“പ്രഭാതത്തിൽ അദ്ദേഹം ദേവാലയത്തിൽ ചെന്നു. എല്ലാ ആളുകളും അദ്ദേഹത്തിന്റെ അടുക്കൽ എത്തി; അദ്ദേഹം ഇരുന്നു; അവരെ പഠിപ്പിച്ചു. ഫരീസികളും ലേഖകരും വ്യഭിചാരവേളയിൽ ബന്ധനസ്ഥയാക്കപ്പെട്ട ഒരു സ്ത്രീയെ അദ്ദേഹത്തിന്റെ മുൻപിൽ കൊണ്ടുചെന്നു. അവളെ അവിടെ നിറുത്തിയിട്ടു് അവർ അദ്ദേഹത്തോടു പറയുന്നു: “പ്രഭോ, ഇവൾ വ്യഭിചാര സമയത്തു് പിടിക്കപ്പെട്ടവളാണു്; ആ കൃത്യത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾത്തന്നെ. മോസസ്സ്, നിയമത്തിലൂടെ ഞങ്ങളോടു് ആജ്ഞാപിച്ചിട്ടുണ്ടു് അങ്ങനെയുള്ളവൾ കല്ലെറിയപ്പെടേണ്ടവളാണെന്നു്. പക്ഷേ, അങ്ങു് എന്തുപറയുന്നു?”
അദ്ദേഹത്തെ പ്രലോഭിപ്പിച്ചുകൊണ്ടു് അവർ ഇങ്ങനെ പറഞ്ഞതു് പിന്നീടു് അവർക്കു് അദ്ദേഹത്തെ കുറ്റപ്പെടുത്താൻ വേണ്ടിയായിരുന്നു. യേശുവാകട്ടെ അവർ പറഞ്ഞതു കേട്ടില്ലെന്നമട്ടിൽ കനിഞ്ഞിരുന്നു വിരലുകൊണ്ടു് നിലത്തു എഴുതാൻ തുടങ്ങി.
അവർ പിന്നെയും പിന്നെയും ചോദിച്ചപ്പോൾ അദ്ദേഹം തലയുയർത്തി അവരോടു പറഞ്ഞു:
“നിങ്ങളുടെ കൂട്ടത്തിൽ പാപംചെയ്യാത്ത ഒരുവനുണ്ടെങ്കിൽ ഇവളുടെ നേർക്കു് കല്ലെറിയട്ടെ”.
വീണ്ടും അദ്ദേഹം കനിഞ്ഞിരുന്നു് നിലത്തു് എഴുതി.
ഇതുകേട്ടു് സ്വന്തം മനഃസാക്ഷിയാൽ ശിക്ഷിക്കപ്പെട്ട അവർ ഓരോരുത്തരായി പുറത്തേക്കുപോയി; പ്രായം കൂടിയവനിൽ ആരംഭിച്ച ആ പോക്കു് അവസാനത്തെ വ്യക്തിവരെയും ഉണ്ടായിരുന്നു. യേശു ഒറ്റയ്ക്കായി; ആ സ്ത്രീ അവിടെ നില്ക്കുകയായിരുന്നു.
യേശു തലയുയർത്തിനോക്കി. അവളല്ലാതെ മറ്റാരും അവിടെ ഇല്ലെന്നു കണ്ടപ്പോൾ അദ്ദേഹം അവളോടു പറഞ്ഞു, “സ്ത്രീയേ, നിന്നെ കുറ്റപ്പെടുത്തിയവർ എവിടെ? ആരും നിന്നെ ശിക്ഷിച്ചില്ലേ?
അവൾ പറഞ്ഞു: “പ്രഭോ ആരുമില്ല.” യേശു അവളോടു പറഞ്ഞു; “ഞാനും നിന്നെ ശിക്ഷിക്കുന്നില്ല. പോകൂ. ഇനി പാപം ചെയ്യാതിരിക്കൂ.”
ഞാൻ ബൈബിൾ പല പരിവൃത്തി വായിച്ചിട്ടുണ്ടു്. ആ ഗ്രന്ഥത്തിലെ പലഭാഗങ്ങളും എന്നെ കോരിത്തരിപ്പിച്ചിട്ടുണ്ടു്. പക്ഷേ, സെന്റ് ജോൺ എട്ടാം അദ്ധ്യായത്തിലെ ഈ ഭാഗത്തിലെത്തുമ്പോൾ എനിക്കു് എന്തെന്നില്ലാത്ത ഹർഷോന്മാദം ഉണ്ടാകുന്നു. അത്രയ്ക്കു് മഹനീയമായ കവിതയാണിതു്. ഈ ഭാഗം പ്രക്ഷിപ്തമാണെന്നു് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽത്തന്നെയെന്തു്? ഏതാനും വാക്യങ്ങളിൽ മാനുഷിക ജീവിതത്തിന്റെ മഹാനാടകത്തെയാകെ ഇതെഴുതിയ കവി ഒതുക്കിയിരിക്കയാണു്. വിശുദ്ധിയുടെ ഉജ്ജ്വല പ്രതീകമായ യേശു; അപരാധം ചെയ്തവളെങ്കിലും നിയമം അക്ഷരംതെറ്റാതെ പരിപാലിക്കുന്ന പരീശന്മാരുടെയും മോസസ്സിന്റെ നിയമം പഠിപ്പിക്കുന്ന ലേഖകന്മാരുടേയും മധ്യത്തിൽ നിരപരാധയായി പ്രത്യക്ഷയാകുന്ന ആ വേശ്യാംഗന; ഇവരെ എന്റെ അന്തർനേത്രംകൊണ്ടു് കാണത്തക്കവിധത്തിൽ കവി ആലേഖനം ചെയ്തിരിക്കുന്നു. എന്റെ അവിദഗ്ദ്ധമായ തർജ്ജമയിൽനിന്നുപോലും ഈ അനുഭവമുണ്ടാകുമെന്നാണു് എന്റെ വിശ്വാസം. കവിതയെക്കുറിച്ചു് ഉന്നതമായ ഈ സങ്കല്പമുള്ളതുകൊണ്ടാകണം പലരുടേയും ബഹുമാനം നേടിയ ശ്രീ. വൈലോപ്പിള്ളി ശ്രീധരമേനോന്റെ കാവ്യത്തെ എനിക്കു് അംഗീകരിക്കാൻ കഴിയാത്തതു്. ‘സഹ്യന്റെ മകൻ’, ‘കന്നിക്കൊയ്ത്തു്’, ‘മാമ്പഴം’ എന്നിങ്ങനെയുള്ള കവിതകളെഴുതിയ ശ്രീധരമേനോനെ ഞാൻ കുറ്റപ്പെടുത്തുകയല്ല. ഉത്കൃഷ്ടമായ ഒരു സങ്കല്പം വച്ചുപുലർത്തുന്ന എന്നെത്തന്നെ ഞാൻ കുറ്റപ്പെടുത്തുകയാണു്. എന്റെ മാനസികനില അതായതുകൊണ്ടു് എനിക്കു് ശ്രീധരമേനോന്റെ “ഹെഡ്മാസ്റ്റരും ശിഷ്യനും”, “പുതിയ ചോറൂണു്” എന്നീ കവിതകളെയും (മാതൃഭൂമി-ലക്കം 13) അംഗീകരിക്കാൻ വയ്യ.
“വാതില്ക്കലാരോ കിണ്ണം താഴെവെച്ചതാരെന്നു
ചോദിച്ചുവാ നീ, ചോറു പിന്നെയാം അലമേലു”
“നാലടിക്കവേ ഞാനുമൊലിക്കയായ്
സ്ക്കൂളുവിട്ട കിടാങ്ങളോടൊപ്പമേ”
എന്ന മട്ടിലാണു് അദ്ദേഹത്തിന്റെ കാവ്യങ്ങളാകെ. കാവ്യരൂപത്തിന്റെ രാമണീയകത്താൽ ശാശ്വതികത്വമാർജ്ജിക്കാത്ത യാതൊന്നും കവിതയല്ല.

വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഈ രണ്ടു കാവ്യങ്ങളും വായിച്ചുണ്ടായ മനഃപീഡ എനിക്കു തീർന്നുകിട്ടിയതു് അനുഗൃഹീതകഥാകാരനായ ശ്രീ. സേതു വിന്റെ “പാമ്പിന്റെ ഉറ” എന്ന ചെറുകഥ മാതൃഭൂമിയിൽ വായിച്ചതിനു ശേഷമാണു്. ഒരു അനിതയും ഉണ്ണിയും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുകയാണു് സേതു. സ്വന്തം ശീലങ്ങൾക്കു് അടിമപ്പെട്ടു ജീവിക്കുന്ന മനുഷ്യരെ തന്റെ അനുധ്യാനത്തിന്റെ മണ്ഡലത്തിലേക്കു പ്രവേശിപ്പിക്കാൻ ഏതു കലാകാരനും കൊതിയാണു്. അവരുടെ ശീലങ്ങളേയും അവയ്ക്കു കാരണങ്ങളായി വർത്തിക്കുന്ന ജന്മവാസനകളേയും അപഗ്രഥിച്ചു നോക്കുവാൻ അയാൾക്കു താല്പര്യമുണ്ടു്. കാമുകനെ സ്നേഹിക്കാൻ മാത്രം പഠിച്ച അനിത, അവളുടെ ശരീരസൗഭഗം മാത്രം ഹർഷദായകമായി കരുതുന്ന ഉണ്ണി—ഇവരുടെ ചിത്തവൃത്തികളെയും ശരീരചേഷ്ടകളേയും, സേതു കലാത്മകമായി ചിത്രീകരിക്കുന്നു. ഭാവാത്മകതയാൽ സുന്ദരമായിട്ടുണ്ടു് ഈ ചെറുകഥ.

കാല്പനികതയ്ക്കു് (Romanticism) പിന്തിരിപ്പൻ കാല്പനികത എന്നൊരു വിഭാഗമുണ്ടെന്നു് രാഷ്ട്രാന്തരീയപ്രശസ്തിയാർജ്ജിച്ച മാർക്സിസ്റ്റ് നിരൂപകൻ ജോർജ്ജ് ലൂക്കാസ് പറഞ്ഞിട്ടുണ്ടു് (The Historical novel). ശ്രീ രാജൻ ചിനങ്ങത്തിന്റെ “ചാരം” എന്ന ചെറുകഥ (മനോരമ-ജൂൺ 13) പിന്തിരിപ്പൻകാല്പനികതകൊണ്ടു് ബീഭത്സമായിരിക്കുന്നു. മേലധികാരിയോടു പിണങ്ങി ഗോപൻ ജോലി രാജിവച്ചു. വീട്ടിൽ വന്നിരുന്നു കാമുകി ജൂലിയുമായി നിർവഹിക്കാൻ പോകുന്ന പ്രേമസല്ലാപങ്ങളെക്കുറിച്ചു് അയാൾ ചിന്തിക്കുന്നു. അപ്പോഴാണറിയുന്നതു് ജൂലി ട്രെയിൻ അപകടത്തിൽ മരിച്ചുവെന്നു്. അവളുടെ മൃതദേഹം ഗോപൻ കാണുന്നതോടെ കഥ അവസാനിക്കുന്നു കാമുകൻ ജോലി രാജിവച്ചതുകൊണ്ടു് അവൾ ആത്മഹത്യ ചെയ്തതാണോ? ആയിരിക്കാം അല്ലായിരിക്കാം. എന്തായാലും ഒരു കുഴപ്പവും വരാൻപോകുന്നില്ല. ജുലി ജീവിച്ചാലും, ഗോപൻ വീണ്ടും ജോലിക്കുപോയാലും, അവർ സുഖമായി ജീവിച്ചാലും, അവർ രണ്ടുപേരും അങ്ങു ആത്മഹത്യചെയ്താലും അനുവാചകനു് ഒരു ചുക്കുമില്ല. കപടമായ കല ഏതു മനുഷ്യനെയാണു്. സ്പർശിച്ചിട്ടുള്ളതു്? കഥാപാത്രങ്ങളെക്കൊണ്ടു് ജോലി രാജിവയ്പിക്കുന്നതിനേക്കാൾ നല്ലതു് ആ കഥാപാത്രങ്ങളുടെ ജനയിതാക്കൾ കഥാരചന എന്ന ജോലി രാജിവയ്ക്കുകയാണു്. ‘ചാരം’ എന്ന ഈ പഞ്ജരാഖേടത്തിൽ നിന്നു് വായനക്കാരായ നമുക്കൊന്നു രക്ഷപ്രാപിക്കാം. ജതുഗൃഹദാഹത്തിൽ പുരോചനനും വെന്തുപോയല്ലോ. മറ്റൊരു പുരോചനനെ കണ്ടുമുട്ടുന്നതുവരെ നമുക്കു കാമനങ്ങളിൽ അലസസഞ്ചാരം നിർവ്വഹിക്കാം… ജനയുഗം വാരികയിൽ (ലക്കം 45) ‘പരീക്ഷ’ എന്ന ചെറുകഥയെഴുതിയ ശ്രീമതി അശ്വതിക്കു് (കെ. വി. ദേവയാനി, എം. എസ്സ്സി. ചാഴൂർ) മഹാഭാരതത്തിലെ ആ കഥാപാത്രത്തിന്റെ നൃശംസത നൽകുവാൻ ഞാൻ തയ്യാറായില്ല. പെൺകുട്ടിയല്ലേ? “പരാക്രമം സ്ത്രീകളോടല്ല വേണ്ടു” എന്നു് അറിവുള്ളവർ പണ്ടേ പറഞ്ഞിട്ടുണ്ടു്. പക്ഷേ, “പരീക്ഷ” എഴുതിയതു് ഒരു പുരുഷനായിരുന്നെങ്കിൽ കപടകലയുടെ അരക്കില്ലത്തിലിട്ടു് അനുവാചകരായ പാണ്ഡവരെ ദഹിപ്പിക്കാൻ ശ്രമിച്ച പുരോചനനായിത്തന്നെ ഞാൻ ആ മനുഷ്യനെ കാണുമായിരുന്നു. അവിടെ നിന്നു് ഒരടികൂടി മുന്നോട്ടുവച്ചു്, കലാംഗനയായ ദ്രൗപദിയുടെ വസ്ത്രം വലിച്ചഴിച്ച കഥാകാരദുശ്ശാസനനായി ഞാൻ അദ്ദേഹത്തെ ദർശിക്കുമായിരുന്നു. വേണ്ടിവന്നില്ല. ഭാഗ്യം. കഥയെഴുതിയതു് ഒരു പെൺകുട്ടിയാണു്, എം. ഏ. ജയിച്ചിട്ടും ഉദ്യോഗം കിട്ടാത്ത ഒരു യുവതിയുടെ കഥയായിട്ടാണു് ഇക്കഥ തുടങ്ങുന്നതു്. പിന്നീടു് അവളുടെ പ്രേമത്തെ ഗതാവലോകനകലാമാർഗ്ഗം അംഗീകരിച്ചു് ആവിഷ്ക്കരിക്കുന്നു. ആ കാമുകന്റെ ഡിപ്പാർട്ടുമെന്റിൽത്തന്നെ അവൾക്കു ലക്ചററായി ഉദ്യോഗം കിട്ടുമ്പോൾ കഥ അവസാനിക്കുന്നു. എല്ലാ സത്യങ്ങളെയും ആട്ടിയോടിച്ചു് അസത്യത്തിന്റെ ലോകം സൃഷ്ടിച്ചിരിക്കുകയാണു് ശ്രീമതി അശ്വതി. സംസാരിക്കുമ്പോഴും എഴുതുമ്പോഴും ഇംഗ്ലീഷ് വാക്കുകൾ കഴിയുന്നിടത്തോളം ഞാൻ ഒഴിവാക്കാറുണ്ടു്. എങ്കിലും ഈ കഥയെ ഒരിംഗ്ലീഷ് പദംകൊണ്ടു് ഞാൻ ഒന്നു വിശേഷിപ്പിച്ചുകൊള്ളട്ടെ; അബ്സേഡ് (absurd) ‘ജനയുഗ’ത്തിൽ മാത്രമല്ല ‘കുങ്കുമം’ വാരികയിലുമുണ്ടു് ഈ വിശേഷണത്തിനു് അർഹങ്ങളായ കഥകൾ. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പോരാട്ടമാണു് ശ്രീ. പി. പൗലോസിന്റെ “ഇനി തോല്ക്കില്ല” എന്ന കഥയിലെ പ്രതിപാദ്യം. ആൺപൂച്ചയും പെൺപൂച്ചയുംതമ്മിലുള്ള ലൈംഗികവേഴ്ച കണ്ടു് ഒരു തരുണിക്കുണ്ടാകുന്ന അസ്വാസ്ഥ്യമാണു് ശ്രീ. വി. ശിവരാമന്റെ “പൂച്ച” എന്ന കഥയുടെ വിഷയം. ഡോൺ ക്യുക്സോട്ട് ഭ്രാന്തു കാണിച്ചു്, സാഹസികത്വം പ്രദർശിപ്പിച്ചു് അനുവാചകന്റെ കാരുണ്യം നേടുന്നില്ലേ? ഈ രണ്ടു കഥാകാരന്മാരും അങ്ങനെ കാരുണ്യം നേടുന്നുണ്ടു്. അവർ രചിച്ചതു കഥകളല്ലെങ്കിൽത്തന്നെയും ദോഷമില്ല. സഹതാപമാർജ്ജിക്കുക എന്നതാണു് ഏറ്റവും പ്രധാനം. രജോദർശനം, ഋതുശാന്തി, പുരുഷാസ്പൃഷ്ടതയുടെ ഭംഗം എന്നിവയെ സഭ്യമായി ചിത്രീകരിക്കുന്ന ഒരു കഥ മലയാളരാജ്യം വാരികയിലുണ്ടു് (ലക്കം 47). ശ്രീ. പദ്മനാഭൻ പൊയിൽക്കാവു് എഴുതിയ “ചെമ്പരത്തിപ്പൂവിന്റെ ദളങ്ങൾ” എന്ന ആ ചെറുകഥയ്ക്കു സൗന്ദര്യമുണ്ടു്. ഭാവശില്പവും രൂപശില്പവും അതിൽ സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു.
“ഖസാക്കിന്റെ ഇതിഹാസം” എന്ന മനോഹരമായ നോവലെഴുതിയ ശ്രീ. ഒ. വി. വിജയനെ ഞാൻ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ പ്രതിഭാശക്തിയെ ഞാൻ വാഴ്ത്തുന്നു. ഇനി അദ്ദേഹം കലാശൂന്യമായ ഒരു നോവൽ എഴുതിയെന്നിരിക്കട്ടെ. അതു് അസുന്ദരമായിപ്പോയിയെന്ന അഭിപ്രായം പറയാൻ എനിക്കവകാശമുണ്ടു്. പക്ഷേ, ഒ. വി. വിജയന്റെ സ്വഭാവത്തെ വിമർശിക്കാൻ എനിക്കു് അവകാശമില്ല. എന്റെ നിരൂപണം വിലക്ഷണമാണെന്നു് ആരെങ്കിലും പറഞ്ഞാൽ ഞാൻ കോപിക്കുകയില്ല; എന്നാൽ എന്റെ സ്വാഭാവം മലിനമാണെന്നു് ആരെങ്കിലും അഭിപ്രായപ്പെട്ടാൽ ഞാൻ പ്രതിഷേധിക്കും. “പേരുകൾ” എന്ന കൊച്ചുകഥയിലൂടെ ശ്രീ. വിജയൻ ഒരു “സ്വഭാവഹനനം” (character assassination) നടത്തുകയാണു്. ഭൗതികവാദത്തിനെതിരായുള്ള ശ്രീ. കുട്ടിക്കൃഷ്ണമാരാരു ടെ നിലപാടു് കാപട്യമാണെന്ന രീതിയിൽ വിജയൻ “മലയാളനാട്ടി”ൽ (ലക്കം 4) എഴുതിയിരിക്കുന്നു. കുട്ടിക്കൃഷ്ണമാരാരുടെ ആദ്ധ്യാത്മികപ്രവണതയെ വിജയനു് വിമർശിക്കാം. പക്ഷേ, അതു കാപട്യമാണെന്നു പറയുമ്പോൾ അദ്ദേഹം സ്വഭാവഹനനം നിർവ്വഹിക്കുകയാണു്. ഈ കൃത്യം ഗർഹണീയമത്രേ. വിമർശനത്തിന്റെ ചക്രവാളത്തെ വികസിപ്പിച്ച കുട്ടിക്കൃഷ്ണമാരാർക്കു് എന്റെ ധന്യവാദം. വിജയനുവേണ്ടി അദ്ദേഹത്തോടു് എന്റെ ക്ഷമാപണം. കുട്ടിക്കൃഷ്ണമാരാരുടെ ജാതിയെ ലക്ഷ്യമാക്കി അദ്ദേഹത്തെ “ചെണ്ടക്കാരൻ” എന്നു വിജയൻ വിളിച്ചതിനു് പ്രത്യേകിച്ചൊരു മാപ്പുകൂടി. ഒരു ഗർഭച്ഛിദ്രത്തിന്റെ കഥപറയുകയാണു ശ്രീ. ജി. എൻ. പണിക്കർ (മലയാളനാടു്-ലക്കം 4-“വേഗം അതിവേഗം” എന്ന കഥ). സ്വന്തം കാമാവേശംകൊണ്ടു ഗർഭിണിയായിത്തീർന്ന ഒരു തരുണിയുടെ പരിഭ്രമം മുഴുവൻ കലാത്മകമായി ആവിഷ്ക്കരിച്ചിട്ടുണ്ടു് ജി. എൻ. പണിക്കർ.

അഭിഭാഷകനും ജ്യൗതിഷികനുമായ ശ്രീ. എം. ആർ. കേരളവർമ്മയെക്കുറിച്ചു് ശ്രീ. കുട്ടനാടു് രാമകൃഷ്ണപിള്ള കുങ്കുമം വാരികയിലെഴുതിയിരിക്കുന്നു. നല്ല കഥാകാരനായ ശ്രീ. കെ. എൽ. മോഹനവർമ്മ കേരളവർമ്മയുടെ മകനാണു്. രാമകൃഷ്ണപിള്ളയുടെ ലേഖനത്തിനു് ഉചിതജ്ഞത എന്ന ഗുണമുണ്ടു്. സാഹിത്യപ്രവർത്തകസംഘത്തിന്റെ രജതജൂബിലിയാഘോഷത്തെക്കുറിച്ചു് ശ്രീ. കെ. ആനന്ദക്കുറുപ്പു് എഴുതുന്നു (കുങ്കുമം). ആഘോഷത്തെക്കുറിച്ചു വായനക്കാർക്കു് ആ ലേഖനം അറിവു നൽകുന്നു. ശീവോള്ളിയുടെ കവിത്വത്തെപ്പറ്റി ശ്രീ. അകവൂർ നാരായണൻ “മലയാളനാട്ടി”ൽ എഴുതിയ ലേഖനത്തിനും സംഗതത്വവും യുക്തതയുമുണ്ടു്. ഡോക്ടർ എസ്. കെ. നായരും ശീവോള്ളിക്കവിതയുടെ രാമണീയകത്തെക്കുറിച്ചു ഉപന്യസിക്കുന്നു (മലയാളരാജ്യം). പണ്ഡിതോചിതമായിട്ടുണ്ടു് അദ്ദേഹത്തിന്റെ പ്രബന്ധം.
“ധ്വന്യാലോക”ത്തെപ്പോലെയൊരു സാഹിത്യശാസ്ത്രഗ്രന്ഥം ഈ ലോകത്തു വേറൊരിടത്തുമില്ല. അരിസ്റ്റോട്ടിലി ന്റെ “പൊയറ്റിക്സ്” മഹാ കേമമാണെന്നു പറഞ്ഞുനടക്കുന്നവർ ധ്വന്യാലോകം ഒരു പ്രാവശ്യം വായിക്കട്ടെ. അതെഴുതിയ മഹാന്റെ മുൻപിൽ തല കുനിച്ചുനില്ക്കും: “പൊയറ്റിക്സ്” ദൂരെയെറിയും. വിശിഷ്ടമായ ഈ ഗ്രന്ഥം ശ്രീ. ചാത്തനാത്തു് അച്യുതനുണ്ണി തർജ്ജമ ചെയ്തു തുടങ്ങിയിരിക്കുന്നു. മനോരമവാരികയിലാണു് അതു പരസ്യംചെയ്യുന്നതു. ഗ്രന്ഥം തർജ്ജമ ചെയ്യുന്ന അച്യുതനുണ്ണിയും അതു പ്രസിദ്ധപ്പെടുത്തുന്ന മനോരമപ്പത്രാധിപരും ഭാഷയ്ക്കു വലിയൊരു സേവനമാണു ചെയ്യുന്നതു്. പക്ഷേ, അച്ചടിക്കുന്നതിൽ ഒരു തെറ്റു വന്നാൽ, ‘വൃഥാ’ എന്ന പദം “വ്റുഥാ” എന്നു് അച്ചടിച്ചാൽ സേവനംകൊണ്ടു പ്രയോജനമില്ല. മിസ്സിസ് കുന്നത്തൂർ ശിവശങ്കരപിള്ളയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധപ്പെടുത്തുന്ന “ഗഗനം” എന്ന മാസികയിൽ “കാവു പ്രകാശം” എന്ന സംസ്കൃതഗ്രന്ഥത്തിന്റെ തർജ്ജമയുണ്ടു്. പ്രശസ്ത പണ്ഡിതനായ ശ്രീ. കെ. കെ. പണിക്കരാണു ഗ്രന്ഥം തർജ്ജമ ചെയ്യുന്നതു്. ഈ തർജ്ജമകൊണ്ടു തന്നെ ‘ഗഗനം’ ഉത്കൃഷ്ടമാസികയായി ഭവിച്ചിരിക്കുന്നു.
കവിതയെക്കുറിച്ചു് മഹനീയമായ സങ്കല്പമാണു് എനിക്കുള്ളതെങ്കിലും ലയാത്മകത കൊണ്ടുമാത്രം രമണീയമായ കവിതയെ എനിക്കു് അംഗീകരിക്കാൻ കഴിയും: ലോലഭാവങ്ങൾക്കുമാത്രം സ്ഫുടീകരണം നൽകുന്ന കവിതയെ മാനിക്കാൻ കഴിയും. ആ നിലയിൽ ശ്രീ. ഗൗരീശപട്ടം ശങ്കരൻനായരുടെ ‘ദർശന’വും (കുങ്കുമം) ശ്രീ. കുരൂർ ശശിയുടെ ‘സ്വപ്നാടന’വും (മലയാളരാജ്യം) ഞാൻ ആഹ്ലാദത്തോടെ വായിച്ചു. “വൈലോപ്പിള്ളിയുടെ കവിത മനഃപീഡയുളവാക്കുമ്പോൾ ഇവരുടെ കവിതകൾ ആഹ്ലാദദായകങ്ങളാകുന്നുവോ?” എന്നു ചിലർ ചോദിക്കുന്നതു ഞാൻ കേൾക്കാതിരിക്കുന്നില്ല. “അതെ”, എന്നാണു് എന്റെ വിനയപൂർവമായ മറുപടി. മഹത്ത്വത്തിനു പരാജയം സംഭവിക്കാതിരിക്കണമെന്നാണു് നമ്മുടെ പ്രാർത്ഥന! പക്ഷേ, പ്രാർത്ഥിക്കാൻ മാത്രമല്ലേ നമുക്കു കഴിയൂ.
‘പ്രിവിപഴ്സി’ന്റെ അവകാശികളായ മഹാരാജാക്കന്മാരുടെയും നവാബുകളുടെയും ലൈംഗിക ജീവിതത്തിന്റെ കൊള്ളരുതായ്മകളെ വർണ്ണിക്കുന്ന ഒരു ഗ്രന്ഥം ജർമനിദാസ്സ് എന്നൊരു ദിവാൻ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ‘മഹാരാജാ’ എന്നാണു് അതിന്റെ പേരു്. ഭാരതീയരുടെ കാമശാസ്ത്രഗ്രന്ഥങ്ങൾ വായിച്ചു രസിക്കുന്ന ഹിപ്പികൾ ഈ ഗ്രന്ഥം വായിച്ചാൽ ഞെട്ടിപ്പോകുമെന്നാണു് “ഇൻഡ്യൻ എക്സ്പ്രസ്സ്” പറയുന്നതു്. ആ ഗ്രന്ഥത്തിലെ ഒരു ഭാഗം ഞാൻ സംഗ്രഹിച്ചെഴുതാം.

ഭരത്പൂരിലെ രാജാവായ കിഷൻസിങ്ങ് ചുവന്ന മാർബിൾ പതിച്ച ഒരു നീന്തൽക്കുളം നിർമ്മിച്ചു. അതിൽ ചന്ദനത്തടികൾകൊണ്ടു് ഇരുപതു പടികളുണ്ടാക്കി. ഓരോ പടിയിലും രണ്ടു സുന്ദരികൾ നഗ്നരായി നില്ക്കും. അങ്ങനെ ആകെ നാല്പതു നഗ്നസുന്ദരികൾ. മഹാരാജാവു പടികളിറങ്ങി വരുമ്പോൾ ഓരോ സുന്ദരിയെയും കടാക്ഷിക്കും, സ്പർശിക്കും, പിടിച്ചുവലിക്കും. അങ്ങനെ പലതും. ഒടുവിൽ നാല്പതു സുന്ദരികളും രാജാവിനോടൊരുമിച്ചു കുളത്തിലിറങ്ങും. ജലത്തിനു രണ്ടടിയേ താഴ്ചയുള്ളൂ. ഓരോ സുന്ദരിയും പൊക്കിളിനു താഴെയായി ഓരോ മെഴുകുതിരി കത്തിച്ചു കെട്ടിവച്ചിരിക്കും. സുന്ദരികൾ കുളത്തിലിറങ്ങിയാൽ ഉടൻ വൈദ്യുതദീപങ്ങൾ പൊലിയുകയായി മെഴുകുതിരികൾ കെടുത്താനുള്ള യത്നവും അതോടൊന്നിച്ചു നടക്കുന്നു. അങ്ങനെ മുപ്പത്തിയൊമ്പതു മെഴുകുതിരിയും കെടുത്തിക്കളയുന്നു. അവസാനത്തെ മെഴുകുതിരി പൊലിഞ്ഞുപോകാതെ സൂക്ഷിക്കുന്നതു് ഏതു സുന്ദരിയാണോ അവൾ അന്നു മഹാരാജാവിനോടൊരുമിച്ചു ശയനാഗാരത്തിൽ കഴിയുന്നു.
ഗ്രന്ഥം മുഴുവനും ഇങ്ങനെയുള്ള സംഭവങ്ങൾകൊണ്ടു നിറച്ചിരിക്കുകയാണു്. ഒരു ദിവാൻ എഴുതിയതുകൊണ്ടു് ഇതൊക്കെ സത്യവുമായിരിക്കാം. എങ്കിലും ഇതൊരു സ്വഭാവഹനനമല്ലേ? ശവത്തെ കുത്തുന്ന ഏർപ്പാടല്ലേ ഈ ദിവാൻജി ചെയ്യുന്നതു്. രാജാക്കന്മാർക്കു മാത്രമേയുള്ളോ ഇത്തരം കുത്സിതപ്രവർത്തനങ്ങൾ? അവരുടെ നിന്ദ്യകർമ്മങ്ങളെ ഇന്നു നാം തുറന്നു കാണിക്കുന്ന ദിവാൻജിയുടെ ധൈര്യം മറ്റുള്ളവരുടെ കാര്യത്തിലും പ്രകടീഭവിക്കാത്തതു എന്തുകൊണ്ടാണു്? ഇങ്ങനെ അനേകം ചോദ്യങ്ങൾ നാം ചോദിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷേ, അങ്ങനെയെല്ലാം ചോദിക്കുന്നതു നമ്മുടെ ബുദ്ധി ശൂന്യതയാലായിരിക്കാം. സ്വഭാവവധം നടക്കുമ്പോൾ അതിൽ രസിക്കാത്തവൻ മണ്ടൻ-ഇതാണു് ഇന്നത്തെ അഭിപ്രായം. ചേരയെത്തിന്നുന്ന നാട്ടിൽ ചെല്ലുമ്പോൾ നടുക്കണ്ടം തിന്നണമല്ലോ. അല്ലെങ്കിൽ അവൻ ഗളഹസ്തം ചെയ്യപ്പെടും.