സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(മലയാളനാടു വാരിക, 1970-06-07-ൽ പ്രസിദ്ധീകരിച്ചതു്)

കന്യകയുടെ മരണം
images/Jnehru.jpg
ജവാഹർലാൽ നെഹ്റു

ജവാഹർലാൽ നെഹ്റു വിന്റെ പ്രഭാഷണം എന്റെ വായനക്കാരിൽ പലരും കേട്ടിരിക്കുമല്ലോ. കേട്ടിട്ടില്ലാത്തവർ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വായിച്ചിരിക്കും. നെഹ്റുവിന്റെ പ്രഭാഷണങ്ങളും ഗ്രന്ഥങ്ങളും നമുക്കു ചിത്തസമുന്നതി ഉളവാക്കുന്നു: നമ്മുടെ ഭാവനാചക്രവാളം വികസിപ്പിക്കുന്നു. നേരേമറിച്ചു മൊറാർജി ദേശായി യുടേയോ സി. രാജഗോപാലാചാരി യുടേയോ പ്രഭാഷണങ്ങൾ കേട്ടാലോ? നമ്മുടെ മനസ്സിനു് സ്വാഭാവികമായുള്ള വികാസംപോലും ഇല്ലാതെയാകുന്നു. ഭാവനയുടെ ചക്രവാളം സങ്കോചം പ്രാപിച്ചുപ്രാപിച്ചു് ഒരു ബിന്ദുവായി രൂപാന്തരപ്പെടുന്നു. എന്തുകൊണ്ടാണു് ഇതു സംഭവിക്കുന്നതു്? രാഷ്ട്രം എന്നതു് ഒരു സങ്കല്പമാണു്. ആ സങ്കല്പത്തെ വികസിപ്പിക്കുന്ന മട്ടിൽ, ഭാരതമെന്ന സങ്കല്പത്തെ ഉദാത്തമായ ഒരു മണ്ഡലത്തിലേക്കു നയിക്കുന്ന മട്ടിൽ നെഹ്റുവിനു് സംസാരിക്കാനറിയാം; എഴുതാനറിയാം. കരുതിക്കൂട്ടി അങ്ങനെ പ്രവർത്തിക്കുകയല്ല അദ്ദേഹം. മഹാനാണു് നെഹ്റു. തന്റെ മഹത്ത്വത്തെ ആവിഷ്ക്കരിക്കുന്ന രീതിയിൽ അദ്ദേഹം വാക്കുകൾ കൈകാര്യം ചെയ്യുമ്പോൾ നമ്മളും ഉന്നതങ്ങളായ മണ്ഡലങ്ങളിലേക്കു ചെല്ലുകയാണു്. മൊറാർജിക്കോ രാജഗോപാലാചാരിക്കോ ഈ വിധത്തിൽ ഒരു മാനസികോന്നമനം നമുക്കു നല്കാൻ കഴിയുകയില്ല കവികളുടെ പ്രവർത്തനവും, വ്യത്യസ്തമല്ല. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത വായിക്കൂ വള്ളത്തോളി ന്റെ ‘മഗ്ദ്ലനമറിയം’ വായിക്കു. കവികൾ പറഞ്ഞതിലുമധികം നാം കേൾക്കുന്നു. അവർ കണ്ടതിലുമധികം നാം കാണുന്നു. നമ്മുടെ ഭാവനാമണ്ഡലം വികസിക്കുന്നു. പ്രകാശപൂർണ്ണമായ ഒരു മാർഗ്ഗത്തിലൂടെ നാം സഞ്ചരിക്കുന്നു. അനുവാചകനു് ഈ അനുഭവങ്ങൾ നല്കാൻ കഴിവില്ലാത്തവർ കവിത എഴുതിയിട്ടു് എന്തുകാര്യം? മാതൃഭൂമി ആഴ്ചപ്പതിപ്പു് 10-ാം ലക്കത്തിൽ 11-ാമത്തെ പേജിൽ അച്ചടിച്ചിരിക്കുന്ന “നരബലി” എന്ന കവിത വായിച്ചുനോക്കുക. കവിത ആരംഭിക്കുകയാണു്:

“ഇനിയെന്തമാന്തം? നിണത്തെച്ചിചൂടിയോ-

രിവനെക്കുരുതി കഴിക്ക നമ്മൾ.

കഴുകിത്തുടച്ചൂ ബലിക്കല്ലു്; തേച്ചതാം

കരവാൾ തിളങ്ങീ കനൽകണക്കേ:”

അങ്ങനെ കുരുതി നടക്കുന്നു. രക്തം നാലുപാടും തെറിക്കുന്നു. എന്നിട്ടും കാളിക്കു തൃപ്തിയായില്ല. ദേവി കണ്ണുരുട്ടി, നടുവിളക്കി കുരുതി നടത്തിയവനെത്തന്നെ വിളിക്കുന്നു. കവിത ഇങ്ങനെയാണു് അവസാനിക്കുന്നതു്.

“പടരുന്നി, താഴുന്നിതെന്റെ മർമ്മങ്ങളിൽ

ഭയമോ, പുലിനഖദംഷ്ട്രതാനേ?”

രാജഗോപാലാചാരിയുടെ പ്രഭാഷണം കേൾക്കുമ്പോൾ എനിക്കുണ്ടാകുന്ന മനഃപീഡയാണു് ഈ കവിതയും ഉളവാക്കുന്നതു്. എന്തായിരിക്കാം ഇതിന്റെ അർത്ഥം? എന്തുവേണമെങ്കിലും പറയാം. കാളി മനുഷ്യനെ ദുഃഖിപ്പിക്കുന്ന പ്രപഞ്ചശക്തിയാകാം. കുരുതി കൊടുക്കപ്പെടുന്നവൻ അവലംബരഹിതനായ മനുഷ്യനാകാം; അല്ലെങ്കിൽ കാളി മുതലാളിത്തവ്യവസ്ഥിതിയാകാം; വധിക്കപ്പെടുന്നവൻ തൊഴിലാളിയാകാം. അതുമല്ലെങ്കിൽ കാളി അമേരിക്കയായിരിക്കാം, ബലിക്കുള്ള ഉരു വിയറ്റ്നാം ആയിരിക്കാം. കവിതയെഴുതിയ ശ്രീ. വിഷ്ണുനാരായണൻ നമ്പൂതിരി എന്റെ ഉത്തമസുഹൃത്താണു്; ഞങ്ങൾ ഒരേസ്ഥലത്തു് താമസക്കാരാണു്; അദ്ദേഹത്തിന്റെ വിശ്വാസങ്ങൾ ഒട്ടൊക്കെ എനിക്കറിയാം. ആ അറിവിന്റെ പേരിൽ ഇത്രയും അർത്ഥപ്രദർശനം ഞാൻ നിർവഹിച്ചു. ഇതു ശരിയാകട്ടെ: അല്ലെങ്കിൽ തെറ്റാകട്ടെ. കവിതയ്ക്കു് ഈ സന്ദിഗ്ദ്ധാർത്ഥസ്വഭാവം വരാമോ? കാവ്യപരമായ അർത്ഥം യുക്തിപരമായ അർത്ഥത്തിൽ നിന്നു് അനായാസമായി, അസന്ദിഗ്ദ്ധമായി ഉദിച്ചു് ഉയരേണ്ടതല്ലേ? എന്നാലല്ലേ ഹൃദയസംവാദമുണ്ടാകൂ? എന്നാലല്ലേ രസാനുഭൂതി ഉളവാകൂ? ഇവയൊക്കെ പഴയ പയ്യന്മാരുടെ പഴയ ചോദ്യങ്ങളാണെന്നു് പുതിയ പയ്യന്മാർ പറയും. സാഹിത്യത്തിൽ പ്രാചീനതയുമില്ല, നവീനതയുമില്ല. സാഹിത്യതത്ത്വങ്ങൾ എന്നും ഒന്നുപോലെയാണു്. വാച്യാർത്ഥം എത്രത്തോളം സ്പഷ്ടമാകുമേ അത്രത്തോളം വ്യംഗ്യാർത്ഥം സ്പഷ്ടമാകുമെന്നു ആചാര്യന്മാർ വിധിക്കുന്നു. “നഹി വ്യംഗ്യ പ്രതീയമാനേ വാച്യബുദ്ധിർ ദൂരീഭവതി” എന്നാണു് ആനന്ദവർദ്ധനന്റെ മതം. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വാച്യാർത്ഥം തന്നെ സ്പഷ്ടമല്ല. അത്യന്താധുനികനെങ്കിലും ചിലപ്പോഴൊക്കെ നല്ല കവിതകൾ എഴുതാറുള്ള എന്റെ കൂട്ടുകാരനെക്കുറിച്ചു ഇത്രയും എഴുതേണ്ടിവന്നതിൽ എനിക്കു വൈഷമ്യമുണ്ടു്. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ “നരബലി”യെ വിട്ടിട്ടു ഞാൻ ശ്രീ. അയ്യപ്പപ്പണിക്കരു ടെ “അമേരിക്ക”യിലേക്കു വരികയാണു്. “മറ്റുള്ളവരുടെ കുറ്റം പറയുന്നതാണു നമ്മുടെ കുറ്റ”മെന്നു് ആരോ പറഞ്ഞിട്ടുണ്ടു്. അതു സത്യമാണെങ്കിൽ ഞാൻ കുറ്റക്കാരൻ തന്നെ. ശ്രീ അയ്യപ്പപ്പണിക്കരുടെ “അമേരിക്ക” കവിതയല്ല; വെറും ഗദ്യമാണു്. വെറും ഗദ്യമല്ല, വിരൂപമായ ഗദ്യം (കേരളകവിത—ജനുവരി–മാർച്ചു ലക്കം)

പതിവുപോലെ വൈകുന്നേരം നടക്കാനിറങ്ങി

കുറെദൂരം ചെല്ലുമ്പോൾ

പെട്ടെന്നു നിന്നെ വഴിയിൽ കണ്ടുമുട്ടിയാലോ

നിന്റെ കാലിൽ തുടങ്ങുന്ന ഭൂമി

എന്റെ കാല്ക്കൽ വന്നവസാനിക്കുന്നതുപോലെ

ഇമ്മട്ടിൽ പോകുന്നു അദ്ദേഹത്തിന്റെ അത്യന്താധുനിക ‘കവിത’. ഇത്രയും എഴുതിക്കഴിഞ്ഞപ്പോൾ എന്റെ ഭവനത്തിനടുത്തുള്ള ഒരു വിദ്യാലയം വിട്ടു കൊച്ചുകുട്ടികൾ കലപില ശബ്ദത്തോടെ പോകുന്നതു ഞാൻ കാണുന്നു. അവരുടെ അർത്ഥരഹിതങ്ങളായ ശബ്ദങ്ങൾ ഞാൻ കേൾക്കുന്നു. അയ്യപ്പപ്പണിക്കരുടെ കവിതയ്ക്കും കുട്ടികളുടെ നിരർത്ഥകശബ്ദത്തിനും തമ്മിൽ ഒരു വ്യത്യാസവുമില്ല.

പണ്ടു് ****** കൊട്ടാരത്തിൽ പരമസുന്ദരിയായ ഒരു തമ്പുരാട്ടി ഉണ്ടായിരുന്നു. അവരെ ഒരു കോയിത്തമ്പുരൻ വിവാഹം കഴിച്ചു. പക്ഷേ, ആ ബന്ധം വളരെക്കാലം നീണ്ടുനിന്നില്ല. സ്വച്ഛന്ദഗാമിനിയായ തമ്പുരാട്ടിയെ തനിക്കു വേണ്ടെന്നു കോയിത്തമ്പുരാൻ പറഞ്ഞു. അങ്ങനെ വിവാഹമോചനവും നടന്നു. കാലം കഴിഞ്ഞപ്പോൾ ഒരു തിരുമുല്പാടു അവരെ വിവാഹം കഴിച്ചു. തിരുമുല്പാടിന്റെ “പ്രഥമരാത്രി.” പാവം തമ്പുരാട്ടിയെ കാത്തിരിക്കുകയാണു്. രാത്രി ഒരുമണികഴിഞ്ഞിട്ടും അവർ വന്നെത്തിയില്ല. മറ്റു പുരുഷന്മാരോടു ചേർന്നു രസിച്ചിരിക്കുകയായിക്കുന്നു തമ്പുരാട്ടി. തിരുമുല്പാടു് ഒരു മണി കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോകുകയും ചെയ്തു. മണി രണ്ടായപ്പോൾ തമ്പുരാട്ടി ശയനാഗാരത്തിൽ എത്തി. ബോധമില്ലാത്തമട്ടിൽ കിടന്നുറങ്ങുന്ന തന്റെ ഭർത്താവിനെ അവർ കണ്ടു. അയാളുടെ രണ്ടു കവിളിലൂടെയും ഉമിനീരു് ഒഴുകുന്നു. അതു കണ്ട മാത്രയിൽ “ഹായ്, എനിക്കിയാളെ വേണ്ട” എന്നു പറഞ്ഞു തമ്പുരാട്ടി മുറിവിട്ടിറങ്ങിപ്പോയി. തിരുമുല്പാടു് പിറ്റേദിവസം സ്വന്തം നാട്ടിലേക്കു കെട്ടുകെട്ടുകയും ചെയ്തു. കവിതയും ഇതുപോലെയാണു്. ഒരു വാക്കു വിലക്ഷണമായി വന്നുവീണാൽ മതി; സഹൃദയനു ഉദ്വേഗമുണ്ടാകും. തിരുമുല്പാടിനെക്കണ്ടു തമ്പുരാട്ടി ‘ഹായ്’ എന്നു നിലവിളിച്ചതുപോലെ സഹൃദയനും നിലവിളിച്ചുപോകും.

ശ്രാവണരജനി നീ കാത്തുനിൽക്കുവതാരെ-

യാവണം വ്യഥാവിലീയോണക്കോടിയും നീട്ടി?

എന്നു സുന്ദരമായ രീതിയിൽ ശ്രീ. പുലാക്കാട്ടു രവീന്ദ്രൻ കവിത ആരംഭിക്കുന്നു (കേരളകവിത). പക്ഷേ അതു്,

“പാതിപ്പപ്പടം പോലെ നാളികേരത്തിന്നൊറ്റ-

പ്പാതിപോൽ…”

എന്ന വരികളിൽ എത്തുമ്പോൾ തിരുമുല്പാടിന്റെ ഉമിനീരു് ഒലിക്കുന്ന കവിൾത്തടങ്ങളെ ഞാൻ ഓർമ്മിച്ചുപോകുന്നു. “ഇനി വേണ്ടാ” എന്നു് ഞാൻ പറഞ്ഞുപോകുന്നു. ഈ വല്ലായ്മ തീരുന്നതു് യഥാർത്ഥകവിയായ ശ്രീ. ചാത്തനാത്തു് അച്യുതനുണ്ണിയുടെ “പ്രളയം” വായിക്കുമ്പോഴാണു്.

അണിമഴവില്ലായിരമായിര-

മയുതോജ്വല വർണ്ണപ്പീലി വിടർത്തി

മൃദുലോല്ക്കട താളലയങ്ങളി-

ലതിസുന്ദര മംഗല നർത്തനമാടി

തരളദ്യുതി ചിതറിയ വെള്ളിൽ-

പ്പറവകളുടെ വെള്ളിച്ചിറകുകളേറി.

സരസ്വതി പരിലസിക്കുന്നതു് രോമാഞ്ചമുളവാക്കുന്നു (എല്ലാവർക്കും രോമാഞ്ചമുണ്ടാകണമെന്നില്ല, കാരണം എല്ലാ ആളുകൾക്കും രോമമില്ലല്ലോ). കാവ്യാനുഭവത്തെ ആവിഷ്ക്കരിക്കാൻ ആവശ്യകമായതിലും അധികം പദങ്ങൾ അച്യുതനുണ്ണി പ്രയോഗിക്കുന്നുണ്ടെങ്കിലും അദ്ദേഹം കവിയാണു്, ജന്മനാ കവിയാണു്.

“അവകാശങ്ങൾ പിടിച്ചുപറ്റും!” അതാ തെരുവിലൂടെ ഒരു ഘോഷയാത്ര. അവിടെനിന്നു് ഉയരുന്ന മുദ്രാവാക്യമാണതു്. തൊഴിലാളികൾ അവകാശങ്ങൾ പിടിച്ചുപറ്റട്ടെ. ഞാൻ അവരോടു യോജിക്കുന്നു. പക്ഷേ, നിശ്ശബ്ദമായ ഒരു മുദ്രാവാക്യം കലാകാരികൾ മുഴക്കാറുള്ളതു് എന്റെ ആന്തരശ്രോത്രം കേൾക്കാറുണ്ടു്. “വികാരങ്ങൾക്കു് അവകാശങ്ങളുണ്ടു്. അവ ഞങ്ങൾ പിടിച്ചുപറ്റും” എന്നാണു് ആ മുദ്രാവാക്യം. “ജനയുഗം” വാരികയുടെ 43-ാം ലക്കം നോക്കുക. കുമാരി വസന്ത എഴുതിയ “നീരാളി” എന്ന ചെറുകഥ കാണാം. ഇഷ്ടപ്പെട്ട പുരുഷനെ വിവാഹംകഴിക്കാൻ അമ്മ സമ്മതിക്കാത്തതുകൊണ്ടു് മകൾ തൂങ്ങിമരിക്കുന്നതാണു് അതിലെ പ്രതിപാദ്യം. സ്നേഹമെന്ന വികാരത്തിന്റെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുകയാണു് വസന്ത. ആശയം കൊള്ളാം. പക്ഷേ, ചെറുകഥയെന്ന നിലയിൽ “നീരാളി” പരാജയപ്പെട്ടിരിക്കുന്നു. ഏതു കലാസൃഷ്ടിയും ഭാവാത്മകമായിരിക്കണം. വസന്തയുടെ കഥയിൽ ഭാവാത്മകത്വമില്ല. ഒരു വികാരത്തിന്റെ സ്ഥൂലീകരണമേയുള്ളു.

ശംഖുംമുഖം കടല്പുറത്തു് കുറെനേരമിരുന്നിട്ടു് ഞാൻ തിരിച്ചുപോരാനായി എഴുന്നേറ്റു. അപ്പോൾ പിറകിലൊരു ശബ്ദം. “സാർ”. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ മകളുടെ പ്രായം വരുന്ന ഒരു പെൺകുട്ടി സന്തോഷംകൊണ്ടു തിളങ്ങുന്ന നയനങ്ങളോടു കൂടിനില്ക്കുന്നു. “എന്തുവേണം? ആരാണു്?” എന്നു ഞാൻ ചോദിച്ചു. ആ പെൺകുട്ടിക്കു് സന്തോഷം കൊണ്ടു സംസാരിക്കാൻ വയ്യെന്നു് എനിക്കു തോന്നി. അവൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു: “സാർ എന്റെ കഥയെക്കുറിച്ചു് നല്ല അഭിപ്രായം എഴുതിയിരുന്നു.” ആഹ്ലാദത്തിന്റെ പാല്ക്കടലിൽ മുങ്ങിനില്ക്കുന്ന ലക്ഷ്മീദേവിയാണു് അവളെന്നു ഞാൻ വിചാരിച്ചു. കലാദേവതയും അതുപോലെ ആഹ്ലാദത്തിന്റെ പാല്ക്കടലിൽ മുങ്ങിനില്ക്കണം. അതില്ലെങ്കിൽ നമുക്കു് ഇഷ്ടം തോന്നുകയില്ല. ശ്രീ. ബാലചന്ദ്രന്റെ “തലചായ്ക്കാനൊരിടം” എന്ന കഥ നോക്കുക (മലയാളരാജ്യം). കാമുകന്റെയും കാമുകിയുടെയും പ്രേമലീലകൾ കണ്ടു് വികാരപരവശയാകുന്ന ഒരു സ്ത്രീയുടെ ചിത്രം വരച്ചിരിക്കുകയാണു് ബാലചന്ദ്രൻ. കഥയുടെ എല്ലാ സവിശേഷതകളുമുണ്ടു് ഇതിനു്. പക്ഷേ, ആഹ്ലാദദായകത്വം എന്ന ധർമ്മംമാത്രം ഇല്ല.

“അഭിലഷിക്കുന്നതു ചെയ്യാൻ കഴിവില്ലാത്തവൻ തനിക്കു ചെയ്യാവുന്നതു് അഭിലഷിച്ചുകൊള്ളട്ടെ.” എന്നു ഡാവിഞ്ചി പറഞ്ഞിട്ടുണ്ടു്. 37-ാം ലക്കം “കുങ്കമം” വരികയിൽ ശ്രീമതി ചെല്ലമ്മ ജോസഫ് എഴുതിയ “പിക്കിനിക്ക്” എന്ന ചെറുകഥ വായിച്ചപ്പോൾ ഞാൻ ഡാവിഞ്ചിയുടെ വാക്യം ഓർമ്മിച്ചുപോയി. ഒരു കുടിയനെ “സൈക്കിയാട്രിസ്റ്റി”ന്റെ അടുക്കൽ കൊണ്ടുപോകുന്നതാണു് ഇതിലെ കഥ. ഇതൊരു കഥയല്ല, ഉപന്യാസമല്ല. ഒന്നുമല്ല. സാഹിത്യത്തിന്റെ പേരും പറഞ്ഞു നടത്തുന്ന ഒരു സമൂഹദ്രോഹമാണിതു്. കഥയെഴുതാൻ അഭിലാഷം: അതു് അനുഷ്ഠിക്കാൻ ശ്രീമതിക്കു കഴിവില്ല. പിന്നെ; കഥയെഴുതണമെന്ന ആഗ്രഹത്തോടെ വർത്തിച്ചുകൊള്ളട്ടെ, ആകർഷകത്വമുള്ള ഒരു പ്രേമകഥയാണു് ശ്രീ. എൻ. എൻ. വാസുദേവശർമ്മയുടെ “വേനലിൽ മഴ”. വായനക്കാരന്റെ ജിജ്ഞാസയെ ഉദ്ദീപിപ്പിക്കുന്ന ആഖ്യാനം: ധ്വന്യാത്മകമായ പ്രതിപാദനം! ഇതിനുമുമ്പു് ഞാൻ ഈ കഥാകാരന്റെ കഥകൾ വായിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ആദ്യത്തെ ശ്രമമാണു് ഇതു് എന്നു തോന്നുന്നു. ഒരു പ്രാഥമിക പരിശ്രമമെന്ന നിലയിൽ ഇതു് അഭിനന്ദനീയമത്രേ. പ്രതികാരവാഞ്ഛയുള്ള ഒരു കാമുകനെ ശ്രീമതിഎസ്. സുമതി “മരണത്തിന്റെ മണം” എന്ന കഥയിൽ അവതരിപ്പിക്കുന്നു. സുമതിക്കു കഥയെഴുതാൻ അറിയാം.

ഒരു പെണ്ണുമായി ലൈംഗികവേഴ്ചയിലേർപ്പെട്ട ഒരുവൻ വളരെക്കാലം കഴിഞ്ഞു അവളുടെ മൂത്ത സഹോദരിയെ കാണാൻ പോകുന്നതാണെന്നു തോന്നുന്നു. ശ്രീ. ദേവൻ ആറ്റിങ്ങൽ എഴുതിയ “പാമ്പു്” എന്ന ചെറുകഥയുടെ വിഷയം. തോന്നുന്നു എന്നുപറായാനേ എനിക്കു ധൈര്യമുള്ളു. കാരണം അത്രകണ്ടു് സങ്കീർണ്ണതയുണ്ടു് ആഖ്യാനത്തിനു്. പറയാനുള്ളതു് മനുഷ്യനു മനസ്സിലാകുന്നവിധത്തിൽ ലളിതമായി, ഋജ്ജുവായി പറഞ്ഞാൽ സാഹിത്യമാവുകയില്ലെന്നുണ്ടോ? “മലയാളനാട്ടി”ന്റെ ഒന്നാംലക്കത്തിലെ ഈ ചെറുകഥയ്ക്കു് ഭംഗി പോര. തെളിഞ്ഞ മണ്ഡലത്തിൽ കഥാകാരന്മാർ കഥകളെ നിവേശിപ്പിക്കണം. ശ്രീ. ചെറമംഗലം രാധാകൃഷ്ണന്റെ “മനുഷ്യൻ കാലഘട്ടത്തിൽ” എന്ന കഥയെക്കുറിച്ചും ഇതുതന്നെയാണു പറയാനുള്ളതു. കൃത്രിമമായ ആഖ്യാനം. ഫലിതോക്തിക്കു കഴിവില്ലാതെ അതു നിർവ്വഹിക്കാനുള്ള ആഗ്രഹം; പ്രശസ്തരായ ചില കഥാകാരന്മാരെ അനുകരിക്കാനുള്ള വ്യർത്ഥയത്നം. ഇവയൊക്കെയാണു് രാധാകൃഷ്ണന്റെ കഥയെ വിരൂപമാക്കുന്നതു്.

images/Prsyamala.jpg
പി. ആർ. ശ്യാമള

രതാർത്ഥിത്വത്തിന്റെ കുത്സിതഫലങ്ങളെപ്പറ്റി പലരും കഥകളെഴുതിയിട്ടുണ്ടു്. ഒരു ഡൊമിനിക് അച്ചൻ ഒരു സാലിക്കൊച്ചമ്മയെ എങ്ങനെ ചതിച്ചുവെന്നു വ്യക്തമാക്കുന്ന ഒരു ചെറുകഥ മേയ് മാസത്തിലെ “വിശാലകേരള”ത്തിലുണ്ടു്. തങ്കച്ചൻ എന്ന ബാലന്റെ നിഷ്ക്കളങ്കങ്ങളായ കണ്ണുകൾ ആ ഗർഹണീയകൃത്യത്തെ എങ്ങനെ കണ്ടുവെന്നു നാം ഈ കഥയിലൂടെ മനസ്സിലാക്കുന്നു. ശ്രീമതി പി. ആർ. ശ്യാമള എഴുതിയ “ചുവന്ന നിഴൽ” എന്ന ഈ ചെറുകഥയ്ക്കു സവിശേഷതയുണ്ടു്. ഒരു പ്രേമഭംഗത്തിന്റെ കഥ മഹാഭാരതത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു് ആവിഷ്ക്കരിക്കുകയാണു ശ്രീമതി ലത (പാഞ്ചാലി-വിശാലകേരളം). കഥയുടെ പ്രതിരൂപാത്മകസ്വഭാവം കൂറെയൊക്കെ പീഡാകരമാണെങ്കിലും അതിൽക്കാണുന്ന മൗലിക പ്രതിഭ ആഹ്ലാദദായകമാണു്. മുൻപൊരിക്കൽ ‘ജനയുഗം’ വാരികയിൽ ശ്രീമതി ലത, മുടപുര. മനോഹരമായ ഒരു കഥയെഴുതിയിരുന്നു. ആ ലതതന്നെയാണോ ‘വിശാലകേരള’ത്തിലെ കഥയുമെഴുതിയതെന്ന വസ്തുത എനിക്കു നിശ്ചയമില്ല. എന്തായാലും ജന്മനാ എഴുത്തുകാരിതന്നെയാണു് ഈ പെൺകുട്ടി.

ഞാനൊരു നല്ല ലേഖനമെഴുതിയാൽ ‘മാതൃഭൂമി’, ‘ജനയുഗം’, ‘മലയാളനാടു്’ എന്നിങ്ങനെയുള്ള ഉത്കൃഷ്ടവാരികകളിൽ ഏതെങ്കിലുമൊന്നിനു് അതു് അയയ്ക്കുവാനായിരിക്കും എന്റെ കൗതുകം. ലേഖനത്തിനു കിട്ടുന്ന പ്രതിഫലമല്ല വാരികയുടെ പ്രചാരമായിരിക്കും ആ താല്പര്യത്തിനു ഹേതുവായിരിക്കുന്നതു്. “ഏതായാലും എഴുതി, നാലുപേർ കാണട്ടെ” എന്നായിരിക്കും എന്റെ വിചാരം. അതിനാൽ മാതൃഭൂമിയിലും മറ്റും നല്ല കഥകളെഴുതുന്ന കഥാകാരന്മാർ കലാശൂന്യങ്ങളായ കഥകൾ പ്രചാരം കുറഞ്ഞ വാരികകളിലെഴുതിയാൽ അവരെ കുറ്റം പറയാനുള്ള അർഹത എനിക്കില്ല. എന്നാലും “കഴിയുന്നതും നന്നായിട്ടെ ഞാൻ എഴുതൂ” എന്നൊരു ദൃഢവ്രതം കഥാകാരന്മാർക്കു് ഉണ്ടായിരിക്കുന്നതു നന്നു്. മാതൃഭൂമിയിൽ നല്ല കഥകളെഴുതുന്ന ശ്രീ. വൈശാഖൻ തികച്ചും വിരൂപമായ ഒരു കഥ ‘നദി’യുടെ മേയ് ലക്കത്തിൽ എഴുതിയിരിക്കുന്നു. സ്ത്രൈണമായ അസൂയയും ദുശ്ശങ്കയുമാണു് അതിലെ പ്രതിപാദ്യം. പക്ഷേ, ആ വികാരങ്ങൾക്കു് കലാത്മകമായ ആവിഷ്ക്കാരം ലഭിച്ചിട്ടില്ല. ധ്വജഭംഗമാണു് (Impotence) ശ്രീ. യൂ. കെ. കൂമാരൻ “നിഴലിന്റെ ശവ”ത്തിൽ പ്രതിപാദിക്കുന്നതു്. ഭാര്യയുടെ വക്ഷോരുഹപതനത്തിൽ ഭർത്താവിനുള്ള ആശങ്ക ശ്രീ. കെ. ജയചന്ദ്രന്റെ “മുലപ്പാൽ” എന്ന കഥയിലെ വിഷയമാണു്. രണ്ടു കഥകളും അവാസ്തവികങ്ങളാണു്. കലയുടെ യാഥാർത്ഥ്യം അവയ്ക്കില്ലെന്നു് വ്യക്തമാക്കിപ്പറയാം അവിദഗ്ദ്ധനായ ഒരധ്യാപകന്റെ ചിത്രം വരയ്ക്കാൻ ശ്രീ. നരേന്ദ്രപ്രസാദും യുവതിയാകാൻ കൊതിയുള്ള ഒരു ബാലികയേ അവതരിപ്പിക്കാൻ ശ്രീ. പി. എ. ദിവാകരനും യത്നിക്കുന്നു. ഇവ രണ്ടും കലാകുസുമങ്ങളല്ല. കരിഞ്ഞുപോയ മൊട്ടുകളാണു്. ഉദാസീനമായ മട്ടിൽ, നിസ്സംഗമായ രീതിയിൽ കഥാകാരന്മാർ കഥപറയണം. അവ വായിക്കുമ്പോൾ അനുവാചകൻ പ്രകമ്പനം കൊള്ളണം. ‘നദി’യിലെ കഥാകാരന്മാർ പ്രകമ്പനം കൊണ്ടു കഥപറയുന്നു. അനുവാചകൻ ഒരു ചലനവും കൂടാതെ ഉദാസീനമായമട്ടിൽ അവ വായിക്കുന്നു.

images/KahlilGibran1.jpg
ഖലീൽജിബ്രാൻ

ഖലീൽജിബ്രാന്റെ ഒരു കഥയുണ്ടു്. ഒരു സൈന്യവിഭാഗം പിന്മാറുകയായിരുന്നു. മണൽക്കാട്ടിലൂടെയാണു് അവരുടെ യാത്ര. ക്ഷീണവും വിശപ്പും ദാഹവും സഹിച്ചു് അവർ സഞ്ചരിക്കുകയാണു്. അങ്ങനെ പോകുമ്പോൾ അവർ ഒരു കന്യാസ്ത്രീമഠം കണ്ടു. കന്യാസ്ത്രീകൾ ഭടന്മാരെ ഉദ്യാനത്തിലേക്കു ക്ഷണിച്ചു് ആഹാരം കൊടുത്തു. അന്നു രാത്രി അവർ അവിടെ വിശ്രമിച്ചു. അർദ്ധരാത്രി സേനാനായകനു ഉറക്കം വരുന്നില്ല. കാമദുഃഖപരിഹാരത്തിനു അയാൾക്കു ഒരു സ്ത്രീയെ കൂടിയേ തീരൂ. അയാൾ ഏണിചാരി രണ്ടാമത്തെ നിലയിലുള്ള ഒരു മുറിയിൽ കയറിച്ചെന്നു, അവിടെ ഒരു കന്യാസ്ത്രീയുണ്ടു്. നിരന്തരമായ പ്രാർത്ഥനയും വ്രതാനുഷ്ഠാനവും അവളുടെ സൗന്ദര്യത്തിനു് ഒരു കുറവും വരുത്തിയില്ല. സേനാനായകനെ കണ്ടപ്പോൾ അവൾ ഒന്നു പുഞ്ചരിപൊഴിക്കുകയേ ചെയ്തുള്ളു. ഇരവീണുകഴിഞ്ഞു എന്നു സങ്കല്പിച്ചു് അയാൾ അവളുടെ കട്ടിലിൽ ഇരുന്നു. അവർ യുദ്ധത്തെക്കുറിച്ചു് സംഭാഷണം ആരംഭിച്ചു. സംഭാഷണത്തിനിടയിൽ അവൾ പറഞ്ഞു: “മുറിവേല്ക്കാതിരിക്കാൻ പറ്റിയ ഒരു ദ്രാവകമിവിടെയുണ്ടു്. അതു പുരട്ടിക്കൊണ്ടു യുദ്ധം ചെയ്താൽ മുറിവേല്ക്കുകയേയില്ല.” അവൾ ലേപനൗഷധം നിറച്ച ഭരണിയെടുത്തു് മുൻപിൽ വച്ചു. “വേണമെങ്കിൽ പരിശോധിക്കൂ.” എന്നു് പറഞ്ഞു് അവൾ ദ്രാവകം തന്റെ കഴുത്തിൽ പുരട്ടി. അന്ധവിശ്വാസിയായിരുന്നു സേനാനായകൻ. അവൾ ഉറപ്പോടെ ആ നിർദ്ദേശം ആവർത്തിച്ചപ്പോൾ അയാൾ വാളെടുത്തു് അവളുടെ കഴുത്തിൽ ആഞ്ഞൊരു വെട്ടു വെട്ടി. കന്യാസ്ത്രീയുടെ തല ഉരുണ്ടുതെറിച്ചു. രക്തപ്രവാഹം. അങ്ങനെ അവൾ തന്റെ വിശുദ്ധി സംരക്ഷിച്ചു. തലവേർപെട്ട ശരീരത്തെയും തന്നെ നോക്കി പരിഹസിക്കുന്ന ആ തലയേയും നോക്കികൊണ്ടു അയാൾ നിലവിളിച്ചു: “ഞാനവളെ കൊന്നു; ഞാനവളെ കൊന്നു.” ഈ സേനാനായകന്റെ പശ്ചാത്താപം പോലും നമ്മുടെ കഥാകാരന്മാർക്കോ കവികൾക്കോ ഇല്ല. അവർ കലാദേവതയുടെ കഴുത്തു വെട്ടിയിട്ടു് ആഹ്ലാദിച്ചു നടക്കുന്നു. അവരുടെ കൃത്യം ഗർഹണീയമാണെന്നു് പറയുന്നവരെ നിന്ദിക്കുന്നു. ചിലരുടെ തെറ്റായ പ്രയോഗം കടമെടുത്തു പറഞ്ഞാൽ, “എന്തൊരു വിരോധാഭാസം!” അതുതന്നെ തെറ്റുതിരുത്തിപ്പറഞ്ഞാൽ “എന്തൊരു വൈരുദ്ധ്യം!”

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-06-07.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 27, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.