“ഞാൻ വായനശാലയിൽ പോയി. അവിടെയാകെ അലമാരികൾ. അലമാരികൾ നിറയെ പുസ്തകങ്ങൾ. എല്ലാം നല്ല പുസ്തകങ്ങൾ: വിശേഷിച്ചും രണ്ടെണ്ണം ഉത്തമങ്ങളായ ഗ്രന്ഥങ്ങൾ. രണ്ടും എടുത്തു വീട്ടിൽക്കൊണ്ടുപോരണമെന്നുണ്ടായിരുന്നു എനിക്കു്. എങ്കിലും ഫലമെന്തു്? ഒരേ സമയത്തു രണ്ടു പുസ്തകങ്ങൾ വായിക്കുന്നതു് എങ്ങിനെ? ഒന്നല്ലേ വായിക്കാൻ പറ്റൂ. അതിനാൽ ഞാൻ ഒരു പുസ്തകം മാത്രം എടുത്തു.” എന്റെ ഈ വാക്യങ്ങൾക്കു ഭംഗിയില്ലായിരിക്കാം. പക്ഷേ, അവയ്ക്കു സ്പഷ്ടത ഇല്ലെന്നു് ആരും പറയുകയില്ല. ഈ വാക്യങ്ങൾ പ്രദാനം ചെയ്യുന്ന ആശയങ്ങൾ തന്നെ ഇന്നത്തെ ഒരു കഥാകാരനു് ആവിഷ്ക്കരിക്കാനുണ്ടെന്നിരിക്കട്ടെ. അയാൾ എഴുതുന്നതു് ഇങ്ങനെ അവക്രമായ രീതിയിലായിരിക്കുകയില്ല. സങ്കീർണ്ണമായ മട്ടിൽ, ദുർഗ്രഹമായ രീതിയിൽ അയാൾ എഴുതിയേക്കും:

“കിളി കാട്ടിലേക്കു പറന്നു. അവിടെയാകെ വൃക്ഷങ്ങൾ. വൃക്ഷങ്ങളിലാകെ ഇലകൾ. കൊഴുത്തുമിനുത്തു് ഇലകൾ. രണ്ടിലകൾക്കു ഭംഗി കൂടുതലുണ്ടു്. രണ്ടിലകളിലുംകൂടി ഒരുമിച്ചിരിക്കണമെന്നുണ്ടായിരുന്നു കിളിക്കു്. എങ്കിലും അതു് എങ്ങനെയാണു കഴിയുക. ഒരു സമയത്തു കിളിക്കു് ഒരിലയിലല്ലേ ഇരിക്കാൻ പറ്റു. കിളി ഒരിലയിൽ ഇരുന്നു.” ഈ വാക്യങ്ങൾ വായിക്കുന്നയാളിനു് അവയുടെ വാച്യാർത്ഥം മാത്രമേ മനസ്സിലാകൂ. ആ വാച്യാർത്ഥത്തിനല്ല സാംഗത്യമെന്നു് എഴുത്തുകാരൻ പ്രസ്താവിച്ചാൽ, “ഇതു ദുർഗ്രഹമാണു്” എന്നു വായനക്കാരൻ പ്രസ്താവിക്കും. ഉടനെ എഴുത്തുകാരൻ വായനക്കാരനെ വിഡ്ഢിയെന്നും വിവരമില്ലാത്തവനെന്നും മറ്റും വിളിക്കാൻ തുടങ്ങും. ഒന്നിനു പകരം മറ്റൊന്നു പറഞ്ഞാൽ കലയായി എന്നു പലരും തെറ്റിദ്ധരിച്ചു വച്ചിരിക്കുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നതു്. “സൂര്യൻ ഉദിച്ചില്ല” എന്നു പറയുന്നതിനു പകരം “ശങ്കരപിള്ള കിടക്കയിൽ നിന്നു് എണീറ്റില്ല” എന്നെ ഇക്കൂട്ടർ പറയൂ. ഞാൻ ആരെയും പരിഹസിക്കുകയല്ല. സത്യത്തിലേക്കു കൈ ചൂണ്ടുകയാണു്. ഇമ്മട്ടിലുള്ള ലാക്ഷണികപ്രസ്താവങ്ങൾക്കു കലയുമായി ഒരു ബന്ധവുമില്ല. അവ അലങ്കാരവിദ്യയുടെ സന്തതികൾ മാത്രമാണു്. 5-ാം ലക്കം “മലയാളനാട്ടി”ന്റെ 22-ാം പുറത്തിൽ പരസ്യപ്പെടുത്തിയിരിക്കുന്ന ചെറുകഥ വായിച്ചുനോക്കുക (ശ്രീ. ടി.ആർ. എഴുതിയ “എന്റെ വീട്ടിൽ ചോളം സൂക്ഷിക്കുന്നതു് എവിടെയാണു്?”). ആദ്യത്തെ വായനകൊണ്ടു് അർത്ഥം പിടികിട്ടുകയില്ല ആർക്കും. പല പരിവൃത്തി വായിക്കുമ്പോൾ കഥാകാരൻ വർണ്ണിക്കുന്നതു ലൈംഗികവേഴ്ചയാണെന്നു മനസ്സിലാകും. ഗർഭാധാരണം നടക്കുന്നില്ലെന്നും നാം ഗ്രഹിക്കും. ചോളം ഗർഭസ്ഥശിശുവാണെന്ന വസ്തുത ഒരുപക്ഷേ, മനസ്സിലായിയെന്നു വരാം, മനസ്സിലായില്ലെന്നും വരാം. ‘മാതൃഭൂമി’യുടെ 14-ാം ലക്കത്തിൽ ശ്രീ. എൻ. എസ്. മാധവൻ എഴുതിയിട്ടുള്ള “പക്ഷി” എന്ന കൊച്ചുകഥ നോക്കുക. കടൽക്കാക്ക, അതിന്റെ വയറ്റിലെ മുട്ട, മുട്ട പുറത്തേക്കു പോരാൻ സഹായിക്കുന്ന സുഷിരം, അതു കണ്ടു ഞെട്ടുന്ന കുട്ടി ഇങ്ങനെ കുറെക്കാര്യങ്ങൾ പരാമർശിക്കപ്പെടുന്നു. ഒടുവിൽ കുട്ടിയുടെ തലയോടിന്റെ മുറിവിൽനിന്നു് ഒരു കൂണു മുളച്ചതായി ഒരു പ്രസ്താവവും. ജനനമെന്ന പ്രക്രിയയുടെ മഹാദ്ഭുതമാകാം ഈ കഥാകാരൻ പ്രതിപാദിക്കുന്നതു്. ഇവിടെയും ഒന്നിനു പകരം മറ്റൊന്നു പറഞ്ഞാൽ സാഹിത്യമാകും എന്ന തെറ്റിദ്ധാരണയാണു് ഉള്ളതു്. വായനക്കാരനു് അമ്പരപ്പു് ഉളവാക്കലാണു സാഹിത്യത്തിന്റെ ധർമ്മമെന്നു് ഇവർ രണ്ടുപേരും ധരിച്ചുവച്ചിരിക്കുന്നുവെന്നാണു നാം ഈ കലാഭാസങ്ങളിൽനിന്നു മനസ്സിലാക്കുക. ഇങ്ങനെയുള്ളവരെ മുൻകൂട്ടി കണ്ടുകൊണ്ടു ഗോയ്ഥേ പറഞ്ഞു: “പ്രാചീനർ ജീവിതത്തെ ചിത്രീകരിച്ചു. നാം പരമഫലത്തെ ചിത്രീകരിക്കുന്നു. അവർ ഭയജനകമായതു് ആവിഷ്ക്കരിച്ചു. നാം ഭയപ്പെടുത്തുന്ന മട്ടിൽ ആവിഷ്കരിക്കുന്നു.” വായനക്കാരനെ ചലിപ്പിക്കാൻവേണ്ടിമാത്രം കരുതിക്കൂട്ടി സാഹിത്യം രചിക്കുന്നവരെ ഗോയ്ഥേ തുടർന്നുള്ള വാക്യങ്ങളിലും പരിഹസിക്കുന്നുണ്ടു്. പക്ഷേ, ഗോയ്ഥേ തുടങ്ങിയവരെ പഴയ പയ്യന്മാരെന്നാണു് ഇപ്പോഴത്തെ സാഹിത്യകാരന്മാർ വിളിക്കുന്നതു്. പഴയ പയ്യനോ പുതിയ പയ്യനോ ആരുമാകട്ടെ. ഗോയ്ഥേ പറഞ്ഞതാണു സത്യം. കഥ സ്വയം സംസാരിക്കണം. കഥാകാരൻ അതിൽ കയറിനിന്നു സംസാരിക്കരുതു്. ടി.ആർ. എന്ന കഥാകാരൻ സ്വന്തം കഥയിൽ ചാടിക്കയറിനിന്നു് അശ്ലീലം വിളമ്പുന്നു. മാധവൻ അത്രകണ്ടു് അശ്ലീലം വിളമ്പുന്നില്ല എന്നേയുള്ളൂ. രണ്ടുപേരുടേയും കൃതികൾ വികൃതികളാണു്; കലാഭാസങ്ങളാണു്; കപടരചനകളാണു്. എന്നാൽ അത്യന്താധുനികതയെ ആശ്ലേഷിച്ചുനടക്കുന്ന ശ്രീ. എം. പി. നാരായണപിള്ള മനോഹരമായ ഒരു കഥയെഴുതിയിരിക്കുന്നു (മാതൃഭൂമി). ഒരു ക്യാഷ്യർ “ക്യാഷ്ബോക്സ്” അടച്ചപ്പോൾ ആയിരംരൂപാ കുറവുള്ളതായിക്കണ്ടു. അയാൾ സുഹൃത്തായ മറ്റൊരു ക്യാഷ്യറെ സമീപിച്ചിരിക്കയാണു സഹായിക്കാനുള്ള അഭ്യർത്ഥനയുമായി. രണ്ടാമത്തെ ക്യാഷറുടെ ധർമ്മബോധം ഉണരുന്നു. അയാളുടെ ചിത്തചാഞ്ചല്യത്തേയും ധർമ്മതൽപരതയേയും കലാസുന്ദരമായി നാരായണപിള്ള ചിത്രീകരിക്കുന്നു. ഇവിടെ അത്യുക്തിയില്ല, കലാകാരന്റെ ഭാഷ്യമില്ല. കല കലയെ മറച്ചുവയ്ക്കുന്നു. അത്യാന്താധുനികർ ഇമ്മട്ടിലെഴുതിയാൽ ആർക്കു പരാതിപ്പെടാൻ അവകാശം? മലയാള നാട്ടിൽ ഒരു ചെറുകഥകൂടിയുണ്ടു് നമ്മുടെ നിരൂപണത്തിനു വിധേയമാകേണ്ടതായി; ശ്രീ. മുരളീധരൻ എഴുതിയ ‘മരണത്തിന്റെ മണം’. അച്ഛന്റെ മരണത്തിൽ ആകുലനാകുന്ന മകനെയാണു് ആ കഥയിൽ നാം കാണുക. പക്ഷേ, മുരളീധരന്റെ കൗതുകം മുഴുവൻ ബഹുശബ്ദത്വത്തിൽ വിലയം കൊള്ളാനാണു്. സംവേദനങ്ങൾക്കും വികാരങ്ങൾക്കും രൂപം നൽകുന്ന യഥാർത്ഥകലാകാരൻ ഇങ്ങനെ ബഹുഭാഷിതയിൽ തല്പരനാവുകയില്ല.

ഞാൻ ഏറ്റവും ബഹുമാനിക്കുന്ന തത്ത്വചിന്തകൻ ബനിഡറ്റോ ക്രോച്ചെ യാണു്. ഞാൻ ഏറ്റവും ബഹുമാനിക്കുന്ന കവി ഖലീൽ ജിബ്രാനാ ണു്. അതിനാൽ ക്രോച്ചെയേയും ജിബ്രാനേയും കുറിച്ചു ഞാൻ ഈ ലേഖനപരമ്പരയിൽ പലപ്പോഴും പറഞ്ഞിട്ടുണ്ടു്. ഇനി പറഞ്ഞു പോയെന്നും വരാം. ഈ ആവർത്തനം വായനക്കാർ സദയം ക്ഷമിക്കുക. ക്രോച്ചെ “അഭിലാഷങ്ങളുടെ പാപ”ത്തെക്കുറിച്ചു് ഉപന്യസിച്ചിട്ടുണ്ടു്. എന്താണു് “അഭിലാഷങ്ങളുടെ പാപം?” (Sins of desire) ഭാര്യയെ എപ്പോഴും പീഡിപ്പിക്കുന്ന ഭർത്താവു് രോഗിയായി വീണുവെന്നിരിക്കട്ടെ. ആ രോഗം പ്രാണഹരമാണെന്നും ഇരിക്കട്ടെ. ഭാര്യ ഭർത്താവിനെ വളരെ ശ്രദ്ധയോടെ ശുശ്രൂഷിക്കുന്നു, എങ്കിലും അവളുടെ ഹൃദയത്തിന്റെ കോണിൽ ഈ പീഡകൻ മരിച്ചെങ്കിൽ എന്ന അഭിലാഷം കാണും. മേലുദ്യോഗസ്ഥൻ ഹൃദയസ്തംഭനംകൊണ്ടു മരിക്കുന്നു, അയാളുടെ തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥൻ ദുഃഖിക്കുന്നു, അനുശോചനസമ്മേളനത്തിൽ പ്രസംഗിക്കുന്നു. എങ്കിലും അയാളുടെ ഉള്ളിന്റെ ഉള്ളിൽ ഉദ്യോഗക്കയറ്റത്തിനു സാഹായ്യം നൽകിയ കാലനോടു കൃതജ്ഞത കാണും. അതോടൊപ്പം ആഹ്ലാദവും. ഇവയൊക്കെയാണു് “അഭിലാഷങ്ങളുടെ പാപം” അല്ലെങ്കിൽ പാപാത്മകങ്ങളായ അഭിലാഷങ്ങൾ. കുങ്കുമം വാരികയുടെ 41-ാം ലക്കത്തിൽ ശ്രീ. ടി. ജി. വിജയാവാരിയർ ഒരു സാധാരണസ്ത്രീയെ അവതരിപ്പിക്കുന്നു. വൃദ്ധനാണു് അവളുടെ ഭർത്താവു്. അയാളെ നിർവ്യാജമായി സ്നേഹിച്ചുകൊണ്ടു്, അവൾ വ്യഭിചരിക്കുന്നു. ഇതു മനഃശാസ്ത്രപരമായ അസാദ്ധ്യതയാണു്. ചെറുപ്പക്കാരിക്കു് കിഴവനായ കാമുകൻ കാണുകയില്ല. കിഴവനായ ഭർത്താവുണ്ടെങ്കിൽ സ്നേഹിക്കാനും കഴിയുകയില്ല. പിന്നെ, സ്നേഹം ഭാവിക്കും. അത്രേയുള്ളൂ. വിജയാവാരിയരുടെ കഥ ഈ നിലയിൽ പരാജയമത്രേ. മുപ്പത്തിയഞ്ചു വയസ്സു പ്രായം വരുന്ന ഒരു സ്ത്രീ പതിനാറുവയസ്സുള്ള ഒരു ബാലനെ ബലാത്ക്കാരസംഭോഗത്തിൽ പങ്കെടുപ്പിക്കുന്നതാണു് ശ്രീമതി തങ്കമ്മ എസ്. രാമൻ കുങ്കുമം വാരികയിൽ എഴുതിയ “ന്യായവിധി” എന്ന കഥയുടെ പ്രതിപാദ്യം. ആ ബാലനും അതിൽ താൽപര്യമുണ്ടെങ്കിലും ഞാനിതിനെ ബലാത്ക്കാരഘർഷണമായിട്ടുതന്നെ കാണുന്നു. സൗന്ദര്യത്തിന്റെ അടുക്കൽ വൈരൂപ്യമിരിക്കുമ്പോൾ അതിന്റെ വൈരൂപ്യം വർദ്ധിച്ചുകാണും. സൗന്ദര്യത്തിന്റെ അടുത്തിരിക്കാതെതന്നെ മനുഷ്യനെ ഓക്കാനിപ്പിക്കുന്ന വിരൂപമായ ഒരു ചെറുകഥയാണിതു്. ശ്രീ. വി. ആർ. ഗോവിന്ദനുണ്ണി “മംഗളോദയ”ത്തിന്റെ മേയ്–ജൂൺ ലക്കത്തിലെഴുതിയ “മിഥ്യ” എന്ന കഥയും വമനേച്ഛാജനകമാണു്; അശ്ലീലതകൊണ്ടല്ല, കലാരാഹിത്യംകൊണ്ടു്. ഒരുത്തനു് ഒരു പെണ്ണിനെ കാണിച്ചുകൊടുത്തു. അവൾ സുന്ദരി. കല്യാണസമയത്തു് വധുവായി വന്നതു വേറൊരുത്തി. അവളെ കൊന്നു. അല്ലെങ്കിൽ ആത്മഹത്യയ്ക്കുള്ള സൗകര്യം ഉണ്ടാക്കിക്കൊടുത്തു. അവളുടെ മരണത്തിനു ശേഷം അയാൾ മറ്റൊരുത്തിയെ വിവാഹം ചെയ്തു. കഥ തീർന്നു. ഇതു് എന്തിനു് ഇവിടെ നിറുത്തിയെന്നു് എനിക്കറിഞ്ഞുകൂടാ. അവളുടെ സൗന്ദര്യം നഷ്ടപ്പെട്ടപ്പോൾ അവളെയും നിഗ്രഹിക്കാമായിരുന്നല്ലോ. പിന്നെയും ആകാമായിരുന്നല്ലോ വിവാഹം. അങ്ങനെ അനന്തങ്ങളായ വധങ്ങളും വിവാഹങ്ങളും. കലയുടെ നാട്യം കൊണ്ടു് മനുഷ്യനു മടുപ്പുണ്ടാക്കുന്നു ഈ കഥ. തങ്കമ്മയ്ക്കും ഗോവിന്ദനുണ്ണിക്കും കലയുടെ രഹസ്യം അറിഞ്ഞുകൂടെന്നു് മൃദുലഭാഷയിൽ പറയട്ടെ. സിറിൽ സൈമൺ എന്ന സുഹൃത്തിനെ അഭിസംബോധനചെയ്തുകൊണ്ടു് ശ്രീ. ചെറമംഗലം രാധാകൃഷ്ണൻ സ്ത്രീയെക്കുറിച്ചും പ്രേമത്തെക്കുറിച്ചും അനുസ്യൂതമൊഴുകുന്ന ജീവിതത്തെക്കുറിച്ചും പലതും പറയുന്നു (മലയാളരാജ്യം ലക്കം 49-യുദ്ധകാണ്ഡം എന്ന ചെറുകഥ). ഒരു ഉപന്യാസത്തിന്റെ ജീവനില്ലായ്മയാണു് ഞാൻ ഇതിൽ കണ്ടതു്. മറാഠിയിലെ പ്രശസ്തനായ കഥാകാരനാണു് മധു മംഗേശ് കർണിക്. അദ്ദേഹത്തിന്റെ ഒരു ചെറുകഥ—നാലുകന്യകമാർ—ശ്രീ. വി. ഡി. കൃഷ്ണൻനമ്പ്യാർ തർജ്ജമചെയ്തതു് “വിജ്ഞാനകൈരളി”യുടെ ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. വിവാഹപ്രായമെത്തിയ പെൺകുട്ടികളുടെ മനശ്ചാഞ്ചല്യം മുഴുവൻ ഈ കഥയിൽ പ്രതിഫലിക്കുന്നു. വിവാഹത്തിന്റെ കാര്യം വരുമ്പോൾ സഹോദരി എങ്ങനെ മറ്റൊരു സഹോദരിയെ ചതിക്കും എന്നും കഥാകാരൻ കാണിച്ചുതരുന്നു. ആകർഷകത്വമുള്ള ഈ മറുനാടൻപൂവിനെ കേരളത്തിലേക്കു കൊണ്ടുവന്ന കൃഷ്ണൻ നമ്പ്യാർ അഭിനന്ദനം അർഹിക്കുന്നു. വാച്ച് നിന്നുപോകുമ്പോൾ സമയം ശരിയാക്കിവയ്ക്കാൻ വേണ്ടിയാണു് ഞാൻ എന്റെ റേഡിയോ ഉപയോഗിക്കുന്നതു്. അങ്ങനെ റേഡിയോയുടെ ഗർജ്ജനം കേൾക്കാതെ ഞാൻ സ്വൈരജീവിതം നയിക്കുന്നു. ഒരിക്കൽ സമയം അറിയാൻ റേഡിയോയുടെ സ്വിച്ച് തിരിച്ചപ്പോൾ ഒരു ചെറുകഥ കേട്ടു: ആദ്യംതൊട്ടു് അവസാനം വരെയും. കുഞ്ഞിനോടു് അമ്മയ്ക്കു തോന്നുന്ന സ്നേഹത്തെ കഥാകാരി ശ്രീമതി ഇടപ്പഴിഞ്ഞി ജി. സരസ്സമ്മ ഒട്ടൊക്കെ ഹൃദ്യമായി ആവിഷ്ക്കരിച്ചുവെന്നു് എനിക്കു തോന്നി. ആ അമ്മയുടെ ബാല്യകാലത്തിന്റെ ഗർഹണീയത ആലേഖനം ചെയ്തതു് വാത്സല്യത്തിന്റെ സാന്ദ്രത കൂട്ടുകയും ചെയ്തു. “ചവിട്ടിക്കയറിയ പടവുകൾ” എന്നായിരുന്നു കഥയുടെ പേരു്, “കാതിനു വേണ്ടിയുള്ള വാക്കുകൾ കണ്ണിനുവേണ്ടിയല്ല” എന്ന സത്യം വിസ്മരിച്ചല്ല ഞാനിതു പറയുന്നതു്. കഥ അച്ചടിച്ചു വന്നാൽ എങ്ങനെയിരിക്കുമെന്നു് എനിക്കു് ഇപ്പോൾ പറയാൻ വയ്യ.

1942-ൽ ഏതോ ഒരു ദിവസം ഞാൻ തിരുവനന്തപുരത്തു വഞ്ചിയൂരുള്ള ശ്രീ. ചിത്തിരതിരുന്നാൾ വായനശാലയിൽ ചെന്നുകയറിയപ്പോൾ ചങ്ങമ്പുഴ കൃഷ്ണപിള്ള മാതൃഭൂമിവാരികകളിൽ നിന്നു് തന്റെ കവിതകൾ പകർത്തിയെടുക്കുന്നതു കണ്ടു. ഞങ്ങൾ സംഭാഷണം ചെയ്യാൻ തുടങ്ങി. ചങ്ങമ്പുഴ അപ്പോൾ എന്നോടു പറഞ്ഞു: “ശാസ്ത്രീയവിഷയങ്ങളെക്കുറിച്ചു് കെ. ഭാസ്ക്കരൻനായർ എഴുതുന്ന ലേഖനങ്ങൾ മാത്രം ഞാൻ വായിക്കാറുണ്ടു്. അവയ്ക്കു സൗന്ദര്യമുണ്ടു്.” മലയാളനാടുവാരികയിൽ ഡോക്ടർ കെ. ഭാസ്ക്കരൻനായർ എഴുതിയ ‘മുൾക്കിരീടം’ എന്ന ലേഖനം വായിച്ചപ്പോൾ ഞാൻ ചങ്ങമ്പുഴ പറഞ്ഞ പരമാർത്ഥം ഓർമ്മിക്കുകയുണ്ടായി. ഈ ലേഖനം ഈ വാരികയ്ക്ക് ഒരു അലങ്കാരമാണു്. ശ്രീ. പോഞ്ഞിക്കര റാഫി യും സെബീന റാഫി യും എഴുതുന്ന ‘ഹിപ്പിമതത്തിന്റെ വേരുകൾ’ എന്ന ലേഖനത്തിനും പ്രാധാന്യമുണ്ടു്. പക്ഷേ, ഡോക്ടർ മോഡി യെക്കുറിച്ചു് ശ്രീ. കെ. പി. വിജയൻ എഴുതിയ ലേഖനംവായിച്ചപ്പോൾ ഞാൻ അസ്വസ്ഥനായി. രണ്ടു കൊല്ലംമുൻപു് ഒരുകണ്ണിനു കാഴ്ചനശിച്ച ഒരു കുട്ടിയേയുംകൊണ്ടു് ഞാൻ മോഡിയെ കാണാൻപോയി. വെയിലത്തു് ഏഴു മണിക്കൂറോളം “ക്യൂ”നിന്നപ്പോൾ ഡോക്ടറെ കാണാൻ സാധിച്ചു. ഒരു ടോർച്ചുലൈറ്റ് കുട്ടിയുടെ കണ്ണിലേക്കു തെളിച്ചിട്ടു മോഡി ഒന്നു തലകുലുക്കി. ഞാൻ കാര്യം ചോദിച്ചു. കരുണാരഹിതമായ മൗനംമാത്രം ഉത്തരം. കൂടെനിന്ന ഡോക്ടറന്മാരിൽ ഒരാൾ ഒരു ചുവന്നകാർഡ് എന്റെ കൈയിൽത്തന്നു. അതിന്റെ അർത്ഥം എന്താണെന്നു് വെളിയിൽ വന്നപ്പൊഴേ എനിക്കു മനസ്സിലായുള്ളൂ. മൂന്നാം ദിവസം വീണ്ടും ചെല്ലണം. അതു മനസ്സിലാക്കാൻത്തന്നെ ഞാൻ വളരെ പാടുപെട്ടു. ആ ദിവസവും വന്നുചേർന്നു. വീണ്ടും വെയിലത്തുള്ള “ക്യൂ”. ആറുമണിക്കൂർ നേരം നിന്നു ശരീരം പൊള്ളിച്ചപ്പോൾ ഡോക്ടറെ കാണാൻ കഴിഞ്ഞു. വീണ്ടും ടോർച്ചുലൈറ്റിന്റെ പ്രകാശം കുട്ടിയുടെ കണ്ണിൽ വീഴുന്നു. വീണ്ടും തലകുലുക്കം. പൊയ്ക്കൊള്ളാൻവേണ്ടിയുള്ള മറ്റൊരു ഡോക്ടറുടെ കൈവീശൽ, അത്രതന്നെ. ഞാൻ നിരാശതയോടെ കോട്ടയത്തുനിന്നു തിരുവനന്തപുരത്തേക്കു മടങ്ങിപ്പോന്നു. വിജയൻ പറയുന്ന മഹത്ത്വമൊന്നും ഞാൻ മോഡിയിൽ കണ്ടില്ല. ഒരുപക്ഷേ, ഇതു് എനിക്കുമാത്രമുണ്ടായ അനുഭവമായിരിക്കാം, അങ്ങനെയാണെങ്കിൽ ഞാൻ പറഞ്ഞതെല്ലാം പിൻവലിക്കുന്നു. പക്ഷേ, ഒരു സംശയം. തിരുവനന്തപുരത്തെ വിദഗ്ദ്ധരായ നേത്രചികിത്സകർക്കു് ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത ഏതു നേത്രരോഗമാണു് ഡോക്ടർ മോഡി ചികിത്സിച്ചു ഭേദമാക്കിയിട്ടുള്ളതു്! നിശ്ശബ്ദമായ സേവനമെവിടെ? പ്രകടനാത്മകതയെവിടെ?

ഭാരതമേ! നിന്റെ പ്രഭാതം എത്രയെത്ര ഉജ്ജ്വലങ്ങളായ വൈദികഗാനങ്ങൾക്കു പ്രേരകമായില്ല! രാത്രിയുടെ ഭീകരതാണ്ഡവം തുടങ്ങുമ്പോൾ ഭാരതീയർ ഉഷസ്സിനെ വിളിക്കുകയായി. “പ്രഭാതമേ, ഞങ്ങൾ വളരെക്കാലമായി സ്നേഹിക്കുന്ന പ്രഭാതമേ, നീ തിരിച്ചുവരുമോ? പ്രകാശത്തിന്റെ ദൈവതം അന്ധകാരത്തിന്റെ ശക്തികളെ നിർമ്മാർജ്ജനം ചെയ്യുമോ?” ഈ ആഹ്വാനം കേട്ടിട്ടാവാം പ്രഭാതം വന്നെത്തുന്നു. ദുഷ്കാവ്യത്തിന്റെ അന്ധകാരം വ്യാപിച്ചിരിക്കുന്ന കേരളത്തിൽ സഹൃദയന്മാർ സൽകാവ്യത്തിന്റെ പ്രകാശം കാണുവാൻ കൊതിക്കുകയാണു്. അവർ ഹൃദയവേദനയോടെ ആഹ്വാനം നടത്തുന്നു; “ദേവതേ വന്നാലും, ഞങ്ങളുടെ അടുത്തെത്തിയാലും, ഞങ്ങളെ ആഹ്ലാദിപ്പിച്ചാലും.” പക്ഷേ, വന്നെത്തുന്നതു് ഉഷസ്സല്ല, പ്രകാശമല്ല. സംശയമുണ്ടോ? എന്നാൽ ജനയുഗം വാരികയിൽ ശ്രീ. വി. ദിവാകരൻ നായർ, കല്പകശ്ശേരി എഴുതിയ “ചങ്ങമ്പുഴ” എന്ന കവിത നോക്കുക.
പൊട്ടിത്തകർന്നൊരു പുല്ലാങ്കുഴലുപോൽ
പട്ടുകൾകൊണ്ടുപൊതിഞ്ഞൊരു നിൻജഡം
ഇജ്ജഗത്തിന്നുമറക്കുവാനാവാത്തൊ-
രുജ്ജ്വലതാരമായ് നിൽപ്പു സ്മരണയിൽ
ഇവിടെ കവിതയില്ല. മാറ്റൊലിയേയുള്ളൂ. ദുഷ്കവിതയുടെ അന്ധകാരമേയുള്ളൂ. ഇപ്പോൾ കേൾക്കുന്നു വേറൊരു ശബ്ദം. ഓട്ടൂർ ഉണ്ണിനമ്പൂതിരിപ്പാടിന്റെ ‘ഗോകുലചന്ദ്രൻ’ (മാതൃഭൂമി വാരിക) എങ്ങനെയിരിക്കുന്നു? നല്ല ശ്ലോകങ്ങൾ. പക്ഷേ, ഈ ആവർത്തനം എത്ര കാലമാണു് കേരളീയർ സഹിക്കേണ്ടതു്. ഒരു അഭിവീക്ഷണം ഇല്ലാതെ മനോഹരപദങ്ങൾകൊണ്ടുള്ള പന്താട്ടം എത്രകാലം നമ്മൾ കാണണം?
അത്യന്താധുനികരുടെ ഒരാചാര്യനാണു റോബേ ഗ്രിയേ. അദ്ദേഹത്തിന്റെ Voyeur, Jealousy എന്നിങ്ങനെ രണ്ടു നോവലുകൾ ഞാൻ വായിച്ചു. ആദ്യത്തെ നോവലിൽ നായകന്റെ ഉന്മാദം കാണാം. 8 എന്ന സംഖ്യ ആവർത്തിച്ചു കാണിച്ചു വായനക്കാരനും ആ ഉന്മാദം ഉളവാക്കുന്നു ഗ്രന്ഥകാരൻ. രണ്ടാമത്തെ നോവലിൽ ‘കണ്ണി’നാണു പ്രാധാന്യം. എല്ലാം കാഴ്ചയാണു്. സാധാരണമായ കാഴ്ചയല്ല. ഉന്മാദജനകമായ കാഴ്ച. എന്താണിതിന്റെയൊക്കെ അർത്ഥം? അത്യന്താധുനികസാഹിത്യം വായിച്ചു ഞെട്ടിക്കൊള്ളണമെന്നല്ലാതെ അതിന്റെ അർത്ഥം ചോദിക്കരുതല്ലോ. അതുകൊണ്ടു് ഞാൻ മൗനം അവലംബിക്കുന്നു. രാത്രിയിലാണു ഞാൻ ഇതെഴുതുന്നതു്. എന്റെ വായനക്കാർ ഉറങ്ങുകയാണു്. പ്രിയപ്പെട്ട വായനക്കാരേ, ഉറങ്ങൂ. ഉറങ്ങൂ! ഉറങ്ങുന്ന നേരമെങ്കിലും നിങ്ങൾക്കു മലയാളസാഹിത്യം—ആധുനിക മലയാളസാഹിത്യം—വായിക്കാതിരിക്കാമല്ലോ.