സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(മലയാളനാടു വാരിക, 1970-08-30-ൽ പ്രസിദ്ധീകരിച്ചതു്)

സ്പ്രിങ്ങ് സാഹിത്യം

അയാൾ അവളോടു പറഞ്ഞു: “ഒന്നു പാടൂ.” അവൾ പാടിയില്ല; പുഞ്ചിരി പൊഴിച്ചു്, ലജ്ജിച്ചു്, കടക്കണ്ണുകൊണ്ടു് അയാളെ നോക്കിയതേയുള്ളു. ആ കാഴ്ച കണ്ട ഞാൻ വിചാരിച്ചു അവളുടെ മന്ദസ്മിതത്തിനു ഏതു മനോഹരമായ ഗാനത്തേക്കാളും മാധുര്യമുണ്ടു്… സായം സന്ധ്യ. ഞാൻ അന്തരീക്ഷത്തിലേക്കു നോക്കി. ഒറ്റ നക്ഷത്രം പോലുമില്ല. തെല്ലൊരു ദുഖത്തോടെ ഞാൻ ആരൊടെന്നില്ലാതെ ചോദിച്ചു: “ഈ അന്തരീക്ഷത്തിനു പുഷ്പിച്ചുകൂടെ?” ഞാൻ അങ്ങനെ ചോദിച്ചുതീർന്നില്ല; അതിനു മുൻപു് ആയിരമായിരം നക്ഷത്രങ്ങൾ പ്രകാശം പൊഴിച്ചുതുടങ്ങി. ലജ്ജപോലെ, നക്ഷത്രത്തെപ്പോലെ കല നൈസർഗ്ഗികമായി വിടരണം, വിലസണം അപ്പോൾ ആ കലയുടെ സ്പർശം നിങ്ങൾ സ്നേഹിക്കുന്ന തരുണിയുടെ സ്പർശത്തേക്കാൾ ആഹ്ലാദദായകമായിരിക്കും. അതിന്റെ സൗരഭ്യം പ്രേമഭാജനത്തിന്റെ സൗരഭ്യത്തേക്കാൾ നിർവൃതിജനകമായിരിക്കും. സ്വാഭാവികത കലയ്ക്കില്ലെങ്കിലോ? അതിനുത്തരം താഴെച്ചേർക്കുന്ന വരികളിലുണ്ടു്.

“രണ്ടഭിപ്രായം കാണും നമുക്കേതിലും; വാശി-

കൊണ്ടു വാക്ത്തർക്കം മൂക്കും നൂറു ശാപാക്രോശത്തിൻ

നടുവിൽ കലിതുള്ളിനില്ക്കും ഞാൻ, കണ്ണീരല-

യ്ക്കിടയിൽ നീയും, ചുറ്റുമമ്പരന്നന്തംവിട്ടും

പതുങ്ങിയെത്തും കൊച്ചു മക്കളാമുഖങ്ങളിൽ

പകരും ഭയാശങ്കാഭാവത്തിന്നിരുകളുൾ”

ശ്രീ. മേലൂർ ദാമോദരൻ ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിന്റെ 22-ാം ലക്കത്തിൽ എഴുതിയ “മധുവിധു” എന്ന കവിതയിലെ ഒരു ഭാഗമാണിതു്. ദാമോദരന്റെ കവിത അനുവാചകനെ സ്വപ്നത്തിന്റെ മണ്ഡലത്തിലേക്കു കൊണ്ടുചെല്ലുന്നില്ല. അനുധ്യാനത്തിന്റെ മണ്ഡലത്തിലേക്കു നയിക്കുന്നില്ല. മനസ്സിനു് രണ്ടു പ്രവണതകളുണ്ടു്; നിരൂപണപരവും സർഗ്ഗാത്മകവും. ദാമോദരന്റെ നിരൂപണപരമായ പ്രവണതയാണു് ഈ കവിതയിൽ പാരുഷ്യമാർന്നു് തലയുയർത്തിനില്ക്കുന്നതു്. കോപകലുഷിതനായ ആതിഥേയനെപ്പോലെ അദ്ദേഹത്തിന്റെ കാവ്യം നമുക്കു ചിത്തതാപം ഉളവാക്കുന്നു. കോപകലുഷിതനായ ആതിഥേയനോ? എന്തൊരു വൈരസ്യജനകമായ ഔപമ്യം? അല്ലേ? സ്വന്തമനുഭവത്തിൽ നിന്നാണല്ലോ അർത്ഥാലങ്കാരങ്ങൾ ഉളവാകുക അതുകൊണ്ടു് അങ്ങനെ പറഞ്ഞെന്നേയുള്ളൂ. സൗജന്യമാധുര്യത്തോടെ നമ്മെക്ഷണിച്ചു വീട്ടിൽ കൊണ്ടുപോയിട്ടു് നോട്ടം കൊണ്ടും വാക്കുംകൊണ്ടും അപമാനത്തിനും നിന്ദനത്തിനും സന്നദ്ധരാകുന്ന ആളുകളുണ്ടു്. പ്രായാധിക്യം അതിനു് അവർക്കൊരു തടസ്സമല്ല. അതിഥിമര്യാദ എന്നതു് അവർക്കൊരു ചിന്താവിഷയമല്ല. ശ്രീ. ദാമോദരൻ “മധുവിധു” എന്ന ആകർഷകമായ ശീർഷകത്തിലൂടെ അനുവാചകരെ കാവ്യാസ്വാദനത്തിനു ക്ഷണിക്കുന്നു. വിശ്വസിച്ചു നാം കൂടെ ചെല്ലുമ്പോൾ അദ്ദേഹം നമ്മെ വേദനിപ്പിക്കുന്നു. ഒരു വ്യത്യാസമുണ്ടു്, ആതിഥേയൻ കരുതിക്കൂട്ടി അപമാനിക്കുന്നു; ദാമോദരൻ തന്റെ കെല്പില്ലായ്മകൊണ്ടു് പീഡിപ്പിക്കുന്നു. അതിനാൽ അദ്ദേഹത്തെ നാം കുറ്റം പറയരുതു്. എന്നാൽ നിത്യജീവിതയാഥാർത്ഥ്യങ്ങൾക്കു പിന്നിലുള്ള ശാശ്വതികത്വത്തിന്റെ പ്രതീകങ്ങളെ കവി കണ്ടാലോ? ഫലം തികച്ചും ആകർഷകമായിരിക്കുമെന്നു് ശ്രീ. എ. സുഗുണൻ “യുഗാന്തരങ്ങളിലൂടെ” എന്ന കവിതയിലൂടെ പ്രഖ്യാപിക്കുന്നു. മഹാവേഗമാർന്നു് ഒഴുകുന്ന ജീവിതസ്രോതസ്വിനിയെ കവി കാണുന്നു. ‘അദ്ഭുതം’, ‘ആരാധന’, അന്വേഷണം’, ‘അസ്വസ്ഥത’ എന്നു് നാലു ഖണ്ഡങ്ങളിലൂടെ തന്റെ ദർശനത്തെ അദ്ദേഹം ആവിഷ്കരിക്കുന്നു.

“കുളിർവെണ്ണിലാവുമ്മ വച്ചുറക്കീടും മഞ്ഞിൻ

കണവും മൃദുശീത പുഷ്പഗന്ധിയാം കാറ്റും

ഉഗ്രമായുച്ചണ്ഡമായ് വിണ്ണിനെ വിറപ്പിക്കു–

മുൽകടോന്മാദം പൊട്ടിച്ചിരിക്കും കൊടുംകാറ്റും

നോക്കിനില്ക്കവെ കത്തിയെരിയും മിന്നൽക്കോളും

പൂത്തിറങ്ങീടും കൊച്ചു കൊച്ചുതാഴ്‌വാരങ്ങളും

സന്ധ്യയും പുലരിയും കണ്ടു വിസ്മയപ്പെട്ടെൻ

ചിന്തയിലജ്ഞാതമാം മൂകരാഗവുമായി

കൺമിഴിച്ചെന്നേനോക്കി നില്പൂ ഞാൻ കാലത്തിന്റെ

വെണ്മണൽത്തട്ടിൽ കാണാനാവാതെ കൺചിമ്മാതെ”

അനുവാചകരായ നമ്മളും കൺചിമ്മാതെ നോക്കി നില്ക്കുന്നു.

images/MaoZedong1935.jpg
മാവോസേതൂങ്ങ്

“രാഷ്ട്രവ്യവഹാരത്തെക്കുറിച്ചുള്ള കവിത കുപ്രസിദ്ധമായ വിധത്തിൽ അധമമാണു്” എന്നു് ഒരു ചൊല്ലുണ്ടെങ്കിലും കവിതയിൽ രാഷ്ട്രവ്യവഹാരം പാടില്ലെന്നു് എനിക്കഭിപ്രായമില്ല. അതു് കവിതയാകണം എന്നേ എനിക്കു നിർബ്ബന്ധമുള്ളു, മാവോസേതൂങ്ങ് രാഷ്ട്രന്തരീയ പ്രശസ്തിയാർജ്ജിച്ച കവിയുമാണു്. ദേശീയവാദികളോടുള്ള (ദേശീയമല്ല, ദൈശികമാണു് ശരി. എങ്കിലും ഞാൻ ദേശീയമെന്നു് എഴുതുന്നു.) യുദ്ധത്തിൽ വധിക്കപ്പെട്ട ഒരു കൂട്ടുകാരന്റെ ഭാര്യ ലിഷൂയിക്കുവേണ്ടി മവോ 1957-ൽ ഒരു കൊച്ചു കവിത എഴുതുകയുണ്ടായി. 1930-ൽ യുദ്ധത്തിൽ മരിച്ച തന്റെ ഭാര്യയെക്കൂടി അനുസ്മരിച്ചുകൊണ്ടാണു് അദ്ദേഹം ആ കവിത രചിച്ചതു്.

“I lost my proud poplar, and you your willow;

Poplar and willow soar to the heaven of heavens:

Wu Kang, asked what he has to offer,

Presents them with Cassia wine.

The lonely goddess in the moon

spreads her ample sleeves

To dance for these good souls in the endless sky;

Of a sudden comes word of the Tiger’s defeat on earth

And they break into tears of torrential rain”

ശ്രേഷ്ഠമായ കവിതയാണിതെന്നു് സി. എം. ബൗറ എന്ന പ്രശസ്തനായ നിരൂപകൻ അഭിപ്രായപ്പെടുന്നു. തന്റെ സഹധർമ്മിണിയെ പോപ്ലർവൃക്ഷത്തോടും കൂട്ടുകാരിയുടെ ഭർത്താവിനെ വില്ലോവൃക്ഷത്തോടും മവോസേതൂങ്ങ് ഉപമിക്കുന്നു. അവർ രണ്ടുപേരും ചന്ദ്രനിലേക്കു ചെല്ലുകയാണു്. അവിടെ വൂ കാങ്ങ് അവർക്കു് സ്വാഗതമരുളുന്നു. അനശ്വരനായിത്തീരാൻ ശ്രമിച്ചപ്പോൾ ഈശ്വരന്മാരാൽ ശിക്ഷിക്കപ്പെട്ടവനാണു് വൂ കാങ്ങ്. ചന്ദ്രനിലെ അക്കേഷ്യമരം മുറിക്കുക എന്നതാണു് അയാളുടെ ജോലി. മരം മുറിഞ്ഞുവീണാലുടൻ അതു വീണ്ടും പഴയരീതിയിലാകും. വൂ കാങ്ങ് പിന്നെയും അതു മുറിക്കും. മവോയുടെ സഹധർമ്മിണിയും ലിഷൂയിയുടെ ഭർത്താവും വീരചരമം പ്രാപിച്ചു് ചന്ദ്രനിൽ ചെന്നപ്പോൾ വൂ കാങ്ങ് തന്റെ ക്ലേശകരമായ ജോലിയിൽ നിന്നു് വിമുക്തനായി. ചന്ദ്രനിലെ ദേവത നൃത്തത്തിനുവേണ്ടി സന്നദ്ധയായി. ഭൂമിയിൽ വ്യാഘ്രത്തിന്റെ—ശത്രുവിന്റെ—പരാജയത്തെക്കുറിച്ചു് അവർ കേട്ടു. ഉടനെ എല്ലാവരും ആഹ്ലാദബാഷ്പം പൊഴിച്ചു. കെട്ടുകഥയിൽ വിശ്വസിക്കാതെതന്നെ മവോ തനിക്കിഷ്ടപ്പെട്ട രണ്ടുപേരെ അഭിനന്ദിക്കാൻ വേണ്ടി അതിനെ വിദഗ്ദ്ധമായി ഉപയോഗിക്കുന്നതിന്റെ രാമണീയകമാണു് ഈ കവിതയിലുള്ളതെന്നു ബൗറ പറയുന്നു. മരിച്ചവരുടെ മരിക്കാത്ത മഹനീയതയാണു് ഈ കവിതയുടെ പ്രതിപാദ്യവിഷയമെന്നും മഹാനായ ആ നിരൂപകൻ ചൂണ്ടിക്കാണിക്കുന്നു. കലയുടെ ചിത്രാവരണത്തിനകത്തു് ഒതുങ്ങിനില്ക്കുന്ന പ്രചാരണമേ മവോ സേ തൂങ്ങിന്റെ കവിതയിലുള്ളു. ഈ തത്ത്വം നമ്മുടെ പലകവികൾക്കും അറിഞ്ഞുകൂടാ. അവരിലൊരാൾ വിരസമായി എഴുതുകയാണു്:

“മുണ്ടുടുക്കുവാൻ, കാലിൽ കൂമ്പാളച്ചെരിപ്പിടാൻ

നീണ്ടൊന്നു നടക്കുവാൻ, വായ്തുറന്നുരിയാടാൻ

പണ്ടുനാമടരാടി; സഹസ്രാബ്ദങ്ങൾ തന്റെ

കൂരിരുൾപ്രാകാരം നാം ഭേദിച്ചു കടന്നെത്തി”

(ദേശാഭിമാനിവാരിക-ലക്കം 7-“ഉണരുനീ”—ശ്രീ. എൻ. കെ. കാളിയത്തു്.) കാളിയത്തിന്റെ കവിതയിൽ “അടരാടലേ”യുള്ളു. കലയില്ല. ഭാവനയുടെ സത്യത്തിനാണു് കവിതയിൽ പ്രാധാന്യമുള്ളതു്. അതില്ലാത്തതു് എൻ. കെ. കാളിയത്തിന്റെ കവിതയിൽ മാത്രമല്ല ശ്രീ. എസ്. രമേശൻ നായരു ടെ “ചിപ്പി”യിലും ശ്രീ. പുത്തൻപാറ ഗോപിയുടെ “പ്രതീക്ഷ”യിലും അതു കാണുന്നില്ല. (വിശാലകേരളം ലക്കം 8)

വാല്മീകിരാമായണ ത്തിലെ ഒരു ഭാഗം. ശ്രീരാമനും ലക്ഷ്മണനും സരയുവിന്റെ തീരത്തിലുളള പുൽത്തകിടിയിൽ കിടന്നുറങ്ങുകയാണു്. കിഴക്കൻ ചക്രവാളം പുലരിപ്രഭയാൽ തുടുത്തു. വിശ്വാമിത്രൻ രാമലക്ഷ്മണന്മാരെ വിളിച്ചുണർത്തുകയാണു്:

“കൗസല്യാ സുപ്രജാ രാമ പൂർവ്വാസന്ധ്യാപ്രവർത്തതേ

ഉത്തിഷ്ഠ നരശാർദൂല കർത്തവ്യം ദൈവമാഹ്നികം”

(കൗസല്യയുടെ സുസന്താനമായ രാമ, ഇതാ പ്രഭാതമായിക്കഴിഞ്ഞു. ഹേ പുരുഷശ്രേഷ്ഠ, എഴുന്നേറ്റാലും, പ്രഭാതകൃത്യങ്ങൾ അനുഷ്ഠിച്ചാലും) ഉജ്ജ്വലമായ കവിതയാണിതു്. ആസുരമായ അന്ധകാരത്തെ നിർമ്മാർജ്ജനം ചെയ്യുന്ന ആധ്യാത്മികപ്രകാശമാണു് ശ്രീരാമൻ എന്നു ധ്വനിപ്പിക്കുന്നതിന്റെ സൗന്ദര്യം നോക്കൂ. കവിത ഇങ്ങനെയിരിക്കണം.

ശ്രീ. ജി. ശങ്കരക്കൂറുപ്പു് തിരുവനന്തപുരത്തു താമസിക്കുന്ന കാലം. വഴുതയ്ക്കാട്ടു ശാസ്താംകോവിലിനടുത്തുള്ള ഒരു സൗധത്തിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നതു്. യാദൃച്ഛികമായി അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്ന ഞാൻ വളരെനേരം സംസാരിച്ചിരുന്നു. ശങ്കരക്കുറുപ്പിന്റെ അതിഥിസത്കാരതൽപരത കണ്ടാൽ നാം അവിടെനിന്നു് ഒരിക്കലും ഇറങ്ങിപ്പോരില്ല. ഞാൻ മുറുക്കിക്കഴിഞ്ഞു് അദ്ദേഹത്തോടു് അനുവാദം ചോദിച്ചു: “മാസ്റ്റർ ഈ ജന്നലിൽക്കൂടെ അങ്ങോട്ടു തുപ്പരുതോ?” ഭവനത്തിന്റെ അങ്ങേപ്പുറം ഇന്റർമീഡിയറ്റ് കോളേജാണു്. കവി ഒരു സംശയവും കൂടാതെ മറുപടി നല്കി: “ഓഹോ, കോളേജിന്റെ മുറ്റത്തു് ആർക്കും തുപ്പാമല്ലോ”. വിദ്യയെ നിന്ദിക്കുന്നതിലുള്ള കവിയുടെ ധർമ്മരോഷമാണു് ഞാൻ ആ മറുപടിയിൽ ദർശിച്ചതു്. ഞാൻ പിന്നെ അങ്ങോട്ടു തുപ്പിയില്ല. പക്ഷേ, സാഹിത്യത്തിന്റെ തിരുമുറ്റത്തു് ശ്ലേഷ്മനിരസനം നിർവ്വഹിക്കുന്നതു് എത്രപേരാണു്? മനോരമ ആഴ്ചപ്പതിപ്പിന്റെ (ആഗസ്റ്റ് 15) പത്താം പുറത്തു് ആരംഭിക്കുന്ന “വിമാനം” എന്ന ചെറുകഥ നോക്കുക. ശ്രീ. ജോർജ്ജ് നെല്ലായിയാണു് കഥാകാരൻ. പ്രേമഭാജനത്തെ വേറൊരുവൻ വിവാഹം ചെയ്യുന്ന പഴഞ്ചൻ വിഷയത്തെ ഏറ്റവും പഴഞ്ചനായി പ്രതിപാദനം ചെയ്യുന്ന കഥയാണിതു്. അതിഭാവുകത്വം കലർന്ന ഇതിലെ വർണ്ണനകൾ കലയുടെ മണ്ഡലത്തിൽ നിന്നു് അതിദൂരം അകന്നു നില്ക്കുന്നു. ഇതിലെ സംഭാഷണങ്ങൾ വമനേച്ഛയുളവാക്കുന്നു.

“തൊഴാൻ വരുന്നില്ലേ.”

“വരണോ?”

“ഞാൻ പറയാതെതന്നെ വരാറുള്ള ആളല്ലേ?”

“എന്റെ ദേവിയെ ഞാൻ തൊഴുതു കഴിഞ്ഞു,”

“എന്നാലും ഒന്നുകൂടി തൊഴാം.”

അവൾ കുലുങ്ങിച്ചിരിച്ചു.

ഇമ്മാതിരി സംഭാഷണങ്ങളുടെ കാലം കഴിഞ്ഞു. നിത്യജീവിതത്തിൽ ആരും സ്ത്രീയുടെ മുഖത്തുനോക്കി ദേവിയെന്നു വിളിക്കാറില്ല. വിളിച്ചാൽ അവൾ ചൂലു ചാണകത്തിൽ മുക്കി അയാളെ അടിക്കും. കലാലോകത്തും ഇങ്ങനെയൊരു സംഭാഷണം സാദ്ധ്യമല്ല. മനോരമവാരികയുടെ അവസാനത്തെ പുറത്തു റ്റോംസി ന്റെ “ബോംബനും മോളിയും ” എന്ന ഹാസ്യചിത്രമുള്ളത് എത്ര ഭാഗ്യം! അതിലെ പഞ്ചായത്തുപ്രസിഡന്റിനു പറ്റുന്ന പറ്റുകണ്ടു് ഞാൻ ഉള്ളുകുളിർക്കെ ചിരിച്ചുപോയി. അനുഗ്രഹീതരായ ടോംസും മന്ത്രി യും യേശുദാസനും ഉള്ളതു നല്ലകാലം. ഇല്ലെങ്കിൽ ഇന്നത്തെ കഥാകാരന്മാർ നമ്മുടെ കഥ കഴിക്കുമായിരുന്നു.

images/ConradAikenpoet.jpg
കോൺറഡ് ഐക്കൻ

എന്റെ മുൻപിലിരിക്കുന്ന റ്റൈംപീസ് ടിക് ടിക് എന്നു ശബ്ദിച്ചുകൊണ്ടു് “ഓടുകയാണു്” ഞാനാണു അതിന്റെ സ്പ്രിങ്ങ് മുറുക്കിവച്ചതു്. റ്റൈംപീസിന്റെ ചക്രങ്ങൾ തേഞ്ഞുപോകുന്നു. സ്പ്രിങ്ങിനും തേയ്മാനം സംഭവിക്കുന്നു. കാലത്തിലൂടെ ഞാൻ എന്റെ ജീവിതം വ്യർത്ഥമാക്കുന്നതുപോലെ കാലത്തിന്റെ പ്രയാണത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടു് ഈ ‘കാലമാപനയന്ത്രവും’ അതിന്റെ ജീവിതത്തെ വ്യർത്ഥമാക്കുന്നു. ചില കഥാകാരന്മാർ സ്പ്രിങ്ങ് മുറുക്കി വച്ചതുപോലെ കഥാപാത്രങ്ങളെക്കൊണ്ടു സംസാരിപ്പിക്കുന്നു, പ്രവർത്തിപ്പിക്കുന്നു. അവർ സ്വന്തം ജീവിതത്തെ നിഷ്പ്രയോജനമാക്കുന്നു; വായനക്കാരുടെ ജീവിതത്തെ നിഷ്പ്രയോജനമാക്കുന്നു. ശ്രീ. ശങ്കർ കരിയാം “കുങ്കുമ”ത്തിലെഴുതിയ “മധ്യരേഖ”എന്ന കഥ നോക്കുക. കൂട്ടുകാരിയുടെ വിവാഹത്തിൽ ദുഃഖിതയാകുന്ന ഒരു തരുണിയെ അവിടെ കാണാം. ശ്രീ. എം. ആർ. കെ. പണിക്കർ എഴുതിയ “പ്രതിമകൾ” എന്റെ വായനക്കാർ വായിച്ചുനോക്കട്ടെ. ശ്രീ. പണിക്കർ കലാസൃഷ്ടികളെന്ന പേരിൽ ആവിർഭവിക്കുന്ന കലാഭാസങ്ങളെ നിന്ദിക്കുകയാണു്. താൻ പ്രഖ്യാപിക്കുന്ന സാരസ്വതരഹസ്യം തനിക്കുംകൂടി ചേരുന്നതാണെന്നു് അദ്ദേഹം എന്തുകൊണ്ടു് ഓർമ്മിക്കുന്നില്ല? രണ്ടു കഥാകാരന്മാരും ചുറ്റുകമ്പി മുറുക്കിവച്ചിരിക്കുകയാണു്. നൈസർഗ്ഗികത്വമില്ലാതെയുള്ള ‘ഓട്ടമേ’ ഇവിടെയുള്ളു. ശങ്കറും പണിക്കരും പദ്മരാജനെ അപേക്ഷിച്ചു അപ്രസിദ്ധരാണു്. പ്രശസ്തനായ അദ്ദേഹമോ? അദ്ദേഹവും സ്പ്രിങ്ങ് മുറുക്കുന്നതേയുള്ളു. മോട്ടോർസൈക്കിൾ കയറ്റി ഒരുവനെ കൊന്ന ഒരുത്തന്റെ പേടിയാണു് ശ്രീ. പദ്മരാജന്റെ “ആട്ടിൻകുട്ടിയും ചെന്നായും” എന്ന ചെറുകഥയിലെ വിഷയം. (മാതൃഭൂമി-ലക്കം 22) കഥാകാരൻ ഇളകിമറിഞ്ഞാണു കഥ പറയുന്നതു്. തന്റെ മുഖ്യകഥാപാത്രത്തിനു് ഇളക്കം ഉണ്ടെന്നും അദ്ദേഹം പറയുന്നുണ്ടു്. ശരിയായിരിക്കാം. പക്ഷേ, വായനക്കാരനു് ഒരിളക്കവും ഇല്ല. അനുവാചകൻ ഈ കഥയിലാകെ സ്പ്രിങ്ങുകളെ മാത്രമേ കാണുന്നുള്ളു. അലങ്കാരമുപേക്ഷിച്ചു പറയാം. ഈ കഥയുടെ മുദ്ര കൃത്രിമത്വമാണു്. ഇങ്ങനെയുള്ള വിഷയങ്ങൾ പ്രഗല്ഭന്മാർ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നു വാസനാസമ്പന്നനായ പദ്മരാജൻ നോക്കിപ്പഠിപ്പിച്ചാൽ നന്നായിരിക്കും. കോൺറഡ് ഐക്കൻ എന്ന അമേരിക്കൻ എഴുത്തുകാരന്റെ Impulse എന്ന ചെറുകഥ ഒരുദാഹരണമായി ഞാൻ ചൂണ്ടിക്കാണിക്കുകയാണു്. മോഷണം നടത്തിയ ഒരുവന്റെ ചിത്തവൃത്തികളെയാണു ആ കഥാകാരൻ ചിത്രീകരിക്കുന്നതു്. അവിടെ അത്യുക്തിയില്ല, സ്ഥൂലീകരണമില്ല. പരമഫലമുളവാക്കാനുള്ള സാഹസികത്വമില്ല ഞാനൊരു കഥ പറയുന്നു, അത്രേയുള്ളു, എന്ന മട്ടിലാണു കഥാകാരൻ എഴുതുന്നതു് ബോധപൂർവ്വമായ നിർമ്മാണം വേറെ, അബോധാത്മകമായ സൃഷ്ടി വേറെ. പദ്മരാജന്റെ കഥയിൽ കരുതിക്കൂട്ടിയുള്ള നിർമ്മാണ പ്രക്രിയ മാത്രമേ നടക്കുന്നുള്ളു.

കാവ്യാത്മകം എന്നതിനു വിപരീതമായ ഒരവസ്ഥയുണ്ടല്ലോ. ഭാരതീയരും പാശ്ചാത്യരും അതംഗീകരിച്ചിട്ടുണ്ടു്. രാജശേഖരൻ എന്ന ആലങ്കാരികൻ കവികളെ സാരസ്വതരെന്നും ആഭ്യാസികരെന്നും വേർതിരിക്കുന്നതു് ഇതിനെ അവലംബിച്ചാണു്. പാശ്ചാത്യനായ ക്രോച്ചെ യും സാഹിത്യകാരന്മാരെ കാവ്യകവികളെന്നും ഗദ്യകവികളെന്നും വിഭജിക്കുന്നു. ജന്മസിദ്ധമായ കഴിവുകളുള്ളവർ സാരസ്വതർ അല്ലെങ്കിൽ കാവ്യകവികൾ. അഭ്യാസംകൊണ്ടു സാഹിത്യസൃഷ്ടികൾ മെനഞ്ഞെടുക്കുന്നവർ അഭ്യാസികർ അല്ലെങ്കിൽ ഗദ്യകവികൾ. കാവ്യാത്മകം എന്ന അവസ്ഥയ്ക്കു വിപരീതമായ ഗദ്യാത്മകം എന്നാ അവസ്ഥയാൽ പ്രേരിതരായിട്ടാണു് ശ്രീ. ആരണ്യനും ശ്രീ. നന്തനാറും ‘മലയാളനാട്ടി’ൽ (ലക്കം-13) ചെറുകഥകളെഴുതുന്നതു്. ചേച്ചിക്കുവേണ്ടി നടത്തിയ മന്ത്രവാദത്തിൽ ഉപയോഗിച്ച ഒരു മരപ്പാവയെ നെഞ്ചോടു ചേർത്തു് പിടിച്ചു് ആഹ്ലാദിക്കുന്ന ഒരനുജത്തിയെ ആരണ്യൻ “സന്ധ്യാരാഗ”ത്തിൽ അവതരിപ്പിക്കുന്നു. ഒരുവൻ കാമാവേശം തീർത്തതെങ്ങനെയെന്നു നന്തനാർ “വിശപ്പിൽ” പ്രതിപാദിക്കുന്നു. യാഥാർത്ഥ്യത്തിന്റെ ചില ഭാഗങ്ങളെ രണ്ടുപേരും കാണുന്നുണ്ടു്. പക്ഷേ, അവയെ സൗന്ദര്യത്തിന്റെ ലോകത്തിലേക്കു് ആനയിക്കുവാൻ അവർക്കു കഴിയുന്നില്ല. രവിവർമ്മ വരച്ച മോഹിനിയുടെയും രുക്മാംഗദന്റെയും ചിത്രം വായനക്കാർ കണ്ടിട്ടില്ലേ? അതിലെ വ്യക്തികളെല്ലാം നിശ്ചലത്വമാർന്നു നില്ക്കുകയാണു്. എങ്കിലും അവർ സംസാരിക്കുന്നു, ചലനം കൊള്ളുന്നു എന്നെനിക്കു തോന്നുന്നു. “മകന്റെ കഴുത്തു മുറിക്കൂ” എന്നു മോഹിനി പറയുന്നു. “അച്ഛാ, ഇതാ ഈ കഴുത്തു മുറിക്കൂ” എന്നു മകൻ പറയുന്നു. “എനിക്കു വയ്യേ” എന്നു രുക്മാംഗദൻ നിലവിളിക്കുന്നു. ഇവയെല്ലാം ഞാൻ കേൾക്കുന്നുണ്ടു്. ആ ചിത്രമാകെ സ്പന്ദിക്കുന്നു. ചെറുകഥകളും ഇങ്ങനെ ജീവിതം കൊണ്ടു തുടിക്കണം. ആരണ്യനും നന്തനാറും അതു മനസ്സിലാക്കിയിട്ടില്ല.

images/Kunhiraman_nair.p.jpg
പി. കുഞ്ഞിരാമൻനായർ

അടുത്തകാലത്തു് പരസ്യംചെയ്ത മൂന്നു കാവ്യസമാഹാരഗ്രന്ഥങ്ങളാണു് മഹാകവി വള്ളത്തോളി ന്റെ സാഹിത്യമഞ്ജരി പതിനൊന്നാം ഭാഗം, ശ്രീമതി സുഗതകുമാരി യുടെ ‘ഇരുൾച്ചിറകുകൾ’, ശ്രീ. പി. കുഞ്ഞിരാമൻനായരു ടെ “വയല്ക്കുരയിൽ” എന്നിവ. അന്തരിച്ചുപോയ മഹാകവികൾ സമാഹരിക്കാതെ ഇട്ടിട്ടുപോയ കവിതകളെടുത്തു് സമാഹാരഗ്രന്ഥമായി പ്രസാധനം ചെയ്യുന്നതു ഒരു വലിയ അപരാധമാണെന്നു് വിചാരിക്കുന്നവനാണു് ഈ ലേഖകൻ. കവിതകളുടെ കലാശൂന്യത കണ്ടിട്ടാണു് അവർ അവയെ ഉപേക്ഷിച്ചതു്. കവിയുടെ ബന്ധുക്കൾ ലക്ഷ്മീപ്രസാദത്താൽ ആകൃഷ്ടരായി ആ കാവ്യങ്ങളെ സമാഹരിക്കുമ്പോൾ സരസ്വതീപ്രസാദത്താലല്ല അവ രചിക്കപ്പെട്ടതെന്ന വസ്തുത മറന്നുകളയുന്നു. സാഹിത്യമഞ്ജരി പതിനൊന്നാം ഭാഗം വെറും ചവറാണു്. കാവ്യകവിയായ വള്ളത്തോളിനു് അപമാനം ഉണ്ടാക്കാനേ ഇതു് പ്രയോജനപ്പെടുന്നുള്ളൂ. കാവ്യകവികളായ കുഞ്ഞിരാമൻ നായരുടെയും സുഗതകുമാരിയുടെയും കാവ്യഗ്രന്ഥങ്ങൾ രമണീയങ്ങളാണു്. “എന്നെയൊന്നു സ്പർശിക്കൂ; നിങ്ങൾക്കു ഈശ്വരനെ കാണാം.” എന്നു് കുഞ്ഞിരാമൻ നായരുടെ കവിത നമ്മോടു പറയുന്നു. സഹൃദയനാകുന്ന അതിഥിയെ കൂപ്പുകൈയോടെ, മന്ദസ്മിത്തോടെ സ്വീകരിക്കുന്ന സംസ്ക്കാരസമ്പന്നയാണു് സുഗതകുമാരിയുടെ കവിത. അതിഥിമര്യാദയെ മറന്നു് ആ കാവ്യാംഗന നേത്രാഞ്ചലം ചുവപ്പിച്ചു് നിങ്ങളെ നോക്കുന്നില്ല. പരുഷമായി മൂളുകയും വിങ്ങുകയും ചെയ്യുന്നില്ല. സുഗതകുമാരിയുടെ “നീർക്കിളി” എന്ന അത്യന്തസുന്ദരമായ കവിതയും ഈ കാവ്യസമാഹാരഗ്രന്ഥത്തിൽ ഉൾപ്പെടുന്നു.

ഞാൻ എവിടെയോ വായിച്ച ഒരു കഥ. ലൗകികസുഖങ്ങളിൽ മുഴുകി ജീവിക്കുന്ന ഒരു യുവാവു ഒരു സന്ന്യാസിയെ കാണാൻ ചെന്നു. യുവാവു് സന്ന്യാസിയോടു പറഞ്ഞു:

“അങ്ങയുടെ ത്യാഗം എത്ര ഉത്കൃഷ്ടം!”

സന്ന്യാസി മറുപടി നൽകി: “നിങ്ങളുടെ ത്യാഗത്തിനു് ഉത്കൃഷ്ടത കൂടും. ഞാൻ ഈ ലോകത്തെ മാത്രമേ ത്യജിക്കുന്നുള്ളു. നിങ്ങളാകട്ടെ സ്വർഗ്ഗലോകത്തെപ്പോലും ത്യജിച്ചിരിക്കുകയല്ലേ?” കലയുടെ സ്വർഗ്ഗലോകത്തെ ത്യജിച്ചവരാണു് ഇന്നത്തെ സാഹിത്യകാരന്മാരിൽ അധികം പേരും. അവരുടെ കൂട്ടത്തിൽ കുഞ്ഞിരാമൻ നായരെപ്പോലെ ചിലരുണ്ടെന്നുള്ളതു് ഭാഗ്യം തന്നെ. മഹാഭാഗ്യം എന്നു തിരുത്തിപ്പറയട്ടെ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-08-30.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 16, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.