
“ സ്വപ്നങ്ങളെയാകെ ജീവിതത്തിൽനിന്നു് ഒഴിവാക്കൂ; ആ ജീവിതം ദുസ്സഹമായി ഭവിക്കും.” എന്നു് ഒരു ചിന്തകൻ പറഞ്ഞിട്ടുണ്ടു്. സ്വപ്നങ്ങൾ നിത്യജീവിതയാഥാർത്ഥ്യത്തോടു ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഈ ഭൂമണ്ഡലത്തിലെ മോഹനാംഗികൾക്കു കിനാവിന്റെ—ആദർശത്തിന്റെ—പരിവേഷം നല്കൂ. അവർ സ്വർഗ്ഗത്തിലെ അംഗനമാരാകും. ഇവിടത്തെ വാടിവീഴുന്ന പൂക്കളെക്കണ്ടു ദുഃഖിക്കുന്ന നമ്മൾ വാടാത്ത പൂക്കളെസ്സങ്കല്പിക്കുമ്പോഴാണു നന്ദനോദ്യാനത്തിലെ പൂക്കൾ ഉണ്ടാവുക. ഭൂമിയെ ആദർശവത്ക്കരിക്കുമ്പോൾ സ്വർഗ്ഗം ആവിർഭവിക്കുന്നു. അദൃശ്യവും അജ്ഞാതവും അജ്ഞേയവുമായതു നമ്മെ എപ്പോഴും ഭരിക്കുകയാണു്. സാഹിത്യത്തിന്റെ അടിസ്ഥാനതത്ത്വവും ഇതുതന്നെ. തികച്ചും വാസ്തവികം എന്നു പറയാവുന്ന കൃതികളുണ്ടെങ്കിൽ അവ കലാസൃഷ്ടികളായിരിക്കുകയില്ല. ശ്രീ. വൈക്കം മുഹമ്മദ് ബഷീറി ന്റെ “ബാല്യകാലസഖി ”, ശ്രീ. തകഴി ശിവശങ്കരപിള്ള യുടെ “ചെമ്മീൻ ”, ശ്രീ. പി. കേശവദേവി ന്റെ “ഓടയിൽനിന്നു്” എന്നീ നോവലുകൾ യഥാതഥങ്ങളാണെന്നാണു നമ്മുടെ വിശ്വാസം. പക്ഷേ, അവയുടെ കാല്പനീകാംശമാണു് അവയ്ക്കു രാമണീയകം നല്കുന്നതു്. അതുകൊണ്ടു് ഉത്തിഷ്ഠമാനനായ ശ്രീ. കെ. പി. അപ്പൻ “ശ്രീ. കൃഷ്ണൻനായർ അടിസ്ഥാനപരമായും ഒരു റൊമാന്റിക്കാണു്” എന്നു പറഞ്ഞതിൽ ഞാൻ പരിഭവിക്കേണ്ടതില്ല. സന്തോഷത്തിനേ എനിക്കു് അവകാശമുള്ളൂ. എന്റെ മാനസികഘടനയിൽ കാല്പനികാംശത്തിനു് ആധിക്യമുണ്ടെന്നും വസ്തുതകളെ കാല്പനികത്വം കലർത്തി ഞാൻ സംവീക്ഷണം ചെയ്യുന്നുവെന്നുമാണല്ലോ അപ്പൻ അഭിപ്രായപ്പെടുന്നതു്. അതു ശരി തന്നെ. ഞാൻ മാത്രമല്ല ഏതു സഹൃദയനും റൊമാന്റിക്കാണു്. ആ റൊമാന്റിസിസം അതിരുകടക്കരുതെന്നേയുള്ളൂ. ഈ കാല്പനികതയുടെ കുറവാണു്—അജ്ഞാതവും അജ്ഞേയവുമായതിനെ സങ്കല്പിക്കാനുള്ള വൈദഗ്ദ്ധ്യമില്ലായ്മയാണു്—ശ്രീ. രാജൻ ചിന്നങ്ങത്തിന്റെ “ചതുപ്പുനിലം”എന്ന ചെറുകഥയെ (കുങ്കുമം-ലക്കം 32) വിരസമാക്കുന്നതു്. ആയിരം രൂപയിലധികം വാങ്ങുന്ന ഗോകുലൻ സരസ്വതിയെ വിവാഹംകഴിച്ചു, വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്കു സന്താനമുണ്ടായില്ല. ഗോകുലന്റെ തലമുടി അങ്ങിങ്ങായി നരച്ചു. അയാൾ ഭാര്യയോടു ചോദിച്ചു, “വാർദ്ധക്യത്തിന്റെ ലക്ഷണം അല്ലേ സരൂ?” ഉടനെ സരസ്വതി തകർന്നുവീണു. അവളെ പിടിച്ചെഴുന്നെല്പിക്കാൻ ഗോകുലൻ കുനിഞ്ഞു. അപ്പോൾ സരസ്വതിയുടെ നെറുകയിലും നീണ്ടുവെളുത്ത മുടികൾ കണ്ടുപോലും. കഥതീർന്നു. ഈ ചെറുകഥ ബാലിശമാണു്. പറഞ്ഞുപറഞ്ഞു് പഴകിയ വിഷയങ്ങൾ ഒരു ചാതുര്യവുമില്ലാതെ പുനരാവിഷ്ക്കരിച്ചു് വായനക്കാരെ വേദനിപ്പിക്കുന്ന ഈ കുത്സിതമാർഗ്ഗം എന്നേക്കുമായി അടഞ്ഞുപോയെങ്കിൽ എത്ര നന്നായിരുന്നേനെ. ഇനി ശ്രീ. ദാമുവിന്റെ “നീങ്ങുന്ന നിഴലുകൾ” നോക്കിയാലോ? കഥപറയാൻ അറിയാവുന്ന ദാമു വളരെ വികൃതമായ ഒരു കഥ എഴുതിയിരിക്കുകയാണു്. കഷ്ടപ്പെടുന്ന ഒരുവനു് ഭാഗ്യക്കുറിയിൽ അഞ്ചുലക്ഷം രൂപ സമ്മാനം കിട്ടുന്നു. പക്ഷേ, അതിന്റെ ടിക്കറ്റ് ആരോ എടുത്തു് അടുപ്പിലിട്ടുകളഞ്ഞതുകൊണ്ടു് പണം വാങ്ങാൻ സാധിക്കുന്നില്ല. ഇതിന്റെയും മുദ്ര ബാലിശത്വമാണു്. ചെറുകഥ ഒരു കലാരൂപമാണു്. ഭാവനാശക്തി പ്രബലമായിരിക്കുമ്പോൾ മാത്രമേ കഥാകാരന്മാർ കഥയെഴുതാവൂ. കുങ്കുമം വാരികയിൽ “പ്രതിപക്ഷം” എന്ന ചെറുകഥയെഴുതിയ ശ്രീ. അറയ്ക്കൽ എൻ. രാമചന്ദ്രനോടും എനിക്കു പറയാനുള്ളതു് ഇതുതന്നെയാണു്. പെൺകുട്ടികളെ നോക്കി പഠിപ്പിക്കാത്ത ഒരദ്ധ്യാപകനെ നോക്കി ചിരിക്കുകയാണു് രാമചന്ദ്രൻ. പക്ഷേ, ആ കഥയിലെ കലാരാഹിത്യം കണ്ടു് അനുവാചകരും ചിരിക്കുന്നു. “കുങ്കുമം” വാരികയിലെ ഈ വിരസങ്ങളായ കഥകളുടെ കൂട്ടത്തിൽ ഷാ അദി യുടെ ഏഴു കൊച്ചുകഥകൾകൂടി തർജ്ജമചെയ്തു ചേർത്തതുനന്നായി. കഥയുടെ സ്വഭാവം അവയ്ക്കില്ലെങ്കിൽത്തന്നെയെന്തു്? ഓരോന്നും ചിന്താരത്നംതന്നെ. ഒരു രത്നമെടുത്തു് ഉള്ളങ്കയ്യിൽവച്ചുനോക്കൂ. നിങ്ങളുടെ കരതലത്തിൽ മയൂഖങ്ങൾ കാന്തി പ്രസരിപ്പിക്കും.
കുങ്കുമം വാരികയിൽ മാത്രമല്ല ബാലിശങ്ങളായ കഥകളുള്ളതു്. ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിന്റെ അഞ്ചാം ലക്കം നോക്കുക; അതിൽ ശ്രീ. കെ. വി. ചന്ദ്രശേഖരൻ എഴുതിയ “അലട്ടുന്നപ്രശ്നം” എന്ന ചെറുകഥ വായിക്കുക. വായനക്കാരനെ അന്ധകാരത്തിലേക്കു് കൊണ്ടുചെന്നിട്ടു് അയാളുടെ ഹൃദയം ത്രസിക്കുമാറു് ഒരു സംഭവം ആഖ്യാനം ചെയ്യണമെന്നാണു് കഥാകാരന്റെ ലക്ഷ്യം. അതിനുവേണ്ടി അദ്ദേഹം ഒരു യക്ഷിക്കഥ പറയുന്നു. അതു് യക്ഷിക്കഥതന്നെയോ അതോ നിത്യജീവിതക്കഥയോ? ഈ സംശയം വായനക്കാരന്റെ മനസ്സിൽ ഉളവാക്കിയിട്ടു് ചന്ദ്രശേഖരൻ കഥ അവസാനിപ്പിക്കുന്നു. പക്ഷേ, അന്ധകാരത്തിൽ ചെല്ലുന്ന പ്രതീതി വായനക്കാരനു് ഉളവാകുന്നില്ല. അയാളുടെ ഹൃദയം തുടിക്കുന്നില്ല. ‘ബാലചാപല്യോപമം’ എന്നു പറഞ്ഞു് അയാൾ വാരിക താഴെവയ്ക്കുന്നു. അവിശ്വസനീയങ്ങളായ സംഭവങ്ങളെ വർണ്ണിച്ചു് കലാപരമായ വിശ്വാസമുളവാക്കണമെങ്കിൽ കഥാകാരൻ പ്രഗല്ഭനായിരിക്കണം. ബഷീറി ന്റെ “നീലവെളിച്ചം ” വാൾട്ടർ ഡിലാമേറി ന്റെ “All Hallows” ഡിക്കൻസി ന്റെ “Signalman ” എന്നീ ചെറുകഥകൾ മനോഹരങ്ങളാണു്. അത്തരം കഥകൾ വായിച്ചു് കലാസങ്കേതം മനസ്സിലാക്കിയിട്ടുവേണം ചന്ദ്രശേഖരൻ ഇത്തരം കഥകളെഴുതാൻ.

താൻ സ്നേഹിച്ച പെൺകുട്ടിയെ ഒരുവൻ വിവാഹം കഴിക്കുന്നു. അവൾ അയാൾക്കു് വിധേയയാകുന്നില്ല ആദ്യം. ഒടുവിൽ വശഗയാകുന്നു. ഇതാണു ശ്രീമതി പി. സി. പ്രസന്ന ‘മനോരമ’ വാരികയിലെഴുതിയ “അവൾ” എന്ന ചെറുകഥയുടെ സാരം. സുന്ദരിയായ ശാരദയ്ക്കു പോളിയോ എന്ന രോഗം പിടിപെടുന്നു. അതോടെ കാമുകനുണ്ടാകുന്ന മനസ്സിന്റെ മാറ്റം അവൾ കണ്ടുപിടിക്കുന്നു. ശ്രീ. ജോസഫ് ‘മനോരമ’ വാരികയുടെ ഒൻപതാം ലക്കത്തിൽ എഴുതിയ “സ്നേഹമെന്ന സ്വപ്നം” എന്ന ചെറുകഥയുടെ ചുരുക്കമിതാണു്. വിനോഭാബാഭാവേ ആദ്ധ്യാത്മികാര്യങ്ങളെക്കുറിച്ചു പ്രസംഗിക്കുമ്പോൾ ഞാൻ കൗതുകത്തോടെ കേട്ടിരിക്കാറുണ്ടു്. പക്ഷേ, ലോകായതികന്മാരായ ചിലർ ആദ്ധ്യാത്മിക വിഷയങ്ങളെസ്സംബന്ധിച്ചു പ്രഭാഷണം നിർവഹിക്കുമ്പോൾ ഞാൻ കരുതിക്കൂട്ടി അർദ്ധസുഷുപ്തിയിൽ ലയിക്കാറുണ്ടു്. എഴുന്നേറ്റു പോകാൻ നിവൃത്തിയില്ലാതെ പ്രസംഗം കേൾക്കാൻ നിർബ്ബദ്ധനാകുമ്പോൾ ഞാൻ അംഗീകരിക്കുന്ന മാർഗ്ഗമതാണു്. പ്രസന്നയുടെയും ജോസഫിന്റെയും കഥകൾ വായിച്ചതിനു ശേഷം ഞാൻ സുഷുപ്തിയിൽ വിലയം കൊള്ളുന്നു. കലയോടു ബന്ധമില്ലാത്തവർ കഥയെഴുതിയാൽ ഉറങ്ങാതിരിക്കുന്നതെങ്ങനെ? ആ ഉറക്കത്തിൽനിന്നു് എന്നെ ഉണർത്തിയതു് ശ്രീ. സക്കറിയ യുടെ “മരത്തടി”യാണു്. അദ്ദേഹം എന്നെ ഉണർത്താതിരുന്നെങ്കിൽ എന്നു ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നു. സക്കറിയയുടെ ‘മരത്തടി’ (മലയാളനാടു ലക്കം 48) ഒരു ‘പിക്നിക്കി’ന്റെ കഥയാണു്. പലപ്പോഴും കഥാകാരന്റെ പ്രാഗല്ഭ്യം പ്രദർശിപ്പിക്കുന്ന സക്കറിയയ്ക്കു് ഇപ്പോൾ പരാജയം സംഭവിച്ചിരിക്കുന്നു. ഫലിതം പ്രയോഗിക്കാനുള്ള ശ്രമം, അതിൽ പരാജയം. നിരായാസമായ രീതിയിൽ എഴുതാനുള്ള ശ്രമം; അതിൽ പരാജയം. ആഖ്യാനത്തിൽ നവീനത വരുത്താനുള്ള ശ്രമം: അതിലും പരാജയം. ശ്വാസരോധമുണ്ടാക്കുന്ന കഥയാണു സക്കറിയയുടെ “മരത്തടി.” വിഭിന്നഭാഗങ്ങൾ ചേരേണ്ട രീതിയിൽ ഒന്നിച്ചു ചേർന്നാൽ ഒരു ഭംഗിയും ലാളിത്യവും ഉണ്ടാകും. ആ രണ്ടു ഗുണങ്ങളാണു് ശ്രീ. സി. വാസുദേവിന്റെ “വെളിച്ചം” എന്ന ചെറുകഥയിലുള്ളതു് (മലയാളനാടു്). ഭർത്താവു മരിച്ചതിനാൽ നിത്യവൃത്തിക്കുവേണ്ടി വേശ്യാവൃത്തി അനുഷ്ഠിക്കേണ്ടിവരുന്ന ഭാര്യ. അവളുടെ കൊച്ചുമകൻ. അവന്റെ ഈർഷ്യ, വേശ്യാജീവിതത്തിന്റെ ഫലമായിക്കിട്ടിയ ശിശു, അതിനോടു് കൊച്ചുമകനു് ആദ്യം തോന്നുന്ന വിരോധവും പിന്നീടു് തോന്നുന്ന ഇഷ്ടവും. അവലംബമില്ലാതെ നില്ക്കുന്ന ആ ഭാര്യ. ഇവയെയെല്ലാം അനായാസമായ രീതിയിൽ, ആകർഷകമായ രീതിയിൽ വാസുദേവൻ ആവിഷ്ക്കരിക്കുന്നു. സാന്മാർഗ്ഗികസൗന്ദര്യം ഇവിടെയില്ല; എങ്കിലും കലാസൗന്ദര്യമുണ്ടു്. ഈ കഥയുടെ അടുത്തു് ശ്രീ. പി. ശങ്കരനാരായണന്റെ “എഴുത്തച്ഛൻ എന്ന മനുഷ്യൻ” എന്ന ചെറുകഥ (മലയാളനാടു്) ബീഭത്സാകാരമാർജ്ജിക്കുന്നു; ആ എഴുത്തച്ഛന്റെ പ്രേതംപോലെ. “മോഡേൺ അൾട്രാമോഡേൺ” എന്ന ചെറുകഥയിലൂടെ ശ്രീ. ഏ. ജയകുമാർ അത്യന്താധുനികതയെ പരിഹസിക്കുകയാണു്. അതേസമയം അത്യന്താധുനികതയുടെ സവിശേഷതകളായ മോഹഭംഗത്തെയും ലക്ഷ്യമില്ലായ്മയെയും അദ്ദേഹം പ്രതിപാദിക്കുന്നു. കൗമുദിവാരികയുടെ 18-ാം ലക്കത്തിൽ ജയകുമാർ എഴുതിയ ഈ കഥയ്ക്കു കൃത്രിമത്വം ഉണ്ടെങ്കിലും അതിനെപാടേ നിഷേധിക്കുവാൻ എനിക്കു വയ്യ. “കേരളശബ്ദ”ത്തിലെ “സന്നിധാനം” എന്ന ചെറുകഥയോ? ശബരിമല ഭക്തന്മാരുടെ കാപട്യത്തെ സ്ഫുടീകരിക്കുന്ന ആ കഥയിൽ കലാകാരനായ കളിയലിൽ രാധാകൃഷ്ണനെ ഞാൻ കാണുന്നില്ല.
വിക്തർ യൂഗോ യുടെ ‘ലെ മിസറാബ്ള ” എന്ന നോവലിലെ നായകനായ ഷാങ്വൽഷാങ് ജയിലിൽ നിന്നിറങ്ങി പല സ്ഥലങ്ങളിലും ആഹാരം യാചിക്കുന്നു. എല്ലാവരും അയാളെ ആട്ടിയോടിക്കുന്നു. ഒടുവിൽ ഒരു കൊച്ചുവീടുകണ്ടു്, അതിനുള്ളിലേക്കു തലയിട്ടു് ഇഴഞ്ഞു നീങ്ങുമ്പോൾ ഒരു ജന്തു അയാളെ മാന്താൻ തുടങ്ങുന്നു. അതു് ഒരു ശ്വാനന്റെ പാർപ്പിടമാണെന്നു് അപ്പോഴാണു ഷാങ്വൽഷാങ് അറിയുക. അയാൾ തിരിച്ചു് ഇഴഞ്ഞു് ഇറങ്ങി. “ഈശ്വരാ ഞാൻ ഒരു പട്ടിപോലുമായി ജനിച്ചില്ലല്ലോ” എന്നു. അയാൾ വേദനയോടെ പറഞ്ഞു. ഈ രംഗംകണ്ടു പൊട്ടിക്കരയുന്നവരുണ്ടു്. പക്ഷേ, ആ വിലാപം കലാസ്വാദനത്തോടു ബന്ധപ്പെട്ടതല്ല. അതിഭാവുകത്വംകൊണ്ടു ദുഷിച്ചുപോകുന്നു ‘ലെ മസറാബിളി’ലെ പല ഭാഗങ്ങളും. ശ്വാനൻ നായകനെ ഉപദ്രവിക്കുന്ന ഈ രംഗവും വിഭിന്നമല്ല. അച്ഛനും അമ്മയും സഹോദരിയും വെറുക്കുന്ന ഒരുവനെ ശ്രീ. ഗൗതമൻ “പ്രഭാതം മുതൽ പ്രദോഷം വരെ” എന്ന കഥയിൽ അവതരിപ്പിക്കുന്നു (‘നദി’-ഏപ്രിൽ). അയാൾ പട്ടിയുടെ ബൽറ്റഴിച്ചു സ്വന്തം കഴുത്തിൽക്കെട്ടി ‘ബൗ ബൗ’ എന്നു നീട്ടിക്കുരയ്ക്കുന്നു. അതിഭാവുകത്വത്തിന്റെ സന്തതിയായ ഈ ചെറുകഥ തികച്ചും അയഥാർത്ഥമാണു്. നാടുവിട്ടുപോയ അച്ഛൻ വളരെക്കാലം കഴിഞ്ഞു തിരിച്ചുവന്നു മകളെക്കാണുന്നതാണു ശ്രീ. വി. സോളമന്റെ “തീരം” എന്ന കഥയിലെ വിഷയം. അവൾ തന്റെ മകളാണെന്നു് അയാൾ അപ്പോഴാണു് അറിയുന്നതു്. കാമുകിക്കു് സന്താനത്തെയും പ്രദാനം ചെയ്തിട്ടു് അയാൾ നൈരാശ്യത്തോടെ നാടുവിട്ടുപോകുന്നു. കുറ്റം പറയാനില്ല ആ സാധുവിനെ. കാമുകിക്കു മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരിക്കുന്നുവെന്നു കേട്ടാൽ കാമുകൻ അങ്ങനെയൊക്കെ പ്രവർത്തിക്കുമല്ലോ. “തീര”മെന്ന ഈ കഥയ്ക്കുള്ള ന്യൂനത വ്യക്തതയില്ലായ്മയാണു്. ആഖ്യാനത്തിനു് സ്പഷ്ടത ഇല്ലെങ്കിൽ കലാത്മകത്വം ചോർന്നുപോകും. കഥാകാരനായ സോളമനു് ചില കഴിവുകളെല്ലാം ഉണ്ടു്. പക്ഷേ, അവ വേണ്ടവിധത്തിൽ പ്രകടമാകുന്നില്ല. ശ്രീ. പെരുമ്പടവം ശ്രീധരന്റെ “ഒഴുക്കിനെതിരേ” എന്ന കഥയിൽ വ്യക്തതയുണ്ടു്. പക്ഷേ, അതു തികച്ചും മനോഹരമാകുന്നില്ല. അച്ഛന്റെ സമ്മതംകൂടാതെ ഇഷ്ടമുള്ള പെണ്ണിനെ കെട്ടിയ ഒരു മകൻ ഒരു പർവ്വതപ്രദേശത്തുചെന്നു് കൃഷിക്കാരനായി ജീവിക്കാൻ തീരുമാനിക്കുന്നു. അയാളുടെ ആഹ്ലാദവും പ്രതികാരബുദ്ധിയും ധൈര്യവുമൊക്കെ ശ്രീധരൻ ആവിഷ്ക്കരിക്കുന്നു. എങ്കിലും “ഇതുപോരല്ലോ” എന്നു പറയാൻ തോന്നിപ്പോകുന്നു.
“അങ്കുശമില്ലാത്ത ചാപല്യമേ മന്നി-
ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ”
ചങ്ങമ്പുഴ യുടെ ഈ ഉപാലംഭത്തിൽ അർത്ഥമില്ല. സ്നേഹിക്കുന്നില്ലെന്നു പറഞ്ഞു് സ്ത്രീയെ കുറ്റപ്പെടുത്തരുതു്. സ്നേഹം ദൈവികമാണു്. സ്ത്രീക്കു് അതു എങ്ങനെ ലഭിക്കും? കലാവാസനയും ദൈവികമാണു്. അതില്ലെന്നുപറഞ്ഞു് നാം സാധാരണക്കാരെ എന്തിനു കുറ്റപ്പെടുത്തുന്നു!

തത്ത്വചിന്തകനായ റസ്സൽ കവിയായിരുന്നുവെന്നു് സ്ഥാപിക്കുന്നു ശ്രീമതി സുഗതകുമാരി (മാതൃഭൂമി ലക്കം 5.) കവിതയെഴുതി എന്ന രീതിയിലല്ല അദ്ദേഹത്തെ കവിയായി സുഗതകുമാരി കാണുന്നതു്. ഏകാന്തതയോടുള്ള താൽപര്യം, സൗന്ദര്യത്തോടുള്ള പ്രേമം, അജ്ഞാതങ്ങളായ വസ്തുതകളെക്കുറിച്ചുള്ള ജിജ്ഞാസ ഇവയൊക്കെ റസ്സലിനുള്ളതുകൊണ്ടു് അദ്ദേഹം കവിയാണെന്നു് സുഗതകുമാരി പറയുന്നു. ശരിയാണു്. എങ്കിലും ഈ ലേഖനം നന്നായില്ല. ആശയങ്ങൾക്കു വൈശദ്യമില്ല; സ്വച്ഛതയില്ല. ആവിഷ്കരണരീതി സങ്കീർണ്ണവുമാണു്. പ്രയോഗവൈകല്യങ്ങൾ ധാരാളം. ‘വേഗത’ തെറ്റു്; ‘വേഗം’ ശരി (പുറം 7 ഖണ്ഡിക 2). sentence എന്ന അർത്ഥത്തിൽ ‘വാചകം’ എന്നെഴുതുന്നതു് തെറ്റു്, ‘വാക്യം’ എന്നുവേണം (പുറം 9 ഖണ്ഡിക 2). “പക്ഷെ” എന്നതു് തെറ്റു്, “പക്ഷേ” എന്നതു് ശരി (പുറം 9 ഖണ്ഡിക 1). ‘മഹത്വം’ തെറ്റു്; ‘മഹത്ത്വം’ ശരി (പുറം 9 ഖണ്ഡിക 2). അധികമാവുക എന്ന അർത്ഥത്തിൽ ‘അധികരിക്കുക’ എന്നെഴുതുന്നതു് തെറ്റു് (പുറം-10 കോളം 2 അവസാനത്തെ വാക്കു്).
തിരുവനന്തപുരത്തു് ‘എക്സിബിഷൻ’ നടക്കുന്ന കാലം. ഞാൻ മെഡിക്കൽ കോളേജ് സ്റ്റാളിലേക്കു കയറി. അവിടെയൊരു അസ്ഥിപഞ്ജരം വച്ചിരിക്കുന്നു. ഉടനെ ഞാൻ ഓർമ്മിച്ചതു് ശ്രീ. വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതയെയാണു്. അസ്ഥിപഞ്ജരത്തിനുള്ള കെട്ടുറപ്പു് ശ്രീധരമേനോന്റെ കവിതയ്ക്കുമുണ്ടു്. പക്ഷേ, അസ്ഥിപഞ്ജരത്തിൽ ചോരയില്ല, നീരില്ല, കൊഴുപ്പില്ല, മാംസമില്ല, ചൈതന്യമില്ല. ശ്രീധരമേനോന്റെ കവിതയും അങ്ങനെതന്നെ. ഇതൊരു അത്യുക്തിയാണെന്നു തോന്നുന്നുണ്ടാവും. ഇല്ല. അത്യുക്തി ഒട്ടുംതന്നെയില്ല. മഹാന്മാരായ കവികളുടെ കാവ്യങ്ങളിലാകെ വിശുദ്ധിയാർജ്ജിച്ച ഒരു വൈഷയികത്വം കാണും. വാക്കുകളെ അവർ കാമിനിമാരെപ്പോലെയെടുത്തു താലോലിക്കുന്നു.
“താമരപ്പൂമാലപ്പോലാം കൈകങ്കണ
സ്തോമം കിലുങ്ങുമാറൊന്നുയർത്തി
തൂവിരൽചെന്തളിർപ്പൊൻമണിമോതിര
ശ്രീ വിരിച്ചീടനപാണിയാലേ”
എന്നു് വള്ളത്തോൾ എഴുതിയിരിക്കുന്നതു് ശ്രദ്ധിച്ചാലും. ഓരോ പദവും വള്ളത്തോളിന്റെ കാമുകിയാണു്.
“ആരുമറിഞ്ഞീടാതെൻ ജീവിതത്തിലേ-
ക്കാരാൽ നടന്നുവരുന്നവളാരു നീ?
എന്നു ചങ്ങമ്പുഴ പാടുന്നതു കേൾക്കുക. പദങ്ങളാകുന്ന കാമുകിമാരെ ആലിംഗനം ചെയ്യുകയാണു് ആ കവി. വൈലോപ്പിള്ളിയുടെ കാവ്യത്തിൽ ഈ വൈഷയികത്വമില്ല. അദ്ദേഹത്തിന്റെ കാവ്യാംഗനയ്ക്കു് അസ്ഥിക്കൂടു മാത്രമേയുള്ളൂ. മാതൃഭൂമി 5-ാം ലക്കത്തിലെ “വിഷുക്കണി” എന്ന കവിത വായിച്ചപ്പോഴും എന്റെ ഈ അഭിപ്രായത്തിനു് സ്ഥിരത ലഭിച്ചതേയുള്ളൂ. ശ്രീ. കിളിമാനൂർ രമാകാന്തന്റെ ‘മണ്ടന്മാർ കവികൾ’ എന്ന കവിത (കുങ്കുമം) ആയാസകമാണു്; അതിനാൽ വിരൂപവും.

പുരുഷന്മാർ ആദർശവാദികളാണു്. അവർ യുജിൻ ഓനീലി ന്റെ റോബർട്ട് എന്ന കഥാപാത്രത്തെപ്പോലെ, ടാഗോറി ന്റെ അമലൻ എന്ന കഥാപാത്രത്തെപ്പോലെ ചക്രവാളത്തിനപ്പുറമുള്ള രഹസ്യങ്ങൾ അന്വേഷിക്കുന്നു; സ്ത്രീകൾ പ്രായോഗികബുദ്ധിയുള്ളവരാണു്. അവർ കഴിഞ്ഞകാലത്തെ സംവീക്ഷണം ചെയ്തു് വർത്തമാനകാലത്തെ രൂപപ്പെടുത്തുന്നു; ഭാവികാലത്തെ രൂപപ്പെടുത്തുന്നു. സ്ത്രീകൾ കാല്പനികത്വത്തിൽ വിശ്വസിക്കുന്നില്ല. പുരുഷന്മാർ തികഞ്ഞ റൊമാന്റിക്കുകളാണു്. അതുകൊണ്ടാണു് വാല്മീകി യും ഷേക്സ്പിയറും കീറ്റ്സും ഷെല്ലി യും അവരുടെ വർഗ്ഗത്തിൽ ഉണ്ടാകുന്നതു്. സ്ത്രീകളുടെ വർഗ്ഗത്തിൽ ഇന്നുവരെ വാല്മീകിയോ ഷേക്സ്പിയറോ ഉണ്ടായിട്ടില്ല: ഇനി ഉണ്ടാകുകയുമില്ല. പുരുഷന്മാരേ, നിങ്ങൾ എന്നും റൊമാന്റിക്കുകളായി ഇരുന്നാലും; ചക്രവാളത്തിനപ്പുറമുള്ള മഹാദ്ഭുതങ്ങൾ അന്വേഷിച്ചാലും. അങ്ങനെ നിങ്ങൾ സത്യാന്വേഷണതല്പരരായി വർത്തിച്ചാലും.