
ഉജ്ജ്വലപ്രതിഭാശാലിയായ ഖലീൽ ജിബ്രാൻ പറയുന്നു: “ഈജിപ്തുകാരുടെ കല ദുർജ്ഞേയതയിലാണു്: ഗ്രീസിലുള്ളവരുടെ കല പ്രതിധ്വനിയിലാണു്; ഹിന്ദുക്കളുടെ കല നന്മയും തിന്മയും തോലനം ചെയ്യുന്നതിലാണു്; ഇറ്റലിയിലുള്ളവരുടെ കല സൗന്ദര്യത്തിലാണു്; റഷ്യാക്കാരുടെ കല വിഷാദത്തിലാണു്.” ഓരോ രാജ്യത്തിന്റെയും കലയെ സൂക്ഷ്മാവേക്ഷണത്തിനു വിധേയമാക്കി അതിന്റെ സവിശേഷതയെ സ്ഫുടീകരിക്കുന്നതിനു് ജിബ്രാനുള്ള വൈദഗ്ദ്ധ്യം ഈ വാക്യങ്ങളിൽ പ്രതിഫലിക്കുന്നു. സൗന്ദര്യാവിഷ്ക്കരണത്തെക്കാൾ നന്മതിന്മകളുടെ ചിത്രീകരണത്തിലാണു് ഭാരതീയർക്കു് ശ്രദ്ധ. കഴിവുള്ള കലാകാരനായ ശ്രീ. കെ. എൽ. മോഹനവർമ്മ “ഇരുട്ടു്, വെളിച്ചം” എന്നൊരു ചെറുകഥയിലൂടെ (മാതൃഭൂമി ആഴ്ചപ്പതിപ്പു്-ലക്കം 9) ഹിതാഹിതങ്ങളെ ആലേഖനം ചെയ്തു താനൊരു ഭാരതീയകലാകാരനാണെന്നു് പ്രഖ്യാപനം ചെയ്യുന്നു. ഇംഗ്ലീഷ് സംസാരിക്കുകയും പാശ്ചാത്യന്റെ വേഷം ധരിക്കുകയും ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കുകയും ചെയ്യുന്നവരെ നാം കണ്ടിരിക്കും. അവരെ അടുത്തു നോക്കൂ ഭാരതീയസംസ്ക്കാരത്തിൽ മുങ്ങിനില്ക്കുന്നവരാണു അവരെന്ന സത്യം മനസ്സിലാക്കാം. മോഹനവർമ്മയുടെ കഥാരചനയിൽ പാശ്ചാത്യകലാസങ്കേതം സ്വാധീനശക്തി ചെലുത്തുന്നുണ്ടു്. പാശ്ചാത്യചിന്തകൾ അദ്ദേഹത്തിന്റെ സാഹിത്യാന്തരീക്ഷത്തിൽ ചിറകുകൾ വിരിച്ചു പറക്കുന്നുണ്ടു്. എങ്കിലും ആ കഥകൾ വൈദേശികസ്വഭാവമുള്ളവയാണെന്നു് പറയാൻ വയ്യ. ‘മാതൃഭൂമിയിലെ കഥയിൽ രജനിയെന്നൊരു യുവതി ആനന്ദ് എന്നൊരു യുവാവിനാൽ ആപന്നസത്ത്വയാകുന്നതു് കഥാകാരൻ വർണ്ണിക്കുന്നു. പക്ഷേ, പരമ്പരാഗതങ്ങളായ സദാചാരതത്ത്വങ്ങൾകൊണ്ടദ്ദേഹം രജനിയേയും ആനന്ദിനേയും താഡിക്കുന്നില്ല. ‘അങ്ങനെയൊക്കെ സംഭവിച്ചു. അതെല്ലാം തിന്മതന്നെ, എങ്കിലും ഞാനെന്തിനു കോപിക്കണം’ എന്ന മട്ടാണു് അദ്ദേഹത്തിനു്, തിന്മയുടെ ഇരുട്ടു മാത്രമല്ല, സ്നേഹമെന്ന നന്മയുടെ വെളിച്ചം കൂടി അദ്ദേഹം ചിത്രീകരിക്കുന്നു. ആ നിസ്സംഗത ഈ ലേഖകനു് ഇഷ്ടമായി. ലളിതമായ പ്രതിപാദനം. അതിലൂടെ നാം ഗഹനതയുള്ള ഒരു ജീവിതസത്യം കണ്ടറിയുന്നു ശ്രീ. കെ. പി. നിർമ്മൽകുമാറി ന്റെ “അപരാഹ്നം” എന്ന കഥയോടും എനിക്കൊരു പ്രീതിതോന്നുന്നു. വിവാഹിതയായ സരിതയ്ക്കു സമർജിത്തിനോടുള്ള ആത്മബന്ധമാണ് ആ കഥയിലെ വിഷയം. ആധ്യാത്മികമായി അവർ രണ്ടുപേരും എത്ര താണിരിക്കുന്നുവെന്നു കലാത്മകതയോടെ അഭിവ്യഞ്ജിപ്പിക്കുന്ന ഈ കഥയിൽ വിശേഷനിർദ്ദേശത്തിലൂടെ സാർവ്വത്രികത്വത്തിലേക്കു പോകാനുള്ള പ്രവണതയാണു് ദൃശ്യമാകുക. ഈ രണ്ടു കഥകളിൽ നിന്നു് നാം ശ്രീ. എം. സുകുമാരന്റെ “നക്ഷത്രരശ്മി” എന്ന ചെറുകഥയിലേക്കാണു് പോകുന്നതു്. (മാതൃഭൂമി ലക്കം 8) കഥ തുടങ്ങുമ്പോൾത്തന്നെ ഏകാന്തതയുടെ ദുഃഖം അനുഭവിക്കുന്ന ഒരു യുവതിയെ നാം കാണുന്നു. എന്തിനാണു് അവൾ ദുഃഖിക്കുന്നതു്? ഇരുപതു വയസ്സായപ്പോൾ അവൾ വിവാഹിതയായി. പക്ഷേ, അവൾക്കു് ആഹ്ലാദനിർഭരമായ ദാമ്പത്യജീവിതം നയിക്കാൻ വയ്യ. ലൈംഗിക ജഡതയുള്ളവളാണു് ആ യുവതി. സാധാരണമായ ലൈംഗികാഭിലാഷം സ്ത്രീക്കു് ഇല്ലാതെയാകുമ്പോഴാണു് അവൾക്കു ജഡത (Frigidity) എന്ന മാനസികച്യുതി ഉണ്ടാകുന്നതെന്നു മനഃശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ഈ കഥയിലെ നായികയാവട്ടെ
ഘടന, പതിവിനായി ചെയ്കിലും
………………
സ്ഫുടമകമലിയാതെ മേവിനാൾ
തടശിലപോലെ തരംഗലീലയിൽ
പുരുഷൻ സ്ത്രീയുടെ ഏതു ന്യൂനതയും സഹിക്കും: ജഡത സഹിക്കുകയില്ല. അവൾ ഭർത്താവിനാൽ നിരാകൃതയായി, വിമൂകയായി, അലസയായി, ഏകാകിനിയായി ഇരിയ്ക്കുന്ന ആ യുവതിയുടെ ചിത്രം സുകുമാരൻ ഭംഗിയായി വരച്ചിട്ടുണ്ടു്. സിദ്ധികളുള്ള കലാകാരനെ സമുദായവും ഗവണ്മെന്റും എങ്ങനെ പീഡിപ്പിക്കുന്നുവെന്നു് വ്യക്തമാക്കുകയാണു് ശ്രീ. കളിയലിൽ രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ “കുഞ്ചൻ നമ്പ്യാർ” എന്ന കഥ നല്ലൊരു സോല്ലുണ്ഠനംതന്നെ (മാതൃഭൂമി-ലക്കം 8).
കുങ്കുമം വാരികയുടെ 35-ാം ലക്കത്തിലുള്ള മൂന്നു ചെറുകഥകളിൽ രണ്ടിനും സാഹിത്യസംസ്ക്കാരത്തോടു ബന്ധമില്ല. ശ്രീ. സോളമൻ ജോസഫ് എഴുതിയ “വേട്ട”യാണു് ആദ്യത്തെ കഥ. അച്ഛനും അമ്മയും നഷ്ടപ്പെട്ടുപോയ ഒരു പെൺകുട്ടി മറ്റൊരു ജീവിതമാർഗ്ഗമില്ലാതെ നേഴ്സാകുന്നു. അവളെ ഭർത്താവുപോലും വഞ്ചിക്കുന്നു. ചിത്തോദ്വേഗജനകമാകാവുന്ന ആ കഥ അവൾതന്നെ പറയുന്ന മട്ടിലാണു് സോളമൻ ജോസഫ് എഴുതിയിരിക്കുന്നതു്. പക്ഷേ, ആഖ്യാനത്തിനു് ചാരുതയില്ല. ശ്രീമതി ലളിതാനായർ എഴുതിയ “പുതിയമുഖം” എന്ന കഥയിൽ “സുന്ദരിയും മദാലസയുമായ ഗ്രാമീണയുവതിയെ” കാണാൻ ഭർത്താവു് വന്നെത്തുന്നതിനെ വർണ്ണിച്ചിരിക്കുന്നു. ആത്മാവിന്റെ നിഗൂഢഭാവങ്ങളെ അനാവരണം ചെയ്യുന്ന കലയെവിടെ? ശ്രീമതി ലളിതാനായരുടെ കഥയെവിടെ? ശ്രീ. വി. ഡി. കൃഷ്ണൻ നമ്പ്യാർ തർജ്ജമചെയ്ത ശിവപ്രസാദ് സിംഗി ന്റെ “മറുകു്” എന്ന കഥയിൽ അദ്ഭുതജനകമായ പര്യവസാനം (surprise end) ഉണ്ടു്. അതുകൊണ്ടു് ഒരു പ്രാവശ്യം അതു വായിക്കാം, അതിൽക്കൂടുതൽ വയ്യ. ‘ആരും ഒരു നദിയിൽത്തന്നെ രണ്ടുപ്രാവശ്യം മുങ്ങാറില്ല’ എന്നൊരു ചൊല്ലുണ്ടല്ലോ. സാഹിത്യസൃഷ്ടി ജീവിതാവിഷ്ക്കരണാത്മകതയാൽ നിത്യനൂതനങ്ങളായ തലങ്ങളെ പ്രദർശിപ്പിക്കണം. അദ്ഭുതജനകമായ പര്യവസാനമുള്ള കഥകൾക്കു് ഈ ഗുണമില്ല. രഹസ്യം കണ്ടുപിടിക്കപ്പെട്ട മാജിക് പോലെ അതു് അനാകർഷകമായി ഭവിക്കുന്നു.
പ്രസിദ്ധരായ കഥാകാരന്മാർ പലപ്പോഴും പരാജയപ്പെടുന്നു. അപ്രസിദ്ധരായ കഥാകാരന്മാർ ചിലപ്പോഴൊക്കെ വിജയം പ്രാപിക്കുന്നു. ശ്രീ. ടി. എം. മാറിക കുങ്കുമം വാരികയുടെ 36-ാം ലക്കത്തിൽ എഴുതിയ “മുത്തശ്ശി” എന്ന കഥ ഒരു വിജയമാണു്—കലാപരമായ വിജയം— വെള്ളപ്പൊക്കത്തിൽപ്പെട്ടു് ഗോപാലനും അയാളുടെ അമ്മയും (അതോ അമ്മായിയോ?) മരിക്കുന്നതാണു് ഇതിലെ പ്രതിപാദ്യം. അതുപോലെയൊരു വെള്ളപ്പൊക്കത്തിൽപ്പെട്ടു് ഗോപാലന്റെ അച്ഛനും മരിച്ചുപോയിട്ടുണ്ടു്. മൃത്യുവിന്റെ കരിനിഴൽ വീശുന്ന ആ രംഗത്തെ കഥാകാരൻ (കഥാകാരിയുമാകാം. പേരുകൊണ്ടു് അതു നിശ്ചയിക്കാൻ വയ്യ) ഹൃദയസ്പർശകമായി ചിത്രീകരിച്ചിരിക്കുന്നു. അതിന്റെ പശ്ചാത്തലത്തിൽ അച്ഛനും അമ്മയുമില്ലാത്ത നിഷ്കളങ്കനായ ഒരു ബാലന്റെ ചിത്രം. ആ ചിത്രം ദുഃഖത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. എന്തൊരു ഭാവസംദൃബ്ധത! എന്തൊരു അനുപാതബോധം! എന്നു് അത്യുക്തിയോടെ പറയാൻ തോന്നിപ്പോകുന്നു.
“ആകാശത്തിലെ ചുവപ്പുരേഖകൾ”—ശ്രീ. പി. ആർ. നാഥൻ കുങ്കുമം വാരികയിൽ എഴുതിയിരിക്കുന്ന ചെറുകഥയുടെ പേരാണതു്. നാഥന്റെ കഥകൾ വായിക്കുമ്പോഴെല്ലാം ഞാൻ ദീനമനസ്ക്കനായി ഭവിക്കാറുണ്ടു്. ഈ കഥയും എനിക്കു് ദൈന്യം ഉളവാക്കുന്നു. കാരണം വ്യക്തമത്രേ, മനസ്സിനെ ഉന്നമിപ്പിക്കുന്ന ഒരു വിഷയവും അദ്ദേഹം കൈകാര്യം ചെയ്യാറില്ല. ഈ ‘ചുവപ്പുരേഖകൾ’ക്കുമുണ്ടു് ആ ന്യൂനത. മനയ്ക്കലെ നമ്പൂതിരി മരിച്ചപ്പോൾ സ്ത്രീ ദുഃഖിച്ചു. അമ്മ എന്തിനു ദുഃഖിക്കുന്നുവെന്നു് മകൾ അന്വേഷിച്ചപ്പോൾ അവർ മകളോടു പരമാർത്ഥം പറഞ്ഞു; നമ്പൂരി അവളുടെ തന്തയാണെന്നു്. അനുവാചകൻ കഥ വായിച്ചാൽ അയാളൊരു അസുലഭവിഹാമമായി അന്തരീക്ഷത്തിലേക്കു് ഉയരണം. കഥാകാരന്മാർ അയാളെ ഒരു മണ്ണെരയാക്കി മാറ്റരുതു്. മണ്ണു തിന്നാനല്ല, മാലിന്യത്തിൽ ഇഴയാനല്ല ഞങ്ങൾക്കു് കൗതുകം. നക്ഷത്രത്തിൽനിന്നു നക്ഷത്രത്തിലേക്കു് കുതിച്ചുചെല്ലാനാണു്, നന്ദന്യോദ്യാനത്തിലെ കുസുമങ്ങളുടെ സൗരഭ്യം ആസ്വദിക്കാനാണു് ഞങ്ങൾക്കു് ആഗ്രഹം. പി. ആർ. നാഥൻ പരിഭവിക്കേണ്ടതില്ല. അദ്ദേഹത്തിനു കൂട്ടുകാർ ഇവിടെയും അമേരിക്കയിലുമുണ്ടു്: ജോണീജോൺ. ജോണീജോണിന്റെ ‘പുത്രി’യെന്ന കഥയിൽ വീട്ടിലെ പരിചാരികയുമായി ബന്ധംപുലർത്തുന്ന ഒരു യജമാനനെ കാണാം. അയാളുടെ ഭാര്യയെ കാണാം. ആ ഭാര്യയ്ക്കു് മറ്റൊരാളിൽ നിന്നു ജനിച്ച പുത്രിയെ കാണാം. ഭർത്താവിന്റെ ക്രൂരതകണ്ടു് അമ്മയും മകളും വീടുവിട്ടുപോകുമ്പോൾ കഥയവസാനിക്കുന്നു. കഥ കേട്ടില്ലേ വായനക്കാർ? അവർക്കെന്തുതോന്നുന്നു? എന്തു തോന്നുന്നുവോ അതുതന്നെയാണു് എനിക്കും തോന്നുന്നതു്.
പാലാ അൽഫോൻസാകോളേജിൽ പ്രീഡിഗ്രി ക്ലാസ്സിൽ പഠിക്കുന്ന മറിയമ്മയുടെ “തീവണ്ടി” എന്ന കൊച്ചുകഥ ജനയുഗം വാരികയുടെ മേയ് 17 ലക്കത്തിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ അത്യന്താധുനികത്വത്തിന്റെ കലാസങ്കേതം വശമാക്കിയിരിക്കുകയാണു് ഈ പെൺകുട്ടി. ഭാര്യയുടെ നേർക്കു് ഭർത്താവിനുണ്ടാകുന്ന ദുശ്ശങ്കയാണു് ഈ കഥയിലെ പ്രതിപാദ്യം. അയാൾ അവളെ ഇടിക്കുന്നു, തൊഴിക്കുന്നു. നൈരാശ്യംകൊണ്ടു് ആത്മഹത്യചെയ്യാൻ തീരുമാനിക്കുന്നു. ഒടുവിൽ ആത്മഹത്യചെയ്യാതെ ഓടിപ്പോകുകയും ചെയ്യുന്നു. അയാൾക്കുണ്ടാകുന്ന ആകുലത്വം മുഴുവൻ വിദഗ്ദ്ധമായി ആവിഷ്ക്കരിച്ചിട്ടുണ്ടു് മറിയമ്മ. കൗമാരം കടന്നിട്ടില്ലാത്ത ആ കുട്ടിയുടെ വൈദഗ്ദ്ധ്യത്തെ ഞാൻ അഭിനന്ദിക്കുന്നു. എങ്കിലും ഇത്തരം കഥകളെ ഞാൻ അംഗീകരിക്കുന്നില്ലെന്നുകൂടി വ്യക്തമാക്കിക്കൊള്ളട്ടെ. കഥയിൽ ഒന്നുകിൽ ആഖ്യാനപാടവം കാണണം. അല്ലെങ്കിൽ സ്വഭാവചിത്രീകരണം വേണം. അന്തരീക്ഷസൃഷ്ടിയോ ജീവിതവീക്ഷണഗതിയോ അതിൽ ദർശനീയമാകണം. ഇതൊന്നും അത്യന്താധുനിക കഥകളിലില്ല. താജ്മഹൽ നിർമ്മിക്കുന്നതിനുമുൻപു് അതിന്റെ നിർമ്മാതാക്കൾ ഒരു ‘പ്ലാൻ’ തയ്യാറാക്കിയിരിക്കും. ആ ‘പ്ലാനി’നു് താജ് മഹലിന്റെ സൗന്ദര്യമില്ലല്ലോ. ഇന്നത്തെ ചെറുകഥകൾ താജ്മഹലുകളല്ല; അവയുടെ പ്ലാനുകൾ മാത്രമാണു്. ഇനി വേറൊരു പെൺകുട്ടിയുടെ കഥ നോക്കുക, കുമാരി ബി. സുനന്ദ എഴുതിയ ‘മാർജ്ജാരൻ’. (ജനയുഗം വാരിക-മേയ് 10) വളരെക്കാലംകൂടി വീട്ടിൽ വന്നെത്തിയ ഒരു ചെറുപ്പക്കാരനോടു് ആ വീട്ടിലെ പരിചാരികയ്ക്കു് അബോധാത്മകമായിത്തോന്നിയ അഭിനിവേശത്തെ സുന്ദരമായി ആലേഖനം ചെയ്യുന്ന കഥയാണു് സുനന്ദ എഴുതിയിട്ടുള്ളതു്. ഇവിടെ അത്യുക്തിയില്ല, സ്ഥൂലീകരണമില്ല, അത്യന്താപേക്ഷിതമല്ലാത്ത ഒരു വാക്കില്ല. ചെറുപ്പക്കാർ ആപ്പിൾ മുറിക്കാനെടുക്കുന്ന പേനാക്കത്തി കണ്ടു് പരിചാരിക പേടിക്കുന്നു. ആ പേടി അവളുടെ അബോധാത്മകമായ കാമത്തോടു ബന്ധപ്പെട്ടിരിക്കുന്നു. രാത്രി പൂച്ചവന്നു് കാലിൽ തൊടുമ്പോൾ യുവാവു് സ്പർശിച്ചുവെന്നു വിചാരിച്ചു് അവൾ നിലവിളിക്കുകയാണു്. അയാളുടെ സ്പർശനത്തിനുവേണ്ടിയുള്ള അഭിലാഷംതന്നെയാണു് ആ ആക്രന്ദനത്തിനുള്ളതു്. ഗഹനമായ ഒരു മനഃശാസ്ത്രതത്ത്വത്തെ അനായാസമായി ആവിഷ്ക്കരിച്ച സുനന്ദയ്ക്കു് ധന്യവാദം.
ശ്രീ. പി. ആർ. നാഥിന്റെ “കാവേരി” മൃത്യുവിന്റെ ഭയാനകതയെ കാണിക്കുന്നു. കടപ്പുറത്തുവച്ചു് കാമുകിയും കാമുകനും എന്നും സല്ലാപങ്ങളിൽ മുഴുകും. അവരുടെ അടുക്കൽ എത്തുന്ന ഒരു വൃദ്ധയെ മരണം ഏതു സമയത്തും ഗ്രസിച്ചേക്കും എന്നാണു് അവളുടെ—കാവേരിയുടെ—പേടി. പക്ഷേ, വൃദ്ധ മരിച്ചില്ല, കാവേരി മരിച്ചു. വേദനാജനകമായ കഥ. വേദനയുടെ വിത്തു കിളിർത്തുവരുമ്പോൾ അതിൽ ആഹ്ലാദത്തിന്റെ പുഷ്പം വിരിയണം. ആ പൂവിനെ ഇവിടെ കാണാനില്ല. എങ്കിലും പി. ആർ. നാഥിന്റെ കഥ എത്ര ഭേദം എന്നു നാം പറഞ്ഞുപോകും, “മലയാളരാജ്യം” ചിത്രവാരികയിലെ (44-ാം ലക്കം) ‘പ്രതീക്ഷിക്കാത്തതെല്ലാം’ എന്ന ചെറുകഥ വായിക്കുമ്പോൾ. ഒരു പ്രൊഫസർ ശിഷ്യയായ രമയെ വിവാഹം കഴിച്ചുകൊള്ളാമെന്നു പറഞ്ഞു് അവളെ പറ്റിച്ചുവത്രേ, എന്നിട്ടു് മറ്റൊരു ശിഷ്യയെ—രാധയെ—വിവാഹം ചെയ്യാൻ തീരുമാനിച്ചു. കല്യാണത്തിനു പോകുമ്പോൾ അയാൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞു. അയാളും കൂട്ടുകാരം മരിച്ചു. ശ്രീ. കാട്ടുമാടം നാരായണൻ എഴുതിയ ഈ കഥ അയഥാർത്ഥമാണു്. വിശപ്പുള്ളപ്പോൾ മനുഷ്യൻ കൈയിൽ കിട്ടുന്നതു് വിഷമാണെന്നു് അറിയാതെ ഭക്ഷിക്കുന്നു. അവൻ മരിക്കുന്നു. പാരായണോൽസുകതയോടെ കൈയിൽ വന്നതേതും വായിക്കുന്ന മനുഷ്യൻ ഈ ചെറുകഥ വായിച്ചു് ജഡതയിലേക്കു വീഴുന്നു.
രോഗിണിയായ വൃദ്ധ, മകൻ അവധിയിൽ വീട്ടിൽ വന്നപ്പോൾ മരുന്നുകൂടെ കൊണ്ടുവന്നിരിക്കുമെന്നു് അവർ വിചാരിച്ചു. പക്ഷേ, അയാൾക്കുണ്ടോ അതെല്ലാം ഓർമ്മിക്കാൻ നേരം. ഭാര്യയുമായി ഗ്രാമഭംഗി ആസ്വദിക്കാൻ അയാൾ നടന്നു. ജലാശയത്തിനു സമീപം അവർ ചെന്നുനിന്നപ്പോൾ വൃദ്ധ ചോദിച്ചു; “മക്കൾ പൊന്മ മീൻ കൊത്തുന്നതു കണ്ടിട്ടില്ലേ?” ഇല്ല എന്നു് മരുമകൾ മറുപടി നല്കി. വൃദ്ധ കുളത്തിലെടുത്തുചാടി. അവർ മത്സ്യമായി. പൊന്മ മീൻ കൊത്തിയെടുത്തു് അന്തരീക്ഷത്തിലേയ്ക്കു് ഉയർന്നു. മകനും മകളും പൊന്മയെ നോക്കിനിന്നു. വൃദ്ധയെ അവർ മറന്നുകളഞ്ഞു. ആശയഗാംഭീര്യമുണ്ടു് ഈ കഥയ്ക്കു്. യുവത്വം വാർദ്ധക്യത്തെ അവഗണിക്കുന്നതു്, ജീവിതം അവിരാമമായി ഒഴുകുന്നതു് ഇവയെല്ലാം ധ്വന്യാത്മമായി കഥാകാരൻ ആവിഷ്ക്കരിക്കുന്നു. എങ്കിലും എന്തോ ഒരു കുറവു്.

തൂലിക പടവാളാണെന്നു് ആരോ പറഞ്ഞിട്ടുണ്ടു്. നമ്മുടെ ഒരു കവിയെ “തൂലിക പടവാളാക്കിയ കവി” എന്നു് ആളുകൾ വിളിക്കാറുമുണ്ടു്. പക്ഷേ, കവിയുടെ തൂലിക പടവാളായിക്കൂടാ എന്ന പക്ഷക്കാരനാണു് ഞാൻ. തൂലിക ചെങ്കോലാണെന്നു് ഒരു മഹാൻ പറഞ്ഞു. അതു ശരിതന്നെ. ചെങ്കോലേന്തിയ ഒരു രാജാവിനെ കാണണമെന്നുണ്ടെങ്കിൽ മലയാളനാട്ടിന്റെ 51-ാം ലക്കം നോക്കുക. അനുഗൃഹീത കഥാകാരനായ വനഫൂലാ ണു് ആ രാജാവു്. അദ്ദേഹത്തിന്റെ “പ്രകാശം” എന്ന ചെറുകഥയെ ശ്രീ. എം. എൻ. സത്യാർത്ഥി തർജ്ജമചെയ്തിരിക്കുന്നു. അതിന്റെ പ്രതിപാദ്യം സംഗ്രഹിച്ചെഴുതുക എന്ന കലാഹിംസയ്ക്കു് ഞാൻ ഒരുമ്പെടുന്നില്ല. കലയുടെ തേജസ്സു് കാണാൻ കൗതുകമുള്ള വായനക്കാരോടു് വനഫൂലിന്റെ കഥ വായിച്ചു നോക്കാൻ മാത്രമേ ഞാൻ അഭ്യർത്ഥിക്കുന്നുള്ളൂ. ശ്രീ. ഏ. ഡി. രാജന്റെ “വീണപൂവു്” (മലയാളനാടു്) മനോഹരമായ ഒരു കാല്പനികകഥയാണു്. ഒരു പെൺകുട്ടിയുടെ പതനത്തെ കാല്പനികതയുടെ ചായം അധികം കലർത്തി രാജൻ ചിത്രീകരിക്കുന്നു.
കിഴവന്മാരുടെ പ്രേമചാപല്യംപോലെ തരുണികൾക്കു ദുസ്സഹമായി വേറൊന്നുമില്ലെന്നു് സോമർസെറ്റ് മോം എവിടെയോ എഴുതിയിട്ടുണ്ടു്. യുവതിയായ പനിനീർപ്പൂവിനു് യുവത്വത്തിന്റെ ഊഷ്മളകിരണങ്ങൾ വേണം, വാർദ്ധക്യത്തിന്റെ ശീതളരശ്മികൾ വേണ്ട എന്നു മാർസൽ പ്രൂസ്ത് “ബൈ വേ ഒഫ് സായിൻത് ബോവേ” എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ടു്. ഒരു കിഴവന്റെ തരുണിയായ ഭാര്യയെ ഒരു യുവാവു് ഞെക്കിക്കൊല്ലുന്ന കഥയാണു് ശ്രീ. സി. കുട്ടിക്കൃഷ്ണൻ ആഹ്വാനം ചെയ്യുന്നതു്, (ജ്വരം എന്ന കഥ-മലയാളനാടു്) ആ യുവാവു് അവളുടെ കാമുകൻ: ആ കിഴവന്റെ മകനും. അതിരുകടന്ന കാല്പനികത അസത്യമാണു്. എങ്കിലും വിദഗ്ദ്ധമായി കഥയെഴുതിയിരിക്കുന്നു കുട്ടിക്കൃഷ്ണൻ.
അനുഗൃഹീത ഗായകനായ ശ്രീ. വൈക്കം വാസുദേവൻനായരെ എനിക്കു നേരിട്ടറിയാം. അദ്ദേഹം ഞാൻ താമസിച്ചിരുന്ന ഒരു വീട്ടിൽ (തിരുവല്ലയിൽ കാവുംഭാഗത്തുള്ള ഒരു വീട്ടിൽ) സഹധർമ്മിണി ശ്രീമതി തങ്കവു മായി വന്നു താമസിക്കാറുണ്ടായിരുന്നു. അന്നു വിശ്രമാവസരങ്ങളിൽ തന്റെ ഗാനമാധുര്യം കൊണ്ടു് അദ്ദേഹം അന്തരീക്ഷത്തിൽ സൗധങ്ങൾ നിർമ്മിക്കുമായിരുന്നു. ആ ഗായകനെക്കുറിച്ചു് കുങ്കുമം വാരികയിൽ ശ്രീ. ജോസഫ് കടുത്തുരുത്തി എഴുതിയ ലേഖനം നന്നായി. റോമൻ കവിയായ ഓവിഡി നെക്കുറിച്ചു് ശ്രീ. റോസ്. സി. ആറും. ഗ്രീക്ക് കവിയായ സാഫോ യെക്കുറിച്ചു് ശ്രീ. കെ. രാജു കായിക്കരയും ഉപന്യസിക്കുന്നു. (കുങ്കുമം) സാഹിത്യകാരന്മാരെക്കുറിച്ചുള്ള ലേഖനങ്ങൾ പരസ്യം ചെയ്യുന്നതിൽ വൈമനസ്യമുണ്ടു് നമ്മുടെ പത്രാധിപന്മാർക്കു്. എന്താണതിനു കാരമെന്നറിഞ്ഞുകൂടാ. എന്തായാലും നമ്മുടെ സാംസ്ക്കാരിവികാസത്തിനു പ്രയോജനപ്പെടുന്ന ഇത്തരം ലേഖനങ്ങൾ പരസ്യം ചെയ്തതു് നന്നായി. ആ രണ്ടു ലേഖകരെയും നമുക്കു് അഭിനന്ദിക്കാം. പഴശ്ശി വിപ്ലവത്തിലെ പങ്കാളിയായ ഉണ്ണിമൂസമൂപ്പനെ ക്കുറിച്ചു് ഡോക്ടർ സി. കെ. കരീം “മലയാളനാട്ടി”ൽ എഴുതിയിരിക്കുന്നു. അതിൽ ലേഖകന്റെ ഗവേഷണചാതുര്യം ദർശനീയമാണു്.
“സ്ത്രീ നിങ്ങളെ നോക്കുമ്പോൾ ശ്രദ്ധിക്കൂ; അവൾ സംസാരിക്കുമ്പോൾ ശ്രദ്ധിക്കരുതു്” എന്നു് ആരോ പ്രഖ്യാപിച്ചിട്ടുണ്ടു്. പെണ്ണുങ്ങൾക്കു് സംഭാഷത്തിൽ ആർജ്ജവം ഇല്ലെന്നായിരിക്കും ഇതു പറഞ്ഞയാൾ ഉദ്ദേശിച്ചതു്. ഇതു ശരിയോ തെറ്റോ? എനിക്കറിഞ്ഞുകൂടാ. പക്ഷേ, സ്ത്രീകൾ കവിതയെഴുതുമ്പോൾ ശ്രദ്ധിക്കുന്നതിൽ തെറ്റില്ലെന്നു് നമ്മെ ഗ്രഹിപ്പിക്കുന്ന ഒരു കവിതയുണ്ടു് ‘മലയാളരാജ്യം’ വാരികയിൽ. ശ്രീമതി നളിനകുമാരി എഴുതിയ ‘മയൂരനൃത്തം’ എന്ന കാവ്യം ഹൃദ്യമായിരിക്കുന്നു. പക്ഷേ, ശ്രീ. ഭരണിക്കാവു് ശിവകുമാറി ന്റെ “സ്മരണകളി”ൽ സ്മരണകളേയുള്ളു, കവിതയില്ല. ഈ പ്രപഞ്ചത്തിൽ കവിത എവിടെയുമുണ്ടു്; അതു നുകരാൻ മനുഷ്യനു കഴിവില്ല എന്നു പറഞ്ഞു് ശ്രീ. തൃക്കോടിത്താനം ഗോപിനാഥൻനായർ ആ മനുഷ്യന്റെ നേർക്കു് ഉപാലാഭം ചൊരിയുന്നു. ഗോപിനാഥൻ നായർക്കു് പദവിന്യാസത്തിൽ വൈദഗ്ദ്ധ്യമുണ്ടെന്നു് ഈ കവിത വ്യക്തമാക്കുന്നുണ്ടു്.

ഗാനരചനയിൽമാത്രം മുഴുകിയിരിക്കുന്ന ശ്രീ. വയലാർ രാമവർമ്മ ഒരു കവിതയെഴുതിയിരിക്കുന്നുവെന്നു കേട്ടാൽ വായനക്കാർ അത്ഭുതപ്പെടാതിരിക്കില്ല. സത്യം തന്നെ. ജനയുഗം വാരികയിൽ അദ്ദേഹം ലെനിനെ ക്കുറിച്ചു് “വെളിച്ചമേ നയിക്കൂ” എന്ന ശീർഷകത്തിൽ ഒരു കവിത എഴുതിയിരിക്കുന്നു. കവിത ലെനിനെക്കുറിച്ചായതുകൊണ്ടു് അതിൽ വന്നിട്ടുള്ള വാഗ്മിത്വം ക്ഷന്തവ്യമാണു്. ആ വാഗ്മിത്വത്തിന്റെ പിന്നിൽ കാവ്യപ്രചോദനമാർന്ന മനസ്സുണ്ടെന്നുള്ളതു് ആദരണീയവും.
വൈലോപ്പിള്ളി ശ്രീധരമേനോന്റെ അർദ്ധകാവ്യരചനാസമ്പ്രദായത്തെ ഈ ലേഖകൻ മുൻപു് നിന്ദിച്ചിട്ടുണ്ടു്. എങ്കിലും മാതൃഭൂമി വാരികയിൽ അദ്ദേഹം എഴുതിയ “റൊമാന്റിക് ഭാവന” എന്ന കവിത ചേതോഹരമായിരിക്കുന്നു. ഞാൻ കൂടുതൽ പറയുമായിരുന്നു ഇതിനെക്കുറിച്ചു്, പക്ഷേ, എനിക്കു വൈലോപ്പിളളിയെ നേരിട്ടറിയാം. അദ്ദേഹം എന്റെ മുഖത്തുനോക്കിപ്പറഞ്ഞുകളയും. “കൃഷ്ണൻ നായർ, നിങ്ങളുടെ സ്തുതിനിർത്തു, എനിക്കിതുകേൾക്കെണ്ടാവശ്യമില്ല.” എന്നാലും നിരൂപകനു സത്യംപറഞ്ഞേ മതിയാകൂ. അതുകൊണ്ടുതന്നെയാണു് ശ്രീ. എൻ. എൻ. കക്കാടി ന്റെ തൂലികാവിലാസത്തെക്കുറിച്ചു്—കാരാഗ്രഹത്തിൽ എന്ന കവിതയെക്കുറിച്ചു്—ആനന്ദപ്രദങ്ങളല്ലാത്ത വാക്കുകൾ എനിക്കു് കടലാസ്സിലേക്കു പകർത്തേണ്ടതായി വരുന്നതു്. ഈശ്വരനെ സാക്ഷിയാക്കിപ്പറയാം. എനിക്കു് ഈ കവിത മനസ്സിലായില്ല. ഇതിൽ സമുദ്രത്തിന്റെ ഗാംഭീര്യവും അന്തരീക്ഷത്തിന്റെ വിശാലതയും സൂര്യന്റെ തേജസ്സും ഒക്കെയുണ്ടെന്നു് അത്യന്താധുനികർ വിളംബരംചെയ്യും. കവിത വായിച്ചു് പുളകപ്രസരമുണ്ടാക്കാൻ ഇരിക്കുന്ന എനിക്കു ശരീരത്തിൽ രോമമുണ്ടെന്നു് രോമമില്ലാത്തവർ പ്രഖ്യാപിക്കുകയും ചെയ്യും. എന്തുചെയ്യാം. ഈശ്വരൻ ഓരോ വിധത്തിലാണു് ഓരോരുത്തനെ സൃഷ്ടിക്കുന്നതു്.
ഖലീൽ ജിബ്രാനെ അനുസ്മരിച്ചുകൊണ്ടാണു് ഞാൻ ആ ലേഖനം ആരംഭിച്ചതു്. അവസാനിപ്പിക്കുമ്പോഴും അങ്ങനെ തന്നെയാകട്ടെ. ഒരിക്കൽ ഒരു ബുദ്ധിശൂന്യൻ ജിബ്രാനോടു പറഞ്ഞു:
“ഞാൻ പൊക്കംകുറഞ്ഞവനാണു്; പക്ഷേ, നെപ്പോളിയനും വിക്തർ യൂഗോ യും പൊക്കം കുറഞ്ഞവരായിരുന്നു. എന്റെ നെറ്റിക്കു് വീതി കുറവാണു്; പക്ഷേ, സോക്രട്ടീസി ന്റെ നെറ്റിക്കും വീതി കുറവായിരുന്നു. ഞാൻ കഷണ്ടിക്കാരനാണു്; പക്ഷേ, ഷേക്സ്പിയറും കഷണ്ടിക്കാരനായിരുന്നു. എന്റെ കൈകൾക്കു് കനംകൂടും—വിരലുകൾക്കു നീളമില്ല; പക്ഷേ, ഇക്കാര്യത്തിൽ ഞാൻ എഡിങ്ടണിനു് സദൃശനാണു്. ഞാൻ ചിന്നയാളുകളോടുകൂടി നടക്കുന്നു; പക്ഷേ, ടോൾസ്റ്റോയി യും അങ്ങനെയായിരുന്നു. ഞാൻ ചിലപ്പോൾ നാലുദിവസത്തേക്കു് മുഖത്തു വെള്ളമൊഴിക്കുകയില്ല: പക്ഷേ, വാൾട്ട് വിറ്റ്മാനും അങ്ങനെയായിരുന്നു. ഈ വിധത്തിൽ എനിക്കു് എല്ലാ മഹാന്മാരുടെയും ഗുണങ്ങളുണ്ടു്.”

നമ്മുടെ അത്യന്താധുനികർ പറയാറുണ്ടു്: “ഞങ്ങൾ ഓഡനെ പ്പോലെയാണു്, മക്ലീഷി നെപ്പോലെയാണു്. കമ്യൂ വിനും സാർത്രി നും യോനസ്കോ യ്ക്കും ഗുന്തർ ഗ്രസ്സി നു് സദൃശമാണു്. ഞങ്ങളെ നിന്ദിക്കുന്നവർക്കു് വിവരമില്ല. അവർ വിഡ്ഢികളാണു്; സാഹിത്യത്തിലെ ഭിക്ഷാംദേഹികളാണു്.” അത്യന്താധുനികരേ! നിങ്ങൾക്കുള്ള മറുപടി എത്രയോ വർഷംമുൻപു് ഖലീൽ ജിബ്രാൻ നൽകിക്കഴിഞ്ഞു.