സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(മലയാളനാടു വാരിക, 1970-06-14-ൽ പ്രസിദ്ധീകരിച്ചതു്)

ഗ്രാമർ ഞങ്ങൾക്കു ഗ്രാസ്സാണു്

(രംഗം: സമുദ്രതീരം. അന്തരീക്ഷത്തിലെ ചുവപ്പുനിറം മാഞ്ഞുകഴിഞ്ഞു. അവ്യക്തമായ നീലനിറം കലർന്ന ആകാശം. അവിടെ അങ്ങിങ്ങായി നക്ഷത്രങ്ങൾ. സമയം കഴിയുന്തോറും അവ കൂടിക്കൂടി വരും, കലാസൃഷ്ടികൾ അനുനിമിഷം വർദ്ധിച്ചുവരുംപോലെ. യഥാതഥവാദി, രാഷ്ട്രീയപ്രവർത്തകൻ, കാല്പനികവാദി, അത്യന്താധുനികൻ, നിരൂപകൻ എന്നിവർ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു.)

കാല്പനികവാദി:
എത്ര മനോഹരമായ രാത്രി! അതാ, ആ നക്ഷത്രത്തെ നോക്കി പ്രേമഭംഗം എന്ന കാമുകിയുടെ ബാഷ്പബിന്ദുപോലെ അതു തിളങ്ങുന്നു.
യഥാതഥവാദി:
അബദ്ധം! എന്റെ കൈയിൽ സിഗററ്റുണ്ടു്. അതു കത്തിക്കാൻ തീപ്പെട്ടിയില്ല. ആ നക്ഷത്രം ഒരഗ്നിസ്ഫുലിംഗമാണു്. അതിങ്ങുവീണെങ്കിൽ ഞാൻ സിഗററ്റു കത്തിച്ചേനെ.
രാഷ്ട്രീയപ്രവർത്തകൻ:
ആ നക്ഷത്രം കണ്ണുനീർതുള്ളിയുമല്ല, അഗ്നിസ്ഫുലിംഗവുമല്ല. ഉന്നതസൗധത്തിലിരിക്കുന്ന ഒരു മുതലാളിയാണു് അവൻ. നമ്മെ നോക്കി പരിഹസിക്കുകയാണു് ആ ദുഷ്ടൻ.
അത്യന്താധുനികൻ:
യോനസ്കോ യുടെ നൈലിസത്തിനും[1] കമ്യു വിന്റെ അബ്സേഡിനും[2] കാഫ്ക യുടെ ഡൈലമയ്ക്കും[3] സാർത്രി ന്റെ ഏത്തിസ്റ്റിക് എക്സിസ്റ്റെൻഷ്യലിസ[4] ത്തിനും അതു റെപ്രസന്റേഷൻ നല്കുകയാണു്. റോബർട്ടു ഗ്രിലേ യുടെയും ഗുന്തർഗ്രസ്സി ന്റെയും ആന്റിനോവൽ സ്ക്കൂളിനെയാണു[5] അതിന്റെ റേസ്[6] ഡെപിക്റ്റ്[7] ചെയ്യുന്നതു്.
നിരൂപകൻ:
വരട്ടെ, വരട്ടെ, എന്തു ഭാഷയിലാണു് നിങ്ങൾ സംസാരിക്കുന്നതു്? മലയാളമോ, ഇംഗ്ലീഷോ?
അത്യന്താ:
മലയാള കോളേജ് പ്രൊഫസേഴ്സ്പോലും ഇങ്ങനെയാണു് ടാക് ചെയ്യുന്നതു്. ഇതാണു് അത്യന്താധുനികമലയാളം.
കാല്പ:
ശരിയാണു് അത്യന്താധുനികൻ പറയുന്നതു്. 11-ാം ലക്കം ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പു് നോക്കു ശ്രീമതി എം. ലീലാവതി എഴുതിയ “സുഗതകുമാരി—ആധുനികകവികൾ—” എന്ന ലേഖനം വായിക്കൂ. ചില വാക്യങ്ങൾ ഞാൻ വായിച്ചു കേൾപ്പിക്കാം. “ഈ മെറ്റമോർഫോസിസ് കാളിയന്നു് കൈവരുത്താൻ കവിക്കു ക്ലേശമുണ്ടായിട്ടില്ലെന്നതു്…” “…സമൂഹത്തിന്റെ രുഗ്ണതയിലേക്കു് അബോധപൂർവ്വമായി പ്രൊജക്ട് ചെയ്യുന്നുമുണ്ടാവാം…” “ഈ കൃതിയിലെ നോസ്റ്റൾജിയ ഭൗതികമാണു്. ‘ഒരു നിമിഷം’ ‘കണ്ണനെത്തേടി’ എന്നിവയിലെപ്പോലെ മെറ്റഫിസിക്കലല്ല എന്നേയുള്ളൂ. കാതലായ അംശങ്ങളിൽ രണ്ടും റൊമാന്റിസിസ്റ്റിന്റെ ധർമ്മംതന്നെ”
രാഷ്ട്രീ:
എങ്ങനെയിരിക്കുന്നു ഭാഷ?
നിരൂ:
ബഹുകേമം! ശ്രീമതി, മലയാളം വാക്യങ്ങളിൽ ഇംഗ്ലീഷ് പദങ്ങൾ തിരുകുന്നുവോ അതോ ഇംഗ്ലീഷ് വാക്യങ്ങളിൽ മലയാളം വാക്കുകൾ ചേർത്തുവയ്ക്കുന്നുവോ? ഏതാണു്?
യഥാ:
ഇംഗ്ലീഷ് വാക്യങ്ങളിൽ മലയാളം വാക്കുകൾ തിരുകുകയാണു്. “ദിസ് വർക്കിലെ നോസ്റ്റൾജിയ മെറ്റീരിയലാണു്. ഒൺ മോമന്റ്, ഇൻസെർച്ച് ഒഫ് കണ്ണൻ എറ്റ്സെറ്റ്റയിലെപ്പോലെ മെറ്റഫിസിക്കലല്ല എന്നേ ഐ സേ ചെയ്യുന്നുള്ളൂ. എസ്സൻഷ്യലായ അംശങ്ങളിൽ ബോത്തും റോമാന്റിസിസ്റ്റിന്റെ ഫാക്ടേഴ്സ് തന്നെ” എന്നു് ശ്രീമതി എഴുതിയിരുന്നെങ്കിൽ കുറേക്കൂടി മനോഹരമായേനെ. അതിരിക്കട്ടെ. അവർ എന്താണു് ആ ലേഖനത്തിൽ പറയുന്നതു്?
നിരൂ:
എനിക്കു മനസ്സിലായില്ല വ്യക്തങ്ങളായ ആശയങ്ങൾ ഉള്ള എഴുത്തുകാർ വ്യക്തമായി എഴുതും. കുട്ടിക്കൃഷ്ണമാരാർ, സഞ്ജയൻ, ഈ. വി. കൃഷ്ണപിള്ള, സി. വി. കുഞ്ഞുരാമൻ എന്നിവരുടെ ഗ്രന്ഥങ്ങൾ വായിക്ക. നിങ്ങൾ അവരോടു യോജിച്ചാലും ശരി ഇല്ലെങ്കിലും ശരി. നിങ്ങൾ അവരെ ബഹുമാനിക്കും. രചനയുടെ സ്പഷ്ടതകൊണ്ടു് അവർ നിങ്ങളുടെ വിശ്വാസം നേടും. കുഴങ്ങിമറിഞ്ഞ ആശയങ്ങൾ ഉള്ളവരാണു അവ്യക്തമായി എഴുതുക. ഇതാ കേൾക്കു (മാതൃഭൂമിയെടുത്തു വായിക്കുന്നു) “ഹിന്ദുമതത്തിൽ പ്രത്യേകിച്ചൊരു പ്രവാചകനോ പരിമിതസംഖ്യമായ ചര്യകളോ ഒന്നുമില്ലെങ്കിലും അന്തർവൃത്തികളുടെ ഭാവനയെ സ്പർശമാത്രയിൽ ജ്വലിപ്പിക്കുന്ന വിശസനതത്ത്വം ഹിന്ദുമതചിന്തകളിലും ആർഷദർശനങ്ങളിലും ബുദ്ധമതചിന്തകളിലെന്നപോലെ ലീനമായിട്ടുണ്ടു്.” ഒരുവാക്യം കൂടെ കേൾക്കൂ.
രാഷ്ട്രീ:
മതി, മതി, തലവേദനയെടുക്കുന്നു. ഇങ്ങനെയാണോ നിങ്ങളൊക്കെ മലയാളമെഴുതുന്നതു്? എന്താണിതിനു് പരിഹാരം?
നിരൂ:
എല്ലാ കോളേജ് അധ്യാപകരും ഏ. ആർ. രാജരാജവർമ്മ യുടെ ‘സാഹിത്യസാഹ്യ’വും കുട്ടിക്കൃഷ്ണമാരാരുടെ മലയാളശൈലിയും വായിച്ചു പഠിക്കണം. ആ ഗ്രന്ഥങ്ങളെ ആസ്പദമാക്കി ഒരു പരീക്ഷയും നടത്തണം. ആ പരീക്ഷയിൽ ജയിക്കുന്നവർക്കേ കോളേജിൽ ഉദ്യോഗം കൊടുക്കാവൂ.
കാല്പനി:
നിങ്ങൾ വൈയാകരണന്റെ മട്ടു കാണിക്കാറുണ്ടല്ലോ? ശ്രീമതിയുടെ ലേഖനത്തിൽ തെറ്റുകളുണ്ടോ?
നിരൂ:
അവ്യക്തതയെക്കാൾ വലിയ തെറ്റു് എന്താണു്? എങ്കിലും ചോദിച്ച സ്ഥിതിക്കു പറയാം. “…തന്റെ അന്തർഭാവതീവ്രതയേയും അതിനു് അനുയോജ്യമായ ആവിഷ്ക്കാരപാടവത്തേയും ധ്വനിപ്പിക്കുന്നു” എന്നു ശ്രീമതി എഴുതുന്നു. യോജിച്ചതു് എന്ന അർത്ഥത്തിൽ “അനുയോജ്യം” എന്നെഴുതുന്നതു തെറ്റാണു്. അനുയോജ്യം എന്നാൽ ചോദ്യമെന്നു് അർത്ഥം. “അനുയോജ്യ”ത്തിനു ചോദ്യംചെയ്യപ്പെടേണ്ടതു് എന്നാണു് അർത്ഥം. ‘അനുരൂപം’ എന്നു പ്രയോഗിക്കുന്നതാണു ശരി. പിന്നെ, ശ്രീമതി ‘സ്ഥായീഭാവം’ എന്നെഴുതിയിരിക്കുന്നു. ‘സ്ഥായിന്’ എന്നാണു ശബ്ദം. അതിന്റെകൂടെ ഭാവശബ്ദംചേരുമ്പോൾ നകാരത്തിനു ലോപം വന്നു് ‘സ്ഥായിഭാവം’ എന്നാകുന്നു. സ്ഥായീഭാവം തെറ്റു്; സ്ഥായിഭാവം ശരി.
കാല്പ:
കുമാരനാശാൻ ‘സ്ഥായീഭാവമിയന്നു്” എന്നു് പ്രരോദന ത്തിൽ പ്രയോഗിച്ചിട്ടുണ്ടല്ലോ?
നിരൂ:
അതു തെറ്റു്. കുമാരനാശാനു് തെറ്റുവരാൻ പാടില്ലെന്നു വല്ല നിയമവുമുണ്ടോ?
അത്യന്ത:
നോൺസെൻസ്. വെറുതെയല്ല നിങ്ങളെ എന്റെ ഒരു കൂട്ടുകാരൻ ‘സാഹിത്യഭിക്ഷാംദേഹി’ എന്നു വിളിച്ചതു്. പഴഞ്ചൻ! വ്യാകരണവുംകൊണ്ടു നടക്കുന്നു. ഞങ്ങൾക്കു തോന്നിയപോലെ റൈറ്റ് ചെയ്യും. ഗ്രാമർ ഞങ്ങൾക്കു ഗ്രാസ്സാണു്.
രാഷ്ട്രീയ:
നമുക്കു ചെറുകഥകളെക്കുറിച്ചു സംസാരിക്കാം. ‘ജനയുഗം’ വാരികയുടെ മേയ് 31 ലക്കം “ചെറുകഥപ്പതിപ്പാ”ണല്ലോ. ശ്രീ. വി. അച്യുതന്റെ ‘യന്ത്രം’ എന്ന കഥയെക്കുറിച്ചു് എന്തുപറയുന്നു?
യഥാതഥ:
തികച്ചും വാസ്തവികമായ കഥ. തൊഴിലാളി ഇഞ്ചിഞ്ചായി മരിക്കുന്നതെങ്ങനെയെന്നു് അതിൽ വ്യക്തമാക്കിയിരിക്കുകയാണു്. തൊഴിലാളി മരണത്തിലേക്കു നീങ്ങുന്നതുകണ്ടു് അയാളുടെ ഭാര്യ ദുഃഖിക്കുന്നു. എനിക്കിഷ്ടപ്പെട്ടു ആ കഥ.
നിരൂ:
ഞാൻ യോജിക്കുന്നില്ല. അച്യുതന്റെ കഥയിൽ ഭാവനയില്ല. ജീവിതത്തിനു് പുതിയ രൂപം നല്കുമ്പോഴാണു് ഭാവനയുണ്ടെന്നു് നാം പറയുന്നതു്. ഈ കഥയിൽ നൂതനമായ രൂപമില്ല. അല്ലെങ്കിൽ രൂപത്തിനു് ആകർഷകത്വമില്ല. അച്യുതന്റെ കഥയ്ക്കു മാത്രമല്ല ഈ ദോഷം സംഭവിച്ചിട്ടുള്ളതു് ശ്രീ. ജി. ഗോപിനാഥൻനായരുടെ “കുട്ടി, അമ്മ, അച്ഛൻ”, ശ്രീ. പി. കെ. നന്ദനവർമ്മയുടെ “അതീന്ദ്രിയം”, ശ്രീ. പാറന്നൂർ പദ്മനാഭന്റെ “നക്സലോസിസ്”, ശ്രീ. കെ. എൽ. മോഹനവർമ്മ യുടെ “പാമ്പു്”, ശ്രീ. അരവിന്ദന്റെ “ഷീക്ബസാറിലെ സ്ത്രീ” എന്നീ കഥകൾക്കും ആ ന്യൂനതയുണ്ടു്. സർഗ്ഗാത്മകത്വം എന്ന സവിശേഷത ഈ കഥകളിൽ കാണാനേയില്ല.
രാഷ്ട്രീയ:
എന്തു്? ‘നക്സലോസിസി’ൽ കലയില്ലേ?
നിരൂ:
ഇല്ല. ഒരു രാഷ്ട്രീയ സിദ്ധാന്തത്തിന്റെമേൽ അടിയേല്പിക്കുകയാണു് പദ്മനാഭൻ. പക്ഷേ, അതു് കലാത്മകമായിട്ടില്ല. സിദ്ധാന്തമെന്തുമാകട്ടെ, ഭാവനയുണ്ടെങ്കിൽ, സൃഷ്ടിയുണ്ടെങ്കിൽ നിരൂപകൻ സംതൃപ്തനാകും. അവ രണ്ടും ഇവിടെയില്ല. അതിനാൽ എനിക്കു സംതൃപ്തിയുമില്ല.
അത്യന്താ:
ജനയുഗത്തിൽ പരസ്യപ്പെടുത്തിയ രീതിയിലുള്ള കൊച്ചുകഥകൾ പാശ്ചാത്യസാഹിത്യത്തിൽ ധാരാളമുണ്ടാകുന്നുവെന്ന വിവരം നിങ്ങൾക്കറിയാമോ?
നിരൂ:
അറിയാം. Félix Fénéon എന്ന ഫ്രഞ്ചുകഥാകാരൻ രണ്ടോ മൂന്നോ വാക്യങ്ങൾകൊണ്ടു് കഥയെഴുതാറുണ്ടു്. എനിക്കോർമ്മയുള്ള ഒരു കൊച്ചുകഥ തർജ്ജമചെയ്തു കേൾപ്പിക്കാം: “ഒരു ശവപ്പെട്ടിയുടെ പിറകിലൂടെ അയാൾ നടന്നു. പക്ഷേ, അന്നു് അയാൾ ശ്മശാനത്തിലെത്തിയില്ല. മരണം വഴിയിൽ വച്ചുതന്നെ അയാളെ പിടികൂടി.” ഇത്തരം കഥകളുടെ ധിഷണാപരമായ അംശം ആദരണീയംതന്നെ പക്ഷേ, സാഹിത്യം ഹൃദയത്തിൽനിന്നു വരണം.
കാല്പനിക:
അപ്പോൾ ശ്രീ. സി. ആർ. ഓമനക്കുട്ടന്റെ വാകച്ചാർത്തിനെക്കുറിച്ചു് താങ്കൾക്കു നല്ല അഭിപ്രായമില്ലേ?
നിരൂ:
അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ. ഗുരുവായൂരമ്പലത്തിനു സമീപം നില്ക്കുന്ന ഒരുവനെ കഥാകാരൻ അവതരിപ്പിക്കുന്നു. അവിടത്തെ ജീവിതത്തിനുള്ള അധമത്വം അദ്ദേഹം കാണുന്നു. പരിഹാസം കലർത്തി അദ്ദേഹം അതു ആവിഷ്ക്കരിക്കുന്നു. നല്ല സോല്ലുണ്ഠനം. പക്ഷേ, പരിഹാസം എപ്പോഴും ബുദ്ധിയിൽനിന്നാണു് ഉണ്ടാകുന്നതെന്ന സത്യം നാം വിസ്മരിക്കാൻ പാടില്ല.
രാഷ്ട്രീയ:
ജനയുഗത്തിൽ 17 കഥകളുണ്ടു്. ബാക്കിയുള്ളതിനെക്കുറിച്ചും അഭിപ്രായം കേൾക്കട്ടെ.
നിരൂ:
അതിനൊന്നും സമയമില്ല. നമുക്കു് വേറെയും വാരികകളെക്കുറിച്ചു് സംസാരിക്കണമല്ലോ. ജനയുഗത്തിലെ രേഖകൾ എന്ന കൊച്ചുകഥ എനിക്കിഷ്ടമായി. മരണത്തിലേക്കു നീങ്ങുന്ന ഒരു യുവതിയുടെ വികാരങ്ങളെ കഥാകാരനായ ശ്രീ. ചന്ദ്രദാസ് വിദഗ്ദ്ധമായി ചിത്രീകരിച്ചിരിക്കുന്നു അതിൽ.
അത്യന്താ:
‘കുങ്കുമം’ വാരികയിൽ ചെറുകഥകളെഴുതുന്ന ശ്രീ. പി. കെ. ശിവദാസമേനോനെ താങ്കൾ വധിക്കാറുണ്ടല്ലോ. ആ കഥാകാരൻ അതു് ഡിസർവ് ചെയ്യുന്നു.
നിരൂ:
അങ്ങനെ പറയാതിരിക്കൂ. കരുതിക്കൂട്ടിയുള്ള സംഹാരമൊന്നുമില്ല. എനിക്കിഷ്ടമില്ലാത്ത കഥകൾ നല്ലതല്ലെന്നേ പറയുന്നുള്ളൂ. 38-ാംലക്കത്തിലെ ‘ആദ്യരാത്രി’ എന്ന കഥ വായിച്ചുനോക്കൂ. വരന്റെയും വധുവിന്റെയും പ്രഥമരാത്രി—അതിന്റെ മാദകത്വം മുഴുവൻ ശിവദാസമേനോൻ ഭംഗിയായി ആലേഖനം ചെയ്തിട്ടുണ്ടു്. അതുകൊണ്ടു് അതു് ഉജ്ജ്വലമായ കഥയാണെന്നു് എനിക്കഭിപ്രായമുള്ളതായി തെറ്റിദ്ധരിക്കരുതു്. ശൃംഗാരം ആർക്കാണിഷ്ടമാകാത്തതു്?
കാല്പനിക:
ഭർത്താവു സ്നേഹിച്ചില്ലെങ്കിൽ ഭാര്യ വ്യഭിചരിക്കുമോ?
നിരൂ:
ചോദ്യം മനസ്സിലായി. ‘കുങ്കുമ’ത്തിൽ ശ്രീ. യു. പി. ജയരാജ് എഴുതിയ “മൃഗത്തിന്റെ ഗന്ധം” എന്ന കഥയെ ലക്ഷ്യമാക്കിയല്ലേ ചോദ്യം? അവഗണിക്കപ്പെടുന്ന സ്ത്രീയുടെ വികാരങ്ങൾ തീക്ഷ്ണങ്ങളാകും; ഭാവനയ്ക്കു് ഉത്തേജനം ഉണ്ടാകും. അതിൽ സംശയമില്ല. പിന്നെ, അതിന്റെ പര്യവസാനം. അതു് ഓരോ സ്ത്രീയുടേയും മാനസികനിലയെ ആശ്രയിച്ചിരിക്കുന്നു. എന്തായാലും ജയരാജിന്റെ കഥ നന്നായിട്ടുണ്ടു്.
അത്യന്താ:
പഴയ വിഷയമല്ലേ ഇതു്?
നിരൂ:
അതേ, എങ്കിലും പുതിയരീതിയിൽ അദ്ദേഹം കഥ പറഞ്ഞിട്ടുണ്ടു്. വഴിവക്കിൽ മരിച്ചുവീഴുന്ന രാജകുമാരിയെ രാജകുമാരൻ ചുംബിച്ചു് ഉണർത്തുന്ന ഒരു കഥ താങ്കൾ കേട്ടുകാണുകയില്ല. യോനസ്കോയുടെയും കമ്യുവിന്റെയും കാഫ്കയുടെയും ഗ്രന്ഥങ്ങൾ മാത്രം വായിക്കുന്നവനല്ലേ താങ്കൾ. എന്നാൽ അങ്ങനെയൊരു കഥയുണ്ടു്. ജീവിച്ചു കുറെ കഴിയുമ്പോൾ രാജകുമാരി മരിക്കും. രാജകുമാരൻ ചുംബിക്കുമ്പോൾ അവൾക്കു ജീവൻ കിട്ടും. ജഡതയാർന്ന പ്രതിപാദ്യവിഷയത്തിനു രാജകുമാരനെപ്പോലെ ചൈതന്യം നല്കുന്നവനാണു് കഥാകാരനെങ്കിൽ നമുക്കു പരാതിയില്ല. അക്കാരണത്താലാണു് ശ്രീ. ശങ്കർ കരിയത്തിന്റെ “ഓർമ്മയുടെ മാളം” എന്ന കഥ ശുദ്ധമായ ആഹ്ലാദം എനിക്കു പ്രദാനം ചെയ്യാത്തതു്. അച്ഛന്റെ ക്രൂരത, മകന്റെ പ്രേമം, അമ്മയുടെ രോഗം, അവരുടെ ദൈന്യം, സഹോദരിയുടെ അസാന്മാർഗ്ഗിക ജീവിതം ഇങ്ങനെ അനേകം കാര്യങ്ങൾ പറഞ്ഞു കഥയുടെ ഏകാഗ്രത ഇല്ലാതെയാക്കിയിരിക്കുന്നു ശങ്കർ കരിയം.

(രാത്രിയുടെ ഭംഗി വർദ്ധിക്കുന്നു. ആകാശം മുഴുവൻ നക്ഷത്രങ്ങൾ. അലകളിളകുന്ന കടലിന്റെ ശബ്ദമുണ്ടെങ്കിലും ഒരു പ്രശാന്തത. നിക്കോളാസ് റോറിക്കി ന്റെ ചിത്രത്തിനുള്ള രാമണീയകമുണ്ടു് പ്രകൃതിക്കു്.)

കാല്പനിക:
ഈ ലോകമാകെ എത്ര സുന്ദരം! ഇവിടെ മാലിന്യമില്ല, ഇതാ ഈ ചിപ്പിയും ഈ മണൽത്തരിയും മനോഹരംതന്നെ.
അത്യന്താ:
നോൺസെൻസ്. ഇതാ ഈ മണലിൽ സ്പിറ്റിലുണ്ടു്.[8] അതും ബ്യൂട്ടിഫിളാണോ?
രാഷ്ട്രീയ:
ബഹളം കൂട്ടാതിരിക്കു. മാതൃഭൂമിയിൽ ശ്രീ. കാക്കനാടൻ എഴുതിയ “വെറുതെ” എന്ന കഥയെക്കുറിച്ചു് എന്താണു് അഭിപ്രായം?
അത്യന്താ:
അതിൽ മോഡേണിറ്റി ഇല്ല. ഞാൻ ലൈക്ക് ചെയ്യുന്നില്ല.
നിരൂ:
മനോഹരമായ കഥ. പരമ സത്യം സാക്ഷാത്ക്കരിക്കാനുള്ള മനുഷ്യന്റെ യത്നം വ്യർത്ഥമാണെന്നു് സ്ഥാപിക്കുകയാണു് കാക്കനാടൻ. ഒരു അമൂർത്തമായ ആശയത്തിനു് മൂർത്തമായ രൂപം നല്കിയിരിക്കുന്നു അദ്ദേഹം. ഞാൻ വിദ്യാർത്ഥിയായിരുന്ന കാലം. തിരുവനന്തപുരത്തെ കോവാപ്പറേറ്റീവ് ഹോമിൽ എന്റെ സ്നേഹിതനായ ശ്രീ. കെ. വി. സുരേന്ദ്രനാഥു മായി താമസിക്കുകയാണു്. സുരേന്ദ്രനാഥ് ഇന്നത്തേപ്പോലെ അന്നും കമ്മ്യൂണിസ്റ്റാണു്. നിരീശ്വരനായ അദ്ദേഹം എന്നെ വിളിച്ചുണർത്തി, ജനലിലൂടെ പുറത്തേക്കു നോക്കാൻ പറഞ്ഞു. അർദ്ധരാത്രി. സെക്രട്ടേറിയേറ്റിനു് പിറകിലുള്ള മൈതാനത്തിൽ ഒരു രൂപം നീങ്ങുന്നു. മറ്റൊരു രൂപം അതിന്റെ പിറകിൽ. രണ്ടും ഭീമാകാരങ്ങൾ. നിലം തൊടുന്നില്ല. ഫിലോസഫി ഐച്ഛികവിഷമായി എടുത്തു് ബി. ഏ. ക്ലാസ്സിൽ പഠിക്കുന്ന സുരേന്ദ്രനാഥിനോടു് ഞാൻ പറഞ്ഞു; “ജീവാത്മാവു് പരമാത്മാവിനെ അന്വേഷിക്കുകയാണു്.” ഞങ്ങൾക്കു് ആ കാഴ്ച ഭയമുളവാക്കിയില്ല; സന്തോഷം നല്കിയതേയുള്ളൂ. കാക്കനാടന്റെ കഥയിലെ രാധാകൃഷ്ണൻ ഈശ്വരനെ അന്വേഷിച്ചു് കിഴവന്റെ പിറകേ പോയപ്പോൾ ഞാൻ ഈ സംഭവം ഓർമ്മിച്ചുവെന്നുമാത്രം. എന്തായാലും നല്ല കഥ.
രാഷ്ട്രീയ:
“മലയാളനാട്ടിലെ” രണ്ടു കഥകളെക്കുറിച്ചു് എന്തുപറയുന്നു?
നിരൂ:
അവയിൽ ഒന്നു് തർജ്ജമയാണു്. ശ്രീ. മണിയൂർ ഈ. ബാലന്റെ കയ്പു് എന്ന കഥയിൽ ലോകത്തെയാകെ വെറുക്കുന്ന ഒരു മന്തുരോഗിയെ കാണാം. സൗന്ദര്യമുള്ള വസ്തുക്കളെ കണ്ടാൽ അവ കൈക്കലാക്കണമെന്നു് തോന്നുമല്ലോ. ബാലന്റെ കഥയെ നിരാകരിക്കാനാണു് എനിക്കു തോന്നിയതു്. ‘മലയാളരാജ്യം’ വാരികയിൽ (ലക്കം 46) ശ്രീ. കെ. കെ. ശശിധരൻ എഴുതിയ “ഞാൻ എന്നൊന്നില്ല” എന്ന ചെറുകഥയുടെ സ്ഥിതിയും അതുതന്നെ?

(ഒരു യുവാവും യുവതിയും സമുദ്രതീരത്തിലൂടെ നടന്നുപോകുന്ന മോപ്പസാങ്ങി ന്റെ “ചന്ദ്രികയിൽ” എന്ന കഥയിൽ വർണ്ണിച്ചിരിക്കുന്നതുപോലെ അവർ കൈകൾ കോർത്താണു് നടക്കുക.)

കാല്പ:
അതാ, അവരെ നോക്കൂ. ഇതാണു് സത്യസൗന്ദര്യങ്ങളുടെ സമ്മേളനം. കവിതയും ഇങ്ങനെയിരിക്കണം. അല്ലേ?
രാഷ്ട്രീ:
വേണ്ട, ഞാൻ യോജിക്കുന്നില്ല,
അത്യു:
നോൺസെൻസ്. അഗ്ലിനസ്സും[9] പൊയട്രി തന്നെ. ഇപ്പോൾ അഗ്ലി ആർട്ടുണ്ടു്: ആന്റി ആർട്ടുണ്ടു്, പോപ്പാർട്ടുണ്ടു്.
നിരൂ:
സായ്പ് ഇറച്ചി തിന്നതിനുശേഷം ദൂരെയെറിഞ്ഞ എല്ലിൻകഷ്ണങ്ങളാണു് നമ്മുടെ സ്നേഹിതൻ പെറുക്കിയെടുത്തു് നമ്മെ കാണിക്കുന്നതു്. കവിതയിൽ സത്യസൗന്ദര്യങ്ങൾ മേളിക്കണം. അതിനുവേണ്ടി ശ്രമിക്കുകയാണു് കിളിമാനൂർ രമാകാന്തനും കൊന്നിയൂർ ഭാസും പാലാ നാരായണൻനായരും ഒ. വി. ഉഷ യും. കവിത്വശക്തിയുള്ള ഈ കവികളുടെ യത്നം വിജയഭാസുരമായി എന്നു പറയാൻ വയ്യ.
കാല്പ:
സൗന്ദര്യത്തെ ആരാധിക്കുന്നവർ വേറെയാരുമില്ലേ?
നിരൂ:
ഉണ്ടു്. കിളിമാനൂർ മധു, ജനാർദ്ദനം പുരുഷോത്തമൻ, കുരീപ്ര വിക്രമൻനായർ, കേരളശബ്ദത്തിൽ കവിതയെഴുതിയ മധു എന്നിവർ. ഇവരൊക്കെ പ്രഗല്ഭന്മാർ തന്നെ. പക്ഷേ, കവിതയെക്കുറിച്ചു് ഉന്നതമായ ഒരു സങ്കല്പമാണു് എനിക്കുള്ളതു്. കവിത കാവ്യാത്മകമായ ആശയത്താൽ എന്റെ ആത്മാവിനെ സ്പർശിക്കണം.
അത്യ:
മോഡേൺ കഥകളെപ്പറ്റി ശ്രീ. കെ. ജി. മുരളീധരൻനായർ ദേശാഭിമാനി വാരികയിൽ എഴുതിയ നോൺസെൻസ് നിങ്ങൾ റീഡ് ചെയ്തോ?
നിരൂ:
വായിച്ചു. ഞാൻ മുരളീധരൻനായരോടു യോജിക്കുന്നു പല കാര്യത്തിലും. അത്യന്താധുനികർ “വിശ്വപ്രശസ്തിയാർജ്ജിച്ച സാഹിത്യകാരന്മാരെ അനുകരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യു”ന്നില്ലെന്നു് അദ്ദേഹം പറയുന്നു. ശരിയാണതു്.

(യുവാവും യുവതിയും അവർ ഇരിക്കുന്നിടത്തേക്കു വരുന്നു. അവരെ കാണാത്തമട്ടിൽ നടന്നുപോകുന്നു.)

രാഷ്ട്രീയ:
(അസൂയയോടെ) ഓ അവന്റെ ഒരു കാമുകി.
നിരൂപകൻ:
(കാല്പനികവാദിയോടും യഥാതഥവാദിയോടും) നിങ്ങൾക്കു കാമുകിയുണ്ടോ?
കാല്പനി:
ഉണ്ടു്. സൗന്ദര്യമാണെന്റെ കാമുകി.
യഥാതഥ:
ഉണ്ടു്. പരുപരുത്ത ജീവിതയാഥാർത്ഥ്യമാണു് എന്റെ കാമുകി.
നിരൂ:
(രാഷ്ട്രീയപ്രവർത്തകനോടു്) നിങ്ങൾക്കോ?
രാഷ്ട്രീയ:
(മിണ്ടുന്നില്ല)
കാല്പനിക:
പ്രത്യേകിച്ചു് ഒരു കാമുകിയില്ല രാഷ്ട്രീയ പ്രവർത്തകനു്. നിത്യം ഓരോ വല്ലഭ…
നിരൂ:
(അത്യന്താധുനികനോടു) നിങ്ങൾക്കോ?
അത്യന്ത:
(മിണ്ടുന്നില്ല.)
നിരൂ:
ഞാൻ പറയാം. അത്യന്താധുനികന്റെ കാമുകി ദുർഗ്രഹതയാണു്. കലാശൂന്യത അദ്ദേഹത്തിന്റെ സഹധർമ്മിണിയും. രണ്ടുപേരെയും അദ്ദേഹം നല്ലപോലെ സ്നേഹിക്കുന്നു. അവർക്കും കടുത്ത അനുരാഗമാണു് ഇങ്ങോട്ടു്. ഈ ചാരിത്രശുദ്ധിയും സ്നേഹവും വേറെ എവിടെ കാണാനാണു്.

(അത്യന്താധുനികൻ അസഭ്യം വർഷിക്കാൻ തയ്യാറായി എഴുന്നേല്ക്കുന്നു. അതുകണ്ടു് മറ്റുള്ളവർ ചിരിക്കുന്നു. സമുദ്രതീരമാകെ ഒരു സ്വപ്നമണ്ഡലത്തിന്റെ രാമണീയകം ആവഹിക്കുന്നു. അതിന്റെ മായികശക്തിക്കു വിധേയരായി നിരൂപകനും കാല്പനികവാദിയും യഥാതഥവാദിയും രാഷ്ട്രീയപ്രവർത്തകനും നില്ക്കുമ്പോൾ അത്യന്താധുനികൻ കോപിച്ചു നടന്നുപോകുന്നു.)

കുറിപ്പുകൾ

[1] Nihilism: നൈലിസം എന്നു് ഉച്ചാരണം. ഒന്നിലും വിശ്വാസമില്ലാതിരിക്കുക.

[2] Absurd: വ്യക്തിക്കുള്ള ആന്തരമായ സംസക്തിയും പ്രകൃതിയുടെ വൈരുദ്ധ്യവും കൂട്ടിമുട്ടുമ്പോൾ വ്യക്തിക്കുണ്ടാകുന്ന അനർത്ഥകബോധം.

[3] Dilemma: ആത്മാവിനെ അന്വേഷിക്കുന്ന വ്യക്തിക്കുണ്ടാകുന്ന സന്ദേഹം.

[4] നിരീശ്വരവാദത്തോടു ബന്ധപ്പെട്ട അസ്ഥിത്വവാദം.

[5] School: പ്രസ്ഥാനം.

[6] Rays: രശ്മികൾ.

[7] Depict: ആവിഷ്കരിക്കുക.

[8] Spittle—തുപ്പൽ.

[9] Ugliness—വൈരൂപ്യം.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-06-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 27, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.