിഞ്ഞപ്പോഴാണു് അതു പാഴ്‌വേലയായിപ്പോയി എന്ന സത്യം എനിക്കു മനസ്സിലായതു്. വിവാഹംകഴിച്ച ഒരുവൻ വ്യഭിചരിക്കുന്നതാണു കഥയിലെ വിഷയം. അതിലെ ചില വാക്യങ്ങൾ ഉദ്ധരിക്കാം.
ഭർത്താവു്: “അയ്യോ അവളതിനു വയസ്സറിയിച്ചിട്ടുപോലുമില്ല.” ഭാര്യ: “എങ്കിലും അടുത്തുതന്നെ അറിയിക്കും.” …………… “അവൾ എഴുന്നേറ്റപ്പോൾ അയാൾക്കു തോന്നി, ചരക്കു മോശമല്ലല്ലോ.” …………… “ആ തുടകളുടെ വെളുപ്പും മുഴപ്പും അയാളെ തികച്ചും പരവശനാക്കി.” …………… “അവളുടെ സംസാരത്തിനൊത്തു കുലുങ്ങുന്ന മുലകളുടെ മുഴകൾ കണ്ടപ്പോൾ ഇവൾ ബ്രേസിയറിടാത്തതെന്തേ എന്നു മനസ്സിൽ ചോദിക്കുകയായിരുന്നു.” …………… ‘അവളുടെ ചുണ്ടുകൾ കടിച്ചുചവച്ചു. മാറിലെ താമരമൊട്ടുകൾ പിടിച്ചുകശക്കി. തുടകളിൽ നഖക്ഷതങ്ങളുണ്ടാക്കി.’
മാസികവില്പനക്കാർ തങ്ങളുടെ കടയുടെ മുൻപിൽ എടുത്തുതൂക്കുകയും പോലീസുകാർ വരുമ്പോൾ എടുത്തൊളിക്കുകയും ചെയ്യുന്ന ചില മാസികകളുണ്ടല്ലോ. അവയിൽ പരസ്യം ചെയ്യാൻകൊള്ളാം ഗൗതമന്റെ കഥ. വിശ്വാസത്തോടെ വീട്ടിലിടാൻ കൊള്ളാവുന്ന ‘മലയാളരാജ്യം’ ആഴ്ചപ്പതിപ്പിൽ ഇത്തരമൊരു കഥ വന്നതു ദുഃഖകരമായിരിക്കുന്നു. ഇതിനു സ്ഥാനം ‘മലയാളരാജ്യം’ വാരികയിലല്ല. പത്രാധിപരുടെ മേശയ്ക്കുതാഴെയിരിക്കുന്ന ചവറ്റുകുട്ടയിലാണു്. ഈ നിഷിദ്ധങ്ങളായ വാക്യകൾ ഉദ്ധരിച്ചു ‘മലയാളനാടി’നെ വികൃതമാക്കിയതിനു മാന്യവായനക്കാരോടു മാപ്പു ചോദിക്കുന്നു. പ്രധാനപത്രാധിപരായ ശ്രീ. എസ്. കെ. നായരോ ടും മാപ്പു ചോദിക്കുന്നു. ‘മാതൃഭൂമി’യിൽ വന്ന ‘ചതി’ എന്ന ചെറുകഥ ‘മലയാളരാജ്യം’ വീണ്ടും പരസ്യം ചെയ്തിരിക്കുന്നു. വാരികയുടെ അന്തസ്സുകെടുത്തുന്ന ഇത്തരം പ്രവൃത്തികൾക്കു് ഒരു വിരാമമിടണമെന്നാണു വായനക്കാരായ ഞങ്ങളുടെ ആഗ്രഹം. ‘മലയാളനാട്ടി’ലെ (ലക്കം 41) ‘നീലക്കൊടുവേലി’യും ‘മരണത്തിന്റെ പരിഹാസ’വും വായിക്കുമ്പോൾ കഥാകാരന്മാരായ ശ്രീ. അയ്യനേത്തി നോടും ശ്രീ. മുണ്ടൂർ കൃഷ്ണൻകുട്ടി യോടും “ഇതുപോര, ഇതുപോര” എന്നു പറയാൻ തോന്നിപ്പോകുന്നു. പപ്പുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അയ്യനേത്തു് ആധുനിക കഥാകാരന്മാരേയും നിരൂപകന്മാരേയും ഒക്കെ പരിഹസിക്കുന്നു. അദ്ദേഹത്തിന്റെ പരിഹാസമാർഗ്ഗം കൃത്രിമമാണു്. നൈസർഗ്ഗികത്വമെന്ന ഗുണമുണ്ടായാലേ പരിഹാസത്തിനു ശക്തി ലഭിക്കൂ. സഹോദരിയുടെ പ്രസവസമയത്തു ഡോക്ടറെ വിളിച്ചുകൊണ്ടുവരുന്ന സഹോദരന്റെ വെറുപ്പിനെ ആലേഖനം ചെയ്യുന്ന മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ കഥ വിരസമത്രേ. രാഷ്ട്രവ്യവഹാരത്തിലെ കാപട്യം അനാവരണം ചെയ്യുകയാണു ശ്രീ. കല്ലട വാസുദേവൻ, (‘ഭ്രാന്തൻ എന്ന ചെറുകഥ-‘കുങ്കുമം ലക്കം 25). ഭർത്താവിന്റെ കഴിവുകേടും കാമുകന്റെ കഴിവും ചിത്രീകരിക്കുന്നു ശ്രീ. ഗോപി പഴയന്നൂർ. (‘മരുഭൂമിയിൽ ഒരു വസന്തം; എന്ന ചെറുകഥ). കലാപരമായ അനിവാര്യത—artistic inevitability—എന്നൊരു ഗുണത്തെക്കുറിച്ചു് ഇംഗ്ലീഷ് നിരൂപകർ പറയാറുണ്ടു്. ആ ഗുണമുണ്ടായിരുന്നെങ്കിൽ ഈ രണ്ടു ചെറുകഥകൾക്കും ആകർഷകത്വം ലഭിക്കുമായിരുന്നു.

ശ്രീ. പി. ഭാസ്കരനുണ്ണി യുടെ ‘പ്രണയമെന്ന മൗലികാവകാശം’ (‘കുങ്കുമം’ വാരിക) ഹൃദ്യമായ ഒരു സംഭാഷണമാണു്. ലളിതമായി, നർമ്മഭാസുരമായി അദ്ദേഹത്തിനു് ആശയമാവിഷ്ക്കരിക്കാൻ കഴിയും. അദ്ദേഹത്തിന്റെ വാക്കുകൾക്കു് ഒരു മാന്ത്രികപ്രഭാവമുണ്ടു്. ‘ആധുനിക ചെറുകഥാസാഹിത്യത്തിലെ ജീർണ്ണത’യെക്കുറിച്ചു് ശ്രീമതി പി. ആർ. ശ്യാമള വിദഗ്ദ്ധമായി ഉപന്യസിക്കുന്നു. യോനസ്ക്കോ യുടെയും ഗുന്തർഗ്രസ്സി ന്റെയും വിലക്ഷണങ്ങളായ കൃതികൾ വായിച്ചുകൊണ്ടു് അത്യന്താധുനികസാഹിത്യം രചിക്കുന്ന ഇവിടത്തെ കഥാകാരന്മാരെ ശ്യാമള അവർ അർഹിക്കുന്ന വിധത്തിൽത്തന്നെ വിമർശിക്കുന്നു. ചെറുകഥാസാഹിത്യത്തിന്റെ മുകളിൽ ശവകുടീരം പണിയുന്ന അത്യന്താധുനികർ ശ്യാമളയുടെ പ്രബന്ധം വായിച്ചുനോക്കിയിട്ടു് സ്വയം ചിന്തിക്കണം. ഈ ലേഖകൻ ശ്രീ. ആർ. കെ. നാരായണന്റെ ആരാധകനല്ല. കാരണം നാരായണൻ ഒരു “സൂപ്പർജേർണ്ണലിസ്റ്റ്” മാത്രമാണെന്നതാണു്. എങ്കിലും ശ്രീ. ഈ. വാസു വിന്റെ ലേഖനം (മലയാളനാടു്) ഞാൻ താൽപര്യത്തോടെ വായിച്ചു. പനയന്നാർക്കാവിന്റെ മുൻപിൽ ഭക്തിയോടെ നില്ക്കുന്ന ശ്രീ. നാലാങ്കലി നെയും കാഷ്മീറിന്റെ സൗന്ദര്യം ആസ്വദിക്കുന്ന ശ്രീ. മല്ലകത്തു് ചെല്ലപ്പൻപിള്ളയേയും “മലയാളരാജ്യ”ത്തിൽ കാണാം. ബോംബേനഗരത്തിന്റെ സവിശേഷതയെക്കുറിച്ചു് ശ്രീ. പാപ്പനംകോട്ടു പ്രഭാകരനും ദാന്തേ, ജോയിസ്, പാസ്റ്റർനാക്ക് എന്നിവരുടെ ജന്മസ്ഥലങ്ങളെക്കുറിച്ചു്, ശ്രീ. കെ. വി. രാമകൃഷ്ണനും ‘മാതൃഭൂമി’യിലെഴുതിയിരിക്കുന്ന പ്രബന്ധങ്ങൾ വായനക്കാർക്കു് വിജ്ഞാനം പകർന്നുകൊടുക്കുന്നു. അന്തരിച്ചുപോയ ശ്രീ. ആർ. സുഗതനെ എനിക്കു നേരിട്ടറിയാമായിരുന്നു. അദ്ദേഹത്തോടു് എനിക്കു സ്നേഹമാണു്, ബഹുമാനമാണു്. ഒന്നിലും അത്യുക്തി പാടില്ലല്ലോ. അതുകൊണ്ടു് അത്യുക്തികൂടാതെ പറയട്ടെ. സുഗതനെപ്പോലെ വിശുദ്ധനായ വേറൊരാളിനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ അവസാനത്തെ നിമിഷങ്ങളെക്കുറിച്ചു് ശ്രീ. കാമ്പിശ്ശേരി കരുണാകരൻ ‘ജനയുഗം’ വാരികയിലെഴുതിയിരിക്കുന്ന ലേഖനം വായിച്ചു് ഞാൻ കണ്ണീർ പൊഴിച്ചു. അത്രയ്ക്കു് ആർദ്രീകരണശക്തി അതിനുണ്ടു്. സുഗതനവർകൾ വാസനാസമ്പന്നനായ കവിയാണെന്നു് ഞാൻ മനസ്സിലാക്കുന്നതു് ശ്രീ. തിരുനല്ലൂർ കരുണാകരന്റെ ലേഖനം വായിക്കുമ്പോഴാണു്. അദ്ദേഹമുദ്ധരിക്കുന്ന കവിത എത്ര ഹൃദ്യം!
“മാമല മുത്തപ്പൻ മൂടൽമഞ്ഞേറ്റേറ്റു
പൂമരം പോലെ വെളുത്തുപോയി
അപ്പൂപ്പൻതാടികൊണ്ടായിരമായിരം
പാക്കപ്പൽ തീർത്തവ നീങ്ങും പോലെ
വെൺമേഘപാളികൾ നീലമലമേലേ
പൊൻപുലർകാറ്റിലിളകിയോടി.”
സുഗതനവർകളുടെ നിർമ്മലമായ ഹൃദയംപോലെ ഈ കാവ്യഭാഗവും നിർമ്മലമായിരിക്കുന്നു. ശ്രീ. എൽ. പ്രതാപവർമ്മ, ശ്രീ. ഏ. പി. പി. നമ്പൂതിരി, എന്നിവരാണു് ഈ ആഴ്ചയിൽ ഗ്രന്ഥങ്ങളുടെ മൂല്യം നിർണ്ണയിക്കുന്നതു്. അവരുടെ അഭിപ്രായമെന്തുമാകട്ടെ. ആശയങ്ങൾ ആകർഷകമായിരുന്നാൽ മതി. ആ ആകർഷകത്വം നല്കാൻ ഈ നിരൂപകർക്കു് അറിയാം! അതുകൊണ്ടു് നാം അവരുടെ ലേഖനങ്ങൾ വായിക്കും.
മനോഹരമായ ഒരു ഗ്രാമപ്രദേശത്തു നിങ്ങൾ ചെന്നുവെന്നു വിചാരിക്കുക. അവിടെ അത്യന്തസുന്ദരിയായ ഒരു ഗ്രാമപ്പെൺകൊടി നിങ്ങളെക്കണ്ടതിലുള്ള ലജ്ജാവൈവശ്യത്തോടെ കാട്ടുചെടികൾക്കിടയിലൂടെ ഓടിയൊളിച്ചുവെന്നും സങ്കല്പിക്കുക. ആ ദൃശ്യം കാണുന്ന നിങ്ങൾക്കു് എന്തുതോന്നും? നിങ്ങൾക്കു് എന്തുതോന്നുമോ അതാണു് എനിക്കു ശ്രീ. വെണ്ണിക്കുളത്തി ന്റെ “ഈ വഴി” എന്ന കാവ്യം മാതൃഭൂമിവാരികയിൽ വായിച്ചപ്പോൾ തോന്നിയതു്, എന്തൊരാകർഷകത്വം! എന്തൊരു ശാലീനത! അത്യന്താധുനികർ കവിതയെന്നപേരിൽ ഇരുമ്പുലാത്തിയെടുത്തു നമ്മുടെ തലയിൽ അടിക്കുമ്പോൾ വെണ്ണിക്കുളം ഇതുപോലെ ഹൃദയസ്പർശകമായി വല്ലപ്പോഴുമെങ്കിലും പാടട്ടെ. വെണ്ണിക്കുളത്തിനോടൊത്തു പാടാൻ ശ്രീ. യൂസഫലി കേച്ചേരി യും (മാതൃഭൂമി) ശ്രീ. തകഴി ശങ്കരനാരായണനും ഉണ്ടു്. (മലയാളനാടു്). അവർക്കു കൂട്ടുകാരായി ശ്രീ. കരീപ്ര വിക്രമൻനായരേയും ശ്രീ. ജനാർദ്ദനം പുരുഷോത്തമനേയും മലയാളരാജ്യം വാരികയിൽ കാണാം. കാവ്യപ്രചോദനമാർന്ന കവികളാണു് ഇവർ നാലുപേരും. കവിത വൃത്തത്തിനൊപ്പിച്ചു് എഴുതുന്നതിലും അച്ചടിക്കുന്നതിലും ഒരു ഉദ്ദേശ്യമുണ്ടു്. സ്രഗ്ദ്ധരാവൃത്തത്തിലെഴുതിയ ഒരു മനോഹരമായ ശ്ലോകത്തെ ഇരുപത്തിയൊന്നക്ഷരമെന്ന മട്ടിൽ വരിതിരിച്ചു് അച്ചടിക്കാതെ ഗദ്യത്തിന്റെ രൂപത്തിൽ അച്ചടിച്ചുവയ്ക്ക. ആ ശ്ലോകത്തിന്റെ സൗന്ദര്യം മുഴുവൻ പോകും. കവിത അതിന്റെ രീതിയിൽ അച്ചടിക്കപ്പെടുമ്പോൾ അതു വായിക്കാനുള്ള ഒരു മാനസികാന്തരീക്ഷം അനുവാചകനുണ്ടാകും. ഇതു് ഇല്ലാതെയാക്കാനേ ഉപകരിക്കുന്നുള്ളൂ. ജനയുഗം വാരികയിൽ കവിത അച്ചടിക്കുന്ന പുതിയ രീതി.
എത്ര വേഗത്തിലാണു ഞാൻ ഈ ലേഖനം എഴുതുന്നതു്! ഇതിലെ പല വാക്യങ്ങളും മാറ്റിയെഴുതേണ്ടതാണെന്നു് എനിക്കറിയാം. അങ്ങനെ പ്രവർത്തിക്കാൻ സമയം കിട്ടിയിരുന്നെങ്കിൽ ചാരുതയുണ്ടായേനെ. എന്റെ ഈ ശീഘ്രത ക്ഷന്തവ്യമാണു്. പക്ഷേ, നമ്മുടെ കലാകാരന്മാരുടെ ശീഘ്രത ക്ഷന്തവ്യമല്ല. പണ്ടാരോ ഒരു ചെറിയ പെട്ടിയുണ്ടാക്കാൻ ഒരു വനത്തിലെ തടി മുഴുവൻ മുറിച്ചുകൊണ്ടുവന്നു എന്നൊരു കഥ കേട്ടിട്ടുണ്ടു്. വാക്കുകളാകുന്ന തടികൾ ശേഖരിച്ചശേഷം അവയിൽ നിന്നു് പ്രഗത്ഭമായ ഒരു തിരഞ്ഞെടുപ്പു നടത്തണം നമ്മുടെ കവികളും കഥാകാരന്മാരും. അപ്പോൾ കലാസൃഷ്ടികൾക്കു കൂടുതൽ ഭംഗി ലഭിക്കും.