‘ജനയുഗം’ വാരികയുടെ 39-ാം ലക്കം. അതിന്റെ 29-ാം പുറം. ഇടതു വശത്തു് ഒരു ബാലന്റെ ചിത്രം. വലതുഭാഗത്തു മധ്യത്തിലായി “ഓന്തു്” എന്ന ചുവന്ന അക്ഷരങ്ങളിലുള്ള ശീർഷകം. അതിനു മുകളിലും താഴെയുമായി കറുത്ത കൊച്ചുകൊച്ചു് അക്ഷരങ്ങൾ. നിർദ്ദോഷങ്ങളായ അക്ഷരങ്ങളാണെന്നു വിചാരിക്കേണ്ട. അവയിലൂടൊന്നു കണ്ണോടിക്കൂ. ഒരു ക്രൂരനായ ബാലന്റെ രൂപം അവയിൽനിന്നു് ഉയർന്നുവരും. അവൻ തുമ്പികളെ കൊല്ലുന്നതു്, ഓന്തിനെ തല്ലിച്ചതയ്ക്കുന്നതു്, തേരട്ടകളെ മധ്യം വച്ചു മുറിക്കുന്നതു്, ഇവയൊക്കെ വായനക്കാർ കാണും. ആ കാഴ്ചകൾ കണ്ടു് അവൻ അറച്ചിരിക്കുമ്പോൾ ആ ദുഷ്ടനായ ചെറുക്കൻ നാക്കെടുക്കാൻ വയ്യാത്ത കൊച്ചനിയത്തിയെ ശ്വാസം മുട്ടിക്കൂന്നതും അങ്ങനെ അതിന്റെ ചെറിയ കണ്ണുകളും ചെറിയ നാക്കും വെളിയിലേക്കു തള്ളുന്നതും ദർശിക്കും. വി. എസ്സ്. നിർമ്മല എഴുതിയ ഈ ചെറുകഥ വായിച്ചാൽ വായനക്കാർക്കു കോപമോ വെറുപ്പോ അല്ല ഉണ്ടാകുന്നതു്, അറപ്പാണു്. ഇത്ര ജുഗുപ്സാവഹമായ വേറൊരു കഥ അടുത്തകാലത്തെങ്ങും ഞാൻ വായിച്ചിട്ടില്ല. സംസ്കൃത ആലങ്കാരികന്മാർ രണ്ടു തരത്തിലുള്ള വൃത്തികളെക്കുറിച്ചു പറഞ്ഞിട്ടുണ്ടു്; തദ്വൃത്തിയും തൽസമവൃത്തിയും. ഒരു കൊലപാതകം കാണാനിടവന്നാൽ ജനിക്കുന്ന പേടിയും അറപ്പുമാണു കൊലപാതകത്തെ വർണ്ണിക്കുന്ന ഒരു കാവ്യം ജനിപ്പിക്കുന്നതെങ്കിൽ അവിടെ തദ്വൃത്തിയേ നടക്കുന്നുള്ളുവെന്നാണു് അവരുടെ മതം. നേരേമറിച്ചു വധവർണ്ണനം രസാനുഭൂതിയുളവാക്കിയാൽ തൽസമവൃത്തി നടക്കുന്നു. വി. എസ്സ്. നിർമ്മലയുടെ പടം വാരികയിലുണ്ടു്. ഒരു കൊച്ചുകുട്ടി. ആ കുട്ടിക്കുണ്ടോ ഇതു വല്ലതുമറിയാൻ മാർഗ്ഗം? കഥയെഴുതുന്നു, കഥാകാരിയാകാൻ വേണ്ടി. പക്ഷേ, വായനക്കാരായ നമ്മൾ അതു വായിച്ചു കുറച്ചുനേരമെങ്കിലും അറപ്പു് എന്ന വികാരത്തിനു വിധേയരായി അസ്വസ്ഥരാകുന്നു. നമ്മുടെ ഈ ജീവിതം ക്ലേശഭൂയിഷ്ഠമാണു്. അതിനു് ഒട്ടൊക്കെ ആശ്വാസം നല്കുന്നതു സാഹിത്യമെന്ന കിനാവാണു്. ആ മോഹനസ്വപ്നത്തെ പേടിസ്വപ്നമാക്കി മാറ്റുന്ന ഇത്തരം കഥകൾ ആരും എഴുതിക്കൂടാ. കൊച്ചുകുട്ടിയാണെങ്കിൽ പോലും എഴുതിക്കൂടാ. കാട്ടാളനും പരിഷ്കാരമുള്ളവനും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നു കുട്ടികൾക്കും പറയാൻ പാടില്ലല്ലോ. പക്ഷേ, നിർമ്മലയുടെ ഈ അപരാധം അപരാധമേയല്ലെന്ന നിഗമനത്തിൽ നമ്മെക്കൊണ്ടു ചെല്ലുന്ന മറ്റൊരു കുത്സിതമായ കഥയുണ്ടു് ‘ജനയുഗം’ വാരികയിൽ. “അഗ്നി” എന്നാണു് അതിന്റെ പേരു്. എഴുതിയതു് ശ്രീ. വി. എം. കുട്ടി. വേശ്യയ്ക്കു പ്രായം കുടിയതു കൊണ്ടു് ആരെയും ആകർഷിക്കാൻ വയ്യ. എല്ലാ ആളുകളും അവളെ ആട്ടിയോടിക്കുന്നു. വേശ്യയ്ക്കാകട്ടെ വ്യഭിചരിച്ചേ മതിയാകൂ. കാരണം അവൾ വളരെ ദിവസമായി ഒന്നു കഴിച്ചിട്ടില്ല എന്നതുതന്നെ. അപ്പോൾ ചീഞ്ഞൊഴുകിയ വ്രണത്തിന്റെ ഗന്ധം പരത്തിക്കൊണ്ടു് ഒരുവൻ അവളുടെ മുമ്പിൽ വന്നുനില്ക്കുന്നു. അയാളുടെ ശരീരത്തിൽ നിന്നു ചോരയൊലിക്കുന്നു: ചലം ഒലിക്കുന്നു. അസഹനീയമായ നാറ്റം. അവൾ പലപ്പോഴും അയാൾക്കു ഭിക്ഷ കൊടുത്തിട്ടുണ്ടു്; എങ്കിലും “എടാ നായേ, പൈസയെടുക്കു്” എന്നു പറഞ്ഞു. നാണയങ്ങളുടെ ശബ്ദം. അവൾ പണം എണ്ണിവാങ്ങി. പഴുത്തൊലിക്കുന്ന കൈകൾ അവളെ സ്പർശിച്ചു. അവൾ ആ കൈകൾ തട്ടിമാറ്റിയില്ല. സംസ്കൃതപദങ്ങളും മലയാളപദങ്ങളും ആശയാവിഷ്കാരത്തിനു് അപര്യാപ്തമെന്നു തോന്നുമ്പോൾ ഞാൻ ഇംഗ്ലീഷ് പദങ്ങളെ ശരണം പ്രാപിക്കാറുണ്ടു്. വൾഗർ (vulgar) എന്ന ഇംഗ്ലീഷ് പദം കൊണ്ടാണു് ഞാൻ ഈ ചെറുകഥയെ വിശേഷിപ്പിക്കുന്നതു്. ഈ രണ്ടു ചെറുകഥകളും വായിച്ചുണ്ടായ ക്ലേശം തീർക്കുന്നതിനു വേണ്ടി ഞാൻ ശ്രീ. ഖലീൽ ജിബ്രാന്റെ ‘നാഥന്റെ ശബ്ദം’ എന്ന ഗ്രന്ഥം തുറന്നു് ഇങ്ങനെ വായിച്ചു:
രാത്രിയുടെ നിശ്ശബ്ദതയിൽ ജ്ഞാനം എന്റെ കിടക്കയുടെ അടുക്കൽ വന്നു നിന്നു. സ്നേഹമുള്ള അമ്മയെപ്പോലെ അവൾ എന്റെ കണ്ണീരു തുടച്ചുകൊണ്ടു പറഞ്ഞു: “നിന്റെ ആത്മാവിന്റെ വിലാപങ്ങൾ ഞാൻ കേട്ടു. നിന്നെ സമാശ്വസിപ്പിക്കാനാണു് ഞാൻ ഇവിടെ വന്നതു്. നിന്റെ ഹൃദയം അനാവരണം ചെയ്യു. ഞാൻ അതു് പ്രകാശം കൊണ്ടു നിറയ്ക്കാം. ചോദിക്കൂ. സത്യത്തിന്റെ മാർഗ്ഗം ഞാൻ കാണിച്ചു തരാം.”
ലെബ്നാണിലെ മഹാകവേ! ഞങ്ങളുടെ ചെറുകഥകൾ ആത്മാവിന്റെ വിലാപങ്ങൾ ഉയർത്തുകയാണു്. ഞങ്ങളുടെ ഹൃദയത്തെ പ്രകാശംകൊണ്ടു നിറച്ചാലും. സത്യത്തിന്റെ മാർഗ്ഗം കാണിച്ചുതന്നാലും! ഈ പ്രാർത്ഥനയോടെ, കിനാവിന്റെ സൗന്ദര്യമാസ്വദിക്കാമെന്ന അഭിലാഷത്തോടെ, ഞാൻ ‘കുങ്കുമം’ വാരികയെടുക്കുന്നു. ശ്രീ. എം. രാഘവന്റെ “ഭ്രാന്താണു്” ആദ്യത്തെ ചെറുകഥ. ബോംബെയിൽ നിന്നു വരുന്ന സായ്പിനെ മയക്കിയെടുക്കാൻ ഭാര്യയുടെ ആകർഷകത്വത്തെ പ്രയോജനപ്പെടുത്തുന്ന ഒരുവന്റെ കഥയാണിതു്. പ്രതിപാദ്യവിഷയത്തിന്റെ സാധാരണത്വമോ പ്രതിപാദനരീതിയുടെ പുതുമയില്ലായ്മയോ മാത്രമല്ല വായനക്കാരെ പീഡിപ്പിക്കുന്നതു്. ജീവിതത്തെ പ്രകാശിപ്പിക്കുവാൻ കഥാകാരനു് കഴിയുന്നില്ല എന്നതാണു് ഏറ്റവും ദുഃഖജനകം. ശ്രീ. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി യുടെ “പ്രതികാര”മെന്ന കഥയും ഇതിൽനിന്നു തീരെ വിഭിന്നമല്ല. സ്വച്ഛന്ദഗതിയിൽ താല്പര്യമുള്ള ഭാര്യ. അവൾ മദ്യം കുടിക്കും. കൂട്ടുകാരുമായി തോന്നിയ സ്ഥലങ്ങളിലെല്ലാം പോകും. അവളെ ശാസിച്ചു നേരെയാക്കണമെന്നുണ്ടു് ഭർത്താവിനു്. പക്ഷേ, അവളെക്കാണുമ്പോൾ അയാൾ അവളുടെ സൗന്ദര്യത്തിന്റെ മായികശക്തിക്കു് അടിമപ്പെട്ടുപോകും. ഒടുവിൽ അയാളും ആ രീതിയിൽ ക്രമംതെറ്റിയ ജീവിതം ആരംഭിക്കുന്നു. അതുകണ്ടു ഭാര്യ ആഹ്ലാദിക്കുമ്പോൾ കഥയവസാനിക്കുന്നു. ആഹ്ലാദത്തിന്റെ മണ്ഡലങ്ങൾ അന്വേഷിച്ചുപോകുന്ന അനുവാചകനെ തൃപ്തിപ്പെടുത്തുന്നില്ല ഈ ചെറുകഥ. അതിന്റെ യാന്ത്രികസ്വഭാവവും ബോധനഗമ്യതയും[1] അയാൾക്കു വൈരസ്യമുളവാക്കുന്നു.
[1] കഥ ഇന്നരീതിയിൽ അവസാനിക്കുമെന്നു് വായനക്കാരനു് ആദ്യമേ ഉണ്ടാവുന്ന തോന്നൽ.
ശ്രീ. പദ്മനാഭൻ പാറയിൽക്കാവിന്റെ ഏതോ ഒരു കഥ നല്ലതാണെന്നു് മുൻപു് എഴുതിയ ഒരോർമ്മയോടുകൂടിയാണു് ഞാൻ അദ്ദേഹത്തിന്റെ “പരീക്ഷ” എന്ന ചെറുകഥ ‘മലയാളരാജ്യം’ ചിത്രവാരികയിൽ വായിച്ചതു് (ലക്കം 41). എല്ലാ അനുഭവങ്ങളുമുള്ള ഒരു വൃദ്ധൻ. ചെറുപ്പകാലത്തു് അയാൾ പ്രേമിച്ചു; ദുഃഖിച്ചു; നല്ല ഉദ്യോഗം നോക്കി. വയസ്സനായപ്പോൾ ഓർമ്മകൾ മാത്രമേയുള്ളൂ. ഇന്നാരും സ്നേഹിക്കാനില്ല. എന്നുമാത്രമല്ല, എല്ലാവരും അവഗണിക്കുന്നു, പുച്ഛിക്കുന്നു. ആത്മഹത്യയ്ക്കു് അയാൾ ഉറച്ചതാണു്. എങ്കിലും അതു ചെയ്യാതെ ഇറങ്ങിനടക്കുന്നു. വൃദ്ധന്റെ നൈരാശ്യവും, മോഹവും, മോഹഭംഗവും ഹൃദയസ്പർശകമായി ചിത്രീകരിക്കാൻ കഥാകാരനു കഴിഞ്ഞില്ല എന്ന നിലയിൽ ഇതു് ഒരു വമ്പിച്ച പരാജയമത്രേ. വയസ്സനു് ജീവിതമൊരു ഭാരമാണു്. കലാരാഹിത്യത്തിന്റെ ദുസ്സഹമായ ഭാരം അനുവാചകന്റെ കഴുത്തൊടിക്കുകയാണു് ഇവിടെ. കഥയ്ക്കു നൈസർഗ്ഗികത്വമില്ല, അർത്ഥമില്ല, മൂല്യമില്ല.
വർഷങ്ങൾക്കുമുൻപാണു്. ഞാനൊരു “മരണം അന്വേഷിച്ചു്” ഒരു വീട്ടിൽ ചെന്നു. പരമസുന്ദരിയായിരുന്ന ഒരു പെൺകുട്ടി നാക്കിൽ ക്യാൻസർ വന്നു മരിച്ചു. അവളുടെ മൃതദേഹത്തിന്റെ തലയ്ക്കൽ ഒരു നിലവിളക്കു കത്തിച്ചുവച്ചിരുന്നു. അതിൽ എണ്ണ തീർന്നു ദീപം കെടാറാകുമ്പോൾ ഒരു യുവാവു് എണ്ണയൊഴിച്ച തിരി നീട്ടിവയ്ക്കും. ആ കൃത്യമാണു് എനിക്കു് അസഹനീയമായിത്തോന്നിയതു്. ദീപത്തിന്റെ ഔജ്ജ്വല്യത്തിൽ മരണത്തിന്റെ സുവ്യക്തരൂപം അയാൾ തെളിച്ചുകാണിക്കും പോലെ എനിക്കു തോന്നി. അന്ധകാരത്തിൽ അപ്രത്യക്ഷമാകുന്ന മരണത്തെ വെളിച്ചംകൊണ്ടു് അയാൾ എനിക്കു കാണിച്ചുതരുംപോലെ തോന്നി. ശ്രീ. എൻ. ബി. ശശികുമാറിന്റെ “ചങ്ങല” എന്നചെറുകഥ “മലയാളരാജ്യ”ത്തിൽ വായിച്ചപ്പോൾ ആ യുവാവു ദീപം തെളിച്ചതു ഞാൻ ഓർമ്മിച്ചുപോയി. മരിച്ചുകിടക്കുന്ന കലാദേവതയുടെ തലയ്ക്കൽ തിരി നീട്ടുകയാണു ശശികുമാർ. മൃത്യുവിനേക്കാൾ വൈരൂപ്യമാർന്ന കലാശൂന്യതയെ പ്രകാശത്തിൽ നിറുത്തുകയാണു് അദ്ദേഹം. ഒരു സ്ത്രീ കമിതാവിൽ നിന്നു ഗർഭംധരിച്ചു. അയാൾ അവളെ ഉപേക്ഷിച്ചു. പ്രതികാര നിർവഹണത്തിനുവേണ്ടി—പുരുഷലോകത്തെ ഒന്നാകെ വഞ്ചിക്കുന്നതിനുവേണ്ടി—അവൾ മറ്റൊരു പുരുഷനെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. ദീപം തെളിക്കുന്നതു കാണാൻ കൗതുകമുള്ളവർക്കു് ഈ കഥ വായിക്കാം ദുഃഖിക്കാം. ശശികുമാർ മാത്രമല്ല മൃതദേഹത്തിന്റെ തലയ്ക്കൽ തിരിനീട്ടുന്നതു്. “മലയാളനാട്ടി”ലെ പ്രസാദുമുണ്ടു് (49-ാം ലക്കം). അത്യന്താധുനികന്റെ ഏകാന്തതയാണു് അദ്ദേഹത്തിന്റെ വിഷയം. മരണം മാത്രമാണു് അത്യന്താധുനികർക്കു യാഥാർത്ഥ്യമായിട്ടുള്ളതു്. ലൈംഗികവേഴ്ചയും ഒരു യാഥാർത്ഥ്യം തന്നെ അവർക്കു്. അതു ഭാഗികയാഥാർത്ഥ്യമായി അവർ കരുതുന്നുവെന്നു തിരുത്തിപ്പറയാം. ഈ ഭാഗിക സത്യത്തെ കഥാകാരൻ ആലേഖനം ചെയ്യുന്ന രീതി നോക്കുക:
- ജാനുവിനെ ഭോഗിക്കുമ്പോൾ…
- വെയിലെന്ന ശുക്ലം താഴേയ്ക്കൊഴുകി ഭൂമിയുമായി ഇണചേരുന്നു.
- ഭോഗസുഖത്തിന്റെ പാരമ്യതയിൽ ഭൂമി ജ്വലിക്കുന്നു. പുളയുന്നു.
- ആർത്തവരക്തമൊഴുകി ചക്രവാളം ചുവപ്പിച്ചു്…
ഇങ്ങനെ പലതും. ഇതു കലയല്ല; അശ്ലീലരചനയാണു്. പ്രസാദ് പ്രയോഗിക്കുന്ന ഈ വാക്കുകളെല്ലാം ഒ. വി. വിജയനും പ്രയോഗിക്കാറുണ്ടു്. പക്ഷേ, വിജയൻ എഴുതുമ്പോൾ കലയുടെ മാന്ത്രിക പ്രഭാവത്തിനു നാം വിധേയരാകുന്നു. പ്രസാദ് മാലിന്യത്തിലേക്കു നമ്മെ എറിയുന്നു. കലയുടെ രഹസ്യം മനസ്സിലാക്കിയ ശ്രീ. കെ. എൽ. മോഹനവർമ്മ കലാശൂന്യമായ ഒരു കഥയാണു ഈ പ്രാവശ്യം “മലയാളനാട്ടി”ൽ എഴുതിയിരിക്കുന്നതു്. ഒരു ധനികയുടെ സഹൃദയത്വമില്ലായ്മയെ പരിഹസിക്കാനാണു കഥാകാരന്റെ യത്നം. താൻ എഴുതുന്നതിന്റെ മൂല്യമെന്താണു്, അർത്ഥമെന്താണു് എന്നു മോഹനവർമ്മ അല്പം ആലോചിച്ചിരുന്നെങ്കിൽ ഈ കഥ വെളിച്ചം കാണുമായിരുന്നില്ല. “ചെന്നായുടെ നാവു്” എന്ന ചെറുകഥയെഴുതിയ ശ്രീ. പി. ഏ. ദിവാകരനെക്കുറിച്ചും അതുതന്നെ പറയണം. വാക്കുകളുടെ ഘോഷയാത്രയേയുള്ളു അദ്ദേഹത്തിന്റെ കഥയിൽ. മുദ്രാവാക്യങ്ങൾ നമ്മുടെ കാതിൽവന്നു വീഴുന്നു. ശബ്ദം നമ്മെ പ്രകമ്പനം കൊള്ളിക്കുന്നു. ഘോഷയാത്രയുടെ ലക്ഷ്യത്തെക്കുറിച്ചു നമുക്കോ ദിവാകരനോ ഒരു ബോധവുമില്ല.
കലാദേവത സൗന്ദര്യത്തിന്റെ സിംഹാസനത്തിലിരിക്കുന്നതു കണ്ടാൽ പുരുഷൻ ചോദിക്കും, “ഭവതിയുടെ കാർകൂന്തൽ ഞാൻ പട്ടുനാടകൊണ്ടു് ബന്ധിക്കട്ടോ? കിരീടത്തിലെ രത്നങ്ങളെ കൂടുതൽ തേജോമയങ്ങളാക്കട്ടോ? ഭവതിയുടെ പാദങ്ങളിൽ ചെമ്പിഞ്ഞിച്ചാറു ലേപനം ചെയ്യട്ടോ?” സ്ത്രീയാണെങ്കിൽ ഇങ്ങനെയൊരു ചോദ്യവുമില്ല. ഇല്ലെന്നു മാത്രമല്ല. സൗകര്യമുണ്ടെങ്കിൽ കലാദേവതയോടു് ഇങ്ങനെ പറയുകയും ചെയ്യും: “എന്റെ അടുക്കള ഒന്നു് അടിച്ചുവാരിയിട്ടു പോ” പുരുഷൻ റൊമാന്റിക്കാണു്. സ്ത്രീ പ്രായോഗികവസ്തുതകളിൽ താല്പര്യമുള്ളവളും. ഈ പ്രായോഗികതയാണു് സ്ത്രീകളുടെ കലാസൃഷ്ടികൾക്കു സങ്കുചിതത്വം വരുത്തുന്നതു്. ജെയിൽ ആസ്റ്റിനാകട്ടെ, എമിലീബ്രോണ്ടിയാകട്ടെ, കാതറൈൻ മാൻസ് ഫിൽഡാകട്ടെ, ആരായാലും പ്രായോഗികബുദ്ധിയിൽനിന്നു് രക്ഷപ്രാപിക്കുന്നില്ല. ദേശാഭിമാനിയുടെ 38-ാം ലക്കത്തിൽ ശ്രീമതി ഒ. ഭാവന എഴുതിയ ‘പരീക്ഷണം’ എന്ന ചെറുകഥയും ഈ സത്യത്തിനു് നിദർശകമാണു്. കാമുകൻ കാമുകിയെ വിവാഹം ചെയ്തുകൊള്ളാമെന്നു പറഞ്ഞു. അവൾ അക്കാര്യം എഴുതിവാങ്ങിച്ചു് ആഭിഭാഷകനു കൊടുത്തയയ്ക്കാൻ ഭാവിക്കുമ്പോൾ അയാൾ ഇറങ്ങിയോടുന്നു. പ്രായോഗികത്വം ഏറിനില്ക്കുന്ന ഈ കഥയിൽ ഭാവനയില്ല, വികാരമില്ല. ഭാവചാപല്യം മാത്രമേയുള്ളു. സ്ത്രീ എപ്പോഴും സ്ത്രീതന്നെ എന്നതിന്റെ പ്രഖ്യാപനമേയുള്ളു.
വളരെയേറെ ഒച്ചപ്പാടു് ഉണ്ടാക്കിയ ഒരു നോവലാണു് ശ്രീ. ആനന്ദി ന്റെ “ആൾക്കൂട്ടം”. പ്രസിദ്ധീകരിച്ചാൽ നോബൽ സമ്മാനം ലഭിക്കാവുന്ന കൃതി എന്നുവരെ ചിലർ അതിനേക്കുറിച്ചു പറഞ്ഞു. ഈ ആഴ്ചയിൽ ആ ഗ്രന്ഥം പുറത്തിറങ്ങി. 604 പുറങ്ങൾ. മനോഹരമായ അച്ചടി, മനോഹരമായ കവർ, തൂവെള്ളക്കടലാസ്സ്, പന്ത്രണ്ടു രൂപാ വില. സംസ്ക്കാരം വികസിപ്പിക്കാൻ വേണ്ടി ഞാനതു വാങ്ങി. എന്റെ പണത്തിന്റെ ഒരു ഭാഗം നഷ്ടമായിപ്പോയെന്നു് ഞാൻ മനസ്സിലാക്കുകയും ചെയ്തു. തോമസ് മന്നി ന്റെ “മാജിക് മൗണ്ട ”നിലെ നായകൻ ഹൻസ് കസ്റ്റോർപ് തീവണ്ടിയാഫീസിൽ വന്നിറങ്ങുന്നതുപോലെ ജോസഫ് ബോംബെ തീവണ്ടിയാഫീസിൽ വന്നിറങ്ങുന്നു. പിന്നീടു് ഓരോരോ വ്യക്തികൾ നമ്മുടെ മുൻപിൽ വരുന്നു. പ്രേം, രാധ, സുന്ദർ, ലളിത എന്നിങ്ങനെ പലരും. ‘മാജിക് മൗണ്ട’നിലെ പീപ്പർകോറനും ഷോഷയും യോഹാഹിമും ഒക്കെ തത്വചിന്താത്മകമായി സംസാരിക്കുന്നതു പോലെ ആനന്ദിന്റെ കഥാപാത്രങ്ങളും സംസാരിക്കുന്നു. ഒരു വ്യതാസം ‘മാജിക് മൗണ്ട’നിലെ ഓരോ വാക്യവും മൗലികം ‘ആൾക്കൂട്ട’ത്തിലേതു പരകീയവും. ഗ്രന്ഥകാരന്റെ ജീവരക്തത്തിൽ നിന്നു് ഉദിച്ചുയരാത്ത ഈ ചിന്തകൾ സഹൃദയനെ മടുപ്പിക്കുന്നു. ഒരിടത്തും മൗലികത്വമില്ല; ഭാവനയുടെ വിലാസമില്ല. കഥാപാത്രങ്ങൾക്കു ജീവനില്ല. രസശുഷ്ക്കമായ പ്രബന്ധം പോലിരിക്കുന്നു “ആൾക്കൂട്ടം”. ആധുനികമനുഷ്യന്റെ ആത്മാവിലേയ്ക്കു കടന്നുചെല്ലാനാണു് ഗ്രന്ഥകാരന്റെ ശ്രമം. പ്രകൃതിയുടെ അനുഗ്രാഹകശക്തിയെ മറന്നു് യന്ത്രത്തിനു് അടിമപ്പെടുന്ന മനുഷ്യന്റെ പാരതന്ത്ര്യത്തെ വ്യക്തമാക്കാനാണു് അദ്ദേഹത്തിന്റെ യത്നം. മനുഷ്യന്റെ ഏകാന്തതയെ ചിത്രീകരിക്കാനാണു് അദ്ദേഹത്തിന്റെ കൗതുകം. പക്ഷേ, ഭാവനാശക്തിയുടെ കുറവുകൊണ്ടു് അദ്ദേഹം പരാജയപ്പെടുന്നു; ഭീമമായി പരാജയപ്പെടുന്നു. ഒരാളിന്റെ മഹാപ്രയത്നത്തെ ഇങ്ങനെ തള്ളിപ്പറയുന്നതിൽ എനിക്കു വല്ലായ്മയില്ലാതില്ല. എങ്കിലും ഞാൻ എന്റെ “വികാരങ്ങളോടു സത്യസന്ധത പാലിക്കണമല്ലോ.”
“പത്രങ്ങൾ തുടങ്ങിയ ബഹുജനസമ്പർക്കോപാധികൾ വിതരണം ചെയ്യുന്ന വിജ്ഞാനസംസ്ക്കാരങ്ങൾ” പരിമിതങ്ങളാണെന്നു ശ്രീ. സുകുമാർ അഴീക്കോടു പ്രസ്താവിക്കുന്നു (ജനയുഗം-ലക്കം 39). അദ്ദേഹത്തിന്റെ പ്രബന്ധം ചിന്തോദ്ദീപകമാണു്. സാഹിത്യത്തിലെ നൂതനപ്രവണതകളെക്കുറിച്ചു് ശ്രീ. എം. കുഞ്ഞിരാമൻ (അഴീക്കോടു്) ഉപന്യസിക്കുന്നു (ദേശാഭിമാനിവാരിക). ആധുനികം എന്നു കരുതപ്പെടുന്ന ആശയങ്ങളുടെയും മൂല്യങ്ങളുടെയും പ്രതിപാദനത്താൽ സാഹിത്യത്തിനു് എങ്ങനെ നവീനത വന്നുചേർന്നുവെന്നാണു കുഞ്ഞിരാമൻ വ്യക്തമാക്കേണ്ടിയിരുന്നതു്. അതിനുള്ള യത്നം ഇവിടെ ദർശനീയമല്ല. മലയാളസാഹിത്യത്തിലെ ലൈംഗികത്വം നിന്ദ്യമാണെന്ന അർത്ഥത്തിൽ ശ്രീ. ആണ്ടലാട്ടു ശ്രദ്ധേയമായ ഒരു പ്രബന്ധം ‘ദേശാഭിമാനി’ വാരികയിൽ എഴുതിയിട്ടുണ്ടു്. അദ്ദേഹത്തിന്റെ ലേഖനത്തിനു കലാഭംഗികൂറവാണു്. എങ്കിലും അതിലെ അഭിപ്രായങ്ങൾ നമ്മുടെ ചിന്തയ്ക്കു വിഷയീഭവിക്കേണ്ടതാണു്. ലൈംഗികത്വത്തിന്റെ അതിപ്രസരംകൊണ്ടു നമ്മുടെ എല്ലാ സംസ്ക്കാരികമണ്ഡലങ്ങളും ദുഷിച്ചിരിക്കുകയാണല്ലോ.
കവി ഭാഷയുടെ അച്ഛനും അമ്മയുമാണെന്നു ജിബ്രാൻ പറഞ്ഞിട്ടുണ്ടു്. അദ്ദേഹം പോകുന്നിടത്തൊക്കെ ഭാഷയും പോകുന്നു. കവി മരിക്കുമ്പോൾ ഭാഷ അദ്ദേഹത്തിന്റെ ശവകൂടീരത്തിൽ സാഷ്ടാംഗപ്രണാമം ചെയ്തു വിലപിക്കുന്നു, മറ്റൊരു കവി വന്നു് അതിനെ പിടിച്ചുയർത്തുന്നതുവരെ ആ വിലാപം തുടർന്നുകൊണ്ടിരിക്കും. ജിബ്രാന്റെ ഈ പ്രസ്താവം എത്ര സാർത്ഥകം! ചങ്ങമ്പുഴ യുടെ ശവകുടീരത്തിൽക്കിടന്നു വിലപിക്കുന്ന മലയാളഭാഷയെ പിടിച്ചെഴുന്നെല്പിക്കാൻ ഇന്നുവരെ ഒരു കവിയും ഇവിടെ ഉണ്ടായിട്ടില്ല. ശ്രീ. കിളിമാനൂർ രമാകാന്തി ന്റെ “കുങ്കമപ്പൊട്ടു്,” ശ്രീ. തൃക്കൊടിത്താനം ഗോപിനാഥൻ നായരുടെ “പ്രതിജ്ഞ” എന്നീ കവിതകൾ നാം താൽപര്യത്തോടെ വായിക്കും (കുങ്കുമം വാരിക). പക്ഷേ, പ്രണിപതിതയായ ഭാഷയ്ക്കു ഹസ്താവലംബം നല്കുന്ന കവികളാണു് അവരെന്നു് ആരും പറയുകയില്ല. രമാകാന്തന്റെ “മൗനഭംഗി”ക്കുള്ള സൗന്ദര്യം “കുങ്കമപ്പൊട്ടി”നു് ഇല്ലെന്നുംകൂടി പറഞ്ഞുകൊള്ളട്ടെ.
ശ്രീ. പുതുശ്ശേരി രാമചന്ദ്രന്റെ “നഗ്നചിത്ര”ങ്ങൾ (ജനയുഗം) ശ്രീ. പാപ്പനംകോട്ടു പ്രഭാകരന്റെ “പ്രപഞ്ചത്തിൽ” (മലയാളരാജ്യം) ശ്രീ. പി. എൻ. ദാമോദരൻ പിള്ളയുടെ “കണികാണാൻ” (ദേശാഭിമാനി) ശ്രീ. പുലാക്കാട്ടു രവീന്ദ്രന്റെ “ഹനുമാന്റെ ചിരി” (മലയാളനാടു്) എന്നീ കാവ്യങ്ങൾ പ്രജ്ഞയോടു് അടുത്തുനില്ക്കുന്നു. സന്താനങ്ങളെ സ്നേഹിക്കുന്ന അച്ഛൻ, ഭാര്യയെ സ്നേഹിക്കുന്ന കാമുകൻ ഇവരൊക്കെ സ്നേഹത്തിൽ വിലയംകൊണ്ടിരിക്കുമ്പോൾ ഹൃദയത്തിന്റെ ഭാഷയിൽ സംസാരിക്കുന്നു. സ്നേഹത്തിനു ലോപം സംഭവിക്കട്ടെ. സംസാരം പ്രജ്ഞയിൽനിന്നു് ഉളവാകും. ഈ കവികൾക്കു് കവിതയോടുള്ള സ്നേഹം കുറഞ്ഞോ എന്നാണു് എന്റെ സംശയം.
മഹനീയമായ കവിത ആത്മാവിൽ ആഞ്ഞടിക്കുന്ന ഒരു കൊടുങ്കാറ്റാണു്. ആ കൊടുങ്കാറ്റുണ്ടാക്കാൻ ആർക്കു കഴിയും? ടാഗോറി നെപ്പോലെ ഒരു കവി, ജിബ്രാനെപ്പോലെ ഒരു കവി മലയാളത്തിൽ എന്നുണ്ടാകും?