
പ്രകൃതിയാകെ നേരിയ നിലാവു പുതച്ചുറങ്ങുന്നു. എല്ലാം ശാന്തം. ഇന്നുച്ചയ്ക്കു തീക്ഷ്ണമായ ഹരിതപ്രഭ പ്രസരിപ്പിച്ചിരുന്നു ഇലച്ചാർത്തുകൾ. ഈ രാത്രിയിൽ നിലാവുവീണപ്പോൾ അവയുടെ തീക്ഷ്ണത മാറിപ്പോയിരിക്കുന്നു. കുത്തുവാക്കുകൾകൊണ്ടു അന്യരെ വേദനിപ്പിക്കുന്ന ഖലന്മാരെപ്പോലെ സ്വന്തം ദുഷ്ടത മുള്ളുകളിലൂടെ വ്യക്തമാക്കി അതാ അകലെ നില്ക്കുന്നു കള്ളിച്ചെടികൾ. അവയുടെ മുള്ളുകൾക്കും വന്നിട്ടുണ്ടു മൃദുലത. ഭംഗിയാർന്ന ഈ ഭൂവിഭാഗം ഉത്തമമായ കലാസൃഷ്ടിതന്നെ. എന്നാൽ നിലാവിന്നു കൂടുതൽ ശോഭയുണ്ടായെന്നു സങ്കൽപ്പിക്കൂ. ഇലകൾക്കു കൂടുതൽ തിളക്കം ഉണ്ടാകും. ആ തിളക്കം അതിരുകടന്ന കാല്പനികത്വത്തിന്റേതാണു്. അതു് അയഥാർത്ഥമാണു്. നേരംവെളുത്തുവെന്നും ഈ ഭൂവിഭാഗം സൂര്യപ്രകാശത്തിൽ മുങ്ങിയെന്നും വിചാരിക്കൂ. തീക്ഷ്ണ ശോഭപ്രസരിപ്പിക്കുന്ന ഹരിതപത്രങ്ങളും ക്രൂരതയാർന്നകള്ളിമുള്ളുകളും റീയലിസത്തിലേക്കു നമ്മെ കൊണ്ടുചെല്ലും. അതോടെ നാം “അസുന്ദരം അസുന്ദരം” എന്നു് ഉദ്ഘോഷിക്കും. റൊമാന്റിസിസം ഒരതിരുകടക്കുമ്പോൾ അയഥാർത്ഥമാകുന്നു. നഗ്നമായ റീയലിസം കലയുമല്ല. ഈ സത്യം മനസ്സിലാക്കിയ ഏതോ ശക്തിവിശേഷം എന്റെ മുൻപിൽ ഒരു കലാസൃഷ്ടിയെ പ്രദർശിപ്പിക്കുകയാണു്. നിലാവിന്റെ തിളക്കം കൂട്ടാനോ അതു തീരെ ഇല്ലാതെയാക്കാനോ ആ അജ്ഞാത കലാകാരൻ യത്നിക്കുന്നില്ല. അദ്ദേഹം കലയുടെ ഈ മഹാരഹസ്യങ്ങൾ എവിടെനിന്നു പഠിച്ചു? നിക്കൊളാസ് റോറിക്കി ന്റെ ചിത്രങ്ങളിൽനിന്നാകാം. വള്ളത്തോളി ന്റെ ‘മഗ്ദലനമറിയ’ത്തിൽ നിന്നാകാം. കല പ്രകൃതിയെ അനുകരിക്കുന്നു എന്നതു തെറ്റു്; പ്രകൃതി കലയെ അനുകരിക്കുന്നു എന്നതു ശരി. ഈ അജ്ഞാതകലാകാരൻ മനസ്സിലാക്കിയ കലാതത്ത്വങ്ങൾ നമ്മുടെ ഇന്നത്തെ കലാകാരന്മാർ മനസ്സിലാക്കാത്തതിൽ അത്ഭുതപ്പെടാനില്ല. അംഗീകൃതനിയമങ്ങൾക്കും സങ്കേതങ്ങൾക്കും പാരമ്പര്യങ്ങൾക്കും എതിരായി പ്രവർത്തിക്കുന്നതിലാണല്ലോ “അത്യന്താധുനികത” ഇരിക്കുന്നതു്. അതുകൊണ്ടു് ശ്രീ. ടി. ആർ. ശ്രീനിവാസ് “നിദ്രാസ്തുതി”യെന്നപേരിൽ ഒരു വാഗ്മിത്വപ്രകടനം നടത്തിയപ്പോൾ ഞാൻ തെല്ലും വിസ്മയിച്ചില്ല. (മാതൃഭൂമി ലക്കം 20) ഇവിടെ കാല്പനികതയോ റിയലിസമോ ഇല്ല. അവയേക്കാൾ നിഷിദ്ധമായ വാഗ്മിതയാണുള്ളതു്. അനുവാചകനെ അനുധ്യാനത്തിന്റെ മണ്ഡലത്തിലേയ്ക്കു നയിക്കാതെ അയാളുടെ മനസ്സിനു താൽകാലികമായ ക്ഷോഭമുളവാക്കുക എന്നതാണു വാഗ്മിതയുടെ കൃത്യം. കലാപരമായ പ്രതിപാദനത്തിനും വാഗ്മിത്വപൂർണ്ണമായ പ്രതിപാദനത്തിനും വ്യത്യാസമുണ്ടു്. ആദ്യത്തേതിനു നിസ്സീമത എന്ന ഗുണം കാണും. അതിനാൽ
താമരപ്പൂമാലപോലാം കൈ കങ്കണ
സ്തോമംകിലുങ്ങുമാറൊന്നുയർത്തി
തൂവിരൽച്ചെന്തളിർപ്പൊന്മണിമോതിര
ശ്രീവിരിച്ചീടിന പാണിയാകേ
തെല്ലഴഞ്ഞുള്ള വാർകൂന്തൽതിരുകിക്കൊ
ണ്ടുല്ലസൽ സുസ്മിതമോതി തന്വി
എന്ന കാവ്യഭാഗം എത്രപ്രാവശ്യം വേണമെങ്കിലും നമുക്കു വായിക്കാം. ആവർത്തിച്ചുള്ള പാരായണം വൈരസ്യമുളവാക്കുകയില്ല വാഗ്മിത്വപൂർണ്ണമായ പ്രതിപാദനത്തിന്റെ സ്വഭാവം അതല്ല. പ്രത്യേകമായ ഉദ്ദേശ്യത്തോടെയാണു് അവിടെ പദങ്ങൾ പ്രയോഗിക്കപ്പെടുന്നതു്. ആ ഉദ്ദേശ്യത്തിനു സാഫല്യമുണ്ടാകുമ്പോൾ വാക്കുകൾ അപ്രത്യക്ഷങ്ങളാകുന്നു.
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിൻ വരേണ്യയെ, വന്ദിപ്പിൻ വരദയെ
എന്ന രണ്ടുവരികളിൽ കവിതയില്ല. പ്രതിപാദനത്തിനു നിസ്സീമത എന്ന ഗുണമില്ല. പ്രായോഗികലക്ഷ്യത്തോടെയാണു് ഇവിടെ പദങ്ങൾ വിന്യസിക്കപ്പെടുന്നതു്. തെക്കൻകാറ്റിന്റെയും തരുണിയുടെയും സ്പർശം നിങ്ങളെ ആഹ്ലാദിപ്പിക്കുന്നതുപോലെ “താമരപ്പൂമാല” എന്നു തുടങ്ങുന്ന കവിതാഭാഗം നിങ്ങൾക്കു് ആഹ്ലാദമുളവാക്കുന്നു. ‘വന്ദിപ്പിൻ മാതാവിനെ’ എന്നു തുടങ്ങുന്ന വരികളാകട്ടെ പ്രത്യേകമായ മാനസികാവസ്ഥ ജനിപ്പിച്ചുകൊണ്ടു് അപ്രത്യക്ഷമാകുന്നു. അത്യന്താധുനികകവിതകളാകെ വാഗ്മിത്വപൂർണ്ണമാണു്. ടി. ആർ. ശ്രീനിവാസിന്റെ കവിതയും വിഭിന്നമല്ല. കവിതയിൽ വാഗ്മിത കാണുമ്പോൾ അതിന്റെ ശത്രുവായി മാറുന്ന ഞാൻ ശ്രീനിവാസിന്റെ നേർക്കു് അമ്പുകൾ അയയ്ക്കുകയാണോ? അതേ എന്നാണു് ഉത്തരമെങ്കിൽ എതിർക്കത്തക്കവിധം ശക്തിയാർജ്ജിച്ചിട്ടുണ്ടു് ആ കവി എന്നാണു് എനിക്കു വിനയത്തോടെ പറയാനുള്ളതു്. ആ ശക്തി പോലുമില്ല “മലയാളരാജ്യ”ത്തിൽ “നിർഭാഗ്യജാതകം” എന്ന “കവിത”യെഴുതിയ ശ്രീ. ടി. വി. ഗോപാലകൃഷ്ണനു്.
“ഭാവിയിൽ കുബേരത്വമെന്നിലേക്കൊഴുക്കുമാ-
ഭാവന സമ്പന്നന്റെ നീട്ടിയ വലംകയ്യിൽ
വല്ലതുമെറിയുവാൻ കീശയിൽ തപ്പിയൊരു
ചില്ലിയും തടഞ്ഞീല, ഞാനെന്തൊരെരപ്പാളി”
എന്നാണു് അദ്ദേഹത്തിന്റെ ‘കാവ്യം’ അവസാനിക്കുന്നതു്. കലാശൂന്യതയെക്കുറിച്ചു സ്വയം സംസാരിക്കുന്ന ഈ വരികളുള്ളപ്പോൾ കൂടുതലായി ഞാനൊന്നും പറയേണ്ടതില്ല.
കവിതയ്ക്കു് അർഹമായ സ്ഥാനം നല്കുന്നു “യുഗരശ്മി.” ആ മാസികയുടെ എട്ടാം ലക്കത്തിൽ ശ്രീ. ആർ. സനാതനൻപിള്ളയുടെ “രാസപരിണാമ”വും ശ്രീ. കെ. എസ്സ്. നമ്പൂതിരി യുടെ “കാളിയവിലാപ”വും കാണാം. രണ്ടു കവികൾക്കും കാവ്യപ്രചോദനമാർന്നു പാടാൻ കഴിയുമെന്നതിനു് ഈ കാവ്യങ്ങൾ നിദർശകങ്ങളാണു്.
“പാലപ്പൂമണം വീശും പാതിരാ നേരങ്ങളിൽ
പാരിടം കിനാക്കളെപ്പുല്കിക്കൊണ്ടുറങ്ങുമ്പോൾ
വൃക്ഷങ്ങൾ തളിർച്ചുണ്ടാൽ വീടിനെച്ചുംബിച്ചുമാ
മുറ്റത്തു മായാചിത്രം വരച്ചും മാച്ചും നില്ക്കെ
വെണ്ണിലാവല നേർത്ത മഞ്ഞിലൂടരിച്ചൂറി
വന്നിടുമതിൻചോട്ടിലിരിക്കും കവിമാത്രം.”
എന്ന വരികളിൽ സനാതനൻപിള്ളയുടെ ശക്തിയും ദൗർബല്യവും ദൃശ്യമാണു്. അദ്ദേഹത്തിനു കവിതയെഴുതാൻ അറിയാം. പക്ഷേ, ഒരു കവിയെ മറ്റൊരു കവിയിൽനിന്നു വേർതിരിച്ചു നിറുത്തുന്ന മൗലികത്വം— Originality—എന്ന ഗുണം അദ്ദേഹത്തിനില്ല. ശ്രീ. കെ. എസ്സ്. നമ്പൂതിരി കുറേക്കൂടി മൗലികമായ നാദം കേൾപ്പിക്കുന്നു. എങ്കിലും പൂർണ്ണമായ സംതൃപ്തി അനുവാചകനു പ്രദാനം ചെയ്യുന്നില്ല. ഹാസ്യകവിതകളെഴുതുന്നതിൽ പ്രഗല്ഭനാണു് ശ്രീ. ഗൗരീശപട്ടം ശങ്കരൻനായർ. അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം ‘പിരിലൂസ് ’ എന്ന കവിതയിലില്ല. “ദേശാഭിമാനി”യുടെ വാർഷികപ്പതിപ്പിൽ “മീശ” എന്ന ആകർഷകമായ കവിതയെഴുതിയ ശങ്കരൻനായരുടെ ചാതുര്യം ഈ കവിതയിൽ കാണുന്നില്ലെന്നാണു് എന്റെ മതം.

ഔറംഗസീബി ന്റെ മകൾ നിസാബീഗം കവിയായിരുന്നു. ഒരിക്കൽ ഒരു കവി അവൾക്കു് ഇങ്ങനെ എഴുതി അയച്ചു:
“ഞാൻ നിന്നെ ഉദ്യാനത്തിൽവച്ചു കാണാനിടയായാൽ നിന്റെ കവിൾത്തടമാകുന്ന പനിനീർപ്പൂവിന്റെ ബുൽബുൽ ആയി (കാമുകനായി) ഞാൻ മാറും. മറ്റാളുകളുടെ മധ്യത്തിൽവച്ചാണു നിന്നെ ഞാൻ കാണുന്നതെങ്കിൽ ഞാൻ ഒരു ശലഭമായി മാറി നിന്റെ ചുറ്റും പാറിപ്പറക്കും. നീ മറ്റുള്ളവരുടെ മുൻപിൽ നിന്നെത്തന്നെ പ്രദർശിപ്പിക്കുകയാണു്. ജനതയുടെ പ്രകാശമേ! ഇതു ശരിയല്ല. എനിക്കു നിന്നെ ഒറ്റയ്ക്കു കാണാൻ കഴിഞ്ഞെങ്കിൽ!”
നിസാബീഗം അയാൾക്കു മറുപടി നല്കി:
“ബുൽബുൽ എന്നെ ഉദ്യാനത്തിൽവച്ചു കണ്ടാൽ പനിനീർപ്പൂവിനെ ഉപേക്ഷിക്കും. പൂജാരി എന്നെക്കണ്ടാൽ വിഗ്രഹത്തെ പൂജിക്കുന്നതെങ്ങനെ? റോസാദലത്തിലെ സൗരഭ്യമെന്നപോലെ ഞാൻ എന്റെ കവിതയിൽ മറഞ്ഞുകിടക്കുന്നു. ആർക്കെങ്കിലും എന്നെ കാണണമെന്നുണ്ടെങ്കിൽ എന്റെ കവിതയിലേക്കു നോക്കട്ടെ.”
പനിനീർപ്പൂവിലെ സൗരഭ്യംപോലെ (കവിയല്ല) കവിത ആശയത്തിൽ മറഞ്ഞുകിടക്കണം. അങ്ങനെയുള്ള കവിത ഇന്നുണ്ടാകുന്നുണ്ടോ?
കഥാനിരൂപണമെന്ന സാഹസികത്വത്തിനു ഞാൻ ഉദ്യമിക്കുകയാണു്. “ഗോതമ്പുവയലുകൾ” എന്ന മനോഹരമായ കഥയുടെ കർത്താവായ ശ്രീ. ഐ. കെ. കെ. എമ്മി ന്റെ “ആന്ധി” എന്ന ചെറുകഥ “മാതൃഭൂമി”യിൽ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരാഹ്ലാദം എനിക്കുണ്ടായി. പക്ഷേ, അതു വായിച്ചുകഴിഞ്ഞപ്പോൾ അതു വേണ്ടായിരുന്നുവെന്നു് എനിക്കു തോന്നിപ്പോയി. അത്രകണ്ടു വിലക്ഷണമാണു് ‘ആന്ധി’ ജോലി നഷ്ടപ്പെട്ട ഒരുവൻ അപമാനനവും നിന്ദനവും സഹിക്കുന്നു. അമ്മ തന്നെ പ്രസവിച്ചതു കൊണ്ടാണല്ലൊ അയാൾക്കു് ഈ ദുരിതം വന്നതു്. താൻ രോഗം പിടിച്ചു കിടന്നപ്പോൾ അമ്മ ചികിത്സിച്ചു രക്ഷപ്പെടുത്തിയതുകൊണ്ടാണല്ലോ ഇന്നീ കഷ്ടപ്പാടു്? അതുകൊണ്ടു് കഷ്ടപ്പാടിനു കാരണക്കാരിയായ അമ്മയെ കൊല്ലണം. കൊന്നു. പോലീസ് അയാളെ അറസ്റ്റ് ചെയ്തു. വിലക്ഷണം എന്നുമാത്രം പറഞ്ഞാൽപ്പോരാ ഈ കഥയെക്കുറിച്ചു് അയുക്തികവും ബാലിശവും ബീഭത്സവുമാണിതു്. “നാം, മനുഷ്യർ, സങ്കോചിക്കുമ്പോൾ” എന്ന “ചെറുകഥ” (ശ്രീ. കെ. പി. നിർമ്മൽ കുമാർ എഴുതിയതു് (മാതൃഭൂമി) മറ്റൊരു “മോൺസ്റ്റ്റോസിറ്റി”—monstrosity-ഘോരത—ആണു്. കലാശൂന്യതയാലുള്ള ദാരുണതയാണു് അതു് സ്ഫുടീകരിക്കുക. നിർമ്മൽകുമാറിന്റെ കഥ കഥയല്ല ഉപന്യാസമത്രേ. എന്താണു് കഥയും ഉപന്യാസവും തമ്മിലുള്ള വ്യത്യാസം? കഥയിൽ ചിന്തയുടെ പ്രചുരത്വം ഉണ്ടെങ്കിലും രസത്തിന്റെ നൂലു് അവയെ കൂട്ടിയിണക്കും. ഉപന്യാസത്തിൽ കല്പനകളും വാങ്മയചിത്രങ്ങളും ഉണ്ടെങ്കിലും ചിന്തയുടെ നൂലായിരിക്കും അവയെ കൂട്ടിയിണക്കും. ഉപന്യാസത്തിൽ കല്പനകളും വാങ്മയചിത്രങ്ങളും ഉണ്ടെങ്കിലും ചിന്തയുടെ നൂലായിരിക്കും അവയെ കൂട്ടിയിണക്കുന്നതു്. നിർമ്മൽകുമാറിന്റെ കഥയിൽ ചിന്തയാകുന്ന നൂലാണു് സംഭവങ്ങളെ ബന്ധിപ്പിക്കുന്നതു്. അക്കാരണത്താൽ അതു് സർഗ്ഗത്മകസാഹിത്യമല്ലാതെയാകുന്നു. കുമാരി ബി. സുനന്ദയുടെ “കാവിലെ ഭഗവതി”യും (കുങ്കുമംവാരിക) സാഹിത്യമല്ല. കാവിലെ ഭഗവതിക്കു് സ്തനവൈപുല്യമുണ്ടായിരുന്നു പോലും. അതുകണ്ടു സഹിക്കവയ്യാതെ അവൾ വക്ഷോജങ്ങൾ വെട്ടിയിട്ടു. രക്തമൊലിച്ചു. ഭഗവതി പിഴച്ചുപോയ വല്യേട്ടത്തിയാണെന്നു അവൾ മനസ്സിലാക്കി. സാഹിത്യമെന്നതു് മനുഷ്യന്റെ സംസ്ക്കാരമിരിക്കുന്ന ഒരാകരമാണു്. അതിനെ മലിനമാക്കുകയാണു് സുനന്ദ എന്ന കൊച്ചുപെൺകുട്ടി. കാവിലെ ഭഗവതിക്കു് “ഏറെ വലിപ്പമുള്ള മാറു്” ഉണ്ടായിരുന്നുപോലും. ഭഗവതിക്കു “സ്റ്റീറ്റോപീജിയ”—Steatopygia—കൂടി ഉണ്ടായിരുന്നുവെന്നു പറയാത്തതു് വായനക്കാരുടെ ഭാഗ്യം. ഓ, ഭഗവതി മുഖം കാണിച്ചു നില്ക്കുകയല്ലേ. അതുകൊണ്ടു്, കാണാത്തതാവാം. ഞാൻ അതിരുകടക്കുന്നുവെന്നു് മാന്യവായനക്കാർക്കു് തോന്നുന്നുണ്ടോ? കൗമാരം കടന്നിട്ടില്ലാത്ത ഒരു പെൺകുട്ടിക്കു് ഈ ആഭാസം എഴുതാമെങ്കിൽ അതിനെ എനിക്കു നിന്ദിച്ചുകൂടേ? ഞാൻ വിനയത്തോടെ അങ്ങനെ ചോദിക്കുകയാണു്. ഈ കഥ വായിച്ചപ്പോൾ സാഹിത്യമെന്ന ഭഗവതിക്കു് “സ്റ്റീറ്റോപീജിയ” എന്ന മേദസ്വിതവന്നു് ഒരിടത്തു് കിടപ്പാണെന്നു് എനിക്കു തോന്നിപ്പോയി.
വിവാഹം കഴിഞ്ഞ സ്ത്രീകൾക്കു് അന്യപുരുഷന്മാരെ കാണുമ്പോൾ കാമവികാരം ഉണ്ടായെന്നുവരാം. ചിലർ അതു കരഞ്ഞു തീർക്കും. വേറെ ചിലർ ആ പുരുഷന്മാരെത്തന്നെ അധിക്ഷേപിച്ചു സംസാരിക്കും. യു. പി. ജയരാജ് എഴുതിയ “നഗ്നതയുടെ സ്വപ്നം” എന്ന ചെറുകഥയിൽ വിവാഹിതയായ ഒരു സ്ത്രീ അവളെക്കാൾ പ്രായംകുറഞ്ഞ ഒരു യുവാവിനു വിധേയയാകാൻ ചെന്നതിനെ വർണ്ണിക്കുന്നു. യുവാവു് അവളെ സ്വീകരിക്കുന്നില്ല. യുവതിയുടെയും യുവാവിന്റെയും മാനസികമണ്ഡലത്തിൽ നടക്കുന്ന സംഘട്ടനങ്ങളെ ചിത്രീകരിക്കാതെ ശബ്ദബാഹുല്യത്തിൽ മുഴുകുകയാണു് ജയരാജ്. ആ നിലയിൽ ഇതൊരു വലിയ പരാജയമാണു്.
പണ്ടു്, വിവാഹം കഴിഞ്ഞ ഒരു പെൺകുട്ടി മഞ്ചലിൽ കയറി വരന്റെ വീട്ടിലേക്കു പോകുകയായിരുന്നു. അച്ഛനമ്മമാരെ പിരിഞ്ഞ ദുഃഖംകൊണ്ടു് അവൾ വിങ്ങുകയും തേങ്ങുകയും പൊട്ടിക്കരയുകയും ചെയ്യുന്നുണ്ടു്. മഞ്ചൽ ചുമക്കുന്നവർ കുറേനേരം ഈ ശോകപ്രകടനം സഹിച്ചു. ഒടുവിൽ സഹിക്കാൻ വയ്യാതെയായപ്പോൾ അവർ അവളോടു പറഞ്ഞു: “നിനക്കു് അത്ര വലിയ ദുഃഖമാണെങ്കിൽ ഭർത്താവിന്റെ വീട്ടിൽ പോണ്ട. തിരിച്ചു് അച്ഛനമ്മമാരുടെ അടുക്കലേക്കു പൊയ്ക്കളയാം.” വധു ഉടനെ മറുപടി നല്കി: “വേണ്ട, വേണ്ട ഞാൻ ഇതാ കരച്ചിൽ നിറുത്തിയിരിക്കുന്നു.” സ്ത്രീയുടെ കരച്ചിലിന്റെ പിന്നിലുള്ള അസത്യാത്മകതയെ ഹാസ്യാത്മകമായി ഈ കഥ ആവിഷ്ക്കരിക്കുന്നു. അതിനെത്തന്നെ ഭാവാത്മകസൗന്ദര്യത്തോടെ ആലേഖനം ചെയ്യുന്നു മലയാളരാജ്യം വാരികയിലെ “പുഴ പിരിയുന്നിടത്തു്” എന്ന കൊച്ചുകഥ. അതെഴുതിയ വാസന്തി അഭിനന്ദനം അർഹിക്കുന്നു. അതേ അഭിനന്ദനത്തിനുതന്നെ കുമാരി എം. പി. ഗിരിജയ്ക്കും അർഹതയുണ്ടു്. (ജനയുഗത്തിലെ ‘മാർക്കണ്ഡേയൻ’ എന്ന കഥ) ഒരു കുഞ്ഞിന്റെ മാനസികതലത്തിലെ പരിമൃദുലചലനങ്ങളെ ഗിരിജ സാമർത്ഥ്യത്തോടെ സ്ഫുടീകരിക്കുന്നു. കഥാകാരിയുടെ പടംകൂടി ജനയുഗത്തിൽ കൊടുത്തിട്ടുണ്ടു്. പക്ഷേ, അതു് ‘ജനയുഗ’ത്തിൽതന്നെ മുൻപൊരിക്കൽ കഥയെഴുതിയ എം. പി. പദ്മജയുടേതാണെന്നു തോന്നുന്നു.
ഭാസ്കരനും ഭാർഗ്ഗവിയും അനുരക്തർ. ഭാർഗ്ഗവിയെ കൂടെക്കൊണ്ടുപോകാൻ ഭാസ്ക്കരൻ പലപ്പോഴും യത്നിച്ചിട്ടുണ്ടു്. പക്ഷേ, അമ്മൂമ്മയെക്കരുതി ഭാർഗ്ഗവി പോയില്ല. അവർക്കാരുണ്ടു്? അവസാനത്തെ പ്രാവശ്യം ഭാസ്ക്കരൻ വിളിച്ചു ഇത്തവണ പോയില്ലെങ്കിൽ ഭാസ്കരൻ പിന്നെ വരുകയേയില്ല. ഭാർഗ്ഗവി അമ്മൂമ്മയെ ശ്വാസംമുട്ടിച്ചു കൊന്നു. എന്നിട്ടു് പോകാൻ സന്നദ്ധയായി ഇരുന്നു. എന്നാലോ? ഭാസ്കരൻ വന്നില്ല. ശ്രീ. പി. അയ്യനേത്തു് എഴുതിയ “മുക്തി” എന്ന ചെറുകഥയുടെ സാരമിതാണു്. (മലയാളരാജ്യം) ചടുലതയുള്ള ആഖ്യാനമുണ്ടു് ഈ കഥയിൽ. എങ്കിലും ഇതു തികച്ചും അസത്യാത്മകമാണു്. കലാപരമായ വിശ്വാസം ഉളവാക്കാൻ അയ്യനേത്തിനു കഴിയുന്നില്ല എന്ന അർത്ഥത്തിലാണു ഞാൻ അദ്ദേഹത്തിന്റെ കഥയെ അസത്യാത്മകം എന്നു വിളിക്കുന്നതു്.
കഥ വായിക്കുമ്പോൾ അതു് എത്രതന്നെ ചെറുതായാലും കഥാബീജത്തിന്റെ ആവിർഭാവം, വളർച്ച, വികാസം എന്നിവയെ നാം ഉത്കണ്ഠയോടെ വീക്ഷിക്കുന്നുണ്ടു്. “മലയാളനാടു്” വാരികയുടെ (ലക്കം 11) പത്തോളം പുറങ്ങൾ അപഹരിക്കുന്ന “ചരിത്ര”മെന്ന ദീർഘമായ ചെറുകഥയിൽ ഒരു നേവി ഓഫീസറുടെ വിരസമായ ജീവിതത്തിന്റെ വിരസമായ ചിത്രീകരണമാണുള്ളതു്. അതിൽ കഥാബീജമില്ല; അതിന്റെ വളർച്ചയില്ല; അവസാനത്തെ വികാസമില്ല. കഥാകാരനായ ശ്രീ. വിനയൻ അനുപാതത്തിൽ ശ്രദ്ധിക്കാതെ, സൗന്ദര്യത്തിൽ ശ്രദ്ധിക്കാതെ വാക്കുകൾകൊണ്ടു വിരൂപമായ ഒരു ഗോപുരം കെട്ടി ഉയർത്തുകയാണു. മറുനാടൻ കൃതികളെ മലയാളികൾക്കു പരിചയപ്പെടുത്തിക്കൊടുക്കുന്ന ആദരണീയമായ കൃത്യത്തിൽ ഏർപ്പെട്ടിരിക്കുകയാണു് ശ്രീ. വി. ഡി. കൃഷ്ണൻനമ്പ്യാർ. ഹിന്ദിയിലേയും മറ്റുഭാഷകളിലെയും പല കഥകളും അദ്ദേഹം നമ്മുടെ ഭാഷയിലേക്കു തർജ്ജമ ചെയ്തിട്ടുണ്ടു്. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രമായ വിജ്ഞാനകൈരളിയുടെ രണ്ടാം ലക്കത്തിൽ അദ്ദേഹം തർജ്ജമചെയ്ത ഒരു ഹിന്ദിക്കഥ കാണാം. അമ്മ മരിച്ചതിനാൽ ദുഃഖിക്കുന്ന രണ്ടു കുട്ടികളുടെ മാനസികഭാവങ്ങളെയാണു കഥാകാരൻ അതിൽ ആലേഖനം ചെയ്യുന്നതു്. ഏകാഗ്രതയുടെ കുറവുകൊണ്ട് ആ ദുഃഖം നമ്മുടെ ദുഃഖമായിത്തീരുന്നില്ല. വിഭാവാനുഭാവങ്ങളെ വേണ്ടവിധത്തിൽ വിന്യസിക്കാത്തതുകൊണ്ടു ശോകം രസമായി ഉയരുന്നുമില്ല.
ഷാങ്പാൾ സാർത്രി ന്റെ തത്വചിന്തയെക്കുറിച്ചാണു് ശ്രീ. സച്ചിദാനന്ദൻ “യുഗരശ്മി”യിൽ ഉപന്യസിക്കുന്നതു്. വായിക്കുന്നവനു് ഒരക്ഷരംപോലും മനസ്സിലാകാത്ത രീതിയിലാണു സച്ചിദാനന്ദൻ എഴുതുന്നതു്. “അവബോധത്തിനു ബോധസത്വമാണുള്ളതെങ്കിൽ അവബോധം പ്രതിബിംബിപ്പിക്കുന്ന വസ്തുവിനു വസ്തുസത്വമാണുള്ളതു്. വസ്തുസത്വത്തിനു കർത്തൃനിരപേക്ഷമായ അസ്തിത്വമുണ്ടു്.” ഈ രീതിയിലാണു ലേഖകന്റെ രചന. ഇതുകൊണ്ടെന്തു പ്രയോജനം? “ദേശീയപ്രസ്ഥാനവും മഹാകവിത്രയവും” എന്ന പേരിൽ ശ്രീ. പട്ടം രാമചന്ദ്രൻ നായർ എഴുതുന്ന ലേഖനങ്ങളുടെ ആദ്യത്തെ ഭാഗം “വിശാലകേരള”ത്തിന്റെ ഏഴാം ലക്കത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. കൊച്ചുകൊച്ചുവാക്യങ്ങൾകൊണ്ടു് ആശയങ്ങൾ പ്രതിപാദിക്കാൻ അദ്ദേഹത്തിനു കഴിവുണ്ടു്. ലേഖനങ്ങളുടെ മൂല്യം നിർണ്ണയിക്കണമെങ്കിൽ അവ മുഴുവൻ വായിക്കണമല്ലോ.
അവഗണിക്കപ്പെടുന്ന ഒരു കൃതിയാണു് “മയൂരസന്ദേശം.” അതിൽ തെറ്റുമില്ല. കലയുടെ ആന്തരജ്വാലയില്ലാത്ത, ചൈതന്യമില്ലാത്ത കൃതിയാണു് ഈ സന്ദേശകാവ്യം. അതിന്റെ ഗുണവും ദോഷവും കാണാൻ ശ്രീ. രാമപുരം മുരളി യത്നിക്കുന്നു. ആ യത്നത്തെ നമുക്കു ബഹുമാനിക്കാം.
ജാമി എന്ന മഹാനായ കവി ഒരു സമ്മേളനത്തിൽവച്ചു് ഇങ്ങനെ പാടി:
“വേദനയാർന്ന എന്റെ ഹൃദയത്തിന്റെയും നിദ്രാവിമുഖമായ എന്റെ ലോചനത്തിന്റെയും മുൻപിൽ ഭവതിയുടെ രൂപം എപ്പോഴുമുള്ളതുകൊണ്ടു് വിദൂരതയിൽനിന്നു് ആരെത്തിയാലും ആ വ്യക്തി ഭവതിയാണെന്നു് എനിക്കു തോന്നിപ്പോകുന്നു.”
ജാമി ഇത്രയും പറഞ്ഞപ്പോൾ അദ്ദേഹത്തെ പരിഹസിക്കാൻവേണ്ടി ഒരുവൻ ചോദിച്ചു:
“ഒരു കഴുത വന്നാലോ?”
തന്റെ കവിതയുടെ തുടർച്ചയെന്നപോലെ ചോദ്യകർത്താവിനെ വിരലുകൊണ്ടുചൂണ്ടിക്കൊണ്ടു് ജാമി പിന്നെയും പറഞ്ഞു:
“ഞാൻ അപ്പോഴും വിചാരിക്കും അതു നീതന്നെയാണെന്നു്.”

കവിഹൃദയവും പ്രജ്ഞയും ഒരുമിച്ചു ചേരുന്നതിന്റെ മോഹനാവസ്ഥയാണു് ഇവിടെയുള്ളതു്. മലയാളകവിതയിൽ ഇപ്പോൾ പ്രജ്ഞയുടെ വിലാസമേയുള്ളൂ. ഹൃദയത്തിന്റെ ചലനമില്ല. ചിന്തയുടെ മേദസ്വിതയാൽ കാവ്യാംഗന “സ്റ്റീറ്റോപീജിയ” ബാധിച്ചു് “നിലംവിടാൻ കഴിയാതെ ക്ഷോണീരംഭപോലെ” താഴെ ഇരുന്നുപോകുന്നു. അവളെ ആരെങ്കിലും ഒന്നു് ഉയർത്തിവിട്ടെങ്കിൽ.